അതൊരു കൊച്ചുകുട്ടി അല്ലേ അച്ചു. നിന്നെക്കാൾ ഏഴോ എട്ടോ വയസ്സ് ചെറുതാണ്. പഠിത്തവും കഴിഞ്ഞിട്ടില്ല…

അവൾക്കായ്‌…
എഴുത്ത്: ദേവാംശി ദേവ
====================

“നിനക്കിവിടെ എന്താ ജോലി..മൂന്നുനേരം വെട്ടി വിഴുങ്ങി ടിവിയും കണ്ട്, ഉറങ്ങി സുഖിച്ച് കഴിയുകയല്ലേ..പറ്റില്ലെങ്കിൽ ഇറങ്ങി പോടി..എന്റെ കൊച്ചുങ്ങളെ നോക്കാൻ എനിക്ക് അറിയാം..”

“ഞങ്ങൾ അമ്മയോടൊപ്പം വരുന്നില്ല. അമ്മക്ക് ജോലിയൊന്നും ഇല്ലല്ലോ..ജോലി കിട്ടാനുള്ള എജ്യുക്കേഷനും ഇല്ല. അങ്ങനെയുള്ള അമ്മയോടൊപ്പം വന്നാൽ അമ്മ എങ്ങനെ ഞങ്ങളെ പഠിപ്പിക്കും, എങ്ങനെ സ്കൂൾ ഫീസും വാൻ ഫീസും കൊടുക്കും. ഞങ്ങൾക്ക് ഇഷ്ടമുള്ള ഡ്രെസ്സും ഫുഡും വാങ്ങി തരും. അതുകൊണ്ട് ഞങ്ങൾ അച്ഛനോടൊപ്പം നിന്നോളാം.”

ഇളയവനെ ചേർത്തു പിടിച്ച് മൂത്തവൾ പറയുന്നത് കേട്ട് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു.

അതുകണ്ട് അശ്വിന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു. അവളെ പരിഹസിച്ചു കൊണ്ടുള്ള ചിരി.

ശ്യാമ….അശ്വിൻ എന്ന ഐ ടി ഉദ്യോഗസ്ഥന്റെ ഭാര്യ…

അവളുടെ പതിനട്ടാമത്തെ വയസ്സിലാണ് അശ്വിൻ ആദ്യമായി അവളെ കാണുന്നത്. കാണാൻ സുന്ദരിയായിരുന്ന, നാട്ടിൻപുറത്തുകാരിയായിരുന്ന അവളെ ആദ്യ കാഴ്ചയിൽ തന്നെ അവന് ഇഷ്ടമായി.

“അതൊരു കൊച്ചുകുട്ടി അല്ലേ അച്ചു. നിന്നെക്കാൾ ഏഴോ എട്ടോ വയസ്സ് ചെറുതാണ്. പഠിത്തവും കഴിഞ്ഞിട്ടില്ല.”

തന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ അവന്റെ അമ്മ എതിർപ്പ് പ്രകടിപ്പിച്ചു.

“വിവാഹം കഴിഞ്ഞാലും പഠിക്കാലോ അമ്മേ..വിദ്യാഭ്യാസം ഉള്ള ഞാൻ അതിന് എതിര് നിൽക്കുമെന്ന് തോന്നുന്നുണ്ടോ..അമ്മയൊന്ന് അവളുടെ വീട്ടിൽ പോയി സംസാരിക്ക്..പ്രായം അവർക്കൊരു പ്രശ്നമാണെങ്കിൽ നമുക്കിത് അവിടെ വെച്ച് സ്റ്റോപ് ചെയ്യാം.”

പ്രതീക്ഷയോടുള്ള അവന്റെ സംസാരം കേട്ടപ്പോൾ പിന്നീടൊന്നും പറയാൻ ആ അമ്മക്ക് കഴിഞ്ഞില്ല.

പിറ്റേന്ന് തന്നെ അശ്വിനും അമ്മയും     ശ്യാമയുടെ വീട്ടിൽ പോയി സംസാരിച്ചു.
അവളുടെ അച്ഛനും അമ്മക്കും പൂർണ സമ്മതമായിരുന്നു. മകളുടെ പഠിത്തമൊന്നും അവർക്കൊരു പ്രശ്നം ആയിരുന്നില്ല.

ശ്യാമക്ക് സമ്മതമല്ലായിരുന്നെങ്കിൽ കൂടി അശ്വിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ, വിവാഹം കഴിഞ്ഞും പഠിക്കാമെന്നുള്ള വാക്കിൽ അവൾ വിവാഹത്തിന് സമ്മതിച്ചു.

വളരെ വേഗം തന്നെ അവരുടെ വിവാഹം കഴിഞ്ഞു. ഹണിമൂണും മറ്റുമായി സന്തോഷകരമായിരുന്നു അവരുടെ ജീവിതത്തിന്റെ ആരംഭം.

ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ശ്യാമ ഗർഭിണിയായി..ഗർഭാവസ്ഥ നൽകുന്ന ശാരീരിക അസ്വസ്ഥതകളിൽ ആവളുടെ പഠിത്തം മുങ്ങിപോയി.

“പഠിക്കാൻ ഇനിയും സമയം ഉണ്ടല്ലോ.” അശ്വിൻ പറഞ്ഞു.

“നിനക്ക് പഠിത്തമാണോ വലുത്..അതിലും വലുതല്ലേ സ്വന്തം കുഞ്ഞ്..പഠിച്ചിട്ട് എന്ത് മലമറിക്കാനാ..വിവാഹം കഴിഞ്ഞുടനൊരു കുഞ്ഞിനെ കിട്ടുന്നത് ഭാഗ്യമാ..” അവളുടെ അമ്മ പറഞ്ഞു.

അശ്വിൻറെ അമ്മ മാത്രം ഒന്നും മിണ്ടിയില്ല..

മോളു ജനിച്ച് ഒന്നരവർഷം ആകുന്നതിനു മുൻപേ ശ്യാമ വീണ്ടും ഗർഭിണിയായി..

“ഒന്നിനൊന്ന് കൂട്ടുവേണം.” അശ്വിൻ പറഞ്ഞു.

“എന്തായാലും രണ്ട് കുട്ടികൾ വേണം. ഇതാകുമ്പോൾ രണ്ടും ഒരുമിച്ച് വളർന്നോളും.” അവളുടെ അമ്മ പറഞ്ഞു.

മകൻ ജനിച്ച് അധികമാകും മുന്നേ അശ്വിന് ജോലി മാറ്റം കിട്ടി. അവൻ പോകുമ്പോൾ കൂടെ ശ്യാമയെയും കുട്ടികളെയും കൊണ്ടുപോയി.

വീട്ടുകാര്യം, അശ്വിൻറെ കാര്യം, മക്കളുടെ കാര്യം..അങ്ങനെ ശ്യാമയുടെ തിരക്കുകൾ കൂടി വന്നു..

ആ തിരക്കുകൾക്കിടയിൽ അവളുടെ പഠിത്തം ജോലിയെന്ന സ്വപ്നം എല്ലാം അവൾ മറന്നു. തന്റെ ജീവിതം അശ്വിനും മക്കളുമാണെന്ന് അവൾ വിശ്വസിച്ചു.

പതിയെ പതിയെ അശ്വിൻ അവളിൽ നിന്നും അകന്ന് തുടങ്ങി..

അവളുടെ നാട്ടിൻപുറത്തെ രീതികളും വിദ്യാഭ്യാസം ഇല്ലാത്തതുമൊക്കെ അവളുടെ കുറ്റങ്ങളായി അവൻ പറഞ്ഞു തുടങ്ങി..

അരി വേകാത്തതും കറിയിൽ ഉപ്പ് കുറഞ്ഞതും മുളക് കൂടിയതുമൊക്കെ വലിയ വലിയ തെറ്റുകളായി മാറി അവരുടെ അകൽച്ച കൂട്ടി. മാസം തോറും വരുന്ന ആർത്തവ വേദന അവനിൽ പരിഹാസമാണ് ഉണ്ടാക്കിയത്.

“വേറെ ആർക്കും വേദന വരാത്തത് പോലെ..”എന്നൊരു ഡയലോഗിൽ അവന്റെ ഉത്തരവാദിത്വങ്ങളെ അവൻ മറന്നു.

“വിവാഹ ജീവിതമാകുമ്പോൾ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞിട്ട് വർഷം ഇത്രയും ആയില്ലേ..നിനക്കും കുട്ടികൾക്കും വേണ്ടിയല്ലേ അവൻ കഷ്ടപ്പെടുന്നത്. അതിനിടക്ക് നിന്നോട് കൊഞ്ചാനും കുഴയാനും അവനു സമയം കിട്ടില്ല. കുട്ടികളായാൽ പിന്നെ അവർക്ക് വേണ്ടിയാ ജീവിക്കേണ്ടത്.”

അമ്മയുടെ മറുപടി കേട്ടപ്പോൾ അമ്മ എനിക്ക് വേണ്ടി മാത്രമാണോ ജീവിച്ചതെന്ന് ചോദിക്കണമെന്ന് തോന്നി അവൾക്ക്…എങ്കിലും ഒന്നും മിണ്ടിയില്ല..

സഹിക്കാൻ വയ്യാതായപ്പോളാണ് പ്രതികരിച്ചത്. അവഗണന താങ്ങാൻ വയ്യാതായപ്പോഴാണ് ഭർത്താവിനെ ചോദ്യം  ചെയ്തത്.

“പറ്റില്ലെങ്കിൽ ഇറങ്ങി പോടി..എന്റെ കൊച്ചുങ്ങളെ നോക്കാൻ എനിക്ക് അറിയാം..”

എത്രയോ വട്ടം കേട്ടിരിക്കുന്നു..ഇനി വയ്യ..ഇറങ്ങാൻ തന്നെ തീരുമാനിച്ചു.

മക്കളെ വിളിച്ചു…കൂടെ വരാൻ

“ഞങ്ങൾ അമ്മയോടൊപ്പം വരുന്നില്ല. അമ്മക്ക് ജോലിയൊന്നും ഇല്ലല്ലോ.. ജോലി കിട്ടാനുള്ള എജ്യുക്കേഷനും ഇല്ല. അങ്ങനെയുള്ള അമ്മയോടൊപ്പം വന്നാൽ അമ്മ എങ്ങനെ ഞങ്ങളെ പഠിപ്പിക്കും, എങ്ങനെ സ്കൂൾ ഫീസും വാൻ ഫീസും കൊടുക്കും. ഞങ്ങൾക്ക് ഇഷ്ടമുള്ള ഡ്രെസ്സും ഫുഡും വാങ്ങി തരും. അതുകൊണ്ട് ഞങ്ങൾ അച്ഛനോടൊപ്പം നിന്നോളാം.”

മകളുടെ മറുപടി കേട്ട് വിഷമം തോന്നി ശ്യാമക്ക്..കൂടെ സന്തോഷവും.

മക്കൾ ഈ ചെറിയ പ്രായത്തിലെ തന്നെ ജീവിക്കാൻ പഠിച്ചിരിക്കുന്നു.
തന്നെപോലെ അല്ല.

**********************

“അച്ഛാ…” മകന്റെ വിളികേട്ട് അശ്വിൻ ഞെട്ടി..

“എനിക്ക് ഇഡലി വേണ്ട..കുറെ ദിവസം കൊണ്ട് ഇഡലി അല്ലേ..എനിക്ക് വേണ്ടാ. അമ്മയുണ്ടായിരുന്നെങ്കിൽ ചപ്പാത്തിയും പൂരിയുമൊക്കെ ഉണ്ടാക്കി തരുമായിരുന്നു.”

“ദേ നോക്ക് അച്ഛാ..ഈ യൂണിഫോമിലെ അഴുക്ക് പോയിട്ടില്ല. ഇതിട്ടുകൊണ്ട് ഞാനെങ്ങനെ സ്കൂളിൽ പോകും..അമ്മയുണ്ടായിരുന്നെങ്കിൽ എല്ലാം ക്ളീൻ ആയിരുന്നേനെ.”

ശ്യാമാ..അവൾ വെറും ഭാര്യയും തന്റെ കുട്ടികളുടെ അമ്മയും മാത്രമല്ലെന്ന് അവൻ തിരിച്ചറിഞ്ഞു. അവൾ വെളിച്ചമാണ്..ഈ വീടിന്റെയും തന്റെയും മക്കളുടെയും വെളിച്ചം.

രണ്ടാഴ്ചയായി അവളിവിടുന്ന് പോയിട്ട്. ഇനി പറ്റില്ല.

അശ്വിൻ മക്കളെയും കൂട്ടി ശ്യാമയുടെ വീട്ടിലേക്ക് പോയി. പക്ഷെ അവൾ അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല..

അശ്വിൻ പേടിയൊടെ അവളെ എല്ലായിടത്തും തിരക്കി. ഒടുവിൽ അവൾ അശ്വിൻറെ വീട്ടിൽ തന്നെയുണ്ടെന്ന് അറിഞ്ഞപ്പോൾ അവനും മക്കളും ശ്യാമയുടെ വീട്ടുകാരും അങ്ങോട്ടേക്ക് പോയി.

“നീ എന്താടി കാണിച്ചത്..അവനെയും കുട്ടികളെയും ഒറ്റക്കിട്ടിട്ട് എന്തിനാ നീ ഇവിടെ വന്ന് നിൽക്കുന്നത്.” ശ്യാമയുടെ അമ്മ ദേഷ്യത്തോടെ ചോദിച്ചു

“അത് ചോദിക്കാൻ നിങ്ങൾക്കെന്താ അവകാശം.” മറുപടി പറഞ്ഞത് അശ്വിന്റെ അമ്മയാണ്.

“ഞാൻ അവളുടെ അമ്മയാണ്.”

“അവൾ കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെയുണ്ട്..അത് അമ്മ അറിഞ്ഞില്ലേ.”

“ഞാൻ എങ്ങനെ അറിയാനാ. അവൾ അവളുടെ ഭർത്താവിന്റെ കൂടെ ആണെന്നല്ലേ ഞങ്ങൾ കരുതിയത്.

“അതിനർത്ഥം കഴിഞ്ഞ രണ്ടാഴ്ചയായി നിങ്ങൾ മകളെ വിളിച്ചിട്ടില്ല. വിവാഹം കഴിച്ചയച്ചാൽ മാതാപിതാക്കൾക്ക് മക്കളോട് ഉത്തരവാദിത്വം തീരില്ല..അവൾക്ക് എന്തെങ്കിലും വിഷമമുണ്ടോ അവൾ സന്തോഷത്തോടെയാണോ കഴിയുന്നത് എന്നൊക്കെ തിരക്കേണ്ടത് അമ്മയാണ്. അവിടുന്ന് ഇറങ്ങേണ്ടി വന്നപ്പോൾ അവൾ ഓടി ഇങ്ങോട്ടേക്ക് വന്നു. പകരം ആ- ത്മഹത്യ ചെയ്തിരുന്നെങ്കിലോ…അപ്പോ നെഞ്ചത്തടിച്ച് കരയാനും ഇവനെയും കൂടെ എന്നെയും ജയിലിലാക്കാനും  നിങ്ങൾ തന്നെ മുന്നിൽ നിൽക്കുവായിരുന്നല്ലോ..”

“വിവാഹം കഴിച്ചയച്ച മകളുടെ ജീവിതത്തിൽ ഇടപെടുന്നതിനൊരു പരിധിയില്ലേ..”

“എന്ത് പരിധി…എന്ത് പരിധിയാ ഉള്ളത്. നിങ്ങൾ നിങ്ങളുടെ മകളെ ഇവന് വിവാഹം കഴിച്ചു കൊടുത്തതാ..അല്ലാതെ ഇവന് വിറ്റതല്ല.”

“അമ്മ എന്നോട് ക്ഷിമിക്കണം..ഞാൻ ചെയ്തതൊക്കെ തെറ്റ് തന്നെയാണ്..അതൊക്കെ ഞാനിപ്പോ തിരിച്ചറിയുന്നുണ്ട്.”

“എപ്പോഴാ അച്ചുവേട്ടാ നിങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. രാവിലെ ബെഡ് കോഫി കിട്ടാതായപ്പോഴോ..അതോ കൃത്യസമയത്ത് ലഞ്ച് ബൊക്സ് കിട്ടാത്തപ്പോഴോ…ഡ്രെസ്സ് അയൻ ചെയ്യാത്തപ്പോഴോ..കുട്ടികളുടെ കാര്യങ്ങൾ നോക്കി മടുത്തപ്പോഴോ. അതോ രാത്രി നിങ്ങളുടെ ഇഷ്ടങ്ങൾ നടത്താൻ ആളില്ലാതായപ്പോഴോ..” ദേഷ്യത്തോടെ ശ്യാമ ചോദിച്ചു.

“ഇതൊക്കെ നീ ഇല്ലായ്മ എന്നെ അറിയിക്കുന്നുണ്ടായിരുന്നു ശ്യാമേ..പക്ഷെ അതിലും വലുതായി നീ എനിക്ക് ആരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു..നമ്മുടെ മക്കളും..ഞങ്ങളോട് ക്ഷമിച്ച് നീ കൂടെ വരണം.”

“വരാം…എന്റെ മക്കളെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലല്ലോ..പക്ഷെ ഇപ്പോഴല്ല…സ്വന്തം കാലിൽ നിനൽക്കാൻ എനിക്ക് കഴിയും എന്ന് തോന്നുമ്പോൾ. അന്ന് ഞാൻ വരാം.

അതുവരെ കുഞ്ഞുങ്ങളെ നിങ്ങൾ തന്നെ നോക്കണം.”

“ശ്യാമേ…അവൻ മാപ്പ്..”

“അമ്മ സംസാരിക്കണമെന്നില്ല..എന്റെ കാര്യത്തിൽ എനിക്ക് തീരുമാനം എടുക്കാൻ അറിയാം.”

അവളുടെ അമ്മയോട് പറഞ്ഞിട്ട് അവൾ അകത്തേക്ക് കയറി പോയി..അത് അവളുടെ ഉറച്ച തീരുമാനമാണെന്ന് എല്ലാവർക്കും മനസിലായി..

“അച്ചു..ഒരു പെണ്ണ് ഭൂമിയോളം താഴും. അതിലും താഴ്ത്താൻ ശ്രെമിച്ചാൽ അവൾ സ്വയം ഉയരാൻ തീരുമാനിക്കും. പിന്നെ അവളെ തടയാൻ ആർക്കും കഴിയില്ല..നിനക്ക് വേണമെങ്കിൽ അവൾക്ക് വേണ്ടി കാത്തിരിക്കാം..അല്ലെങ്കിൽ വേറൊരു ജീവിതം തിരഞ്ഞെടുക്കാം. മക്കളെ എന്റെ കാലം വരെ ഞാൻ നോക്കിക്കോളാം.”

“വേണ്ടമ്മേ..മക്കളെ ഞാൻ നോക്കിക്കോളാം. അവൾ വരും..ഒരിക്കലും അവൾക്ക് ഞങ്ങൾ വിട്ട് പോകാൻ കഴിയില്ല. അവളല്ലാതെ മറ്റൊരു ജീവിതം ഞങ്ങൾക്കില്ല..”

മക്കളെയും ചേർത്തുപിടിച്ച് അവൻ തിരികെ നടക്കുമ്പോൾ കണ്ണുനീരിലും ഒരു പുഞ്ചിരി ശ്യാമയിൽ വിരിഞ്ഞു..ജീവിതം തിരികെ കിട്ടിയവളുടെ പുഞ്ചിരി.

വർഷങ്ങൾക്കിപ്പുറം ശ്യാമയൊരു വലിയ ഫാം ഹൗസിന്റെ ഓണർ ആണ്. പശുവും ആടും കോഴിയും കൂട്ടത്തിൽ കൃഷിയുമൊക്കെയുണ്ട്. അശ്വിൻ ജോലി ഉപേക്ഷിച്ച് അവളുടെ കൂടെ തന്നെയുണ്ട്. മക്കളും..

പിന്നെ എല്ലാത്തിനുമുളള ധൈര്യം  കൊടുത്ത് അവളെ, അവളാക്കി മാറ്റിയ അവന്റെ അമ്മയും….