പിരിയാനാകാത്തവർ – ഭാഗം 19, എഴുത്ത്: അമ്മു സന്തോഷ്

“ഹലോ ശ്രീപാർവതി “

കാർത്തിക് ചേട്ടൻ, സീനിയർ

ശ്രീ നിന്നു

“ചേട്ടൻ ഇന്ന് ഒറ്റയ്ക്കാണോ. കൂട്ടുകാരൊക്ക എവിടെ?”

അവൾ സൗഹൃദത്തിൽ ചിരിച്ചു. കാർത്തിക്കും ചിരിച്ചു

“താൻ കൊള്ളാം കേട്ടോ. ഞങ്ങൾ സീനിയർസിന് നല്ല അഭിപ്രായം ആണ് തന്നെ “

“താങ്ക്യൂ “

“വീടെവിടെയാ?”

“അടുത്ത..”

“അടുത്തെന്ന് വെച്ചാൽ..”

“ഗുരുവായൂർ “

“ആഹാ പിന്നെ എന്താ ഹോസ്റ്റൽ?”

“അമ്മ മരിച്ചു പോയി. ഒരു ഏട്ടൻ ഉള്ളത് വെളിയിലാ. അച്ഛൻ വയനാട്ടിൽ അതാണ് “

അങ്ങനെ പറഞ്ഞാൽ മതി എന്ന് അവളോട് എബി പറഞ്ഞിട്ടുണ്ട് 

“ചേട്ടന്റെ വീടെവിടെയാ “

“ടൗണിൽ തന്നെ.”

അവളുടെ ക്ലാസ്സ്‌ റൂം എത്തി

“പോട്ടെ “

കാർത്തിക് തലയാട്ടി. വർഷം ഒന്ന് കഴിയാൻ പോകുന്നു. ഇവളോട് ഒന്നും പറയാനും പറ്റില്ല ആ മുഖം കാണുമ്പോൾ. കൂട്ടുകാർ കളിയാക്കി കൊ-, ല്ലുവാ. ഇഷ്ടം ആണെന്ന് എങ്ങനെ പറയും

“അതെ ശ്രീ.. ഒരു മിനിറ്റ് “

അവൾ നിന്ന്

“ഐ ലവ് യൂ പറയാനാ കുറെ ദിവസം കൊണ്ട് ചെരിപ്പ് തേഞ്ഞു നടക്കുന്നെ. ഇനിം പറഞ്ഞില്ലെങ്കിൽ ശരിയാകില്ല “

ശ്രീ ചിരിച്ചു

“ഞാൻ കമ്മിറ്റിഡ് ആണ് ചേട്ടാ. കോഴ്സ് കഴിഞ്ഞാൽ കല്യാണം നടക്കും. ഉറപ്പിച്ചു വെച്ചേക്കുവാ “

കാർത്തിക്കിന്റെ മുഖം വല്ലാതെയായി

“ഓ സോറി “

“സാരമില്ല ചേട്ടാ..”

അവൾ ചിരിച്ചു കൊണ്ട് പോയി

ആ വെള്ളിയാഴ്ച ഹോസ്റ്റലിൽ അവൾക്ക് ഒരു വിസിറ്റർ ഉണ്ടായിരുന്നു

വൈശാഖ്…

ഏട്ടനെ കണ്ടതും അവളുടെ മുഖം ഇരുണ്ടു. വൈശാഖ് എഴുന്നേറ്റു അടുത്ത് വന്നു

“കുറെ അന്വേഷിച്ചു. ഒടുവിൽ അച്ഛൻ ആണ് പറഞ്ഞത് ഇവിടെ ആണെന്ന്. മോൾക്ക് എന്തിനാ ഇത്രയും വെറുപ്പ്.”

“ഏട്ടൻ പോയെ..എനിക്ക് നിങ്ങളുടെ ഒരു കാര്യവും കേൾക്കുകയും വേണ്ട, അറിയുകയും വേണ്ട “

“എടി ഇവിടെ കിടന്നു ഷോ കാണിച്ചാൽ പൊക്കിയെടുത്തു കാറിൽ ഇട്ടോണ്ട് പോകും. ഞാൻ നിന്റെ ബ്രദർ ആണ് കാമുകൻ അല്ല. കേട്ടോ. മര്യാദക്ക് വന്നോണം “

“അവള് വരുന്നില്ല ചേട്ടാ.. ചേട്ടൻ ചെല്ല് “

പിന്നിൽ റൂം മേറ്റ്‌ ഗ്രീഷ്മ. ശ്രീ അമ്പരപ്പോടെ അവളെ നോക്കി. ഇവൾ എവിടെ നിന്ന് പൊട്ടിമുളച്ചു വന്നു

“താൻ ആരാ അത് പറയാൻ?”

“ആരുമല്ല ഒരു കൂട്ടുകാരി അത്രേ ഉള്ളു. തന്റെ അധികാരമൊക്കെ വീട്ടിൽ മതി. പിന്നെ ഇവിടെ കിടന്നു കൂടുതൽ ഷോ കാണിച്ചാൽ പിള്ളേർ കേറി മെഴുകുമേ
പറഞ്ഞില്ലാന്നു വേണ്ട..അതും പോരാഞ്ഞ് ആ എബിച്ചായൻ എങ്ങാനും ഇത് അറിയണം. തീർന്ന് പിന്നെ. അല്ലേടി. ഇവളുടെ കെട്ടിയോൻ “

വൈശാഖ് നടുങ്ങി പോയി

“കെട്ടിയോൻ?”

“കേട്ടിട്ടില്ലേ..കല്യാണം കഴിഞ്ഞു. വിവാഹ സർട്ടിഫിക്കറ്റ് കൈയിൽ ഉണ്ടോടി?”

ശ്രീ വിക്കി

“എബി ച്ചായൻ വന്നാൽ കാണിച്ച് തരും അല്ലേടി “

ശ്രീ തലയാട്ടി

വൈശാഖ് ഒന്ന് പതറി

“പിന്നെ ചേട്ടോ അച്ഛൻ ശരിയല്ല കേട്ടോ..തീരെ ശരിയല്ല. അതിന്റെ രേഖകൾ ഒക്കെ ഡിപ്പാർട്മെന്റ്ലുമുണ്ട്. ഇവളെ ഉപദ്രവിച്ചതിന്റെ രേഖകൾ തൃശൂർ ഒരു ഹോസ്പിറ്റലിലുമുണ്ട്. വേണേൽ അന്വേഷിച്ചു നോക്ക്. ഒന്നും വെറുതെ പറഞ്ഞതല്ല.. താൻ പോ, ആദ്യം അച്ഛനോട് ചോദിച്ചു നോക്ക്..എല്ലാം “

വൈശാഖ് വിശ്വസിക്കാൻ ആവാതെ ഒരു നിമിഷം നിന്നും പോയി. പിന്നെ അവൻ തിരിഞ്ഞു നടന്ന് പോയി

ശ്രീ ഗ്രീഷ്മയെ അമ്പരപ്പോടെ നോക്കി നിന്നു

“നിനക്ക് എങ്ങനെ?”

“എല്ലാം അറിയാം. എന്റെ ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നിന്റെ എബിച്ചായൻ. എന്നോട് എബി ച്ചായൻ ഒരു ദിവസം പറഞ്ഞു നിന്നെ നോക്കിക്കൊള്ളണമെന്ന്. കാര്യം എനിക്ക് ശരിക്കും മനസിലായില്ല. പക്ഷെ പിന്നെ എന്റെ ഏട്ടൻ പറഞ്ഞു തന്നു..അന്ന് തൊട്ട് ഇവരിൽ ഒരാളുടെ എൻട്രി ഞാൻ പ്രതീക്ഷിച്ചു. നീ ഒരു പൂച്ച ആയത് കൊണ്ട് ഞാൻ പുലി ആയില്ലെങ്കിൽ അയാൾ നിന്നേം കൊണ്ട് പോകും. അതാണ് കല്യാണം എന്നൊക്ക തട്ടി വിട്ടത്”

“താങ്ക്യൂ…”

ശ്രീ കണ്ണീരോടെ അവളെ കെട്ടിപ്പിടിച്ചു

അന്ന് എബിയെ വിളിച്ചപ്പോൾ അവൾ അത് പറഞ്ഞു

“ഇനിം വരുമോ എബിച്ചായാ ഇത് പോലെ ആരെങ്കിലും..പേടിയാവുന്നു “

“ആരും വരില്ല..ഞാൻ നാളെ വൈകുന്നേരം അങ്ങോട്ട് വരാം. ഫ്രൈഡേ അല്ലേ. നമുക്ക് വീട്ടിൽ പോകാം “

“ഫ്ലാറ്റിൽ ആണോ?”

“അയ്യടാ..എന്നിട്ട് യു ട്യൂബിൽ നോക്കി കഞ്ഞി വെച്ചു തരാനല്ലേ.. വീട്ടിൽ പോകാം. വല്ലോം നല്ലത് കഴിക്കാം “

“ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ച്..”

“തത്കാലം വേണ്ട. നീ പഠിക്കാൻ ഉള്ളത് പഠിക്ക് “

“ഫസ്റ്റ് സേം exam വരുവാ. “

“ആ ഇരുന്നു പഠിക്ക് “

“ഓ ശരി “

“എന്നാ ഫോൺ വെച്ചോ “

“ഒന്നും തരുന്നില്ലേ?”

“എന്തോന്ന്?”

“അല്ല വല്ല ഉമ്മയോ മറ്റൊ “

എബി ചുവന്നു പോയി

“വെക്കടി ഫോൺ “

അവൾ ഫോൺ കട്ട്‌ ചെയ്തു. എബി കുറച്ചു നേരം ചമ്മി അങ്ങനെ ഇരുന്നു പോയി. ഇവൾക്ക് നാണമെന്ന് പറയുന്ന സാധനം ഇല്ലല്ലോ ദൈവമേ

“സാർ ഒരു വിസിറ്റർ ഉണ്ട് “

റിസെപ്ഷനിൽ നിന്ന് കാൾ

“അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ?”

“ഇല്ല സാർ പക്ഷെ നൈന എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു “

അവൻ ഒന്ന് വല്ലാതായി

“ശരി വരാൻ പറയ് “

അവളോട് എന്ത് പറയണമെന്ന് ഒരു രൂപവും കിട്ടിയില്ല അവന്. നൈന വന്നു

“ഹായ് ഇരിക്ക് “

അവൻ പുഞ്ചിരിച്ചു. നൈന ചുറ്റുമോന്ന് കണ്ണോടിച്ചു

“ഞാൻ പ്രതീക്ഷിച്ചതിലും വലിയ ഓഫീസ് “

അവൻ നിശബ്ദത പാലിച്ചു

“പപ്പാ വിളിച്ചു പറഞ്ഞു ഉടനെ കല്യാണത്തിന് എബിക്ക് താല്പര്യമില്ല
എന്ന് “

“അതെ.”

“ഇപ്പോൾ താല്പര്യമില്ല..”

“അപ്പോൾ ഭാവിയിൽ ഉണ്ടാകും “

എബി ചിരിച്ചു

“ഞാൻ വെയിറ്റ് ചെയ്യട്ടെ?”

അവളുടെ മുഖം പ്രതീക്ഷനിർഭരമായിരുന്നു

“വേണ്ട നൈന. സോറി “

നൈന അവന്റെ മുഖത്തേക്ക് നോക്കി

“ചോദിക്കാൻ പാടില്ല. പക്ഷെ അറിയാൻ ഒരു ആഗ്രഹം. ആരാണ് ആ പെൺകുട്ടി?”

എബി മുഖം കുനിച്ചു

“ഒരു റിലേഷൻ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലാ എന്ന് പറഞ്ഞു അന്ന് എബി “

“റിലേഷൻ ഇപ്പോഴുമില്ല നൈന “

“പിന്നെ എന്താ കാരണം?”

“അത് ആരോടും പറയാൻ ഇപ്പോൾ എനിക്കിഷ്ടമല്ല “

“ഓക്കേ നൈന ചിരിച്ചു

“നമുക്ക് നല്ല ഫ്രണ്ട്സ് ആയിക്കൂടെ?”

അവൾ ചോദിച്ചു

“നൈന ആക്ച്വലി എനിക്ക് പെൺസുഹൃത്തുക്കൾ ഇല്ല. ഞാൻ അതിൽ അത്ര comfortable അല്ല..ഫ്രണ്ട്സ് ആകുക എന്ന് പറഞ്ഞാൽ പരസ്പരം എല്ലാം ഷെയർ ചെയ്യണം. അവർക്ക് വേണ്ടി കൊടുക്കാൻ നമുക്ക് സമയം ഉണ്ടാകണം. അങ്ങനെ പലതുമുണ്ട്. നൈന ഇത് മറക്കണം. അന്നേരത്തെ ഒരു..പപ്പാ ഒരു പ്രൊപോസൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ വന്നു കണ്ടു. അത്രേ ഉള്ളു.”

നൈന എഴുന്നേറ്റു

“ശരി എബി..പോട്ടെ “

എബിക്ക് വിഷമം ഉണ്ടായിരുന്നു. പക്ഷെ അവന്റെ മുന്നിൽ വേറെ വഴിയില്ലായിരുന്നു. ഉള്ളിൽ ഇപ്പോൾ ഒരു മുഖം ഉണ്ട്. തന്നെ മാത്രം ഓർത്തു ജീവിക്കുന്ന ഒരു പെൺകുട്ടി. അവളുടെ മുന്നിൽ ഇനി കുറെ വർഷങ്ങൾ ഉണ്ട്. പഠനമുണ്ട്

അത് തീരും വരെ അവൾക്ക് സങ്കടങ്ങൾ വേണ്ട

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *