പിരിയാനാകാത്തവർ – ഭാഗം 12, എഴുത്ത്: അമ്മു സന്തോഷ്

ദിവസങ്ങൾ കഴിഞ്ഞു പോയി

ആ ശനിയാഴ്ചയും വൈകുന്നേരം എബി വരുന്നതും കാത്തു മുറ്റത്ത്‌ നിൽക്കുന്നുണ്ടായിരുന്നു ശ്രീ. അവന്റെ കാർ ഗേറ്റിനരികിൽ വന്നതും അവൾ ഓടി ചെന്ന് ഗേറ്റ് തുറന്നു കൊടുത്തു

അവൻ കാർ പാർക്ക്‌ ചെയ്തപ്പോഴേക്കും ഗേറ്റ് അടച്ചിട്ടു അടുത്ത് ചെന്നു

“പഠിക്കാൻ ഒന്നുമില്ലേ നിനക്ക്?”

“പഠിച്ചു.. കുറെ നേരം പഠിച്ചു. മോക്ക് ടെസ്റ്റ്‌ ഒക്കെ ചെയ്തു നോക്കി “

അവൻ പോക്കെറ്റിൽ നിന്ന് ചോക്ലറ്റ് എടുത്തു കൊടുത്തു

അവനെ കണ്ടപ്പോൾ സത്യത്തിൽ ആ നിമിഷം എന്താ ഉള്ളിൽ തോന്നിയതെന്ന് പറയാൻ ആവില്ലായിരുന്നു അവൾക്ക്

“മനു..”

ദൂരെ നിന്ന മനുവിനെ കൈ കാണിച്ചു വിളിച്ചു അവൻ

“ഡിക്കിയിൽ കുറച്ചു സാധനം ഉണ്ട്. എടുത്തു കൊണ്ട് ശ്രീയുടെ മുറിയിൽ വെച്ചേക്ക് “

“ശരി കുഞ്ഞേ “

അയാൾടെ കയ്യിൽ താക്കോൽ ഏൽപ്പിച്ചവൻ അകത്തേക്ക് നടന്നു

“എന്താ അത്?”

അവൾ തിരിഞ്ഞു നോക്കി

“അത് ബോം-, ബ് “

അവളുടെ കണ്ണ് മിഴിഞ്ഞു

അവൻ ചിരിച്ചു കൊണ്ട് ആ തലയിൽ തട്ടി “വിഡ്ഢി കുശ്മാണ്ടം വിശ്വസിച്ചു “

അവൾ ചിരിച്ചു

“എന്താ എബിച്ചായാ പറ “

“പോയി നോക്ക്..”

മനു അത് കൊണ്ട് മുകളിലേക്ക് പോയപ്പോൾ അവളും ഒപ്പം ചെന്നു

തന്റെ ഫോൺ, തന്റെ സർട്ടിഫിക്കറ്റ്കൾ, തന്റെ ബുക്സ്…ഇതെങ്ങനെ?

അവൾ ഓടി താഴെ ചെന്നു

“എബി ച്ചായാ.അതേയ് “

അവൻ ബാത്‌റൂമിൽ ആയിരുന്നു

“കുളിച്ചിട്ട് വരട്ടെടി. കിടന്നു അലറല്ലേ “

അവൾക്ക് സന്തോഷം കൊണ്ട് ഒന്ന് തുള്ളിചാടാൻ തോന്നി. തല തൂവർത്തി അവൻ വെളിയിൽ വന്നു

“എന്താ ബഹളം?”

“അതെങ്ങനെ എബിച്ചായാ കിട്ടിയത്?”

“നിന്റെ ത-, ന്തയെ ഞാൻ തട്ടി കളഞ്ഞു. എന്തെ?”

“അത് നന്നായി. അപ്പോൾ ഇച്ചായൻ ജയിലിൽ പോവൂലെ “

അവൾ താടിക്ക് കൈ കൊടുത്തു

“അവൻ മൂടി ചീകി ഷർട്ട്‌ എടുത്തിട്ട് തിരിഞ്ഞു

കട്ടിലിൽ ചമ്രം പടഞ്ഞിരിക്കുകയാണ് ശ്രീ

“അമ്മാച്ഛൻ പിടിച്ചു വിരട്ടി. അയാൾ സാധനം കൊണ്ട് തന്നു “

“അമ്മാച്ചൻ എന്ന് വെച്ചാ “

“എന്റെ അമ്മയുടെ ആങ്ങളയാ ഐ ജി.”

“ഉയ്യോ, എന്നിട്ടാണോ അന്ന് പോലീസ് പിടിക്കും. ഇവളെ എന്താന്ന് വെച്ചാ ചെയ്യ് എന്നൊക്കെ പറഞ്ഞെ “

അവന് ചിരി വന്നു

“അന്നത്തെ മനസ്സല്ലല്ലോ ഇപ്പോൾ?”

അവൾ നാണത്തിൽ ഒന്ന് നോക്കി

“നീ ഇപ്പോൾ എന്റെ സ്വന്തം അനിയത്തികുട്ടിയല്ലേ?”

അവളുടെ മുഖം ഒന്ന് മാറി

“ഞാൻ പോവാ “

അവൾ എഴുന്നേറ്റു

“ഇരിക്കേടി ചോദിക്കട്ടെ. പഠിച്ചത് “

അവൾ മനസില്ല മനസോടെ ഇരുന്നു. അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം പറഞ്ഞു

“അതേയ്.എനിക്കെ അനിയത്തി സ്ഥാനം വേണ്ട..”

അവന്റെ മുഖം പെട്ടെന്ന് മാറി

“അതെന്താ?”

“എനിക്ക് അത് വേണ്ട “

“പിന്നെ നിനക്ക് എന്ത് സ്ഥാനം വേണം? എന്റെ കെട്ടിയോളുടെ സ്ഥാനമോ.?”

“അതിപ്പോ വേണ്ട.. കുറച്ചു വർഷം കഴിഞ്ഞു മതി.”

മുഖം അടച്ച് ഒരടി വീണു അവളുടെ

“പ്രേമം.. തേങ്ങാക്കൊല.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അടങ്ങി ഒതുങ്ങി നിൽക്കാൻ പറ്റുമെങ്കിൽ നിന്നോ. ഇല്ലെങ്കിൽ ഞാൻ നിന്നെ സർക്കാരിന്റെ സംരക്ഷണത്തിലാക്കും. അതോ എനിക്കെതിരെ വല്ല പീ-, ഡനപരാതിയും കൊടുക്കാൻ ഉദ്ദേശക്കുന്നുണ്ടോ നീ?

“എബി?”

ഒരു ഗർജനം

തീ പോലെ കത്തുന്ന മുഖവുമായി ഡേവിഡ്

“എന്താ ഡാ നീ. ഇപ്പോൾ. പറഞ്ഞത്?”

ശ്രീക്കുട്ടി മെല്ലെ എഴുന്നേറ്റു മാറി നിന്നു. അവൾ വേദനയോട് അവനെ നോക്കി നിന്നു

“ഇവള് പറഞ്ഞത് പപ്പാ കേട്ടോ?”

“കേട്ടു. അത് കൊച്ചല്ലേ. പറഞ്ഞു മനസിലാക്കിയാൽ പോരെ.. നീ അല്ലേ കല്യാണം കഴിക്കും ഭാര്യ ആക്കും എന്നൊക്ക പറഞ്ഞത്. അത് വിചാരിച്ചു കാണും സത്യം ആണെന്ന് അല്ലേ മോളെ?”

അവൾ കണ്ണീരോടെ തലയാട്ടി

“മോളിങ്ങു വാ. അവൻ ചില സമയത്തു ചെ-, കുത്താൻ ആണ്..”

ഡേവിഡ് അവളെ കൂട്ടി കൊണ്ട് പോയി

എബിക്ക് തല പെരുക്കുന്ന പോലെ തോന്നി

“മോളെ അവൻ അന്ന് അത് പോലീസ് കാരുടെ മുന്നിൽ വെറുതെ പറഞ്ഞതാ..മോള് കുഞ്ഞല്ലേ.അത് മാത്രം അല്ല. എബിക്ക് മോളെ കല്യാണം കഴിക്കാൻ പറ്റില്ല .അനിയത്തി പോലെ കരുതി കൂടെ നിർത്തിയിട്ട്…ഈ ഇടവകയിൽ പിന്നെ ഞങ്ങൾ എങ്ങനെ തല ഉയർത്തി നിൽക്കും. ഉം?”

അവളുടെ കവിളിൽ കൂടി കണ്ണീർ ഒഴുകി കൊണ്ടിരുന്നു

“ക്ഷമിക്കണം “

അവൾ നിലത്തു ഇരുന്ന് ആ മുട്ടിൽ തല ചായ്ച്ചു

“അന്ന് അങ്ങനെ ഒക്കെ കേട്ടപ്പോ അറിയാതെ ഒരിഷ്ടം വന്നു പോയിട്ടാ..ഞാൻ ആയിട്ട് ഒരു നാണക്കേട് വരുത്തില്ല. എബി ച്ചായൻ പറഞ്ഞത് പോലെ. എന്നെ സർക്കാർ വക ഏതെങ്കിലും കേന്ദ്രത്തിൽ ആക്കിക്കോ ഞാൻ അവിടെ നിന്നോളം.”

“അതൊന്നും വേണ്ട.. ഇത്തരം ചിന്ത ഒക്കെ മനസിൽ നിന്ന് കളഞ്ഞേക്ക്. അഡ്മിഷൻ കിട്ടിയാൽ ഹോസ്റ്റലിൽ. നിന്നാൽ മതി.. കാണുമ്പോഴാണ് ഇഷ്ടം കൂടുന്നത്. എന്റെ മോനെ എനിക്ക് അറിയാം. പക്ഷെ…”

ശ്രീക്കുട്ടി ആ മുഖത്തേക്ക് നോക്കി. ആ പക്ഷെ തന്നെ കുറിച്ചാണ്. തന്നെ അറിയില്ലന്ന്. അവൾ മുഖം തുടച്ചു

“പപ്പാ ഞാൻ അവിവേകം ആണ് ചിന്തിച്ചത്. പറഞ്ഞതും. എനിക്ക് മനസ്സിലൊന്ന് പുറത്തൊന്നും അറിയില്ല. ആരെയും സ്നേഹിച്ചിട്ടുമില്ല..ആദ്യായിട്ടാ ഒരിഷ്ടം.. പപ്പാ പറഞ്ഞത് പോലെ ഇച്ചായൻ പോലീസ് കാരോട് പറഞ്ഞത് കേട്ടപ്പോ ഉള്ളിൽ തോന്നിയത. ഇനി എന്റെ കയ്യിൽ നിന്ന് ഒരു തെറ്റും വരില്ല. ഞാൻ ഹോസ്റ്റലിൽ നിന്നോളാ.. അല്ലെങ്കിലും ഇച്ചായൻ പറയുന്ന പോലെ ഞാൻ വിഡ്ഢി കൂശ്മാണ്ടമാ.. പപ്പാ വിഷമിക്കണ്ട.. ഇനി ഞാൻ നല്ല കുട്ടിയാ “

അവൾ മുഖം തുടച്ചു ചിരിക്കാൻ ശ്രമിച്ചു

“ഒന്ന് മാത്രം പപ്പാ എന്നോട് കരുണ കാണിക്കണം. എബി ച്ചായൻ ഇവിടെ ഉള്ളപ്പോ ഞാൻ മുറിയിൽ ഇരുന്നോളാം. എൻട്രൻസ് റിസൾട്ട്‌ വന്നാ ഉടനെ ഹോസ്റ്റലിൽ. പൊയ്ക്കോളാം.. എന്നെ കഴിക്കാൻ സമയത്തുമൊന്നു വിളിക്കരുത് ഞാൻ പിന്നെ. ഒറ്റയ്ക്ക് കഴിച്ചോളാം..”

അവളുടെ മുഖത്ത് അവന്റെ കൈ വിരലുകൾ നിലിച്ച് കിടക്കുന്നുണ്ടായിരുന്നു. അയാളുടെ ഹൃദയം പൊട്ടിപ്പോകുന്ന വേദന ഉണ്ടായി. പക്ഷെ ഇപ്പോൾ താൻ ദുർബലമായാൽ ഇത് തന്റെ നിയന്ത്രണത്തിൽ നിൽക്കില്ല എന്ന് അയാൾക്ക് മനസിലായി

അവൾ നടന്നു പോകുന്നത് അയാൾ വേദനയോട് നോക്കിയിരുന്നു

തുടരും…