ലോറി വെട്ടിച്ചു താഴ്ചയിലേക്ക് ഇടിച്ചിറക്കിയത് കൊണ്ടു മാത്രം അവർ രക്ഷപെട്ടു. ലോറി കുറച്ചു ദൂരം പോയി നിന്നു. ഡ്രൈവർ എത്തി നോക്കിയത് കണ്ടു. ലോറി അവിടെ തന്നെ കുറച്ചു നേരം കിടന്നു. നോക്കി
എബിയുടെ ല-ഹരി ഇറങ്ങി. അവൻ പെട്ടെന്ന് ഡോർ തുറന്നു പുറത്ത് ഇറങ്ങി. അവൻ ഇറങ്ങിയതും ലോറി അതിവേഗത്തിൽ ഓടിപ്പോയി. ആ ലോറിയുടെ നമ്പർ നോട് ചെയ്തു വെച്ചു
അവളുടെ അലർച്ച കേട്ടാണ് അവൻ ഉണർന്നത്. ഒന്നും മനസിലായില്ല. കണ്മുന്നിൽ പാഞ്ഞു വരുന്ന ലോറിയും അതിൽ നിന്ന് വെട്ടിച്ച് ശ്രീക്കുട്ടി വണ്ടി വശത്തേക്കു ഓടിച്ചു കയറ്റുകയും ചെയ്യുന്നത് അവൻ കണ്ടു. അത് ലോറി കയറാത്ത ചെറിയ വഴി ആയിരുന്നു. അവൾ ഇറങ്ങി അവന്റെ അരികിൽ വന്നു
“ഇവനൊക്കെ വെള്ളമടിച്ചാവും വണ്ടി ഓടിക്കുന്നത്. വൃത്തികെട്ടവന്മാർ. എന്തൊരു വരവാരുന്നു. ആ വഴി അവിടെ ഇല്ലെങ്കിൽ കാണാരുന്നു. ഇടിച്ചു കൊ-, ന്നേനെ “
“ഹേയ് എയർ ബാഗ് ഉണ്ടെടി..ചാവത്തോന്നുമില്ല.വല്ല കുഞ്ഞ് ഒടിവ് വല്ലോമേ കാണുള്ളൂ “
“അയ്യടാ എത്ര നിസാരം.. ഞായറാഴ്ച കല്യാണമാണ്.. എനിക്കു ഒടിഞ്ഞു പറിഞ്ഞു പള്ളിയിൽ നിൽക്കാൻ തീരെ ഇന്റെറസ്റ്റ് ഇല്ല എബിമോനെ.. ഇനിരാത്രി യാത്ര ഇല്ല..”
“വേണ്ട.. നീ ഇങ്ങോട്ട് മാറിക്കോ ഞാൻ ഓടിക്കാം “
“എങ്ങനെ… എങ്ങനെ?”
അവൻ ചമ്മിയ ഒരു ചിരി പാസ്സാക്കി
“ഞാൻ ഓടിക്കാമെടി “
“അങ്ങനെ ഇപ്പോൾ വേണ്ട..ഓടിച്ചിരുന്നെങ്കിൽ കാണാരുന്നു, ലോറി കേറി ചത്തേനെ രണ്ടും. കുരങ്ങൻ. അങ്ങോട് മാറിക്കെ “
എബി ഒരു ചിരിയോടെ അകത്തു കയറി. അവന്റെ മനസ്സിൽ എന്തോ ഒരു കരട് വീണു. ആ ലോറി എന്തിനാ നിർത്തി നോക്കിയിട്ട് പോയത്
“എന്റെ കൊച്ച് മിടുക്കിയാട്ടോ. പപ്പാ പറഞ്ഞത് പോലെ ഞാൻ രക്ഷപെട്ടു.
വെള്ളമടിച്ചു കിടന്നാലും എന്റെ കൊച്ച് എന്നെ കൊണ്ട് പോരും “
അവൾ ചിരിച്ചു
“നീ പപ്പയോടു പറയണ്ട
പേടിക്കും..”
“അത് സ്വന്തം ആയിട്ട് പറഞ്ഞ മതി
എബിച്ചായന് എന്തെങ്കിലും ഒളിക്കാൻ പറ്റുമോ പപ്പയോടു.. ഇപ്പോൾ ചെന്ന ഉടനെ എബിച്ചായൻ തന്നെ പറയും “
അത് സത്യം ആയിരുന്നു. പപ്പയോടു പറയാത്തതൊന്നുമില്ല. പറഞ്ഞില്ലെങ്കിൽ ഒരു അസ്വസ്ഥത വരും. കുഞ്ഞിലേ ഉള്ള ശീലം ആണ്. സ്കൂൾ കാലം മുതലേ. അത് പപ്പാ ശീലിപ്പിച്ച ഒന്നാണ്
വീട്ടിൽ എത്തിയപ്പോൾ പപ്പാ ഉറങ്ങിയിട്ടില്ല
“എന്തോന്നാടാ എബി മണി രണ്ടായി
ബാക്കിയുള്ളവൻ ഇവിടെ ഉറങ്ങാതെ നോക്കിയിരിക്കുവാ. ഒന്ന് വിളിക്കണ്ടേ “
“ഞാൻ അടിച്ച് ഓഫ് ആയിപ്പോയി പപ്പാ സോറി. ഇവളോട് ചോദിക്ക് എന്താ വിളിക്കാഞ്ഞതെന്ന്. ചോദിക്ക്. പറയടി നീ എന്താ എന്റെ പപ്പയെ വിളിക്കാഞ്ഞേ..”
ഡേവിഡ് ചിരി വന്നത് അടക്കി. വെള്ളം അടിച്ച് കഴിഞ്ഞാൽ എബിക്ക് പിന്നെ ഭയങ്കര പുന്നാരമാണ്
“പോ പോ പോയി കിടന്നുറങ്ങിക്കോ “
ഡേവിഡ് ഉന്തി തള്ളി രണ്ടിനെയും മുറിയിൽ വിട്ടു
“ഞാൻ പറയട്ടെ എന്താ വിളിക്കാഞ്ഞതെന്ന് “
പോകുന്ന പോക്കിൽ അവൾ ചോദിച്ചു
“പറഞ്ഞാൽ കൊ-,ല്ലും ഞാൻ പോ- ത്തേ “
അവൻ തിരിച്ചടിച്ചു. ബെഡിൽ വീണതും ഉറക്കം ആയി അവൾ. എബി സ്വന്തം മുറിയിൽ അത് തന്നെ ഓർത്തു കിടന്നു
ആ ലോറി..
അത് സാധാരണ ഒരു ആക്‌സിഡന്റ് അല്ല. അവന്റെ മനസ്സ് പറഞ്ഞു
അവൻ ആ ലോറിയുടെ നമ്പർ ഫ്രണ്ട് ആയ സർക്കിൾ ഇൻസ്‌പെക്ടർ ജിജോക്ക് മെസ്സേജ് ഇട്ടു
പിറ്റേന്ന്
വൈകുന്നേരം നാലുമണി ആയപ്പോൾ ജിജോ വീട്ടിൽ എത്തിയത് കണ്ടവൻ അതിശയിച്ചു
“എന്താഡാ?”
അവന്റെ മുഖത്തെ ഗൗരവം കണ്ടു അവൻ ചോദിച്ചു
“ഡാ ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. കൊട്ടേഷൻ ആണ് “
അവൻ തലയാട്ടി
“എനിക്ക് തോന്നി. ആരുടേയാ?”
“ജയരാജന്റെയാ “
“അടിപൊളി.. വേണ്ട വേണ്ടാ ന്ന് വെച്ചപ്പോ. ഇരയിട്ട് തരുന്നോ.?”
“തത്കാലം നീ. ഒന്നും അറിഞ്ഞിട്ടും ഇല്ല കേട്ടിട്ടും ഇല്ല.”
“വേണ്ട.. പക്ഷെ. അയാൾ അറിയും. കെട്ട് ഒന്ന് കഴിഞ്ഞോട്ടെ.. പുല്ല് നന്നാവാനും സമ്മതിക്കില്ല “
“നീ ഒറ്റയ്ക്ക് പോകണ്ട.. ഞാനും വരും. എത്ര നാളായി ഒരു സ്റ്റണ്ട് കണ്ടിട്ട്?”
“ഉടനെ പറ്റുകേലട.. നോക്കട്ടെ. അവസരം ഒത്തു വരട്ടെ.. എന്തായാലും ജയരാജനെ ഒന്ന് ശ്രദ്ധിച്ചോണം.. ഞാനറിഞ്ഞു എന്ന് അവൻ അറിയണ്ട “
“അതിനു നമുക്ക് ആളുണ്ട്. ഇനി അവനെ ശ്രദ്ധിക്കുമല്ലോ.. ഇതിപ്പോ അവൻ ഇങ്ങനെ ഒരു പോക്രിത്തരം ചെയ്യുമെന്ന് ആരറിഞ്ഞ്.?”
“എന്തെങ്കിലും ചെയ്യുമെന്ന് അറിയാം. അതല്ലേ അവളെ ഇങ്ങോട്ട് കൊണ്ട് പോരുന്നത്.. ആ നോക്കട്ടെ.. പണി കൊടുക്കുമ്പോൾ മുതലും പലിശയും ചേർന്നുള്ള പണി കൊടുക്കണം. അത് കുറച്ചു കൂടി. പ്ലാൻ ചെയ്തിട്ട് വേണം..കല്യാണം കഴിയട്ടെ “
“ഓക്കേ ഞാനങ്ങോട്ട് ഇറങ്ങിയേക്കുവാ “
“കല്യാണത്തിന് നേരെത്തെ എത്തിയേക്കണം “
“ഓക്കേ.”
ജിജോ പോയി
അവൻ ശ്രീക്കുട്ടി എവിടെ എന്ന് പോയി നോക്കി. നല്ല ഉറക്കം. അവൻ അവളുടെ അരികിൽ. ഇരുന്നു. ആ മുഖം നോക്കിയിരുന്നു. പിന്നെ മുഖത്തേക്ക് വീണു കിടക്കുന്ന മൂടി ഒതുക്കി വെച്ചു
അവൾ കണ്ണുകൾ തുറക്കുന്നു. അവൻ കുനിഞ്ഞ് ആ കവിളിൽ ഉമ്മ കൊടുത്തു
അവളൊന്നു പുഞ്ചിരിച്ചു
“ശരീരത്തിന് വേദന ഉണ്ടോ? എവിടെ എങ്കിലും തട്ടുകോ മുട്ടുകോ ചെയ്തോ “
അവൾ ഇല്ല എന്ന് തലയാട്ടി
“പിന്നെന്താ കിടന്നത്?”
“അതിന് രാത്രി ഉറങ്ങിയോ.. വെളുപ്പിന് ആയി വന്നപ്പോൾ. പിന്നെ അത് ഓർത്തു പേടിച്ചു കിടന്നു. “
അവൻ വാത്സല്യത്തോടെ അവളുടെ ശിരസ്സിൽ തടവി
“രക്ഷപെട്ടില്ലേ നമ്മൾ.?”
“ആരാ ഡ്രൈവർ? ഈ ഞാൻ. എബിച്ചായൻ ഓടിച്ചിരുന്നെങ്കിൽ കാണാരുന്നു. വെള്ളമടിച്ചു ബോധം ഇല്ലായിരുന്നുല്ലോ.. എന്റെ ഗുരുവായൂരപ്പാ ഓർക്കാൻ വയ്യ..”
അവൻ ചിരിക്കാൻ ശ്രമിച്ചു. അവൾ എഴുന്നേറ്റു ഇരുന്നു
“ഞാൻ ഒരു സംഭവം തന്നെ അല്ലേ?”
“പിന്നേ.. പ്രസ്ഥാനം തന്നെ..”
അവൾ അവന്റെ നെഞ്ചിലേക്ക് ചാരി
“എബിച്ചായാ. കല്യാണത്തിന് ശേഷം എന്നെ ഹോസ്റ്റലിൽ കൊണ്ട് പോയി നിർത്തണ്ട “
“നീ അവിടെ നിന്ന മതി. അല്ലെങ്കിൽ നീ എന്നെ പ്രലോഭിപ്പിക്കും “
“ഇല്ലാ ഞാൻ ഒന്നും ചെയ്യത്തില്ല
മിണ്ടത്തില്ല.. ഞാൻ എപ്പോഴും ചെയ്യുന്ന പോലെ അവിടെ വന്നിരുന്നു പഠിച്ചോളാം.”
“നിന്നെ എനിക്കു വിശ്വാസം ഇല്ല. നീ എന്നെ വഴി തെറ്റിക്കും.”
“അയ്യേ നോക്കിക്കേ കെട്ട് കഴിഞ്ഞു എന്തോന്ന് വഴി തെറ്റല്. ഞാൻ പിന്നെ ഭാര്യ അല്ലേ?”
“അയ്യടാ ഭാര്യ.ഹോസ്റ്റലിൽ പോയി നിന്നോണം.. എന്നിട്ട് പഠിക്ക്..”
“കഷ്ടം ഉണ്ട് എബിച്ചായാ.. ഞാൻ ദേ ഇങ്ങനെ പോലും തൊടത്തില്ല.. ഉമ്മയും വേണ്ട.. അങ്ങനെ പൂർണമായും വേണ്ട എന്നല്ല. ഒരു കുഞ്ഞത് വല്ലോം മതി. നെറ്റിയിലും കവിളിലും ഒക്കെ..”
അവന് ചിരി വന്നു
“കെട്ട്യോളാണ് മാലാഖ കേട്ടോ “
“അതല്ലേ നിന്റെ രൂപക്കൂട്ടിൽ വെയ്ക്കാൻ പോകുന്നത്.. നീ മാലാഖ അല്ലേ…?”
അവൾ മുഖം വീർപ്പിച്ചു
“നീ വന്നേ താഴെ പപ്പയുടെ ചാച്ചൻ ഒക്കെ വന്നിട്ടുണ്ട്.. പെണ്ണ് കിടന്നു ഉറങ്ങുവാ എന്നെങ്ങനെ പറയും.. വാ “
അവൾ ആ കയ്യിൽ പിടിച്ചു നിർത്തി
“എന്നെ കെട്ടുന്നത് കൊണ്ട് ഒത്തിരി പ്രയാസം അനുഭവിക്കുന്നുണ്ട് അല്ലേ?”
“ഒറ്റ ഒരെണ്ണം വെച്ചു തന്നാലുണ്ടല്ലോ. എനിക്കു ഇഷ്ടം അല്ലാത്ത ഒരു ജോണർ ആണ് സെന്റി. മേലിൽ അത് പിടിച്ചേക്കരുത്. നീ അങ്ങനെ ഒരു പെണ്ണ് അല്ലാത്ത കൊണ്ട നിന്നെ ഞാൻ കെട്ടുന്നേ.. കേട്ടോടി “
“ഓ കേട്ട്.. പരമ-,ദുഷ്ടൻ..”
“വാ ഇങ്ങോട്ട് “
അവളെ പിടിച്ചു വലിച്ചു അവൻ
തുടരും…