പാറുവിൽ നിന്ന്, പാറുക്കുട്ടിയിൽ നിന്ന് ശ്രീക്കുട്ടിയിലേക്ക് മാറിയപ്പോൾ ഒരു പരിധി വരെ വേദനിപ്പിക്കുന്ന ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ വിട്ടു മാറിപ്പോയി. എബി ആ വീട്ടിൽ അല്ല താമസം. ഡേവിഡ് മാത്രേ ഉള്ളു
പക്ഷെ നല്ല തിരക്കുള്ള ആളാണ് ഡേവിഡ്. പള്ളിക്കാര്യങ്ങൾക്കായിട്ടും ജോലി കാര്യങ്ങൾക്കായിട്ടും ധാരാളം പേര് ദിവസവും കാണാൻ വരും. അല്ലാതെ ഓഫീസിൽ പോകുന്നതും കാണാം
ടീവി കണ്ടു മടുത്തു. അവൾ അടുക്കളയിൽ ചെന്നു. അവിടെ ലിസ്സിയും റീനുവും ഉണ്ട്
റീനു അവളെ കണ്ടു ചിരിച്ചു. പരിചയപ്പെടാൻ ഇത് വരെ അവസരം കിട്ടിയില്ല
“എന്താ പേര്?”
ശ്രീക്കുട്ടി ചോദിച്ചു
“റീനു “
“പഠിക്കുവാണോ”
“പ്ലസ് ടൂ വിന്റെ എക്സാം എഴുതി നിൽക്കുവാ “
“ആണോ?.ഞാനും…
റീനുവിന്റെ മുഖം വിടർന്നു
“ഏതായിരുന്നു?”
“ബയോ മാത്‍സ് “
“ഞാനും “
“സ്റ്റേറ്റ് സില്ലബസ് ആയിരുന്നോ?”
“അതെ,
റീനു അവൾക്ക് അരികിൽ വന്നു
സമപ്രായക്കാർ. അവർക്ക് പറയാൻ ഒരു പാട് വിഷയങ്ങൾ
“മോളുടെ വീട് എവിടെയാ?”
ലിസി ചോദിച്ചു. അവൾ ഒന്ന് പതറി. എബി കർശനമായി വിലക്കിയത് ഓർത്തു
“കുറച്ചു ദൂരെയാ”
“വീട്ടിൽ ആരൊക്ക ഉണ്ട്?”
“ആരുമില്ല” അവൾ മെല്ലെ പറഞ്ഞു
“അങ്ങനെയണോ എബിച്ചായനും വല്യ ചാച്ചനും കൂടി കൊണ്ട് വന്നത്?”
റീനു ചോദിച്ചു
“ഉം “
അവളുടെ മുഖം കണ്ട് കൂടുതൽ ഒന്നും ചോദിക്കണ്ടാന്ന് റീനു അമ്മയെ കണ്ണ് കാണിച്ചു. അവൾക്ക് എന്തോ വലിയ സങ്കടം ഉണ്ട്. അത് പറയാൻ അവൾ തയ്യാറുമല്ല. അവർക്ക് അത് മനസിലായി. അത് കൊണ്ട് തന്നെ അവർ ആ വിഷയം വിട്ടു
ഇങ്ങനെ ഒരു കുട്ടി അവിടെ ഉണ്ടെന്ന് പുറത്ത് ആരോടും പറയരുത് എന്ന് കർശന നിർദേശം ഉണ്ടായിരുന്നു. വീടിന്റെ പുറത്ത് ഇറങ്ങരുത് എന്ന് എബി പറഞ്ഞെങ്കിലും ഡേവിഡ് അവളോട് മുറ്റത്തും പറമ്പിലുമൊക്ക നടന്നോളാൻ പറഞ്ഞു
എബി വരുമ്പോൾ അവൾ മുറ്റത്തെ മാവിന്റെ ചുവട്ടിൽ നിന്ന് മാങ്ങ എത്തി പറിച് കൊണ്ട് നിൽക്കുകയാണ്
“നിന്നോടാരാ ഇവിടെ വന്നു നിൽക്കാൻ പറഞ്ഞത്?”
എബി പിന്നിൽ വന്നപ്പോഴേ അവൾ കണ്ടുള്ളു
“ഇവിടെ നിന്നാൽ എന്നാ “
“തർക്കുത്തരം പറയുന്നോടി.. റോഡിൽ കൂടി പോകുന്നവരു കാണുകേലെ?”
“അതിനു കുഴപ്പം ഉണ്ടോ?”
“പിന്നല്ലേ. നിന്റെ അച്ഛന്റെ രഹസ്യപോലീസ് എല്ലായിടത്തും കാണും
അങ്ങേര് ഒരു വരവ് വരും. നിന്നോട് ഞാൻ പറഞ്ഞത് അല്ലേ പുറത്ത് ഇറങ്ങരുതന്ന് “
“പപ്പാ പറഞ്ഞു ഇവിടെയൊക്കെ നടന്നോളാൻ “
“അങ്ങേർക്ക് പറയാം. പോലീസ് വന്നാൽ എനിക്കാണല്ലോ കേട്?”
അവളുട കണ്ണ് നിറഞ്ഞു. മാങ്ങാ നിലത്തിട്ട് മുഖം താഴ്ത്തി സങ്കടത്തോടെ അവൾ അകത്തേക്ക് പോരുന്നു
താൻ മുഖാന്തിരം ഇവർക്ക് കൂടെ കുഴപ്പംഉണ്ടാകും. നല്ല മനുഷ്യരാണ്. നാട്ടുകാർക്ക് ഇടയിൽ നല്ല ബഹുമാനം ഉള്ള കുടുംബം. തന്റെ അച്ഛനെ പോലെയല്ല ഇവിടെ ഉള്ളവർ. മ- ദ്യപിക്കില്ല. പുകവലിയുമില്ല. സ്നേഹം ഉള്ളവർ
അവൾ പോകുന്ന കണ്ടപ്പോൾ അവനു ഒരു വല്ലായ്മ വന്നു
“ഇന്നാ ഇത് അവിടെ ഇട്ടേച്ച് പോന്നതെന്തിനാ കഴിച്ചോ “
അവൻ കൊണ്ട് കൊടുത്ത മാമ്പഴം അവൾ വാങ്ങി
“നിന്റെ ആങ്ങളയുടെ നമ്പർ തന്നാൽ ഞാൻ വിളിച്ചു വിവരം പറയാം “
അവളുടെ മിഴികൾ വിടർന്നു
“എനിക്ക് പുതിയ നമ്പർ കാണാതെ അറിഞ്ഞൂടാ. ചേട്ടൻ കാനഡയിൽ പോയപ്പോൾ പുതിയ നമ്പർ എടുത്തു. അത് കാണാതെ അറിയില്ല “
“പിന്നെ എന്തോ ചെയ്യും?”
“പഴയ നമ്പർ കയ്യിൽ ഉണ്ടാവു. ഞാനത് പറഞ്ഞു തരാം “
അവൾ പറഞ്ഞു കൊടുത്ത നമ്പർ അവൻ സേവ് ചെയ്തു വെച്ചു
“നിന്റെ ചേട്ടൻ എങ്ങനെയാ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുമോ.?”
“ഉം “
“ഇത് വല്ലതും അറിയാമോ?”
“ഇല്ല “
“നിനക്ക് പറഞ്ഞൂടാരുന്നോ?”
“ഫോൺ അച്ഛന്റെ കയ്യില. ആരെങ്കിലും വിളിച്ച നോക്കിയിട്ട് തരും. അടുത്ത് നിൽക്കും..ആരോടും ഒന്നും പറയാൻ പറ്റില്ല “
“സ്കൂളിൽ ടീച്ചർമാരോടൊ കൂട്ടുകാരോടോ ആരോടെങ്കിലും പറഞ്ഞുകൂടായിരുന്നോ?”
“എന്റെ ക്ലാസ്സ് ടീച്ചർനോട് പറഞ്ഞു. ടീച്ചർ അത് സംസാരിക്കാൻ വന്നു. അച്ഛൻ ടീച്ചർനെ ഭീഷണിപ്പെടുത്തി. പിന്നെ ട്രാൻസ്ഫർ ആക്കി.. അതോടെ പോയി “
“കൂട്ടുകാർക്കും അറിഞ്ഞൂടെ?”
“ദിയയോട് പറഞ്ഞു.. അവൾ പാവാ
കുറെ കരഞ്ഞു.. അല്ലാതെന്ത് ചെയ്യാനാ..”
അവന് ഉള്ളിൽ കരച്ചിൽ ആർത്തു വരുന്നുണ്ടായിരുന്നു
“എന്നേ കൊണ്ട് നിങ്ങൾക്ക് കുഴപ്പം ഉണ്ടാകുമോ?”
“പിന്നെ ഉണ്ടാകാതെ?”
“അപ്പൊ എന്തോ ചെയ്യും”
“നിന്നെ റോഡിലോട്ട് പിടിച്ചു ഇറക്കി വിടും. നടന്നോളാൻ പറയും “
“അങ്ങനെ ചെയ്യോ?”
“പിന്നെ ഞാൻ ചെയ്യും “
അവൻ ഗൗരവം ഭാവിച്ചു
“ഞാൻ പോയി വല്ല ട്രെയിനിന്നും തല വെയ്ക്കും. കാറിന്റെ മുന്നിൽ ചാടുന്ന പോലല്ലല്ലോ. അത്. മരിക്കും ഉറപ്പാ. അപ്പോൾ ആർക്കും ഒരു കുഴപ്പോം വരില്ല “
“നീ വെറുതെ ഇരുന്നേ.. ഞാൻ ചുമ്മാ പറഞ്ഞതാ.. ഇവിടെ നിന്ന് നിന്നെ ആരും കൊണ്ട് പോവില്ല. സമാധാനം ആയി ഇരുന്നോ. നിന്റെ ആങ്ങള വരട്ടെ. അപ്പൊ. പിന്നെ. രാജ്യം വിടാം “
അവൾ വിശ്വാസം വരാത്ത പോലെ നോക്കി
“നീ എന്റെ മുറിയിൽ നിന്ന് ബുക്ക് വല്ലതും എടുത്തു വായിച്ചിരിക്ക്..അങ്ങനെ ഒരു പാട് പുറത്ത് ഇറങ്ങേണ്ട. ഇത് ഒന്ന് ശരിയാകട്ടേ “
“ആറു മാസം ഞാൻ ഇങ്ങനെ തന്നെ വേണോ?”
“പിന്നെ എന്താ ചെയ്ക?”
അവൾക്കും അറിയില്ല എന്താ ചെയ്ക എന്ന്..
“വിശ്വസിക്കാൻ കൊള്ളാവുന്ന ബന്ധുക്കൾ വല്ലവരും ഉണ്ടോ?”
“അവിടെയൊക്കേ ഇപ്പോൾ അന്വേഷണം ചെന്ന് കാണും..?”
“എന്താ ചർച്ച?”
ഡേവിഡ് അങ്ങോട്ട് വന്നു
“പപ്പാ ഇവളോട് എന്തിനാ മുറ്റത്ത് ഇറങ്ങാൻ പറഞ്ഞത്.. ആരെങ്കിലും കണ്ടാലോ..”
“കാണട്ടെ.. പോലീസ് വരട്ടെ. എത്ര നാള് ഒളിക്കും? പോലീസ് വരുന്നു. എന്നിരിക്കട്ടെ മോളെന്തു പറയും “
“അയാള് ചെയ്തതെല്ലാം പറയും “
“അപ്പോൾ അച്ഛന്റെ കൂടെ വിടില്ല. പകരം ഗവണ്മെന്റ്ന്റെ വനിതാക്ഷേമ വകുപ്പിന്റെ കീഴിൽ ഉള്ള ഏതെങ്കിലും സ്ഥാപനത്തിൽ വിടും. പതിനെട്ടു വയസ്സ് ആയത് കൊണ്ട് ഇഷ്ടം ഉള്ള ഇടത്ത് ജീവിക്കാം. അങ്ങനെ വിടാം. ഇനിയൊരു ഡാർക്ക് സൈഡ് ഉണ്ട്. നീ പറയുന്നത് മുഴുവൻ നുണ ആണെന്ന് നിന്റെ അച്ഛന് സ്ഥാപിക്കാൻ പറ്റും.. പോലീസ് അല്ലേ?”
അവളുടെ മുഖം ഭയത്തിൽ നിറഞ്ഞു
“എന്താ ചെയ്ക ഞാൻ?”
“മോളുടെ ഏട്ടൻ വന്നു കൊണ്ട് പോകുമോ.?”
“ഏട്ടന്റെ കോഴ്സ് തീരാൻ സത്യത്തിൽ ഇനിയും രണ്ടു വർഷം ഉണ്ട്. അവധിക്ക് വരും ആറു മാസം കഴിഞ്ഞ്.. അപ്പൊ എന്നെ കൊണ്ട് പോകും “
“ഇത് അയാൾ വിശ്വസിക്കുമോ?”
അവൾ തളർന്നു
“അറിയില്ല..”
“നീ ഒന്ന് വിളിക്ക്. അറിയണമല്ലോ.”
അവൻ ഫോൺ കൈയിൽ എടുത്തു. വൈശാഖ്ന്റെ നമ്പർ ഡയൽ ചെയ്തു
റിങ് ചെയ്യുന്നുണ്ട്. ഒടുവിൽ കാൾ എടുത്തു
“ഹലോ.’
മുഴങ്ങുന്ന ശബ്ദം
തുടരും…