മായയുമായുള്ള ബന്ധം ബെഡ്‌റൂം വരെ എത്തിയപ്പോഴാണ് പാർവതി അത് അറിഞ്ഞത്….

കർമ്മം…
എഴുത്ത്: ദേവാംശി ദേവ
====================

വർഷങ്ങൾക്ക് ശേഷം ഇന്ന് അവളെ വീണ്ടും കണ്ടു..

തന്റെ പാർവതിയെ…അല്ല തന്റേതായിരുന്ന പാർവതിയെ….

ഇന്ന് അവൾ തനിക്ക് സ്വന്തം അല്ല..അവളിന്ന് പാർവതി സുരേഷ് അല്ല.
പാർവതി നരേന്ദ്രൻ ആണ്. പേര് കേട്ട ബിസിനെസ് മേൻ നരേന്ദ്രന്റെ ഭാര്യ.

നരേന്ദ്രന്റെ ഓഫീസിലാണ് പ്രണവ്, തന്റെ മകൻ ജോലി ചെയ്തിരുന്നത്. അവിടെ എന്തൊക്കെയോ തിരിമറികൾ നടത്തിയതിന്റെ പേരിൽ അവനെ അവിടുന്ന് പറഞ്ഞു വിട്ടു. കാശ് തിരികെ കൊടുത്തില്ലെങ്കിൽ അവനെതിരെ പോലീസ് കേസും ഉണ്ടകുമത്രേ…

അവൻ ചെയ്യാത്ത തെറ്റൊന്നും അല്ല. കൗമാരം മുതൽ തന്നെ തന്റേ മകൻ തെറ്റിലൂടെ മാത്രമേ സഞ്ചരിച്ചിട്ടുള്ളു. അതിനൊക്കെ താൻ തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ അവനെ രക്ഷിക്കണമെന്ന് തോന്നി. ആകെയുള്ളത് വീടും കുറച്ചു സ്ഥലവും മാത്രമാണ്..അത് വിൽക്കാൻ മായയും മക്കളും സമ്മതിക്കില്ല.

പിന്നെയുള്ളൊരു മാർഗം എം ഡിയെ പോയി കണ്ട് കാലു പിടിച്ച് കരയുക എന്നതാണ്. നരേന്ദ്രൻ ദയയുള്ള മനുഷ്യനെന്നാണ് കേട്ടിട്ടുള്ളത്..അവനോട് ക്ഷമിക്കാതിരിക്കില്ല..

അതിനു വേണ്ടിയാണ് നരേന്ദ്രന്റെ വീട്ടിലേക്ക് പോയത്..അവിടെ വെച്ചാണ് പാർവതിയെ വീണ്ടും കാണുന്നത്.

“നരേട്ടൻ ഇവിടില്ല..നാളെ വരുവാണെങ്കിൽ കാണാം.”

“എങ്കിൽ ഞാൻ നാളെ വരാം.”

മറുപടി പറഞ്ഞു അവിടുന്ന് ഇറങ്ങുമ്പോൾ വർഷങ്ങൾക്കിപ്പുറം അവളെന്നെ തിരിച്ചറിയാത്തതിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം കാലം തന്നെ അത്രമാത്രം മാറ്റിയിരിക്കുന്നു. കുറച്ച് തടിച്ചതും അല്പം നര കയറിയതും ഒഴിച്ചാൽ പാർവതിക്ക് വലിയ മാറ്റങ്ങളൊന്നും ഇല്ല.

വിവാഹ ബ്രോക്കർ വഴി വന്നൊരു സാധാരണ കല്യാണ ആലോചനയായിരുന്നു പാർവതിയുടേത്. പെണ്ണ് കാണാൻ ചെന്നപ്പോഴാണ് അവളെ ആദ്യമായി കാണുന്നത്.

അന്ന് അവളെക്കാൾ ശ്രെദ്ധിച്ചത് അവളുടെ വീടും മുറ്റത്ത്‌ കിടക്കുന്ന കാറും വസ്തു വകകളുമൊക്കെയായിരുന്നു.

ആഡംബര പൂർവം തന്നെ വിവാഹം നടന്നു..ഒരു പാവം നാട്ടിൻ പുറത്തുകാരി പെണ്ണായിരുന്നു അവൾ..ഒന്നിനോടും പരാതിയോ വാശിയോ ഒന്നും ഇല്ല. ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല..എന്തിനും ഏതിനും കുറ്റപ്പെടുത്തിയിട്ടേ ഉള്ളു..ഒരു മകൻ ജനിച്ചപ്പോഴെങ്കിലും എന്റെ സ്വഭാവം മാറുമെന്ന് അവൾ പ്രതീക്ഷിച്ചു..അതും ഉണ്ടായില്ല..എങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും എനിക്കും കുഞ്ഞിനുമായി അവൾ ജീവിച്ചു.

കൂട്ടുകാരന്റെ പെങ്ങൾ ആയിരുന്നു മായ. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞ മായയുമായി വളരെ പെട്ടെന്ന് തന്നെ അടുത്തു..മായക്ക് കുഞ്ഞുങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ ഭർത്താവിനായിരുന്നു പ്രശ്നം..അത് തന്നെ ആയിരുന്നു അവർ തമ്മിൽ പിരിയാനുള്ള കാരണവും.

മായയുമായുള്ള ബന്ധം ബെഡ്‌റൂം വരെ എത്തിയപ്പോഴാണ് പാർവതി അത് അറിഞ്ഞത്.

മായയെ ഒഴുവാക്കാൻ എന്റെ കാലു പിടിച്ച് കരഞ്ഞു പറഞ്ഞു. പക്ഷെ പാർവതിയേക്കാൾ മായക്കായിരുന്നു എന്റെ മനസ്സിൽ മുൻ‌തൂക്കം.

പാർവതി വീട്ടിൽ നിന്നും ഇറങ്ങി പോയി. മോനെ ഞാൻ കൂടെ വിട്ടില്ല. പലപ്പോഴും അവൾ കാണാൻ ശ്രെമിച്ചെങ്കിലും ഞാനത് സമ്മതിച്ചില്ല. ഡിവോഴ്സ് കേസ് നടക്കുമ്പോൾ അവൾ മോനെ ഒരുപാട് ഉപദ്രവിക്കുമെന്നും ശരീരം പൊള്ളിക്കുമെന്നും പട്ടിണിക്കിടുമെന്നും മോനെ കൊണ്ട് കോടതിയിൽ പറയിപ്പിച്ചു.

മൂന്ന് വയസ്സുളള കുഞ്ഞിനെ എനിക്ക് തന്നുകൊണ്ട് കോടതി ഡിവോഴ്സ് അനുവദിച്ചു.

നെഞ്ചുപൊട്ടി കരഞ്ഞു കൊണ്ട് മകനെ നോക്കി നിൽക്കുന്ന പാർവതിയെയാണ് അവസാനമായി കാണുന്നത്.

പിന്നീട്‌ മായയെ വിവാഹം കഴിച്ചു..അവൾ ഒരിക്കലും പ്രണവിനെ സ്നേഹിച്ചില്ല…രണ്ട് കുഞ്ഞുങ്ങൾ കൂടിയായപ്പോൾ താനും അവനെ മറന്നു തുടങ്ങി.

അവന്റെ കൂട്ടുകെട്ടുകളും ജീവിത രീതികളുമൊന്നും ശരിയല്ലെന്ന് മനസിലാക്കിയപ്പോൾ വളരെ വൈകിപ്പോയി. താൻ കാരണം തന്നെയാണ് അവന്റെ ജീവിതം നശിച്ചത്..ഇനി അവനെ ജയിലിലേക്ക് കൂടി വിടാൻ വയ്യ.

എന്തായാലും നാളെ നരേന്ദ്രനെ കാണണം. ഇനി അയാൾ സമ്മതിച്ചില്ലെങ്കിലും പാർവതി സമ്മതിക്കാതിരിക്കില്ല..സ്വന്തം മകനല്ലേ…

************************

രാവിലെ തന്നെ അയാൾ നരേന്ദ്രനെയും പാർവതിയേയും കാണാനായി ഇറങ്ങി. എന്നാൽ വീട്ടിൽ നിന്നും ഇറങ്ങും മുന്നേ  നരേന്ദ്രന്റെ കാർ അയാളുടെ വീട്ടുമുറ്റത്ത് എത്തി.

“സർ..സർ എന്താ ഇവിടെ”

അത്ഭുതത്തോടെ അയാൾ നരേന്ദ്രനെ നോക്കി.

“സുരേഷ് ഇന്നലെ വീട്ടിൽ വന്നിരുന്നല്ലേ..എന്നെ കാണാൻ.”

“അതേ സർ.”

“ഇന്നും വരും അല്ലേ..”

“അതേ സർ..ഞാൻ അങ്ങോട്ടേക്ക് ഇറങ്ങുവായിരുന്നു.”

“പക്ഷെ സുരേഷ് ഇന്ന് വരുന്നത് എന്നെ കാണാൻ അല്ലല്ലോ..പാർവതിയെ കാണാൻ അല്ലേ..”

ഞെട്ടലോടെ സുരേഷ് നരേന്ദ്രനെ നോക്കി.

“എനിക്ക് എല്ലാം അറിയാം സുരേഷ്..പ്രണവ്, പാർവതിയുടെ മകൻ ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ അവന് ജോലി നൽകിയത്.

പക്ഷെ സുരേഷിന് അറിയാത്ത കുറച്ച് കാര്യങ്ങളുണ്ട്. സ്വന്തം കുഞ്ഞിനെ പോലും നൽകാതെ നിങ്ങൾ ആട്ടി പായിച്ചപ്പോൾ മനോ നില തെറ്റിപ്പോയൊരു പെണ്ണുണ്ട്. പാർവതി…

ആരോടും മിണ്ടാതെ ഒന്നിനോടും പ്രതികരിക്കാതെ കഴിഞ്ഞിരുന്ന അവൾ ഒരു ദിവസം രാത്രി മരിക്കാനായി ഇറങ്ങിയോടി..വന്നുപെട്ടത് എന്റെ കാറിന്റെ മുന്നിലായിരുന്നു..എന്റെ കാർ അവളെ ഇടിച്ച് തെറുപ്പിച്ചു.

അതൊരു ചെറിയ ആക്സിഡന്റ് ആയിരുന്നില്ല..മാസങ്ങളോളം പാർവതി കോമയിൽ കിടന്നു. പിന്നീട്‌ ഉണർന്നപ്പോൾ പാർവതിക്ക് പഴയതൊന്നും ഓർമയുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞതോ ഒരു മകനുളളതോ  ആരും അവളോട് പറഞ്ഞതും ഇല്ല.

അതിനിടയിൽ എപ്പോഴോ അവളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി..എല്ലാം അറിഞ്ഞു കൊണ്ട്, അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ അവളെ വിവാഹം കഴിച്ചത്. ഞങ്ങൾക്ക് രണ്ട് മക്കളുണ്ട്.

ഞാൻ ചെയ്യുന്നത് മറ്റുള്ളവർക്ക് തെറ്റായി തോന്നാം സുരേഷ്..പക്ഷെ എന്റെ ശരി ഇതാണ്.

ഒരിക്കലും…ഒരിക്കലും പ്രണവ് മകനാണെന്ന് പാർവതിയോ, പാർവതി അമ്മയാണെന്ന് പ്രണവോ അറിയാൻ പാടില്ല. അറിഞ്ഞാൽ അത് അവൾക്ക് താങ്ങാൻ കഴിയില്ല..അവൾക്ക് എന്തെങ്കിലും വിഷമം ഉണ്ടായാൽ എനിക്കത് സഹിക്കാനും കഴിയില്ല..പിന്നെ എന്താ ഞാൻ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല.”

ചെറിയൊരു ഭീക്ഷണിയോടെ തന്നെ നരേന്ദ്രൻ പറഞ്ഞു.

“പിന്നെ പ്രണവിനെ ഒരിക്കലും ഞാൻ കൈവിടില്ല..അവനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞത് തെറ്റ് ചെയ്താൽ ശിക്ഷ കിട്ടും എന്ന് അവന് മനസിലാക്കാൻ വേണ്ടി മാത്രമാണ്. പ്രണവ് എന്റെ മുന്നിൽ വരണം..ചെയ്തു പോയ തെറ്റിന് മാപ്പ് പറയണം. അത് കഴിഞ്ഞാൽ അവന്റെ ജീവിതം മാറും. വിദേശത്തുള്ള എന്റെ ഏതെങ്കിലും കമ്പനിയിൽ നല്ലോരു പോസ്റ്റിൽ അവൻ ജോലിക്ക് കയറും..കുടുംബമൊക്കെയായി സന്തോഷത്തോടെ ജീവിക്കും..എന്റെ കണ്മുന്നിൽ..ഇത് ഞാൻ എന്റെ പാർവതിക്ക് വേണ്ടി ചെയ്യുന്നതാണ്.”

സുരേഷ് ഒന്നും മിണ്ടാതെ അയാളെ നോക്കി നിന്നു. പാർവതിയുടെ ഏറ്റവും വലിയ ഭാഗ്യമാണ് നരെന്ദ്രനെന്ന് ആ നിമിഷം അയാൾക്ക് മനസിലായി

“ഒരിക്കൽ കൂടി ഞാൻ സുരേഷിനെ ഓർമിപ്പിക്കുവാ..ഞങ്ങളുടെ ലൈഫിലേക്ക് താങ്കൾ വരരുത്.”

നരേന്ദ്രൻ തിരികെ പോകുന്നത് സുരേഷ് നോക്കി നിന്നു.

ഒരിക്കലും മായയും മക്കളും തന്നെ സ്നേഹിച്ചിട്ടില്ല..അവർക്ക് വേണ്ടത് പണവും ആഡംബര ജീവിതവുമാണ്. സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരുത്തിയെ പിൻകാലുകൊണ്ട് തട്ടിയെറിഞ്ഞു..

ഇപ്പോ അനുഭവിക്കുന്നതും ഇനി അനുഭവിക്കേണ്ടതും കർമഫലമാണ്. അത് അനുഭവിക്കുക തന്നെ വേണം..

നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടക്കാതെ അയാൾ അകന്നുപോകുന്ന നരേന്ദ്രന്റെ കാർ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *