Story written by Saji Thaiparambu
========================
രണ്ട് ദിവസം മുൻപ് കോയമ്പത്തൂര് ജൗളി എടുക്കാൻ പോയ ഗീതയുടെ ഭർത്താവ് രഘു തിരിച്ച് വന്നത് ഏകദേശം പതിനാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുമായിട്ടാണ്
ഏതാ എട്ടാ ഈ പെൺകുട്ടി ?
അയാളുടെ ഭാര്യ അമ്പരപ്പോടെ ചോദിച്ചു
നമ്മള് ജൗളിയെടുക്കുന്ന കടയിലെ മാനേജര് അറുമുഖൻ്റെ മകളാണ്, പേര് ശാന്തിനി. കഴിഞ്ഞ ദിവസം അയാള് ഭാര്യയുമായി വഴക്കിട്ടപ്പോൾ പെട്ടെന്നുള്ള ദേഷ്യത്തിൽ കൊടുവാ- ളെടുത്ത് ഭാര്യയെ വെ- ട്ടി. നിർഭാഗ്യവശാൽ അവര് കൊ-, ല്ലപ്പെട്ടു. അതോടെ അയാള് ജയിലിലായി.
ഒറ്റപ്പെട്ട് പോയ ഈ കുട്ടിയെ ഏറ്റെടുക്കാൻ അയാളുടെയോ ഭാര്യയുടെയോ ബന്ധുക്കൾ തയ്യാറായില്ല, വിവരമറിഞ്ഞ് ചെന്ന ഞാൻ കണ്ടത് ഈ കുട്ടി നിസ്സഹായയായി തനിച്ചിരുന്ന് കരയുന്നതാണ്. അത് കണ്ടിട്ട് ഉപക്ഷിച്ച് വരാനും എനിക്ക് തോന്നിയില്ല, ഞാനിങ്ങ് കൂട്ടികൊണ്ട് പോന്നു.
നമുക്കും രണ്ട് പെൺമക്കളല്ലേടീ ,, ?ശിക്ഷാ കാലാവധി കഴിഞ്ഞ് അറുമുഖൻ തിരിച്ച് വരുമ്പോൾ നമുക്കിവളെ അവനോടൊപ്പം അയയ്ക്കാം.
അത് നന്നായി ചേട്ടാ, നമ്മുടെ മക്കളുടെ കൂട്ടത്തിൽ അവളും വളർന്ന് കൊള്ളും.
താൻ പ്രതീക്ഷിച്ചത് പോലെയുള്ള എതിർപ്പ് ഭാര്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതിരുന്നപ്പോൾ അയാൾക്ക് സമാധാനമായി. പക്ഷേ, ബന്ധുക്കളും നാട്ടുകാരുമൊന്നും അയാളുടെ വാക്കുകൾ വിശ്വസിച്ചില്ല
ഗീത ഒരു പൊട്ടിയാണ്. ഈ രഘു തമിഴ്നാട്ടിൽ പോകാൻ തുടങ്ങിയിട്ട് പത്തിരുപത് വർഷമായി. ഈ കുട്ടി അവൻ്റെ തന്നെയാകാനാണ് സാധ്യത. പെങ്കൊച്ച് വലുതായപ്പോൾ കെട്ടിച്ച് വിടാനായിട്ട് വീട്ടുകാര് ഇവനെ ഏല്പിച്ചതായിരിക്കും
പലരും പലതും പറഞ്ഞ് നടന്നെങ്കിലും ഗീത ഒന്നിനും ചെവികൊടുക്കാൻ പോയില്ല
നീ ഒഴിച്ച് മറ്റാരും എന്നെ വിശ്വസിച്ചിട്ടില്ല, എന്നിട്ടും നിനക്ക് യാതൊരു സംശയവുമില്ലാത്തതെന്താ ഗീതേ ?
ഏട്ടാ, നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ പതിമൂന്ന് കൊല്ലത്തോളമായി. ആദ്യരാത്രിയിലാണ് നമ്മള് പരസ്പരം മനസ്സ് തുറക്കുന്നത്. അന്ന് സംസാരിച്ചപ്പോൾ എനിക്കോ ഏട്ടനോ വിവാഹത്തിന് മുമ്പ് മറ്റൊരാളുമായിട്ടും യാതൊരു വിധ ബന്ധങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പരസ്പരം പറയുകയും വിശ്വസിക്കുകയും ചെയ്തവരാണ് നമ്മൾ. ആ വിശ്വാസത്തിൻ്റെ പുറത്താണ് ഇന്ന് വരെ നമ്മുടെ ദാമ്പത്യം യാതൊരു ഉലച്ചിലും കൂടാതെ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്, ഇതും അങ്ങനെ തന്നെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം
തൻ്റെ ഭാര്യയെ കുറിച്ചോർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി, അയാൾ അവളോട് യാത്ര പറഞ്ഞ് ജൗളിക്കടയിലേയ്ക്ക് പോയി
ഈ സമയം ഗീതയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു
ഹലോ. പറയൂ…
ആങ്ഹ് മേഡം, രഘുസാറ് പറഞ്ഞത് മുഴുവൻ സത്യം തന്നെയാണ്. ഞാനിവിടെ വന്നിട്ട് ഒരു ലോക്കൽ എൻക്വയറി നടത്തി. ആ കുട്ടി, അറുമുഖൻ്റെ മകള് തന്നെയാണ്. അയാളിപ്പോൾ ജയിലിലുമാണ്, ഇനിയെങ്കിലും മേഡം സമാധാനമായിരിക്ക്. പിന്നെ എൻ്റെ ഫീസിൻ്റെ ബാലൻസ് അയക്കാൻ മറക്കല്ലേ ?
അതിപ്പോൾ തന്നെ അയക്കാടോ…
ഗീത ഫോൺ കട്ട് ചെയ്തിട്ട് ഒരു ദീർഘശ്വാസമുതിർത്തു. ശാന്തിനിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഗീത ഏർപ്പാടാക്കിയ മൂന്നാമത്തെയും അവസാനത്തെയും പ്രൈവറ്റ് CID ആയിരുന്നു വിളിച്ചത്
പതിമൂന്നല്ല മുപ്പത് വർഷം ഒന്നിച്ച് താമസിച്ചാലും ആണുങ്ങളെ അങ്ങനെ കണ്ണുമടച്ച് വിശ്വസിക്കാൻ ഈ ഗീതയ്ക്കെന്നല്ല ഒരു സ്ത്രീയ്ക്കും കഴിയില്ല. അല്ല പിന്നെ….
പിറുപിറുത്ത് കൊണ്ട് ഗീത CID ക്കുള്ള ബാലൻസ് തുക അയച്ച് കൊടുത്തു
-സജി തൈപ്പറമ്പ്.