ഒന്നും പറയാതെ…
എഴുത്ത്: ശാലിനി മുരളി
==================
പെണ്ണ് വശക്കേട് പിടിച്ച മുഖത്തോടെ ഓടിവന്നു മുറിയിൽ കയറുന്നത് കണ്ടപ്പോഴേ തോന്നി എന്തെങ്കിലും കുഴപ്പമുണ്ടാവുമെന്ന്. രാവിലെ ജോലിക്ക് പോകുമ്പോൾ വളരെ ഉത്സാഹവതിയായിരുന്നുവല്ലോ ! ഇപ്പൊ എന്ത് പറ്റിയോ പെട്ടന്ന് ?
പ്രായം ഇരുപത്തി അഞ്ചു കഴിഞ്ഞെങ്കിലും ഇപ്പോഴും ഇള്ളക്കുട്ടിയാണെന്നാ വിചാരം. ആണും പെണ്ണുമായി ഒന്നേയുള്ളൂ. കുട്ടികളുണ്ടാകാൻ വഴിപാടും, നേർച്ചയും കഴിച്ച് ഉണ്ടായ ഒരേയൊരു സന്താനം !
ഡിഗ്രി കഴിഞ്ഞപ്പോഴേ കെട്ടിച്ചു വിടാൻ പറഞ്ഞതാ. ആര് കേൾക്കാൻ. അവളുടെ താളത്തിന് തുള്ളുന്ന അച്ഛനാണ് ഇപ്പോഴേ കെട്ടിച്ചു വിട്ട് പെണ്ണിനെ പ്രാരാബ്ദക്കാരിയാക്കണ്ട എന്ന് പറഞ്ഞു വീണ്ടും പഠിക്കാൻ വിട്ടത്.
എംകോം കഴിഞ്ഞല്ലോ ഇനിയെവിടെയെങ്കിലും ജോലിക്ക് കേറിയിട്ട് കുറച്ചു കാശൊക്കെ സ്വന്തമായി സമ്പാദിച്ചിട്ട് മതി കല്യാണം എന്ന് പറഞ്ഞു പിന്നെയും അവൾ വിവാഹ ആലോചനകൾക്ക് തടസ്സം നിന്നു.
“നീ കേൾക്കുന്നതല്ലേ, ചെറുപ്പത്തിലേ പെൺകുട്ടികളെ കെട്ടിച്ചു വിട്ട് അവർ ചെന്ന് കയറുന്ന വീട്ടിലെ പീ, ഡനം സഹിക്കാൻ വയ്യാതെ കെട്ടിത്തൂങ്ങുന്നതും വി, ഷം കുടിക്കുന്നതുമൊക്കെ. അങ്ങനെ കളയാൻ നമുക്ക് ഒത്തിരിയൊന്നുമില്ലല്ലോ. അവൾ ജോലിക്ക് പോട്ടെ. നമ്മുടെയൊപ്പം നിൽക്കുമ്പോഴേ പെണ്മക്കൾക്ക് അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യം കിട്ടു. ജോലിയുള്ള പെൺകുട്ടിക്കേ വിലയുള്ളൂ, അറിയുമോ.”
“ഓഹ്, അച്ഛനും മോളും കൂടി എന്താന്ന് വെച്ചാൽ ചെയ്യ്.”
അന്ന് കയ്യൊഴിഞ്ഞതാണ് പെണ്ണിനെ കെട്ടിക്കാനുള്ള തന്റെ ശ്രമത്തിൽ നിന്ന്. ബാങ്ക് ടെസ്റ്റ് എഴുതി പാസ്സായി പെട്ടന്ന് ജോലിയും കിട്ടി സന്തോഷത്തോടെ പോയി വരുവായിരുന്നു. പിന്നെ ഇതിപ്പോ എന്ത് പറ്റിയോ ആവോ!”
മുറിയുടെ മുന്നിൽ ചെന്ന് നിന്ന് ഒന്ന് ആലോചിച്ചു. വിളിക്കണോ?
വാതിൽ ചെറുതായി ചാരിയിട്ടേയുള്ളൂ. പക്ഷെ, നേർത്ത ഏങ്ങലടികൾ പുറത്തേയ്ക്ക് ഒലിച്ചിറങ്ങുന്നുണ്ട്. മെല്ലെ ഒന്ന് എത്തി നോക്കി. തലയിണയിലേയ്ക്ക് മുഖം അമർത്തി വെച്ചിരിക്കുന്നു. ചെറിയ ഏങ്ങലടികൾ ചുമലുകളെ വിറകൊള്ളിക്കുന്നു.
“അച്ചൂ എന്താ പറ്റിയെ മോളെ ? നീയെന്തിനാ കരയുന്നത്?”
ഒന്നും മിണ്ടാതെ അവൾ കരച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു. അവർ ബലമായി അവളുടെ മുഖം പിടിച്ചുയർത്താൻ ശ്രമിച്ചു.കണ്ണീരു വീണു മുടിയിഴകൾ വല്ലാതെ നനഞ്ഞിരിക്കുന്നു.
“പറ മോളെ.. നീയെന്തിനാ കരയുന്നത് ? കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന പെൺകുട്ടികൾ വെറുതെ ഇങ്ങനെ കരഞ്ഞാൽ ആളുകൾ എന്താ വിചാരിക്കുക.”
“അതെന്താ കല്യാണം കഴിഞ്ഞവർക്ക് മാത്രമേ കരയാവൂ എന്നുണ്ടോ?” ചീറിക്കൊണ്ടായിരുന്നു അവളുടെ മറുപടി.
“എങ്കിൽ നീ കാര്യം പറ. ഞാൻ നിന്റെ അമ്മയല്ലേ. അമ്മയോടല്ലേ എല്ലാ കാര്യവും പറയേണ്ടത്. അതെങ്ങനെയാ എല്ലാത്തിനും അച്ഛനെ മതിയല്ലോ. ഞാൻ വെറും വീട്ടുവേലക്കാരി!”
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് സ്വരം ലേശം ഇടറാൻ തുടങ്ങിയത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവർ മുറിക്ക് പുറത്തേയ്ക്ക് പോയി.
അവൾ ഏറെ നേരം കൂടി അതേ കിടപ്പ് കിടന്നു.
എങ്കിലും ഓർക്കുംതോറും സഹിക്കാൻ പറ്റുന്നില്ല. താൻ ഇത്രയും നാൾ ആർക്ക് വേണ്ടിയാണോ കാത്തിരുന്നത്. ഇന്നത് വെറുതെയായി! താനാണ് മണ്ടി ഇങ്ങോട്ട് അങ്ങനെ ഒരിഷ്ടം ഉണ്ടോന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. എന്നിട്ടും ഭ്രാന്തമായി അങ്ങോട്ട് സ്നേഹിച്ചു കൊണ്ടേയിരുന്നു. പക്ഷെ ഒരിക്കലും തന്നോട് വെറുപ്പ് ഉള്ള മട്ടിൽ പെരുമാറിയിട്ടേയില്ല. കണ്ടു മുട്ടിയപ്പോഴെല്ലാം ആ കണ്ണുകളിൽ നിറഞ്ഞ സ്നേഹം മാത്രമാണ് താൻ കണ്ടിരുന്നത്. എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് ഇന്നാണ് മനസ്സിലായത്. വെറുമൊരു നാട്ടിൻപുറത്തുകാരിയായ തന്നെ സ്നേഹിക്കാനും കൂടെ കൂട്ടാനും പറ്റാത്തത്ര വല്യ ആളായിരിക്കുന്നു. തന്നെ വേണ്ടാതായിരിക്കുന്നു.
വീണ്ടും അവൾക്ക് ഉറക്കെ കരയാൻ തോന്നി..
ആരോടും തുറന്നു പറയാത്ത ഒരേയൊരു രഹസ്യം ഇത് മാത്രമായിരുന്നുവല്ലോ. അല്ലെങ്കിലും ഇതെങ്ങനെയാണ് വീട്ടുകാരോട് പറയുക. അവർ മനസ്സിലാക്കുമെന്ന് കരുതിയ താനാണ് വിഡ്ഢി!
അച്ഛന്റെ അടുത്ത സുഹൃത്തായ കരുണൻ അങ്കിളിന്റെ മകൻ കിഷോർ. വിദേശത്ത് ആണ് ജോലി. കുട്ടിക്കാലം മുതൽക്കേ പരസ്പരം അറിയാവുന്നവർ. അച്ഛനോടൊപ്പം അവിടെ പോയിട്ടുള്ളപ്പോഴൊക്കെ ഒരു നാണം കുണുങ്ങി ചെറുക്കനെ ശ്രദ്ധിക്കുമായിരുന്നു. കരുണൻ അങ്കിളിന്റെ രണ്ട് ആൺ മക്കളിൽ ഇളയ ആൾ. എന്തൊരു നീളമാണ് ചെക്കന്. എന്തെല്ലാം കഥകൾ അറിയാം. ചിത്രം വരയ്ക്കാനും, പാട്ട് പാടാനും പിന്നെ നല്ല ഡിസൈനിൽ മയിലാഞ്ചി വരച്ചു തരാനുമൊക്കെ ബഹു മിടുക്കൻ.
വലുതാകും തോറും അവൻ സാമീപ്യം കൊണ്ട് തന്റെ മനസ്സിലും ഹൃദയത്തിലും ഒരു വസന്തം തന്നെ വിരിയിച്ചു !
ഇതാണ്, ഇത് തന്നെ ആണ് പ്രണയം എന്ന് തിരിച്ചറിയാൻ അവനെ വിട്ട് വരുമ്പോൾ തന്റെ നെഞ്ചിനുള്ളിൽ വിങ്ങുന്ന നോവു മാത്രം മതിയായിരുന്നു.
ഒപ്പം കളിച്ചു വളർന്നവനോട് പ്രണയമാണെന്ന് ആരോട് പറയും. അച്ഛനോടോ അമ്മയോടോ??
അവരുടെയൊക്കെ കണ്ണിൽ അച്ചു എന്ന അശ്വതി സ്വഭാവം കൊണ്ടും, ബുദ്ധി കൊണ്ടും വളരെ വളരെ ഉയരത്തിൽ ആയിരുന്നുവല്ലോ..
പക്ഷെ, പറയാമായിരുന്നു തന്റെ പ്രിയപ്പെട്ട അച്ഛനോടെങ്കിലും. അച്ഛൻ തനിക്ക് വേണ്ടി സാധിച്ചു തരാത്തതായി ഇതേവരെ തന്റെ ജീവിതത്തിൽ ഒന്നുമില്ല.
അവൾ അഴിഞ്ഞു ചിതറിയ മുടി വാരിക്കെട്ടി വെച്ചു. മുഖം അമർത്തി തുടച്ചു. കണ്ണാടിയിൽ തന്നെത്തന്നെ ഉറ്റു നോക്കി.
എവിടെയാണ് കുഴപ്പം, എന്താണൊരു കുറവ്?
ഇന്ന് ജോലിക്കിടയിൽ ഫോണിൽ വന്ന ആ മെസ്സേജ് ആണ് തന്നെ തകർത്തു കളഞ്ഞത്. അത് സത്യമായിരിക്കരുതേ എന്ന് വീണ്ടും അവൾ വെറുതെ ആശിച്ചു പോയി.
തന്റെത് ആണവൻ, തന്റെ മാത്രം. ഇതുവരെയും ആർക്കും പിടി കൊടുക്കാതെ നിന്നത് അവന് വേണ്ടി മാത്രമായിരുന്നു. ഓരോ വയസ്സ് കടന്ന് പോകുംതോറും ആധി പിടിക്കുന്ന അമ്മയുടെ മുന്നിൽ ഒന്നുമറിയാത്തത് പോലെ നിന്നതും അവനെ ചൊല്ലിയായിരുന്നു. എന്നിട്ടും…
ബാഗിനുള്ളിൽ നിന്ന് അവൾ ഫോൺ തപ്പിയെടുത്തു. വാട്സ്ആപ്പ് തുറന്നു അവൻ അയച്ച മെസ്സേജ് വീണ്ടും ഒരിക്കൽ കൂടി വായിച്ചു.
“അച്ചൂസേ, അടുത്ത മാസം ഞാൻ നാട്ടിൽ വരുന്നുണ്ട്. നിനക്കൊരു സർപ്രൈസുണ്ട്. അല്ലെങ്കിൽ വേണ്ട ഇപ്പൊ തന്നെ പറഞ്ഞേക്കാം, നമ്മൾ തമ്മിൽ ഒരു രഹസ്യവും ഇല്ലല്ലോ. അമ്മ നാട്ടിൽ ഒരു പെൺകുട്ടിയെ എനിക്ക് വേണ്ടി കണ്ടു വെച്ചിട്ടുണ്ടത്രേ. പെണ്ണ് കോളേജ് അധ്യാപിക ആണ്. സുന്ദരി എന്ന് പറഞ്ഞാൽ പോരാ അതിസുന്ദരി. നിനക്ക് ഇഷ്ടപ്പെടും. വീട്ടിൽ എല്ലാർക്കും വലിയ താല്പര്യമാണ്. ഞാൻ ഒന്ന് എത്തിക്കിട്ടാൻ കാത്തിരിക്കുവാ അവർ. ഞാൻ വന്നിട്ട് നമുക്കെല്ലാവർക്കും കൂടി അവരുടെ വീട്ടിൽ പോയി കാണണം കേട്ടല്ലോ. അപ്പോൾ ഓക്കേ. പിന്നെ കാണാം “
ഫോണിലെ ഡിസ്പ്ലേയിലേയ്ക്ക് വീണ രണ്ടു കണ്ണീർ ത്തുള്ളികൾ അയാൾ അയച്ച മെസ്സേജിൽ രണ്ടു വലിയ വളയങ്ങൾ തീർത്തു. ആരോ വരുന്നെന്നു തോന്നിയതും അവൾ പെട്ടന്ന് ഫോൺ ഓഫാക്കി
ഓഫീസിൽ വൈകുന്നേരം വരെ ഇരിക്കാനുള്ള മാനസിക നില നഷ്ടപ്പെട്ടത് കൊണ്ട് ഒരല്പം നേരത്തെ ഇറങ്ങുകയായിരുന്നു.
ഇനി അമ്മ അച്ഛനെയും കൂട്ടി കൊണ്ട് വരും, ഉറപ്പ്. എന്ത് മറുപടി കൊടുക്കും. എല്ലാം അച്ഛനോടെങ്കിലും തുറന്നു പറയാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. പക്ഷെ, അവരുടെയൊക്കെ മനസ്സിൽ തന്നെ കുറിച്ച് എന്താവും തോന്നുക എന്നതായിരുന്നു അവളെ കൂടുതലും അലട്ടിയത്.
അല്ലെങ്കിലും ഒരിഷ്ടങ്ങളും ഒരിക്കലും മറച്ചു വെക്കരുത് ഇന്ന് പഠിച്ചു. നടന്നില്ലെങ്കിൽ പോലും അതിന് വേണ്ടി ശ്രമിക്കാമായിരുന്നു എന്നൊരു നിരാശ ഉണ്ടാവില്ലല്ലോ.
“മോളെ..” അച്ഛന്റെ പ്രതീക്ഷിച്ച ശബ്ദം.
അമ്മ പറഞ്ഞു മോള് വന്നിട്ട് മുറിക്കുള്ളിൽ നിന്നിറങ്ങിയിട്ടില്ലെന്ന്.
എന്ത് പറ്റി മോളെ?എന്തെങ്കിലും കഴിച്ചിട്ട് വന്നു കിടക്ക്..”
“ഞാൻ കഴിച്ചോളാം അച്ഛാ, വല്ലാത്ത തലവേദന. ഒന്ന് ഉറങ്ങിയാൽ ശരിയാകും.”
“ഓക്കേ എങ്കിൽ അച്ഛൻ ശല്യപെടുത്തുന്നില്ല.”
അച്ഛൻ വാതിൽ ചാരി മുറിവിട്ട് പോയി.
അന്ന് അവൾക്ക് പതിവില്ലാതെ ഇരുട്ടിനോട് വല്ലാത്ത പ്രണയം തോന്നി. ഉള്ളിലുള്ളതിനെ മറച്ചു പിടിക്കാൻ അല്ലെങ്കിലും നല്ലത് ഇരുട്ട് തന്നെ ആണ്.
പക്ഷെ എത്ര നാൾ ഇരുട്ടിനെ പ്രണയിച്ച് അകത്തിരിക്കും.ഇങ്ങോട്ട് ഇല്ലാത്ത ഒരു സ്നേഹത്തിനു പിന്നാലെ പോയി താനെന്തിനു ഇരുട്ടിലൊളിച്ചിരിക്കണം. തനിക്ക് എന്താണൊരു കുറവ്. പഠിത്തം ഇല്ലേ, സൗന്ദര്യം ഇല്ലേ, നല്ലൊരു ജോലി ഇല്ലേ.. ഇതൊക്കെയും ഒരു കുറവായി തോന്നുന്ന ഒരാൾക്ക് വേണ്ടി വെറുതെ തന്റെ കുറെ വർഷങ്ങൾ കളഞ്ഞു.
ഉറങ്ങാൻ പറ്റുമെന്ന് വിചാരിച്ചതല്ല. പക്ഷെ, എല്ലാ വിഷമങ്ങളും ദൂരെ കളഞ്ഞ് അവൾ അന്ന് ശാന്തമായുറങ്ങി.
രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ ഒരുങ്ങുമ്പോഴാണ് അമ്മ ടിഫിൻ ബോക്ക്സുമായി മുറിയിലേക്ക് വന്നത്.
“ഡാ നീയറിഞ്ഞോ അടുത്ത മാസം കിഷോർ നാട്ടിൽ എത്തുന്നുണ്ടെന്ന്. ഇനിയത്തെ വരവിനു അവനെ പിടിച്ചു പെണ്ണ് കെട്ടിക്കണം എന്നാണ് അച്ഛനെ ഇന്നലെ വിളിച്ചപ്പോൾ കരുണേട്ടൻ പറഞ്ഞത്. നിന്നെ അവൻ വിളിച്ചായിരുന്നോ ?”
എഴുതിക്കൊണ്ടിരുന്ന കണ്ണിലെ ഐഷാഡോ അല്പം പടർന്നു. അവൾ ഒരു ടവൽ കൊണ്ട് മെല്ലെ കണ്ണ് തുടച്ചു.
“അമ്മേ കഴിക്കാൻ എടുത്തു വെയ്ക്ക്, എനിക്കിന്ന് നേരത്തെ പോണം.”
അരികിൽ നിൽക്കുന്ന അമ്മയെ ഗൗനിക്കാതെ അവൾ ധൃതി പിടിച്ചു സാരിയുടെ ഞൊറിവുകൾ നേരെയിട്ടു. കരിഞ്ഞ നീലയിൽ ചുവപ്പ് ബോർഡർ സാരി ഉടുത്തു നിൽക്കുന്ന മകളെ അവർ അഭിമാനത്തോടെ നോക്കി. പെണ്ണ് എത്ര പെട്ടെന്നാണ് വളർന്നു സുന്ദരിയായത്. ആരും നോക്കി നിൽക്കുന്ന ഒരു ശാലീന സൗന്ദര്യം അവൾക്കുണ്ട്.
ഇന്നലത്തെ മൂഡോഫ് എല്ലാം മാറിയെന്നു തോന്നുന്നു. ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിക്കാണും. കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ അവർ അടുക്കളയിലേയ്ക്ക് നടന്നു.
അവൾക്ക് ഇഷ്ടമുള്ള ഇടിയപ്പവും സ്റ്റൂവും അവർ ഡെയിനിങ് ടേബിളിൽ എടുത്തു വെച്ചു..അപ്പോഴേക്കും അച്ഛനും കുളി കഴിഞ്ഞു വന്നു.
ചൂട് കറി ഇടിയപ്പത്തിലേയ്ക്ക് ഒഴിക്കുമ്പോഴാണ് അച്ഛനത് പറഞ്ഞത്.
“കിഷോർ വരുന്നുണ്ട് കേട്ടോ മോളെ. ഇന്നലെ കരുണൻ എന്നെ വിളിച്ചിരുന്നു.”
അവൾ അലക്ഷ്യമായി ഒന്ന് മൂളി. പിന്നെ ധൃതിയോടെ ആഹാരം വാരി വലിച്ചു കഴിച്ചു.
അച്ഛൻ അമ്പരപ്പോടെ ഒന്ന് അവളെ നോക്കി. ശേഷം ഭാര്യയുടെ മുഖത്തേയ്ക്കും. അവർ അയാളെയും !
കഴിപ്പും കഴിഞ്ഞു ബാഗ് എടുത്തു തോളിലേയ്ക്കിട്ട് ഞാൻ ഇറങ്ങുവാ എന്നൊരൊറ്റ വക്കിൽ, അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പാഞ്ഞു പോയി.
ഇവൾക്കിതെന്ത് പറ്റി ?
“ഏട്ടൻ ശ്രദ്ധിച്ചോ, ഞാനും കിഷോറിന്റെ കാര്യം പറഞ്ഞിട്ട് അവൾ മൈൻഡ് ചെയ്തില്ല. എന്തോ ഒരു ദേഷ്യം പോലെ..”
“അതേ, ഞാനും അത് ശ്രദ്ധിച്ചു. മുൻപൊക്കെ അവന്റെ കാര്യം പറയുമ്പോൾ വല്യ താല്പര്യം കാണിക്കുന്ന ആളാണ്. എന്ത് പറ്റിയോ ആവോ”
“ഇനി അവര് തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ..”
” ഇന്നലെ ഓഫീസിൽ നിന്ന് വന്നതേ വല്ലാത്ത മൂഡിലായിരുന്നല്ലോ. രണ്ടും കൂടി പിണങ്ങിയോ ആവോ. ഇങ്ങനെ ആയാൽ എങ്ങനെ ഒന്നിച്ചു ജീവിക്കും?”
“നീയീ കാര്യം മോളോട് സംസാരിച്ചോ ശാന്തി. അവൾക്ക് താല്പര്യം ഉണ്ടോയെന്ന് അറിയണമല്ലോ. കരുണൻ എന്നെ വിളിച്ചത് തന്നെ ഈക്കാര്യം സൂചിപ്പിക്കാൻ വേണ്ടിയാണ്. രണ്ട് പേരും കുട്ടിക്കാലം മുതൽക്കേ അറിയാവുന്നവരും നല്ല സുഹൃത്തുക്കളും..എന്ന് കരുതി ഇങ്ങനെ ഒരു ബന്ധത്തിന് അവർ വഴങ്ങുമോ എന്ന് അറിയില്ലല്ലോ. എന്തായാലും അവൾ നല്ല മൂഡിൽ ഇരിക്കുമ്പോൾ നീ ഇതെക്കുറിച്ച് ഒന്ന് സംസാരിക്ക്. ഇഷ്ടമാണെങ്കിൽ ഒത്തിരി നീട്ടിക്കൊണ്ട് പോകണ്ട എന്നാണ് എന്റെ ആഗ്രഹം.”
“ഞാൻ ഇന്നലെ തന്നെ ഇതെക്കുറിച്ച് പറഞ്ഞാലോ എന്ന് വിചാരിച്ചതാ ഏട്ടാ. പക്ഷെ, അവൾ വന്നു കയറിയത് തന്നെ ഇടങ്കേടിൽ ആയിരുന്നല്ലോ. പിന്നെ എങ്ങനെ വല്ലതും സംസാരിക്കും. ങ്ങാഹ് സമയം ഉണ്ടല്ലോ. ചോദിക്കാം.”
ബാങ്കിൽ അന്ന് സാമാന്യം നല്ല തിരക്കായിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് യാതൊന്നും ചിന്തിക്കാൻ നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.
എങ്കിലും ഇടയ്ക്ക് എന്തെങ്കിലുമൊക്കെ കിഷോർ മെസ്സേജ് ഇടാറുള്ളതാണ്. ഇന്ന് അതും കണ്ടില്ല. പുതിയ ബന്ധങ്ങൾ അത്രയ്ക്ക് പിടിച്ചു കാണുമായിരിക്കും.
സുന്ദരിയല്ല അതി സുന്ദരിയാണത്രെ, ങ്ഹും!
അവൾ ഓർമ്മകളെ കുടഞ്ഞു കളയുന്നത് പോലെ തല വെട്ടിച്ചു. ലഞ്ച് ടൈമിൽ വികാസ് ആണ് പുതിയ സിനിമ ശീതളിൽ എത്തിയിട്ടുണ്ട് ആരെങ്കിലും വരുന്നോയെന്ന് ഉറക്കെ ചോദിച്ചത്.
ഒരു മാറ്റം അത്യാവശ്യമായി തോന്നിയത് കൊണ്ട് അച്ചുവാണ് ആദ്യം കൈ പൊക്കിയത്. പിന്നാലെ പകുതിയോളം പേര് ഞാനും എന്ന് വിളിച്ചു പറഞ്ഞു.
ശനിയാഴ്ച ദിവസം ഉച്ച കഴിഞ്ഞു വർക്ക് കുറവാണ്. മിക്കവാറും അന്നെന്തെങ്കിലും ചെറിയൊരു ഔട്ടിങ് എല്ലാവരും കൂടി പ്ലാൻ ചെയ്യാറുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ടിരിക്കുമ്പോഴും മനസ്സ് എവിടെയോ കുരുങ്ങി കിടക്കുന്നത് പോലെ ഒരു വല്ലായ്മ!
നായകനും നായികയും കൈ കോർത്തു പിടിച്ചു പാടുന്ന രംഗങ്ങൾ കണ്ടിട്ട് അസ്വസ്ഥതയാണ് തോന്നിയത്.
വെറുതെ വാട്സ്ആപ്പ് തുറന്നു നോക്കി. ഇല്ല! മെസ്സേജ് ഒന്നുമില്ല.
തിരികെ വീട്ടിൽ എത്തുമ്പോൾ അച്ഛനും അമ്മയും കാത്തിരിപ്പുണ്ട്.
സിനിമയെങ്ങനെയുണ്ടെന്ന അച്ഛന്റെ അന്വേഷണം കേട്ട് ശരിക്കും അവൾ കുഴപ്പത്തിലായി. ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. പക്ഷെ, ഇവരോട് എന്ത് പറയും.
കൊള്ളാം നല്ല ഫിലിം ആണ്. വെറുതെ അവൾ പറഞ്ഞൊപ്പിച്ചു.
അമ്മ എടുത്തു വെച്ച ഊണ് കഴിക്കാനായി കൈ കഴുകുമ്പോൾ അച്ഛൻ അടുത്ത് വന്നിരുന്നു.
“അച്ഛൻ കഴിച്ചോ “
മരുന്ന് കഴിക്കുന്നത് കൊണ്ട് അച്ഛൻ നേരത്തെ അത്താഴം കഴിക്കുമെന്ന് അറിയാം. എങ്കിലും വെറുതെ അവൾ തിരക്കി.
“ഞാൻ കഴിച്ചു. അമ്മ നീ കൂടെ വരട്ടെ എന്ന് പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.”
ചോറിലേയ്ക്ക് പുളിശ്ശേരി ലേശം ഒഴിച്ചു കൊണ്ട് ഒന്നും മിണ്ടാതെയും ഒട്ടും തിരക്കില്ലാതെയും അവൾ കഴിച്ചു തുടങ്ങി.
അച്ഛനാണ് വീണ്ടും തുടക്കമിട്ടത്.
“മോളറിഞ്ഞോ, കിഷോർ അടുത്ത് മാസം വരുന്നുണ്ട്. ഇത്തവണ വരുമ്പോൾ കല്യാണം കഴിപ്പിച്ചിട്ടേ ഇനി തിരിച്ചു വിടുന്നുള്ളൂ എന്നാണ് കരുണൻ പറഞ്ഞത് .
“ഉം.” അലസമായി അവൾ മൂളി. അമ്മ അച്ഛനെ ഒന്ന് നോക്കി.
“നിങ്ങൾ തമ്മിൽ സംസാരിച്ചില്ലേ. അവൻ നിന്നെ എപ്പോഴും വിളിക്കുന്നതാണല്ലോ.?”
“അതൊക്കെ പണ്ട്! ഇപ്പൊ പുതിയ ബന്ധങ്ങൾ ആണല്ലോ ആൾക്ക് വലുത്. പിന്നെ എങ്ങനെ വിളിക്കാനാണ്.”
അച്ഛൻ അമ്പരപ്പോടെയാണ് അമ്മയെ നോക്കിയത്. എന്തോ പറയാൻ തുടങ്ങിയത് പിന്നെ വേണ്ടെന്ന് വെച്ചു. അവൾ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ് പോകുന്നത് വരെ ആരും പിന്നെ ഒന്നും സംസാരിച്ചില്ല.
“എന്തോ കുഴപ്പമുണ്ട് കേട്ടോ. കേട്ടില്ലേ അവള് പറഞ്ഞത്.”
അവർ കുടിക്കാനുള്ള വെള്ളം നിറച്ച ജഗ്ഗ് മേശപ്പുറത്തു വെച്ചു .
“അതേ, എനിക്കും തോന്നി. മുമ്പ് ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ കിഷോറിന്റെ കാര്യം സംസാരിക്കുമ്പോഴ്. അതാണോ കുറച്ചു ദിവസമായിട്ടുള്ള മോളുടെ പ്രകൃതത്തിലുണ്ടായ ഈ മാറ്റങ്ങൾ? നാളെയാകട്ടെ കിഷോറിനെ തന്നെ വിളിച്ചു നോക്കാം “
പക്ഷെ, മുറിയിൽ അവളപ്പോഴും ഉറങ്ങിയിരുന്നില്ല. പുകയുകയായിരുന്നു
ആ മനസ്സ്. ഇത്രയും നാൾ അടുത്ത് ഇടപഴകിയിട്ടും അവനെന്റെ മനസ്സ് കാണാതെ പോയത് എന്താണ്. ഒരിക്കലും ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ല. എല്ലാം തുറന്നു പറയണമെന്നുണ്ടോ. പറയാതെ അറിയേണ്ട ചിലതൊക്കെ ഇല്ലേ എല്ലാവരുടെയും ജീവിതത്തിൽ.
ഒരു മെസ്സേജ് ഇട്ടാലോ. എന്നും ഇടാറുള്ളത് പോലെ.
ഒരു ഹായ് അവന്റെ പ്രൊഫൈലിലേയ്ക്ക് ഇട്ടിട്ട് അവൾ കാത്തിരുന്നു. ഒരോ മിനിട്ടുകൾ കടന്നു പോകുന്നു. പത്തു മിനിറ്റ് കഴിഞ്ഞതും മറുപടി വന്നു.
എടോ, ഞാൻ രണ്ടു ദിവസമായിട്ട് ഭയങ്കര ബിസിയായിരുന്നു. ഇപ്പൊ ഞാൻ വേറൊരു സൈറ്റിൽ ആണ്. നാട്ടിൽ പോകുന്നതിനു മുൻപ് കുറെ വർക്ക് ചെയ്തു തീർക്കാനുണ്ട്. അതാണ്. എന്താ തനിക്ക് സുഖമല്ലേ, ആന്റിയും അങ്കിളും ഞാൻ വരുന്ന വിവരം അറിഞ്ഞോ. തിരക്ക് ഒന്ന് കുറയട്ടെ, ഞാൻ തന്നെ അങ്ങോട്ട് വിളിക്കാം. ഓക്കേ..
ഹ്ഹോ ഉള്ളിൽ ഒരിത്തിരി തണുപ്പ് വന്നു വീണത് പോലൊരു ഒരു ആശ്വാസം. അവനോട് സംസാരിക്കാതിരുന്നതാണ് ഇതുവരെ അനുഭവിച്ച ശ്വാസം മുട്ടലിന് കാരണം. തന്റെ ഈഗോ, അല്ലെങ്കിൽ നിരാശയും സങ്കടവും പ്രതിഷേധവുമാണ് എല്ലാത്തിനും കാരണം..അവനങ്ങനെ തന്നെ കാണാൻ കഴിയില്ലായിരിക്കും. തട്ടിപ്പറിച്ചെടുക്കുന്ന ഒന്നും സ്ഥിരമായി നിൽക്കില്ലെന്ന് അച്ഛൻ എപ്പോഴും പറയും. അങ്ങനെ ഒരു സ്നേഹം എനിക്ക് വേണ്ട. അവനെന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സുഹൃത്ത് മാത്രമായിരിക്കട്ടെ എന്നും എപ്പോഴും.
നീറിപ്പുകയുന്ന മനസ്സിന് രണ്ട് നാളുകൾക്ക് ശേഷം ഒരു ചെറിയ ആശ്വാസം തോന്നി. തന്റെ മനസ്സിന് വല വിരിക്കുന്ന വേട്ടക്കാരൻ താൻ തന്നെയാണ്.
സുഖമായൊന്ന് ഉറങ്ങാൻ അവൾക്ക് കൊതി തോന്നി. പുതപ്പിനുള്ളിലേയ്ക്ക് അമർന്നു കിടക്കുമ്പോൾ കിഷോറിന്റെ നനുത്ത ഓർമ്മകൾ വീണ്ടും തന്നിലേയ്ക്ക് പടർന്നു കയറുന്നതറിഞ്ഞ് അവൾ തലവഴി പുതപ്പ് മൂടി കണ്ണുകൾ ഇറുക്കെയടച്ചു.
പിറ്റേന്ന് വളരെ ഉത്സാഹത്തിലായിരുന്നു അവൾ. മനസ്സിലെ വേണ്ടാത്ത ചിന്തകളെല്ലാം കഴുകി കളഞ്ഞിരുന്നു. അമ്മയും അച്ഛനും അതിശയത്തോടെ നോക്കുന്നത് കാണാത്ത ഭാവത്തോടെ എന്നത്തേയും പോലെ നന്നായി ഒരുങ്ങിത്തന്നെ ജോലിക്ക് പോയി.
അങ്ങനെ ഒരാഴ്ച്ച യാതൊരു കേടുപാടുകളും കൂടാതെ കടന്ന് പോയി !
അവൾ പൂർണ്ണമായും കിഷോറിനോടുള്ള സ്നേഹത്തെ മറന്ന് കളഞ്ഞിരുന്നു എന്ന് പറഞ്ഞാൽ കള്ളത്തര മായി പോകും, മറക്കാൻ ശ്രമിച്ചു എന്ന് പറയുന്നതാവും ശരി..
മനഃപൂർവമല്ല, തന്നോട് ഇങ്ങോട്ട് അത്തരം ചിന്തകളില്ലാത്ത ഒരു മനുഷ്യനെ വെറുതെ എന്തിന് ബുദ്ധിമുട്ടിക്കണം. അമ്മ കണ്ടു വെച്ചെന്ന് പറഞ്ഞ ആ സുന്ദരിപ്പെണ്ണിനെ തന്നെ അയാൾ കല്യാണം കഴിക്കട്ടെ !
അങ്ങനെയാണവൾ തീരുമാനിച്ചത്.
വളരെ തിരക്ക് പിടിച്ച ഒരു വെള്ളിയാഴ്ച്ചയാണ് ബാങ്ക് മാനേജർ അച്ചൂനെ ക്യാബിനിലേയ്ക്ക് വിളിപ്പിച്ചത്. വളരെ നല്ലയൊരു മനുഷ്യൻ എന്നാണ് അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോഴൊക്കെ അവൾക്ക് തോന്നിയിട്ടുള്ളത്. എല്ലാവരോടും വളരെ സൗഹാർദ്ദത്തോടെയും തമാശയോടെയും സംസാരിക്കാൻ മിടുക്കൻ. പെൻഷൻ പറ്റാൻ നാലഞ്ച് വർഷങ്ങൾ കൂടി ബാക്കിയുണ്ടാവും. സാരിയുടെ മുന്താണിത്തുമ്പ് തിരുപ്പിടിച്ചു കൊണ്ട് മാനേജർക്ക് മുന്നിൽ നിൽക്കുമ്പോൾ എന്തിനാവും വിളിപ്പിച്ചതെന്ന ആശങ്കയിലായിരുന്നു. മുഖവുര ഒന്നും കൂടാതെയാണ് സർ ചോദിച്ചത്.
“തനിക്ക് ഒരു പ്രൊപോസൽ വന്നിട്ടുണ്ട്. ആ കാര്യം സംസാരിക്കാനാണ് അശ്വതിയെ വിളിപ്പിച്ചത്.
കൈകൾ പെട്ടന്ന് നിശ്ചലമായി. ങ്ങ്ഹേ ! മാനേജർ ജോലി കൂടാതെ ഈ പണിയും ഇദ്ദേഹത്തിനുണ്ടോ ?
“താൻ ഞെട്ടണ്ട. എനിക്ക് ബ്രോക്കർ പണിയൊന്നുമില്ല. എന്റെ ബാങ്കിലുള്ള ഒരു കുട്ടിയെ കുറിച്ച് എനിക്ക് താല്പര്യം ഉള്ള വേണ്ടപ്പെട്ട ഒരാൾ അന്വേഷിച്ചപ്പോൾ വിളിച്ചു ചോദിച്ചു എന്ന് കരുതിയാൽ മതി.”
എന്ത് പറയാനാണ് എന്നാണ് അവളപ്പോൾ ചിന്തിച്ചത്. ഇദ്ദേഹത്തെ പോലെയൊരാളോട് ഇതെക്കുറിച്ചൊക്കെ എന്ത് പറയും? താല്പര്യം ഇല്ലെന്നോ, അതൊ ഉണ്ടെന്നോ??
“എന്റെ ഒരു സുഹൃത്തിന്റെ മകന് വേണ്ടിയാണ് കേട്ടോ. അയാൾ ഒരിക്കൽ ഇവിടെ വന്നപ്പോൾ തന്നെ കണ്ടിരുന്നുവത്രെ. പയ്യൻ ടെക്നോപാർക്കിൽ ആണ്. നല്ല ഫാമിലി, നല്ല ക്യാരക്റ്റർ, വിവാഹിതയായ ഒരു സിസ്റ്റർ പിന്നെ അച്ഛനും അമ്മയും. താല്പര്യം ഉണ്ടെങ്കിൽ പറയണം.അവർക്ക് ഇയാളുടെ വീട്ടിൽ വരാനാണ് പെൺകുട്ടിയെ കാണാൻ “
അവൾക്ക് ലേശം പരിഭ്രമം തോന്നി. ഇതൊക്കെ താൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടത് വിഷയമല്ലല്ലോ.
“സർ, ഇപ്പൊ പെട്ടന്ന് ഞാൻ എന്താ പറയുക. ഇത്തരം കാര്യങ്ങളൊക്കെ വീട്ടുകാരല്ലേ ആലോചിക്കുന്നത്. ഞാൻ അച്ഛനോട് പറയാം. എന്നിട്ട് സാറിനെ വിളിക്കാം എന്താ?”
“ഓക്കേ ഓക്കേ, അത് മതി. ഞാൻ ഇയാളോട് പറഞ്ഞു എന്നേയുള്ളൂ. ഫാദറിനോട് ഒന്ന് സംസാരിക്കൂ. എന്തായാലും എന്നെ അറിയിക്കണം. കാരണം, അവർക്ക് നല്ല താൽപ്പര്യം ഉണ്ട്. പിന്നെ എനിക്കും.”
ഒടുവിൽ പറഞ്ഞത് അല്പം ചിരിയോടെയാണെങ്കിലും അവൾക്ക് ഒട്ടും ചിരി വന്നില്ല. ഒരു വയ്യാവേലി ആയോ എന്നൊരു ആശയക്കുഴപ്പത്തിൽ അവൾ തിരിച്ചു സീറ്റിൽ വന്നിരുന്നു. ആരോടും ഇതെക്കുറിച്ച് പറയണ്ട എന്ന് തീരുമാനിച്ചു.
ആദ്യം അച്ഛനോട് തന്നെ പറയാം. വൈകിട്ടു ടിവിയിലെ ന്യൂസ് ചാനലിൽ അമർന്നിരിക്കുന്ന അച്ഛന്റെ അടുത്ത് പോയിരിക്കുമ്പോൾ വിഷയം പറയാൻ അവൾക്കൊരു വല്ലായ്മ തോന്നി.
കിഷോറിനെയാണ് ഇഷ്ടമെന്ന് തുറന്നു പറയാൻ വയ്യാത്ത താനാണ് പുതിയ പ്രൊപോസൽ കാര്യം സംസാരിക്കുന്നത്. പക്ഷെ പറയാതിരിക്കാൻ വയ്യല്ലോ. നാളെ സർ ചോദിച്ചാൽ എന്ത് പറയും. എല്ലാം കേട്ട് കഴിഞ്ഞിട്ടും അച്ഛന്റെ മുഖത്തൊരു തെളിച്ചമോ സന്തോഷമോ കണ്ടില്ല.
“ഞാൻ എന്താണ് സാറിനോട് പറയുക. അല്ലെങ്കിൽ അച്ഛൻ തന്നെ സാറിനെ വിളിച്ചു പറ. എനിക്ക് വയ്യ ഇതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ.”
“മോൾക്ക് കേട്ടിട്ട് എന്ത് തോന്നി. നല്ല ആലോചനയാണെങ്കിൽ നമുക്ക് നോക്കാമല്ലോ.”
ശാസനയോടെയുള്ള ഭാര്യയുടെ നോട്ടം കണ്ടു.
“അച്ഛൻ എന്താന്ന് വെച്ചാൽ ചെയ്യ്. എനിക്ക് ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ഒരു ജോലിയുണ്ട് അത് മതി തല്ക്കാലം ജീവിക്കാൻ “
“നീ സാറിന്റെ നമ്പർ തരൂ ഞാൻ വിളിച്ചു നോക്കട്ടെ. എന്നിട്ട് തീരുമാനിക്കാം കല്യാണം കഴിക്കണോ വേണ്ടയോയെന്ന്!”
ഫോണിലെ കോൺടാക്ട് എടുത്തു നമ്പർ പറഞ്ഞു കൊടുത്ത് അവൾ മൊബൈലുമായി മുറിയിലേയ്ക്ക് പോയി.
“നിങ്ങൾ ഇതെന്ത് പണിയാ ഏട്ടാ ചെയ്യാൻ പോകുന്നത്. സാറിനെ വിളിച്ചു ആലോചന മുന്നോട്ട് കൊണ്ട് പോകാനോ ? പിന്നെ മറ്റവരോട് നമ്മൾ എന്ത് മറുപടി പറയും.?”
“അതൊക്കെയുണ്ട്. നീ കിടന്നു കയറു പൊട്ടിക്കാതെടോ “
അയാൾ ഫോണുമായി നേരെ മുറ്റത്തേയ്ക്കാണ് നടന്നത്. വിളിച്ചത് കരുണൻ മാഷിനെയും! എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കരുണൻ മാഷിന് ഒരു സംശയം.
അല്ലാ, മോൾക്ക് കിഷോറുമായുള്ള വിവാഹത്തിന് സമ്മതമല്ലാന്നുണ്ടോ. ഇതെന്താ പിന്നെ ഒന്നുമറിയാത്തത് പോലെ അവൾ പ്രൊപോസൽ കാര്യം സംസാരിച്ചത്.
“എടോ, ഇവിടെ ഇതേവരെ അതിനെക്കുറിച്ചു ഞങ്ങളാരും സംസാരിച്ചിട്ടില്ല. അവളും ഒന്നും പറഞ്ഞിട്ടില്ല. താൻ ആദ്യം കിഷോറിനോട് ഇതെക്കുറിച്ച് ഒന്ന് സംസാരിക്ക്. അവൾക്ക് കല്യാണം പോലും വേണ്ടെന്നാ പറയുന്നത്.”
ഫോൺ കട്ട് ചെയ്തിട്ട് അയാൾ ബാങ്ക് മാനേജറിന്റെ നമ്പർ എടുത്തു. മകൾ കേട്ടെങ്കിലോ എന്ന് കരുതി കുറച്ചു മുന്നോട്ട് നടന്നു.
പയ്യനെ കുറിച്ചുള്ള വിവരണങ്ങൾ കേട്ടപ്പോൾ മോൾക്ക് ചേരുന്നൊരു ബന്ധം തന്നെയാണെന്ന് മനസ്സിലായി. പക്ഷെ, മറ്റൊരു താല്പര്യം വർഷങ്ങളായി താനും ഭാര്യയും മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ലായിരുന്നു. ഒടുവിൽ ഒരു കാര്യം പ്രത്യേകം എടുത്തു പറയാനും മറന്നില്ല. അശ്വതി തല്ക്കാലം ഇതൊന്നും അറിയരുത്.
അന്ന് പതിവില്ലാതെ ജോലി കഴിഞ്ഞു വീട്ടിലെത്തുന്നതിന് മുമ്പ് വാട്സ്ആപ്പിലെ കിളി പലവട്ടം ചിലച്ചത് പക്ഷെ സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ അവൾ അറിഞ്ഞില്ല.
സ്കൂട്ടർ ഒതുക്കി വെച്ച് അകത്തേയ്ക്ക് കയറുമ്പോൾ അച്ഛൻ പതിവ് പോലെ മുറ്റത്തെ പേരച്ചുവട്ടിൽ നിൽപ്പുണ്ട്. അച്ഛൻ പണ്ടേ അങ്ങനെയാണ്. താൻ മടങ്ങിയെത്തുന്നതും കാത്തുള്ള നിൽപ്പാണ്. ബാഗ് എടുത്തു അകത്തേയ്ക്ക് കയറുമ്പോൾ പെട്ടന്ന് അവൾ എന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്നു.
“അതേയ്, അച്ഛൻ സാറിനെ വിളിച്ചിരുന്നോ. കണ്ടിട്ട് ഒന്നും എന്നോട് ചോദിച്ചില്ലല്ലോ .”
“പയ്യന് അവധി ഉള്ള ഒരു ദിവസം വരാമെന്ന് പറഞ്ഞിട്ടുണ്ട്. വന്നു കാണട്ടെ അല്ലേ?”
മനസ്സ് ഒന്ന് വാടിയെങ്കിലും പെട്ടന്ന് മുഖത്ത് സന്തോഷം വരുത്തി. തന്റെ വാടിക്കരിഞ്ഞ പ്രണയകുസുമങ്ങൾ ആരും കാണാതെ പോകട്ടെ ! എന്റെ ആദ്യത്തെയും അവസാനത്തെയും ഇഷ്ടം എന്നിൽ തന്നെ കുഴിച്ചു മൂടപ്പെടട്ടെ !
മേല് കഴുകി വന്നപ്പോഴേക്കും അമ്മ വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.
“അച്ചൂ, കുറച്ചു ഭക്തിയൊക്കെ ആവാം കേട്ടോ. ഇപ്പൊ നീ വല്യ ജോലിക്കാരിയായതിൽ പിന്നെ ഈ പരിസരത്തേയ്ക്ക് അടുക്കുന്നില്ല. പണ്ട് നാമം ചൊല്ലാനും, കൃഷ്ണന് മാല കെട്ടാനും, അമ്പലത്തിൽ പോകാനുമൊക്കെ എന്ത് ഉത്സാഹമായിരുന്നു.”
ശരിയാണ്. എത്ര തൊഴുതാലും മതിയാകാതെ നിന്നിട്ടുണ്ട് കൃഷ്ണവിഗ്രഹത്തിന് മുന്നിൽ . മുറ്റത്തെ തുളസിയില നുള്ളി മാല കെട്ടിക്കൊടുക്കുമ്പോൾ അന്നൊരു കള്ള കൃഷ്ണൻ തന്റെയുള്ളിലും കുടികൊണ്ടിരുന്നു. എനിക്കെന്തേ മാല തരാത്തൂ എന്ന പരിഭവം മൂടിയ ചിരിയുമായി !
പിന്നെ പിന്നെ ജോലി കിട്ടിയതോടെ ആകെ മടിയായി. എന്നും മതിവരുവോളം ഒന്നുറങ്ങണം എന്നൊരൊറ്റ ചിന്ത മാത്രമേയുള്ളൂ. കല്യാണം കഴിയുമ്പോൾ ഈ ഉറക്ക ഭ്രാന്ത് ഒക്കെ താനെ മാറിക്കോളും നോക്കിക്കോ..അമ്മയുടെ ഉപദേശം കേൾക്കുമ്പോൾ ചിരിച്ചു പോകും. കല്യാണമാണ് പെണ്ണിന്റെ ഇഷ്ടങ്ങൾക്ക് കൂച്ചു വിലങ്ങിടുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..നല്ല പാഠം പഠിപ്പിക്കാൻ വിടുന്ന വലിയൊരു ക്ലാസ്സ് മുറിയാണ് അവൾ കയറിച്ചെല്ലുന്ന ഓരോ അടുക്കളകളും !
വിളക്കിന് മുന്നിൽ നിന്ന് കൈകൾ കൂപ്പി.ഉള്ള് ശൂന്യമായിപ്പോയ ഒരു രാധയാണ് താനിന്ന്. മുന്നിലെ ചിരിക്കുന്ന കണ്ണന്റെ കണ്ണിൽ തന്റെ നേർക്കുള്ള പരിഹാസമാണോ കാണുന്നത്. അതോ സഹതാപമോ?
ഭസ്മ പാത്രത്തിൽ നിന്ന് ഒരു നുള്ള് എടുത്തു നെറ്റിയിൽ ഒരു കുഞ്ഞ് വര വരച്ചു. എന്നും എപ്പോഴും എന്റെ ഉള്ളിൽ നീയുണ്ട്. പക്ഷെ, അത് കാണാതെ പോയതും നീ തന്നെയാണ് കണ്ണാ..
അമ്മ നാമം ചൊല്ലാനിരിക്കുന്നത് കണ്ടു. ഫോൺ എടുത്തതും വാട്സ്ആപ്പ് നിറയെ മെസ്സേജ് കണ്ടു ഒന്ന് ഞെട്ടി.
കിഷോറിന്റെ ഒരു കുന്ന് വോയിസ് മെസ്സേജ്!! ഹൃദയം വല്ലാതെ പെരുമ്പറ കൊട്ടുന്നത് അവളറിഞ്ഞു.
“എടോ, അച്ഛൻ വിളിച്ചിരുന്നു. തനിക്ക് വന്ന പുതിയ പ്രപ്പോസലിന്റെ കാര്യം പറഞ്ഞു, നീയെന്ത് തീരുമാനിച്ചു. നല്ല പയ്യനായിരിക്കുമല്ലോ അല്ലേ. ഞാൻ രണ്ടാഴ്ച കഴിഞ്ഞ് അങ്ങെത്തില്ലേ. എന്നിട്ട് പോരേ ചടങ്ങൊക്കെ നടത്തുന്നത്.”
ഇതിലും ഭേദം അവനൊരു ക, ത്തി എടുത്തു തന്നെ കു, ത്തിക്കൊ, ല്ലുന്നതായിരുന്നു!
ദുഷ്ടൻ, എങ്ങനെ ഇതുപോലെ പറയാൻ കഴിയുന്നു.വന്നിട്ട് നടത്തിയാൽ മതിയെന്ന് !പകരം തനിക്കിതിന് കഴിയുമോ എന്നൊന്ന് ചോദിച്ചിരുന്നെങ്കിൽ !!
പെട്ടന്ന് ഒരു വാശി തോന്നി. വോയ്സ് വേണ്ട, തന്റെ സ്വരത്തിന് കള്ളം മറച്ചു വെയ്ക്കാൻ കഴിയാതെ വന്നാലോ. അവൾ ടൈപ് ചെയ്തത് ഒട്ടും തിരക്കില്ലാതെയും ക്രൂ, രമായൊരു സന്തോഷത്തോടെയുമാണ്.
“അത് പിന്നെ..അവർക്ക് പെട്ടന്ന് നടത്തണം എന്ന് ഭയങ്കര നിർബന്ധം. ആ ചെക്കന്റെ അച്ഛൻ എന്നെ മുൻപ് കണ്ടിട്ടുണ്ടത്രെ. നല്ല ഫാമിലി ആണ്. കാണാനും സ്മാർട്ട് ആണ്. ഞങ്ങളുടെ സാറിന് ഈ വിവാഹം നടത്താൻ വലിയ താല്പര്യമാണ്. അടുത്ത സൺഡേ അവര് വരുന്നുണ്ട് പെണ്ണ് കാണാൻ..അന്ന് ഞാൻ സാരിയുടുക്കണോ അതോ ചുരിദാർ ഇടണോ? ഏതാടാ എനിക്ക് കൂടുതൽ ചേരുന്നത്. നീയും ഏതായാലും കല്യാണം കഴിക്കാൻ പോകുവല്ലേ. കാണാൻ ചെല്ലുമ്പോൾ പെൺകുട്ടി ഏതു ഡ്രസ്സ് ഇട്ടുകൊണ്ട് നിൽക്കുന്നതാണ് നിനക്കിഷ്ടം?”
മറുപടിക്കായി കാത്തിരിക്കുമ്പോൾ അവൻ ഓൺലൈനിൽ നിന്ന് അപ്രത്യക്ഷമായി.
പോയി കെട്ടട്ടെ..എന്നേക്കാൾ അതിസുന്ദരിയായ പെണ്ണിനെ. തന്നെ മനസ്സ് കൊണ്ട് പോലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരാളെ ഞാനെന്തിന് ഇനിയും കാത്തിരിക്കണം. പ്രതികാരത്തിനും, ആ, ത്മ, ഹത്യയ്ക്കും ഒന്നിനും ഇല്ല. സഫലമാകാത്ത ഇഷ്ടം ഒരു മുറിവായി ഹൃദയത്തിൽ എന്നും അങ്ങനെതന്നെ കിടക്കട്ടെ. ആരുമറിയാതെ….
അമ്മയും അച്ഛനും രാവിലെ തന്നെ എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലാണ്. ഞായറാഴ്ച്ച ആയത് കൊണ്ട് കുറച്ചു നീണ്ടു പോയി ഉറക്കം.
“ഓഹ്, ഉറക്കക്കാളി എത്തിയോ. ചായ ചൂടാക്കി കുടിക്ക്, അല്ലേൽ ചോറെടുത്തു കഴിക്ക്. നേരം ഉച്ചയായി.”
അമ്മയുടെ വളിച്ച ഒരു തമാശ!
“മോളെ ഞങ്ങൾ കരുണന്റെ വീട്ടിൽ വരെ പോകുവാ..നാളെ വൈകിട്ടല്ലേ അവൻ വരുന്നത്. കല്യാണകാര്യമൊക്കെ എന്തായീന്ന് ഒന്ന് അറിയാമല്ലോ.”
അവളൊന്നും മിണ്ടാതെ തലകുലുക്കി. കിഷോർ തന്റെ മെസ്സേജ് കണ്ട് രക്ഷപെട്ടു പോയതാണ് കഴിഞ്ഞ രാത്രിയിൽ ! അവൻ വരട്ടെ. കണ്ടിട്ട് കുറെ നാളായി..കുറച്ചു കൂടി വണ്ണം വെച്ചിട്ടുണ്ടാവും. നിറവും…
അന്ന് സാലറി കിട്ടിയ ദിവസമായിരുന്നു. കുറച്ചു ഷോപ്പിങ്ങൊക്കെ കഴിഞ്ഞു തിരികെ എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു. പോരെങ്കിൽ ഡിസംബർ മാസവും. ആറു മണിയാകുമ്പോഴേ നേരമിരുട്ടും. അച്ഛന് ഒച്ച വെയ്ക്കാൻ അത് മതി.
സ്കൂട്ടർ ലോക്ക് ചെയ്തിട്ട് രണ്ട് കയ്യിലും നിറയെ സാധനങ്ങളുമായി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആരുടെയോ സംസാരങ്ങൾ പുറത്ത് കേൾക്കാമായിരുന്നു. അവനായിരിക്കുമോ ?
ഏയ് ഇന്നല്ലേ എത്തൂ. ഉടനെ ഇങ്ങോട്ട് ഓടിപിടിച്ചു വരാൻ അത്ര വലിയ ബന്ധങ്ങളൊന്നും അവനിവിടെയില്ലല്ലോ.
“നീയെന്താ അച്ചൂ ഇത്രയും വൈകിയത്..ഇവിടെ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ.”
അമ്മ ഓടിവന്നു കയ്യിൽ നിന്ന് വലിയ രണ്ട് കവറുകൾ വാങ്ങി.
“ഇന്ന് കടയിലൊക്കെ കയറിയിട്ടേ അവള് വരത്തുള്ളൂ എന്ന് പറഞ്ഞതാ ഞാൻ അച്ഛനോട്. ഏഴ് മണി കഴിഞ്ഞാൽ പിന്നെ അച്ഛന് ടെൻഷൻ ആണ് .”
ഈയച്ഛന്റെ ഒരു കാര്യം. മുറിയിലേയ്ക്ക് പോകാൻ തിരിഞ്ഞതാണ്. പക്ഷെ, ഒരാൾ തന്നെ ഉറ്റു നോക്കിയിരിക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. അച്ഛനും അമ്മയും പരസ്പരം നോക്കി പുഞ്ചിരിക്കുന്നു.
“യ്യോ ഇതാരാ, ഇവനെന്താ അമ്മേ ഇവിടെയാണോ ഫ്ലൈറ്റ് ഇറങ്ങിയത്?”
ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് കിഷോർ എഴുന്നേറ്റ് തന്റെയരികിലേയ്ക്ക് വരുന്നത് ഒരു സ്വപ്നം പോലെ അവൾ നോക്കിനിന്നു. മാറിയിട്ടുണ്ട് പോയതിലും ഒരുപാട് !പക്ഷെ, പെരുമാറ്റം എല്ലാം സാധാരണ പോലെ തന്നെ ! അവൻ മാത്രം മാറിയിട്ടില്ല. പഴയ തമാശയും വിശേഷം പറച്ചിലുകളും ഒന്നും മാറിയിട്ടില്ല.
അവളെ നോക്കി നിൽക്കുമ്പോൾ അവൻ ചിന്തിച്ചതും മറ്റൊന്നുമായിരുന്നില്ല. ഇവളിപ്പോഴും പഴയ ബഹളക്കാരി പെണ്ണ് തന്നെ ! പക്ഷെ, താൻ ഊഹിച്ചതിലും എത്രയോ ഇരട്ടി ഇവൾ മാറിപ്പോയിരിക്കുന്നു.
സാരിയിൽ ഒരു വല്യ പെണ്ണിനെപ്പോലെ ! നിറം കൂടിയോ? കവിളുകളിൽ നിന്ന് ചോര തൊട്ടെടുക്കാം. എത്ര സിമ്പിളായിട്ടാണ് ഒരുക്കം.എന്നിട്ടും എന്തൊരു ആകർഷണമാണ്!
“കേട്ടോ അമ്മേ, ഇവൻ കെട്ടാൻ പോകുന്ന പെണ്ണ് അതിസുന്ദരിയാണെന്നാ പറഞ്ഞത്. എനിക്ക് സത്യം പറഞ്ഞാൽ കാണാൻ കൊതിയായി. എന്നേക്കാൾ സുന്ദരി ആരാണെന്ന് അറിയണമല്ലോ “
ഈ പെണ്ണിന്റെ ഒരു കാര്യം. കിഷോർ ഒന്ന് പരുങ്ങി.
“അതേ, അത് സത്യമാണല്ലോ..അല്ലേ ആന്റി?” ഒരു കള്ളച്ചിരിയോടെ അവൻ ചോദിക്കുന്നു അമ്മയോട് ! അമ്മ ചിരിച്ചു കൊണ്ട് തലയാട്ടി.
“അതെയതെ “
ങേഹേ! അപ്പോൾ അമ്മ നേരത്തെ കണ്ടിട്ടുണ്ടോ പെണ്ണിനെ? എല്ലാവരും കൂടി എന്നെ വിഡ്ഢിയാക്കുവായിരുന്നോ!
“കിച്ചു നീയിരിക്ക് ഞാൻ ഇതൊക്കെയൊന്ന് കൊണ്ട് വെച്ചിട്ട് ഇപ്പൊ വരാം.”
അവൾ സ്നേഹം കൂടുമ്പോൾ അവനെ വിളിക്കാറുള്ളതാണ് കിച്ചു എന്ന്. ആന്റിയും അങ്കിളും തന്റെ നേർക്ക് കണ്ണും കയ്യും കാട്ടുന്നത് അവൻ കണ്ടു.
“ഇനിയും അവളെ വിഡ്ഢിയാക്കണ്ട കിഷോർ. ഉള്ള സത്യമങ്ങു തുറന്നു പറഞ്ഞേക്ക്.”
അവൾ മുറിയിലെത്തി ബാഗും കവറുകളും ഒതുക്കി വെയ്ക്കുമ്പോൾ അവൻ പിന്നാലെ എത്തി.
“അപ്പോൾ നീ എന്നേക്കാൾ മുന്നേ കല്യാണം കഴിക്കാൻ പോകുവാണോ. നിനക്ക് അത്രയ്ക്കും പ്രായമൊന്നും ആയിട്ടില്ലെന്നെ. ഒരു രണ്ടു വർഷം കൂടി പിടിച്ചു നിൽക്കാം.”
“ഓഹ് എന്തിനാടാ, എന്നായാലും ആരുടെയെങ്കിലും തലയിൽ അച്ഛനും അമ്മയും കൂടി എന്നെ കെട്ടിവെയ്ക്കും. എങ്കിൽ പിന്നെ അത് കുറച്ചു നേരത്തെ ആയിക്കോട്ടെ.” അവളൊട്ടും കൂസലില്ലാതെയാണ് പറഞ്ഞത്.
“എങ്കിൽ പിന്നെ ആരുടെയെങ്കിലും തലയിലോട്ട് കേറുന്നതെന്തിനാ. ഈ തലയിലോട്ട് അങ്ങ് കേറിക്കോ.”
അവളൊന്നു ഞെട്ടി. തമാശ പറഞ്ഞതാണോ !
“നീ നോക്കി ദഹിപ്പിക്കണ്ട. നിന്നെ എന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള അച്ഛന്റെയും അമ്മയുടെയും ആലോചനയുടെ കാര്യമാണ് അന്ന് ഞാൻ പറഞ്ഞത് .”
“ഓഹോ, അപ്പോൾ നിനക്ക് ഒട്ടും താൽപ്പര്യമില്ലെന്ന് സാരം.”
“ഡീ പൊട്ടീ..ഞാൻ വേറെയൊരെണ്ണത്തിനെയും ഈ തലയിൽ കേറ്റത്തില്ല എന്ന് കട്ടായം പറഞ്ഞത് കൊണ്ടല്ലേ..എനിക്ക് ഈ സുന്ദരിയെ മതി “
“അപ്പോൾ മറ്റേ അതിസുന്ദരിയോ?”
“അവളാണല്ലോ ഇവൾ “
അവൻ ഒരു പ്രത്യേക സ്റ്റൈലിൽ അവളെ ചൂണ്ടി പറഞ്ഞപ്പോൾ ഹൃദയം, ഒട്ടും ഭാരമില്ലാത്ത ഒരു തൂവൽ പോലെ ആകാശത്തോളം ഉയരേക്ക് പറന്നു പോകുന്ന തോന്നലിൽ അവളൊന്നു ആടിയുലഞ്ഞു. തീർത്തും ദുർബലമായി പോയ ആ നിമിഷത്തിൽ അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് വെച്ചു.
എന്തിനാ എന്നെയിത്രയും ദിവസം തീ തീറ്റിച്ചതെന്ന് ആ നെഞ്ചിൽ തല്ലി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, അവന്റെ ശ്വാസനിശ്വാസങ്ങൾ തൊട്ടറിഞ്ഞ് ഒരു ജീവിതം മുഴുവനും അങ്ങനെ തന്നെ നിൽക്കാനാണ് അവൾ കൊതിച്ചത്.
തന്റെ നെറ്റിയിലേക്ക് മാടിവീണ മുടിഴിയിഴകളിൽ അവന്റെ നീണ്ട വിരലുകൾ താളം പിടിക്കുന്നുണ്ടായിരുന്നു.
“ഒരു പെണ്ണിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ കാലം മുതൽക്കേ നീയെന്റെ ഹൃദയത്തിൽ കയറിക്കൂടിയതല്ലേ. എന്നിട്ട് എന്നെ മറന്നു വേറൊരുത്തൻ വന്നാൽ നീ കെട്ടാനായി കഴുത്തു നീട്ടുമോ?”
“ഒന്നും തുറന്നു പറയാതെ ഇതുപോലൊക്കെ അഭിനയയിച്ചാൽ ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചെന്ന് വരും “
“ആഹാ അമ്പടി കേമി “
അവൻ അവളുടെ നീണ്ട മൂക്ക് പിടിച്ചു ശക്തിയായി തിരുമ്മി.
അയ്യോ അമ്മേ..
അവൾ വേദനയോടെ ഉറക്കെ ചിരിച്ചു. ആ ചിരി പുറത്തെ രണ്ട് ഹൃദയങ്ങളിലേയ്ക്കാണ് ഇരച്ചു കയറിയത്.
“പാവം ! ഇത് കുറച്ചു നേരത്തെ പറയായിരുന്നു”
ഭാര്യയുടെ സ്വരത്തിലെ പരിഭവം തിരിച്ചറിഞ്ഞിട്ടും അയാൾ ഒന്നും മിണ്ടാതെ ചിരിച്ചതേയുള്ളൂ..
രണ്ടാളും ഒന്നും തുറന്നു പറയാതിരുന്നിട്ടല്ലേ. പറയാനുള്ളത് പറയേണ്ട സമയത്ത് പറയണം എന്ന് പറയുന്നത് ഇതിനാണ്.
ഭാര്യയോട് എന്തോ പറയാനൊരുങ്ങിയ അയാൾ മുറിയിൽ നിന്നിറങ്ങി വരുന്ന മകളെയും കിഷോറിനെയും കണ്ടു.
“അപ്പോൾ എന്നത്തേയ്ക്കാണ് കല്യാണം നടത്തേണ്ടത്?”
“ഒന്ന് പോ അച്ഛാ കളിയാക്കാതെ.”
അത് കേട്ട് അവരെല്ലാവരും പൊട്ടിച്ചിരിച്ചു.
ശുഭം