ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നനവ് പറ്റി തുടങ്ങിയപ്പോഴാണ് ആതിര ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. സമയമപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പുറത്ത് അതി ശക്തിയായി മഴ പെയ്യുന്ന ശബ്ദം കേൾക്കാം.
അവളുടെ ശരീരം മുഴുവനും നനഞ്ഞുകുതിർന്നിരുന്നു. ഫ്ലൂ, യിഡ് പൊട്ടിപോയതാണെന്ന് ആതിരയ്ക്ക് മനസ്സിലായി. ഫ്ലൂയി, ഡ് പോയികഴിഞ്ഞാൽ പിന്നെ പ്രസവം എപ്പോവേണോ നടക്കാം. അ, ടിവ, യറ്റിലെന്തോ കൊളുത്തിപ്പിടിക്കുന്നത് പോലെ തോന്നിയപ്പോൾ വേദന കൊണ്ടവൾ പുളഞ്ഞുപോയി.
കുറച്ചുസമയം എഴുന്നേൽക്കാൻ കഴിയാനാവാതെ ആതിര നിലത്ത് തന്നെ കിടന്നു. വേദന തെല്ലൊന്ന് കുറഞ്ഞപ്പോൾ വയറും താങ്ങിപ്പിടിച്ച് അവൾ ഒരുവിധം എഴുന്നേറ്റിരുന്നു.
എത്രയും പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തേണ്ടതുണ്ട്. ഈ അവസ്ഥയിൽ തനിക്ക് ഒരു ഓട്ടോ വിളിച്ച് ഹോസ്പിറ്റലിലേക്ക് തനിച്ച് പോകാനാവില്ലെന്ന് അവൾക്ക് തോന്നി. കാരണം പുറത്ത് അതിശക്തിയായി മഴ പെയ്യുകയാണ്. ഓട്ടോ വിളിക്കാൻ പത്ത് മിനിറ്റോളം ജംഗ്ഷനിലേക്ക് നടക്കാനുമുണ്ട്.
തന്റെ ആരോഗ്യ സ്ഥിതി അതിനനുവദിക്കില്ലെന്ന് ആതിര മനസ്സിലാക്കി.
ഹോസ്പിറ്റലിലേക്കെത്താൻ ആരുടെയെങ്കിലും സഹായം കൂടിയേ തീരു. അവൾ മൊബൈൽ ഫോണെടുത്ത് രാജീവിന്റെ നമ്പറിലേക്ക് വിളിച്ചു. സമയപ്പോൾ രാത്രി ഒരുമണി കഴിഞ്ഞിരുന്നു.
മഴ കാരണം ഫോണിൽ സിഗ്നൽ ഉണ്ടായിരുന്നില്ല. കുറേതവണ വിളിച്ചുനോക്കിയെങ്കിലും കാൾ പോയില്ല. നിരാശയോടെ ആതിര ഭിത്തിയിൽ ചാരി തളർന്നിരുന്നുപോയി. അവൾക്ക് വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നി. എന്തിനാണ് ഇങ്ങനെയൊരു ജീവിതം ദൈവം തനിക്ക് തന്നതെന്നോർത്ത് പരിതപ്പിച്ചു.
തനിക്ക് മുന്നിൽ അധികം സമയമില്ലെന്ന ഓർമ്മയിൽ ആതിര മനസ്സിൽ ചിലത് നിശ്ചയിച്ചുറപ്പിച്ചു. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കാൻ മെനക്കെടാതെ വേച്ചുവേച്ചവൾ എഴുന്നേറ്റു. ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി നേരത്തെതന്നെ തയ്യാറാക്കി വച്ചിരുന്ന സാധനങ്ങൾ മഴ നനയാതിരിക്കാനായി ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുത്തു.
വീടിന്റെ വാതിൽ പൂട്ടി താക്കോൽ ബാഗിൽ തിരുകി ആതിര ഒരു നിമിഷം കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിന്നു. അവസാനമായി ഒന്നുകൂടി അവൾ രാജീവിനെ വിളിച്ചുനോക്കി. അപ്പോഴും സിഗ്നൽ കിട്ടാത്തത് കാരണം കാൾ കട്ടായിപ്പോയി.
മഴയിലേക്ക് നോക്കി നിൽക്കുബോൾ ആതിരയുടെ മനസ്സിലേക്ക് അമ്മാമ്മയുടെയും ആൽഫിയുടെയും മുഖം കടന്നുവന്നു. ഭാർഗവി അമ്മ സുഖം പ്രാപിച്ചു വരുന്ന വിവരം ശിവനിലൂടെ ആതിര അറിയുന്നുണ്ടായിരുന്നു. ആൽഫിയെക്കുറിച്ച് മാത്രമാണ് ഒരറിവുമില്ലാത്തത്. ഒരു ദിവസം ചാറ്റൽ മഴയുള്ള രാത്രിയിലാണ് താനവനോട് യാത്ര പറഞ്ഞ് നാട്ടിലേക്ക് പോയതെന്ന് ആതിരയോർത്തു. ഇതുപോലെ ഒരു മഴയുള്ള ദിവസമാണ് അമ്മാമ്മയ്ക്കും ആക്‌സിഡന്റ് ഉണ്ടായത്.
ഇപ്പൊ പെയ്യുന്ന ഈ മഴ തന്റെ ജീവനെടുക്കാനാണോ എന്നുപോലും അവൾ സംശയിച്ചു. തനിക്കെന്ത് സംഭവിച്ചാലും വേണ്ടില്ല തന്റെ വയറ്റിലുള്ള കുഞ്ഞിനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ പുറത്ത് കൊണ്ടുവരണമെന്ന ഒറ്റ ചിന്ത മാത്രമായിരുന്നു അവളുടെ മനസ്സ് നിറയെ.
ആതിര താമസിക്കുന്നിടത്ത് നിന്ന് രണ്ട് വീട് അപ്പുറമാണ് രാജീവൻ താമസിക്കുന്നത്. ചുറ്റിനും അന്ധകാരം നിറഞ്ഞ് നിൽക്കുകയാണ്. ആർത്തലച്ചു പെയ്യുന്ന മഴയെ വകവയ്ക്കാതെ ഷാൾ തലവഴി പുതച്ച് നിറവയറോടെ ആതിര മഴയിലൂടെ ഇറങ്ങി നടന്നു. സാധനങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവർ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. ആകെയുള്ള ഒരു കുട ആശുപത്രിയിൽ മറന്ന് വച്ചിരുന്നതിനാൽ മഴ നനഞ്ഞ് പോകാനേ അവൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഇരുൾ മൂടിക്കിടക്കുന്ന വഴികളിലൂടെ രാജീവിന്റെ വീട് ലക്ഷ്യമാക്കി ആതിര നടന്നു. അവൾ ധരിച്ചിരുന്ന ചുരിദാർ മഴയിൽ നനഞ്ഞൊട്ടി ദേഹത്തോട് പറ്റിച്ചേർന്നു. വീശിയടിക്കുന്ന കാറ്റിൽ ആതിര വിറച്ച് പോയിരുന്നു.
രാജീവിന്റെ വീട്ട് മുറ്റത്ത് എത്തുമ്പോൾ അവളാകെ തളർന്ന് പോയിരുന്നു. കാളിംഗ് ബെല്ലിൽ തുടരെ തുടരെ വിരലമർത്തി ആ വീടിന്റെ പടിക്കെട്ടിലേക്ക് ആതിര ചടഞ്ഞിരുന്നു.
അർദ്ധരാത്രി തുടരെ തുടരെ കാളിങ് ബെൽ കേട്ടപ്പോൾ രാജീവും ഭാര്യ ശാരിയും ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നു.
അൽപ്പസമയത്തിനുള്ളിൽ തന്നെ ഹാളിലെയും മുറ്റത്തെയും ലൈറ്റ് ഓണായി. ഈ മഴയത്ത് രാത്രി ആരാണ് ഇങ്ങനെ ബെൽ അടിക്കുന്നതെന്നറിയാതെ ആകാംക്ഷയോടെ വന്ന് വാതിൽ തുറന്ന രാജീവ് പടിക്കെട്ടിൽ കൂണിക്കൂടി ഇരിക്കുന്ന ആതിരയെ കണ്ടതും ഞെട്ടിപ്പോയി. അവന് പിന്നിലായി അങ്ങോട്ടേക്ക് വന്ന ശാരിയും ആ കാഴ്ച കണ്ട് പകച്ചുപോയി.
“ആതിരാ… ഈ മഴയത്ത് നീയെന്താ ഇവിടെ. ഒന്ന് ഫോൺ ചെയ്താ പോരായിരുന്നോ?” രാജീവ് അവളുടെ അരികിൽ വന്നിരുന്ന് കൊണ്ട് ചോദിച്ചു.
“ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല രാജീവേട്ടാ. എ… ന്നെ… എന്നെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാമോ? ഫ്ലൂ, യിഡ് മൊത്തം പോയിട്ടുണ്ട്.” ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“ശാരീ… നീ വേഗം ഒരു തോർത്ത് എടുത്തുകൊണ്ട് വാ.” രാജീവ് ഭാര്യയെ നോക്കി.
“ഇപ്പൊ കൊണ്ടുവരാം.” ഇഷ്ടക്കേടോടെ മുഖം വെട്ടിച്ച് ശാരി അകത്തേക്ക് പോയി. രാജീവിന്റെ ഭാര്യയ്ക്ക് ആതിരയെ ഒട്ടും ഇഷ്ടമല്ല. തന്റെ ഭർത്താവ്, ഭർത്താവ് ഉപേക്ഷിച്ചുപോയ അന്യയായ ഒരു സ്ത്രീയെ സഹായിക്കുന്നത് അവൾക്ക് തീരെ ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല. അതിന്റെ പേരിൽ അവനുമായി അവൾ ഇടയ്ക്കിടെ വഴക്കിടുകയും ചെയ്തിരുന്നു.
ശാരി അകത്ത് പോയി ഒരു തോർത്തുമായി വന്നു. രാജീവ് അത് ആതിരയ്ക്ക് കൊടുത്തിട്ട് തല തുവർത്താൻ നിർദ്ദേശിച്ചു. അ, ടിവയറ്റിൽ കൊളുത്തിപ്പിടിച്ച വേദന കാരണം അവൾക്ക് ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല.
“ശാരീ… നീയിവളെ ഈ നനഞ്ഞ തുണിയൊക്കെ ഒന്ന് മാറാൻ സഹായിക്ക്. ഞാൻ പോയി ഒരു ഓട്ടോ വിളിച്ചു വരാം.” രാജീവ് അപേക്ഷാ സ്വരത്തിൽ ഭാര്യയോട് പറഞ്ഞു.
ശാരി മുഖം വീർപ്പിച്ച് ഭർത്താവിനെ നോക്കി.
“ഈ സമയം നീ വെറുതെ വാശി പിടിക്കരുത്. ഇപ്പൊ ഈ സമയത്ത് അവളെ സഹായിക്കാൻ നമ്മൾ മാത്രേ ഉള്ളു. രണ്ട് ജീവനെയാണ് നമുക്ക് രക്ഷിക്കേണ്ടത്. ഈ അവസ്ഥയിൽ അവൾക്ക് അധികം തണുപ്പേൽക്കാനും പാടില്ല. ഞാനെന്റെ ജോലിയാണ് ചെയ്യുന്നത് ശാരീ. നീ സഹകരിക്കണം.” അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ രാജീവ് അത് പറഞ്ഞതും ശാരി അവനെ ദേഷ്യത്തോടെ നോക്കി മുറുമുറുത്തുകൊണ്ട് സഹായിക്കാമെന്നേറ്റു.
ഒരു കുടയുമെടുത്ത് രാജീവ് മഴയിലേക്ക് ഇറങ്ങിപ്പോകുന്നത് ഒരു നെടുവീർപ്പോടെ അവൾ നോക്കി നിന്നു. പിന്നെ ആതിരയെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ച് ഹാളിലേക്ക് കൊണ്ടുപോയി.
ആതിരയുടെ അവസ്ഥ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ശാരിയുടെ മനസ്സൊന്ന് അയഞ്ഞു. നനഞ്ഞ മുടി തുവർത്താൻ അവൾ ആതിരയെ സഹായിച്ചു. ഇട്ടിരുന്ന ചുരിദാർ മാറ്റിച്ച്, ശാരിയുടെ ഒരു മാക്സി അവൾക്ക് ഇടാനായി കൊടുത്തു.
അപ്പോഴേക്കും വേദന കൊണ്ട് ആതിര വശം കെട്ടിരുന്നു.
“ഈ അവസ്ഥയിൽ നിന്നോട് ഞാൻ ഇങ്ങനെയൊരു കാര്യം പറയുന്നത് തീരെ ശരിയല്ലെന്ന് അറിയാം. എന്നാലും പറയുകയാണ്. ദയവ് ചെയ്ത് ഇന്നത്തെ ദിവസം കഴിഞ്ഞാൽ നിനക്ക് സഹായത്തിനായി എന്റെ രാജീവേട്ടനെ വിളിക്കരുത്. ഇവിടെ പലരും നിങ്ങളെ പറ്റി മോശമായി സംസാരിക്കുന്നത് നിങ്ങളറിയുന്നില്ല. നിങ്ങൾ തമ്മിൽ അരുതാത്ത ഒരു ബന്ധമില്ലെന്ന് എനിക്കറിയാം. പക്ഷേ അത് മറ്റുള്ളവർക്ക് അറിയില്ല. എന്റെ ഭർത്താവിനെക്കുറിച്ച് ആളുകൾ മോശം പറയുന്നത് കേട്ട് നിൽക്കാൻ എനിക്കാവില്ല ആതിര. അതുകൊണ്ട് ഇനിയൊരു സഹായത്തിനും നീ രാജീവേട്ടനെ വിളിക്കരുത്. ഇതെന്റെ അപേക്ഷയാണ്.” ശാരിയുടെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു.
“സോറി ചേച്ചി…. എന്റെ ഗതികേട് കൊണ്ടാ ഞാൻ… ഇനി ഒരു സഹായവും ചോദിച്ച് വരില്ല ഞാൻ. ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്കണം. വേറെ നിവൃത്തിയില്ലായിരുന്നു. എനിക്കെന്റെ കുഞ്ഞിനെ ജീവനോടെ വേണം. അതുകൊണ്ടാ ഈ സമയത്ത് ഇങ്ങോട്ട് തന്നെ ഓടിക്കേറി വന്നത്.” വേദന കടിച്ചമർത്തി ആതിര ഒരുവിധം പറഞ്ഞൊപ്പിച്ചു. നിറഞ്ഞ കണ്ണുകൾ ശാരി കാണാതിരിക്കാൻ അവൾ മുഖം കുനിച്ചിരുന്നു.
പുറത്ത് ഒരോട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും ശാരി, ആതിരയെ പിടിച്ചെഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുവന്നു. പിന്നെ സമയമൊട്ടും പാഴാക്കാതെ തന്നെ അവളെയും കൊണ്ട് രാജീവും ശാരിയും ഹോസ്പിറ്റലിലേക്ക് തിരിച്ചു.
*********************
സ്ട്രച്ചറിൽ എടുത്ത് കിടത്തി ആതിരയെ ലേബർ റൂമിലേക്ക് കൊണ്ട് പോകുമ്പോൾ വേദന കൊണ്ടവൾ ഉറക്കെ കരയുന്നുണ്ടായിരുന്നു. അവളുടെ വസ്ത്രങ്ങളിൽ ചോ, ര പടരുന്നത് കണ്ട് രാജീവും ശാരിയും ഭയന്നുപോയി.
ഹോസ്പിറ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് ആതിരയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറും നിമിഷങ്ങൾക്കകം എത്തിച്ചേർന്നിരുന്നു. അവളുടെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞിന്റെ തല പൊക്കിൾ കൊടിയിൽ ചുറ്റിയിരുന്നതിനാൽ നോർമൽ ഡെലിവറി നടക്കില്ലെന്നും സിസേറിയൻ വേണ്ടി വരുമെന്നും ഡോക്ടർ അറിയിച്ചു.
വൈകാതെതന്നെ ആതിരയെ സിസേറിയൻ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. രാജീവ് വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് കാർത്തിക്കും ഹോസ്പിറ്റലിൽ എത്തിച്ചേർന്നിരുന്നു. ഓപ്പറേഷൻ ചെയ്യാനുള്ള സമ്മത പത്രത്തിൽ ഒപ്പിട്ട് നൽകിയതും അവനാണ്. ആ സമയം അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ കുറിച്ച് മാത്രമേ അവൻ ചിന്തിച്ചിരുന്നുള്ളു.
സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ഓപ്പറേഷനിലൂടെ ആതിരയുടെ ഉദരത്തിൽ നിന്നും അനക്കമറ്റൊരു പെൺകുഞ്ഞിനെ ഡോക്ടർ പുറത്തെടുത്തു.
തുടരും…..