“സൂര്യേട്ടാ… ആ കുട്ടി വിളിച്ചിട്ട് വാതില് തുറക്കുന്നില്ല.” മീനുവിന്റെ ആധി നിറഞ്ഞ സ്വരം സൂര്യനിലും നേരിയൊരു ആശങ്ക പടർത്തി.
“നീ വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ. അവള് ചിലപ്പോ ഉറങ്ങി പോയതാവും.”
“സൂര്യേട്ടനൊന്ന് വിളിച്ചു നോക്ക്.”
“മ്മ്മ്.. നീ വാ…” മീനുവിനെയും കൂട്ടി സൂര്യൻ നീലിമ കിടന്നിരുന്ന മുറി ലക്ഷ്യമാക്കി നടന്നു.
“നീലൂ… നീലൂ…” വാതിലിൽ ശക്തിയായി അടിച്ചു ശബ്ദമുണ്ടാക്കി കൊണ്ടവൻ വിളിച്ചു.
എന്തൊക്കെയോ ദുഃസ്വപ്നങ്ങൾ കണ്ട് മയക്കത്തിലാണ്ട് പോയതായിരുന്നു നീലിമ. കതകിൽ തുടരെ തുടരെ ആഞ്ഞിടിക്കുന്ന ശബ്ദമാണ് അവളെ ബോധമണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് വന്നത്.
“നീലൂ… നീലൂ…” സൂര്യന്റെ സ്വരം ഉച്ചത്തിലായി.
അവന്റെ വിളി കേട്ട് ഞെട്ടിപ്പിടഞ്ഞെണീറ്റവൾ പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു.
“നീ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ.” നീലിമയെ കണ്ടതും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് അവനിലുണ്ടായി.
“ഞാ… ഞാൻ അറി…യാതെ ഉറങ്ങിപ്പോയി… സൂര്യേട്ടൻ വാതിൽ തട്ടി വിളിച്ചത് കേട്ടാ ഉണർന്നത്. സോ… സോറി.” ക്ഷമാപണം പോലെ അവൾ പറഞ്ഞു.
“ഇവിടെ വച്ച് അബദ്ധമൊന്നും കാണിച്ചേക്കരുത് കേട്ടോ. നിനക്കെന്തെങ്കിലും പറ്റിയാൽ നാട്ടുകാർ എല്ലാവരും കൂടി എന്നെ പഞ്ഞിക്കിടും.”
“ഞാൻ… ഇല്ല… ഞാനങ്ങനെ അബദ്ധമൊന്നും കാണിക്കില്ല.” നീലിമ പതർച്ചയോടെ പറഞ്ഞു.
“ഇത് മീനു, പിള്ള മാമന്റെ മൂത്ത മോളാ.. നിനക്കുള്ള ഡ്രെസ്സുമായിട്ടാ ഇവള് വന്നത്. മീനു, ഇതാണ് നീലിമ.” സൂര്യൻ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.
“ഇത് എന്റെ പാവാടയും ബ്ലൗസുമാണ്. നീലിമയ്ക്ക് പാകമാകും.” ചെറു ചിരിയോടെ മീനു കയ്യിലിരുന്ന കവർ അവൾക്ക് നേരെ നീട്ടി.
വിളറിയ ഒരു പുഞ്ചിരിയോടെ നീലിമ അത് വാങ്ങി.
“രണ്ട് മാസം കൂടി കഴിഞ്ഞാൽ കല്യാണമുള്ള പെണ്ണാ. എന്റെ സുഹൃത്ത് അഭിഷേകാണ് വരൻ, നമ്മുടെ സ്റ്റേഷനിലെ എസ് ഐ ആണ്.” സൂര്യൻ കൂട്ടിച്ചേർത്തു.
അതിനും മറുപടിയൊന്നും പറയാതെ നീലിമ പുഞ്ചിരിച്ചതേയുള്ളൂ.
“എന്നാ പിന്നെ നീലിമയൊന്ന് കുളിച്ച് ഈ വേഷമൊക്കെ മാറി വാ. അപ്പോഴേക്കും ഞാനും സൂര്യേട്ടനും കൂടി കഴിക്കാനുള്ളത് റെഡിയാക്കാം.” സൂര്യന്റെ കൈപിടിച്ച് വലിച്ച് അടുക്കളയിലേക്ക് നടത്തിച്ചു കൊണ്ട് പോകുന്ന മീനുവിനെയും വാത്സല്യമൂറുന്ന മിഴികളോടെ അവളോട് ചിരിക്കേം സംസാരിക്കേം ചെയ്യുന്ന സൂര്യനെയും അവൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
മീനുവിനോട് സംസാരിക്കുന്ന സൂര്യന്റെ കണ്ണുകളിൽ കാമത്തിന്റെ ഭാവമല്ല. തലേ ദിവസം തന്നെ നോക്കിയ സൂര്യനിലും ആ ഭാവം ഉണ്ടായിരുന്നില്ല. മീനുവിനെ നോക്കുമ്പോൾ വാത്സല്യമാണെങ്കിൽ തന്നെ നോക്കുമ്പോ ആ കണ്ണിൽ നിറയുന്നത് സഹതാപമാണ്.
സൂര്യനെ താൻ തെറ്റിദ്ധരിച്ചുവോ… താൻ ഇതുവരെ കേട്ടറിഞ്ഞതോ കണ്ടറിഞ്ഞതോ അല്ല അമ്പാട്ട് പറമ്പിലെ സൂര്യ നാരായണൻ എന്ന് നീലിമയ്ക്ക് തോന്നി. അവനെ മനസ്സിലാക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയോ എന്നായിരുന്നു അവളുടെ മനസ്സിലപ്പോൾ.
*******************
“നീലിമയ്ക്കും എനിക്കുമുള്ള ആഹാരം ഞാൻ ഉണ്ടാക്കിക്കോളാം. നീ വേഗം വീട്ടിൽ പോവാൻ നോക്ക് മീനു. കുറച്ചു കഴിഞ്ഞാൽ രതീഷ് ആളുകളെ കൂട്ടി ഇങ്ങോട്ടെത്തും. ആ നേരത്ത് നിന്നെയിവിടെ കണ്ടാൽ നിന്നെയും എന്നെയും ചേർത്ത് മോശമായി സംസാരിക്കാനും അവൻ മടിക്കില്ല.”
“ആരെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. ഈ പേരും പറഞ്ഞ് എന്നെയും തുമ്പിയെയും സൂര്യേട്ടൻ ഇങ്ങോട്ട് അടുപ്പിക്കാറേ ഇല്ലായിരുന്നു. പിന്നെയും അതിനൊരു മാറ്റം വന്നത് നിർമലേട്ടത്തി വന്നപ്പോഴായിരുന്നു. ഏട്ടത്തി പോയേപിന്നെ സൂര്യേട്ടൻ പഴയത് പോലെയായി.
എന്തിനാ സൂര്യേട്ടാ നാട്ടുകാരെ പേടിച്ചു ജീവിക്കുന്നത്. അവര് പറയാനുള്ളത് പറയും. നമുക്ക് അറിയാലോ നമ്മളെ.”
“അതൊന്നും ശരിയാവില്ല മോളെ. തെറ്റൊന്നും ചെയ്യാതെ തന്നെ മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യനാക്കപ്പെടുന്നതിന്റെ വേദന മറ്റാരേക്കാളും നന്നായി എനിക്കറിയാം പറ്റും. ഞാൻ കാരണം നിങ്ങൾക്ക് കൂടി ഒരു ചീത്തപ്പേര് വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാ നിങ്ങളെ ഇങ്ങോട്ട് വരാൻ ഞാൻ സമ്മതിക്കാത്തത്.”
“അവരെയൊന്നും തിരുത്താൻ നമുക്ക് പറ്റില്ലല്ലോ. സൂര്യേട്ടൻ വിഷമിക്കണ്ട, ഞാൻ ഇറങ്ങുവാ.”
“വീട്ടിൽ ചെന്നിട്ട് അച്ഛനോട് വേഗം ഇങ്ങ് വരാൻ പറയ്യ്ട്ടോ.”
“ആ, പറയാം.” അവനോട് യാത്ര പറഞ്ഞ് മീനു വീട്ടിലേക്ക് പോയി.
*****************
നീലിമ വേഷം മാറി വരുമ്പോൾ സൂര്യൻ പ്രാതൽ തയ്യാറാക്കി മേശപ്പുറത്തു കൊണ്ട് വച്ചിരുന്നു. ഉപ്പുമാവും പഴവുമായിരുന്നു.
“വാ… വന്നിരുന്ന് കഴിക്ക്.” അവളെ കണ്ടതും സൂര്യൻ പറഞ്ഞു.
“സൂര്യേട്ടൻ കഴിച്ചോ?”
“ഇല്ല, നീ കൂടി വന്നിട്ട് കഴിക്കാമെന്ന് കരുതി.”
ഇരുവരും തീൻ മേശയ്ക്ക് എതിർവശത്തായി ഇരുന്നു. സൂര്യനാണ് നീലിമയ്ക്കും വിളമ്പി കൊടുത്തത്. ഒരു വറ്റ് പോലും തൊണ്ടയിൽ കൂടി ഇറങ്ങുന്നില്ലെങ്കിലും സൂര്യൻ തനിക്കും കൂടി വേണ്ടിയിട്ട് ഉണ്ടാക്കിയതല്ലേ എന്ന് കരുതി നീലിമ ഉപ്പുമാവ് കഴിക്കാൻ തുടങ്ങി.
സൂര്യൻ വേഗം കഴിച്ചെഴുന്നേറ്റ് കൈ കഴുകി ഉമ്മറത്തേക്ക് പോയി. അല്പ സമയം കഴിഞ്ഞപ്പോൾ പരമു പിള്ളയും അമ്പാട്ടേക്ക് വന്നു.
“മാമാ… നീലിമയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണ്ടേ. അവളെ ഇവിടിങ്ങനെ നിർത്തിയാൽ ശരിയാവോ?” സൂര്യൻ തന്റെ ആശങ്ക അയാളോട് വ്യക്തമാക്കി
“ഇവിടെ അല്ലാതെ മറ്റെവിടാ ആ കൊച്ചിനെ സുരക്ഷിതമായി നിർത്തുക? നീലിമയുടെ അച്ഛന്റേം അമ്മേടേം ബന്ധുക്കളൊന്നും അവളുമായി തീരെ സഹകരണമില്ലല്ലോ. അല്ലെങ്കിൽ ആ വഴി എങ്കിലും നോക്കാമായിരുന്നു. ഇവിടുന്ന് എങ്ങോട്ട് കൊണ്ട് വിട്ടാലും രതീഷ് അവളെ കൊണ്ട് പോവില്ലെന്ന് എന്താ ഉറപ്പ്.”
“പ്രായം തികഞ്ഞ പെണ്ണല്ലേ മാമാ… എന്നെയും കൂട്ടിച്ചേർത്തു നാട്ടുകാർ പറയുന്ന അപവാദവും അവളിവിടെ എത്ര നാൾ നിൽക്കും. അതിനൊരു നല്ല ജീവിതം കിട്ടുമോ?”
“അതൊക്കെ പിന്നീടുള്ള കാര്യമല്ലേ സൂര്യാ. ഇപ്പോ ആ കൊച്ചിന് ആരെയും ഭയക്കാതെ കഴിയാൻ ഒരു തണലല്ലേ ആവശ്യം.”
“ഒരു കാലത്ത് എല്ലാവരാലും തിരസ്കരിക്കപ്പെട്ട് ഒരു അനാഥനെ പോലെ കഴിഞ്ഞ സമയത്ത് നീലുവിന്റെ അച്ഛനായിരുന്നു എനിക്ക് കിടപ്പാടം തന്നതും മോനെ പോലെ ചേർത്ത് നിർത്തിയതും. ആ മനുഷ്യൻ ചെയ്ത നന്മ കൊണ്ടാവും നീലു എന്റെ അടുത്ത് തന്നെ വന്ന് ചേർന്നത്.”
“ആ രതീഷ് ആരെക്കെയോ കൂട്ടി ഇങ്ങോട്ട് വരുന്നുണ്ടല്ലോ സൂര്യാ.” പടിപ്പുര വരുന്ന ആളുകളെ നോക്കി പിള്ള പറഞ്ഞപ്പോൾ സൂര്യനും അങ്ങോട്ട് നോട്ടം പായിച്ചു.
അകത്തിരുന്ന് അവരുടെ സംസാരം ശ്രവിച്ചു കൊണ്ടിരുന്ന നീലിമയ്ക്ക് രതീഷിന്റെ പേര് കേട്ടതും ഒരു നടുക്കമുണ്ടായി. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി. ആളുകളെ കൂട്ടി വന്ന് തന്നെ ഇവിടുന്ന് പിടിച്ചുകെട്ടി കൊണ്ട് പോകുമോന്ന് അവൾ ഭയന്നു. എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് രതീഷെന്ന് ഇന്നലെ തന്നെ അവൾക്ക് ബോധ്യമായതാണ്.
*******************
“നീലിമ എവിടെയാടാ. അവളെ ഇങ്ങോട്ട് ഇറക്കി വിടെടാ.” രതീഷ് മുണ്ട് മടക്കി കുത്തി എന്തിനും പോന്ന ഭാവത്തിൽ നിന്നു.
“നീലിമ കൂടെ വരുമെങ്കിൽ കൊണ്ട് പൊയ്ക്കോ.” സൂര്യൻ ശാന്തനായി നിന്നു.
“അവളെ സമ്മതം ഇവിടെ ആർക്ക് വേണം. ഇത്തിരിയില്ലാത്ത പെണ്ണിനെ മയക്കി കൊണ്ട് പോയതും പോരാഞ്ഞിട്ട് നിന്ന് പ്രസംഗിക്കുന്നോ. എവിടെ അവൾ? നീലിമേ… നീലിമേ…” അകത്തേക്ക് നോക്കി രതീഷ് വിളിച്ചു.
“നീലിമാ… നീയിങ്ങോട്ട് ഇറങ്ങി പോരെ. നിന്റെ സമ്മതമില്ലാതെ ഒരുത്തനും നിന്നെ ഇവിടുന്ന് കൊണ്ട് പോവില്ല.”
സൂര്യൻ അവളെ വിളിച്ചു. അവന്റെ വിളി കേട്ട് വാതിൽ മറഞ്ഞു നിന്ന നീലിമ പുറത്തേക്ക് വന്നു.
“നിനക്ക് പറ്റിയ തെറ്റ് ക്ഷമിക്കാൻ ഞാൻ തയ്യാറാ മോളെ. ഇവന്റെ കൂടെ താമസിക്കാൻ ആണ് നിന്റെ തീരുമാനമെങ്കിൽ അവസാനം അവന്റെ ഭാര്യയുടെ ഗതി തന്നെയാവും നിനക്ക്. നീ കൊച്ചു പെണ്ണാണ്. ഇവനെ പോലെയുള്ള ചെ-റ്റകളെയൊന്നും മനസ്സിലാക്കാനുള്ള വകതിരിവ് നിനക്ക് വന്നിട്ടില്ല.” നീലിമ പുറത്തേക്ക് വന്നതും അവൻ പറഞ്ഞു.
“ഞാൻ എങ്ങോട്ടും വരില്ല. എന്നെ കൂടെ കൊണ്ട് പോകാൻ ശ്രമിക്കുന്നത് ഇന്നലത്തെ പോലെ എന്നെ വീണ്ടും ഉപദ്രവിക്കാനല്ലേ. ഞാൻ സത്യം പറഞ്ഞിട്ടും ആർക്കും എന്റെ വാക്കിനെ വിശ്വാസമില്ലല്ലോ.” നീലിമ തന്റെ നിലപാട് വ്യക്തമാക്കി.
“ഇപ്പോ വാദി പ്രതിയായോ. ഇങ്ങനെ പറയാൻ പറഞ്ഞു തന്നത് ഇവനായിരിക്കും. കേട്ടില്ലേ മെമ്പറെ കൊച്ചു പറഞ്ഞത്.. ഇവന്റെ സൂക്കേട് തീർക്കാൻ ഇവന് ഈ നാട്ടിൽ നീലിമയെ മാത്രേ കിട്ടിയുള്ളൂ. അവളെ ഇവൻ മയക്കി വച്ചേക്കാ. ഞാൻ വിളിച്ചാലും അവള് വരില്ല. നിങ്ങള് തന്നെ പെണ്ണിനെ കാര്യം പറഞ്ഞ് മനസ്സിലാക്കി എന്റെ ഒപ്പം വിടണം. അല്ലെങ്കിൽ തന്നെ ഇവിടെ ഇവളെ പിടിച്ചു നിർത്താൻ ഇവളിവന്റെ ആരാ, ഭാര്യയൊന്നുമല്ലല്ലോ.” രതീഷ് സങ്കടം അഭിനയിച്ചു.
രതീഷിന്റെ വാക്കുകൾ കേട്ട് സൂര്യന് ദേഷ്യമടക്കാനായില്ല. അടിച്ചവന്റെ ചെകിട് പൊളിക്കാൻ തോന്നിയെങ്കിലും അവൻ സംയമനം പാലിച്ചു നിന്നു.
മെമ്പർ സുഗുണൻ എല്ലാവരെയും ഒന്ന് നോക്കി.
“സൂര്യാ… നീലിമ നിന്റെ ആരുമല്ലാത്ത സ്ഥിതിക്ക് അവളെ ഇവിടെ പിടിച്ചു നിർത്താൻ നിനക്കെന്താ അവകാശം? നീലിമയോട് രതീഷിനൊപ്പം അവളെ വീട്ടിലേക്ക് പോകാൻ പറയ്യ് നീ.” സുഗുണനാണ്.
“അതിന് രതീഷ് ഇവള്ടെ ആരാ… അവന് ഇവളിൽ എന്താവകാശം ഉണ്ട്?” സൂര്യൻ മറു ചോദ്യമെറിഞ്ഞു.
“എന്തായാലും നിന്നെക്കാൾ അവളുടെ കാര്യത്തിൽ അവകാശം എനിക്കാ.” രതീഷ് ഇടയ്ക്ക് കയറി പറഞ്ഞു.
“ജാനകി മരിച്ചു പോയെങ്കിലും സ്ഥാനം കൊണ്ട് രതീഷ് അവളുടെ ചെറിയച്ഛനല്ലേ. മറ്റ് ബന്ധുക്കളൊന്നും അവളെ തിരിഞ്ഞു നോക്കാത്ത സ്ഥിതിക്ക് അവൾക്ക് ഉത്തരവാദിത്വപ്പെട്ടവർ എന്ന് പറയാൻ രതീഷല്ലേ ഉള്ളു.
ഭാര്യ മരിച്ച ദുഃഖത്തിൽ കുടിച്ചു കുടിച്ചു സ്വയം നശിച്ചു കൊണ്ടിരുന്നവൻ സരോജനി അമ്മ കൂടി മരിച്ചപ്പോൾ ആ വീട്ടിൽ നീലിമ ഇനി ഒറ്റയ്ക്കല്ലേ എന്ന് കരുതി കുടിയൊക്കെ നിർത്തി നന്നായത് തന്നെ അവളെ സ്വബോധത്തോടെ നോക്കാൻ വേണ്ടീട്ടാണ്. നീലിമയ്ക്ക് ഒരു കുറവും വരുത്താതെ അവൻ നോക്കിയിട്ടും ഇവളവനോട് കാണിച്ചത് നെറികേടല്ലേ. നീയും ഇതിനൊക്കെ കൂട്ട് നിന്ന് ഇത്രേം തരം താഴാൻ പാടില്ലായിരുന്നു സൂര്യാ.” സുഗുണൻ അവനെ കുറ്റപ്പെടുത്തി.
അവനയാളെ തിരുത്താൻ മുതിർന്നില്ല.
“നീലിമയുടെ സമ്മതം ഉണ്ടെങ്കിൽ നിങ്ങൾക്കിവളെ കൊണ്ട് പോകാമെന്നു ഞാൻ പറഞ്ഞല്ലോ. പ്രായ പൂർത്തിയായ പെണ്ണല്ലേ ഇവൾ. ഇവൾക്ക് സ്വന്തം ഇഷ്ടം പ്രകാരം കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശമില്ലേ.” സൂര്യൻ പറഞ്ഞു.
“അവള് സമ്മതിക്കില്ലെന്നുള്ള ധൈര്യത്തിലാ മെമ്പറെ അവന്റെ നെഗളിപ്പ്. പെണ്ണിനെ പിടിച്ചിറക്കി കൊണ്ട് പോവാൻ അറിയാഞ്ഞിട്ടല്ല. ഒരു കയ്യാങ്കളി വേണ്ടെന്ന് വച്ചിട്ടാ മിണ്ടാതെ നിക്കണത്.” രതീഷിന് ക്ഷമ കെട്ട് തുടങ്ങി. അവളെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ പ്ലാനിങ് എല്ലാം അവതാളത്തിലാകും എന്നവന് തോന്നി.
“സൂര്യാ… നീ പറഞ്ഞാലേ അവള് കേൾക്കു. നീലിമയ്ക്കൊരു തെറ്റ് പറ്റിപ്പോയി. അതവളുടെ പ്രായത്തിന്റെ എടുത്തുചാട്ടം എന്ന് കരുതി ക്ഷമിക്കാം. എന്നാൽ നീ അങ്ങനെ ആണോ. ഇത്രയും പ്രായവും പക്വതയുമായിട്ടും നിനക്ക് വകതിരിവ് ഇല്ലാതെ പോയോ. അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞ് വിട്. നിനക്കിവൾ നിന്റെ ആരുമല്ലെന്ന് ഓർമ്മ വേണം.” സുഗുണൻ എത്രയും വേഗം ആ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്.
“ഇയാൾ അവിടെ ഉള്ളിടത്തോളം കാലം ഞാനെന്റെ വീട്ടിലേക്ക് പോവില്ല. എനിക്ക് പേടിയാ ചെറിയച്ഛനെ.” വെറുപ്പോടെ നീലിമ രതീഷിനെ നോക്കി.
“മെമ്പറെ… എനിക്കിനിയും ക്ഷമിച്ചു നിൽക്കാൻ പറ്റില്ല. ഞാനിവളെ പിടിച്ചു വലിച്ചു കൊണ്ട് പോവണ്ട എന്നുണ്ടെങ്കിൽ അവളോട് മര്യാദക്ക് കൂടെ വരാൻ പറയ്യ്. ഇവന് കൂടെ കിടത്താൻ വേറെ പെണ്ണുങ്ങളെ കിട്ടില്ലേ? എന്തായാലും എന്റെ ഭാര്യേടെ ഏട്ടത്തിയുടെ മോൾ ജാനകിക്കും മോളെ പോലെ തന്നെയാ. അവളെ ഇവന്റെ വെപ്പാട്ടിയെ പോലെ ഇവിടെ നിർത്താൻ എനിക്ക് പറ്റില്ല. അമ്മയില്ലാത്ത ഇവളെ ഈ പ്രായം വരെ പൊന്നു പോലെ നോക്കി വളർത്തിയ ജാനകിയുടെ ആത്മാവ് ഇത് കണ്ടാൽ സഹിക്കൂല.” രതീഷ് വികാരധീനനായി.
അവന്റെ അഭിനയ പ്രകടനത്തിൽ എല്ലാവരും വീണു.
“നീലിമയ്ക്ക് മേൽ നിനക്കൊരു അവകാശവുമില്ല സൂര്യാ. അവള് നിന്റെ ആരുമല്ലല്ലോ. വെറുതെ ഒരു സീനുണ്ടാക്കാതെ അവളെ രതീഷിന്റെ കൂടെ വിട്ടേക്ക്. നിനക്ക് ഈ നാട്ടിൽ വേറെയും പെണ്ണുങ്ങളെ കിട്ടില്ലേ? വെറുതെ ആ കൊച്ചിന്റെ ഭാവി തുലയ്ക്കണ്ട. രതീഷ് അവളെ പൊന്നുപോലെ നോക്കിക്കോളും.” സുഗുണനും ഒപ്പം വന്നവരും അത് തന്നെ ആവർത്തിച്ചു.
രതീഷിന്റെ മുഖത്ത് ഗൂഢമായൊരു പുഞ്ചിരി വിടർന്നു. അത് സൂര്യൻ കാണുകയും ചെയ്തു. അവനവളെ രതീഷിനൊപ്പം വിടാതെ തരമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.
“ഇങ്ങോട്ട് വാടി…” നീലിമയുടെ കൈയിൽ പിടിച്ചു വലിച്ച് രതീഷ് മുന്നോട്ടു നടന്നു.
സൂര്യൻ തടഞ്ഞില്ല. അവൾ അവനെ ദയനീയമായൊന്ന് നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മങ്ങി.
തുടരും….