“ഞാൻ നിർമലയെ മനസ്സിലാക്കിയത് പോലെ മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ലല്ലോ. അപ്പോ അവരുടെ കണ്ണിൽ എന്റെ ഭാര്യ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കപ്പെടില്ലേ. ഇതൊക്കെ കേട്ടിട്ട് നിർമല ഒരു മോശം പെണ്ണായി നിനക്കും തോന്നുന്നുണ്ടോ നീലു.” സൂര്യന്റെ ശബ്ദം നേർത്തു പോയിരുന്നു.
“ഒരിക്കലുമില്ല സൂര്യേട്ടാ… അറിഞ്ഞ് കൊണ്ടൊരിക്കലും ചേച്ചിക്ക് ഏട്ടനെ ചതിക്കാൻ കഴിയില്ല. അങ്ങനെയല്ലേ സൂര്യേട്ടൻ ചേച്ചിയെ സ്നേഹിച്ചത്. പിന്നെ നടന്നതൊന്നും തുറന്ന് പറയാൻ കഴിഞ്ഞില്ല… ആ ഒരു തെറ്റ് മാത്രമാണ് നിർമല ചേച്ചിക്ക് പറ്റിയത്. എല്ലാം അറിഞ്ഞു കഴിഞ്ഞാലുള്ള സൂര്യേട്ടന്റെ പ്രതികരണമോർത്തു ഭയന്നല്ലേ പാവം ഒന്നും പറയാത്തത്. ഏട്ടനെ വീണ്ടും ജയിലിൽ കേറ്റാൻ ആഗ്രഹിച്ചിട്ടുണ്ടാവില്ല.
അന്നുതന്നെ ഇക്കാര്യം സൂര്യേട്ടൻ അറിഞ്ഞിരുന്നെങ്കിൽ ആ മഹേഷെന്ന് പറയുന്നവനെ സൂര്യേട്ടൻ കൊ- ല്ലാൻ പോലും മടിക്കില്ലായിരുന്നല്ലോ, അല്ലെ?”
“ശരിയാണ് നീ പറഞ്ഞത്. ഒരുപക്ഷെ നിർമല എന്നോടിതെല്ലാം അന്നുതന്നെ പറഞ്ഞിരുന്നെങ്കിൽ മഹേഷിനെ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് പോലും പറയാൻ പറ്റില്ല. അപ്പോഴത്തെ ദേഷ്യത്തിന് അവനെ കൊ- ന്നിട്ട് ജയിലിൽ പോകാനും ഞാൻ മടിക്കില്ല. ഇപ്പോഴും അവനെ വെ- ട്ടി നുറുക്കണം എന്നാണ് എന്റെ മനസ്സിൽ.
എന്റെ കുടുംബം തകർത്ത ആ ചെ- റ്റയെ ഇനി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. അവൻ കാരണം ഇനിയാരുടെയും കുടുംബം തകരാൻ പാടില്ല. ഒരു പെണ്ണും അവന്റെ ചതിക്കുഴിയിൽ വീഴാൻ പാടില്ല. മഹേഷിനെ എന്റെ കൈയിൽ കിട്ടി കഴിഞ്ഞാൽ പിന്നെ ഈ കൈകൊണ്ട് തന്നെ തീർക്കും ഞാനവനെ.” കോപത്തോടെ വലത് കൈമുഷ്ടി ചുരുട്ടി പിടിച്ച് അവനത് പറയുമ്പോൾ നീലിമ അവന്റെ അടുത്ത് വന്നിരുന്നു.
“അരുത് സൂര്യേട്ടാ… മഹേഷിനെ കൊ- ന്നിട്ട് ഏട്ടൻ പിന്നെയും ജയിലിലേക്ക് പോകാനോ? ചെയ്യാത്ത തെറ്റിന് കുറെ കൊല്ലം അവിടെ കിടന്ന് മതിയായില്ലേ?”
“പിന്നെ എന്റെ നിർമലയെ ഇല്ലാതാക്കിയവനെ ഞാൻ എന്ത് ചെയ്യണമെന്നാ നീ പറയുന്നത്? അവനെ ജയിലിൽ കിടന്ന് തിന്ന് കൊഴുക്കാൻ വിടില്ല ഞാൻ.”
“എന്നെ തനിച്ചാക്കി പോവാൻ ഏട്ടന് പറ്റുമോ? ഈ താലി കഴുത്തിൽ വീണപ്പോൾ മുതൽ സൂര്യേട്ടൻ എനിക്ക് ഭർത്താവ് തന്നെയാണ്.”
“പക്ഷേ എനിക്ക് നീ ഭാര്യയല്ല നീലു. നിന്നെ സംരക്ഷിക്കാൻ എന്റെ മുന്നിൽ മറ്റ് വഴിയൊന്നും ഇല്ലാതിരുന്നത് കൊണ്ട് മാത്രം അങ്ങനെ ചെയ്‌തെന്നേയുള്ളു.”
“പക്ഷേ എനിക്ക്…”
“വേണ്ട നീയൊന്നും പറയണ്ട. രതീഷിന്റെ കാര്യത്തിലൊരു തീരുമാനമായാൽ നിന്നെ ഞാനിവിടുന്ന് ഹോസ്റ്റലിലേക്ക് മാറ്റും. അതിലൊരു മാറ്റവുമില്ല. അതുകൊണ്ട് എന്റെയൊപ്പമൊരു ജീവിതം നീ വെറുതെ മോഹിക്കണ്ട നീലു. അവസാനം നിനക്ക് ദുഃഖിക്കേണ്ടി വരും.” സൂര്യന്റെ മുഖം കടുത്തിരുന്നു.
“അങ്ങനെയൊന്നും പറയല്ലേ സൂര്യേട്ടാ… കുഞ്ഞുനാൾ മുതൽ ഏട്ടനെ സ്നേഹിച്ചിരുന്നവളല്ലേ ഞാനും. എന്റെ അറിവില്ലായ്മ കൊണ്ട് മറ്റുള്ളവരെ വാക്ക് കേട്ട് സൂര്യേട്ടനെ ഞാൻ അവിശ്വസിച്ചത് കൊണ്ടല്ലേ ഏട്ടൻ ഇന്നെനിക്ക് അന്യനെ പോലെ ആയിപോയത്.
എന്നെ സ്നേഹിക്കണമെന്നോ ഒന്നും ഞാൻ ആവശ്യപ്പെടില്ല. എന്റെ മരണം വരെ സൂര്യേട്ടനോടൊപ്പം ഇവിടെ കഴിഞ്ഞാൽ മതി. ഒരു ഭാര്യയ്ക്ക് അവകാശപ്പെട്ട ഒന്നും എനിക്ക് വേണ്ട.” പൊട്ടിക്കരഞ്ഞുകൊണ്ടവൾ അവന്റെ കാൽക്കലേക്ക് ഇരുന്നു.
“അതൊന്നും ഇനി നടക്കില്ല. ഞാനെല്ലാം തീരുമാനിച്ചു കഴിഞ്ഞു.”
നീലിമയെ നിഷ്കരുണം തള്ളിമാറ്റി സൂര്യൻ പുറത്തേക്കിറങ്ങി പോയി.
“നീ വിഷമിക്കണ്ട മോളെ… സൂര്യന്റെ മനസ്സ് അത്ര പെട്ടെന്നൊന്നും മാറില്ല.” അവളെ സമാധാനിപ്പിക്കാനെന്നോണം ശാരദ പറഞ്ഞു.
“സൂര്യേട്ടനെന്താ ചേച്ചി ഇങ്ങനെ…” കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നീലിമ അവരെ നോക്കി.
“നിർമലയെ അവൻ അത്രയധികം സ്നേഹിച്ചിരുന്നു മോളെ. ആ സ്ഥാനത്തു നിന്നെ കാണാൻ അവന് കഴിയില്ല. നിർമലയുടെ അവസ്ഥ നീയൊന്ന് ഓർത്ത് നോക്ക്. ആ പാവം എത്ര വേദന സഹിച്ചിട്ടുണ്ടാവും. ഒരു ദിവസം പോലും ഭാര്യാ ഭർത്താക്കന്മാരെ പോലെ സന്തോഷത്തോടെ ജീവിക്കാൻ അവർക്ക് കഴിഞ്ഞില്ല.
ആ ദുഷ്ടൻ അവരുടെ സ്വപ്നങ്ങളൊക്കെ തല്ലി കെടുത്തി അവളുടെ ജീവനും അപഹരിച്ചില്ലേ. ഇതൊക്കെ മറന്ന് ഒരു ജീവിതം സൂര്യനെ കൊണ്ട് പറ്റുമെന്ന് നിനക്ക് തോന്നുന്നോ. അതുകൊണ്ട് അവനെ അവന്റെ വഴിക്ക് വിട്ടേക്ക്. എന്നെങ്കിലും സൂര്യന്റെ മനസ്സ് മാറിയാൽ നിന്നെ കൈപിടിച്ച് ജീവിതത്തിലേക്ക് കൂട്ടാൻ അവൻ വരും.
മോൾടെ പ്രായം ചെറുതല്ലേ… പഠിക്കാനും ഒരു ജോലി വാങ്ങാനുമൊക്കെ ഒത്തിരി സമയമുണ്ട്. പ്രായവും പക്വതയുമെത്തുമ്പോൾ സൂര്യനോട് ഇപ്പോഴുള്ള ഇഷ്ടം അപ്പോഴുമുണ്ടെങ്കിൽ ഈശ്വരൻ തന്നെ നിങ്ങളെ ചേർത്ത് വയ്ക്കും.”
“ഇനി എന്തൊക്കെ സംഭവിച്ചാലും എന്റെ ഇഷ്ടത്തിനൊരു കുറവും വരില്ല ചേച്ചി.” അവളുടെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.
******************
നിർമലയുടെ അച്ഛന്റെ ഫോൺ വന്നിട്ട്, അങ്ങോട്ടേക്കുള്ള യാത്രയിലായിരുന്നു സൂര്യനും അഭിഷേകും. രതീഷ് കുറച്ചു ദിവസമായി പനി പിടിച്ച് കിടപ്പിലായതിനാൽ തങ്ങളിവിടുന്ന് മാറി നിൽക്കുന്ന സമയം അവനെ കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും.
പക്ഷേ അതൊക്കെ അവരുടെ കണ്ണിൽ പൊടിയിടാനുള്ള രതീഷിന്റെ അടവായിരുന്നു. അത് മനസ്സിലാക്കാൻ മാത്രം അവർക്ക് സാധിച്ചതുമില്ല. ശാരദയെ കൊ-ല്ലനായി പോയിട്ട് നിരാശനായി തിരിച്ചു മടങ്ങിയ ആ രാത്രി തന്നെ മച്ചിൽ ഒളിപ്പിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട വിവരം രതീഷ് അറിഞ്ഞിരുന്നു. അവിടെ തന്നെ മറ്റൊരു തകരപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായിട്ടില്ല. അപ്പോൾ പിന്നെ കള്ളൻ കയറി കൊണ്ട് പോയതല്ലെന്നും സൂര്യൻ തന്റെ പിന്നാലെ ഉണ്ടായിരുന്നുവെന്നും അവൻ ഊഹിച്ചു.
സ്വർണം കണ്ടെടുത്തു ഒരാഴ്ച കഴിഞ്ഞിട്ടും തന്നെ തേടി സൂര്യൻ വരാതിരുന്നപ്പോൾ തന്നെ രതീഷിന് അപകടം മണത്തു. അവനെക്കാൾ മുൻപേ താൻ തിരിച്ചടിച്ചിരിക്കണമെന്ന് കരുതി അവൻ അവസരത്തിനായി കാത്തിരുന്നു.
ആവണിശ്ശേരിയിൽ കയറി പരിശോധന നടത്തിയ സ്ഥിതിക്ക് തന്റെ ഫോട്ടോ വല്ലതും സൂര്യന് കിട്ടിക്കാണുമെന്ന് രതീഷിന് ഉറപ്പായി. താനാണ് നിർമലയുടെ പൂർവ്വ കാമുകൻ മഹേഷെന്ന് അവന് സംശയമായി കാണുമെന്നും, തന്റെ സംശയം ശരിയാണെങ്കിൽ സൂര്യൻ അതേക്കുറിച്ചുള്ള അന്വേഷണത്തിലായിരിക്കുമെന്നും രതീഷ് കണക്ക് കൂട്ടി.
തന്റെ ധാരണകൾ ശരിയായിരുന്നുവെന്ന് സൂര്യൻ രാവിലെ, ജീപ്പിൽ എങ്ങോട്ടോ പോകുന്നത് കണ്ടപ്പോൾ അവന് ഉറപ്പായി. അതൊരുപക്ഷെ നിർമലയുടെ വീട്ടിലേക്കായിരിക്കും എന്നും രതീഷ് ഊഹിച്ചു. തന്റെ ഫോട്ടോ കണ്ടാൽ അവളുടെ അച്ഛൻ ഉറപ്പായും തന്നെ തിരിച്ചറിയും.
“അടുത്ത കൊ- ലപാതകം നടത്താൻ സമയമായി… എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചവനാണ് സൂര്യൻ. ബോംബെയിലേക്ക് പെൺകുട്ടികളെ കയറ്റി അയക്കുന്നൊരു മാർവാടിക്ക് വില പറഞ്ഞുറപ്പിച്ച് വച്ചതായിരുന്നു നീലിമയെ. അതിനായി അഡ്വാൻസും മാസങ്ങൾക്ക് മുൻപേ വാങ്ങി കഴിഞ്ഞു. പക്ഷേ എല്ലാം തെറ്റി.
സൂര്യൻ തിരിച്ചെത്തുന്നതിന് മുൻപ് തന്നെ നീലിമയെ സ്വന്തമാക്കണം. എന്നെ തിരിച്ചറിഞ്ഞ് അവനെത്തുമ്പോൾ നല്ലൊരു സ്വീകരണം ഒരുക്കണം. എന്നെ ജയിക്കാൻ നീയൊരു ജന്മം കൂടി ജനിക്കണം സൂര്യാ.” രതീഷിന്റെ മുഖത്ത് ക്രൂ-രമായൊരു പുഞ്ചിരി വിടർന്നു.
എളിയിൽ ഒരു ക-ഠാര തിരുകി അവൻ അമ്പാട്ട് പറമ്പിൽ ലക്ഷ്യമാക്കി നടന്നു. നട്ടുച്ച നേരമായതിനാൽ വഴിയിലെങ്ങും ആരുമുണ്ടായിരുന്നില്ല.
പടിപ്പുരയ്ക്ക് പുറത്ത് നിന്ന് ഒന്നെത്തി നോക്കിയപ്പോൾ മുൻ വാതിൽ അടഞ്ഞു കിടക്കുന്നത് രതീഷ് കണ്ടു. തറവാടിനെ ഒന്ന് വലം വച്ച് അവൻ തെക്കേ പറമ്പിന്റെ തകർന്ന് കിടന്ന വേലി ചാടി പറമ്പിലേക്ക് പ്രവേശിച്ചു.
നിർമലയെ കൊ-ലപ്പെടുത്തിയ രാത്രി തറവാടിനുള്ളിലേക്ക് കയറി പറ്റിയ അതേ വഴികളിലൂടെ ചിരപരിചിതനെ പോലെ രതീഷ് ചുവടുകൾ വച്ചു. കുളത്തിന്റെ അരിക് പറ്റി മറപ്പുര വഴി അവൻ തറവാടിനുള്ളിലേക്ക് പ്രവേശിച്ചു.
“ചേച്ചി… ഞാൻ കുളിച്ചിട്ട് വരാമേ…” പെട്ടെന്ന് നീലിമയുടെ ശബ്ദം കേട്ടതും രതീഷ് മറഞ്ഞു നിന്നു.
നീലിമ നടന്ന് കുളിമുറിക്കുള്ളിൽ കയറുന്നത് അവൻ കണ്ടു. രതീഷ് ശബ്ദമുണ്ടാക്കാതെ പിന്നാലെ ചെന്ന് കുളിമുറിയുടെ വാതിൽ പുറത്ത് നിന്ന് അടച്ചു. ശേഷം അവന്റെ ശ്രദ്ധ ശാരദയിലേക്ക് നീണ്ടു.
അവർ അടുക്കളയിൽ എന്തോ പാചകത്തിലായിരുന്നു. അപകടം തൊട്ട് പിന്നിൽ വന്ന് നിന്നതറിയാതെ തന്റെ പണികളിൽ മുഴുകി നിൽക്കുകയാണ് വൾ.
രതീഷ് എളിയിൽ തിരുകിയിരുന്ന കഠാര പുറത്തെടുത്തു. പിന്നെ ശബ്ദമുണ്ടാക്കാതെ പതുങ്ങി പതുങ്ങി ശാരദയുടെ അടുത്തെത്തി.
എന്തോ ഒരുൾപ്രേരണയാൽ വെറുതെയൊന്ന് പിന്തിരിഞ്ഞു നോക്കിയ ശാരദ കയ്യിൽ കഠാരയുമായി തന്നെ കുത്താനോങ്ങി നിൽക്കുന്ന രതീഷിനെ കണ്ടതും നിലവിളിക്കാനൊരുങ്ങി. പക്ഷേ അതിന് മുൻപേ അവനവരുടെ വായ പൊത്തിപ്പിടിച്ചു. സമയമൊട്ടും പാഴാക്കാതെ ശാരദയുടെ വയറ്റിൽ കഠാര കു- ത്തിയിറക്കുമ്പോൾ വേദനയോടെ അവർ അവന്റെ കൈയിൽ കിടന്ന് പിടഞ്ഞു.
ചൂട് ചോര രതീഷിന്റെ ശരീരം മുഴുവൻ തെറിച്ചു. കുത്തിയ കഠാര വലിച്ചൂരി ഒന്നൂടെ കുത്തിയിറക്കി. അമർത്തിയ ഒരു തേങ്ങൽ മാത്രം അവരിൽ നിന്നുയർന്നു. ഒടുവിൽ ശാരദയുടെ ശരീരം പിടഞ്ഞു പിടഞ്ഞു നിശ്ചലമാകുന്നത് വരെ രതീഷ് അവരിലെ പിടി വിട്ടില്ല.
അതേസമയം കുളിമുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ശാരദയെ വിളിക്കുകയായിരുന്നു നീലിമ. ശാരദയെ അവിടെയിട്ടിട്ട് രതീഷിന്റെ ശ്രദ്ധ അവളിലേക്ക് നീണ്ടു.
“ചേച്ചി… ചേച്ചി… ഈ വാതിലൊന്ന് തുറക്കോ. ഇതെന്താ പുറത്തൂന്ന് അടച്ചിട്ടുണ്ടോ?” നീലിമ വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി.
പുറത്ത് നിന്ന് കുറ്റി മാറ്റുന്ന ശബ്ദം കേട്ടതും അവൾ വാതിൽ തള്ളി തുറന്നു. കുളിമുറിയിൽ നിന്ന് പുറത്തിറങ്ങിയതും തൊട്ട് മുന്നിൽ ചോര പുരണ്ട വസ്ത്രങ്ങളുമായി തന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുന്ന രതീഷിനെ കണ്ടതും നീലിമയ്ക്ക് ശ്വാസം നിലച്ചപോലെ തോന്നി.
ഈറനോടെ നിൽക്കുന്ന അവളുടെ ശരീരത്തിലേക്ക് കാ- മാ- സക്തിയോടെ നോക്കുന്നവനെ കണ്ട് അവൾക്ക് ഭയമേറി.
“ശാരദേച്ചി….” ഭീതിയോടെ അവൾ വിളിച്ചു.
“നിന്റെ ചേച്ചിയെ കൊ- ന്നിട്ടാ ഞാനിവിടെ നിൽക്കുന്നത്. നിനക്ക് വേണ്ടി ആരെ കൊ- ല്ലാനും എനിക്ക് മടിയില്ല. ഇന്ന് നിന്റെ രക്ഷയ്ക്ക് ഒരാളും വരില്ല നീലിമേ.” അവളുടെ മുടിക്കുത്തിൽ പിടുത്തമിട്ട് രതീഷ് വല്ലാത്ത ഭാവത്തിൽ ചിരിച്ചു.
ശ്വാസം വിലങ്ങി, ഭയന്ന് വിറച്ചു നിന്ന നീലിമ അവന്റെ കൈകളിലേക്ക് തന്നെ കുഴഞ്ഞു വീണു.
തുടരും……