പിരിയാനാകാത്തവർ – ഭാഗം 13, എഴുത്ത്: അമ്മു സന്തോഷ്

പിന്നീട് ഒരിക്കലും ശ്രീക്കുട്ടി എബിയുടെ മുന്നിൽ ചെന്നില്ല..അവൻ വീട്ടിൽ വരുമ്പോൾ. അവൾ മുറിയിൽ തന്നെ ഇരിക്കും. എബിയും അവളോട് സംസാരിക്കാൻ ചെല്ലാറില്ല

എന്തെങ്കിലും ഉണ്ടെങ്കിൽ പപ്പാ വഴി പറയും. അവളും അങ്ങനെ തന്നെ

എല്ലാവരും കഴിച്ചു കഴിഞ്ഞു അവൾ ഒറ്റയ്ക്ക് വന്നിരുന്നു കഴിക്കുന്നത് എബി കാണാറുണ്ട്. ചിലപ്പോൾ കരഞ്ഞു കൊണ്ട് കഴിക്കുന്നത് കാണാം. അവൻ വാതിൽ അടച്ചു കളയും

ചെറിയ കുട്ടിയാണ്. ഈ പ്രായത്തിന്റെ കുഴപ്പം ആണ്. അവൻ ഡെവിഡിന്റെ മുറിയിൽ ചെന്നു

“പപ്പാ…എനിക്ക് കല്യാണം നോക്കിക്കോ”

ഡേവിഡ് അതിശയത്തോടെ ഒന്ന് നോക്കി

“അതെന്താ ഇപ്പോൾ.?”

“എന്റെ കല്യാണം കഴിഞ്ഞാൽ അവള് ശരിയാകും. അല്ലെങ്കിൽ പ്രശ്നം ആണ് പപ്പാ.”

അത് അയാൾക്കും തോന്നിട്ടുണ്ട്..നല്ല സങ്കടം ഉണ്ട് അവൾക്ക് പുറമെക്ക് അഭിനയമാണ്. കുഞ്ഞ് മനസാണ്. ആരുമില്ലാത്ത ഒരു കുഞ്ഞ്. എബി മുറിയിലേക്ക് പോയിട്ടും അയാൾ അങ്ങനെ ഇരുന്നു

എഞ്ചിനീയറിംഗ് എൻട്രൻസ് റിസൾട്ട്‌ വന്നു. നല്ല റാങ്ക് ഉണ്ട് അവൾക്ക്

ക്ലാസ്സ്‌ തുടങ്ങുന്നതിനു രണ്ടു ദിവസം മുന്നേ ഡേവിഡ് അവളെ ഹോസ്റ്റലിൽ. കൊണ്ട് വിട്ടു

“നന്നായി പഠിക്കണം കേട്ടോ..”

അവൾ തലയാട്ടി. തിരിച്ചു വരുമ്പോൾ ഡേവിഡ് എബിയുടെ ഓഫീസിൽ കയറി

“ഹോസ്റ്റലിൽ ആക്കി “

എബി ഒന്ന് മൂളി

“പാലായിലെ നമ്മുടെ ജേക്കബ് ചേട്ടന്റെ മോളുടെ ഒരു ആലോചന വന്നിട്ടുണ്ട്..ഞായറാഴ്ച പോയി കണ്ടാലോ “

“പപ്പാ പറയുന്ന പോലെ “

അവൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. അയാൾ എഴുന്നേറ്റു..പപ്പാ പോകുന്നത് അവൻ നോക്കിയിരുന്നു. അവൻ പേപ്പർ വെയിറ്റ് കറക്കി കൊണ്ടിരുന്നു

ഗിരി കയറി വന്നപ്പോൾ അവൻ പെട്ടെന്ന് മുഖത്ത് ഒരു ചിരി വരുത്തി

“നീയെന്താ പെട്ടെന്ന്..?”

“അനിയത്തിക്ക് അഡ്മിഷൻ ആയി. ഞാൻ അവളെ കൊണ്ട് വിട്ടിട്ട് വന്നതാ “

“എവിടെ?”

“എഞ്ചിനീയറിംഗ് കോളേജിൽ..അവൾക്ക് ഹോസ്റ്റലിൽ നിന്നാൽ മതി എന്ന് വാശി. അല്ലെങ്കിലും വീട്ടിൽ നിന്ന് നല്ല ദൂരമുണ്ട്. ഹോസ്റ്റൽ ആണ് സേഫ്..”

അവൻ വെറുതെ ചിരിച്ചു

“ആ കൊച്ച് ശ്രീപാർവതി ആ കോളേജിൽ അല്ലേ”

“ഉം “

“ഹോസ്റ്റലിൽ?”

“ഉം “

“ചിലപ്പോൾ ഇവർ ഒരു ക്ലാസ്സിൽ ആയിരിക്കും. അവളും സിവിൽ ആണ് “

“ഉം.”

“നീ എന്തോന്നാ koom koom.. ആ കൊച്ച് ഇഷ്ടം ആണെന്ന് പറഞ്ഞു നീ അവളുടെ മുഖത്ത് ഒന്ന് കൊടുത്തു ഒഴിവാക്കി. അവിടെ തീർന്നു. ഇനിയവള് പഠിച്ചു വല്ല ജോലിക്കും പൊയ്ക്കോളും. നീ അത് കള..”

“ആ..”

അവൻ ഒരു സി-, ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു

“അത് ശരി ഇത് ശീലം ഇല്ലാഞ്ഞതാണല്ലോ..”

“ഞാൻ അവളെ തല്ലി…അത് ഒഴിവാക്കാമായിരുന്നതാ ഗിരി.കാര്യം പറഞ്ഞു മനസിലാക്കിയ മതിയാരുന്നു
ബുദ്ധി ഉള്ള കൊച്ചാ..പറഞ്ഞാൽ മനസിലാകും. പകരം.”

“പോട്ടെടാ..സാരമില്ല. നീ കല്യാണം കഴിക്കാൻ പോവാണെന്നു ഡാനി പറഞ്ഞു..എന്തായി?”

“ഞായറാഴ്ച ഒരു പെണ്ണുകാണൽ ഉണ്ട്
വരുന്നോ കൂടെ.. ഒരു ടെൻഷൻ പോലെ “

ഗിരി അവനെ തന്നെ നോക്കിയിരുന്നു

“വരാം “

അവൻ ആ കയ്യിൽ ഒന്ന് അമർത്തി

ഗിരി പോയി. എബിക്ക് ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടായിരുന്നു

റെയിൽവേ ട്രാക്കിലൂടെ ഓടാൻ ശ്രമിക്കുമ്പോളാണ് ആദ്യമായി അവളെ തല്ലിയത്. പക്ഷെ എന്നിട്ടും തന്റെ നെഞ്ചിൽ വീണു കരഞ്ഞതേയുള്ളു. പിണക്കമോ വഴക്കോ ഒന്നും കാണിച്ചില്ല. പക്ഷെ ഇക്കുറി അങ്ങനെ അല്ലായിരുന്നു. മാറിപ്പോയി. തന്റെ ദൃഷ്ടിയിൽ പെടാതെ ഒഴിഞ്ഞ് മാറി

റിസൾട്ട്‌ വന്നപ്പോൾ പോലും വന്നു പറഞ്ഞില്ല. താൻ അറിഞ്ഞിരുന്നു. പക്ഷെ അവള് വന്നില്ല

ഹോസ്റ്റലിലേക്ക് പോകുമ്പോഴും വന്നു പറഞ്ഞില്ല. താൻ ആരുമല്ലാതായി പെട്ടെന്ന്.

അവൻ പുറത്തേക്ക് നോക്കിയിരുന്നു

ഞായറാഴ്ച

ഗിരി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഡേവിഡ് ഒഴിഞ്ഞു

നിങ്ങൾ പോയിട്ട് വാ എന്നായി

അവർ ഡാനിയെ കൂടി കൂട്ടി

പെൺകുട്ടി ഡോക്ടർ ആണ്. പേര് നൈന, നല്ല കുട്ടി, പക്വത ഉള്ള സംസാരം

ഒറ്റയ്യ്ക്ക് സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാമെന്ന് ആരോ പറഞ്ഞപ്പോൾ അവർ തനിച്ചായി

“ഹായ് “നൈന പറഞ്ഞു

അവൻ അതെ പോലെ പ്രതിവചിച്ചു

“എബി അല്ലേ?”

അവൻ ഒന്ന് മൂളി. പിന്നെ എന്ത് പറയണം എന്നറിയാത്ത പോലെ

“എബിക്ക് ഈ ആലോചന താല്പര്യമില്ല?”

എബി ഒന്ന് ഞെട്ടി

“അതെന്താ?”

“മുഖം അങ്ങനെ പറയുന്നുണ്ട് “

“താല്പര്യമില്ല എങ്കിൽ ഞാൻ എന്തിനാ ഈ ദൂരം അത്രയും കാർ ഓടിച്ചു വന്നത്?”

“അത് ഇഷ്ടായി..പക്ഷെ എബിക്ക് ഇത് അത്ര ഇഷ്ടായിട്ടില്ല “

“ഇഷ്ടം ഒറ്റ കാഴ്ചയിൽ തോന്നുമോ.?”

“ഇല്ലേ?”

“ഇല്ല “

“എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടല്ലോ.”

അവൻ ഒന്നും മിണ്ടിയില്ല. ഇത് തന്നെയല്ലേ ശ്രീകുട്ടിയും പറഞ്ഞത്. തന്നെ ഇഷ്ടം ആണെന്ന്. അവളുടെ മുഖം അടച്ച് അടി കൊടുത്ത് ആക്ഷേപിച്ച് ഇറക്കി വിട്ടു

“എബി?”

അവൻ പെട്ടെന്ന് ചിന്തയിൽ നിന്നു ഉണർന്നു

“സമയം എടുത്തോളൂ.. എനിക്കിപ്പോ പിജി എക്സാം ടൈം. ആണ്. അത് കഴിഞ്ഞു മതി “

അവൻ ഒന്ന് മൂളി

“എബി ഞാൻ ഒരു കാര്യം ചോദിച്ച ബുദ്ധിമുട്ട് ആകുമോ.?”

“ചോദിച്ചോളൂ “

“എബിക്ക് റിലേഷൻ ഉണ്ടായിരുന്നോ”

“ഇല്ല. ആദ്യമായി കല്യാണം ആലോചിച്ച പെണ്ണ് താനല്ല. ഒരു കല്യാണം മുടങ്ങി. പക്ഷെ അത് പ്രണയം ആയിരുന്നില്ല “

“അത് എനിക്ക് അറിയാം..അല്ലാതെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?”

“അതെന്താ അങ്ങനെ ഒരു ചോദ്യം?”

“ഒന്നുമില്ല. മുഖം കണ്ടപ്പോ തോന്നി “

അവൻ എഴുന്നേറ്റു

“ശരി കാണാം. എക്സാം ഒക്കെ നന്നായി എഴുത്. പപ്പാ വിളിക്കും ‘

നൈനക്ക് സത്യത്തിൽ അവനെ വളരെ ഇഷ്ടം ആയിരുന്നു. അവന്റെ മുഖവും കണ്ണുകളും അവളുടെ ഉള്ളിൽ പതിഞ്ഞു. തിരിച്ചു വരുമ്പോൾ ഗിരി അവന്റെ കയ്യിൽ ഒന്ന് പിടിച്ചു

“പോസിറ്റീവ് ആണോ?”

ഡാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവനാണ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നത്

“കുഴപ്പമില്ല..കുറച്ചു സമയം വേണം “

അവൻ പറഞ്ഞു

“എന്തോന്ന് കുഴപ്പമില്ലന്ന്..”

“നീയെന്താ ചോദിച്ചത്?”

“കല്യാണത്തിന് പോസിറ്റീവ് അഭിപ്രായം ആണോന്ന് “

“ഓ അതാണോ.?”

“ഇവനെന്താ ഭ്രാന്ത് ആണോ.? എടാ ആ പെണ്ണിനെ ഇഷ്ടപ്പെട്ടോ?”

“ആ “

അവൻ അലസമായി പറഞ്ഞു

എബിച്ചായാ…

ഒരു വിളി.

അവൻ കണ്ണുകൾ ഇറുക്കി അടച്ചു

തുടരും…