Story written by Sajitha Thottanchery
=========================
റൂം അടച്ചിരുന്ന് ഒരു പകുതി ദിവസം കരഞ്ഞു തീർത്ത് ഉള്ളിൽ കെട്ടിക്കിടക്കുന്ന സങ്കടപ്പുഴയെ ദക്ഷ തുറന്നു വിട്ടു.
“നീ എന്തിനാ കരയുന്നത്, നിന്നെ വേണ്ടാത്തവരെ നിനക്ക് എന്തിനാ?” കണ്ണാടിയിലെ പ്രതിബിംബം അവളെ നോക്കി ചിരിച്ചു.
റൂമിൽ അമൽ വച്ചിട്ട് പോയ പേപ്പർ അവൾ നോക്കി.
ഡിവോഴ്സ് ന് സമ്മതമാണെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന്. ഒപ്പം ഒരു ബ്ലാങ്ക് ചെക്കും വച്ചിട്ടുണ്ട്.
“എത്ര വേണേൽ എഴുതി എടുത്തോ നീ. അഞ്ചു വർഷം കൂടെ ജീവിതത്തിന്റെ പ്രതിഫലമായി എത്ര എടുത്താലും ഞാൻ ഒന്നും പറയില്ല.” അവളുടെ കാതിൽ ആ വാക്കുകൾ മുഴങ്ങി.
അമലും ദക്ഷയും
വീട്ടുകാർ തീരുമാനിച്ച വിവാഹം തന്നെ ആയിരുന്നു.ഒരു കോടീശ്വരന്റെ ആലോചന വന്നപ്പോൾ ആദ്യം ദക്ഷക്ക് പേടിയായിരുന്നു.പക്ഷേ ഈ കുട്ടി തന്നെ മതി എന്ന് അമലിനായിരുന്നു നിർബന്ധം. അത്രമേൽ സുന്ദരിയാണ് ദക്ഷ.
“നിന്നെ പോലെ ഒരു ഭാര്യയെ കിട്ടിയതിൽ ഞാൻ ഭാഗ്യവാൻ ആണ്. പുറത്ത് പോകുമ്പോൾ ആളുകൾ നമ്മളെ അസൂയയോടെ നോക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ….പറഞ്ഞറിയിക്കാൻ വയ്യ.” കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ അമൽ അവളുടെ കാതുകളിൽ പറഞ്ഞു.
സുന്ദരമായ മൂന്നു വർഷങ്ങൾ. അതിനുള്ളിൽ അവർക്കിടയിലേക്ക് ഋതു മോൾ കൂടി കടന്നു വന്നതോടെ അവിടം സ്വർഗമായിരുന്നു.
അമേയ
അവൾ അവരുടെ ജീവിതത്തിലേക്ക് വരുന്നത് വരെ.
അമലിന്റെ കമ്പനിയിലെ പുതിയ സ്റ്റാഫ്. ഭർത്താവുമായി പിരിഞ്ഞു നിൽക്കുന്നവൾ. ആദ്യമൊന്നും ദക്ഷ കാര്യമാക്കിയില്ല. അത്രയ്ക്കും വിശ്വാസമായിരുന്നു അമലിനെ. പലയിടത്തു നിന്നും കേട്ട വാർത്തകൾ ഒക്കെ അവൾ പാടെ തള്ളിക്കളഞ്ഞു. നേരിൽ കാണുന്നത് വരെ വല്ലാത്ത വിശ്വാസമായിരുന്നു അവൾക്ക് അവളുടെ പാതിയെ.
ഒരു ദിവസം മോളുടെ സ്കൂളിലേക്ക് പോകേണ്ടി വന്നപ്പോൾ അമലിനോട് പറയാതെ അവന്റെ ഓഫീസിലേക്ക് പോയി അവൾ.
“അമൽ സർ ഇന്ന് ലീവ് ആണല്ലോ” കാലത്ത് ഓഫീസിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ അമലിനെ അവിടെ കാണാതെ വന്നപ്പോൾ അവൾ ഒന്ന് പേടിച്ചു.
വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ്….
വേവലാതിയോടെ തിരിച്ചു വരുന്ന വഴിക്കാണ് അവനും അമേയയും കൂടി ഒരു ഹോട്ടലിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്. മുന്നേ കേട്ട വാർത്തകളും ഇതും കൂടി ആയപ്പോൾ മനസ്സിൽ സംശയത്തിന്റെ മുള പൊട്ടി.
“ഞാൻ അനൂപിന്റെ ഒരു ആവശ്യത്തിന് അവന്റെ കൂടെ നാട്ടിൽ പോയതാ.” ഓഫീസിലെ ലീവിന്റെ കാര്യം ചോദിച്ചപ്പോൾ അമൽ പറഞ്ഞ നുണ ദക്ഷ വിശ്വസിച്ചതായി അഭിനയിച്ചു.
“ഒഫീഷ്യൽ ട്രിപ്പ് ഉണ്ട് എനിക്ക്. ഏകദേശം ഒരാഴ്ചത്തെ ട്രിപ്പ്.”
പിറ്റേ ആഴ്ച അമേയക്കൊപ്പം യാത്ര പോകാൻ ബാഗ് പാക്ക് ചെയ്യുന്നതിനിടയിൽ അമൽ പറഞ്ഞു. അവന്റെ ഫോണിലേക്ക് വന്ന ഒരു മെസ്സേജ് അവിചാരിതമായി കണ്ട് അവരുടെ യാത്ര നേരത്തെ അറിഞ്ഞ ദക്ഷ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
പോകുന്നതിനേക്കാൾ അവളെ വേദനിപ്പിച്ചത് പോകുന്ന നേരത്ത് അവളെ ചേർത്ത് പിടിച്ചു സ്നേഹം അഭിനയിച്ചപ്പോഴാണ്.അവൾക്ക് അറപ്പാണ് തോന്നിയത്.
“ചതിക്കുകയാണെങ്കിലും ഇത്ര തരം താഴണോ അമലേട്ടാ……” അവൾക്ക് അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ ആവില്ലായിരുന്നു.
ആദ്യമൊക്കെ അവൾ പറയുന്നതിനെ എതിർത്തെങ്കിലും അവൾ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ അവൻ മൗനമായി നിന്നു. അവൾക്ക് മറുപടി നൽകാതെ അവൻ പ്ലാൻ ചെയ്ത യാത്ര പോകുക തന്നെ ചെയ്തു.
“എനിക്ക് നീയുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല. കാരണങ്ങൾ ഒന്നും ചോദിക്കരുത്. അമേയ…അവളെ മറക്കാൻ എനിക്ക് ആവുന്നില്ല”തന്റെ ഭർത്താവ് മറ്റൊരു പെണ്ണിനെ മറക്കാൻ ആവില്ലെന്ന് മുഖത്ത് നോക്കി പറയുബോൾ ചിരിക്കണോ കരയണോ എന്നറിയാതെ അവൾ നിന്നു.
“അപ്പൊ എന്നെ മറക്കാമോ അമലേട്ടാ? നമ്മുടെ മോളെ മറക്കാമോ? അതിനേക്കാൾ വലുതാണോ അവൾ” കരഞ്ഞു വീർത്ത കണ്ണുകളുമായി അവൾ അത് ചോദിക്കുബോൾ അമൽ മറുപടി നൽകിയില്ല.
“എന്നെ വേണ്ടാത്ത ഒരാളോട് സ്ഥാനം പിടിച്ചു വാങ്ങി കൂടെ നിൽക്കാനും മാത്രം തരം താഴ്ന്നവൾ അല്ല ഈ ദക്ഷ ” ഒരു അലർച്ചയോടെ ആണവൾ അത് പറഞ്ഞത്.
കല്യാണത്തിന് ശേഷം അമലിന്റെ ഇഷ്ടപ്രകാരമാണ് അവളുടെ ജോലി അവൾ വേണ്ടെന്ന് വച്ചത്. ജോലി മാത്രമല്ല ഇഷ്ടമുള്ള പലതും. അവൾക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഒന്നും ഇല്ലാതെ അമലിന്റെ ഇഷ്ടത്തിന് മാത്രം അവൾ ജീവിച്ചു. പക്ഷേ അവൾ അതിൽ ഒരുപാട് സന്തോഷവതി ആയിരുന്നു. ജീവനെ പോലെ സ്നേഹിച്ചതിനു അയാൾ ഒരു ബ്ലാങ്ക് ചെക്കിന്റെ വില മാത്രം കൊടുത്തുള്ളൂ എന്നോർക്കുബോൾ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.
അവൻ വൈകീട്ട് തിരിച്ചെത്തുമ്പോഴേക്കും ആ വീട്ടിൽ നിന്നും മോളെയും കൊണ്ട് ഇറങ്ങണമെന്ന് അവൾ ഉറപ്പിച്ചു. വീട്ടിൽ ചെന്ന് പറഞ്ഞാൽ എന്താകും അവസ്ഥ എന്ന് അവൾക്ക് ഊഹിക്കാമായിരുന്നു. അവളെ തന്നെ ആകും കുറ്റപ്പെടുത്തുക. അല്ലെങ്കിൽ ഒത്തുതീർപ്പ്.
“ഒരു പെൺകുട്ടിയാണ് കൂടെ ഉള്ളത്.” അമ്മ ആദ്യം അതാകും പറയുക.
“നിന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടാകും. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യൂ നീ.” ചേട്ടൻ ചിലപ്പോ അതാകും പറയുക.
അച്ഛൻ മാത്രം ചിലപ്പോ കൂടെ നിന്നേക്കാം. ഒന്ന് കെട്ടിപ്പിടിച്ചു കരയാൻ അത് മാത്രം മതി തനിക്ക് എന്ന് അവൾക്ക് തോന്നി. ആരെയും ബുദ്ധിമുട്ടിക്കരുത്. സ്വന്തമായി ഒരു ജോലി കണ്ടെത്തി തനിയെ നിൽക്കണം. ആരുടേയും ഉപദേശവും കുത്തുവാക്കുകളും കേൾക്കണ്ടല്ലോ.
“നമ്മൾ ഇനി വരില്ലേ അമ്മേ “അഞ്ചു വയസ്സുകാരിയോട് എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു.
താലിയും അഴിച്ചു വച്ച്, അവൻ കൊടുത്ത പേപ്പറിലും ഒപ്പിട്ട്, ആ ബ്ലാങ്ക് ചെക്ക് അതിന്റെ കൂടെ വച്ച് പോകാൻ ഇറങ്ങുമ്പോൾ ആണ് അവളുടെ ഫോൺ ബെല്ലടിച്ചത്.നോക്കിയപ്പോൾ അമലിന്റെ നമ്പറാണ്. എടുക്കണോ എന്ന് ഒന്നാലോചിച്ചു. പറയാനുള്ളത് എന്തായാലും കേൾക്കാമെന്ന് കരുതി കാൾ എടുത്തു.
“ഇത് സിറ്റി ഹോസ്പിറ്റൽ നിന്നാണ് വിളിക്കുന്നത്. ഈ നമ്പറിന്റെ ഉടമയെ ഇവിടെ ആക്സിഡന്റ് പറ്റി അഡ്മിറ്റ് ചെയ്തിട്ടുണ്ട്.” അപ്പുറത്തു നിന്നുള്ള ശബ്ദം പരിചയമില്ലാത്ത ആളുടെ ആയിരുന്നു.
ആ നിമിഷത്തിൽ എല്ലാം മറന്ന് അവൾ ആശുപത്രിയിലേക്ക് ഓടി.
“കാർ എതിരെ വന്ന ലോറിയുമായി ഇടിച്ചതാണ്. കാർ പൊളിച്ചാണ് ആളെ പുറത്തെടുത്തത്.” ആശുപത്രിയിൽ കൊണ്ട് വന്ന ഒരാൾ പറയുന്ന കേട്ടു.
“ഒന്നും പറയാറായിട്ടില്ല. ജീവനോടെ വന്നാൽ തന്നെ കോമ സ്റ്റേജിൽ ആയി പോകാനും ചാൻസ് ഉണ്ട്.” ഡോക്ടർ അത് പറയുബോൾ ദക്ഷ പ്രതികരിക്കാതെ ഒരു പാവ കണക്കെ ഇരുന്നു.
ഒന്നും സംഭവിക്കല്ലേ എന്ന് നെഞ്ചിൽ കൈ വച്ച് പ്രാർത്ഥിക്കുമ്പോൾ തന്നെ ചതിച്ചവൻ ആണ് അകത്തു കിടക്കുന്നെ എന്ന് അവൾ ഒരു നിമിഷത്തേക്ക് മറന്നു.
എല്ലാം തരണം ചെയ്ത് ജീവിതത്തിലേക്ക് അയാൾ തിരിച്ചു വരുമ്പോൾ ഉറങ്ങാതെ അയാൾക്ക് അവൾ കാവലായി. അയാൾക്ക് മുഖം കൊടുക്കാതെ ഒന്നും സംസാരിക്കാതെ അയാൾക്ക് വേണ്ടതെല്ലാം അവൾ ചെയ്തു കൊടുത്തു കൊണ്ടിരുന്നു. ഈ ദിവസങ്ങളിൽ ഒന്നും അമേയ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.
അയാൾക്ക് അയാളോട് തന്നെ പുച്ഛം തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്. ദക്ഷയെയും മോളേയും മറന്ന് അമേയക്കൊപ്പം പോകാൻ കൊതിച്ച നിമിഷങ്ങളെ അവൻ ശപിച്ചു.
“എനിക്ക് നിങ്ങളെ മുഴുവനായും വേണം അമൽ.ദക്ഷയുടെ ഭർത്താവ് എന്ന ലേബൽ ഇല്ലാതെ എനിക്ക് എന്റെ മാത്രം ആക്കണം……” അവളുടെ കൊഞ്ചൽ നിറഞ്ഞ വാക്കുകൾ.
എപ്പോഴാണ് താൻ അതിൽ വീണു പോയത്. മറ്റെന്തിനേക്കാൾ താൻ സ്നേഹിച്ച കുടുംബത്തെ എന്തിന്റെ പേരിൽ ആയാലും ഉപേക്ഷിക്കാൻ തീരുമാനിച്ച തനിക്ക് മാപ്പില്ല.
ദക്ഷ…..അവളെ പോലെ ഒരാളെ താൻ അർഹിക്കുന്നില്ല…..
ചുറ്റിലും നിന്ന് ആരൊക്കെയോ പറയുന്നതായി അമലിന് തോന്നി.
എന്നാൽ അവളാകട്ടെ അവനോട് ഒന്ന് സംസാരിക്കാൻ പോലും നിന്ന് കൊടുത്തില്ല. അവന്റെ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ ഒരു ഹോം നഴ്സിനെ പോലെ അവൾ ചെയ്തു കൊടുത്തു.ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നിട്ടും അവനെ പരിചരിച്ചു അവൾ. പക്ഷേ അതിലൊന്നും സ്നേഹത്തിന്റെ കണിക പോലും ഇല്ലെന്ന് അവന് മനസ്സിലായിരുന്നു.ഒരേ വീട്ടിൽ രണ്ടു മുറിയിൽ രണ്ടു മനസ്സായി അവർ കഴിഞ്ഞു പോയി.
“ഞാൻ ഇന്ന് പോവാണ്. നിങ്ങൾക്ക് ഇനി എന്റെ സഹായം ആവശ്യമില്ല. ഹെൽത്ത് ok ആയിക്കഴിഞ്ഞു.അന്ന് പറഞ്ഞ പോലെ പേപ്പർ ഒപ്പിട്ട് വച്ചിട്ടുണ്ട്. ആ ചെക്കും അവിടെ തന്നെ വച്ചിട്ടുണ്ട്. കൂടെ ജീവിച്ച നിമിഷങ്ങൾക്ക് വിലയിട്ട് വാങ്ങാൻ എനിക്കാവില്ല.”
എല്ലാ രീതിയിലും അവൻ ok ആണെന്ന് ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്ന് കാലത്ത് ബാഗുമായി ദക്ഷ അമലിന്റെ മുന്നിൽ വന്നു.
“അമ്മുസേ……”
ഒരുപാട് കാലങ്ങൾക്ക് ശേഷം അവന്റെ വായിൽ നിന്നും ആ വിളി കേട്ടപ്പോൾ ദക്ഷ ഒന്ന് പതറിപ്പോയി.
“മറന്നിട്ടില്ല അല്ലേ ആ പേര്.” സ്വയം വീണ്ടെടുത്ത് അവൾ അത് ചോദിച്ചപ്പോൾ അമലിന് ഉത്തരം ഉണ്ടായില്ല.
“തെറ്റ് പറ്റിപ്പോയി. ചെറുതല്ല, വലിയ തെറ്റ് തന്നെ. ക്ഷമിച്ചൂടെ നിനക്ക് “
“ഇല്ല അമലേട്ടാ. ഇപ്പൊ എല്ലാം മറന്ന് ഞാൻ ഇവിടെ നിന്നാലും ഇനി നിങ്ങളുടെ നല്ല ഭാര്യ ആയിരിക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. വിശ്വാസം നഷ്ടപ്പെട്ടാൽ അത് തിരിച്ചു കിട്ടില്ല. നാട്ടുകാരെ ബോധിപ്പിച്ച് എന്നെ സ്വയം പറ്റിച്ചു ജീവിക്കാൻ എനിക്ക് പറ്റില്ല. നമ്മളിലെ പ്രശ്നങ്ങൾ കൂടുകയേ ഉള്ളു. ഒന്ന് ആലോചിച്ചു നോക്കിക്കേ. ഇങ്ങനെ പറ്റിയില്ലായിരുന്നേൽ….ഇപ്പൊ അമേയ ഉണ്ടാകുമായിരുന്നില്ലെ ഇവിടെ. എനിക്ക് പകരം മറ്റൊരാളെ ചിന്തിക്കാൻ പറ്റുമെന്ന് നിങ്ങൾ തെളിയിച്ചു. So…..എന്റെ പ്രെസെൻസിനും അത്ര വിലയെ ഉള്ളു. കഴിഞ്ഞതൊന്നും കുഴി തോണ്ടി എടുത്ത് കുറ്റപ്പെടുത്താൻ നിൽക്കുന്നില്ല ഞാൻ. പിന്നെ ഞാൻ അപ്പൊ പോകാതിരുന്നത്….അങ്ങനെ ഞാൻ ചെയ്താൽ നിങ്ങളുമായി എനിക്ക് എന്ത് വ്യത്യാസം. മോളുടെ എല്ലാ കാര്യവും നമുക്ക് ഒരുമിച്ച് നടത്താം. എപ്പോ വേണമെങ്കിലും അവളെ കാണാം. പക്ഷേ അതിന് നമ്മുടെ ഇടയിൽ ഇങ്ങനെ ഒരു റിലേഷൻ വേണ്ട. ഇനി മറ്റൊരു ജീവിതം തിരഞ്ഞെടുത്താൽ ഒന്ന് മാത്രം സൂക്ഷിക്കുക.ആത്മാഭിമാനം ഉള്ള പെണ്ണ് ഈ ഒരു തെറ്റ് മാത്രം പൊറുക്കില്ല.” ഇത്രയും പറയുമ്പോൾ അവളിലെ സ്ത്രീയോട് അവന് ബഹുമാനം കൂടിയേ ഉള്ളു.
നിർബന്ധിച്ചു കൂടെ നിറുത്താൻ അവന് തോന്നിയില്ല. ചെയ്ത തെറ്റ് അത്രമാത്രം വലുതാണെന്ന് അവന് വ്യക്തമായിരുന്നു. അവൾ തിരിച്ചേൽപ്പിച്ച താലിയും കയ്യിൽ വച്ച് പടിയിറങ്ങുന്ന അവളെ നോക്കി നിശബ്ദമായി നിന്നു.
സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു മറ്റുള്ളവരുടെ അഭിപ്രായങ്ങളെ പേടിച്ച് അവനവനെ തന്നെ ചതിക്കാതിരുന്നതിൽ അവളും ഏറെ സന്തുഷ്ടയായിരുന്നു.
-Sajitha Thottanchery