സൂര്യനെ മോഹിച്ചവൾ, ഭാഗം 39, എഴുത്ത്: ശിവ എസ് നായര്‍

“നിർമലയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് അഭി. അവളും എത്രയും വേഗം എന്നെ സ്നേഹിച്ചു തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. ഒറ്റയ്ക്കുള്ള ജീവിതം ശരിക്കും മടുത്ത് പോയിട്ടാ ഒരു വിവാഹത്തിന് ഞാൻ മുൻകൈ എടുത്തത്. അതിങ്ങനെയുമായി. ” വിഷമത്തോടെ സൂര്യൻ പറഞ്ഞു.

“നിന്റെ ആഗ്രഹങ്ങളൊക്കെ നടക്കും സൂര്യാ. നിർമല അധികം വൈകാതെ തന്നെ നിന്നെ സ്നേഹിച്ചോളും.” അഭിഷേക് അവനെ സമാധാനിപ്പിച്ചു.

“എന്റെ പേടി അവളുടെ പഴയ കാമുകൻ മഹേഷ്‌ എങ്ങാനും അവളെ അന്വേഷിച്ചു വരുമോന്നാ. രണ്ടുപേരും തമ്മിൽ നാല് വർഷത്തെ പ്രണയമായിരുന്നു. അവളുടെ വീട്ടുകാർക്ക് അവനെ ഇഷ്ടമില്ലാത്തോണ്ട് മഹേഷിനെ ആ നാട്ടിൽ നിന്നുതന്നെ അടിച്ചോടിച്ചു. ജീവനോടെ ഉണ്ടോന്ന് പോലും അവൾക്കറിയില്ലെന്ന് പറഞ്ഞാ കരഞ്ഞേ.

അങ്ങനെയുള്ളപ്പോ അവളെന്നെ സ്നേഹിച്ച് തുടങ്ങുന്ന സമയത്താണ് അവനവളെ തിരക്കി വരുന്നതെങ്കിൽ പിന്നെ നിർമലയ്ക്കൊരിക്കലും എന്നെ ഉൾകൊള്ളാൻ കഴിയില്ല. ഒരുപക്ഷേ ഞാൻ ഭയന്നത് പോലെ സംഭവിക്കുകയാണെങ്കിൽ നിർമലയെ ഞാൻ അവളുടെ കാമുകനൊപ്പം തന്നെ പറഞ്ഞ് വിടും. വിട്ട് കളയാൻ ആഗ്രഹമുണ്ടായിട്ടല്ല… മഹേഷ്‌ മടങ്ങി വന്നാൽ അവൾക്കൊരിക്കലും എന്നെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്.” സൂര്യൻ വികാരാധീനനായി.

“നീ വെറുതെ കടന്ന് ചിന്തിക്കല്ലേ സൂര്യാ. നിർമല ഇപ്പൊ നിന്റെ ഭാര്യയാണ്. അവളെ ആർക്കും വിട്ട് കൊടുക്കേണ്ട ആവശ്യം നിനക്കില്ല. യാഥാർദ്ധ്യവുമായി പൊരുത്തപ്പെട്ട് തുടങ്ങുമ്പോൾ നിർമലയും എല്ലാം മറക്കും.”

“ഹ്മ്മ്മ്… നിർമല… അവളൊരു സാധുവാണ്… സ്നേഹിച്ചാൽ ഹൃദയം കൊടുത്ത് സ്നേഹിക്കുന്ന പെണ്ണ്.”

“നമുക്ക് തറവാട്ടിലേക്ക് തിരികെ പോകാം സൂര്യാ… നിർമലയെ അധികം തനിച്ചിരുത്തണ്ട. ഇവിടെയുള്ള സമയത്തൊക്കെ നീ അവൾക്കൊപ്പം തന്നെ സമയം ചിലവഴിക്കാൻ ശ്രമിക്കണം. അത് നിങ്ങൾ തമ്മിലുള്ള അടുപ്പം കൂട്ടുകയേയുള്ളു.”

“ഹാ… അതും ശരിയാ… എങ്കിൽ നീ വാ..” അഭിഷേകിനെയും കൂട്ടി സൂര്യൻ തിരികെ തറവാട്ടിലേക്ക് നടന്നു.

അവർ ചെല്ലുമ്പോൾ നിർമല ഉച്ചത്തേയ്ക്കുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. അവളെ സഹായിക്കാൻ രാധമ്മയും ഒപ്പമുണ്ടായിരുന്നു.

“രാധമ്മ വീട്ടിൽ പൊയ്ക്കോളൂ… നിർമലയെ സഹായിക്കാനിപ്പോ ഞാനുണ്ടല്ലോ.” സൂര്യൻ രാധമ്മയോട് പറഞ്ഞു.

“ശരി മോനെ… എന്നാ പിന്നെ ഞാനങ്ങ് ഇറങ്ങാ.” സാരിത്തുമ്പിൽ കൈ തുടച്ച് കൊണ്ട് അവർ അപ്പുറത്തെ വശത്തേക്ക് പോയി.

“ഉച്ചക്കത്തെ ചോറും കറികളുമൊക്കെ വയ്ക്കാൻ ഞാനും കൂടെ കൂടാം നിർമലേ. നീ ഒറ്റയ്ക്ക് വയ്ക്കാൻ നിൽക്കണ്ട.” നിർമലയുടെ കൈയ്യിൽ നിന്ന് കത്തി അവൻ സാമ്പാറിനുള്ള കഷ്ണങ്ങൾ നുറുക്കാൻ തുടങ്ങി.

“സൂര്യേട്ടന് കറികളൊക്കെ വയ്ക്കാനറിയോ?” നിർമല അതിശയത്തോടെ ചോദിച്ചു.

“ഹാ അറിയാലോ… ഞാനതൊക്കെ ഹോട്ടലിൽ ജോലിക്ക് നിൽക്കുമ്പോ പഠിച്ചതാ.”

“നിർമലയ്ക്കപ്പോ സൂര്യനെ പറ്റി എല്ലാമൊന്നും അറിയില്ലല്ലേ.”

“കുറെയൊക്കെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്..”

“ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചിട്ടാണ് സൂര്യനിന്ന് ഈ കാണുന്ന നിലയിലെത്തിയത്.” സൂര്യന്റെ ജീവിതത്തിൽ നടന്നതൊക്കെ അഭിഷേക് അവളോട് പറഞ്ഞു. ഒരു മരവിപ്പോടെയാണ് അവളെല്ലാം കേട്ടിരുന്നത്.

“കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് നീയെന്തിനാ അവളെ വിഷമിപ്പിക്കുന്നത്. കണ്ടില്ലേ ഇത്രയും കേട്ടപ്പോൾ തന്നെ നിർമലേടെ കണ്ണ് നിറഞ്ഞത്.”

സൂര്യൻ കുറ്റപ്പെടുത്തലോടെ അഭിയെ നോക്കി.

“അവള് നിന്റെ ഭാര്യല്ലേ സൂര്യാ… നിന്റെ കഷ്ടപ്പാടൊക്കെ അവളും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ.” അഭിഷേക് അവനെ നോക്കി കണ്ണ് ചിമ്മി.

സൂര്യൻ അനുഭവിച്ച വേദനകൾ കേട്ടറിഞ്ഞപ്പോൾ തന്റെ സങ്കടമൊന്നും അവന് മുന്നിൽ ഒന്നുമല്ലെന്ന് നിർമലയ്ക്ക് തോന്നിപ്പോയി. നീണ്ട പത്ത് വർഷവും നിലനിൽപ്പിനായി കഷ്ടപ്പെട്ട സൂര്യനെ ഇനി താനായിട്ട് ഒരു വിഷമവും നൽകാൻ പാടില്ലെന്ന് അവളോർത്തു.

അന്നത്തെ ദിവസം സൂര്യനോടും നിർമലയോടുമൊപ്പം ചിലവഴിച്ചിട്ട് വൈകുന്നേരത്തോടെ അഭിഷേക് മടങ്ങിപോയി.

*******************

രാത്രി…

നിർമല കിടക്ക തട്ടി കുടഞ്ഞു വിരിക്കുമ്പോഴാണ് സൂര്യൻ മുറിയിലേക്ക് കടന്ന് വന്നത്.

“നിർമലേ… നീയും നാളെ മുതൽ എന്റെ കൂടെ പാടത്ത് വരുന്നോ?”

“എന്തേ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം?”

“പുലർച്ചെ ഞാൻ പണിക്കാരുടെ കൂടെ പോയി കഴിഞ്ഞാൽ നീയിവിടെ ഒറ്റയ്ക്ക് ഇരുന്ന് മുഷിയുന്നത് കണ്ട് ചോദിച്ചതാ.”

“അടുക്കളയിലെ പണികൾ കഴിഞ്ഞാൽ പിന്നെ സൂര്യേട്ടൻ വരുന്നത് വരെ മുഷിച്ചിൽ തന്നെയാണ്. പിന്നെ ഉച്ച വരെ രാധമ്മ ഉള്ളത് കൊണ്ട് അധികം ബോറടിക്കാറില്ല. രാധമ്മ പോയാൽ പിന്നെ സമയം പോവാൻ എന്തേലുമൊക്കെ ചെയ്ത് ഇവിടിങ്ങനെ ഇരിക്കുന്നത് വല്യ പാട് തന്നെയാ.”

“എങ്കിൽ നാളെ മുതൽ ഇവിടെ തനിച്ചിരിക്കണ്ട എന്റെ കൂടെ പോന്നോ.”

“എന്നാ നാളെ തൊട്ട് രാവിലെ സൂര്യേട്ടൻ കാപ്പി കുടിക്കാൻ വന്നിട്ട് തിരിച്ചു പോകുമ്പോ ഞാനും ഒപ്പം വരാം. എങ്കിൽപിന്നെ വൈകുന്നേരം നമുക്ക് ഒരുമിച്ച് മടങ്ങി വരാലോ.” നിലാവുദിച്ചത് പോലെയുള്ള അവളുടെ മുഖത്തെ പുഞ്ചിരി കണ്ട് സൂര്യന്റെ ഹൃദയം തുടികൊട്ടി.

താൻ ആഗ്രഹിച്ചത് പോലെ അവളും തനിക്കൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത് തന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ എന്ന് സൂര്യന് തോന്നി. അവന്റെ തോന്നൽ ശരിയുമായിരുന്നു.

സൂര്യൻ, രാവിലെ തറവാട്ടിൽ നിന്ന് ഇറങ്ങി പോയിട്ട് വൈകുന്നേരം കയറി വരുന്നതിനാൽ അവനുമായി ഒരു ഇഴയടുപ്പം സൃഷ്ടിക്കാൻ തനിക്കെങ്ങനെ കഴിയുമെന്ന് നിർമലയും ചിന്തിക്കാറുണ്ട്. തനിക്കരികിൽ സൂര്യന്റെ സാമീപ്യം ഉണ്ടെങ്കിൽ മാത്രമല്ലേ ആ മനുഷ്യനോട് കൂടുതൽ അടുക്കാൻ പറ്റു. അതുകൊണ്ട് തന്നെ അവന്റെ കൂടെ പാടത്തും പറമ്പിലുമൊക്കെ പോകാൻ അവൾക്ക് നൂറുവട്ടം സമ്മതമായിരുന്നു.

*****************

പിറ്റേന്ന് മുതൽ സൂര്യന്റെ കൂടെ നിർമലയും പോകാൻ തുടങ്ങി. അവന്റെയൊപ്പം പാടത്തിറങ്ങി ഞാറ് നടാനും കള പറിക്കാനുമൊക്കെ കൊച്ചു കുട്ടികളുടെ ഉത്സാഹത്തോടെ അവളും കൂടി.

ഒപ്പമുള്ള പണിക്കാർക്കും സൂര്യനെ പോലെ നിർമലയെയും ഒത്തിരി ഇഷ്ടമായി തുടങ്ങി. സദാ സമയവും സൂര്യനെ ചുറ്റിപറ്റി തന്നെ നിർമല നിന്നു. എല്ലാ പണികൾ ചെയ്യാനും അവളും ഒപ്പത്തിനൊപ്പം നിന്നു.

സൂര്യന്റെ ഒപ്പം നിർമല സന്തോഷവതിയായി കാണപ്പെട്ടു. തനിച്ചിരിക്കാത്തതിനാൽ ഒന്നും ഓർത്ത് സങ്കടപ്പെടാനും അവൾക്ക് നേരം കിട്ടിയിരുന്നില്ല. ദിവസേന ഇരുവരും ഒന്നിച്ച് പോയി വരുന്നത് മിക്കപ്പോഴും നീലിമയും കാണാറുണ്ട്. സൂര്യന്റെ കൂടെ അതീവ സന്തോഷത്തോടെ നിർമലയെ കാണുമ്പോൾ അവൾക്ക് ഉള്ളിൽ ചെറിയ നോവ് അനുഭവപ്പെട്ടു.

വിവാഹശേഷം സൂര്യനിൽ ഒത്തിരി മാറ്റം വന്നിട്ടുണ്ടെന്ന് അവൾക്ക് തോന്നി. താൻ ഇരിക്കേണ്ടിടത്താണ് നിർമല ഇപ്പോൾ ഉള്ളതെന്ന് നീലിമ വേദനയോടെ ഓർത്തു.

നാട്ടിൽ ഇത്രയും ചീത്തപേരുള്ള വ്യക്തിക്കൊപ്പം നിർമലയ്ക്ക് എങ്ങനെ ഇത്രയും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുവെന്നത് അവളെ അത്ഭുതപ്പെടുത്തി. താൻ കാണാതെ പോയ എന്തെങ്കിലും നന്മ സൂര്യനിൽ ഉണ്ടോ? അതോ മറ്റുള്ളവർ സൂര്യനെ കുറിച്ച് പറയുന്നതിൽ കഴമ്പില്ലേ എന്നൊക്കെ ഓർത്ത് നീലിമയ്ക്കാകെ ഭ്രാന്ത് പിടിച്ചു.

വഴിയിൽ വച്ച് കണ്ടാലും അറിയാതെ പോലും സൂര്യന്റെ നോട്ടം തന്നിലേക്ക് എത്താത്തത് നീലിമയെ അസ്വസ്ഥതപ്പെടുത്തി. താൻ എന്തിനാണ് സൂര്യനെ ഓർത്ത് നിരാശപ്പെടുന്നതെന്ന് നീലിമയ്ക്ക് തന്നെ അറിയില്ല.

ഉള്ളിന്റെ ഉള്ളിൽ ഇഷ്ടം തോന്നിയ പുരുഷൻ മറ്റൊരു പെണ്ണിന് സ്വന്തമായപ്പോഴാണ് നീലിമയ്ക്കുള്ളിൽ അടക്കി വച്ച പ്രണയം അവളെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയത്.

അല്ലെങ്കിലും കൈവിട്ട് പോകുമ്പോഴാണല്ലോ നഷ്ടപ്പെട്ടതിനെ ഓർത്ത് നമ്മൾ ദുഃഖിക്കാൻ തുടങ്ങുന്നത്.

സൂര്യനും നിർമലയും ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെയെന്ന് ആത്മാർത്ഥമായി ദേവിയോട് പ്രാർത്ഥിച്ച് അവനെ മറക്കാൻ നീലിമ ശ്രമിക്കുമ്പോൾ സൂര്യനെ സ്നേഹിച്ച് തുടങ്ങാൻ തനിക്ക് കഴിയണേ എന്നായിരുന്നു നിർമലയുടെ പ്രാർത്ഥന.

ഒരാൾ മറക്കാനും മറ്റൊരാൾ സ്നേഹിക്കാനും ആഗ്രഹിക്കുമ്പോൾ സ്നേഹം കൊതിക്കുന്ന മനസ്സുമായി സൂര്യനും കാത്തിരുന്നു.

*******************

“ഈ സാരി നിനക്ക് നന്നായി ചേരും നിർമ്മലേ…” കരിം പച്ച നിറത്തിലെ ഒരു സാരി എടുത്ത് നിർമലയുടെ തോളിൽ വച്ച് സൂര്യൻ പറഞ്ഞു.

മുന്നിലെ നില കണ്ണാടിയിൽ നോക്കിയപ്പോൾ അവൻ പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി.

പട്ടണത്തിലെ തുണിക്കടയിൽ നിർമലയ്ക്ക് കുറച്ച് ഡ്രെസ്സുകൾ എടുക്കാൻ വന്നതായിരുന്നു അവർ. സൂര്യൻ തനിക്കായി ഒന്നും വാങ്ങിക്കാതെ അവൾക്ക് മാത്രമുള്ള തുണികൾ എടുക്കുന്നത് കണ്ട് സൂര്യന് ചേരുന്ന ഷർട്ടുകൾ നിർമല തന്നെ നിർബന്ധം പിടിച്ച് എടുത്തു.

പുറത്തെവിടെ പോകുമ്പോഴും നിർമല, അവൾ പോലുമറിയാതെ അവന്റെ കൈകളിൽ മുറുകെ പിടിക്കാറുണ്ട്. സൂര്യൻ ഒപ്പമുള്ളപ്പോൾ ഒരു സുരക്ഷിതത്വ ബോധം അവൾക്ക് തോന്നും. അതവൾ നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല.

അന്ന് രാത്രി നിർമല മേൽ കഴുകി കിടക്കാനായി മുറിയിലെത്തുമ്പോൾ സൂര്യൻ ഉറക്കം പിടിച്ചിരുന്നു. പിറ്റേന്ന് അതിരാവിലെ അവന് എങ്ങോട്ടോ പോകാനുള്ളത് കൊണ്ട് നേരത്തെ കിടന്നതാണ്. പക്ഷേ താൻ വരുന്നതിന് മുൻപേ ഉറങ്ങിയത് കണ്ട് അവൾക്ക് നേരിയ പരിഭവം അവനോട് തോന്നി.

“സൂര്യേട്ടനോട്‌ എനിക്കും സ്നേഹം തോന്നി തുടങ്ങിയോന്നൊരു സംശയമുണ്ട്. ഇപ്പോ ഇപ്പോ നിങ്ങൾ അടുത്തില്ലാതെ എനിക്ക് തീരെ പറ്റുന്നില്ലട്ടോ. കാണാതിരിക്കുമ്പോ കാണാൻ കൊതി തോന്നും. വരാൻ നേരം വൈകിയാൽ ഉള്ളിലൊരു ആധി പോലെയാ. പക്ഷേ ഇതൊന്നും എനിക്ക് സൂര്യേട്ടന്റെ മുഖത്ത് നോക്കി പറയാൻ പറ്റുന്നില്ല. എന്നാലും ഒരു കാര്യം ഉറപ്പാണ്, സൂര്യേട്ടന്റെ സാമീപ്യം അടുത്തുള്ളപ്പോൾ ഞാൻ ഒന്നിനെ കുറിച്ചോർത്തും സങ്കടപ്പെടാറില്ല.. അതുപോലെ എന്റെ മനസ്സ് ഒത്തിരി മാറുന്നുമുണ്ട്.” സൂര്യന്റെ മുഖത്ത് വീണ് കിടന്ന മുടിയിഴകൾ മെല്ലെ ഒതുക്കി അവളവന്റെ ശിരസ്സിൽ ചുണ്ടുകൾ അമർത്തി.

പെട്ടെന്നാണ് അവളൊട്ടും പ്രതീക്ഷിക്കാതെ സൂര്യനവളെ ഇറുക്കെ പുണർന്നത്. അവൾ വരുന്നത് കണ്ടപ്പോൾ ഉറക്കം നടിച്ച് കിടന്നതായിരുന്നു സൂര്യൻ.

“ഉറക്കം നടിച്ചു കിടക്കായിരുന്നല്ലേ…” ചമ്മലോടെ അവൾ ചോദിച്ചു.

“അതുകൊണ്ടല്ലേ നിന്റെ മനസ്സിലിരിപ്പ് എനിക്കറിയാൻ പറ്റിയത്.” നിർമലയുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് സൂര്യനവളെ നോക്കി.

നാണം കൊണ്ട് അവളുടെ മുഖം ചുവന്നുപോയി. അവന്റെ മുഖത്തേക്ക് നോക്കാനുള്ള കെൽപ്പില്ലാതെ നിർമല മുഖം തിരിച്ചിരുന്നു. സൂര്യനവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്കണച്ചു. നഗ്നമായ വയറിൽ അവന്റെ കരതലം അമർന്നതും നിർമലയ്ക്ക് ആകെയൊരു വെപ്രാളം തോന്നി.

അതീവ സ്നേഹത്തോടെ പ്രണയ പരവശനായ സൂര്യൻ നിർമലയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവളുടെ അധരങ്ങളിൽ മെല്ലെ ചുണ്ടമർത്തി. അവന്റെ സ്നേഹവും തലോടലും അവളും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉള്ളിൽ തികട്ടി വന്ന മഹേഷുമൊത്തുള്ള രംഗങ്ങൾ നിർമലയെ തളർത്തി.

“വേണ്ട സൂര്യേട്ടാ… എനിക്ക് പറ്റുന്നില്ല… എനിക്ക് കുറച്ചൂടെ സമയം വേണം… എനിക്കെന്തോ വെപ്രാളവും തളർച്ചയുമൊക്കെ തോന്നുന്നു.” സത്യത്തിൽ താൻ പരിശുദ്ധയല്ലല്ലോ എന്നോർത്തുള്ള കുറ്റബോധമാണ് അവളെ പിന്നിലേക്ക് വലിച്ചത്.

“നീ പേടിക്കണ്ട… നിന്നെ ഞാനൊന്നും ചെയ്യില്ല… പക്ഷേ ഇന്നുമുതൽ എന്റെ നെഞ്ചിൽ തല ചേർത്ത് നീയുറങ്ങിയാൽ മതി. ഇനിയിങ്ങനെ നീങ്ങി കിടക്കണ്ട.” നിർമലയുടെ മനസ്സിലെ സംഘർഷം ഉൾക്കൊണ്ട്‌ സൂര്യനവളെ സാന്ത്വനിപ്പിച്ചു. അവളെ നെഞ്ചോട് ചേർത്താണ് അവൻ കിടന്നത്.

നിർമലയുടെ മാറ്റങ്ങളും അവൾക്ക് തന്നോടുള്ള സമീപനം മാറുന്നതൊക്കെ സൂര്യന് അറിയാമെങ്കിലും അവൾക്ക് കുറച്ചൂടെ സമയം ഇനിയും വേണമെന്ന് അവന് തോന്നി. മനസ്സ് നിറച്ച് സ്നേഹവുമായി അവൾ എല്ലാ അർത്ഥത്തിലും തന്റെ സ്വന്തമാകുന്നത് കാത്ത് അവൻ കണ്ണുകൾ അടച്ചുകിടന്നു. സൂര്യന്റെ നെഞ്ചിലെ മിടിപ്പിൽ ചെവിയോർത്തുകൊണ്ട് കുറ്റബോധം നിറഞ്ഞ മനസോടെ വിങ്ങലടക്കി ഇരുളിൽ കണ്ണുകൾ തുറന്ന് വച്ച് നിർമല കിടന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *