മൂന്നാല് ദിവസങ്ങൾ കടന്നു പോയി
പകൽ…
പാറു മെല്ലെ ഒരുറക്കത്തിൽ നിന്ന് ഉണർന്നു. മുറിയിൽ മൂന്നാല് പേര്. അവൾ പേടിയോടെ എഴുന്നേറ്റു ഇരുന്നു
ഡോക്ടർ അശ്വതിയെ കണ്ട് അവൾ ആശ്വാസത്തോടെ നോക്കി
“മോളെ ഇത് എബിസാറിന്റെ പപ്പയാണ്. മോളെ കാണാൻ വന്നതാ ” അവൾ തൊഴുതു
ഡെവിഡിന്റെ ഉള്ളിൽ കണ്ണീരിന്റെ ഒരു കടൽ ഇളകുന്നുണ്ടായിരുന്നു. കാറ്റടിച്ചാൽ താഴെ വീണു പോകുമെന്ന് തോന്നിപ്പിക്കുന്ന അത്രയും ദുർബലയായ ഒരു കുഞ്ഞ്
“മോള് പപ്പയുടെ കൂടെ പോരുന്നോ?”
അയാൾ പെട്ടെന്ന് ചോദിച്ചത് കേട്ട് മുറിയിലുള്ളവർ അതിശയിച്ചു പോയി. അവൾ പകച്ചെന്ന വണ്ണം എല്ലാവരെയും നോക്കി
“കുറച്ചു ദൂരത്താ വീട്.. “
അയാൾ ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു. ബാക്കിയുള്ളവരെ ഒന്ന് നോക്കി. അവർ പതിയെ മുറി വിട്ടു പോയി
“പപ്പാക്കും ഒരു മോളുണ്ടായിരുന്നു. കുഞ്ഞിലേ മരിച്ചു പോയി..”
അവളുടെ മുഖം വാടി
“എന്റെ മോനെ കണ്ടില്ലേ, അവന്റെ വണ്ടിയാ ഇടിച്ചേ “
“ഇടിച്ചതല്ല ഞാൻ ചാടിയതാ “
അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു
“എന്റെ വീട് ഒരു ഗ്രാമത്തിലാ കേട്ടോ..തൃശൂർ നിന്ന് ഒരു ഇരുപതു കിലോമീറ്റർ ഉള്ളിലോട്ടു പോണം. ഗുരുവായൂർ റൂട്ടില. ഗുരുവായൂർ അമ്പലത്തിൽ പോയിട്ടുണ്ടോ?”
അവൾ ഉണ്ടെന്ന് തലയാട്ടി
“അതിനു കുറച്ചു അടുത്താ..”
“വീട്ടിൽ ആരൊക്ക ഉണ്ട്?”
അയാൾ ചിരിച്ചു
“ഒരു ആന്റിയുണ്ട്. ലിസി. അടുക്കളയിൽ എനിക്ക് വല്ലോം വെച്ചുണ്ടാക്കി തരുന്നതിനു വന്നതാ..ഈയിടെ ഭർത്താവ് മരിച്ചു പോയി. അവർക്ക് ഒരു മോളുണ്ട്. റീനു മോള് എന്നാ ഞാൻ വിളിക്കുക. മോളുടെ പ്രായം വരും. പ്ലസ് ടൂവ. ഇപ്പോൾ അവർ താമസിക്കുന്നത് എന്റെ വീട്ടിൽ തന്നെയാ..മോളും പോരെ..അവരുടെ കൂടെ താമസിക്കാം..ആരേം പേടിക്കണ്ട. ആരും അവിടെ വന്നു കുഞ്ഞിനെ കൊണ്ട് പോകില്ല.”
അവൾ കേട്ടിരുന്നു..നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകൾ ഉള്ള ഒരു മോള്. അയാളുടെ ഉള്ളിൽ വീണ്ടും വിലാപം ഉയർന്നു. ഈ കുഞ്ഞിന്റെ മുഖം കണ്ടാൽ എങ്ങനെ തോന്നുമിതു
വിശുദ്ധ കന്യാ മറിയത്തിന്റെ മുഖം. ക്രമേണ അവൾ അയാളോട് ഇണങ്ങി
“വീട്ടിൽ പ- ട്ടിയുണ്ടോ?”
“പിന്നെ രണ്ടെണ്ണം ഉണ്ട്. ജോർജിയും ജോബിയും.”
“ഹായ്. കടിക്കുമോ?”
“അയ്യോ പാവങ്ങൾ..അങ്ങോട്ട് കടിക്കാതിരുന്നാ മതി “
അവൾ പൊട്ടിച്ചിരിച്ചു
“പൂച്ച ഉണ്ടോ “
“പൂച്ചയും ഉണ്ട്. വീട്ടിൽ കയറ്റില്ല. പറമ്പിൽ ഒക്കെ നടക്കും “
“അത് കൊള്ളാം. പിന്നെ എന്തൊക്ക ഉണ്ട്?”
“പിന്നെയോ..പിന്നെ കുറെ പശുക്കൾ..ആട്..കോഴി താറാവ് അങ്ങനെ കുറെ കുറെ കാര്യങ്ങൾ ഉണ്ട്..”
അവരങ്ങനെ മിണ്ടിയും പറഞ്ഞുമിരുന്നു. എബി ഡാനിയലിന്റെ മുറിയിൽ ആയിരുന്നു
“പപ്പാ ഇതെന്തോന്ന് പണിയ കാണിക്കുന്നേ. ശേ. ഇവളെ കൊണ്ട് പോയാ പുറകെ വരുന്നത് ട്രെയിനിന്റെ ബോഗി പോലെ പ്രശ്നങ്ങളാ..എന്നാ ചെയ്യും ഡാനി?”
“അവിടെ ഇപ്പോൾ നിലവിൽ ഒരു പാവം പിടിച്ച പെണ്ണും മോളും ഉണ്ടല്ലോ. അവരുടെ കൂടെ ഈ കൊച്ചും നിന്നോളും..ആറു മാസം കഴിഞ്ഞവളുടെ ആങ്ങള വരുമെന്നല്ലേ പറഞ്ഞത്.. കൂടെ കൊണ്ട് പോകാൻ നമുക്ക് പറയാം. എന്തായാലും ആങ്ങളയുടെ കൂടെ പോകുമ്പോൾ നമ്മൾ ഫ്രീ ആയില്ലേ?”
എബി എന്തോ ആലോചിച്ചു തല കുലുക്കി
“പക്ഷെ…?”
“ഒരു പക്ഷെയുമില്ല. നീ ഒന്ന് മിണ്ടാതെ ഇരിക്ക് എബി.. ഒരു പാവം കൊച്ചിന്റെ ജീവിതം അല്ലേ?”
“ഇതൊക്ക എവിടെ എങ്കിലും നടക്കുമോ ഡാനി? ആരെങ്കിലും അറിഞ്ഞാൽ അപവാദം പറഞ്ഞുണ്ടാക്കും..അയാള് ഒരു പോലീസും കൂടെയാ..പെട്ട് പോകും “
“നിനക്ക് ഇത് വരെ ഇല്ലാത്ത വികാരം ഒക്കെ വരുന്നുണ്ടല്ലോ. പേടി.. കഷ്ടം “
“പേടിയല്ല. ഒരു പെണ്ണിനെ സഹായിക്കാൻ ഉള്ള മടി..പെണ്ണിനോടുള്ള അറപ്പ്.. അതാണ് “
അവൻ എഴുന്നേറ്റു പോയി. ഡാനിയൽ വല്ലാതായി. എന്തായാലും ഡേവിഡ് കൊണ്ട് പോകാമെന്നു പറഞ്ഞത് കാര്യമായി. ഇല്ലെങ്കിൽ എന്ത് ചെയ്തേനെ
ഒടുവിൽ ശ്രീപാർവതി ഡേവിഡ്ന്റെയും എബിയുടെയും ഒപ്പം പോകാൻ തയ്യാറായി. ആശുപത്രിയിൽ നിന്ന് ഒരു കാരണവശാലും വിവരം ചോർന്നു പോകാതിരിക്കാൻ അവർ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. രാത്രിയാണ് അവളെ കൊണ്ട് പോയത്
തങ്ങളുടെ ആരോരുമല്ലാത്ത ഒരു സാധു പെൺകുട്ടിക്ക് വേണ്ടി ഈ റിസ്ക് എടുക്കാൻ എല്ലാവരും തയ്യാറായി എന്നുള്ളതായിരുന്നു സത്യം. ഇതൊരുപക്ഷെ ഭാവിയിൽ ഹോസ്പിറ്റലിന്റെ പേരിനെ തന്നെ ബാധിക്കും എന്ന് തോന്നിയെങ്കിലും ആരും അതൊന്നും വക വെച്ചില്ല. ആ കുട്ടി രക്ഷപ്പെടാൻ ഈ വഴിയെ തത്കാലം ഉള്ളു
അങ്ങനെ രാത്രി അവർ വീട്ടിൽ എത്തി. ലിസി കാത്തു നിൽക്കുന്നുണ്ടായിരുന്നു. കഥകൾ ഒന്നും വിശദമായി പറഞ്ഞില്ല
അമ്മയില്ലാത്ത ഒരു കുഞ്ഞ് വരും. നിന്റെ മോളെ പോലെ നോക്കണം. ഡേവിഡ് പോകും മുന്നേ അത്രയും പറഞ്ഞു
ലിസിയുടെ മകൾ റീനു വാതിൽ പാളിക്ക് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു
കാർ വന്നു നിന്നു. ഡോർ തുറന്നു ദേവതയെ പോലെ ഒരു പെൺകുട്ടി ഇറങ്ങി വരുന്നത് കണ്ട് അവർ വാ പൊളിച്ചു നിന്നു
ചന്ദനത്തിന്റെ നിറം. നീണ്ട മൂടി രണ്ടായി മെടഞ്ഞ് ഇട്ടിരിക്കുന്നു. ഇളം റോസ് നിറത്തിൽ വെള്ള പൊട്ടുകൾ ഉള്ള ഒരു ഉടുപ്പ് ആണ് വേഷം
ലിസി അടുത്ത് വന്നു
“മോളോട് ഞാൻ പറഞ്ഞില്ലേ ലിസി..മുകളിലെത്തെ മുറിയിൽ താമസിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ. ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ?”
“ഇല്ല ഞാൻ കിടന്നോളാം “
“ലിസി മോൾക്ക് മുറി കാണിച്ചു കൊടുക്ക് “
ലിസി അവളുമൊത് പടികൾ കയറി
വർഷം ഒന്നായ്…പേടിക്കാതെ, ആധി പിടിക്കാതെ, കതകിൽ മുട്ട് കേട്ട് ഉറങ്ങാതെ കഴിയുന്നു. അച്ഛൻ ആണത്രെ അച്ഛൻ. അവൾക്ക് അയാളെ കൊ- ല്ലാൻ പറ്റാത്തതിൽ വിഷമം തോന്നി. ഇനിയൊരു സാഹചര്യം കിട്ടിയാൽ അയാളെ കൊ- ല്ലണമെന്നും തോന്നി
“മോളുടെ പേരെന്താ?”
ലിസി മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോൾ ചോദിച്ചു
“ശ്രീ പാർവതി “
അവൾ മറുപടി നൽകി
ആ പേര് അവളോളം മറ്റൊരാൾക്ക് ചേരില്ല എന്ന് തോന്നി ലിസ്സിക്ക്. അത്രയും പേരിനോട് ചേർന്ന് നിൽക്കുന്ന വിശുദ്ധമായ ഒരു രൂപമായിരുന്നു അത്
“എന്തെങ്കിലും കഴിച്ചോ?”
“ഉം “
“എന്നാൽ കതകടച്ച് കിടന്നോ..രാവിലെ വിളിക്കാം “
പാർവതി തലയാട്ടി. നല്ല ഒരു ആന്റി. ഒരു പാവം. അവൾ മുറിയിൽ കടന്നു വാതിൽ അടച്ചു. ഉടുത്തു മാറാൻ ഒന്നുമില്ല. ഈ വസ്ത്രം തന്നെ ആശുപത്രിയിലെ ഗീത ആന്റി കൊണ്ട് തന്നതാണ്. താൻ ഇപ്പോൾ ശരിക്കും ഒരു അനാഥ ആയി
അവൾ തേങ്ങി കരഞ്ഞു കൊണ്ട് തലയിണയിൽ മുഖം അമർത്തി
തുടരും….