വെള്ളാരം കണ്ണുള്ള സുന്ദരി…
എഴുത്ത്: നിഷ പിള്ള
=================
പാസഞ്ചർ ട്രെയിനിന്റെ ജനാല സീറ്റിലിരിക്കുകയായിരുന്നു മീര. അവൾ സ്നേഹപൂർവ്വം അടുത്തിരുന്ന വൈഷ്ണവിനെ നോക്കിയിരുന്നു. അവൻ തന്റെ മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും രണ്ടുപേരുടെയും ഇടയിൽ സൗഹൃദത്തിനുപരി പരസ്പരം ആകർഷണവും സ്നേഹവും ഉണ്ടെന്ന് രണ്ടാൾക്കും അറിയാം. തങ്ങളുടെ ഇഷ്ടം പരസ്പരം തുറന്നു പറയാനായിട്ടാണ് മീര വൈഷ്ണവിനോട് ഈ വീക്കെൻഡ് ഒരു ട്രിപ്പിന് പോകാമെന്ന് പറഞ്ഞത്.
അടുത്തടുത്തിരുന്നു യാത്ര ചെയ്യാനാണ് അവൾ ട്രെയിൻ എന്ന ഓപ്ഷൻ വച്ചത് തന്നെ. പക്ഷെ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങിയത് മുതൽ മീര പുറത്തെ കാഴ്ചകൾ കാണുകയും വൈഷ്ണവാകട്ടെ തന്റെ ഫോണിൽ തന്നെ കണ്ണുകൾ പൂഴ്ത്തി ഇരിക്കുകയുമാണ്. മീരയ്ക്ക് നിരാശ തോന്നി. അവനോടു തൊട്ടുരുമ്മിയിരിക്കാൻ അവൾക്കു കൊതി തോന്നി.
പുറത്തെ കാഴ്ചകൾ കണ്ടു മടുത്തപ്പോൾ അവൾ പരിസരം നോക്കാതെ അവനോടു ചേർന്നിരുന്നു. അവന്റെ കൈവിരലുകളിൽ അവൾ വിരലുകൾ കോർത്തു പിടിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ അവളോട് കൂടുതൽ ചേർന്നിരുന്നു.
“ഈ ഫോണിൽ കുത്തിയിരിക്കാനായിരുന്നുവെങ്കിൽ നമുക്ക് ആ ഓഫിസിന്റെ മുന്നിലെ പാർക്കിൽ ഇരുന്നാൽ മതിയായിരുന്നു.”
“എടി നീ ഇത് നോക്കിയേ “
അവൻ തന്റെ ഫോണിൽ തെളിഞ്ഞ വെള്ളാരം കണ്ണുള്ള സുന്ദരിയുടെ ഫോട്ടോ അവളെ കാണിച്ചു.
“ഇത് കണ്ടോ, ഇവൾ മഹാകുംഭമേളയിൽ മാല വിൽക്കാൻ വന്ന പെൺകുട്ടിയാണ്, മോണാലിസ. മധ്യപ്രദേശുകാരിയാണ്. അവളുടെ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. എന്ത് രസമാ അവളുടെ കണ്ണുകൾ കാണാൻ.അല്ലേ?”
“കൊള്ളാം. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. ഫസ്റ്റ് ഡേറ്റിനു ഗേൾ ഫ്രണ്ടിനെ കൂട്ടി കൊണ്ട് വന്നിട്ട് വേറൊരു പെണ്ണിന്റെ സൗന്ദര്യത്തെ വർണ്ണിക്കുന്നോ ?”
മീര പിണങ്ങി ജനലിന്റെ അടുത്തേയ്ക്കു നീങ്ങി ഇരുന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ടിരുന്നു. അപ്പോഴാണ് അവന് തങ്ങളുടെ ആ യാത്രയുടെ ഉദ്ദേശ്യം ഓർമ്മ വന്നത്. അവൻ അവളോട് ചേർന്നിരുന്നു. തന്റെ ഇടത്തെ കൈ അവളുടെ തോളിലേക്കിട്ടു അവളെ തന്നോട് ചേർത്ത് പിടിച്ചു. അവന്റെ ആ തലോടലിൽ അവളുടെ ദേഷ്യം അലിഞ്ഞു തീർന്നു.
അവളുടെ ചെവിയിൽ അവനെന്തോ പറഞ്ഞത് അവളെ സന്തോഷിപ്പിച്ചിട്ടുണ്ട്. അവൾ നാണിച്ചു തല താഴ്ത്തി.
പരിസരബോധമില്ലാതെ രണ്ടു ഇണക്കുരുവികളെ പോലെ അവർ ചേർന്നിരുന്നു.
അവരുടെ ചുറ്റുമുള്ളതൊക്കെ ഞൊടിയിടകൊണ്ടു അപ്രത്യക്ഷമായി അവർ അവരുടെ മാത്രം സ്നേഹത്തുരുത്തിലകപ്പെട്ടു.
അവൾ തന്റെ കൗമാര പ്രണയത്തെക്കുറിച്ച് അവനോടു പറഞ്ഞുകൊണ്ടേയിരുന്നു. ക്ലാസ്സിലെ പഠിപ്പിസ്റ്റിനെ പ്രണയിച്ചു, ഒടുവിൽ തേപ്പേറ്റ് വാങ്ങിയ അവളിലെ കൗമാരക്കാരിയെ കുറിച്ചോർത്ത് അവൻ ചിരിച്ചു..
“വൈഷ്ണവ് നീ ഒരിക്കലും നിന്റെ പ്രണയത്തെകുറിച്ചു എന്നോട് പറഞ്ഞിട്ടില്ലല്ലോ “
“ഇനി അത് പറയാത്ത കുഴപ്പമാ. നീ ഭയങ്കര പൊസ്സസ്സീവാണ്. ഒരു ഫോട്ടോ കണ്ടതേയുള്ളു നിന്റെ കിളി പോയല്ലോ. ഇനി ആ കഥ കൂടി കേട്ടാലോ.”
“അങ്ങനെ ഒന്നും കിളി പോകത്തില്ല. നീ ഇന്നത്തെ യാത്രയുടെ പ്രാധാന്യം മനസിലാകാതെ….എന്തായാലും, എന്നായാലും ഞാൻ അറിയേണ്ടതല്ലേ, നീ പറയൂ.”
അവളവനോട് കൂടുതൽ ചേർന്നിരുന്നു. പിന്നെ അവൻ പറഞ്ഞു തുടങ്ങി.
ചേച്ചിയെ കല്യാണം കഴിക്കുന്ന സമയത്ത് അളിയന് ജാർഖണ്ഡിലായിരുന്നു ജോലി. അളിയൻ പട്ടാളത്തിലെ കേണൽ ആയിരുന്നു. ഒരു മാസത്തെ ട്രെയിനിങ്ങിന് വേണ്ടി അളിയന് കാഷ്മീരിൽ പോകേണ്ടി വന്നു. ഗർഭിണിയായ ചേച്ചിയെ സഹായിക്കാൻ അമ്മയ്ക്കൊപ്പം ഞാനും ജാർഖണ്ഡിലേയ്ക്ക് ട്രെയിൻ കയറി.
ചേച്ചിയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയ ദിവസം ഞാൻ കോർട്ടേഴ്സിൽ ഒറ്റയ്ക്കായിരുന്നു. അളിയൻ്റെ കാറിൽ ആറ് കിലോമീറ്റർ അകലെയുള്ള മിലിട്ടറി ഹോസ്പിറ്റലിൽ പോയി വരണം. അങ്ങനെയൊരു യാത്രയിലാണ് ഞാനാദ്യമായി അവളെ കണ്ട് മുട്ടിയത്.
ഹൈവേയിലെ ട്രാഫിക്കിൽ കാർ നിർത്തിയിട്ട സമയത്താണ് അവൾ കാറിന്റെ വിൻഡോയിൽ തട്ടിയത്. പൊടിക്കാറ്റും ചൂടും കാരണം ഉയർത്തിയിട്ട ഗ്ലാസ് വിൻഡോ തുറക്കാൻ ഞാൻ മടിച്ചു. നിരന്തരമായ മുട്ട് കേട്ട് ഞാൻ ഗ്ലാസ് താഴ്ത്തി. മുന്നിലൊരു നാടോടി കച്ചവടക്കാരി. അവളുടെ വെള്ളാരം കണ്ണിൽ ഞാൻ നോക്കിയിരുന്നു പോയി.
“സർ ഗ്ലാസ്സിലൊട്ടിക്കാൻ പറ്റിയ കൂളിംഗ് വിൻഡോ ഷീൽഡുകൾ വേണോ.”
അവൾ ഹിന്ദിയിൽ ചോദിച്ചു.
“വേണ്ട “
ഞാൻ അവളെ നോക്കി മറുപടി പറഞ്ഞു. സ്വന്തമായി ഒരു ബൈക്ക് പോലുമില്ലാത്ത എനിക്കെന്തിന് ഷീൽഡ്. പക്ഷെ അവളോട് അങ്ങനെ വേണ്ട എന്ന് പറഞ്ഞതിൽ ഖേദം തോന്നി.
“സർ വിലക്കുറവാണ്. ഈ വിലയിൽ ഇത് ഇന്ത്യയിൽ മറ്റെവിടെയും കിട്ടില്ല.”
അവൾ പറഞ്ഞ വിലയിൽ ഞാൻ അത് വാങ്ങി കാറിൽ വച്ചു. ഗ്രീൻ സിഗ്നൽ തെളിഞ്ഞപ്പോൾ ഞാൻ വണ്ടി ഓടിച്ചു പോയി. പിന്നീട് ചേച്ചി വഴക്കു പറയുകയും പോക്കറ്റ് മണിയിൽ നിന്ന് ചെലവാക്കിയ തുക ചേച്ചി മടക്കി തരുകയും ചെയ്തു.
പിറ്റേ ദിവസവും അവളെ തേടി ആ വഴിയിൽ തന്നെ യാത്ര തുടർന്നു. അവളെ കണ്ടപ്പോൾ ഞാൻ ഗ്ലാസ് വിൻഡോ താഴ്ത്തി.
“സാർ ഷീൽഡ് ഒട്ടിച്ചില്ലേ ഇത് വരെ. സർ മദ്രാസിയാണല്ലേ .”
“അതെ, എന്താ മദ്രാസികളെ ഇഷ്ടമല്ലേ.”
“മദ്രാസികളെ ഇഷ്ടമാണ് സാർ, സാറിന്റെ കട്ടി മീശ എനിക്കൊത്തിരി ഇഷ്ടമായി. ഹിന്ദി സിനിമയിൽ അനിൽ കപൂറിന് മാത്രമേ കട്ടി മീശയുള്ളു. കറുത്ത മീശ.”
“അനിൽ കപൂറിന്റെ മീശയെക്കാൾ നല്ലതാണു ഞങ്ങളുടെ അരവിന്ദ് സാമിയുടെ മീശ.”
“അതിനെക്കാൽ ഭംഗിയുണ്ട് സാറിന്റെ മീശയ്ക്ക് “
അതും പറഞ്ഞവൾ നാണിച്ചു തല താഴ്ത്തി. അവളുടെ ഗോതമ്പു നിറവും വെള്ളാരം കണ്ണും ചുവപ്പിച്ച ചെഞ്ചുണ്ടുകളും മുട്ടുവരെ നീണ്ട ചെമ്പിച്ച തലമുടിയും എനിക്കവളെ വലിയ ഇഷ്ടമായി.
എല്ലാ ദിവസവും അവളും അനിയനും വൈകുന്നേരം വരെ അതേ സ്പോട്ടിലുണ്ടാകും. ആ സ്പോട്ടിലൂടെ ദിവസവും ഞാൻ മൂന്നും നാലും നേരം വെറുതെ കടന്നു പോകും, അവളെ കാണാൻ. എന്റെ കാർ ദൂരെ നിന്നും കാണുമ്പോൾ അവൾ മെല്ലെ അടുത്തേയ്ക്കു വരും. ഞാൻ ഗ്ലാസ് വിൻഡോ താഴ്ത്തും. ഒന്നോ രണ്ടോ വാക്കുകളിൽ സംസാരിക്കും. സിഗ്നൽ പച്ചയാകും. ഞാൻ അവളോട് ബൈ പറഞ്ഞു പോകും.
ഒരു ദിവസം ഞാൻ അവളോട് അവളുടെ വീടിരിക്കുന്ന സ്ഥലം എവിടെയെന്ന് അന്വേഷിച്ചു.
സ്ഥലത്തെ മാർക്കറ്റിനു പിറകിലെ കോളനിയിലാണെന്ന് അവൾ പറഞ്ഞിരുന്നു. ചേച്ചിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോൾ ആ വഴിയുള്ള യാത്ര ഇല്ലാതായി. രണ്ടു ദിവസം അവളെ കാണാതിരുന്ന ദിവസങ്ങളിൽ എനിക്ക് വല്ലാത്ത നിരാശ തോന്നി.
മൂന്നാമത്തെ ദിവസം വൈകിട്ട് അവളുടെ വീടന്വേഷിച്ചു ഞാൻ മാർക്കറ്റിൽ കറങ്ങി നടന്നു.
മാർക്കറ്റിനു പിറകിലെ വെള്ളം കെട്ടി കിടക്കുന്ന ചതുപ്പിൽ പണി കഴിപ്പിച്ച അനേകം കുടിലുകൾ. അപരിചിതനായത് കൊണ്ട് പലരും അവനെ തുറിച്ചു നോക്കി. ദൂരെ നിന്ന് കുടങ്ങളിൽ വെള്ളം കൊണ്ട് വരുന്ന, ശിരോ വസ്ത്രം കൊണ്ട് തലമറച്ച പെണ്ണുങ്ങളിൽ പരിചിതമായ രണ്ടു വെള്ളാരം കണ്ണുകൾ പേടിയോടെ എന്നെ നോക്കി. പെൺകുട്ടികൾ ചിതറി മാറി പല കുടിലുകളിലായി കയറി പോയി.
ഇനി എന്തെന്ന ആകുലതയിൽ ഞാൻ പതുങ്ങി നിൽക്കുമ്പോൾ എൻ്റെ പിറകിൽ നിന്നാരോ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിക്കുന്നു. പെട്ടെന്നുണ്ടായ ആക്രമണം ആയതിനാൽ ഞാൻ വേച്ച് വീഴാൻ പോയി. ആരോ എന്നെ ഉന്തി തള്ളി രണ്ടു കുടിലുകൾക്കുള്ളിലുള്ള ഇടുങ്ങിയ ഇരുട്ട് നിറഞ്ഞ ഇടത്തേക്ക് കയറ്റി. എന്റെ കോളറിൽ പിടിച്ചിരുന്ന മൃദുത്വമുള്ള കൈകൾ എന്റെ കവിളിൽ തടവി. ആ നിശ്വാസം എന്റെ മുഖത്ത് തട്ടി. ആ മാ, റിന്റെ മൃദുത്വം എൻ്റെ നെഞ്ചിൽ അമർന്നു, എന്നെ കോരിത്തരിപ്പിച്ചു. പെട്ടെന്നുണ്ടായ വികാരത്തിൽ ഞാനവളെ കെട്ടിപിടിച്ചു. അവളുടെ നെറ്റിയിലും ചുണ്ടത്തും നിറയെ ഉമ്മകളാൽ നിറച്ചു. അവളൊരു മാടപ്രാവിനെ പോലെ എന്റെ സ്നേഹത്തെ സ്വീകരിച്ചു.
ഞാനാദ്യമായിട്ടാണ് ഒരു പെൺകുട്ടിയോട് അങ്ങനൊക്കെ ചെയ്യുന്നത്. എല്ലാം കഴിഞ്ഞു ഞാനവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി. അതിൽ എന്നോടുള്ള സ്നേഹവും ആരാധനയും തുടിക്കുന്നത് ഞാൻ കണ്ടു. അവളെന്റെ കറുത്ത കട്ടിയുള്ള മീശയിൽ തൊട്ടു നോക്കി. അങ്ങനെ കുറെ നേരം ആരുടെയും കണ്ണിൽ പെടാതെ ഞങ്ങൾ പരസ്പരം സ്നേഹിച്ചു.
ഇരുട്ടിനു കട്ടി കൂടി വന്നു. പെട്ടെന്നവൾ ചുറ്റും നോക്കി.
“സാർ വേഗം പൊയ്ക്കോ. ഇനിയിവിടെ വരരുത്, ആരെങ്കിലും കണ്ടാൽ പ്രശ്നം ആണ്.”
“എനിക്ക് നിന്നെ എപ്പോഴും കാണണം. നീ ഇനി എന്നെ സാർ എന്ന് വിളിക്കരുത് . “
“പിന്നെ ഞാനെന്തു വിളിക്കും.”
“നീയെന്നെ വൈഷ്ണവ് എന്ന് വിളിക്കണം. നിന്റെ പേര് ഇതുവരെ ഞാൻ ചോദിച്ചിട്ടില്ലല്ലോ. പേര് അറിഞ്ഞാലും നിന്നെ ഞാൻ മുത്തേ എന്ന് വിളിക്കു. ഈ ഇരുട്ടിൽ നിന്റെ കണ്ണുകൾ മുത്തുകൾ പോലെ തിളങ്ങുന്നു.”
“ഞാൻ ഉജ്ജയിനി”
പരസ്പരം സ്നേഹിക്കാൻ ഒരു പേരിന്റെ കൂടെ ആവശ്യമില്ലെന്ന് അവളെന്നെ പഠിപ്പിച്ചു. ഞാൻ അവളുടെ കണ്ണുകളിൽ മാറി മാറി ഉമ്മ വച്ചു. പെട്ടെന്നുണ്ടായ ആവേശത്തിൽ അവളെന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
“വൈഷ്ണവ് വരൂ, ഞാൻ കോളനിയിൽ നിന്നും പുറത്തിറക്കി തരാം.”
“ഞാൻ പോകാം, പക്ഷെ നീ നാളെ എന്റെ കൂടെ കുറച്ചു സമയം സംസാരിക്കണം. ഒന്നും വേണ്ടെനിക്ക് നിന്നെ കണ്ടാൽ മാത്രം മതി.”
അവളുടെ കയ്യും പിടിച്ചു അവളുടെ പിറകെ നടന്നു. കോളനിയുടെ പുറത്തേയ്ക്കു പോകുന്ന അഴുക്കു ചാലിന് സമാന്തരമായി നടന്നു. അവിടെ ഒരുത്തൻ കുടിച്ചു ബോധമില്ലാതെ കിടക്കുന്നുണ്ടായിരുന്നു. അവനെ മറി കടന്നു ഞങ്ങൾ നടന്നു.
“അവൻ സരോജാണ്, എന്റെ ബാബ എനിക്ക് കണ്ടെത്തിയ ഭാവി വരൻ.”
ഇത്രയും പറഞ്ഞപ്പൊഴേയ്ക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“നിന്റെ ബാബയല്ല, ഇനി ആര് പറഞ്ഞാലും വന്നാലും വൈഷ്ണവിന്റെ മാത്രം പെണ്ണാണ് ഉജ്ജയിനി.”
അന്നാദ്യമായി ഒരാൺകുട്ടി ആയതിൽ ഞാൻ അഭിമാനിച്ചു.
പിന്നീട് പതിവായി ഞങ്ങൾ കാണും. ഒരിക്കൽ തിരക്കിനിടയിൽ അവൾ അനിയന്റെ കണ്ണുവെട്ടിച്ചു എന്റെ കാറിന്റെ പിൻ സീറ്റിൽ കയറിയിരുന്നു. ഞാനവളെ അടുത്തുള്ള മാളിൽ കൊണ്ട് പോയി ഐസ് ക്രീമും ജ്യൂസും വാങ്ങി കൊടുത്തു. മടങ്ങുന്ന വഴി നല്ല തിളങ്ങുന്ന ചുവന്ന കുപ്പി വളകൾ കണ്ടു അവൾ നോക്കി നിന്നപ്പോൾ അത് ഞാനവൾക്കു വാങ്ങി കൊടുത്തു. അവൾ സന്തോഷം കൊണ്ട് പരിസരം മറന്നെന്നെ കെട്ടിപ്പിടിച്ചു.
“ഞാൻ ജീവിതത്തിൽ ഇതുവരെ ഇത്രയും സന്തോഷിച്ചിട്ടില്ല.”
“വാ വേഗം പോകാം. നിന്റെ ആൾക്കാർ ആരെങ്കിലും കാണും. നമുക്ക് പിന്നീടൊരു ദിവസം വേഷം മാറി വരാം.”
അന്നത്തെ ദിവസം പ്രശ്നമൊന്നും ഉണ്ടായില്ല. ഞങ്ങളിതു പല പ്രാവശ്യം ആവർത്തിച്ചു. മാളിലെ സിനിമാ തിയേറ്ററും ഐസ്ക്രീം പാർലറും ഞങ്ങളുടെ പ്രണയത്തെ സർവ്വാത്മനാ അംഗീകരിച്ചു. അവളുടെ അനിയന്റെ സമ്മതത്തോടെയായിരുന്നു ആ യാത്രകൾ.
ഒരു ദിവസം അവളുടെ കരഞ്ഞു വീർത്ത മുഖവും പൊട്ടിയ ചുണ്ടുകളും കണ്ടു എനിക്ക് സങ്കടം വന്നു. ഞങ്ങൾ മാളിൽ പോയ ദിവസം ഷീൽഡുകൾ ഒന്നും വില്ക്കാതിരുന്നതിനു അവളുടെ ബാബ കൊടുത്ത ശിക്ഷയാണ്. ചുവന്നു തിണർത്ത കൈത്തലങ്ങളുടെ അടയാളം അവൾ കാട്ടി തന്നു. എനിക്ക് കരച്ചിൽ വന്നു. അവളെ ഉമ്മകൾ കൊണ്ട് പൊതിയാൻ തോന്നി.
“എന്റെ തങ്കമേ…എനിക്കിതു സഹിക്കാനാകുന്നില്ല.”
ഗ്ലാസ് തുറന്നു ഞാൻ അവളുടെ വിരൽ തുമ്പിൽ പിടിച്ചു. ദൂരെ നിന്നും അത് കണ്ട് സരോജ് ഓടി വന്നു. ഞാൻ വണ്ടി മുന്നോട്ടെടുത്തു രക്ഷപ്പെട്ടു.
തിരികെ നോക്കിയപ്പോൾ അവൻ കൈ കൊണ്ടു അവളെ അടിക്കുന്നതും ശകാരിക്കുന്നതും കണ്ടു. എനിക്കാകെ സങ്കടമായി. ഇനി അവിടെ പോകാൻ നിവൃത്തിയില്ല. അവളെ ബന്ധപ്പെടാൻ നിവൃത്തിയില്ല. കോളനിയിലെ ആണുങ്ങളൊക്കെ സന്ധ്യ കഴിഞ്ഞാൽ ക, ഞ്ചാ, വിലും മ, ദ്യത്തിലുമാണ്. അവിടെ ചെന്ന് കയറുക ശ്രമകരമാണ്.
എനിക്കാകെ ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലായി. അവളെയും കൊണ്ട് കേരളത്തിലേക്ക് ഒളിച്ചോടുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. എനിക്ക് ഇരുപത്തിയൊന്ന് വയസുണ്ട്. അവൾക്ക് പതിനേഴു കഴിഞ്ഞതെയുള്ള. പതിനെട്ടു കഴിഞ്ഞാൽ അവളുടെ കല്യാണമാണ്.
എന്റെ മൊബൈലിലേക്ക് അജ്ഞാതമായ നമ്പറിൽ നിന്നും വന്ന കാൾ ഞാൻ അറ്റൻഡ് ചെയ്തു. അത് ഉജ്ജയിനി ആയിരുന്നു.
“ഇത് അടുത്ത വീട്ടിലെ ചേച്ചിയുടെ നമ്പറാണ്. ബാബ എന്നെ വീടിനു പുറത്തേയ്ക്കു വിടുന്നില്ല. ഞാൻ ആണുങ്ങളെ വളച്ചെടുക്കാൻ പോകുകയാണെന്ന് പറഞ്ഞെന്നെ കെട്ടിയിട്ടു ത, ല്ലി .”
“നീ പേടിക്കാതെ, കരയാതെ ഇരിക്കൂ. ഇന്ന് വൈകിട്ട് നമ്മൾ അന്ന് കണ്ട സ്ഥലത്തു ഞാൻ വരാം .”
“അയ്യോ വേണ്ട. എനിക്ക് പേടിയാ.”
“നീ പേടിക്കണ്ട ആരുടെയും കണ്ണിൽ പെടാതെ ഞാൻ അവിടെ എത്തും.”
സന്ധ്യയായപ്പോൾ ബൈക്കും കാറും ഉപേക്ഷിച്ചു ബസിൽ ഞാൻ കോളനിയിലെ പിന്നിലുള്ള അഴുക്കു ചാലിനടുത്തുകൂടെ അവളുടെ വീടിനടുത്തുള്ള രഹസ്യ കേന്ദ്രത്തിലെത്തി. അധികം കാത്തിരിക്കേണ്ടി വന്നില്ല, അവൾ ഉടനടി എത്തി.
കുളിച്ചു നനഞ്ഞ മുടികൾ വിടർത്തിയിട്ടു, ജമന്തിപ്പൂക്കൾ ചൂടി, അതീവ സുന്ദരിയായി അവളെന്റെ അടുത്തിരുന്നു. അവളുടെ നീളൻ പാവാട പൊക്കി കണങ്കാലിലെ അടിയുടെ തിണർപ്പുകൾ അവളെന്നെ കാട്ടി. ഇരുട്ടിൽ ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും ഞാനതിൽ മെല്ലെ തലോടി. എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി. ഞാനവളെ എന്നിലേയ്ക്ക് കൂടുതൽ അടുപ്പിച്ചു. ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ തുടങ്ങി. മാനസികമായും ശാരീരികമായും കൊടുക്കുകയും വാങ്ങുകയും ചെയ്തു ഞങ്ങൾ ക്ഷീണിച്ചു തളർന്നു കിടന്നു. ഞങ്ങൾ എപ്പോഴോ മയങ്ങി പോയി.
ഉണർന്നപ്പോൾ ചുറ്റും ബഹളം, ഇരുട്ടിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കാണാമായിരുന്നു. അവളെ തിരക്കി അവളുടെ ആളുകൾ ഇറങ്ങിയതാണ്. ഞങ്ങൾ പരസ്പ്പരം കെട്ടി പുണർന്നു. മരണത്തിനു പോലും ഞങ്ങളെ വേർപെടുത്താനാകാത്ത വിധം. ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ ഞാനവളെയും പിടിച്ചു പുറത്തിറങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയതേയുള്ളു, എന്റെ തലയ്ക്കു പിന്നിൽ എന്തോ പതിച്ചു.
ഞാൻ നിന്ന നില്പിൽ ഒന്ന് കറങ്ങി വീണു. നെറ്റിയിലൂടെ ചോര കണ്ണിലേക്ക് ഒലിച്ചിറങ്ങി. ചോരമറയിലൂടെ കുറെ സ്ത്രീകൾ എന്റെ ശരീരത്തിൽ നിന്നും അവളെ വലിച്ച് വേർപെടുത്തുന്ന കാഴ്ച ഞാൻ കണ്ടു. എനിക്ക് വേണ്ടി അലമുറയിടുന്ന എന്റെ പെണ്ണിനെ കണ്ടു. അതായിരുന്നു അവസാന കാഴ്ച. പിന്നീട് ഞാനവളെ കണ്ടിട്ടേയില്ല.
അകലേക്ക് നോക്കി വിതുമ്പുന്ന വൈഷ്ണവിന്റെ നിറഞ്ഞ കണ്ണുകൾ മാത്രമാണ് മീര കണ്ടത്. അവനെ തന്നോട് ചേർത്ത് പിടിച്ചവൻ ആശ്വസിപ്പിച്ചു.
“പിന്നീട് ഞാൻ അവളെ കണ്ടിട്ടേയില്ല.”
ആരൊക്കെയോ എന്നെ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ ഞാൻ രണ്ടു ദിവസം അബോധാവസ്ഥയിൽ കിടന്നു.ബോധം വന്നപ്പോൾ ഞാനവളെ കാണണമെന്ന് വാശി പിടിച്ചു. അളിയൻ മടങ്ങി വന്നത് കൊണ്ട് ,അളിയനും കൂട്ടുകാരും അവളെ തേടി ഇറങ്ങി. അവളും കുടുംബവും ഗ്രാമത്തിലെ കൃഷി ഭൂമിയിലേയ്ക്ക് മടങ്ങിയെന്നു എന്നെ അറിയിച്ചു. ഞാൻ അവർ പറഞ്ഞത് ഒന്നും വിശ്വസിച്ചില്ല.
രണ്ടാഴ്ച കഴിഞ്ഞു ഡിസ്ചാർജ് ചെയ്തപ്പോൾ ഞാൻ കോളനിയിലേയ്ക്ക് പോകണമെന്ന് വാശി പിടിച്ചു. അളിയൻ കുറച്ചു പട്ടാളക്കാരോടൊപ്പമാണ് എന്നെ അവിടേയ്ക്കു കൊണ്ട് പോയത്.
അവളുടെ കുടിൽ ഒഴിഞ്ഞു കിടന്നിരുന്നു. അളിയൻ പറഞ്ഞതൊക്കെ സത്യമായിരുന്നുവെന്നെനിക്കു ബോധ്യമായി. ഞാൻ കരഞ്ഞു കൊണ്ട് അവളുടെ കുടിലിനു മുന്നിലിരുന്നു പോയി. അവൾ നട്ട് വളർത്തിയ പൂച്ചെടികൾ അവളെ കാത്ത് നിൽക്കുന്നത് പോലെ തോന്നിച്ചു.
എത്രയും പെട്ടെന്ന് അവളെ തേടി അവളുടെ ഗ്രാമത്തിൽ പോകണമെന്നെനിക്കു തോന്നി.
അടുത്ത കുടിലിൽ നിന്നും ഒരു കുട്ടി ഇറങ്ങി വന്നു. അവളുടെ കയ്യിലെ മടക്കി പിടിച്ച പേപ്പർ അവനു കൈമാറി. അവൻ അത് തുറന്നു നോക്കി. പെൻസിലിൽ വരച്ച അവൻ്റെ ചിത്രം, കറുത്ത കണ്ണുകളും മീശയും തലമുടിയും കൂടുതൽ കറുപ്പിച്ചിരിക്കുന്നു. അതിനു താഴെ ഉജ്ജയിനി എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നു.
“ചേച്ചി തരാൻ പറഞ്ഞു.”
അവളുടെ അമ്മ മുഖത്തെ മൂടുപടം മാറ്റി പറഞ്ഞു.
“അവൾക്കു നിന്നെ ഒരു പാട് ഇഷ്ടമായിരുന്നു.”
ഞാൻ തളർന്നു വീണു പോയി. അളിയൻ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.
“അവരൊക്കെ മധ്യപ്രദേശിൽ നിന്നും വരുന്ന കൊള്ളക്കാരാണ്. നീ പട്ടാളക്കാരുടെ വീട്ടിൽ നിന്നുമാണ് എന്ന് അറിഞ്ഞത് കൊണ്ട് മാത്രമാണ് നിന്നെ അവർ ജീവനോടെ വിട്ടത്. ആ പെൺകൊച്ചു പാവമായിരിക്കാം. നിന്നെ ജീവനെ പോലെ സ്നേഹിച്ചിരിക്കാം, പക്ഷെ അവൾക്കൊന്നും ചെയ്യാൻ കഴിയില്ല. അവളുടെ ജീവന് പോലും ആപത്തുണ്ടാകാം. നീ അത് വിട്ടേരെ മോനെ. മറന്നേയ്ക്കവളെ….”
കുടിലിന്റെ മുറ്റത്തു, ആ കൊടും ചൂടിലും പൂത്തു തളിർത്തു ഒരു റോസാ ചെടി നിന്നിരുന്നു, അവളുടെ തുടിക്കുന്ന ഹൃദയം പോലെ അതിലൊരു ചുവന്ന പൂവ്. എന്റെ സങ്കടം മനസിലായത് പോലെ ആശ്വസിപ്പിക്കാനായി റോസാ പൂവ് ഇളം കാറ്റിൽ മെല്ലെ ഇളകി കൊണ്ടിരുന്നു. ഞാൻ പടി കടന്നു പോകുന്നതും നോക്കി ആ വലിയ പൂ ചുവന്നു ചുവന്നു നിന്നു.
“അവളിപ്പോൾ ജീവനോടെയുണ്ടോ എന്തോ?”
മീര നിറഞ്ഞ കണ്ണുകൾ സ്കാർഫ് കൊണ്ട് തുടച്ചു.
“ഞാൻ എല്ലാം മറന്നതാണ്.പക്ഷെ ഈ പെൺകുട്ടിയുടെ പടം കണ്ടപ്പോൾ എനിക്കവളെ ഓർമ്മ വന്നു.”
“ഒരു പക്ഷേ ആ കുട്ടിയുടെ നിസ്സഹായത കൊണ്ടാകും.എല്ലാം മറക്കണം. നിന്നെ എനിക്ക് വേണം.”
അവൻ മീരയെ ചേർത്ത് പിടിച്ചു.
“എനിക്ക് നീ മാത്രമേയുള്ളൂ.”
ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും നമുക്ക് കിട്ടണമെന്നില്ലല്ലോ. തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല. സ്നേഹിക്കുക മാത്രമാണ് ചെയ്തത്…അന്നും ഇന്നും…..
✍️നിഷ പിള്ള