സന്ധ്യക്ക് ജോലി കഴിഞ്ഞ് വന്ന അജയൻ പിന്നാമ്പുറത്തേക്ക് ആരോ ഓടി പോകുന്നത് കണ്ട് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു….

രാജകുമാരി
എഴുത്ത്: ദേവാംശി ദേവ
===================

“ഇനി എന്റെ മോളെ തൊടരുത്.”

അജയന്റെ കൈ വീണ്ടും മാളുവിന്റെ നേർക്ക് ഉയരുമ്പോഴാണ് ആ ശബ്ദം എല്ലാവരും കേട്ടത്. വാതിൽ കടന്നു വരുന്ന ഭരതൻ. മാളവികയുടെ അച്ഛൻ.

അജയന്റെ തല്ലു കൊണ്ട് അവശയായി എഴുന്നേൽക്കാൻ പോലും കഴിയാതെ മാളു ദയനീയമായി അച്ഛനെ നോക്കി. ആ കണ്ണുകളിലെ അഗ്നി അജയനുമേൽ കത്തി നിന്നു.

“അജയാ..ഇനി നീ എന്റെ മോളെ തൊട്ടാൽ ഞാനോ…നീയോ…ആരെങ്കിലും ഒരാളെ ജീവനോടെ കാണു.”

“ഇവൻ ഇവളുടെ ഭർത്താവാണ്..ഇവളെ തല്ലാനും കൊ- ല്ലാനുമുള്ള അവകാശം അവനുണ്ട്.”

“അത് നിങ്ങളുട തോന്നൽ മാത്രമാണ് അജയന്റെ അമ്മേ..എന്റെ മകൾ എന്നെ ധിക്കരിച്ച് നിങ്ങളുടെ മകനോടൊപ്പം വന്നെന്നു കരുതി അവളെന്റെ മകൾ അല്ലാതാവുന്നില്ല. ഞാൻ അവളുടെ അച്ഛനും”

“അച്ഛൻ….നിങ്ങൾ ഇവളുടെ അച്ഛനാണോ…ഇത്രയും നാളായിട്ടും നിങ്ങൾ ഇവളെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ. എന്നിട്ടിപ്പോ  മകളുടെ തെറ്റ് ന്യായീകരിക്കാൻ അച്ഛനാണെന്നും പറഞ്ഞ് വന്നേക്കുന്നു..ത്ഫു…”

അജയന്റെ അച്ഛൻ മുറ്റത്തേക്ക് നീട്ടി തുപ്പി..

“എന്റെ മകൾ എന്നെ ധിക്കരിച്ചു സ്വന്തമായി ജീവിതം തിരഞ്ഞെടുത്തു. അതിലെ തെറ്റും ശരിയും സ്വയം അവൾ മനസിലാക്കട്ടെ എന്ന് കരുതി ഞാൻ അവളിൽ നിന്ന് മാറി നിന്നു എന്നത് ശരിയാണ്..അതിനർത്ഥം ഞാനവളെ ഉപേക്ഷിച്ചു എന്നല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോ ഇങ്ങനെ ഇവിടെ വന്ന് നിൽക്കില്ലായിരുന്നു ഞാൻ. പൊന്നു പോലെയാ ഞാനെന്റെ മകളെ വളർത്തിയത്..അവളെ കൊ- ല്ലാൻ വിട്ട് തരില്ല ഞാൻ.”

“വളർത്തിയ കഥയൊന്നും താൻ പറയണ്ട. ഭർത്താവില്ലാത്ത നേരത്ത് കാമുകനെ വീട്ടിൽ വിളിച്ചു വരുത്തിയതും പോരാ, എന്റെ മോൻ പുതിയൊരു ബിസിനെസ് തുടങ്ങാൻ ആരോടൊക്കെയോ പലിശക്ക് വാങ്ങി വെച്ച കാശ് ഈ ഒരുമ്പെട്ടോള് എടുത്ത് അവന് കൊടുത്തു. തക്ക സമയത്ത് എന്റെ മോൻ വന്നത് കൊണ്ട് കാശ് കിട്ടി.പക്ഷെ അവൻ ഓടി രക്ഷപ്പെട്ടു.”

അജയന്റെ അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.

“അവൻ ഓടി രക്ഷപ്പെട്ടതല്ലേയുളളു..ചത്ത് പോയൊന്നും ഇല്ലല്ലോ..ഒരിക്കൽ കൂടി നമുക്ക് കാണേണ്ടി വരും അജയാ..അന്ന് ഇതിനൊക്കെയുള്ള മറുപടി നിനക്ക് ഞാൻ തരും.”

മാളുവിനെയും ചേർത്ത് പിടിച്ച് ഭരതൻ ആ പടി ഇറങ്ങുമ്പോൾ അജയനും അവന്റെ അച്ഛനും അമ്മയും പുച്ഛത്തോടെ നോക്കി നിന്നു.

ഭാരതന്റെ ഏക മകളാണ് മാളവിക എന്ന് മാളു. കുട്ടികാലത്തേ അമ്മയെ നഷ്ടപ്പെട്ട മാളുവിന് വേണ്ടിയായിരുന്നു ഭരതൻ ജീവിച്ചത്..മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ കുടുംബക്കാരൊക്കെ നിർബന്ധിച്ചിട്ടും അയാൾ മകൾക്ക് വേണ്ടി മാത്രം ജീവിച്ചു.

മാളു നഴ്സിംഗിന് പഠിക്കുന്ന സമയത്താണ് അജയനെ കാണുന്നത്. മാളുവും അജയനും ഒരെ ബസിലെ യാത്രക്കാർ ആയിരുന്നു…ദിവസവും കണ്ടുള്ള പരിചയം പ്രണയമായി മാറി.

ആദ്യമായി അച്ഛനും മോൾക്കും രണ്ട് അഭിപ്രായം വന്നത് അജയന്റെ കാര്യത്തിൽ ആയിരുന്നു. ആദ്യമായി ആ അച്ഛൻ മകളെ തല്ലിയതും അജയനുമായുള്ള ഇഷ്ടത്തിന്റെ പേരിൽ ആയിരുന്നു. അത് മാളുവിൽ വാശി കൂട്ടി..
അച്ഛനെയും പഠിത്തവും എല്ലാം ഉപേക്ഷിച്ച് അവൾ അജയനോടൊപ്പം ഇറങ്ങി പോയി.

ഭരതൻ പിന്നെ അവളയുടെ പുറകെ പോയില്ല.

കൂലി പണി ആയിരുന്നെങ്കിലും സന്തോഷത്തോടെ ആയിരുന്നു അവർ ജീവിതം ആരംഭിച്ചത്. പോകെ പോകെ അജയന്റെ അമ്മ അവളിൽ ഓരോ കുറ്റങ്ങൾ കണ്ടെത്തി. അവരുടെ വാക്കിന് അപ്പുറം പോകാത്ത അച്ഛനും അജയനും അവളെ കുറ്റക്കാരിയായി കണ്ടു..അജയൻ അവളെ ഉപദ്രവിച്ചു തുടങ്ങി..

സഹിക്കാൻ കഴിയാതെ ആയെങ്കിലും പോകാൻ ഒരിടം ഇല്ലാത്തതുകൊണ്ട് അവൾ പിടിച്ചു നിന്നു. എല്ലാം അറിഞ്ഞ് ഭരതൻ മകളെ കാണാനായി വന്ന അന്നാണ് അജയന്റെ വീട്ടിൽ നിന്ന് പണവുമായി ഒരാളെ അജയൻ പിടിക്കുന്നത്.

സന്ധ്യക്ക് ജോലി കഴിഞ്ഞ് വന്ന അജയൻ പിന്നാമ്പുറത്തേക്ക് ആരോ ഓടി പോകുന്നത് കണ്ട് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. അജയനോളം പ്രായം ഉണ്ടായിരുന്നു അവന്.

ആ സമയം അവന്റെ കൈയ്യിൽ രണ്ട് ലക്ഷം രൂപയും ഉണ്ടായിരുന്നു..അത് അജയൻ മാളുവിനെ ഏൽപ്പിച്ച കാശ് ആയിരുന്നു.

താനും മാളവികയും തമ്മിൽ അടുപ്പത്തിൽ ആണെന്നും അവൾ വിളിച്ചിട്ടാണ് വന്നതെന്നും കാശ് അവൾ തന്നതാണെന്നും പറഞ്ഞ് അവൻ അജയനെ പിടിച്ചു തള്ളിയിട്ട് ഓടി.

അവന് പുറകെ പോകാൻ അജയൻ മിനക്കെട്ടില്ല..പകരം എല്ലാ ദേഷ്യവും മാളുവിന്റെ ശരീരത്തിൽ തീർത്തു.

രണ്ടു ദിവസം കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്ന് അജയനെ വിളിച്ചിരുന്നു..അച്ഛനെയും അമ്മയെയും കൂട്ടി സ്റ്റേഷനിൽ എത്താൻ.

മാളുവിന്റെ അച്ഛൻ കൊടുത്ത പരാതി ആണെന്ന് അവർക്ക് മനസിലായി..എന്നാൽ സ്റ്റേഷനിൽ ചെന്നപ്പോൾ അവർ ആദ്യം കണ്ടത് മാളുവിന്റെ കാമുകനെന്ന് പറഞ്ഞ് അജയൻ വീട്ടിൽ നിന്ന് പിടിച്ചവനെയാണ്.

“അജയന് ഇവനെ അറിയാമോ..” എസ് ഐ ചോദിച്ചു.

“അറിയാം സർ..എന്റെ ഭാര്യയുടെ കാമുകനാണ്.”

“എന്ന് ആരു പറഞ്ഞു..”

“ഇവനെ എന്റെ വീട്ടിൽ നിന്ന് ഞാൻ പിടിച്ചപ്പോൾ ഇവൻ തന്നെയാണ് പറഞ്ഞത്.”

“ഇവൻ നിങ്ങളുടെ വീട്ടിൽ വന്നത് നിങ്ങളുടെ വീട്ടിലുള്ളൊരാൾ വിളിച്ചിട്ടാണ്…അജയന്റെ കാശെടുത്ത് ഇവന് കൊടുത്തതും നിങ്ങളുടെ വീട്ടിലുള്ളൊരാൾ തന്നെയാണ്..അത് പക്ഷെ അജയന്റെ ഭാര്യയല്ല..അമ്മയാണ്..”

“സർ എന്തൊക്കെയാ പറയുന്നത്..ഇവള് എന്തിനാ ഇതൊക്കെ ചെയ്യുന്നത്.”

അജയന്റെ അച്ഛൻ ചോദിച്ചു.

“നിങ്ങളെല്ലാവരും കൂടി ഈ പെൺകുട്ടിക്കൊരു കുറ്റം ചാർത്തി കൊടുത്തില്ലേ…അവിഹിതം. അത് തന്നെയാണ് നിങ്ങളുടെ ഭാര്യയും ചെയ്തത്.”

“ഇല്ല…ഞാനിത് വിശ്വസിക്കില്ല..”

“വിശ്വസിക്കണം അജയാ…സത്യം നിങ്ങളുടെ അമ്മ തന്നെ പറയും. പറയെടി…ഞാൻ പറഞ്ഞതെല്ലം സത്യം അല്ലേ..”

എസ് ഐ ദേഷ്യപ്പെട്ടതും പേടിയോടെ അവർ അതെ എന്ന് തലയാട്ടി..

തകർന്നു നിൽക്കുന്ന അജയന്റെയും അച്ഛന്റെയും മുന്നിലൂടെ മകളെയും ചേർത്തു പിടിച്ച് ഭരതൻ മുന്നോട്ട് നടന്നു.
അയാളുടെ മൗനത്തിൽ ഉണ്ടായിരുന്നു അവരോടുള്ള ചോദ്യങ്ങൾ.

പിറ്റേ ദിവസം ആ നാടുണർന്നത് അജയന്റെ അച്ഛന്റെ ആ- ത്മഹത്യ വാർത്ത കേട്ടു കൊണ്ടാണ്. മാളുവോ അവളുടെ അച്ഛനോ അങ്ങോട്ടേക്ക് പോയില്ല.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അജയൻ മാളുവിനെ കാണാനെത്തി.

“മാളു….അച്ഛൻ പോയി..പെറ്റതളളയായതുകൊണ്ട് മാത്രം ഞാനവരെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കിയില്ല…പക്ഷെ അവരെ കാണുന്നത് പോലും എനിക്കിപ്പോ വെറുപ്പാണ്..എനിക്കിന്ന് സ്വന്തമെന്ന് പറയാൻ നീ മാത്രമേയുളളൂ..നീ എന്റെ കൂടെ വരണം.”

“ഇല്ല അജയേട്ടാ…ഞാൻ വരില്ല..നിങ്ങളോട് എനിക്ക് ദേഷ്യമോ വെറുപ്പോ ഒന്നും ഇല്ല..അതുപോലെ തന്നെ ആ പഴയ സ്നേഹവും നിങ്ങളോടില്ല എനിക്ക്.”

“മാളു..ഒന്നുകൂടി ആലോചിച്ചിട്ട്..”

“ഒരിക്കൽ ഒന്നും ആലോചിക്കാതെ നിങ്ങളുടെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതാ ഞാൻ. അതിന്റെ ഫലം ഒരുപാട് അനുഭവിച്ചു…ഇപ്പോ നന്നയി ആലോചിച്ചിട്ട് തന്നെ പറയുവാ..നിങ്ങളുടെ ഭാര്യ എന്ന പദവിയേക്കാൾ എന്റെ അച്ഛന്റെ രാജകുമാരിയായി ഇരിക്കാനാണ് എനിക്ക് ഇഷ്ടം.”

മാളു ഭരതന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അവളുടെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായപ്പോൾ ഒന്നും മിണ്ടാതെ അജയൻ ഇറങ്ങി നടന്നു.