ഡേവിഡ് ഡ്രൈവർ മനുവിനെ വിളിച്ചു ഒന്ന് പോയി അന്വേഷിച്ചു വരാൻ ഏൽപ്പിച്ചിരുന്നു. എബി വന്ന സമയം തന്നെയാണ് അയാളും അന്വേഷണം കഴിഞ്ഞു തിരിച്ചു വന്നത്
“എന്തായി മനു?”
അവൻ ചോദിച്ചു
“ജയരാജൻ ഡിപ്പാർട്മെന്റിൽഅത്ര നല്ല പേരുള്ള ഒരു പോലീസ് ഓഫീസറല്ല. അയാളെ കുറിച്ച് എല്ലാവർക്കും ഒരു മോശം അഭിപ്രായമാ.. മ-ദ്യപാനം കുറച്ചു കൂടുതലാ. സ്ത്രീ വിഷയവും ഉണ്ട്. ഈ കൊച്ച് പറഞ്ഞ ഒരു കാര്യം സത്യമാ അച്ചായാ. ഒരു രാത്രി അങ്ങനെ ഒരു നിലവിളിയും ഒച്ചപ്പാടും ഉണ്ടായിട്ടുണ്ട്. പാമ്പ് വന്നുന്നു പറഞ്ഞതും സത്യമാ. പിന്നെ മറ്റേത് ഒന്നും ഞാൻ കുത്തി ചോദിച്ചില്ല. അവിടെ വലിയ അന്വേഷണം നടക്കുവാ, കൊച്ചിനെ കാണാത്തതിന് പോലീസ് അന്വേഷണം തുടങ്ങി. ടീവി വെച്ചു നോക്കിക്കേ. ചിലപ്പോൾ ന്യൂസ് വല്ലോം ഉണ്ടോന്ന് “
എബി ന്യൂസ് വെച്ചു നോക്കി
ഇല്ല. ന്യൂസ് ഒന്നുമില്ല
“അപ്പൊ അയാള് രഹസ്യം ആയിട്ട അന്വേഷണം..ടീവിയും പത്രവും ഒക്കെ അറിഞ്ഞാലേ ഈ കൊച്ച് അവരോട് വല്ലതും വിളിച്ചു പറയുമൊന്നുള്ള പേടി കൊണ്ട. നാട്ടിൽ പോയി അന്വേഷിച്ചു. നാട്ടുകാർക്ക് അയാളെ കുറിച്ച് അത്ര നല്ല അഭിപ്രായം ഒന്നുമില്ല. എന്ന് വെച്ചു കുറ്റവും. പറഞ്ഞില്ല പക്ഷെ അയല്പക്കത്തെ വീട്ടിലെ പ്രായമുള്ള ഒരു അമ്മച്ചി പറഞ്ഞു ആ കൊച്ച് പോയത് നന്നായി എന്ന്. കൂടുതൽ ചോദിച്ചിട്ട് പറഞ്ഞില്ല. ചിലപ്പോൾ അവർ വല്ലോം കണ്ടു കാണും “
ഡേവിഡ് എബിയെ നോക്കി
“ഇതിപ്പോ എന്തോ ചെയ്യും പപ്പാ..അവളുടെ ഏട്ടനെ വിളിച്ചു പറഞ്ഞാലോ.”
“അത് അവൻ വിശ്വസിക്കുമോ? വിശ്വസിച്ചാൽ തന്നെ ഉടനെ വരാൻ പറ്റുമോ. അവൻ തന്നെ ചിലപ്പോൾ അച്ഛനെ വിളിച്ചു പറയില്ല എന്നാര് കണ്ടു
അയാള് വന്നു കൊച്ചിനെ കൊണ്ട് പോകും അല്ലെങ്കിൽ കൊച്ച് ധൈര്യം കാണിക്കണം. ധൈര്യം കാണിക്കുമോ?”
ഡേവിഡ് ചോദിച്ചു
“എന്നോട് ചോദിച്ചാൽ എനിക്കറിയാമോ.. ഇതിപ്പോ പപ്പാ എന്താ ഉദേശിച്ചത്?”
“മോനെ അതിനെ ഇങ്ങോട്ട് കൊണ്ട് വാടാ..ഇവിടിപ്പോ ആര് അറിയാനാ..അതിനെ പുറത്തോട്ട് ഇറക്കാതിരുന്ന പോരെ?”
അതിന്റെ ആങ്ങള വരുന്നത് വരെയല്ലേ? ആറു മാസം..പാവം.. ഇങ്ങനെ അല്ലേ മനുഷ്യനെ സഹായിക്കാൻ നമ്മളെ കൊണ്ട് പറ്റുള്ളൂ “
” വേറെ പണിയില്ലേ..പോലീസ് എല്ലായിടത്തും ഉണ്ട്. നമ്മൾ എല്ലാം അകത്താവും.”
“ആ കൊച്ച് സത്യം പറഞ്ഞാൽ പോരെ?”
“അവള് പറയുമോ..പറയണമെങ്കിൽ ഇപ്പോൾ പറയരുതോ..ഇവളെ ഒക്കെ എങ്ങനെ വിശ്വസിക്കും?”
എബി ചോദിച്ചു
ഡേവിഡ് അവനെ നോക്കി നിൽക്കുകയായിരുന്നു. പണ്ടാണെങ്കിൽ ഇത് പോലെ ഉള്ള സിറ്റുവേഷൻ വരുകയാണെങ്കിൽ അയാളെ വീട്ടിൽ കേറി തല്ലിയേനെ എബി. ഇന്ന് അവനാരെയും വിശ്വാസം ഇല്ല. ഒന്നിനെയും വിശ്വാസം ഇല്ല. ഒരു പെണ്ണിന്റ ചതി കൊണ്ട് അവന് നഷ്ടം ആയത് മനുഷ്യനിലുള്ള വിശ്വാസം ആണ്
“ഞാൻ കൂടി വരാം ആശുപത്രിയിൽ.. നീ എപ്പോഴാ പോകുന്നത്?”
ഡേവിഡ് ചോദിച്ചത് കേട്ട് അവൻ തെല്ലതിശയത്തിൽ നോക്കി
“കുറച്ചു കഴിഞ്ഞു പോകും. ഉറങ്ങിയിട്ടില്ല. കണ്ണൊക്കെ പുളിക്കുന്നു. ഒന്നുറങ്ങിയിട്ട് വരാം “
അവൻ മുറിയിലേക്ക് പോയി
ഡേവിഡ് ആ കുഞ്ഞിനെ കാണാൻ തീരുമാനിച്ചതിൽ രണ്ടുണ്ട് കാര്യം. അയാളുടെ ഭാര്യ ജെസ്സി മരിക്കുന്നത് പ്രസവത്തോടെയായിരുന്നു. കുഞ്ഞും മരിച്ചു പോയി. അത് ഒരു പെൺകുഞ്ഞ് ആയിരുന്നു. ആ കുഞ്ഞിന്റെ ഓർമ്മയിൽ പിന്നീട് അങ്ങോട്ട് ഏതു പെൺകുഞ്ഞിനെ കണ്ടാലും ഒരു അപ്പന്റെ വാത്സല്യം അയാളിൽ നിറയും. ചേർത്ത് പിടിച്ചു ഒന്നുമ്മ വെയ്ക്കാൻ തോന്നി പോകും. ഒരു മകൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതിക്കാത്ത ദിവസം ഇല്ല. കൂട്ടുകാർക്കൊക്കെ പെണ്മക്കൾ ഉണ്ട്. അവരൊക്കെ അവരുടെ അപ്പന്മാരുടെ അടുത്ത് കാണിക്കുന്ന സ്നേഹപ്രകടനങ്ങൾ കാണുമ്പോ അയാൾക്ക് കൊതിയാകും. തന്റെ വിധി എന്നോർത്ത് സമാധാനിക്കും
സ്വന്തം ത-ന്തമാർക്ക് എങ്ങനെയാണ് ഈ മനസ്സ് ഉണ്ടാകുന്നതെന്നോർക്കേ ഞരമ്പിൽ കൂടി അഗ്നി പുളഞ്ഞു. അവനെ കൈയിൽ കിട്ടിയാൽ അടിച്ചു ചെകിട് പൊളിക്കാനുള്ള തോന്നൽ ഉള്ളിലുണ്ടായി. അപ്പനാണ് പോലും. കർത്താവിനു തുല്യമാണ് ഓരോ മക്കൾക്കും അപ്പൻ. എന്നിട്ടാണ്
ആ കുഞ്ഞിനെ ഒന്ന് കാണണം, ആശ്വസിപ്പിക്കണം, പറ്റുവാണെങ്കിൽ കൂട്ടിക്കൊണ്ട് പോരണം. അടുക്കളയിൽ നിൽക്കുന്ന ലിസി നോക്കിക്കൊള്ളും അതിനെ. പാവം അവൾക്കും ഒരു പെൺ കുഞ്ഞാണ്. ലിസി കെട്ടിച്ചു വിടുന്നതിനു മുന്നേ ഇവിടെ ആയിരുന്നു. താൻ ആണ് കെട്ടിച്ചു വിട്ടത്. പക്ഷെ വിധി. അവൾ ഒറ്റയായി ഇപ്പോൾ ഇവിടെ ഉണ്ട്..
അയാൾ ഓരോന്ന് ഓർത്തിരുന്നു
ജയരാജൻ കലിയോടെ പാറുവിന്റെ മുറിയിൽ കയറി ഓരോ ബുക്കിലും പരിശോധന നടത്തി. ഇനി ഇവൾക്ക് കാമുകന്മാർ വല്ലോം ഉണ്ടായിരുന്നോ? അവരുടെ കൂടെയാണോ പോയത്? “
എത്ര പരിശോധിച്ചിട്ടും അയാൾക്ക് ഒന്നും ലഭിച്ചില്ല. അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു
വൈശാഖ് കാളിംഗ്. മകനാണ്
ഇവനോട് എന്തെങ്കിലും പറഞ്ഞെ പറ്റു. അല്ലെങ്കിൽ അവൾ വിളിച്ചു പറയും. തന്റെ മുഖം ഇവൻ അറിയും. ഇത് വരെ സ്നേഹനിധിയായ ഒരു അച്ഛനായിരുന്നു താൻ. അയാൾ ചിലതൊക്കെ മനസ്സ് കൊണ്ട് ഉറപ്പിച്ച് ഫോൺ എടുത്തു
“ഹലോ “
“ആ മോനെ അച്ഛനാ “
“ആ അച്ഛാ സുഖമാണോ?”
അയാൾ ഒരു കള്ളക്കരച്ചിൽ അങ്ങ് കരഞ്ഞു
“എന്റെ പൊന്നുമോനെ അവൾ പോയെടാ “
വൈശാഖ് ഭയന്ന് പോയി
“പോയെന്നോ എവിടെ പോയെന്ന് “
“മോനെ അവൾക്ക് ഒരു ചെക്കനും ആയിട്ട് അടുപ്പം ഉണ്ടായിരുന്നു. കൂടെ പഠിക്കുന്നതാണോ വഴിയിൽ കണ്ടതാണോന്ന് അറിയില്ല. ഒരു ദിവസം ഇവരെ രണ്ടു പേരെയും കൂടി തിയേറ്ററിൽ വെച്ചു ഞാൻ കണ്ടു
വീട്ടിൽ വന്നപ്പോ നല്ല അടി കൊടുത്തു. പിന്നെ അവൾ എന്നോട് മിണ്ടിയില്ല. പിന്നെയും അവനുമായിട്ട് ബീച്ചിലും ഹോട്ടലിലും ഒക്കെ കണ്ടെന്നു ചില പോലീസ് കാർ എന്നോട് പറഞ്ഞു. ഞാൻ കരുതി പ്ലസ് ടൂ കഴിഞ്ഞു നിന്റെ അടുത്തേക്ക് വിട്ടേക്കാം എന്ന്. അങ്ങനെ പാസ്പോർട് എടുക്കുന്ന കാര്യം പറഞ്ഞു വഴക്കായി. ഒരച്ഛനോട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ വരെ പറഞ്ഞു മോനെ “
വൈശാഖ് നടുങ്ങി തെറിച്ചു നിൽക്കുകയായിരുന്നു
അമ്മ മരിച്ചു കഴിഞ്ഞു പോന്നു പോലെ തങ്ങളെ നോക്കിയതാണ് അച്ഛൻ. പാറു കുസൃതിയും കുറുമ്പും ഉള്ള വായാടിയാണ് എന്നല്ലാതെ ഇങ്ങനെ മാറി പോയെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല
“അച്ഛൻ കരയാതെ. ഞാൻ ഉടനെ വരാം
അവളുടെ കയ്യിൽ ഒന്ന് കൊടുത്തേ “
“അവൾ ഇന്നലെ രാത്രി മുതൽ മിസ്സിംഗ് ആണ്. ഇത് വരെ ഞാൻ കേസ് ഫയൽ ചെയ്തില്ല. അല്ലാതെ അന്വേഷണം നടക്കുകയാണ്.”
“അവന്റെ വീട്ടിൽ അന്വേഷിക്ക് “
അയാൾ ഒന്ന് പതറി
“അവൻ വീട്ടിൽ ഉണ്ട്..ഇനി ഇവൾക്ക് മറ്റാരോടെങ്കിലും കൂടെ ഇഷ്ടം ഉണ്ടായിരുന്നോ എന്ന് അറിയില്ല. അവൻ പറഞ്ഞത് അവർ ഫ്രണ്ട്സ് ആണെന്ന.”
“നമ്മുടെ പാറുവിനെ കുറിച്ചാണോ അച്ഛൻ ഇത് പറയുന്നത്?”
അവന് അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി
“നമ്മുടെ പാറു ഒത്തിരി മാറി മോനെ..അച്ഛനു ജീവിതം മടുത്തു. അമ്മ പോയിട്ടും അച്ഛൻ നിങ്ങൾക്ക് വേണ്ടിയാ ജീവിക്കുന്നത്.. “
ജയരാജൻ അഭിനയം കൊഴുപ്പിച്ചു
“ഞാൻ ഉടനെ വരാം. അച്ഛൻ വിഷമിക്കണ്ട “
“നീ ഉടനെ വന്നിട്ട് എന്ത് ചെയ്യാനാ മോനെ. എങ്ങനെ എങ്കിലും ആ കോഴ്സ് തീർത്തു ഒരു ജോലിയിൽ കയറാൻ നോക്ക്. അറിയാല്ലോ പൈസ ഉണ്ടായിട്ടല്ല മോന്റെ ആഗ്രഹം നടന്നോട്ടെ എന്ന് കരുതി ആണ് അച്ഛൻ മുപ്പതു ലക്ഷം ലോൺ എടുത്തു നിന്നെ അയച്ചിരിക്കുന്നത്. ഞാൻ ഇവിടെത്തെ കാര്യങ്ങൾ പറഞ്ഞുന്നേയുള്ളു. അന്വേഷണം നടക്കുന്നുണ്ട്. ഇന്നന്നേ കണ്ടു പിടിക്കും ഞാൻ വിളിക്കാം “
അവൻ മനസ്സില്ല മനസ്സോടെ ഫോൺ കട്ട് ചെയ്തു. ജയരാജന്റെ മുഖത്ത് കുടിലമായ ഒരു ചിരി തെളിഞ്ഞു. ഇനി ഇവൻ അവള് പറയുന്നത് ഒന്നും വിശ്വസിക്കില്ല.
അവൾ ദൂരെയേവിടെയും പോകാൻ വഴിയില്ല. കണ്ടു പിടിക്കും. എവിടെ പോയി ഒളിച്ചാലും കണ്ടു പിടിക്കും
തുടരും….