അവളെയും അവനെയും അവർ ചേർത്ത് പിടിച്ചപ്പോൾ ഒരു തരത്തിൽ ഇത് വന്നത് നന്നായി അല്ലേ ശ്രീ എന്ന് ചോദിച്ചു അവൾ…

Story written by Ammu Santhosh
========================

സാധാരണ ഒരു ദിവസം തന്നെ ആയിരുന്നു മഹാലക്ഷ്മിക്ക് ആ ദിവസവും. ഓർമ്മയുടെ അഗ്രങ്ങളിൽ ഒരു മുറിവ് ഉണ്ടായി ബോധമറ്റ് മുറ്റത്ത് വീഴുന്ന വരെ.

ഓർമ്മകൾ പുക മഞ്ഞു പോലെ അകന്ന്..അകന്ന്..

ശ്രീഹരി ചെടികൾക്ക് വെള്ളം ഒഴിക്കാൻ മുറ്റത്തു വന്നപ്പോഴാണ് ആ കാഴ്ച കണ്ടതും ഒരു നിലവിളിയോടെ അവളെ മാറോട് ചേർത്തതും

പ്രണയത്തിന്റെ നീല മേഘങ്ങൾ നെഞ്ചിൽ വഹിച്ചവരായിരുന്നു അവർ

ശ്രീഹരിയും മഹാലക്ഷ്മിയും

ഒന്നുമില്ലാത്ത ഒരു പുരുഷനെ സ്നേഹിച്ചു പോയതിനു ജന്മം തന്ന ആൾക്കാർ തന്നെ പടിയിറക്കി വിട്ടപ്പോൾ മഹാലക്ഷ്മി പ്രണയത്തോടെ അവന്റെ കൈ പിടിച്ചു തല ഉയർത്തി തന്നെ നടന്നു

അവന്റെ ജീവനും ജീവിതവും പിന്നെ അവളായിരുന്നു

അവർ പൊരുതി നേടിയ അവരുടെ ജീവിതം വസന്തകാലത്തിന്റെ സുഗന്ധങ്ങളെ നുകരാൻ തുടങ്ങിയ കാലം ആയിരുന്നു അത്

ആശുപത്രിയിൽ വിറയലോടെ കാത്തിരുന്ന ശ്രീഹരിയെ ഡോക്ടർ വിളിപ്പിച്ചു

ആ മുഖത്ത് നോക്കി എങ്ങനെ ഇത് പറയണമെന്ന് അറിയാതെ ഡോക്ടർ നന്ദന തളരുകയും ചെയ്തു

ഒരുപാട് പേരുടെ മുഖത്ത് നോക്കി അവർക്ക് ഇത് പറയേണ്ടി വന്നിട്ടുണ്ട്

പക്ഷെ ഇത്രയും തളർന്നു പോയ ഒരു മുഖം അവർ ജീവിതത്തിൽ കണ്ടിട്ടുണ്ടായിരുന്നില്ല

പ്രാണൻ പറന്നു പോകാൻ വെമ്പുന്ന ഒരു മുഖം

“ശ്രീഹരി.. ജീവിതത്തിൽ എന്തും ആകസ്മികമായി വന്നു ചേരുന്നതാണ്. നേരിടുക എന്നുള്ളത് മാത്രം ആണ് പോംവഴി “

“ലക്ഷ്മിക്ക് എന്താ?”

അയാളുടെ ചുണ്ടുകളും താടിയും വിറക്കുന്നു

“ലക്ഷ്മിക്ക് കാൻസർ ആണ്..”

ശ്രീഹരിയുടെ കണ്ണുകൾ തുറിച്ചതും അടുത്ത നിമിഷം അയാൾ ബോധം കെട്ട് കസേരയിൽ നിന്ന് നിലത്തേക്ക് വീണതും പെട്ടെന്ന് ആയിരുന്നു

മഹാലക്ഷ്മിയോട് പറയാൻ നന്ദനയ്ക്ക് പക്ഷെ പേടിയൊന്നും തോന്നിയില്ല

ആ മുഖം ശാന്തമായിരുന്നു. അങ്ങനെ ഒന്നിനെ പ്രതീക്ഷിച്ച പോലെ

ഇരുപത്തി അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. അവളോട് സ്റ്റേജ് ഫോർ കാൻസർ ആണ് നിനക്ക് എന്ന് എങ്ങനെ പറയും?

ഇനി മുന്നോട്ട് എത്ര നാളെന്നു അറിയില്ല എന്ന് എങ്ങനെ പറയും?

“മോളുടെ പേരെന്റ്സ് എവിടെയാ?”

“അച്ഛൻ മാത്രം ഉള്ളു. പിന്നെ രണ്ട് ഏട്ടന്മാർ ഉണ്ട് “

“അവരൊക്കെ എവിടെയാ?”

“അവരൊക്കെ എന്നോട് പിണങ്ങിയ..ശ്രീയുടെ ഒപ്പം വന്നത് കൊണ്ട് “

“അവരുടെ നമ്പർ തരാമോ?”

“ഡോക്ടർ ആദ്യം എന്നോട് കാര്യം പറ “

അവൾ ആ നിഷ്കളങ്കമായ മുഖം. നോക്കി നിന്നു

“പറയു.. കാൻസർ ആണോ?”

അവൾ കൃത്യമായി അത് ചോദിച്ചു

“അതെ “

“എത്രാമത്തെ സ്റ്റേജ് ആണ് “

“4”

“എന്റെ അമ്മയ്ക്കും കാൻസർ ആയിരുന്നു. മുപ്പത്തിയഞ്ചു വയസ്സിൽ മരിച്ചു.”

അപ്പോൾ രോഗം ജനിതകമാണ്

“എനിക്ക് ഒരു പത്തു വർഷം കൂടിയുണ്ട് അല്ലേ ഡോക്ടർ?”

അവർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല

“എനിക്ക് രണ്ടു ഡ്രീംസ്‌ ഉണ്ട് ഡോക്ടർ. കേൾക്കുമ്പോൾ ചിരി വരും. എന്നാലും പറയാം. എനിക്ക് സിങ്കപ്പൂര് പോകണം “

ആ ചിരി ഇക്കുറി ഡോക്ടറുടെ ഹൃദയത്തിനെ തകർത്തു കളഞ്ഞു

“രണ്ടാമത്തെ എന്താ?”

“ഓ അതിനി വേണ്ടാ “

“എന്താ പറയു “

“അത് ഒരു കുഞ്ഞുവാവ ആയിരുന്നു. പക്ഷെ ഇനി വേണ്ടാ. ഞാനങ്ങു പോയി കഴിഞ്ഞാൽ ശ്രീക്കു തന്നെ അതിനെ വളർത്താൻ വലിയ പ്രയാസമാവും. പിന്നെ അമ്മയില്ലാതെ വളരുന്ന ബാല്യത്തിന് ഒരു സുഖം ഇല്ല ഡോക്ടർ. അത് വേണ്ടാ “

അവർ ആ ശിരസ്സിൽ ഒന്ന് തലോടി

“ശ്രീഹരി എന്തിയെ?”

“വിളിപ്പിക്കാം “

അവർ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ അവൾ ആ കയ്യിൽ പിടിച്ചു

“വെറുതെ ചോദിക്കുവാ.. ഈ സ്റ്റേജ് ഫോർ കാൻസർ അതിജീവിച്ച മനുഷ്യർ ഉണ്ടോ?”

ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു പോയി

“ഇല്ല അല്ലേ?”

“ഉണ്ട്..വിൽ പവർ ആണോ ദൈവാധീനം ആണോന്ന് അറിയില്ല അതിജീവിച്ചു വന്ന ധാരാളം പേരുണ്ട്. ലക്ഷ്മിയും അതിജീവിച്ചു വരും “

മഹാലക്ഷ്മി ചിരിച്ചു

“ട്രീറ്റ്മെന്റ് എന്ന സ്റ്റാർട്ട്‌ ചെയ്യുന്നത്?”

“ഉടൻ “

“Ok തുടങ്ങികൊള്ളു.. ഒരു ബ്രേക്ക്‌ ഇടക്ക് തരണം. ഒന്ന് സിങ്കപ്പൂർ പോകാനാ “

അവൾ കണ്ണിറുക്കി

രോഗം മനുഷ്യന്റെ മനസ്സിന്റ കഠിനതയെ കല്ല് പോലുള്ള ഹൃദയത്ത അലിയിച്ചു കളയും

അവളുടെ വീട്ടുകാർ വന്നു, എല്ലാം മറന്നു

ശ്രീഹരി തളരാൻ അവർ സമ്മതിച്ചില്ല

അവളെയും അവനെയും അവർ ചേർത്ത് പിടിച്ചപ്പോൾ ഒരു തരത്തിൽ ഇത് വന്നത് നന്നായി അല്ലേ ശ്രീ എന്ന് ചോദിച്ചു അവൾ

ശ്രീ പക്ഷെ മരിച്ചവനെ പോലെ ആയിതീർന്നു

എന്നെങ്കിലും അവൾ പോകുകയാണെങ്കിൽ ഒപ്പം പോകാൻ ഒരു നുള്ള് വിഷം അവൻ കരുതി വെച്ചു

ആൾക്കാർ മോട്ടിവേഷൻ തരുന്ന പോലെ അല്ല ജീവിതം

പ്രാണനായിരുന്നവൾ ഭൂമി വിട്ട് പോകുമ്പോൾ ഒറ്റയ്ക്ക് യാത്ര ആക്കാനുള്ള വിശാല മനസ്സൊന്നും അവനില്ല

ഭൂമിയിൽ ശേഷിക്കുന്ന മറ്റൊന്നുമില്ല

ഒരുപക്ഷെ ഒരു കുഞ്ഞ് ഉണ്ടായിരുന്നു എങ്കിൽ അവൻ മറിച്ചു ചിന്തിച്ചേനെ. അതുമില്ല

മരിക്കാൻ തീരുമാനിച്ചതിൽ പിന്നെ അവന് വിഷമം ഒന്നുമില്ല. അവൾക്കൊപ്പം യാത്ര ചെയ്യാമല്ലോ എന്നൊരു സന്തോഷം മാത്രം. അവൾക്ക് വേദനകൾ ഒന്നുമില്ലാതെ ഇരുന്നാൽ മതി

സിങ്കപ്പൂർ ഒരു ആവേശം ആയി മാറിക്കൊണ്ടിരുന്നു ലക്ഷ്മിക്ക്

ഗൂഗിളിൽ കയറി ഓരോ സ്ഥലവും അവൾ ആവേശത്തിൽ നോക്കികൊണ്ട് ദിവസങ്ങൾ തള്ളി നീക്കുക പതിവായി. യു ട്യൂബിൽ വീഡിയോ കണ്ടു ശ്രീഹരിയോട് നമ്മൾ എന്ന പോകുക എന്ന് ചോദിക്കാത്ത ദിവസം ഇല്ല

ഒടുവിൽ ഒരു ദിവസം ഡോക്ടർ പറഞ്ഞു

“ഇനി കുറച്ചു ദിവസം വീട്ടിൽ പൊയ്ക്കോളൂ. ട്രീറ്റ്മെന്റ് ന് ഒരു ബ്രേക്ക്‌
തല്ക്കാലം എല്ലാം ഒന്ന് കുറഞ്ഞിട്ടുണ്ട് “

വീട്

അവൾ ആർത്തിയോടെ ഓരോ മുറികളും കയറി ഇറങ്ങി. ക്ഷീണം എല്ലാം എങ്ങോ പോയി ഒളിച്ചു

ശ്രീഹരി പുറത്തേക്ക് പോയിരുന്നു

അച്ഛൻ ഉണ്ട് വീട്ടിൽ. അയാൾ അവളുടെ മുടി നോവാതെ ചീകി പിന്നിയിട്ട് കൊടുത്തു. അവൾ ആ നെഞ്ചിൽ ചേർന്ന് ഇരുന്നു

“മോള്‌ അച്ഛനോട് ക്ഷമിക്കണം കേട്ടോ “

“എന്തിന്..”

“അച്ഛൻ മോളെ ഉപേക്ഷിച്ചു കളഞ്ഞതിന് “

“ഇപ്പൊ വന്നല്ലോ “

അയാൾ ഒരു തേങ്ങലോടെ ആ നിറുകയിൽ മുഖം അമർത്തി

വാശിയും പിണക്കവുമൊക്കെ മരണത്തിന്റെ തണുപ്പിൽ അലിഞ്ഞു പോകും, പിന്നെ സ്നേഹം മാത്രമേയുണ്ടാകുകയുള്ളു

മരണത്തോളം സ്നേഹിക്കുക

ശ്രീഹരി വന്നപ്പോൾ അവൾ എഴുന്നേറ്റു

“പറയാതെ ഇത് എവിടെ പോയി “

അവൻ ചിരിച്ചു കൊണ്ട് രണ്ടു ടിക്കറ്റ് കാണിച്ചു

സിങ്കപ്പൂരിലേക്ക് ഉള്ള വിമാനടിക്കറ്റുകൾ

“നാലു ദിവസങ്ങൾ അടിച്ചു പൊളിച്ചിട്ട് വരാം, “

അവൾ തുള്ളിച്ചാടി. അച്ഛനെ കെട്ടിപ്പിടിച്ചു വട്ടം കറങ്ങി

അവളോട് പോകണ്ട എന്ന് പറയാൻ ഡോക്ടർക്ക് ഉൾപ്പെടെ ആർക്കും തോന്നിയില്ല. പോയിട്ട് വാ എന്ന് പറഞ്ഞു അവർ

ആദ്യമായിട്ടാണ് ഫ്ലൈറ്റ് യാത്ര. അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു ഗ്ലാസിൽ കൂടെ ആകാശം കണ്ടു

മേഘങ്ങളെ കണ്ടു

താഴെ കടൽ കണ്ടു

“ഹോ എന്ത് രസമാ അല്ലേ ശ്രീ “

ശ്രീ പുഞ്ചിരിച്ചു

അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഡോക്ടർ അത് പ്രത്യേകം പറഞ്ഞിരുന്നു

സിങ്കപ്പൂർ ഉള്ള ഒരു ഡോക്ടർ സുഹൃത്തിന്റെ നമ്പർ ഡോക്ടർ കൊടുത്തിരുന്നു

നാലു ദിവസങ്ങൾ

മനോഹരമായ നാലു ദിവസങ്ങൾ

“എന്ത് ചെറിയ രാജ്യമാണ് അല്ലേ.. പക്ഷെ എത്ര ഭംഗിയായി അവർ അതിനെ സൂക്ഷിച്ചു വെച്ചിരിക്കുന്നു “

ഓരോ സ്ഥലങ്ങളും കാണുമ്പോൾ അവൾ പറഞ്ഞു

കൈ കോർത്തിണക്കി പിടിച്ചു കൊണ്ട് അവർ അതിന്റെ വഴിയോരങ്ങളിൽ കൂടെ നടന്നു

ആ ദിവസങ്ങളിൽ അവൾ പഴയ ചുണക്കുട്ടിയായി. അണയാൻ പോകുന്ന ദീപം ആളിക്കത്തുന്ന പോലെ. അവൻ നെഞ്ചിടിപ്പോടെ ഓരോ നിമിഷവും കഴിച്ചു കൂട്ടി

ഒടുവിൽ തിരിച്ചു ഉള്ള യാത്ര

“നമുക്ക് എല്ലാ വർഷവും ഇവിടെ വരണം കേട്ടോ ശ്രീ “

“വന്നിരിക്കും “

ശ്രീഹരി ചിരിച്ചു

“മക്കളെയും കൊണ്ട് വരണം “

“ഒരു മോള്‌ മതി”

“മോൻ “

“മോള്‌ “

അവർ വെറുതെ തർക്കിച്ചു. കലഹിച്ചു മുഖം വീർപ്പിച്ചു. പിന്നെ ഇണങ്ങി ചേർന്ന് ഒട്ടി

തിരിച്ചു വന്നു ഡോക്ടറെ കാണാൻ ചെന്നപ്പോൾ ഡോക്ടർക്ക് പനി. അവർ വീട്ടിലേക്ക് പോരുന്നു. അവൾക്ക് നല്ല ഉത്സാഹമുണ്ടെന്ന് കണ്ടു അച്ഛനതിശയം

സിങ്കപ്പൂർ തന്ന എനർജി ആണ് അച്ഛാ എന്ന് അവൾ പറഞ്ഞു ചിരിച്ചു

പുലർച്ചെ ഉറക്കം ഉണരാത് കിടക്കുന്ന അവളെ നോക്കി നിശ്ചലം ശ്രീഹരി ഇരുന്നു

ഇത്രയും വേഗം പോയി കളഞ്ഞോ, ഒരു വാക്ക് പോലും പറയാതെ

അവൻ നെഞ്ചിൽ ചെവി വെച്ചു നോക്കി. പൾസ് നോക്കി. പിന്നെ എഴുന്നേറ്റു

മേശയിൽ നിന്ന് ബോട്ടിൽ എടുത്തു. ഒന്ന് തിരിഞ്ഞു നോക്കി. ഒറ്റയ്ക്ക് പോകണ്ടാന്നു മന്ത്രിച്ചു

വായിലേക്ക് ബോട്ടിൽ കമിഴ്ത്തിയേനെ

ഒറ്റ നിമിഷം

ഒരു നിമിഷം

അവളുടെ ഇമകൾ ചലിച്ചു

അവൻ പെട്ടെന്ന് ബോട്ടിൽ മാറ്റി പിടിച്ചു

ഉണരുകയാണ്

“ഗുഡ്മോർണിംഗ് ശ്രീ “

അവൻ കിതച്ചു. ശ്വാസം ശക്തിയായി എടുത്തു. പിന്നെ അലറി കരഞ്ഞു

♥️♥️♥️♥️

ഡോക്ടർ  റിസൾട്ട്‌ ഒരു തവണ കൂടി വായിച്ചു നോക്കി. പിന്നെ അവരുടെ മുഖത്ത് നോക്കി

“ഇനി മുതൽ സ്റ്റേജ് ഫോർ കാൻസർ ബാധിച്ചവരെ സിങ്കപ്പൂർ ട്രിപ്പ്ന് വിട്ടാലോന്ന് ആലോചിക്കുവാ “

മഹാലക്ഷ്മിയും ശ്രീഹരിയും പരസ്പരം നോക്കി

“നോർമൽ “

അവർ റിസൾട്ട്‌ മേശപ്പുറത്തു വെച്ചു. ശ്രീഹരിയുടെ വിറയ്ക്കുന്ന കൈകൾ അവളെ ചുറ്റി

“പെർഫെക്ട് നോർമൽ “

“ഡോക്ടർ?”

“മിറാക്കിൾ എന്നൊക്കെ ഞങ്ങളുടെ ഭാഷയിൽ പറയും. “

ശ്രീഹരിയുടെ കണ്ണുകൾ പെയ്തു തുടങ്ങി

“ഇനി വേണേൽ എവിടെ വേണേലും പോകാം ട്ടോ. പിന്നെ മറ്റേ ഡ്രീം കൂടി നോക്കിക്കോ “

അവളുടെ കവിളുകൾ ചുവന്നു

“ആറു മാസത്തിൽ ഒരിക്കൽ ടെസ്റ്റ്‌ ചെയ്യണം..പേടിക്കണ്ട ഇനി വരില്ല. ചിലപ്പോൾ രോഗം മനുഷ്യനെ ഭയന്ന് ഓടിപ്പോകും. ചിലപ്പോൾ മാത്രം”

അവർ എഴുന്നേറ്റു

അവിടെ നിന്ന് യാത്ര പറഞ്ഞു പോരുമ്പോൾ ആശുപത്രിയിലെ ഡസ്ബിനിൽ ഉപേക്ഷിച്ചു കളഞ്ഞു ശ്രീഹരി ആ വിഷം നിറഞ്ഞ കുപ്പി. പകരം അമൃത് നിറഞ്ഞ പ്രണയചഷകം  നെഞ്ചോട് ചേർത്തു. അവന്റെ ആത്മാവിനോട്…

പ്രണയം

പ്രണയത്തെ തോൽപ്പിക്കാൻ ചിലപ്പോൾ രോഗങ്ങൾക്ക് അസാധ്യമത്രേ

വിധിക്കും

– അമ്മു സന്തോഷ്‌

എന്നേ സ്നേഹിക്കുന്ന കാണാമറയത്തെ ആ വായനക്കാരിക്ക് ഉള്ള എന്റെ പിറന്നാൾ സമ്മാനമാണിത്

സ്റ്റേജ് ഫോർ കാൻസർ ബാധിച്ച ആ കൂട്ടുകാരിയുടെ ചെറിയ ഒരാഗ്രഹം ആയിരുന്നു ഈ കഥ

അവർക്കും സിങ്കപ്പൂർ പോകാൻ ആണ് ഏറ്റവും ആഗ്രഹം

നടക്കും…നടക്കട്ടെ….

ഞാനും പ്രാർത്ഥിക്കാം

ഇത് വായിക്കുന്ന എല്ലാവരും പ്രാർത്ഥിക്കണം

Leave a Reply

Your email address will not be published. Required fields are marked *