Story written by Saji Thaiparambu
========================
സോറി മീരാ, ഞാനൊന്നുറങ്ങിപ്പോയി. നിനക്കെന്നെയൊന്ന് ഉറക്കെ വിളിക്കാമായിരുന്നില്ലേ? പാവാടയും മേൽമുണ്ടുമൊക്കെ ഒത്തിരിയങ്ങ് നനഞ്ഞ് കുതിർന്നല്ലോ?
കുറ്റബോധത്തോടെ അയാൾ വേഗം ഭാര്യയുടെ ഉടുതുണി അഴിച്ചിട്ട് വിസർജ്യം നിറഞ്ഞ നാപ്കിൻ മാറ്റി, അരയ്ക്ക് കീഴ്പോട്ട് നനച്ച് തുടച്ചു
ശേഷം ബാത്റൂമിൽ കയറി ഹീറ്റർ ഓണാക്കി ബക്കറ്റിൽ ചെറുചൂട് വെള്ളമെടുത്ത് വന്നിട്ട് ഒരിക്കൽ കൂടി ശരീരമാസകലം തുടച്ച് വൃത്തിയാക്കി, ഭാര്യയെ പുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ച് വീൽ ചെയറിലിരുത്തി
നീ കുറച്ച് നേരം പാട്ട് കേട്ടിരിക്ക് ഞാൻ അപ്പോഴേക്കും കാപ്പി ഇട്ടോണ്ട് വരാം
തൻ്റെ മൊബൈലിൽ അവൾക്കിഷ്ടപ്പെട്ട മെലഡിസോങ്ങ് പ്ളേ ചെയ്ത് മേശപ്പുറത്ത് വച്ചിട്ട് അലക്കാനുള്ള മുഷിഞ്ഞ തുണികളുമെടുത്ത് അയാൾ അടുക്കള ഭാഗത്തേയ്ക്ക് നടന്നു
എട്ട് മണിയോടെ ഭാര്യയെ പല്ല് തേപ്പിച്ച് കൊടുത്തിട്ട് കുടിക്കാനുള്ള കഞ്ഞി ഒരു പ്ളേറ്റിലാക്കി അയാൾ അവളുടെ അരികിൽ വന്നിരുന്നു
ചെറു ചൂടുള്ള കഞ്ഞി സ്പൂണ് കൊണ്ട് കോരി ഭാര്യയുടെ വായിലേയ്ക്ക് കുറേശ്ശേ ഒഴിച്ച് കൊടുക്കുന്നതിനൊപ്പം അയാളും കഞ്ഞി കുടിച്ചു
അപ്പോഴേക്കും അയാളുടെ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരൻ പുറത്ത് വന്നിട്ട് ബൈക്കിൻ്റെ ഹോൺ മുഴക്കി
ദാ വരുന്നു, ഒറ്റമിനുട്ട്…
അയാൾ വഴിയിലേയ്ക്ക് എത്തി നോക്കി പറഞ്ഞു,
വയറ് നിറഞ്ഞ ഭാര്യ, തനിക്ക് മതിയായെന്ന് പറഞ്ഞപ്പോൾ വറ്റുകൾ പറ്റിപ്പിടിച്ചിരുന്ന അവളുടെ ചുണ്ടുകൾ തോളിൽ കിടന്ന തോർത്ത് കൊണ്ട് തുടച്ചിട്ട്, കഴിച്ച് തീർന്ന എച്ചിൽ പാത്രവുമെടുത്ത് അയാൾ അടുക്കളയിലേയ്ക്ക് പോയി.
പെട്ടെന്ന് തന്നെ തിരികെ വന്ന് ഭാര്യയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ടയാൾ ജോലിക്ക് പോകാൻ റെഡിയായി
എന്നാൽ ശരി, ഞാൻ പോയിട്ട് ഉച്ചയാകുമ്പോൾ വരാം…
യാത്ര പറഞ്ഞ് ഭർത്താവ് കൂട്ടുകാരൻ്റെ ബൈക്കിൽ കയറി പോകുന്നത് കണ്ട് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു.
********************
ശിവാ, നമുക്ക് ടൗണിലെ ഒരു കടയിലൊന്ന് കയറിയിട്ട് പോകാം,,
വൈകുന്നേരം ജോലി കഴിഞ്ഞ് കൂലിയും വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അയാൾ കൂട്ടുകാരനോട് പറഞ്ഞു
അതെന്തിനാടാ ?
അതൊക്കെ പറയാം, നീ വണ്ടി വിട് ,,
അയാളുടെ നിർദ്ദേശപ്രകാരം ടൗണിലെ സ്പോർട്സ് ഐറ്റങ്ങൾ വില്ക്കുന്ന കടയുടെ മുൻപിൽ കൊണ്ട് പോയി കൂട്ടുകാരൻ വണ്ടി നിർത്തിക്കൊടുത്തു.
ബൈക്കിൽ നിന്നിറങ്ങിയ അയാൾ കടയിൽ കയറി ഒരു ട്രാക്ക് സ്യൂട്ടും, ടീ ഷർട്ടും പിന്നെ ഒരു ജോഡി റണ്ണിങ്ങ് ഷൂസും വാങ്ങിയപ്പോൾ കൂട്ടുകാരൻ അമ്പരന്നു
നീയെന്താ നാളെ മുതൽ ഓടാൻ പോകുന്നുണ്ടോ ?
ഹേയ് ഇതെനിക്കല്ലടാ, അവൾക്കാ, മീരയ്ക്ക്…
അത് കേട്ട് കൂട്ടുകാരൻ കണ്ണ് മിഴിച്ചു
എടാ, അതിന് മീരയ്ക്കിനി ഒരിക്കലും പഴയത് പോലെ എഴുന്നേറ്റ് നടക്കാൻ പോലുമാവില്ലെന്നല്ലേ ഡോക്ടറ് പറഞ്ഞത് ? പിന്നെയെന്തിനാ നീയിതൊക്കെ വാങ്ങി വയ്ക്കുന്നത് ?
അത് ശരി തന്നെയാണെടാ, പക്ഷേ ഞാനത് മീരയെ ഇത് വരെ അറിയിച്ചിട്ടില്ല, അവൾ ഈ കിടപ്പ് തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. എന്നിട്ടും യാതൊരു മാറ്റവുമില്ല, ഇനി കഴിഞ്ഞ് പോകുന്ന ഓരോ ദിവസവും അവളുടെ പ്രതീക്ഷകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതുണ്ടാവാതിരിക്കാനും അവൾക്ക് ആത്മവിശ്വാസമുണ്ടാകുവാനുമാണ് ഞാനിതൊക്കെ വാങ്ങിച്ചത്. അവൾക്ക് പഴയ ജീവിതത്തിലേയ്ക്ക് തിരിച്ച് വരാൻ കഴിയുമെന്ന് ഞാനവൾക്ക് കൊടുക്കുന്ന ഉറപ്പാണിത്. പഴയത് പോലെയാവില്ലെന്നൊരു തോന്നൽ അവൾക്കുണ്ടായാൽ ഒരുപക്ഷേ എനിക്കവളെ നഷ്ടപ്പെട്ടേക്കും. പാതി തളർന്ന ശരീരത്തോടെയാണെങ്കിലും അവൾ ജീവനോടെ എൻ്റെ കൂടെ വേണമെടാ, എന്നാലേ എൻ്റെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാവൂ. നീ കാണുന്നതല്ലേ പണിയുടെ ഇടയ്ക്ക് അല്പം സമയം കിട്ടിയാൽ ഞാനവളെ വീഡിയോ കോള് ചെയ്യുന്നത് ?അതെന്തിനാണെന്നറിയുമോ ? എവിടെ പോയാലും എൻ്റെ ചിന്തകൾ അവളെ കുറിച്ച് മാത്രമാണെന്നും എനിക്കിപ്പോഴും അവളോടുള്ള സ്നേഹം കുറഞ്ഞിട്ടില്ലെന്നും അവളെ ബോധ്യപ്പെടുത്താൻ…അങ്ങനെ പോലും അവള് വിഷമിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്…
അയാൾ പറഞ്ഞ് നിർത്തിയപ്പോൾ കൂട്ടുകാരന് ആശ്ചര്യം തോന്നി .
ഈ കാലത്ത് നിന്നെ പോലെയുള്ള ഭർത്താക്കന്മാര് വളരെ അപൂർവ്വമാണെടാ, നിൻ്റെ ഭാര്യ മീരയുണ്ടല്ലോ? അവള് ഭാഗ്യവതിയാടാ ,,
അത്രയും പറഞ്ഞ് ശിവൻ അയാളെ ബൈക്കിൻ്റെ പുറകിലിരുത്തി വീട്ടിലേയ്ക്ക് മടങ്ങി.
-സജി തൈപ്പറമ്പ്