ധ്രുവം, അധ്യായം 54 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ ഫോൺ എടുത്തു വിളിക്കണോ വേണ്ടയോ എന്ന് ഒരു പാട് ആലോചിച്ചു. പിന്നെ ആ നമ്പർ ഡയൽ ചെയ്തു. ബെൽ ഉണ്ട്

കൃഷ്ണ അത് കാണുന്നുണ്ടായിരുന്നു. അവൾ അതിൽ നോക്കിക്കൊണ്ട് ഇരുന്നു. എത്ര വട്ടം വിളിച്ചു. എത്ര തവണ. ഒരെണ്ണം പോലും എടുത്തില്ല. ഒരു മെസ്സേജ് പോലും വായിച്ച് നോക്കിട്ടില്ല

അർജുന്റെ വാശി പക്ഷെ കൃഷ്ണയ്ക്ക് ഉണ്ടായില്ല. അവൾ കാൾ എടുത്തു

“കൃഷ്ണ?”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“അപ്പുവേട്ടൻ പറഞ്ഞോ ” തളർന്നു പോയ സ്വരം

“ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല.”

അവൾ ഒന്ന് മൂളി

“എനിക്ക് ഒന്ന് കാണാൻ പറ്റുമോ?” അവൻ താഴ്ന്ന് കൊടുത്തു

“വേണ്ട. കാണണ്ടാന്ന് എന്നോട് പറഞ്ഞതും അപ്പുവേട്ടനല്ലേ ” അവളുടെ ശബ്ദം ഉറച്ചു

“കൃഷ്ണ നമുക്ക് ഇത് ഡിസ്‌കസ് ചെയ്യാം “

“എന്ത് ഡിസ്‌കസ് ചെയ്യാൻ? അപ്പുവേട്ടനെ ഞാൻ പെടുത്തി..മറ്റൊന്നും ഓർക്കാത് സന്തോഷം ആയിട്ട് ജീവിതം ആസ്വദിച്ചു നടന്ന ഒരാള്. ഞാൻ ആയിട്ട് അങ്ങോട്ട് വന്ന്..എന്നിലേക്ക്. അത്രയും ചീപ് ആണോ അപ്പുവേട്ടാ ഞാൻ? അപ്പുവേട്ടന്റെ സ്വത്ത് കണ്ടിട്ടാണോ ഞാൻ? അതോ വലിയ വലിയ പദവികൾ കണ്ടിട്ടോ? ഞാൻ ട്രാപ്പിൽ പെടുത്തിയല്ലേ? എന്നും ഹോസ്പിറ്റലിൽ വന്ന് ആകർഷിച്ച്.”

അവൾ പൊട്ടിക്കരഞ്ഞു. അർജുൻ നടുങ്ങിപ്പോയി

“എനിക്ക് ഒന്നും വേണ്ട. ആരും വേണ്ട. കൃഷ്ണ ദരിദ്രയാണ്. പക്ഷെ അഭിമാനം ഉണ്ട്. ആരുടെയും മുന്നിൽ താഴ്ന്ന് നിന്നിട്ടില്ല. കണ്ടവന്റെ വീട്ടിലെ അടുക്കളയിൽ പണി ചെയ്തിട്ടാ ജീവിക്കണേ. ഇനിയും അത് മതി. അങ്ങനെ ഉള്ള ഒരുവൾ അപ്പുവേട്ടന് ഇനി വേണ്ട. ഞാൻ ആയിട്ട് തുടങ്ങി വെച്ചതാണെങ്കിൽ ഞാൻ ആയിട്ട് പോണ്ടേ?”

“കൃഷ്ണ? ഞാൻ ഇങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല. ഞാൻ പറയാത്തത് നി പറയരുത്”

“പറയുന്നതിൽ ഒളിഞ്ഞിരുന്ന കാര്യങ്ങൾ ആണ് അത്. ഞാൻ പെട്ട് പോയിന്ന് പറയുമ്പോൾ എന്റെ മനസ്സ്…അപ്പുവേട്ടാ ഞാൻ സ്നേഹിച്ചിട്ടേയുള്ളു. എനിക്ക് ആനേരം അപ്പുവേട്ടൻ ഇതൊക്കെയാണെന്ന് ഓർമ്മയില്ലായിരുന്നു. അതാണ് സത്യം. എന്റെയാണെന്ന് മാത്രം ഓർത്തു. എന്റെയാണെന്ന് മാത്രം..”

“കൃഷ്ണ ഞാൻ പറഞ്ഞല്ലോ ഒന്ന് കാണണം.”

“ഒരു പാട് തവണ നമ്മൾ കണ്ടിട്ടുണ്ട്. പറയുമ്പോൾ കൃഷ്ണ ഓടി വന്നിട്ടുമുണ്ട്. ഇനി വേണ്ട. അപ്പുവേട്ടന്റെ സ്റ്റാറ്റസ് വേറെയാ. അതിന് ചേരുന്ന ഒരാൾ അത് മാത്രം മതി.”

അവൾ ഇടറി പോയ ശബ്ദത്തിൽ പറഞ്ഞു നിർത്തി

“കഴിഞ്ഞു പോയ വർഷങ്ങൾ ഒരു മായ പോലെ എന്ന് പറഞ്ഞില്ലേ..കൃഷ്ണയ്ക്ക് ആ മായ മതി. ഇനിയുള്ള കാലം. ആ ഓർമ്മ മതി. എനിക്ക് വേണ്ട അപ്പുവേട്ടനെ. ബെറ്റർ ആയ ഒരാളെ കണ്ട പൊയ്ക്കോളാൻ അല്ലെ, അപ്പൊ കൃഷ്ണ ആരായി..ഞാൻ പോവാ വരില്ല ഇനി ഒരിക്കൽ പോലും ശല്യമായിട്ട്..ഞാൻ കാരണം സന്തോഷങ്ങൾ ഒന്നും ഇല്ലാതാവണ്ട.എന്നെ ഇനി വിളിക്കണ്ടാ ” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു

അവൻ വീണ്ടും ഡയൽ ചെയ്തപ്പോൾ അത് ഓഫ്‌ ആയിരുന്നു. ഏത് നശിച്ച നേരത്താണോ ആ വാചകം വന്ന് പോയത്. അവൻ സി- ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു. നിന്നെ ഞാൻ വിടില്ല കൃഷ്ണ. നിനക്ക് എന്നെ അറിയാഞ്ഞിട്ടാ

അർജുൻ ചെല്ലുമ്പോൾ ദീപു പായസം ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു

“നീ ഇതെന്ന സെൽഫ് കുക്കിംഗ്‌ ഒക്കെ തുടങ്ങിയത്”

“പെണ്ണുംപിള്ള ഇട്ടേച്ച് പോയ പിന്നെ എന്തോ ചെയ്യും?സെർവന്റ്സ് കുറേ മാറി നോക്കി. വകയ്ക്ക് കൊള്ളില്ല. വൃത്തിയും ഇല്ല. പിന്നെ ഞാൻ അങ്ങ് തുടങ്ങി. സംഭവം കൊള്ളാം “

അവൻ ഹാപ്പിയാണ്. ഇവനെങ്ങനെ സന്തോഷം ആയി ഇരിക്കുന്നു എന്ന് അർജുൻ ഓർത്ത് പോയി

“ദാ നീ കുടിച്ചു നോക്കിട്ട് പറ “

അർജുൻ അത് രുചിച്ചു നോക്ക “ഉഗ്രൻ..”

“ആണല്ലോ. അത് കേട്ട മതി..ഒരു സന്തോഷം ഉണ്ട്. സന്തോഷം എന്നൊക്കെ പറയാൻ പറ്റുമോ എന്തോ എന്നാലും. ഒരു സന്തോഷം”

അർജുൻ എന്താ എന്നുള്ള ഭാവത്തിൽ നോക്കി

“നീരജ പ്രെഗ്നന്റ് ആണ് “

“വാട്ട്‌?”

അർജുൻ ഞെട്ടി പോയി

“എടാ നിങ്ങൾ ഡിവോഴ്സ് ആയില്ലേ?”

“ആയി. അവൾക്ക് ഇപ്പൊ മൂന്ന് മാസം. ഡിവോഴ്സ് ആയിട്ട് ഒരു മാസം. അവൾ പ്രെഗ്നന്റ് ആയിട്ട പോയത്. അറിഞ്ഞോണ്ട് തന്നെ.”

അർജുൻ അമ്പരന്ന് പോയി

“എല്ലാരും പറഞ്ഞത്രേ അബോർട്ട് ചെയ്യാൻ. ഡിവോഴ്സ് ആയില്ലേ ഇനി അപ്പൻ ഇല്ലാത്ത കൊച്ചിനെ പ്രസവിക്കണ്ടേ? അവൾ ചെയ്തില്ല. ചെയ്യില്ലന്ന് പറഞ്ഞു “

ദീപുവിന്റെ ശബ്ദം ഒന്ന് താഴ്ന്നു

“നീ സംസാരിച്ചോ?”

“ബെസ്റ്റ് എന്റെ നമ്പർ എന്നെ ബ്ലോക്ക് ചെയ്തു..ഞാനുമായി കോൺടാക്ട് ഒന്നുമില്ല. എന്റെ അമ്മ വിളിക്കും. സംസാരിക്കും. ഞാനും പിന്നെ വിളിക്കാറില്ല…”

“എടാ നിന്റെ കുഞ്ഞല്ലേ?”

“yes എന്റെയാണ്…പക്ഷെ അവൾ എടുത്തോട്ടെ. എനിക്ക് അർഹത ഇല്ല അതിനെ കാണാൻ..അവൾക്ക് അതെങ്കിലും വേണ്ടേ?”

ദീപുവിന് ഉള്ളിൽ വിഷമം ഉണ്ടെന്ന് അർജുന്‌ തോന്നി. പുറമെ കാണിക്കുന്നില്ല എന്നെയുള്ളു

“നിനക്ക് അവളോട് സംസാരിക്കാൻ ആഗ്രഹം ഉണ്ടോ? ഞാൻ പോയി കാണാം “

ദീപു ചിരിച്ചു

“പോടാ…എനിക്ക് അവളെ കാണണ്ട. സംസാരിക്കുകയും വേണ്ട…എന്റെ കുഞ്ഞിനേയും എനിക്ക് കാണണ്ട…പക്ഷെ ഞാൻ എത്ര അവഗണിച്ചിട്ടും എന്റെ കുഞ്ഞിനെ അവള് കളഞ്ഞില്ല. ബഹുമാനം ഉണ്ട്…പെണ്ണിനെ മനസിലാക്കാൻ വലിയ പാടാ അർജുൻ..അവളുടെ മനസ്സ് എന്താ എന്ന് ഊഹിക്കാൻ പോലും പറ്റില്ല. പിന്നെ ഞാനും നല്ലതല്ല. അവളെ കുറ്റം പറയാനും വയ്യ “

അർജുൻ കുറച്ചു നേരം അവിടെ ഇരുന്നു. ദീപു ഇടയ്ക്കൊക്കെ സൈലന്റ് ആകുന്നുണ്ട്

“കൃഷ്ണ എന്ത് പറയുന്നു?” അർജുൻ പെട്ടെന്ന് വല്ലാതായി

“എന്താ ഡാ?”

അവൻ എല്ലാം പറഞ്ഞു

“നിനക്ക് ബോധം ഇല്ലേ അർജുൻ? ആ കൊച്ചിനോട് പോയി..ശേ..എടാ അത് പോലൊരു പെണ്ണിനെയാർക്ക് കിട്ടും?”

“എടാ പ്ലീസ് ഞാൻ പിടി വിട്ട് നിൽക്കുകയാണ്. ഒന്നും പറയരുത്…അവള് വീട്ടുകാരെ സപ്പോർട്ട് ചെയ്ത് അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് ഞാൻ…പക്ഷെ ഞാൻ അത് പറയാൻ പാടില്ലായിരുന്നു “

“നുറു തരം പാടില്ലായിരുന്നു അർജുൻ. കൃഷ്ണയോട് പാടില്ലായിരുന്നു. എടാ നമ്മളെ പോലല്ല. പാവങ്ങളാണ്. അതിന്റെ കോംപ്ലക്സ് ഉള്ളിൽ ഉണ്ടാവും. അപ്പൊ നീ പെട്ട് പോയിന്ന് ഒക്കെ പറഞ്ഞ എന്താ കരുതുക. കാശുള്ളവനെ വല വീശി പിടിച്ചു എന്ന് indirect ആയിട്ട് പറഞ്ഞത് പോലെ ആയില്ലേ “

“നീ ഇത് എങ്ങോട്ടാ കേറി കേറി പോകുന്നത് ഞാൻ അങ്ങനെ ഉദേശിച്ചതേയില്ല “

“പക്ഷെ അവള് അത് അങ്ങനെയാവും എടുത്തു കാണുക “

“നിനക്ക് പണ്ടെയുണ്ട് ദീപു ഇങ്ങനെ എണ്ണയൊഴിക്കുന്ന പരിപാടി “

“ശെടാ ഇത് അങ്ങനെയല്ല..അതിന് അങ്ങനെയൊരു അർത്ഥം കൂടിയുണ്ട് “

അർജുൻ കൺഫ്യൂഷൻ ആയി. ദൈവമേ അങ്ങനെ ഒന്നും ചിന്തിച്ചു കൂടിയില്ല

“എടാ കൃഷ്ണ പോയ ദേ അത് പോലെ ഒന്നിനെ കിട്ടില്ല കേട്ടോ. ആ ഐശ്വര്യ പോയ പോലല്ല..”

“നീ മിണ്ടാതിരിക്ക് ദീപു മനുഷ്യന്റെ മനസമാധാനം കളയാതെ…ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ് അപ്പോഴാ അവന്റെ…കോ- പ്പേ മിണ്ടരുത് കേട്ടല്ലോ “

ദീപു തൊഴുതു. അർജുൻ ഒരു സി- ഗരറ്റ് എടുത്തു കത്തിച്ചു

“ഇത് നിർത്തിന്ന് പറഞ്ഞിട്ട്?”

“വേറെ വഴി ഇല്ല. ചെയ്തു പോകുന്നതാ..”

ദീപു ചിരിച്ചു

“ഡാ കൃഷ്ണ നിന്നെ വിട്ട് പോകില്ല. അവൾക്ക് പറ്റില്ല..വിചാരിച്ച പോലും പറ്റില്ല. ഈ എനിക്ക് പറ്റുന്നില്ല പിന്നെയാ “

അർജുൻ അവനെയൊന്ന് നോക്കി

“എന്നെ നോക്കി കൊ- ല്ലണ്ട ഞാൻ സത്യം പറഞ്ഞതാ.അവൾ നിന്റെയാടാ അർജുൻ. ഈ പിണക്കം ഒക്കെ മാറും കൃഷ്ണ വരും “

“ശരിക്കും?”

ദീപു മൂളി

അർജുൻ പുക ഊതി വിട്ട് കൊണ്ടിരുന്നു. അവളെ കണ്ടിട്ട് പന്ത്രണ്ട് ദിവസം. താൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ അത്ഭുതം. ഈ കഴിഞ്ഞു പോയ കാലങ്ങളിൽ ഇത്രയും വലിയ ഒരു കാലയളവിൽ കാണാതെയിരുന്നിട്ടില്ല. നെഞ്ചിൽ ഒരു ഭാരമുണ്ട്

കൃഷ്ണയുടെ വീട്…

അവൾ വെറുതെ ഇരിക്കുകയായിരുന്നു. അവനെ ഓർത്ത് കൊണ്ട്…

കൃഷ്ണ എന്നാ വിളിയോച്ച. ആ നെഞ്ചിൽ തന്റെ മുഖം വരച്ചിരിക്കുന്നത്. ജീവനാണ് തന്നെ അതറിയാം. അത് കൊണ്ടാണ് ദേഷ്യം. പക്ഷെ ദേഷ്യം വന്ന എന്തും പറഞ്ഞു കളയുന്നത് നല്ലതല്ല. കാണാതെ ഇരിക്കുമ്പോ ഉള്ളു പുകഞ്ഞു പോകുന്നുണ്ട്. പക്ഷെ വേണ്ട…

ഗുരുവായൂരു വരെ പോകാൻ ആഗ്രഹം ഉണ്ടായിരുന്നു അവൾക്ക്. എല്ലാം പറഞ്ഞു ഒന്ന് കരയണം. കുറച്ചു ദിവസം അവിടെ ഇരിക്കണം…രമേശൻ അവളുടെ മുറിയിൽ വന്നു

“മോളെന്താ എപ്പോഴും ഇങ്ങനെ വല്ലാതെ ഒറ്റയ്ക്ക് ഇരിക്കുന്നെ? അച്ഛൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ?”

രമേശൻ അരികിൽ വന്നിരുന്നു. കൃഷ്ണ ഒരു പുഞ്ചിരി വരുത്തി

“അല്ല അച്ഛാ. എനിക്ക് ഗുരുവായൂർ ഒന്ന് തൊഴാൻ പോയ കൊള്ളാമെന്നുണ്ട്. ഒറ്റയ്ക്ക്..ഞാൻ ഒന്ന് പോയി വന്നോട്ടെ…അവിടെ ഭജന ഇരിക്കണം ന്നുണ്ട്….ഒത്തിരി പേരുണ്ട് അവിടെ. പേടിക്കണ്ട. ഒരു സമാധാനം കിട്ടാനാ “

രമേശൻ അവളുടെ മുഖം നെഞ്ചോട് ചേർത്ത് പിടിച്ചു

“അവിടെ എവിടെ താമസിക്കും?”

“സത്രം ഉണ്ടാകും. അല്ലെങ്കിൽ അവിടെ തന്നെ സൗകര്യം ഉണ്ടാവും. ഞാൻ ഒന്ന് പൊക്കോട്ടെ “

അയാൾ ഒന്ന് മൂളി

അവൾ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് അയാൾ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു. എന്തൊക്കെ വന്നാലും അവൾ ചിരിയോടെ മാത്രം ആണ് അത് നേരിട്ടിട്ടുള്ളത്. ഇപ്പൊ ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായി.

മൊബൈൽ ഓഫ്‌ ചെയ്തു അവൾ അച്ഛനെ ഏൽപ്പിച്ചു

“ഇത് സൂക്ഷിക്കാൻ പ്രയാസമാവും. അച്ഛൻ വെച്ചോ “

ലതയെയും അവൾ ഒന്ന് ചേർത്ത് പിടിച്ചു

“പോയിട്ട് വരാം. ആരോടും പറയണ്ട ഞാൻ എവിടെ പോയെന്ന്. ആരു ചോദിച്ചാലും. ഒരു യാത്ര പോയി അത്രേ തന്നെ “

അവർ തലയാട്ടി

ഒരു ചെറിയ ബാഗും തൂക്കി അവൾ നടന്ന് പോകുന്നത് വേദനയോടെ ആ സാധുക്കൾ നോക്കിനിന്നു.

ദൃശ്യയോട് മാത്രം അവൾ പറഞ്ഞിരുന്നു. ദൃശ്യ മുറ്റത്തു നിൽക്കുകയായിരുന്നു

ചെടികൾക്ക് വെള്ളം ഒഴിച്ചു കഴിഞ്ഞു പൈപ്പ് ഓഫ്‌ ആക്കി തിരിഞ്ഞപ്പോ അർജുൻ

അവൾ ഒന്ന് പുഞ്ചിരിച്ചു

“സുഖമാണോ അർജുൻ ചേട്ടാ?”

അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു

അവൻ എന്തിനായിരുക്കും വന്നതെന്ന് അവൾ ഊഹിച്ചിരുന്നു. പക്ഷെ അറിഞ്ഞതായി ഭാവിച്ചില്ല

“ചിറ്റപ്പനും ചിറ്റയും ഇല്ലേ?”

“ഇല്ല. ടൗണിൽ പോയി “

“ഗോവിന്ദ് എവിടെ?”

“നല്ല ഉറക്കം “

“അർജുൻ ചേട്ടൻ ഇന്ന് പോയില്ലേ?”

“പോയ നിന്റെ മുന്നിൽ കാണുമോ.?”

അവൾ ചിരിച്ചു . അവൻ വെറുതെ ചെടികളിൽ തൊട്ട് നോക്കി. അവൻ പറയട്ടെ എന്ന് കരുതി ദൃശ്യ കാത്തു നിന്നു

“കൃഷ്ണയ്ക്ക് സുഖമാണോ ദൃശ്യ?”

അവൻ മെല്ലെ ചോദിച്ചു

ആ ചോദ്യം വരാൻ നോക്കിയിരിക്കുകയായിരുന്നു ദൃശ്യ

“പിന്നല്ലേ…അവൾക്ക് സുഖമുള്ള കാര്യങ്ങൾ അല്ലെ അന്ന് നടന്നത്. സന്തോഷം കാരണം അവളിപ്പോ വീട്ടിൽ ഇല്ല. നാട് വിട്ട് പോയി “

അർജുൻ തെല്ല് നടുക്കത്തോടെ അവളെ നോക്കി

“എവിടെ പോയി?”എന്ന് പോയി “

“അതറിഞ്ഞൂടാ ഏതോ റിലേറ്റീവ്സിന്റെ വീട്ടിൽ പോയിന്നാ പറഞ്ഞത്. ഫോൺ ഓഫ്‌ ആണ്. ഇന്നലെ പോകും മുന്നേ വിളിച്ചു പറഞ്ഞിരുന്നു.”

“അവൾക്ക് ഏതു റിലേറ്റീവ്. ഈ അഞ്ചു വർഷം ഇല്ലാത്ത ഏതു വീട്?”

“അവൾക്ക് എന്താ റിലേറ്റീവ്സ് ഉണ്ടായിക്കൂടെ? അതോ നിങ്ങളെ പോലുള്ളവർക്ക്  മാത്രേ പാടുള്ളു?”

“ദൃശ്യ പ്ലീസ്…എവിടെയാണ് പോയത്?”

“അറിഞ്ഞിട്ടെന്തിനാ? അവിടെ പോയി ഉപദ്രവിക്കാനാണോ?അത് ഒരു പാവല്ലേ അർജുൻ ചേട്ടാ. ആട്ടിയിറക്കി വിട്ടതല്ലേ…എത്ര തവണ അവളെ ചേട്ടൻ ഇങ്ങനെ വിട്ടിട്ടുണ്ട് ഈ വീട്ടിൽ നിന്ന് തന്നെ? അർജുൻ ചേട്ടൻ ഫ്രീ ആയില്ലേ..ഇനി ശല്യം ചെയ്യാൻ വരില്ല എന്റെ കൃഷ്ണ..എവിടെ എങ്കിലും പോയി ജീവിച്ചോട്ടെ പാവം…”

“എടി ഞാൻ ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാണ് “

“പെട്ട് പോയെന്നോ..അതോ ഇനി കാഴ്ചകൾ ഒന്നും വേണ്ടന്നോ..തിരുത്താൻ സമയം ഉണ്ട്. നിങ്ങളുടെ സ്റ്റാറ്റസ്ന് ചേരുന്ന ഒരാളെ നോക്ക്. എന്റെ കൊച്ച് എന്തായാലും ഇനി വരില്ല “

അവൻ പിന്നെ ഒന്നും പറഞ്ഞില്ല

അവൻ മുറിയിൽ വന്നു വാതിൽ അടച്ചു. അപ്പൊ ഉപേക്ഷിച്ചു പോയതാണ്. തന്നതെല്ലാം നിനക്ക് തിരിച്ചു തരാൻ പറ്റുമോ കൃഷ്ണ?ഞാൻ തന്ന ഉമ്മകൾ ലാളനകൾ എല്ലാം തിരിച്ചു തരാൻ പറ്റുമോ. അവന് നെഞ്ച് പൊട്ടും പോലെ തോന്നി. അവൾ എങ്ങോട്ടാണ് പോയത്? തന്നെ ഇട്ടിട്ട്?

ഒറ്റയ്ക്ക് കാണണ്ട എന്ന് പറഞ്ഞത് സത്യമാണ്. പക്ഷെ അത് കൊണ്ട് ഇട്ടിട്ട് പോകുമോ. നിന്നെ വേണ്ട എന്ന് പറഞ്ഞില്ലല്ലോ കൃഷ്ണ. പക്ഷെ ഒന്ന് പറഞ്ഞു. എന്റെ തെറ്റാണ്. ഞാൻ പെട്ട് പോയതാണ് എന്ന് പറഞ്ഞു. അവളാണ് അത് പറഞ്ഞിരുന്നതെങ്കിലോ. എന്നിട്ടും അവൾ പിന്നാലെ വന്നു. കുറേ വിളിച്ചു. വാശിയായിരുന്നു. കണ്ടതായി ഭാവിച്ചില്ല. ഇപ്പൊ അറിയാം. തളർന്നു പോകുന്നത്…എത്ര വാശി കാണിച്ചാലും ഒരു പരിധിയിൽ കൂടുതൽ വയ്യ

എവിടെക്കാ പോയത്…?

അവന് തല പൊട്ടിത്തെറിച്ചു പോകും പോലെ തോന്നി. ദൃശ്യയുടെ ഫോൺ ബെൽ അടിച്ചു

അർജുൻ ചേട്ടൻ

“ദൃശ്യ.. പ്ലീസ് എനിക്ക്. അവളെ കാണാതിരിക്കാൻ വയ്യ സത്യം “

“ഈ നാളുകളിൽ കണ്ടില്ലല്ലോ. അത് പോലെ പോയ മതി “

“എടി അത് വാശിയിൽ ഇരുന്ന് പോയതാ. എനിക്ക് അവളെ കാണാനാ നീ സ്ഥലം പറ. നിനക്ക് അറിയാം എന്ന് എനിക്ക് അറിയാം പറ “

“അങ്ങനെ അവളുടെ റിലേറ്റീവ്സിന്റെ വീട്ടിൽ പോയി അർജുൻ ചേട്ടൻ നാണം കെടേണ്ട.”

“ഞാൻ നാണം കേട്ടോളാം. നീ പറ”

“അവള് കുറച്ചു സമാധാനം കിട്ടാൻ പോയതാ അർജുൻ ചേട്ടാ…കരഞ്ഞു കരഞ്ഞു അതിന് വയ്യ. അത് പോയിട്ട് വരട്ടെ “

അർജുന്റെ കണ്ണുകൾ നിറഞ്ഞു

“ഞാൻ ദൂരെ നിന്ന് കണ്ടോളാം..അടുത്ത് ചെല്ലില്ല. സത്യം. ഒന്ന് പറ “

ദൃശ്യക്ക് പാവം തോന്നി

“അവളെ വിഷമിപ്പിക്കരുത്. എന്തെങ്കിലും സങ്കടം സഹിക്കാൻ വയ്യാതെ ചെയ്തു പോകും അത്..”

അർജുൻ വിങ്ങലോടെ അത് കേട്ട് നിന്നു

“ഞാൻ മുന്നിൽ പോവില്ല ദൃശ്യ…സത്യം. ഒന്ന് കണ്ടില്ലെങ്കിൽ ഭ്രാന്ത് പിടിച്ചു പോകും. പ്ലീസ് കാല് പിടിക്കാം”

“ഗുരുവായൂർ പോയതാ. ഭജനമിരിക്കാൻ “

അവന്റെ നെഞ്ചിൽ ഒരു വേദന തിങ്ങി

“ഒറ്റയ്ക്കോ?”

“ഉം “

“എത്ര ദിവസം?”

“അറിഞ്ഞൂടാ.”

അവൻ ഫോൺ വെച്ചു. ഗുരുവായൂരൂ പോയോ? അതും ഒറ്റയ്ക്ക്. അത്രയ്ക്ക് നൊന്തു പോയോ ? എന്നെ അറിയില്ലേ മോളെ നിനക്ക്?

അവൻ ഷർട്ട്‌ ഊരി കണ്ണാടിയുടെ മുന്നിൽ നിന്നു. നെഞ്ചിൽ ചിരിക്കുന്ന അവൾ

“മോൾക്ക് അറിഞ്ഞൂടെടി അപ്പുവേട്ടനെ…എത്ര തവണ പറഞ്ഞിട്ടുണ്ട്. നീ ഇല്ലെങ്കിൽ മനസിന്റെ താളം തെറ്റി നശിച്ചു പോമെന്ന്..എനിക്ക് നിന്നോട് ദേഷ്യപ്പെടാനുള്ള അവകാശം ഇല്ലെ കൃഷ്ണ? നീ എന്നെ തല്ലിയിട്ടില്ലേ? വഴക്ക് പറഞ്ഞിട്ടില്ലേ? ഞാൻ ഇട്ടിട്ട് പോയോ? ഇല്ലല്ലോ. വർഷം കുറെയായില്ലെടി ഒപ്പം?”

അവൻ അവളുടെ. മുഖത്ത് കൈകൾ അമർത്തി. ആ മുഖം നെഞ്ചിൽ അമർന്ന പോലെ. അവൻ കിടക്കയിലേക്ക് വീണു. ഇവിടെ വെച്ചാണ് അവളെ താൻ എല്ലാ വികാരത്തോടെയും ഉമ്മ വെച്ചത്…ചുംബനങ്ങളിൽ തളർന്നു തന്നെയവൾ ചേർത്ത് പിടിച്ചു കിടന്നത്. കുസൃതിചിരികൾക്കൊടുവിൽ ഓരോന്ന് പറഞ്ഞു വീണ്ടും ഉണർത്തിയത്

അവൻ ഫോൺ എടുത്തു നോക്കി. അവളെ ചുംബിക്കുന്ന ഫോട്ടോ. വീഡിയോ. തന്നെ പുണർന്ന് പാതിയടഞ്ഞ കണ്ണുകളോടെ അവൾ. അഴിഞ്ഞുലഞ്ഞു മുടി തന്റെ നെഞ്ചിൽ…

നിന്നെ വിട്ട് കളയാൻ മനസില്ലടി എനിക്ക്

അവൻ എഴുന്നേറ്റു ഗുരുവായൂർ എങ്കിൽ ഗുരുവായൂർ…മുന്നിൽ പെടാതിരുന്ന പോരെ. കണ്ടാൽ മതി

ഒരു തവണ കാണണം. തന്റെ കൃഷ്ണയാണ്. തന്റെ മാത്രം

തുടരും…..