Story written by Sajitha Thottanchery
============================
“നിങ്ങൾക്ക് എന്നെ ഒന്ന് പ്രണയിക്കാമോ?”
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അയാൾ ഉറക്കെ ചിരിച്ചു.
“എന്തെ ഇപ്പൊ അങ്ങനെ ഒരു ചോദ്യം”
എന്നെ ഒന്ന് കേട്ടിരിക്കാമോ അല്ലെങ്കിൽ മനസ്സിലാക്കാമോ എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും പ്രണയിക്കാമോ എന്നൊരാൾ മുഖത്ത് നോക്കി ചോദിക്കുന്നത് ആദ്യമായാണ് എന്ന് ദേവ് മനസ്സിൽ ഓർത്തു.
“അതെന്താടോ? എന്നെ പ്രേമിക്കാൻ കൊള്ളില്ലേ.” മൊബൈൽ ക്യാമറ ഓൺ ആക്കി സ്വന്തം മുഖം നോക്കി പകുതി ദേവിനോടും പകുതി സ്വയവുമായി ആമി പറഞ്ഞു.
ഉത്തരം പറയാതെ അയാൾ ചിരിച്ചു കൊണ്ട് അവളെ നോക്കി ഇരുന്നു.
ദേവും ആമിയും
ഒരു ക്യാമ്പിൽ പരിചയപ്പെട്ടതാണവർ. പരിചയമില്ലാത്ത ഒരു കൂട്ടം ആൾക്കാർ ഒന്നിച്ചു പോകുന്ന ഒരു ക്യാമ്പിൽ. ഒരേ ഇഷ്ടങ്ങൾ….ഒരേ അഭിപ്രായങ്ങൾ. ആ യാത്ര തീരുന്നതിനു മുൻപേ അവർ നല്ല കൂട്ടുകാർ ആയി മാറിയിരുന്നു. പിന്നെ അവർ മാത്രമായി യാത്രകൾ പോവാൻ തുടങ്ങി. ഒരേ നഗരത്തിൽ ആയത് കൊണ്ട് സ്ഥിരമായി കാണാൻ തുടങ്ങി. ജീവിതത്തിലെ എന്തിനെ പറ്റിയും ഒരുമിച്ച് സംസാരിക്കാൻ തുടങ്ങി. പക്ഷേ ഇത്ര നാളും അവർക്കിടയിലേക്ക് കടന്നു വരാത്ത ഒരു subject ആയിരുന്നു പ്രണയം.
ഒരിക്കൽ പ്രണയിച്ചു പറ്റിക്കപ്പെട്ടവനാണ് ദേവ്. ആത്മാർത്ഥമായി പ്രണയിച്ചവൾ ഒരു യാത്ര പോലും പറയാതെ അകന്നു പോയപ്പോൾ ഒരുപാട് നാൾ എടുത്തു അതിൽ നിന്നും രക്ഷപ്പെടാൻ.അതിന് വേണ്ടി തിരഞ്ഞെടുത്ത വഴിയാണ് ഈ യാത്രകൾ.
“ഏയ് അത്ര മോശമൊന്നുമല്ല ഞാൻ. ഇരു നിറം ആണേലും ഒരിത്തിരി ഭംഗി ഒക്കെ ഉണ്ട് എനിക്ക്.”ഒരു കണ്ണിറുക്കി മൊബൈൽ തിരികെ വയ്ക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ശെരിക്കും ഇപ്പൊ എന്താ അങ്ങനെ തോന്നാൻ.”ചിരിച്ചു കൊണ്ട് തന്നെയായിരുന്നു ദേവ് ചോദിച്ചത്.
“കാരണം അങ്ങനെ specific ആയിട്ട് ഒന്നും ഇല്ല. പക്ഷേ ഇപ്പൊ കുറച്ചായി, പ്രണയിച്ചു നടക്കുന്നവരെ കാണുമ്പോ ഒരു അസൂയ തോന്നുന്നു. പഠിക്കുന്ന കാലത്ത് പ്രൊപോസൽസ് വന്നപ്പോ എല്ലാം reject ചെയ്തു. അന്ന് അതിനോടൊന്നും വല്യേ interest തോന്നിയില്ല. കൂടെ ഉള്ളവളുമാരുടെ കാമുകന്മാർ വല്ലാതെ restrict ചെയ്യുന്ന കണ്ടപ്പോൾ എനിക്ക് അതൊന്നും പറ്റില്ലെന്ന് തോന്നി. വീട്ടിൽ ഫുൾ ഫ്രീഡം ഉണ്ട് എനിക്ക്. പിന്നേ ഒരു കാമുകനെ കൊണ്ട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയിപ്പിക്കണ്ട എന്ന് വിചാരിച്ചു. അത് കൊണ്ട് പ്രണയം ഇത് വരെ ആസ്വദിച്ചിട്ടില്ല.”ദൂരെ തിരകളെ നോക്കിയാണവൾ അത് പറഞ്ഞത്.
“എന്നിട്ടിപ്പോ…ആ ചിന്ത മാറിയോ. എന്നെ തിരഞ്ഞെടുക്കാൻ കാരണം?”അവളുടെ ഉത്തരം കേൾക്കാൻ ദേവ് ആകാംക്ഷയോടെ അവളെ തന്നെ നോക്കി ഇരുന്നു.
“നിങ്ങൾക്ക് എന്നെ നന്നായി സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്. ഒരാൾ ഒഴിവാക്കിയതിനെ മറ്റൊരാൾക്ക് നന്നായി സ്നേഹിക്കാൻ കഴിയും. എന്റെ വാക്കുകൾ അല്ലാട്ടോ. വിവരമുള്ള ആരോ എഴുതിയതാ.”
അവൾ അത് പറയുബോൾ അവൻ അവളെ തന്നെ നോക്കി ഇരിക്കായിരുന്നു. പെരുമാറ്റത്തിലും സംസാരത്തിലും ഒരുപാട് പക്വത ഉള്ളവൾ. ഉള്ളിൽ തോന്നുന്നത് മറച്ചു വയ്ക്കാതെ സംസാരിക്കുന്നവൾ. എന്തും തുറന്ന് പയാൻ പറ്റിയ വളരെ നല്ലൊരു സൗഹൃദം. എപ്പോഴൊക്കെയോ ഇഷ്ടം തോന്നിയിട്ടുണ്ട്. പക്ഷേ പ്രണയം കൊണ്ട് വന്ന് ആ സൗഹൃദം നഷ്ടപ്പെടുത്തണോ എന്ന ചിന്തയും പിന്നെ നേരത്തെ വേറെ ഒരാളിൽ നിന്നും കിട്ടിയ അനുഭവവുമാണ് അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചത് .
“ടോ…. താൻ പേടിക്കണ്ട ട്ടോ. പ്രണയിച്ചാലും ഇല്ലേലും താൻ എനിക്ക് എന്നും എന്റെ നല്ല ഫ്രണ്ട് തന്നെ ആയിരിക്കും. പക്ഷേ നമ്മൾ ഒന്നിച്ചാൽ ഒന്നുടെ നല്ലതാകും എന്ന് എനിക്ക് തോന്നി. താല്പര്യം ഇല്ലേൽ വിട്ടേക്ക്.”ഒട്ടും മറയില്ലാതെ അവൾ പറഞ്ഞു.
“എനിക്ക് താല്പര്യം ഇല്ലെന്ന് ആരു പറഞ്ഞു.”പെട്ടെന്നായിരുന്നു ദേവ് അങ്ങനെ പറഞ്ഞത്.
“അപ്പൊ ഇയാൾക്കെന്നെ ഇഷ്ടാണോ……..” കുട്ടികളെ പോലെ അവൾ ചോദിച്ചു.
“ആണോന്ന് ചോദിച്ചാൽ വേണേൽ ഇഷ്ടപ്പെടാം.” ദേവ്
“ആർക്ക് വേണേൽ “ആമി
“നിനക്ക് വേണേൽ “ദേവ്
“ഓഹ്….അങ്ങനിപ്പോ എന്നെ ആരും പ്രേമിക്കണ്ട. വാ പോകാം “ആമി അവിടന്ന് ഇതും പറഞ്ഞു എഴുന്നേറ്റു.
“അങ്ങനങ്ങു പോയാലോ…. എനിക്ക് വേണമെങ്കിലോ….”എഴുന്നേൽക്കാൻ തുടങ്ങിയ അവളെ കയ്യിൽ പിടിച്ച് തന്നിലേക്ക് വലിച്ചിട്ടു അവൻ.
അവരുടെ കണ്ണുകൾ പരസ്പരം കൊരുത്തു. ഇന്ന് വരെ അവർക്കിടയിലേക്ക് കടന്നു വരാത്ത ഒരു പുതിയ ഭാവം അവർ അവരുടെ മിഴികളിൽ പരസ്പരം കണ്ടു.അവരുടെ മനസ്സുകൾ മന്ത്രിച്ചു….. അതേ നമ്മൾ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു……
“എന്നാലും എന്നോട് നിനക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നാൻ എന്താ കാരണം “അവന്റെ തോളിൽ ചാരിയിരുന്ന അവളോട് അവൻ ചോദിച്ചു.
“അത്…….”
“മം… പറ, അത് “
“അതേ…… ഒരേ പോലെ ഉള്ളവരേക്കാൾ ഓപ്പോസിറ് ക്വാളിറ്റി ഉള്ളവർ തമ്മിൽ ആണ് ചേരുക എന്ന് കേട്ടിട്ടുണ്ട്.”
“അത് കൊണ്ട്……”
“അതായത്, വിവരമില്ലാത്ത നീയും വിവരമുള്ള ഞാനും ചേരുമെന്ന് ഒരു തോന്നൽ.”അത്രേം പറഞ്ഞ് അവൾ അവിടന്ന് എഴുന്നേറ്റു.
“ഓഹ്…. അത്രേ ഉള്ളു.”എന്ന് പറഞ്ഞിട്ടാണ് അവൾ പറഞ്ഞതിന്റെ അർത്ഥം അവന് മനസ്സിലായത്.
“ടീ……”പറഞ്ഞതിന്റെ അർത്ഥം അവൻ മനസ്സിലാക്കുന്നതിനു മുൻപേ അവിടന്ന് ഓടി തുടങ്ങിയ അവൾക്ക് പുറകെ അവളെ പിടിക്കാനായി ദേ അവനും ഓടി…..
അവരുടെ പ്രണയ ഭാവങ്ങൾക്ക് ആ കടൽ സാക്ഷിയായി.
-sajitha Thottanchery