ധ്രുവം, അധ്യായം 60 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ശാന്തമായി ഉറങ്ങുന്നത് നോക്കി കിടന്നു അർജുൻ. അവൻ ആ മുടി ഒതുക്കി വെച്ചു പുതപ്പ് എടുത്തു നന്നായി പുതപ്പിച്ചു

ഈ ഒരു ദിവസം എനിക്ക് വീണു കിട്ടിയതാണ് കൃഷ്ണ. നിന്റെ വായിൽ നിന്ന് തന്നെ അത് കേട്ടത് എന്റെ ഭാഗ്യം. അല്ലെങ്കിൽ ഇനിയും വാശി പിടിച്ചു പിണങ്ങി വെറുതെ ദിവസങ്ങൾ പോയേനെ. അവൻ ആ കവിളിൽ ഒരുമ്മ കൊടുത്തു

അർജുന്റെ ഭാര്യ…

അവൻ ആ മുഖം നോക്കി കിടന്നു

ഇടയ്ക്ക് എപ്പോഴോ അവൾ തിരിഞ്ഞു കിടന്നവനെ പുൽകി. പിന്നെ അർജുനും ഒരുറക്കത്തിലേക്ക് ആണ്ടു പോയി

രാവിലെ വൈകിയാണ് ഉണർന്നത്. രണ്ടു പേരും ക്ഷേത്രത്തിൽ പോയി തൊഴുതു. തിരിഞ്ഞു പോരുമ്പോൾ കൃഷ്ണ ഒരു തവണ കൂടി തൊഴുതു പോയി

കൂടെയുണ്ടാവണേ കൃഷ്ണ എന്നൊരു പ്രാർത്ഥന മാത്രം

“അതേയ്..ദോ അത് വാങ്ങി താ “

കൃഷ്ണ ചൂണ്ടിയിടത്തേക്ക് അർജുൻ നോക്കി

ഒരു കുങ്കുമചെപ്പ്. അവളാദ്യമായി ചോദിച്ചത്. അവൻ അത് വാങ്ങി കൊടുത്തു

പിന്നെ അടപ്പ് തുറന്നു ഒരു നുള്ള് കുങ്കുമം ഇട്ടു കൊടുക്കുകയും ചെയ്തു. അപ്പൊ അവളുടെ ഭംഗി ഇരട്ടിച്ചത് പോലെ

കടന്ന് പോകുന്നവർ തിരിഞ്ഞു നോക്കുന്നുണ്ട്. അവൻ അവളെയൊന്ന് ചേർത്ത് പിടിച്ചു. റൂം vacate ചെയ്തു അവർ റെയിൽവേ സ്റ്റേഷനിൽ പോയി

“ഇപ്പൊ ഒരു ട്രെയിൻ ഉണ്ട്..ഞാൻ റിസേർവ് ചെയ്തിരുന്നു ഇന്നലെ രാത്രി. ചിലപ്പോൾ സീറ്റ് കിട്ടിയില്ലെങ്കിലോ “

അവൻ മൊബൈലിൽ നോക്കി. അവൾ അവനെ തന്നെ നോക്കിയിരുന്നു

“എന്താ മോളെ?”

“ഇപ്പൊ സാധാരണ ഒരാളെ പോലെ..”

“ആണോ.?”

“ഉം.എനിക്ക് ഇതാ ഇഷ്ടം. മുണ്ട് മടക്കി ഉടുത്തു, ഷർട്ട്‌ ഒക്കെ സാധാരണ പോലെ ഇട്ട് casual ആയിട്ട് കാണാൻ എന്താ രസം എന്റെ അപ്പുവേട്ടനെ. നെറ്റിയിൽ ചന്ദനക്കുറി കൂടി ആകുമ്പോൾ പറയണ്ട “

അവൻ ചിരിച്ചു

ട്രെയിൻ വന്നപ്പോൾ അവർ കയറി. വശത്തെ സീറ്റിൽ അവൾ ഇരുന്നു. തൊട്ടിപ്പുറത്ത് അവനും. കൃഷ്ണ ആ തോളിലേക് തല ചായ്ച് വെച്ച് ഇരുന്നു

“നാളെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം…റിസൾട്ട്‌ വരുമ്പോൾ പോകാം. പിന്നെ ഇടയ്ക്ക് വല്ലപ്പോഴും വന്ന മതി..”

അവൾ ഒന്ന് മൂളി

“ഞാൻ ചിലപ്പോൾ രണ്ട് ദിവസം കഴിഞ്ഞു കൊച്ചിയിൽ പോകും. ഡീറ്റെയിൽസ് ഞാൻ പിന്നെ പറയാം “

“ഉം “

“തൃശൂർ മെഡിക്കൽ കോളേജിലെ അപ്പോയിന്റ്മെന്റസ് മുഴുവനും ആയിട്ടില്ല. ചിലപ്പോൾ അവിടെ..”

കൃഷ്ണ ആ വാ പൊത്തി

“ഇന്നലെ നമ്മുടെ കല്യാണം ആയിരുന്നു “

അർജുൻ ഒരു മുഴുവൻ നിമിഷവും അവളെ നോക്കിയിരുന്നു

“സോറി…വേറെ എന്ത് ഞാൻ ഇപ്പൊ പറഞ്ഞാലും എന്റെ കയ്യിന്ന് പോകും. മനസ്സും ശരീരവും beyond control ആണ് കൃഷ്ണ..നിന്നെയും കൊണ്ട് എവിടെ എങ്കിലും ഞാൻ പോവും…അത് കൊണ്ടാണ് ഞാൻ സംസാരം മാറ്റിയത് “

കൃഷ്ണ മെല്ലെ ചിരിച്ചു

“നീ പറഞ്ഞത് പോലെ കല്യാണം നമ്മളെ മാറ്റും ഇത് വരെ നമ്മൾ എന്താണോ അതല്ല പിന്നെ..സത്യം. അത് കൊണ്ടാണ് വേറെയെന്തെങ്കിലും ഓർക്കുന്നത്. പറയുന്നത്…നിന്റെ മുഖത്ത് നോക്കുമ്പോൾ എനിക്ക്…”

കൃഷ്ണ നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു. അവൻ അവളുടെ കൈ പിടിച്ചു നെഞ്ചിൽ ചേർത്ത് വെച്ചു

“നിന്റെ ഭർത്താവ് ഒരു മുരടൻ unromantic ആണല്ലേ?”

“ഏറെക്കുറെ “

“മാറ്റാം. മാറ്റിയെടുക്കാം “

കൃഷ്ണ വെളിയിലെ കാഴ്ചകൾ നോക്കിയിരുന്നു. എപ്പോഴോ അവന്റെ ചുമലിലേക്ക് തല ചേർത്ത് ഉറങ്ങിപ്പോയി. അർജുൻ ഉറങ്ങിയില്ല

ഇത് വരെയവളെ പിരിഞ്ഞു നിന്ന പോലല്ല ഇനിയങ്ങോട്ട്. തന്റെ കാമുകിയല്ല. താൻ താലി കെട്ടിയ തന്റെ ഭാര്യയെയാണ് മാറ്റി നിർത്തേണ്ടി വരിക. കാണാതെ ദിനരാത്രങ്ങൾ കഴിക്കേണ്ടി വരിക. അത് തനിക്ക് ചിലപ്പോൾ എങ്ങനെ ആവുമെന്ന് അറിയില്ല

ഒരു തരത്തിൽ ആശ്വാസം ആണ്. കൃഷ്ണ തന്റേതായി. പക്ഷെ, അവൾ തന്റെ ഒപ്പം ഇല്ല

ഒരു വർഷം ക്ഷമിക്കുക മാത്രം ആണ് തന്റെ മുന്നിൽ ഉള്ള വഴി. അവൾ പറഞ്ഞത് പോലെ അവൾക്ക് തിരക്കുള്ള ഒരു വർഷം. പക്ഷെ തന്റെ ഒപ്പം ഉണ്ടായാൽ എന്താ? എന്ത് രസമായിരിക്കും അത്?

വീട്ടിൽ ഉറങ്ങുമ്പോൾ ഉണരുമ്പോൾ കയറി ചെല്ലുമ്പോൾ ഒക്കെ അവൾ. ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു സുഖം. ആ കൊഞ്ചൽ കേട്ട് ഉറങ്ങാം

ഇന്നലെ രാത്രി പോലെ തന്റെ നെഞ്ചിൽ മുഖം വെച്ച് തന്നെ കെട്ടിപിടിച്ചു കൊണ്ട്..

എന്റെ കൃഷ്ണ എനിക്ക് ഒരു വർഷം ഒന്നും കാത്തിരിക്കാൻ വയ്യാന്നാ തോന്നുന്നേ. ഇവളുടെ മനസ്സ് മാറ്റണെ അവൻ പ്രാർത്ഥിച്ചു പോയി

കൃഷ്ണയ്ക്ക് നല്ല മനക്കട്ടിയാണ്. തന്നെ പോലല്ല. അവളുടെ കാര്യത്തിൽ. മാത്രം തനിക്ക് ഒരു ധൈര്യവുമില്ല കൺട്രോളുമില്ല. പക്ഷെ കൃഷ്ണ അങ്ങനെ അല്ല

എപ്പോഴും ഒരു പോലെ, ശാന്തമായി ഒഴുകുന്ന നദി പോലെ

“ചായ കോഫീ…സർ ചായ വേണോ?” കൃഷ്ണ ഞെട്ടിയുണർന്നു

“നിനക്ക് ചായ അതോ കോഫീ?”

“കോഫീ “

“രണ്ടു കോഫീ “

അവൻ അത് വാങ്ങി

“അപ്പുവേട്ടൻ ട്രെയിനിൽ പോകാറുണ്ടോ?”

“ഇല്ല. ചെറുപ്പത്തിൽ ഒരു തവണ മറ്റോ…പിന്നെ അധികം പോയിട്ടില്ല”

“ഞാൻ ആദ്യമായിട്ടാ..അങ്ങോട്ട് പോയപ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. ഇത് എങ്ങനെ എവിടെ എപ്പോ..ഒന്നും അറിയില്ല അടുത്തിരുന്നവർ ഗുരുവായൂർ ഇറങ്ങാനായിരുന്നു. അതായിരുന്നു ആശ്വാസം.”

“എന്താ എന്നോട് പറയാതെ പോന്നത്? വഴക്ക് ഉണ്ടാക്കുന്നത് ആദ്യായിട്ടാണോ ഞാൻ? ഇതിനു മുന്നേ എത്ര തവണ…ഞാൻ പറഞ്ഞോ മോളെ നിന്നെയെനിക്ക് വേണ്ടാന്ന്. നിന്റെ പഠിത്തം കഴിഞ്ഞു വാ ഞാൻ ഇവിടെ ഉണ്ടാകുമെന്നല്ലേ പറഞ്ഞത് “

“ഇത്രേ പാവമായിട്ടൊന്നുമല്ല പറഞ്ഞത്..അയ്യടാ. ഭയങ്കര ദേഷ്യം ആയിരുന്നു. പെട്ട് പോയി എന്നൊക്കെ പറഞ്ഞു..അപ്പൊ ഞാൻ വിചാരിച്ചു. ഞാൻ മാറി തന്നേക്കാം അങ്ങനെ തോന്നേണ്ട. ഞാൻ കാരണം സന്തോഷങ്ങൾ ഒന്നും നഷ്ടപ്പെടുത്തണ്ട “

” ഒരു വാക്ക് നാക്ക് സ്ലിപ് ആയി വീണു പോയി. അതിനാണ് ഇത്രയും വലിയ ശിക്ഷ തന്നത്. ഞാൻ വന്നില്ലായിരുന്നെങ്കിൽ….”

“ഞാൻ പിന്നെ വരില്ല…”

അവൻ വിശ്വസിക്കാൻ വയ്യാതെ അവളെ നോക്കി

“ഒരിക്കലും പിന്നെ എന്റെ അരികിൽ വരില്ലേ?”

“ഇല്ല…ഞാൻ കാരണം ഒരു അബദ്ധം പറ്റിയ പോലെ. നാലു വർഷങ്ങൾ ഞാൻ കാരണം..പോയ പോലെ ഒക്കെ ആ സംസാരത്തിൽ വന്നു. ദേഷ്യം കൊണ്ടാവും. എന്നാലും ഒത്തിരി നൊന്തു. ഒന്നുമില്ലാത്തവൾക്ക് അതൊക്ക വേദനയാണ്. ഞാൻ കാരണം നഷ്ടങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ. ലാഭം ഒന്നുല്ല. ഇനിയും ഇല്ല. അപ്പൊ ഞാൻ എന്താ വേണ്ടേ..പിരിഞ്ഞു പോകണം. ലാഭം ഇല്ലാത്ത ബിസിനസ് അപ്പുവേട്ടൻ ചെയ്യാറില്ലല്ലോ”

അവൻ പെട്ടെന്ന് മുഖം തിരിച്ചു. അവന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു

“പക്ഷെ വന്നൂലോ അവിടെ..എന്റെ പിന്നാലെ..ആ നേരം എന്റെ മനസ്സിൽ എന്നോട് പറഞ്ഞത് ഒക്കെ മാഞ്ഞു പോയി. ഈ മുഖം മാത്രം..ഈ ഓർമ്മകൾ മാത്രം..”

അവളുടെ ശബ്ദം ഒരു പക്ഷി കുഞ്ഞിന്റെത് പോലെ നേർത്തതായി

“ഇനിയും ഞാൻ എന്തെങ്കിലും പറയുമ്പോൾ എന്നെ ഇത് പോലെ വിട്ട് പൊയിക്കളയരുത്. മനുഷ്യൻ ആണ് ദേഷ്യം വരും. പൊട്ടിത്തെറിച്ചു പോകും. ഇനിയും ഉണ്ടാകും ചിലപ്പോൾ ഒക്കെ. അങ്ങനെ ഉണ്ടാകുമ്പോൾ ഇത് പോലെ പിണങ്ങി പോയാലുണ്ടല്ലോ, അന്ന് അറിയും എല്ലാവരും നീ എന്റെ ഭാര്യ ആണെന്ന്. ഞാൻ വീട്ടിൽ വരും എല്ലാവരോടും പറയും. ബലമായി കൊണ്ട് പോരുകയും ചെയ്യും “

കൃഷ്ണ ഒരു നുള്ള് വെച്ച് കൊടുത്തു

“ഇനിയും പോവില്ല. ആരെങ്കിലും ഭർത്താവിനെ ഇട്ടേച് പോവോ?”

“മറ്റാരും പോകില്ല. നീ പോകും നിനക്ക് അഭിമാനം കൂടി പോയി. എനിക്കാണെങ്കിൽ നിന്റെ മുന്നിൽ അതൊട്ട് ഇല്ല താനും.”

കൃഷ്ണ വാ പൊത്തി ചിരി അടക്കി

“ഇനിയാ മോള് ശരിക്കും അർജുൻ എന്താ എന്ന് അറിയാൻ പോണത്. എങ്ങാനും പിണങ്ങിയ നോക്കിക്കോ…”

“ബ്ലാക്ക് mailing “

“അത് തന്നെ..”

അവൻ മൊബൈലിൽ ഉള്ള ഫോട്ടോസ് കാണിച്ചു. അവനും കൃഷ്ണയും. താലി കെട്ട്. വിവാഹം. എല്ലാത്തിന്റെയും ഫോട്ടോകൾ

“എനിക്ക് അയച്ചു തരണേ ട്ടോ ” അവൻ ഒന്ന് മൂളി

“ദൃശ്യയോട് ഞാൻ പറയും.”

“എന്തിനാ ദൃശ്യ മാത്രം..എല്ലാരോടും പറയ് എന്നിട്ട് എന്റെ കൂടെ വന്നു താമസിക്ക് “

“എന്നിട്ട്?” അവൻ ചുറ്റും നോക്കി

തിരക്ക് തീരെ കുറവാണ്

“എന്നിട്ട്…ശരിക്കും ഭാര്യയും ഭർത്താവുമാകാം “

അവളുടെ മുഖം ചുവന്നു

“ഒരു മനസ്സായിട്ട് ഒറ്റ ശരീരമായിട്ട്..രാവിലും പകലിലും തമ്മിൽ ലയിച്ച്…അറിഞ്ഞ്, അനുഭവിച്ച്…ഉം?”

അവന്റെ മുഖം മാറി. കഴുത്തിലേക്ക് അമരുന്ന മുഖം

“എന്റെ കൃഷ്ണയല്ലേ…അപ്പുവേട്ടന്റെ ജീവനല്ലേ? എനിക്ക് വേണമെടി നിന്നെ എപ്പോഴും “

അവളുടെ ഉടൽ കോരിത്തരിച്ചു. അർജുൻ ആ കഴുത്തിൽ മെല്ലെ ഒന്ന് കടിച്ചു

“ആരെങ്കിലും കാണും ന്ന് “

“ആകെ ദോ അവിടെ ഒരു ഫാമിലിയേ ഉള്ളു. അവർ ഉറങ്ങുവാ. ആരും കാണുന്നില്ലല്ലോ”

കൃഷ്ണ ചിരിയോടെ പുറത്തേക്ക് പോയിരുന്നു

“എടി നിനക്ക് വികാരമൊന്നുമില്ലേ?”

കൃഷ്ണ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി. അവൻ അവളുടെ ഉടലിൽ കൈ വെച്ചു. മുടി മാറ്റി പിൻ കഴുത്തിൽ ഒരു ഉമ്മ. കൃഷ്ണ ഒന്ന് പുളഞ്ഞു. അവന്റെ വിരലുകൾ കുസൃതി കാട്ടുന്നത് അവൾ അറിഞ്ഞു. അവൾ മെല്ലെ എഴുനേറ്റു ഇരുന്നു

“എന്താ ഉദ്ദേശം?”

“മറ്റേത് തന്നെ “

കൃഷ്ണ ഒരിടി വെച്ച് കൊടുത്തു

“ആരെങ്കിലും കണ്ടാൽ മാനം പോകും കേട്ടോ”

“എടി നീ ഉണ്ടല്ലോ എന്റെ ജീവിതത്തിലേക്ക് വന്നത് എന്തിനാണെന്ന് എനിക്ക് മനസിലായി”

കൃഷ്ണ നെറ്റി ചുളിച്ചു

“എന്നെ പാഠം പഠിപ്പിക്കാൻ. ഇഞ്ചിഞ്ചായിട്ട് കൊ- ല്ലാൻ അതിനാ വന്നത്. ഇപ്പൊ എനിക്ക് അത് ഉറപ്പായി “

കൃഷ്ണ ആ നെഞ്ചിൽ ഒന്ന് കൈ വെച്ചു

“എന്നാ വേണ്ടെന്ന് വെച്ചൂടെ?” അവൾ മന്ത്രിച്ചു

“അത് ചിന്തിക്കാൻ കൂടി കഴിയാത്ത പോലെ അഡിക്ട് ആയി പോയില്ലേ? നീ എന്ത് മാജിക് ആണ് കൃഷ്ണ കാണിച്ചത്..ഞാൻ ഇത്രയും…”

കൃഷ്ണ ചുറ്റും നോക്കി

ആരുമില്ല. അവൾ അവന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. അർജുൻ അവളെന്താ ചെയ്യുന്നതെന്ന് നോക്കിയിരുന്നു. അവളവന്റെ നെഞ്ചിൽ ഉള്ള അവളുടെ മുഖത്ത് തൊട്ടു. പിന്നെ മുഖം ചേർത്ത് അമർത്തി ചുംബിച്ചു

അർജുൻ കണ്ണുകൾ ഇറുക്കി അടച്ചു പോയി

“എടി വേണ്ട…ബോം- ബ് ആണ് ഇപ്പൊ ഞാൻ..പൊ- ട്ടിത്തെറിക്കും. വേണ്ട “

അവൻ അവളെ നേരെയിരുത്തി. ഷർട്ടിന്റെ ബട്ടൻ ഇട്ടു

“ഇതൊക്കെ ഒറ്റയ്ക്ക് ആകുമ്പോഴും കണ്ടാൽ മതി. അന്ന് എങ്ങാനും വേണ്ട എന്ന് പറഞ്ഞാലുണ്ടല്ലോ “

“പറയില്ല..” അവൾ ദീപ്തമായി പറഞ്ഞു

“ഒന്നിനും എതിർക്കില്ല. അപ്പുവേട്ടൻ എന്ത് പറഞ്ഞാലും നോ പറയില്ല. പോരെ?”

“പ്രോമിസ് “

“പ്രോമിസ്. ഇനിയും എന്തിനാ ഞാൻ എതിർക്കണേ? എന്തിനാ ഞാൻ എന്നെ കാത്തു സൂക്ഷിച്ചു വെയ്ക്കുന്നത്? എന്റെ അപ്പുവേട്ടന്റെയാ ഞാൻ..എന്ത് വേണേൽ ആകാം. പോരെ?”

അവന്റ മുഖം വിടർന്നു

“എന്റെ ദൈവമേ ഇനിയും വഴക്ക് ഉണ്ടാകരുതേ..”

“ആരാ ഈ പറയുന്നേ..ഇനിയും ഉണ്ടാകും. അന്ന് പക്ഷെ ഞാൻ ഇങ്ങനെ പോവൊന്നുമില്ല. എനിക്ക് ഇപ്പൊ അധികാരം ഉണ്ടല്ലോ ” അവൾ താലിയിൽ പിടിച്ചു

“നല്ല ഇടി ഞാൻ വെച്ചു തരും നോക്കിക്കോ. ഇനിയാണ് റിയൽ കൃഷ്ണയേ അർജുൻ കാണാൻ പോകുന്നത് നോക്കിക്കോ “

“കാണിച്ചു തന്ന മതി “

“അയ്യേ..വൃത്തികെട്ടവൻ ഡബിൾ മീനിങ് വെച്ച് സംസാരിക്കുന്നോ “

“എന്റെ പെ- ണ്ണുംപിള്ളയോട് എനിക്ക് സംസാരിക്കാൻ വയ്യേ?”

“ദേ ഹൌസർജൻസി തുടങ്ങി കഴിഞ്ഞാൽ പിന്നെ തിരക്കാ. രാത്രിയും പകലുമൊക്കെ ഡ്യൂട്ടി ഉണ്ടാവും..മിക്കവാറും ഫുൾ ടൈം ഹോസ്പിറ്റലിൽ തന്നെ ആവും. ഹോസ്റ്റലിൽ നിൽക്കേണ്ടി വരും എന്നാ സീനിയർസ് പറഞ്ഞു കേട്ടിട്ടുള്ളത്. വീട്ടിൽ വന്ന് പോകാൻ പറ്റില്ല. അപ്പൊ വഴക്ക് ഉണ്ടാക്കരുത് ട്ടോ. എന്നെ വിഷമിപ്പിക്കരുത്. വിളിച്ചാ ഓടി വരാനൊന്നും പറ്റില്ല “

“എനിക്ക് അറിഞ്ഞൂടെ അതൊക്കെ? നീ നിന്റെ തിരക്ക് ഒക്കെ കഴിഞ്ഞു വന്ന മതി. നമ്മൾ പരസ്പരം നമ്മുടെ ഷെഡ്യൂൾ അറിഞ്ഞല്ലെ ഇരിക്കുക. അപ്പൊ വീണു കിട്ടുന്ന ഏതെങ്കിലും ദിവസം ഏതെങ്കിലും സമയം…ഒന്നിച്ചു മതി. ഞാൻ ഇങ്ങനെ ഒക്കെ വെറുതെ പറയുന്നതല്ലേ. നിനക്ക് ടെൻഷൻ ഒന്നും തരില്ല..”

അർജുൻ സീരിയസ് ആയി പറഞ്ഞതായിരുന്നു അത്

“ഇഡലി വട വേണോ സർ..?”ഒരു പയ്യൻ

നല്ല വിശപ്പുണ്ട് കൃഷ്ണ പറഞ്ഞു. അവൻ രണ്ടു പൊതി വാങ്ങി

“നല്ല രുചിയുണ്ടല്ലേ?”

കൃഷ്ണ ചോദിച്ചു

“ഉം..നല്ല സോഫ്റ്റ്‌ “

ഭക്ഷണം കഴിഞ്ഞു…

“എത്തി കഴിഞ്ഞാൽ എങ്ങനെ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. നാളെ ഹോസ്പിറ്റലിൽ വരണം..ഞാൻ കുറച്ചു ദിവസം ഇവിടെ തന്നെ കാണും. പിന്നെയേ പോവുള്ളു.”

“എനിക്ക് വെക്കേഷനില്ലേ ദുഷ്ട?”

“ഇല്ല. നിന്റെ അവധികൾ, ഒക്കെ ഇനിയും എന്റെ ഒപ്പമാ..നമ്മൾ ഒന്നിച്ചാ..അങ്ങനെ ഫ്രീ ആയിട്ട് വീട്ടിൽ ഇരിക്കണ്ട മോള് “

“ഈശ്വര ഏത് നേരത്താണോ ഈ സാധനം…”

“ഇപ്പൊ നിനക്ക് തോന്നുന്നില്ലേ നീ പെട്ട് എന്ന് “

“രണ്ടു തവണ തോന്നുന്നുണ്ട് “

“ഇത് ഞാൻ പറഞ്ഞതിനല്ലേ മോള് പിണങ്ങിയത് “

അവൻ കള്ളച്ചിരി ചിരിച്ചു. കൃഷ്ണ അബദ്ധം പറ്റിയ പോലെ നാക്കു കടിച്ചു പോയി. അർജുൻ അവളെ നെഞ്ചിൽ ചേർത്ത് മുറുകെ പിടിച്ചു

നീ പെട്ടത് പോലെ ലോകത്ത് ഒരു പെണ്ണും പെട്ട് പോയിട്ടില്ല കൃഷ്ണ…ശരിക്കും ലോക്ക്ഡ് ആയി മോള്…ഇനിയും എന്റെ കൊച്ചിന് ഒരു മോചനം ഇല്ല. അർജുന്റെ സ്നേഹത്തിൽ നിന്ന്, അവന്റെ വാശിയിൽ നിന്ന്, അവന്റെ ദേഷ്യത്തിന്റെ പൊള്ളുന്ന ചൂടിൽ നിന്ന്…നിനക്ക് മോചനം ഇല്ല”

അവൻ മനസ്സിൽ മന്ത്രിച്ചു

ഇനിയാണ് അർജുൻ ശരിക്കും ജീവിക്കാൻ പോണത്. അർജുന്റെ മാത്രം ആയിട്ട് നീയും …

തുടരും….