പിരിയാനാകാത്തവർ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ്

പുലർച്ചെ ലിസ്സി വന്നു വിളിക്കുന്നവരെയും ബോധം കെട്ട് ഉറങ്ങി പാർവതി

“നന്നായി ഉറങ്ങിയല്ലോ. ഉറക്കം തീർന്നില്ലെങ്കിൽ കുറച്ചു കൂടി ഉറങ്ങിക്കോ “

“ഇല്ല സാധാരണ ഞാൻ നേരെത്തെ എണീൽക്കും..ഇന്നലെ ക്ഷീണം ഉണ്ടായിരുന്നു “

“തലയിൽ എന്താ മുറിവ്?”

“ഒരു ആക്‌സിഡന്റ് പറ്റി “

ലിസി ആ മുഖം ഒന്ന് പഠിച്ചു. അഗാധമായ ഹൃദയവേദന തുളുമ്പി നിൽക്കുന്ന മുഖം

“മോള് പല്ലൊക്കെ തേച്ചിട്ട് താഴോട്ട് വാ ട്ടോ. ഇതാ ഇത് മോൾക്കുള്ളതാ..കുളിച്ചു മാറാൻ ഉള്ള വസ്ത്രങ്ങൾ “

ഒരു വലിയ ബാഗ് മുറിയിൽ വെച്ചിട്ട് ലിസി പോയി. അവൾ അതിശയത്തിൽ ആ ബാഗ് തുറന്നു നോക്കി. ഉടുപ്പുകൾ ആണ് കൂടുതൽ. എല്ലാ തരം വസ്ത്രങ്ങളും ഉണ്ട്. അടി വസ്ത്രങ്ങൾ അടക്കം

പുതിയ ബ്രഷ്പേസ്റ്റ്, ചീപ്…എല്ലാം ഉണ്ട്. ഇവരാരാണ് തന്നെ ഇത്രയും സ്നേഹിക്കാൻ?

ദൈവമേ..

അവൾ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി പ്രാർത്ഥിച്ചു. ആരുമില്ല എന്ന് തോന്നുന്നയിടത്ത് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ പ്രവർത്തിക്കുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. ഇതുമത് പോലെയാണ്

അവൾ ആകാശ നീല നിറത്തിൽ ഉള്ള ഒരു ഉടുപ്പ് എടുത്തു ബാത്‌റൂമിലേക്ക് പോയി

അപ്പോൾ അടുക്കളയിൽ

“അതാരാ മമ്മി?”

“അറിയില്ല മോളെ അച്ചായൻ കൊണ്ട് വന്നതല്ലേ നമ്മളെ പോലെ ആരുമില്ലാത്ത ഒരു കുഞ്ഞ് അത്ര തന്നെ”

“എന്തൊരു നിറമാ, ആപ്പിൾ പോലെ ഉണ്ട്. ചുവന്നു ചുവന്നു ഇരിക്കുവാ മുഖം..സിനിമനടിയെ പോലെ..”

ലിസി ചിരിച്ചു

“ഏതോ നല്ല വീട്ടിൽ ജനിച്ചതാവും. ആരുമില്ലാതെ ആയി കാണും..പിന്നെ ചോദിച്ചു നോക്കാം “

റീനുവിന് അവളെ ഇഷ്ടപ്പെട്ടു. കാണാൻ നല്ല ചന്തം. തന്റെ പ്രായമാണെന്ന് തോന്നുന്നു. എന്തായാലും ഇവരുടെ ബന്ധു ഒന്നുമല്ല. ശ്രീപാർവതി എന്നല്ലേ പേര്. ഹിന്ദു ആണ്. എങ്ങനെ ആവും ഇതിനെ ഇവർക്ക് പരിചയം

ലിസിയും മോളും അടുക്കളയോട് ചേർന്നുള്ള ഒരു ചെറിയ കെട്ടിടത്തിൽ ആണ് താമസം. വൈകുന്നേരം അടുക്കള അടച്ചു കഴിഞ്ഞാൽ പിന്നെ അവർ അങ്ങോട്ട് പോകും. റീനുവിന് പഠിക്കാൻ ഉണ്ടാവും. ലിസ്സി ഡിഗ്രി വരെ പഠിച്ചതാണ്. ഭർത്താവ് നെൽസൺ മരിച്ചതു രണ്ടു വർഷം മുന്നേ ആയിരുന്നു

അത് കഴിഞ്ഞു ഒന്ന് രണ്ടു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി നോക്കി. എങ്കിലും മോളെ പകൽ ഒറ്റയ്ക്ക് ഇട്ടേച്ച് പോകുന്നത് സേഫ് ആയി തോന്നിയില്ല

ഈ കാലമാണ്. ചുറ്റും കഴുകന്മാർ കണ്ണും തുറന്നു ഇരിപ്പാണ്. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഇവിടെ അടുക്കളയിൽ ഉണ്ടായിരുന്ന ലളിത ചേച്ചി പണി നിർത്തി പോകുന്നു എന്ന് കേട്ടത്. വന്നു അച്ചായനെ കണ്ടു സങ്കടം പറഞ്ഞപ്പോഴേ നിന്നോളാൻ പറഞ്ഞു

കല്യാണം കഴിഞ്ഞു പോകുന്ന വരെ ഇവിടുത്തെ ചോറാണ് താൻ കഴിച്ചിട്ടുള്ളത്. ഈ മുറ്റത്താണ് വളർന്നത്. ദൈവം പോലൊരു മനുഷ്യൻ ആണ് ഡേവിഡ് അച്ചായൻ. എത്ര പേർക്ക് ആണ് സഹായം ചെയ്യുന്നത്!ഈ മോൾക്കും എന്തോ ഒരു ദുഃഖം കാണും. അത് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്

ഡേവിഡ് നോക്കിയിരിക്കുമ്പോൾ പടികൾ ഇറങ്ങി വരുന്നു ഒരു കുഞ്ഞു മാലാഖ. അയാളുടെ ഉള്ളിൽ വാത്സല്യം നിറഞ്ഞു. ക്ഷീണം ഉണ്ട് മുഖത്ത് എന്നാലും പ്രസന്നതയുണ്ട്

അയാളെ കണ്ട് അവൾ ചിരിച്ചു “മോള് ഉറങ്ങിയോ നല്ലോണം?”

“ഉം “

“കഴിക്കാം “

അവൾ തലയാട്ടി. എബിയും വന്നു

അവർ ഒന്നിച്ചു കഴിക്കാൻ ഇരുന്നു

“മോള് ഇറച്ചിയും മീനുമൊക്കെ കഴിക്കുമോ?”

“മീൻ കഴിക്കും “

“ഇറച്ചി?”

“ഇത് വരെ കഴിച്ചിട്ടില്ല. ഇനി വേണേൽ കഴിക്കാം “

എബി പെട്ടെന്ന് അവളെ നോക്കി

കുറുമ്പത്തി. അങ്ങനെയാണ് അവന് പെട്ടെന്ന് തോന്നിയത്. ആ വാചകത്തിൽ അവൾ ഒരു നർമം ഒളിപ്പിച്ചിരുന്നു

ഡേവിഡ് ഉറക്കെ ചിരിച്ചു

“കഴിച്ചോ കഴിച്ചോ..ലിസി നല്ല പാചകക്കാരിയാ. മോൾക്ക് ഇഷ്ടം ഉള്ളത് പറഞ്ഞാൽ മതി ഉണ്ടാക്കി തരും. ബീ- ഫ് കട്ലറ്റ് ഉണ്ടാക്കിക്കാം ഇന്നന്നേ “

“പപ്പക്ക് കൊളെസ്ട്രോൾ 300കടന്നു..ഓർമ്മ വേണം “

എബി ഗൗരവത്തിൽ പറഞ്ഞു

“ഉയ്യോ കൊളെസ്ട്രോൾ ഉണ്ടോ? എന്നാ വേണ്ട “

“ശെടാ കൊളെസ്ട്രോൾ എനിക്കല്ലേ, ശ്രീകുട്ടിക്ക് അല്ലല്ലോ “

“എന്റെ പേര് ശ്രീപാർവതി എന്നാ. എല്ലാരും പാറുന്നാ വിളിക്കുക.”

അവൾ ഒന്ന് തിരുത്തുന്ന പോലെ പറഞ്ഞു

“ശ്രീകുട്ടി നല്ല പേരല്ലേ. ശ്രീ എന്ന് വെച്ചാൽ ഐശ്വര്യം. പാറു നല്ല പേരാ.പക്ഷെ എല്ലാവരും വിളിക്കുന്ന പേരല്ലേ. ഞാൻ ശ്രീകുട്ടീന്ന് വിളിക്കാം “

“പപ്പയ്ക്ക് ഇഷ്ടം ഉള്ളത് വിളിച്ചോ “

ഓരോ തവണ പപ്പാ എന്ന് വിളിക്കുബോഴും ആനന്ദം കൊണ്ട് ഡെവിഡിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അപ്പവും മുട്ടക്കറിയുമായിരുന്നു പ്രഭാത ഭക്ഷണം

“പപ്പയ്ക്ക് ഈ ചേട്ടൻ മാത്രേ ഉള്ളോ മക്കൾ ആയിട്ട്?”

പൊടുന്നനെ അവൾ അത് ചോദിച്ചപ്പോ ഡേവിഡ് ചിരിച്ചു

“എന്റെ മോളെ ഈ ഒന്ന് മതി. പത്തു മക്കൾ ഉള്ളതിന് തുല്യമാ”

അവളുടെ കണ്ണ് മിഴിഞ്ഞു

“ഭീ-കരനാണോ?”

“പിന്നേ ഡബിൾ ഭീ-കരൻ “

“ആ ഇനിയെന്റെ നെഞ്ചത്തോട്ട് കേറിക്കോ. ഇപ്പോൾ കൂട്ടായല്ലോ “

അവൻ എഴുന്നേറ്റു കൈ കഴുകി

“ഒരെണ്ണം കൂടി തിന്നേച്ചും പോടാ “

“വേണ്ടായേ നിറഞ്ഞു “

അവൻ കാറിന്റെ കീ എടുത്തു

“ടീവി ഇടക്ക് ഒന്ന് വെച്ചു നോക്കണം. ഇവളെ പുറത്ത് വിടണ്ട. വീട്ടിൽ തന്നെ ഇരുന്ന മതി. ഞാൻ ഒന്ന് അന്വേഷിച്ചു നോക്കിട്ട് കാര്യങ്ങൾ വിളിച്ചു പറയാം. പിന്നെ നിന്നോടാ ആരോടും ഒന്നും പറയാൻ പോകണ്ട. നമ്മൾ മൂന്ന് പേര് എല്ലാം അറിഞ്ഞ മതി. ആരെങ്കിലും ചോദിച്ച അപ്പനും അമ്മയും മരിച്ചു പോയി. ഞാൻ കൂട്ടിക്കൊണ്ട് വന്നു. “

“ചേട്ടൻ എന്തിനാ കൂട്ടിക്കൊണ്ട് വന്നെന്ന് ചോദിക്കുകേലെ?”

അത്..അവൻ തല ചൊറിഞ്ഞു

“എന്റെ ഓഫീസിൽ ജോലി ചെയ്ത ഒരാളുടെ മോൾ ആണെന്ന് പറഞ്ഞ മതി”

“എന്തിനാ കള്ളം പറയുന്നേ.. ടീവി യിൽ വല്ലോം വന്നാലോ, ഞാൻ കള്ളിയാവുകേലെ “

“അത് ശരിയാ എബി. ലിസി അറിഞ്ഞോട്ടെ.. കുഴപ്പമില്ല.. ബാക്കി ഉള്ളവരോട് പറയാം..”

“എല്ലാം പറയണ്ട. ഓരോരുത്തരും അത് ശരിയായിട്ട് എടുക്കില്ല. നീ അച്ഛൻ കുടിയനായത് കൊണ്ട് ചാടി പോന്നതാ എന്ന് പറഞ്ഞോ “

“അത് കൊള്ളാം “

“അതിപ്പോ ചേട്ടന്റെ കൂടെ വന്നതെന്തിനാണ് എന്ന് ചോദിക്കില്ലേ?”

“ഇവനെ പ്രേമിച്ചു ചാടി പോണതാണെന്ന് പറഞ്ഞോ..അല്ലേടാ “

അവൻ ഫ്ലവർ വെസ് എടുത്തു അപ്പനെ ഓങ്ങി

“എടാ വിശ്വസിക്കാൻ പറ്റിയ ഒരു നുണ പറയണ്ടേ..മോള് കണ്ടോ അവൻ എന്നെ എറിയാൻ പോയത് കണ്ടോ. ഞാൻ എന്റെ സ്വന്തം റിസ്കിൽ ജീവിക്കുവാ..”

പാർവതി വാ പൊത്തി ചിരിച്ചു

“വെറുതെ പറയണത് അല്ലേ..എന്തായാലും ആറു മാസം കഴിഞ്ഞു മോള് മോളുടെ ചേട്ടന്റെ കൂടെ പോകും. പിന്നെ ആരും ഇതൊന്നും ഓർക്കുകേല. നമുക്ക് ഇനി പോലീസ് വന്നാലും ആ പോയിന്റിൽ പിടിക്കാം “

“പപ്പാ പൊട്ടനാണോ,vഈ പെണ്ണിന് പ്രായപൂർത്തി ആയിട്ടില്ല ഞാൻ ജയിലിൽ കിടക്കും. പോക്സോ നിയമം..ഒരു പുത്തിമാൻ “

“എനിക്കു പതിനേട്ട് ആയി..”

അവൾ പെട്ടെന്ന് പറഞ്ഞു

“അതെങ്ങനെ?”

“അമ്മ മരിച്ചപ്പോ ഞങ്ങൾ തിരുവനന്തപുരത്ത് ആയിരുന്നു. പത്താം ക്ലാസ്സ്‌ പരീക്ഷ ഞാൻ എഴുതിയില്ല. പിന്നെ അച്ഛൻ ട്രാൻസ്ഫർ മേടിച്ച് ഇങ്ങോട്ട് വന്നു ഇവിടെ പത്തിൽ ചേർത്ത് ഒന്നെന്നു പഠിപ്പിച്ചു.. അങ്ങനെ ഒരു വർഷം കൂടി..”

“അപ്പൊ പോക്സോ കേസ്‌ ഇല്ല ” ഡേവിഡ് ചിരിച്ചു

“എനിക്ക് അപ്പൊ പെണ്ണ് കേട്ടണ്ടേ..? ഇവള് അങ്ങ് പോകും. ഞാൻ എന്നാ ചെയ്യും “

എബി പറഞ്ഞത് കെട്ട് ചിരിച്ചു ചിരിച്ചു ഡെവിഡിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു

“അപ്പോൾ നീ കല്യാണം കഴിക്കുന്നുണ്ട്?”

“പിന്നെ ഇല്ലാതെ.. ഉടനെ അല്ലെങ്കിലും കെട്ടും..ഈ ഐഡിയ ഒന്നും നടക്കുല.. പപ്പാ വേറെ വല്ലോം ആലോചിക്ക്.. എടി ഇങ്ങേർ പറയുന്നത് കേട്ട് അമ്മാതിരി തോന്ന്യാസം വല്ലോം പറഞ്ഞാൽ അടിച്ചു ഞാൻ ചെകിട് പൊളിക്കും. നോക്കിക്കോ.”

അവൻ നടന്നു പോയി

“പേടിക്കണ്ട ചുമ്മാ ഷോയാ “

“ആണല്ലേ ഞാൻ വിശ്വസിച്ചു പോയി. ഹൂ പേടിച്ചു “

“സാരമില്ല ട്ടാ.മോള് ഇവിടെ ഇരുന്ന് ടീവി കണ്ടോ..പപ്പക്ക് കുറച്ചു ജോലി ഉണ്ട്. ഉച്ചക്ക് വരാം. ഒന്നിച്ചു കഴിക്കാം. വായിക്കാൻ പുസ്തകം വേണേൽ എബിയുടെ മുറിയിൽ ഉണ്ട്. എടുത്തു വായിച്ചോ. പിന്നെ ഇവിടെ ഉള്ളവരോട് പറയുമ്പോൾ എബിച്ചായൻ അങ്ങനെ അവനെ സംബോധന ചെയ്ത മതി. ചേട്ടൻ എന്ന് വിളിച്ചാ അത് മതി സംശയം. കേട്ടോ “

അവൾ തലയാട്ടി

“അപ്പൊ ഒളിച്ചോട്ടം fixed?”

അയാൾ ചിരിച്ചു പോയി

“അത് തമാശ പറഞ്ഞതല്ലേ..ആരെങ്കിലും കുത്തി ചോദിച്ചു വരുവാണെങ്കിൽ അല്ല ലിസിയോ മറ്റൊ. അവരോട് അവൻ പറഞ്ഞത് പോലെ പറഞ്ഞാൽ മതി
ഇല്ലെങ്കിൽ മനുഷ്യൻമാരല്ലേ.. നമുക്ക്.അറിഞ്ഞൂടാല്ലോ.”

ടീവി വെച്ചു കൊടുത്തിട്ടാണ് ഡേവിഡ് പോയത്. അവൾ കുറെ നേരം ടീവി കണ്ടിരുന്നു

ജീവിതം മാറിയിരിക്കുന്നു. വലിയ ഒരു വീട്ടിൽ, ആരുടെയെക്കെയോ ഒപ്പം. എത്ര പെട്ടെന്ന്

തുടരും…

Leave a Reply

Your email address will not be published. Required fields are marked *