“വൈശാഖ് അല്ലേ?”
“അതെ ആരാണ്?”
“എന്റെ പേര് എബി..എന്റെ കൂടെ ഇപ്പോൾ നിങ്ങളുടെ അനിയത്തി ഉണ്ട്. ശ്രീപാർവതി. ഞാൻ അവൾക്ക് കൊടുക്കാം “
ഒറ്റ നിമിഷം കൊണ്ട് വൈശാഖ് കോപം കൊണ്ട് ജ്വലിച്ചു. അച്ഛൻ പറഞ്ഞത് ഒന്നും അന്നേരം അവൻ വിശ്വസിച്ചില്ല
ഈശ്വര.. ഇവൾ..ഇവൾ..
പാവം അച്ഛൻ. അവളെ തിരഞ്ഞു നടക്കുകയാണ്
“ഹലോ ഏട്ടാ “
അവളുടെ സ്വരം. അവൻ സ്വയം നിയന്ത്രിച്ചു. ഇപ്പോൾ ബഹളം ഉണ്ടാക്കിയാൽ ഇവർ രക്ഷപെട്ടു പോകും. വേണ്ട. അവൻ ശാന്തമായി
“മോളെ..ഞാൻ നിന്നെ വിളിച്ചു. കിട്ടിയില്ല. അച്ഛൻ പറഞ്ഞു നീ മിസ്സിംഗ് ആണെന്ന് “
“അച്ഛൻ നമ്മൾ ഉദേശിക്കുന്ന പോലെ ഒരാളല്ല ഏട്ടാ. ഒരു അച്ഛനെ പോലെ അല്ല എന്നോട് പെരുമാറിയത്.. എന്നോട് മോശമായി പെരുമാറി. കുറച്ചു നാളുകൾ ആയി ഇങ്ങനെ..ഒടുവിൽ മരിക്കാൻ തീരുമാനിച്ചു ഞാൻ ഈ ചേട്ടന്റെ കാറിന്റെ മുന്നിൽ ചാടി. ഇവരാണ് രക്ഷിച്ചത്. ഇപ്പോൾ ഞാൻ ഈ വീട്ടിലാ. ഏട്ടൻ എന്നാ വരിക? “
വൈശാഖ് അച്ഛൻ പറഞ്ഞത് ഓർത്തു. അവൾ അച്ഛനെ കുറിച്ച് ഏറ്റവും മോശമായി പറഞ്ഞു മോനെ എന്ന് പറഞ്ഞു കരഞ്ഞത്. അവളി പറയുന്നത് മുഴുവൻ നുണയാണെന്ന് അവന് തോന്നി. അച്ഛനെ അറിയിക്കണം. അച്ഛൻ ആധി പിടിച്ചു ഓടി നടക്കുകയാണ്. അവളുടെ ഒരു കള്ളക്കഥ
“ഏട്ടൻ ഉടനെ വരും..”
“തിരിച്ചു പോകുമ്പോ എന്നെ കൂടി കൊണ്ട് പോകുമോ?”
“ഏട്ടൻ പഠിക്കുകയല്ലേ മോളെ..ഇപ്പോൾ കാശ് ഒന്നുമില്ലല്ലോ. ജോലി കിട്ടിയിട്ട് കൊണ്ട് പോകാം. മോള്. ഒരു കാര്യം ചെയ്യ്. അച്ഛൻ അല്ലേ എന്തായാലും. ഒക്കെ മോളുടെ തോന്നലാ. അച്ഛൻ അങ്ങനെ ഒന്നും മോളോട് പെരുമാറില്ല. മോള് തിരിച്ചു പോ. നമ്മുടെ അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല. മോള് ഈ ആവശ്യമില്ലാത്ത വാർത്തകൾ ഒക്കെ വായിക്കുന്നത് കൊണ്ട് തോന്നുന്നതാ ‘
ശ്രീപാർവതി ഞെട്ടലോടെ ഡേവിഡിന്റെയും എബിയുടെയും മുഖത്ത് നോക്കി. ഫോൺ സ്പീക്കറിലായത് കൊണ്ട് പറയുന്നത് അവർ കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു
“പാറുക്കുട്ടി?” അവൻ വിളിച്ചു
“എന്തോ “
“മോൾക്ക് പഠിക്കണ്ടേ. എഞ്ചിനീയർ ആവണമെന്നല്ലേ ആഗ്രഹം.. അച്ഛൻ അല്ലേയുള്ളു നമുക്ക് വേണ്ടി പണം മുടക്കാൻ. എനിക്ക് വേണ്ടി മുപ്പത് ലക്ഷം ആയി. പകുതി ലോൺ ആണ്. അച്ഛൻ അല്ലേ അതൊക്ക നോക്കുന്നത്? അച്ഛൻ മോൾക്ക് വേണ്ടിയും കരുതി വെച്ചിട്ടുണ്ട് മോള് തിരിച്ചു വീട്ടിൽ പോ. ഇവരെയൊന്നും വിശ്വസിക്കരുത്.. മോള് ഇങ്ങനെ അന്യ വീട്ടിൽ നിൽക്കണ്ട “
അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് എബി കണ്ടു. എബി പെട്ടെന്ന് ഫോൺ മേടിച്ചു കട്ട് ചെയ്തു
“ബെസ്റ്റ് ചേട്ടൻ “
പാർവതി പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി. ഡേവിഡ് അവനെ നോക്കി മിണ്ടാതിരിക്കാൻ കണ്ണ് കാണിച്ചു
“എന്റെ പപ്പാ ഇതിനൊരു സൊല്യൂഷൻ വേണ്ടേ. അവൻ സഹായിക്കില്ല. അച്ഛനെ പിണക്കി ഒന്നും ചെയ്യില്ല. ഇതൊന്നും അവൻ വിശ്വസിച്ചിട്ടില്ല അല്ലെങ്കിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. ഇവൻ ഇവളെ കൊണ്ട് പോകുകയുമില്ല. ജീവിതകാലം മുഴുവൻ നമുക്ക് നോക്കാൻ പറ്റുമോ പപ്പാ ഇവളെ?”
അവൻ ചോദിച്ചു പോയി
“എബി നീ പോയെ..നിന്റെ മുറിയിൽ പോ..ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ട് എന്തെങ്കിലും വഴി കണ്ട് പിടിക്കാം. എന്റെ മോള് കരയാതെ..ദേ രാത്രി ആയി വന്നു കഴിച്ചിട്ട് കിടന്നു ഉറങ്ങിക്കെ “
“എനിക്കൊന്നും വേണ്ട…”
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. മുന്നോട്ട് പോകാൻ ഉള്ള വഴികൾ എല്ലാം അടഞ്ഞു. തത്കാലം അവളെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലത് എന്ന് അയാൾക്ക് തോന്നി. അയാൾ താഴേക്ക് പോരുന്നു
എബിക്ക് തല പെരുത്തു. എന്തൊരു മനുഷ്യരാണ്. സ്വാർത്ഥത തിങ്ങിയ മനുഷ്യർ
സ്വന്തം പെങ്ങള് വിളിച്ചു ഒരു സങ്കടം പറഞ്ഞപ്പോ ചുമ്മാതെയാണെന്ന്. അവൾ പറഞ്ഞതിനെ കുറിച്ച് അല്ല ചിന്തിക്കുന്നത്. എത്ര ഗുരുതരമായ ഒരു ആരോപണം ആണ് അവൾ ഉന്നയിച്ചത്
എന്നിട്ട്…
അവൻ മുറിയിൽ പോയി കിടന്നു. ആരും കഴിച്ചില്ല. ആർക്കും വിശന്നില്ല. അത് വരെ ആരുമല്ലാതിരുന്ന ഒരു പെൺകുട്ടി അവരുടെ ആരൊക്കെയോ ആയി മാറി. ആ വേദനകൾ അവരുടേതുമായി
രാത്രി വളർന്നു കൊണ്ടിരുന്നു…
പാർവതി ഉറങ്ങിയില്ല. മുന്നോടുള്ള ജീവിതം ഇനി എന്ത് എന്നുള്ള ചോദ്യചിഹ്നം അവളുടെ മുന്നിൽ തെളിഞ്ഞു നിന്നു. ഈ അച്ഛന്റെയും മകന്റെയും നല്ല മനസിനെ ചൂഷണം ചെയ്തു കൊണ്ട് ഇനി അവിടെ ജീവിക്കാൻ അവൾ തയ്യാറായിരുന്നില്ല
അവരുടെ ജീവിതത്തിൽ ഒരു കറുത്ത പാടായി അവരെ കളങ്കപ്പെടുത്താനും അവൾ ആഗ്രഹിച്ചില്ല. അവൾ എഴുന്നേറ്റു
ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ഇവിടെ എവിടെയോ അടുത്താണ്. കുറച്ചു ദൂരെ റെയിൽവേ പാളം ഉണ്ട്. ട്രെയിൻ പോകുന്ന ശബ്ദം കേട്ടിട്ടുണ്ട്
അവൾ ഒരു കടലാസ് എടുത്തു
ബഹുമാനപ്പെട്ട പോലീസ് കമ്മീഷണർക്ക്…
എന്റെ പേര് ശ്രീപാർവതി നികുഞ്ചത്തിൽ വീട്ടിൽ ജയരാജന്റെയും അനിലയുടെയും മകളാണ്. എന്റെ അച്ഛൻ ജയരാജൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അത് കൊണ്ട് തന്നെ എനിക്കി കാര്യത്തിൽ എത്ര നീതി കിട്ടുമെന്ന് അറിയില്ല
എന്റെ അച്ഛൻ എന്നെ ബ- ലാ- ത്സംഗം ചെയ്യാൻ പലതവണ ശ്രമിച്ചു. എന്നെ ഒത്തിരി ഉപദ്രവിച്ചു. ഒടുവിൽ രക്ഷപെട്ടു ഓടിയ എനിക്ക് അഭയം തന്ന നല്ലവരായ മനുഷ്യർ ആണ് കുരിശുങ്കൽ ഡേവിഡും മകൻ എബിയും പക്ഷെ എത്ര കാലം അവരെന്നെ നോക്കും?
എനിക്കി ജീവിതം മതിയായി. ഞാൻ ഈ ഭൂമിയിൽ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഈ മരണത്തിനു എന്റെ അച്ഛൻ ജയരാജൻ മാത്രം ആണ് കാരണം
എന്ന് ശ്രീപാർവതി
ഒപ്പിട്ട് കടലാസ് കാണുന്ന പോലെ മടക്കി വെച്ചു അവൾ. പിന്നെ ഉറച്ച മനസ്സോടെ എഴുന്നേറ്റു. പടികൾ പതിയെ ഇറങ്ങി. വാതിൽ തുറന്നു. വേഗം ഗേറ്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി
തുടരും…..