അവൻ മെല്ലെ ക്യുവിന്റെ ഒടുവിൽ നിന്നു. വളരെ മുന്നിലായ് അവൾ നടന്ന് പോകുന്നുണ്ട്. അവൻ മറ്റൊന്നും കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നില്ല. മുന്നിൽ അവൾ..അകത്തു കയറുമ്പോൾ തിരക്കിൽ അവളെ കാണാതായി. അവൻ മുന്നിലുള്ള വിളക്കിലേക്ക് അതിന് പിന്നിൽ കുസൃതി ചിരിയോടെ നോക്കുന്ന ആളിലേക്ക് നോക്കി
“ഇനി എന്നെ നോക്ക് ” ആ കള്ളക്കണ്ണൻ പറയുന്നു
അർജുൻ മന്ദസ്മിതത്തോടെ കൈകൾ കൂപ്പി
“എന്റെ കൃഷ്ണയേ എനിക്ക് തരണേ “
അത് മാത്രം ഓർത്തു…അത് മാത്രം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും അവൻ അത് മാത്രമേ പ്രാർത്ഥിച്ചുള്ളൂ. ഒരു പക്ഷെ സാക്ഷാൽ ഭഗവാന് പോലും അവന്റെ പ്രണയത്തോട് അതിശയം തോന്നിയിരിക്കാം. എല്ലാം ഉപേക്ഷിച്ചു കൊണ്ട് അവൻ ഒരു സാധാരണക്കാരനായി കാമുകിയെ തേടി വന്നു
അർജുൻ കാർ എടുത്തിരുന്നില്ല. അവൾ ട്രെയിനിൽ ആണ് പോരുന്നത്. സാധാരണ കമ്പാർട്മെന്റിൽ. അവനും അതിലാണ് സഞ്ചരിച്ചത്. വില കൂടിയതൊക്ക അവൻ വീട്ടിൽ വെച്ചു. സാധാരണ ഒരു മലയാളി യുവാവ് ധരിക്കുന്ന വസ്ത്രങ്ങൾ മാത്രം ഒരു ബാഗിൽ എടുത്തു കുറച്ചു മുണ്ടുകളും ഷർട്ടുകളും. അവന്റെ പേർസണൽ മൊബൈൽ മാത്രം എടുത്തു. അച്ഛനോട് മാത്രം പറഞ്ഞു
ഞാൻ ഗുരുവായൂർ തൊഴാൻ പോവാണ്. ചിലപ്പോൾ കുറച്ചു ദിവസം കഴിയും. എന്തുണ്ടെങ്കിലും അച്ഛൻ നോക്കിക്കോണം. എന്നെ വിളിക്കരുത്
അച്ഛൻ മിഴിച്ചു നോക്കുന്നത് കണ്ടു.
അർജുൻ, സെക്യൂരിറ്റി ഇല്ലാതെ പോകുന്നത് അപകടമാണ് മോനെ എന്ന് പറഞ്ഞപ്പോൾ അവൻ ചിരിച്ചു
ഭൂമിയിലെ ഏറ്റവും വലിയ സെക്യൂരിറ്റി ഉള്ള ഇടത്തേക്കാണ് ഞാൻ പോകുന്നത് എന്നവൻ മറുപടി പറഞ്ഞു . അച്ഛന് അതിശയം വന്ന് കാണും. ദൈവം ഇല്ലാത്തവൻ എങ്ങനെയിങ്ങനെ മാറിപ്പോയി എന്ന് തോന്നി ക്കാണും. കൃഷ്ണയുടെ കാര്യം പറഞ്ഞില്ല. അത് വേണ്ട എന്ന് തോന്നി
അവൻ വന്ന ദിവസം തന്നെ അവളെ കണ്ടു ഓടി ചെന്നു കോരിയെടുത്തു നെഞ്ചോട് ചേർത്ത് ഒരുമ്മ കൊടുക്കാനുള്ള തോന്നലിനെ അവൻ അടക്കി പിടിച്ചു
അവൾക്ക് കാണാൻ സാധിക്കാതെ അവളെ കാണാൻ സാധിക്കുന്ന ഇടത്ത് എവിടെ എങ്കിലും ഇരിക്കും. വൈകുന്നേരം കുളത്തിന്റെ അവിടെ തന്നെ നിലത്ത് കിടക്കും. പുലർച്ചെ അവൾ വരും മുന്നേ comfort സ്റ്റേഷനിൽ പോയി കുളിച്ചു വരും. അപ്പോഴേക്കും അവള് വരും കൂടെ അമ്മമാരും കാണും. അവളുടെ പിന്നാലെ അകത്തേക്ക്
കൃഷ്ണ…ആ മുഖം മാത്രം….മറ്റൊന്നും ആ മനസ്സിൽ വന്നില്ല. അവൾ സങ്കടപ്പെടുന്നത് അവന് കാണാം. ആ മുഖം കാണുമ്പോൾ ഉള്ളു പിടഞ്ഞു പോകും
എത്ര വർഷമായി തന്നെ സ്നേഹിക്കുന്നവളാണ്. ഓരോന്നും അവന് ഓർമ്മ വരും. ഓരോന്നും….
ഒരിക്കലും അവൾ തന്നെ ഉപേക്ഷിച്ചു പോയിട്ടില്ല. പോകുകയുമില്ല
അത് തന്റെ പണം കണ്ടിട്ടോ പദവി കണ്ടിട്ടോ അല്ലെന്ന് അവന് അറിയാം. ജീവനാണ് അവൾക്ക്. താൻ എന്തിനാ അവളെ അവിശ്വസിക്കുന്നതെന്ന് അവൻ ചിലപ്പോൾ ഓർക്കും.
പേടിയുണ്ട്, അവൾക്ക് എപ്പോഴെങ്കിലും തന്നെ ഇഷ്ടമല്ലാത് വന്നാൽ. തന്നെ കുറിച്ച് എല്ലാം അറിയുമ്പോൾ കൃഷ്ണയേ പോലൊരു പെണ്ണിന് പേടി വരും. അന്ന് വേണ്ട എന്ന് തോന്നിയാൽ? ഭാര്യയായാൽ പിന്നെ അവൾ പോകില്ല എന്നൊരു വിശ്വാസം. അത് കൊണ്ടാണ് വാശി പിടിച്ചത്. ഇപ്പോഴും ആ വാശിയുണ്ട്. എനിക്ക് എന്റെ ഭാര്യായിട്ട് തന്നെ വേണം അവളെ…
അതിന് വേണ്ടി എത്ര വാശി കാണിക്കാനും മടിയില്ല. ഏത് അറ്റം വരെ പോകാനും തയ്യാറാണ്. കൃഷ്ണയേ വേണം
അതൊരു വാശിയാണ്. ഇത്രയും നാൾ കാത്തിരുന്നത് പരീക്ഷ കഴിയാൻ ആണ്. ഇനി വയ്യ. ഒരു നിമിഷം പോലും വയ്യ. തൊഴുതു ഇറങ്ങുമ്പോൾ അവനു വിശക്കുന്നുണ്ടായിരുന്നു
“മോനെ ഈ അന്നദാനം കൊടുക്കുന്നതെവിടെയാ?”
പ്രായമുള്ള ഒരമ്മ. കുറച്ചു ദിവസം പരിചയം ആയത് കൊണ്ട് അവനെല്ലാം അറിയാം
അവർക്ക് വഴി പറഞ്ഞു കൊടുത്തു. അവിടെ നിന്ന് നോക്കിയാൽ കാണാം ആൾക്കാർ വരിയായി നിൽക്കുന്നുണ്ട്. അവൻ നടന്ന് ചെന്നു വരിയിൽ നിന്നു. മൂന്നാല് ദിവസമായി അവനും ഇങ്ങനെയാണ്. ഈ വരിയിൽ സാധാരണക്കാരും സമ്പന്നനും ഉണ്ടാകും. എല്ലാവർക്കും ഒരെ ഭക്ഷണം. ക്ഷമയോടെ നടന്ന് അകത്തു കയറുന്ന ജനങ്ങൾ. വളരെ മുന്നിലായി കൃഷ്ണ നടന്ന് പോകുന്നത് അവൻ പെട്ടെന്ന് കണ്ടു
രണ്ടു സ്ത്രീകൾ അവളോട് സംസാരിക്കുന്നുണ്ട്. അവൾ ഒറ്റയ്ക്ക് അല്ല. അവൾക്ക് കാണാൻ സാധിക്കാത്ത ഒരിടത്തു അവൻ ഇരിപ്പുറപ്പിച്ചു
ചോറും പുളിശേരിയും തോരനും ഇത്തിരി അച്ചാറും. വിശന്നിരിക്കുന്നത് കൊണ്ടാവും നല്ല രുചി. അവൻ മുഴുവൻ കഴിച്ചു
കൃഷ്ണ കഴിച്ചു പുറത്തേക്ക് പോകുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അൽപനേരം കഴിഞ്ഞു അവനും ഇറങ്ങി
അവൻ നോക്കുമ്പോൾ അവൾ നൃത്തം നടക്കുന്നിടത്ത് ഇരിക്കുന്നുണ്ട്. ആ അമ്മമാരും ഉണ്ട്. അവൻ കുറച്ചു പുറകിലായി ഇരുന്നു
രാധികയുടെ നൃത്തം എപ്പോഴാണെന്ന് കൃഷ്ണയ്ക്ക് അറിയില്ലായിരുന്നു. ഇന്നാണ് എന്ന് ആ കുട്ടി പറഞ്ഞു. പക്ഷെ ചമയങ്ങൾ വന്ന് കഴിഞ്ഞാൽ പിന്നെ ആൾക്കാരുടെ മുഖം മാറും. കണ്ടാൽ തിരിച്ചറിയില്ല. അത് കൊണ്ട് തന്നെ പല പെൺകുട്ടികൾ നൃത്തമാടി എങ്കിലും അതിൽ രാധികയെ കണ്ടു പിടിക്കാൻ കൃഷ്ണയ്ക്ക് സാധിച്ചില്ല
“മോളെ പോവാം “
കുറച്ചു കഴിഞ്ഞു അമ്മമാർ പറഞ്ഞു
“ഞാൻ കുറച്ചു കൂടി കണ്ടിട്ട് വരാം. കൃഷ്ണനാട്ടം ഉണ്ടെന്ന് പറയുന്നത് കേട്ടു. ഞാൻ കണ്ടിട്ടില്ല. അത് കൂടി കണ്ടു വന്നേയ്ക്കാം “
“ശരി മോളെ. സൂക്ഷിച്ചു വരണം ട്ടോ “
അവൾ തലയാട്ടി
മുറിയിൽ ചെന്നു കഴിഞ്ഞാൽ ഓരോ ഓർമ്മകൾ വരും ഉള്ളു കത്തി തുടങ്ങും. ഇവിടെ ഇരിക്കുമ്പോൾ മറ്റൊന്നും ഓർക്കേണ്ട. കൃഷ്ണൻ മാത്രം…
എത്ര ഓർക്കാതിരിക്കാൻ നോക്കിയാലും അർജുൻ അവളുടെ ഉള്ളിൽ തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും. ആദ്യമായി കണ്ടത്, പിന്നെ സ്നേഹിക്കാൻ തുടങ്ങിയത്. ഓരോന്നും….
അവന്റെ സ്നേഹം, അവന്റെ കരുതൽ, അവന്റെ ഉമ്മകൾ
അവൾ നിറഞ്ഞ കണ്ണുകൾ തൂത്തു മുന്നിലേക്ക് നോക്കിയിരുന്നു. അർജുൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു
ഓടി ചെല്ലാൻ, എന്റെ കൃഷ്ണയല്ലേ എന്ന് വിളിച്ചു നെഞ്ചിൽ ചേർക്കാൻ, ആ നിമിഷം അർജുന് തോന്നി
അവൾ കരഞ്ഞത് അവൻ കണ്ടു. അതവന് സഹിക്കാൻ കഴിയുന്നില്ലായിരുന്നു. ആ വാടി പോയ മുഖം അവനെ നോവിച്ചു കൊണ്ടിരുന്നു
കൃഷ്ണയ്ക്ക് ആരോ തന്നെ ശ്രദ്ധിക്കും പോലെ തോന്നുന്നുണ്ടായിരുന്നു. മൂന്നാല് ദിവസമായി ആ തോന്നലുണ്ട്. ആരോ എവിടെയിരുന്നോ നോക്കുന്നു. അവൾ ഇടയ്ക്ക് തിരിഞ്ഞു നോക്കി
ആരുമില്ല. പക്ഷെ അല്ല ആരോ ഉണ്ട്. തന്നെ നോക്കുന്നുണ്ട്
അവൾ ഇടയ്ക്ക് ഒക്കെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. കൃഷ്ണനാട്ടം അവസാനിച്ചപ്പോൾ ഒരു പാട് വൈകി. അവൾ എഴുന്നേറ്റു. തൊട്ടടുത്താണ് ഗസ്റ്റ് ഹൗസ്. അവൾ കുറച്ചു നടന്നിട്ട് തിരിഞ്ഞു നോക്കി
പിന്നാലെ ആരോ ഉള്ളത് പോലെ. ഒടുവിൽ അവൾ അവിടേക്ക് കയറി പോകുമ്പോൾ അർജുൻ മെല്ലെ തിരിഞ്ഞു നടന്നു
കൃഷ്ണ പെട്ടെന്ന് തിരിഞ്ഞോടി വന്നു നോക്കി. വഴി അവസാനിക്കുന്നിടത്തേക്ക് നടന്ന് പോകുന്ന ഒരാൾ
അപ്പുവേട്ടനല്ലേ അത്? അവൾ നെഞ്ചിൽ കൈ വെച്ചു പോയി
ഏതിരുട്ടിലും കൃഷ്ണയ്ക്ക് അവനെ മനസിലാകും. കണ്ണ് മൂടി കെട്ടിയാൽ പോലും അവനെ അറിയാം കൃഷ്ണയ്ക്ക്
അവളുടെ കണ്ണ് നിറഞ്ഞൊഴുകി. മുന്നിൽ വരാത്തത് തനിക് ഇഷ്ടം ആവില്ല ന്ന് കരുതിയാണ് എന്ന് അവൾക്ക് മനസിലായി
അവൻ സ്നേഹിക്കുന്ന അത്രയും താൻ അവനെ തിരിച്ചു സ്നേഹിക്കുന്നില്ല എന്ന് അവൾക്ക് ആദ്യമായി തോന്നി. അവൻ പറയുന്ന ചെറിയ കാര്യങ്ങൾക്ക് പിണങ്ങി മാറുമ്പോ അവൻ ചെയ്തിട്ടുള്ളതെല്ലാം താൻ മറന്ന് കളയും
ശരിക്കും അവന്റെ ഭാഗത്തെ തെറ്റ് എന്താണ്. കിടന്നപ്പോൾ അവൾ ഓർത്തു
വിവാഹം കഴിക്കണം എന്ന് പറഞ്ഞു. ഒരു വർഷം കഴിഞ്ഞു മതി എന്ന് പറഞ്ഞപ്പോൾ തോന്നിയ ദേഷ്യം..പിണക്കം..
ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാണ് ബാക്കിയെല്ലാം
കൃഷ്ണാ…ആ വിളിയൊച്ച
ചുണ്ടിലേക്ക് താഴ്ന്ന് വരുന്ന മുഖം. ഉമ്മകൾ കൊണ്ട് ലാളിക്കുന്ന ചുണ്ടുകൾ
അവൾ കമിഴ്ന്നു കിടന്നു
എനിക്ക് വയ്യ കൃഷ്ണ ഈ വേദന സഹിക്കാൻ..അവൾ ഭഗവാനോട് കേണ് പറഞ്ഞു
എന്തെങ്കിലും സമാധാനം ഉണ്ടാക്കിതരണേ എന്ന് കരഞ്ഞു. എന്റെ അപ്പുവേട്ടനെ എനിക്ക് വേണം. അതിന് ഇനി കല്യാണം ആണെങ്കിലും സാരോല്ല. എനിക്ക് വയ്യ ഇങ്ങനെ ഈ വിരഹം
എന്റെ മുന്നിൽ വരുത്തിയാൽ മാത്രം മതി. ഞാൻ കൂടെ പോകും
എനിക്ക് വേറെയാരും വേണ്ട…എന്റെ അപ്പുവേട്ടൻ മതി…
അവൾ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു
പിന്നെ എപ്പോഴാ കുറച്ചു ഉറങ്ങി
പുലർച്ചെ പതിവ് പോലെ കുളിച്ചു ക്ഷേത്രത്തിൽ പോയി
“മോളെ ഇന്ന് വൈകുന്നേരം ഞങ്ങൾ തിരിച്ചു പോകും കേട്ടോ. മോള് എന്നാണ് പോകുക?”
“രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് “
“അത് വരെയുള്ള വാടക ഞങ്ങൾ അടച്ചേക്കാം ട്ടോ മോള് മുറിയെടുത്തോളൂ. അവിടെ തന്നെ താമസിച്ച മതി. അർജുന്റെ പിണക്കം ഒക്കെ തീരുമ്പോൾ രണ്ടാളും തറവാട്ടിൽ വരണം. ഉം “
അവളുടെ സങ്കടങ്ങൾ ഒക്കെ ഒരു ദിവസം അവൾ അവരോട് പറഞ്ഞിരുന്നു. അവൾ തലയാട്ടി
അവളുടെ കണ്ണുകൾ ചുറ്റും നോക്കി കൊണ്ടിരുന്നു
എവിടെയാണ്….എന്റെ മുന്നിൽ വാ അപ്പുവേട്ടാ, എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ
അർജുൻ അത് കാണുന്നുണ്ടായിരുന്നു. അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത്
അവൾ തന്നെ കണ്ടോ എന്ന് അവന് സംശയം തോന്നി. അവൻ മെല്ലെ ഒഴിഞ്ഞു നിന്നു. തന്നെ കണ്ടാൽ ഇവിടെ നിന്നും പോയാലോ
പിന്നെ എങ്ങനെ ഒന്ന് കാണും?
ഇവിടെ ഇങ്ങനെ എങ്കിലും ഒന്ന് കാണാം
ശ്രീകോവിലിനു മുന്നിൽ നിൽകുമ്പോൾ അന്ന് കൃഷ്ണ കരഞ്ഞു പോയി. എന്റെ ആള് ഇവിടെ ഉണ്ട് കൃഷ്ണ! എന്റെ മുന്നിൽ വരാൻ പറയ്. എനിക്ക് പിണക്കമൊന്നൂല്ല. കണ്ടാൽ മതി..
അവൾ മുഖം തുടച്ച് ഇറങ്ങുമ്പോൾ മുന്നിൽ രാധിക. കൃഷ്ണ ചിരിക്കുന്നതായി ഭാവിച്ചു
“വന്നിരുന്നോ നൃത്തം കാണാൻ?”
“ഉവ്വല്ലോ എനിക്ക് പക്ഷെ കുട്ടിയെ മനസ്സിലായില്ല “
രാധിക ചിരിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു
“ഞങ്ങൾ ഇന്ന് പോവാണ്. ആള് വന്നോ?”
അവൾ തല താഴ്ത്തി മൂളി
“എന്നിട്ട് എവിടെ?”
“അറിയില്ല ഇവിടെ എവിടെയോ ഉണ്ട്..മുന്നിൽ വന്നിട്ടില്ല..”
“ഗുരുവായൂരപ്പൻ കൊണ്ട് വന്നല്ലോ ആളിനെ. മുന്നിലും പുള്ളി തന്നെ കൊണ്ട് നിർത്തി തരും..പിണക്കം ഒക്കെ തീരുമ്പോൾ പുള്ളിക്ക് എന്ത് കൊടുക്കും?”
“ആർക്ക്?”
“അർജുന്..കൃഷ്ണയെക്കാൾ നല്ലത് അർജുൻ ആണ്. സ്നേഹം അർജുനാണ് കൂടുതൽ.”
അവൾ നടുക്കത്തോടെ രാധികയുടെ മുഖത്ത് നോക്കി. ആ മുഖത്ത് ദീപ്തമായ ഒരു പുഞ്ചിരി
“പറയു ഇത്രയും നാളുകൾ കൃഷ്ണ പിണങ്ങിയില്ലേ?അർജുനു എത്ര സങ്കടം വന്നിട്ടുണ്ടാകും. എന്താ കൊടുക്കുക സങ്കടം മാറ്റാൻ?”
“എന്റെ കയ്യിൽ ഒന്നുല്ല”
അവളുടെ ശബ്ദം നേർത്തു
“ആര് പറഞ്ഞു. അർജുന് എന്താ ആവശ്യമിപ്പോ? എന്തിനാ കക്ഷി പിണങ്ങിയത്?”
“അത് കല്യാണം…പെട്ടെന്ന് വേണ്ട എന്ന് പറഞ്ഞതിന് “
“ആണല്ലോ…അപ്പൊ അതിന് സമ്മതിച്ചു കൊടുക്ക് “
അവൾ നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ മറന്ന് നിന്നു
“ഇവിടെ വെച്ചു നടത്താമെന്നേ. വലിയ സംഭവം ആയിട്ടൊന്നും വേണ്ട. ഇവിടെ ഇപ്പൊ ചെക്കനും പെണ്ണും മാത്രം മതി. ആരും വേണ്ട. കല്യാണം ശീട്ടാക്കുക. പരസ്പരം ഓരോ തുളസി മാല ഇടുക. തീർന്നു. ജീവിതത്തിൽ പിന്നെ നിങ്ങൾ പിരിയില്ല. ഇവിടെ നടക്കുന്ന ഓരോ കല്യാണവും കൃഷ്ണന്റെ കാർമികത്വത്തിൽ ആണ് നടക്കുക. ആരും വേണ്ട കൂടെ. കക്ഷി അവിടെ ഉണ്ടാകും. അതങ്ങ് നടത്തിക്കോ. പിന്നെ കൃഷ്ണക്ക് പഠിത്തം ഒക്കെ കഴിഞ്ഞു സമയം പോലെ നാട്ടുകാരെ വിളിച്ചു സദ്യ കൊടുത്തു ഗംഭീരം ആയി നടത്താലോ.. “
അവൾ തറഞ്ഞു നിന്നു പോയി
“കൃഷ്ണ, എന്തായാലും ഭഗവാനോട് കൊടിമരച്ചോട്ടിൽ പോയി നിന്ന് പ്രാർത്ഥിക്ക്. ആളെ മുന്നിൽ നിർത്തി തരും കക്ഷി.”
കൃഷ്ണ തലയാട്ടി
“മോള് ആരോടാ ഈ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നത്?”
താമരയമ്മ
“അത് ഇവിടെ പരിചയപ്പെട്ട കുട്ടിയ..രാധിക”
അവൾ കൈ ചൂണ്ടി
“എന്നിട്ട് രാധിക എവിടെ?” താമരയമ്മ ചോദിച്ചു
“ഇവിടെ ഉണ്ടായിരുന്നു. പോയിട്ടിണ്ടാകും “അവൾ ചുറ്റും നോക്കി
ഇത്രയും പെട്ടെന്ന് എവിടെ പോയി
“നമുക്ക് പോയാലോ പുറത്തേക്ക്” അമ്മ ചോദിച്ചു
“ഞാൻ ഒന്ന് മുന്നിൽ പോയി നിന്ന് ഒരു തവണ കൂടി കണ്ടിട്ട് വരാം” കൃഷ്ണ പറഞ്ഞു
അവൾ ഓടി കൊടിമരച്ചോട്ടിൽ ചെന്നു നിന്നു. ചൊവ്വാഴ്ച ആയത് കൊണ്ടാവും തിരക്ക് നല്ല കുറവുണ്ട്.
“അപ്പുവേട്ടനെ എനിക്ക് കാണണം കൃഷ്ണ…”അവൾ മന്ത്രിച്ചു പിന്നെ കൈകൂപ്പി
എത്തി മുന്നോട്ട് നോക്കി
മുന്നിൽ നിൽക്കുന്ന ആളിന്റെ തല കൊണ്ട് കാണാൻ വയ്യ
“ഇത്തിരി നീങ്ങുവോ?”
മുന്നിൽ നിൽക്കുന്ന ആള് പെട്ടെന്ന് മാറിക്കൊടുത്തു
കൃഷ്ണ ആ മുഖം കണ്ടു
അർജുൻ..
ഗുരുവായൂർ ക്ഷേത്രത്തിൽ ആണെന്ന് ഓർത്തില്ല. ചുറ്റും ആളുണ്ടെന്നും ഓർത്തില്ല. ഇത് പാടുണ്ടോ എന്ന് പോലും ഓർത്തില്ല. അവൾ മുന്നോട്ടഞ്ഞ് അവന്റെ നെഞ്ചിൽ ചേർന്ന് ഇറുകെ കെട്ടിപിടിച്ചു
അവളെ വിറയ്ക്കുന്നത് അർജുൻ അറിഞ്ഞു. ദേഹം കുഴയുന്നതും. അവന്റെ നെഞ്ചിലൂടെ അവളുടെ ഉടൽ ഊർന്ന് വീണു
“കൃഷ്ണാ “
അർജുൻ ഉറക്കെ നിലവിളിച്ചു പോയി
തുടരും….