ജാനകി – ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ്

പാതിരാത്രി കഴിഞ്ഞപ്പോൾ പലക വാതിലിൽ തുരുതുരെ മുട്ട് കേട്ടാണ് ജാനകിയുണർന്നത്

അപ്പോഴും ഒന്നുമറിയാതെ മു, ലകുടിച്ചുറങ്ങുന്ന ഒന്നര വയസ്സുകാരനെ, തൻ്റെ മാറിൽ നിന്നടർത്തി മാറ്റിയിട്ടവൾ നിലത്ത് വിരിച്ചിട്ട പുല്ല് പായയിൽ നിന്നും, മെല്ലെ എഴുന്നേറ്റു

അഴിഞ്ഞ് കിടന്ന തലമുടി വാരി കെട്ടി, ഊർന്ന് വീണ കോട്ടൺ സാരിയുടെ മുന്താണി നേരെയാക്കിയിട്ട് ജാനകി വാതില് തുറന്നു.

ഞാനകി, നല്ല ഉറക്കത്തിലായിരുന്നെന്ന് തോന്നുന്നു? ഞാനീ സമയത്ത്  വന്നത് നിനക്ക് ബുദ്ധിമുട്ടായോ?

മുന്നിൽ നില്ക്കുന്ന ,ബംഗ്ളാവിലെ മാത്യു മുതലാളിയെ കണ്ട് ആദ്യം ഒന്നമ്പരന്നെങ്കിലും പതർച്ച പുറത്ത് കാണിക്കാതെ ഇളം തിണ്ണയിലെ അരപ്ളേസിലേയ്ക്ക് അവൾ ചെന്നിരുന്നു

മുതലാളി, വന്ന കാലിൽ നില്ക്കാതെ, അവിടെയിരിക്ക്, എന്നിട്ട് ആഗമനോദ്ദേശം പറഞ്ഞാട്ടെ,,

മുന്നിൽ കിടക്കുന്ന  പ്ളാസ്റ്റിക് വരിഞ്ഞ കസേര ചൂണ്ടിയിട്ട്, തൻ്റെ ദേഹമാസകലം ചോര കണ്ണുകളാൽ ഉഴിയുന്ന അയാളോടവൾ, ഈർഷ്യയോടെ പറഞ്ഞു

അല്ലാ ,രാവിലെ ജാനകി എന്നോട് സഹായം ചോദിച്ച് ബംഗ്ളാവിലേയ്ക്ക് വന്നിരുന്നല്ലോ? അതിനെ കുറിച്ച് സംസാരിക്കാനാണ് ഞാനിപ്പോൾ വന്നത് ,,

ഞാൻ വന്നത് പകലല്ലായിരുന്നോ? അതിന് മറുപടി നാളെ പകല് പറഞ്ഞാലും മതിയാരുന്നല്ലോ? ദേ മുതലാളി,, ഞാനൊരു കാര്യം പറഞ്ഞേക്കാം ,എൻ്റെ കെട്ട്യോൻ പോയത് കൊണ്ട്, രണ്ട് മക്കളെ പോറ്റാൻ ഞാനൊരു പാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞതൊക്കെ ശരി തന്നെയാണ്, എന്ന് വച്ച്, അസമയത് കയറി വന്നാൽ, നിങ്ങടെ സഹായം പ്രതീക്ഷിച്ച് ,നിങ്ങൾക്ക് വേണ്ടി ഞാൻ, പായ വിരിക്കുമെന്ന വല്ല തോന്നലുമുണ്ടെങ്കിൽ, അതങ്ങ് മനസ്സിൽ വച്ചേയ്ക്ക്,, ഞാനേ ,, വടിവാ, ള് സുകുമാരൻ്റെ കെട്ട്യോളാണ്, കുറെ നാള് അങ്ങേരുടെ കൂടെ ജീവിച്ചത് കൊണ്ട്, എൻ്റെ മാനത്തിന് വില പറയാൻ, ഏത് കൊമ്പത്തവൻ വന്നാലും, അവൻ്റെ പള്ളളയ്ക്ക് ക, ത്തി കേറ്റാൻ, എനിക്ക് യാതൊരു മടിയുമില്ല ,അത് ഞാൻ പറഞ്ഞേക്കാം ,,,

മങ്ങിയ വെളിച്ചത്തിലും അവളുടെ രൗദ്രഭാവം കണ്ട് മാത്യു മുതലാളി പതറി,

അയ്യയ്യേ ,, കാര്യം ഞാൻ പെണ്ണുങ്ങളോടൊക്കൊ സ്വല്പം താത്പര്യമുള്ളയാളാണ്, എന്ന് വച്ച് സുകുവിൻ്റെ ഭാര്യയോട് ശൃംഗരിക്കാനുള്ള ധൈര്യമൊന്നും എനിക്കില്ല, നിനക്ക് ചെയ്യാൻ പറ്റിയ എന്ത് ജോലിയാണ്, ഞാൻ തരേണ്ടതെന്ന് ആലോചിക്കാൻ മാത്രമാണ്, ഇപ്പോൾ വന്നത്,,

ഞാനൊരു സ്ത്രീ ആയിപ്പോയെന്ന് വച്ച്, മുതലാളി എന്നെ ഒട്ടും കുറച്ച് കാണണ്ടാ,, എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്,,

എന്ന് വച്ച് ,സുകു ചെയ്തതിട്ടുള്ളത് പോലെ, ഒരാളെ കൊ, ല്ലാനൊന്നും നിനക്ക് കഴിയില്ലല്ലോ?

അയാൾ പരിഹാസരൂപേണ ചോദിച്ചു

എന്താ കഴിയാത്തത്? മുതലാളിയ്ക്ക് ആരെയാണ് കൊ, ല്ലേണ്ടത് ?

അവളുടെ കൂസലില്ലായ്മ അയാളെ അതിശയിപ്പിച്ചു

എനിയ്ക്ക് ഒരുത്തനിട്ട് പണി കൊടുക്കാനുണ്ട് ,കുറച്ച് ദിവസമായി അവൻ എനിക്കൊരു ബാധ്യതയായി മാറിയിട്ടുണ്ട്, എന്ന് വച്ച് അവനെ കൊ, ല്ലുകയൊന്നും വേണ്ട, കുറച്ച് ദിവസം അവനെ ആശുപത്രിയിൽ കിടത്തണം, അത്രയുള്ളു, അത് നിന്നെ കൊണ്ട് പറ്റുമോ?

മുതലാളി, ആളെ മാത്രം പറഞ്ഞാൽ മതി, കാര്യങ്ങളൊക്കെ ഞാൻ ചെയ്തോളാം ,രണ്ടേ രണ്ട് ഡിമാൻ്റേ എനിയ്ക്കുള്ളു, കാര്യം കഴിഞ്ഞാൽ ഞാനവശ്യപ്പെടുന്ന പ്രതിഫലതുക തീർത്ത് തരണം, കൂടാതെ,  കുറച്ച് ദിവസം ഒളിച്ച് താമസിക്കാനുള്ള ഇടവും, ആ കാലയളവിൽ തന്നെ, നല്ലൊരു വക്കീലിനെ വച്ച് എനിയ്ക്ക് മുൻകൂർ ജാമ്യം എടുത്ത് തരികയും വേണം, ജയിലിൽ  പോകാൻ എനിയ്ക്ക് പറ്റില്ല ,വേറൊന്നുമല്ല, പറക്കമുറ്റാത്ത രണ്ട് കുട്ടികളെ ഏല്പിക്കാൻ എനിയ്ക്ക് വേറാരുമില്ല,,

ശരി,സമ്മതിച്ചു ,അല്ലാ, എന്താ നിൻ്റെ പ്രതിഫലം ,ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സുകുവിൻ്റെ കൂലി ഇരുപത്തി അയ്യായിരമായിരുന്നു, നിനക്കും അത് മതിയാകുമല്ലോ?

അത് പോര മുതലാളീ,, സാധനങ്ങൾക്കൊക്കെ ഇപ്പോൾ തീ പിടിച്ച വിലയാണ് ,പിന്നെ എല്ലാ ആഴ്ചയും ഇത് പോലെ ഓരോ കൊട്ടേഷൻ തരാനൊന്നും മുതലാളിയ്ക്ക് കഴിയില്ലല്ലോ? അടുത്തൊരു ക്വട്ടേഷർ കിട്ടുന്നത് വരെ, എനിയ്ക്കും പിള്ളേർക്കും ജീവിക്കണ്ടേ ?അത് കൊണ്ട് ഒരു ലക്ഷം രൂപ എനിയ്ക്ക് പ്രതിഫലം വേണം, അഡ്വാൻസായിട്ട് അൻപതിനായിരം ,അത് ഇന്ന് വേണമെന്നില്ല, നാളെ തന്നാലും മതി,,

ഒരു ലക്ഷം രൂപയോ ?എടീ വെറും പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ എടുക്കാൻ, നല്ല ആൺ പിള്ളേരുണ്ട്, ഞാനവരെ കൊണ്ട് ചെയ്യിച്ചോളാം ഹല്ലേ,,

മുതലാളി ഇത് കണ്ടോ ? ഈ മൊബൈൽ ഫോൺ ഞാൻ കൈയ്യിൽ വെറുതെ പിടിച്ചിരിക്കുവല്ല, ഇതിലുള്ള ഹിഡൻ ക്യാമറ, നമ്മൾ സംസാരിക്കുന്നതൊക്കെ റെക്കോഡ് ചെയ്തോണ്ടിരിക്കുവാണ്, പണ്ടൊരു പണിയ്ക്ക് പോയപ്പോൾ സുകുവേട്ടന് ആരോ കൊടുത്തതാണ്, ങ്ഹാ അത് പോട്ടെ, ഞാൻ പറഞ്ഞ് വന്നത്, മുതലാളി എന്നോട് പറഞ്ഞ ഈ ക്വട്ടേഷൻ മറ്റാർക്കെങ്കിലും കൊടുത്താൽ, ഇത് വരെ നമ്മൾ സംസാരിച്ചതൊക്കെ ഞാൻ പോലീസിന് കൈമാറും, അതോടെ മുതലാളി അകത്താകും, എനിയ്ക്ക് നഷ്ടപ്പെടാനൊന്നുമില്ല,എല്ലാവരും അറപ്പോടെയും ഭയത്തോടെയും കാണുന്ന സുകുമാരൻ്റെ ഭാര്യയ്ക്ക്, എന്ത് നോക്കാനാ ?പക്ഷേ മുതലാളിയ്ക്ക് സമൂഹത്തിലൊരു നിലയും വിലയുമൊക്കെയുള്ളതല്ലേ ? കൂടാതെ, നല്ലൊരു കുടുംബവും,
ഇട്ട് മൂടാനുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുമൊക്കെ ഉപേക്ഷിച്ച്, വെറുതെ ജയിലിൽ പോയി കിടക്കണോ മുതലാളീ ,,,

തൻ്റെ മുന്നിലിരിക്കുന്നവൾ നിസ്സാരക്കാരിയല്ലെന്നും, അവളെ പിണക്കുന്നത് ബുദ്ധിയല്ലെന്നും അയാൾക്ക് മനസ്സിലായി.

ഓഹ്, അപ്പോഴേക്കും നീ പിണങ്ങിയോ? ഞാനൊരു തമാശ പറഞ്ഞതല്ലേ? നീ ചോദിച്ച അഡ്വാൻസും പണി കൊടുക്കേണ്ടവൻ്റെ ഫോട്ടോയും ഞാൻ നാളെ നിനക്ക് തരാം ,എന്നാൽ ഞാനിനി ഇരിക്കുന്നില്ല ,അപ്പോൾ എല്ലാം പറഞ്ഞത് പോലെ ,,

അത്രയും പറഞ്ഞ്, മാത്യു മുതലാളി പുറത്തേയ്ക്കിറങ്ങി ഗ്രാവൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ബെൻസ് കാറിൽ കയറി പാഞ്ഞ് പോകുന്നത് കണ്ട്, ജാനകി നെടുവീർപ്പിട്ടു.

അകത്തേയ്ക്ക് തിരിച്ച് കയറുന്നതിന് മുമ്പ്, വരാന്തയിലെ ചുമരിൽ തൂക്കിയ സുകുമാരൻ്റെ ഫോട്ടോയിൽ, ഒരു നിമിഷം അവൾ കണ്ണ് നട്ട് നിന്നു.

മൂന്നാല് വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ ജൗളിക്കടയിൽ പോയിട്ട് കൂട്ടുകാരിയൊടൊപ്പം പ്രൈവറ്റ് ബസ്സിൽ തിരികെ വരുമ്പോഴാണ് ആദ്യമായി സുകുവേട്ടനെ കണ്ട് മുട്ടുന്നത്

പുറകിൽ കമ്പിയിൽ പിടിച്ച് നിന്ന് യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയെ അവരുടെ പുറകിൽ നിന്നൊരു യുവാവ് അവരെ എന്തോ ചെയ്തെന്ന് പറഞ്ഞ് ഒച്ച വയ്ക്കുമ്പോഴാണ് തൻ്റെ ഇടത് വശത്തെ സീറ്റിലിരുന്ന ആജാനു ബാഹുവായ ഒരാൾ എഴുന്നേറ്റ് ചെന്ന് ആ യുവാവിൻ്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കുന്നത് കണ്ടത് ,അപ്പോഴേക്കും ആ ഞരമ്പ് രോഗിയുടെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര് കൂടെ രംഗത്തേയ്ക്ക് വന്നപ്പോൾ ചില സ്റ്റണ്ട് സിനിമകളിലേത് പോലുള്ള ആക്ഷൻ രംഗമാണ് അവിടെ കണ്ടത്

അപ്പോഴേയ്ക്കും ബസ്സ് പോലീസ് സ്റ്റേഷൻ്റെ മുമ്പിലെത്തിയിരുന്നു. ആ സമയം കൊണ്ട് ആജാനുബാഹുവായ മനുഷ്യൻ ആ മൂന്ന് യുവാക്കളെയും മലർത്തിയടിച്ച് കഴിഞ്ഞിരുന്നു

കാര്യമന്വേഷിക്കാനെത്തിയ പോലീസുകാരുടെ മുന്നിലേയ്ക്ക് ആ മൂന്ന് പേരെയും എറിഞ്ഞ് കൊടുത്തിട്ട് ഒരു നായകനെ പോലെ തൻ്റെ പഴയ സീറ്റിലേയ്ക്ക് വന്നിരുന്ന ആ മസിൽമാനെ എല്ലാവരെയും പോലെ ജാനകിയും ആരാധനയോടെ നോക്കി

ഹല്ല പിന്നെ ,വ, ടിവാ, ള് സുകുവിനോടാണ് അവൻമാരുടെ കളി,,ചെക്കൻമാർക്കിനി കുറച്ച് ദിവസത്തേയ്ക്ക് മൂത്രം പോക്കുണ്ടാവില്ല,

കണ്ടക്ടർ പിറകിൽ നിന്ന് ആരോടോ പറയുന്നത് കേട്ടപ്പോഴാണ് അയാളുടെ പേരും ഐഡൻ്റിറ്റിയും ജാനകിക്ക് മനസ്സിലായത്

ആള് വലിയ ഗുണ്ടയാണെന്ന് കൂട്ടുകാരി പറഞ്ഞെങ്കിലും ജാനകിയുടെ മനസ്സിൽ അയാളോടുള്ള ആരാധന വളരുകയായിരുന്നു…….

*******************

എടീ പെണ്ണേ,, നിനക്കെന്തിൻ്റെ കേടാണ്? നിന്നെ കണ്ടിട്ട് നല്ലൊരു കുടുംബത്തിൽ പിറന്നതാണെന്നാണ് തോന്നുന്നത് ,വെറുതെയെന്തിനാ തെ മ്മാടിത്തരവും ഗുണ്ടായിസവുമൊക്കെ കാണിച്ച് നടക്കുന്ന എൻ്റെ പുറകെ നീയിങ്ങനെ നടക്കുന്നത്?

കുറച്ച് ദിവസമായി തൻ്റെ പിന്നാലെ നടക്കുന്ന ജാനകിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സുകുമാരൻ അവളോട് നീരസത്തോടെ ചോദിച്ചു.

എനിക്ക് നിങ്ങളെ ഇഷ്ടമായത് കൊണ്ട് ,ഞാനാദ്യമായി കണ്ട ദിവസം
നിങ്ങളെൻ്റെ മനസ്സിൽ കയറിയതാണ് ,അരുതെന്ന് മനസ്സ് പലവട്ടം വിലക്കിയിട്ടും ഒരു ദിവസം പോലും നിങ്ങളെ കാണാതിരിക്കാനും സംസാരിക്കാതിരിക്കാനും എനിയ്ക്ക് കഴിയുന്നില്ല, അത് കൊണ്ടാണ് ഇന്ന് ഈ ടൗണിൽ വരേണ്ട യാതൊരു കാര്യമില്ലാതിരുന്നിട്ടും ഞാൻ ഓടി വന്നത്,,

അത് ശരി, അപ്പോൾ നിനക്കെന്നോട് പ്രേമമാണല്ലേ? എടീ നിനക്കെന്നെക്കുറിച്ച് എന്തറിയാം? എനിക്കിപ്പോൾ വയസ്സ് നാല്പതായി, അതായത് ഏകദേശം നിൻ്റെ ഇരട്ടി പ്രായം ,അത് പോട്ടെ, എൻ്റെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് കൊല്ലമായി, അത് നിനക്കറിയാമോ?

അതൊക്കെ എനിക്കറിയാം, പക്ഷേ ആ ഭാര്യ ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ? നിങ്ങള് തനിച്ചല്ലേ?

ആഹാ,നീയാള് കൊള്ളാമല്ലോ?അപ്പോൾ എൻ്റെ ഹിസ്റ്ററിയൊക്കെ നീ ചികഞ്ഞ് വച്ചിരിക്കുവാണല്ലേ?എന്നാൽ കേട്ടോ അവള് പോയെങ്കിലും ഞാൻ ഒറ്റയ്ക്കൊന്നുമല്ലാ,പത്ത് വയസ്സുള്ളൊരു മോൻ എൻ്റെ കൂടെയുണ്ട്

അത് കേട്ട് ജാനകി ഒരു നിമിഷം നിശബ്ദയായി

അത് മാത്രമല്ല എന്നെപ്പോലെ ഏത് നിമിഷവും ശത്രുവിൻ്റെ ആയുധത്താൽ മരണം മുന്നിൽ കണ്ട് നടക്കുന്നവൻ്റെ കൂടെ ജീവിക്കാൻ നിന്നാൽ നീ വളരെ വേഗം വിധവയായി തീരും, ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ

ഒന്ന് നിർത്തുന്നുണ്ടോ ? ആയുസ്സ് നിശ്ചയിക്കുന്നത് ഈശ്വരനാണ് ,ആദ്യവിവാഹം കഴിക്കുമ്പോഴും നിങ്ങളൊരു ഗു, ണ്ട തന്നെ അല്ലായിരുന്നോ ?എന്നിട്ട് നിങ്ങടെ ഭാര്യയെയല്ലേ കാ, ലൻ കൊണ്ട് പോയത്?പതിനൊന്ന് വർഷമായിട്ട് നിങ്ങളെ ദൈവം കാത്ത് വച്ചത്, ശിഷ്ടകാലം എൻ്റെ കൂടെ ജീവിക്കാനാണെങ്കിലോ? , ഒരു ദിവസമെങ്കിൽ ഒരു ദിവസം നിങ്ങളുടെ ഭാര്യയായി എനിക്ക് ജീവിക്കണം ,പിന്നെ, മകനുണ്ടെന്ന് പറഞ്ഞില്ലേ? ഒരുറപ്പ് ഞാൻ തരാം നമ്മുടെ കല്യാണം കഴിഞ്ഞ് നമുക്ക് കുഞ്ഞുങ്ങളുണ്ടായാലും അവരിൽ ഒരുവനായി മാത്രമേ ഞാനാ മകനേ കാണൂ,,അവനെ,പൊന്ന് പോലെ ഞാൻ നോക്കിക്കൊള്ളാം, പ്ളീസ്,,ഇനിയും എന്നെ അവഗണിക്കരുത്,,

തന്നോടുള്ള ആരാധന പ്രണയമായി പെണ്ണിൻ്റെ അസ്ഥിക്ക് പിടിച്ചിരിക്കുവാണെന്ന് സുകുമാരന് മനസ്സിലായി

അവളെ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും പാളിയപ്പോൾ ജാനകിയെ വിവാഹം കഴിക്കാൻ തന്നെ സുകുമാരൻ തീരുമാനിച്ചു

തൻ്റെ വീട്ടിൽ ഈ ബന്ധം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട്, അനുവാദം ചോദിക്കാനൊന്നും നില്ക്കാതെ ഒരു ദിവസം രാവിലെ ടൗണിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജാനകി ,സുകുമാരൻ്റെ നിർദ്ദേശപ്രകാരം സബ് രജിസ്ട്രാർ ഓഫീസിലേയ്ക്കാണ് ചെന്നത്

അവിടെ അവർക്ക് സാക്ഷികളായി ഉണ്ടായിരുന്നത് സുകുമാരൻ്റെ കുറച്ച് കൂട്ടുകാർ മാത്രമായിരുന്നു

നഗരത്തിലെ ഹോട്ടലുകളുടെയും മത്സ്യ മാംസാദി മാർക്കറ്റിലെയും മലിനജലം ഒഴുകിയെത്തുന്ന വാടക്കനാൽ എന്നറിയപ്പെടുന്ന അഴുക്ക് ചാലിൻ്റെ ഇരുവശത്തുമായി പിങ്ക് റേഷൻ കാർഡ് സ്വന്തമായുള്ള നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു

അതിനിടയിലെ രണ്ട് മുറിയും അടുക്കളയും വരാന്തയുമുള്ള പലകയടിച്ച വീട്ടിലേയ്ക്കാണ് സുകുമാരൻ്റെ കൈയ്യും പിടിച്ച് സുമംഗലയായ ജാനകി, വലത് കാല് വച്ച് കയറിയത്.

സ്വന്തം വീട്ടുകാരെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, തൻ്റെ സങ്കല്പത്തിലുള്ള  താൻ സ്നേഹിച്ച, പുരുഷൻ്റെയൊപ്പം ജീവിതം തുടങ്ങിയപ്പോൾ നഷ്ടങ്ങളൊക്കെ ജാനകി
മന: പൂർവ്വം മറന്നു

പിറ്റേന്ന് സുകുമാരൻ ഉണരാൻ വൈകിയെങ്കിലും ജാനകി അതിരാവിലെ എഴുന്നേറ്റു

പ്രഭാതകർമ്മം നിർവ്വഹിക്കാൻ പുറത്തുള്ള ഓല മറച്ച മറപ്പുരയിൽ കയറിയെങ്കിലും ബക്കറ്റിലും മറ്റും ഒരു തുള്ളി വെള്ളം പോലുമില്ലായിരുന്നു

പഞ്ചായത്ത് പൈപ്പിന് ചുവട്ടിൽ അതിരാവിലെ ചെന്ന് നിന്നാലേ വെള്ളം കിട്ടൂ എന്ന് സുകുവേട്ടൻ തലേന്ന് പറഞ്ഞ കാര്യം ജാനകി ഓർത്തെടുത്തു

വലിയൊരു അലുമിനിയം കുടവും ബക്കറ്റുമെടുത്ത് അവൾ കുറച്ച പുറത്തുള്ള പൈപ്പിൻ ചുവട്ടിലേയ്ക്ക് ചെല്ലുമ്പോൾ നീണ്ട ക്യൂവായിരുന്നു അവിടെ

വീട്ടിൽ വച്ച് അതിരാവിലെ ടൊയ്ലറ്റിൽ പോകുന്ന ശീലമുള്ളത് കൊണ്ട് ജാനകിയ്ക്ക് ഒരു ബക്കറ്റ് വെള്ളമെങ്കിലും അത്യാവശ്യമായി കിട്ടിയേ മതിയാകുമായിരുന്നുള്ളു

ഏറ്റവും മുന്നിൽ ഊഴം കാത്ത് നില്ക്കുന്നത് കുറച്ച് ഏജ്ഡായ ഒരു ത, ടിച്ച സ്ത്രീ ആയിരുന്നു

ജാനകി അങ്ങോട്ട് ചെല്ലുമ്പോഴേ അവിടെ കൂടിയ പെണ്ണുങ്ങൾ അവളെ നോക്കി കമൻ്റടിക്കാനും പരിഹസിച്ച് ചിരിക്കാനും തുടങ്ങിയിരുന്നു

ആഹാ, സുകുമാരൻ്റെ പുതിയ സെറ്റപ്പാണല്ലേ ?ആരായാലും വെള്ളമെടുക്കാനാണെങ്കിൽ ഏറ്റവും പുറകിൽ പോയി നിന്നോ ,അല്ലാതെ സുകുമാരനിവിടെ പ്രത്യേക പരിഗണനയൊന്നുമില്ല

മദ്ധ്യഭാഗത്ത് നിന്ന ഏതാണ്ട് നാല്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒത്ത ഉയരമുള്ള സ്ത്രീയുടെ സംസാരം, ജാനകിയെ ചൊടിപ്പിച്ചെങ്കിലും ,ഏറ്റവും മുന്നിൽ നില്ക്കുന്ന മദ്ധ്യവയസ്കയോട് അനുവാദം ചോദിച്ചിട്ട് തൻ്റെ ബക്കറ്റ് ജാനകി പൈപ്പിൻ ചുവട്ടിലേയ്ക്ക് വച്ചു.

പൊടുന്നനെ തന്നെ ആക്ഷേപിച്ച് സംസാരിച്ച ആ നാല്പത്കാരി മുന്നിലേയ്ക്ക് വന്ന് ജാനകിയുടെ ബക്കറ്റ് വലത് കാല്കൊണ്ട് തൊഴിച്ച് ദൂരേയ്ക്കെറിഞ്ഞു .

അത് കണ്ട് മറ്റ് പെണ്ണുങ്ങൾ ആർത്ത് ചിരിക്കുക കൂടി ചെയ്തപ്പോൾ ജാനകിയ്ക്ക് തൻ്റെ കലി അടക്കാനായില്ല

അരിശം മൂത്ത ജാനകി തൊട്ടടുത്ത നിമിഷം തൻ്റെ ബക്കറ്റ് തൊഴിച്ചെറിഞ്ഞവളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു

അപ്രതീക്ഷിതമായ ജാനകിയുടെ നീക്കം കണ്ട് പൊട്ടിച്ചിരിച്ചവരൊക്കെ സ്തബ്ധരായി നിന്ന് പോയി

എന്നിട്ടും അരിശം തീരാതെ അടി കൊണ്ട് കരണം പുകഞ്ഞ് നില്ക്കുന്നവളുടെ മുടിക്കുത്തിന് പിടിച്ച് മുന്നോട്ട് ആഞ്ഞ് തള്ളിയപ്പോൾ തൻ്റെ ബക്കറ്റ് കിടക്കുന്നയിടത്ത് അവൾ ചെന്ന് വീണു

മര്യാദയ്ക്ക് എൻ്റെ ബക്കറ്റെടുത്ത് പൈപ്പിൽ ചുവട്ടിൽ വച്ചോ ഇല്ലെങ്കിൽ നിൻ്റെ ത, ലമണ്ട ഞാൻ അടിച്ച് പൊ, ട്ടിക്കും

സുന്ദരിയായ ജാനകിയുടെ രൗദ്രഭാവം കണ്ട് ഭയന്ന് പോയ ആ സ്ത്രീ വേഗമെഴുന്നേറ്റ് ജാനകി പറഞ്ഞത് പോലെ പ്രവർത്തിച്ചു

എല്ലാം കണ്ട് സ്തംഭിച്ച് നില്ക്കുന്ന ആ നാട്ടിലെ ധീരവനിതകൾക്ക് നേരെ ജാനകി തിരിഞ്ഞ് നിന്നു

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം സുകുമാരൻ്റെ കൂടെ ഒന്നോ രണ്ടോ ദിവസം കിടക്ക പങ്കിടാൻ വന്നതല്ല ഞാൻ ,നിയമപരമായി കല്യാണം കഴിച്ച് ജീവിതാവസാനം വരെ അയാളുടെ ഭാര്യയായി ജീവിക്കാനാണ് ഞാൻ വന്നത്
അത് സഹിക്കാൻ പറ്റാത്തവരുണ്ടെങ്കിൽ ചൊ, റിച്ചില് മാറ്റാൻ വേറെ വഴി നോക്കിക്കോണം എന്നോട് കളിക്കാൻ വന്നാൽ ഞാൻ കളി പഠിപ്പിച്ചേ വിടു ,ഇപ്പോൾ കണ്ടത് വെറും സാമ്പിൾ വെടിക്കെട്ട് മാത്രം ഓർത്തോ,

അത്രയും പറഞ്ഞ് ബക്കറ്റിൽ  നിറച്ച വെള്ളവുമായി തിരിഞ്ഞ് നടക്കുമ്പോൾ തന്നെ നോക്കി ഇരു കൈകളും കൂട്ടിയിടിച്ച് തന്നെ അഭിനന്ദിച്ച് കൊണ്ട് നില്ക്കുന്ന സുകുമാരനെ കണ്ടപ്പോൾ അവൾക്ക് അഭിമാനം തോന്നി….

***********

ഇന്ന് വേണ്ട സുകുവേട്ടാ,,, കുറച്ച് ദിവസം കൂടി കഴിയട്ടെ ,,

ദേ പെണ്ണേ ,, ഇത് മൂന്നാമത്തെ ദിവസമാണ് നീയിങ്ങനെ ഒഴിഞ്ഞ് മാറുന്നത്, എന്നെ നീ കല്യാണം കഴിച്ചത് വെറുതെയൊരു ഭാര്യാ പദവിക്ക് വേണ്ടിയാണോ? നമ്മളിലൂടെ അടുത്ത തലമുറയുണ്ടാകണ്ടേ?

അതിനിനിയും സമയമുണ്ടല്ലോ സുകുവേട്ടാ ,,? ഇപ്പോൾ എനിയ്ക്ക് സുഖമില്ലാതിരിക്കുന്നത് കൊണ്ടല്ലേ ?

നിൻ്റെ ഒരു സുഖമില്ലായ്മ ,ഇതൊക്കെ എല്ലാമാസവും പെണ്ണുങ്ങൾക്കുണ്ടാവുന്നതല്ലേ? എന്ന് വച്ച് മറ്റ് കാര്യങ്ങളൊന്നും വേണ്ടാന്നാണോ ?വെറുതെ ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്നോ?

ജാനകിയുടെ എതിർപ്പിനെ അവഗണിച്ച് സുകുമാരൻ അവളെ കടന്ന് പിടിച്ചു.

വിട് സുകുവേട്ടാ,, ഞാൻ പറയുന്നതൊന്ന് കേൾക്ക്,,

നീയൊന്നും പറയേണ്ടാ,,മിണ്ടാതെ അടങ്ങിക്കിടന്നോ,,

വിശന്നലഞ്ഞ ചെ, ന്നായയ്ക്ക് മുന്നിലകപ്പെട്ട പേടമാനിൻ്റെ സ്ഥിതിയായിരുന്നു ജാനകിയ്ക്ക്.

അയാളെ തടയാൻ തൻ്റെ ശരീരത്തിന് കഴിയില്ലെന്ന് ബോധ്യം വരും വരെ, അവൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, വന്യമായ അയാളുടെ ആക്രമണത്തിന് മുന്നിൽ, അവൾക്ക് അടിയറവ് പറയേണ്ടി വന്നു.

നീയെന്നോട് ക്ഷമിക്ക്, ചില കാര്യങ്ങൾക്ക് എനിയ്ക്ക് വാശി കൂടുതലാണ്, എത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാനത് നേടിയിരിക്കും ,നമ്മുടെ ആദ്യ സമാഗമം ഇങ്ങനെ ആയി പോയതിൽ എനിക്ക് ദു:ഖമുണ്ട്,,

അയാൾ ക്ഷമാപണം നടത്തി കൊണ്ട് എഴുന്നേറ്റ് പോയി

തൻ്റെ വ, ടിവാ, ളിൻ്റെ മൂർച്ചയിൽ പിടഞ്ഞ് വീണവരോട്  പറയുന്ന ഡയലോഗ് തന്നെയാണ് അല്പം പോലും മന:സ്താപമില്ലാതെ സുകുവേട്ടൻ പറഞ്ഞതെന്ന് മനസ്സിലാകാതെ, അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു.

പിറ്റേന്ന് അഭിയെ സ്കൂളിൽ വിടാനായി പാലം കടത്തിവിടുമ്പോഴാണ് രണ്ട് പോലീസുകാർ ജാനകിയുടെ മുന്നിൽ വന്ന് ബൈക്ക് നിർത്തിയത്

ഈ വടിവാ, ള് സുകുവിൻ്റെ വീട് ഇവിടെയെങ്ങാണ്ടല്ലേ?

അതേ സാർ,, ദാ ആ കാണുന്നതാണ്,,

നിങ്ങൾ അയൽക്കാരിയാണോ ?അയാള് അവിടെയെങ്ങാനുമുണ്ടോ?

ഞാൻ ഭാര്യയാണ് സർ, അദ്ദേഹം രാവിലെ എഴുന്നേറ്റ് ജോലിയ്ക്ക് പോയി,,

ആങ്ങ്ഹാ ,അയാൾക്ക് ഭാര്യയും കുടുംബവുമൊക്കെയുണ്ടോ ? ങ്ഹാ അത് പോട്ടെ, ഈ ജോലിക്ക് പോയെന്ന് പറയുമ്പോൾ,, ആരെയെങ്കിലും തല്ലാനോ കൊ, ല്ലാനോ ആയിരിക്കുമല്ലോ? അതാണല്ലോ അവൻ്റെ ജോലി ,,അല്ല ,എവിടെയാ ജോലിയെന്ന് പറഞ്ഞോ?

പരിഹാസത്തോടെ പോലീസുകാരത് ചോദിച്ചപ്പോൾ ജാനകിയ്ക്ക് ഈർഷ്യ തോന്നി

ഇല്ല സർ, അദ്ദേഹം ഇപ്പോൾ റബ്ബർ തോട്ടത്തിൽ ജോലിയ്ക്ക് പോകുന്നുണ്ട്,,

ഉം ,ശരി ശരി,, ,അവൻ വരുമ്പോൾ സ്റ്റേഷനിൽ വന്ന് ഒപ്പിട്ടിട്ട് പോകാൻ പറയ്, രണ്ട് ദിവസമായി അങ്ങോട്ട് കണ്ടിട്ട്, കൂടുതൽ വിളച്ചിലെടുത്താൽ പിടിച്ചകത്തിടുമെന്ന് കൂടി ഒന്ന് പറഞ്ഞേക്ക് ,,,

ഭീഷണി മുഴക്കി പോലീസുകാർ പോയപ്പോൾ പുശ്ചത്തോടെ ചിറി കോട്ടിക്കൊണ്ട് അവൾ വീട്ടിലേയ്ക്ക് തിരിഞ്ഞ് നടന്നു,

ചേച്ചീ,,വരാല് വേണോ ?സുകുവേട്ടന് വരാല് ഭയങ്കര ഇഷ്ടമാണ്

പിന്നിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞ് നോക്കുമ്പോഴാണ് തോട്ടിൽ ചൂണ്ടയിട്ട് കൊണ്ട് നില്ക്കുന്ന അയലത്തെ ഏലിയാമ്മ ചേച്ചിയുടെ മകൻ ജീമോനെ കണ്ടത്

സുകുവേട്ടനോടൊപ്പം ഏതോ പണിക്ക് പോയപ്പോൾ എതിരാളിയുടെ വെട്ട് കൊണ്ട് ച, ത്ത ദാസപ്പൻ്റെ ഭാര്യയാണ് ഏലിയാമ്മ

തനിക്ക് കിട്ടേണ്ട വെട്ടാണ് ദാസപ്പേട്ടന് കിട്ടിയതെന്നും അത് കൊണ്ടാണ് ഏലിയാമ്മ ചേച്ചി നേരത്തെ വിധവയായതെന്നും സുകുവേട്ടൻ എപ്പോഴും കുറ്റബോധത്തോടെ പറയുന്നത് ജാനകിയ്ക്ക് ഓർമ്മ വന്നു

ആഹ് എങ്കിൽ തന്നേക്കടാ സുകുവേട്ടന് കൊടംപുളിയിട്ട് കറി വച്ച് കൊടുക്കാം

വരാലിൻ്റെ കൂടെ രണ്ട് മൂന്ന് ചെമ്പല്ലിയും കൂടെ വട്ടയിലയിൽ പൊതിഞ്ഞ് ജീമോൻ ജാനകിയ്ക്ക് കൊടുത്തു

അപ്പൻ മരിച്ചതിൽ പിന്നെ ജീമോൻ സ്കൂളിൽ പോയിട്ടില്ല ,ചൂണ്ടയിട്ട് കിട്ടുന്ന മീൻ കവലയിൽ കൊണ്ട് പോയി വിറ്റും,അല്ലാതുള്ള സമയത്ത് ആക്രി പെറുക്കി വിറ്റുമാണ് അമ്മയും മോനും ജീവിക്കുന്നത്

രാവിലെ അഭിയെ സ്കൂളിൽ വിടാനുള്ളത് കൊണ്ട് ,രാവിലെ തന്നെ ചോറ് വച്ചിട്ടുണ്ടായിരുന്നു സുകുവേട്ടൻ ഉച്ചയ്ക്ക് വരുമ്പോൾ കൊടുക്കാനായി ജാനകി വേഗം മീൻ കറിവച്ചു.

ജോലിയൊക്കെ ഒതുക്കി കഴിഞ്ഞപ്പോൾ ശരീരമാകെ വിയർത്ത് കുളിച്ചു

വെളുപ്പിനെ ഒന്ന് കുളിച്ചതാണെങ്കിലും വേനൽ ചൂടിൻ്റെ കാഠിന്യം കൊണ്ട് വിയർത്തൊട്ടിയ നൈറ്റിയുടെ ദുർഗന്ധം സ്വയം അറപ്പുളവാക്കിയപ്പോഴാണ്, ജാനകി കുളിക്കാനായി മറപ്പുരയിലേയ്ക്ക് കയറിയത്

കുളി കഴിഞ്ഞ് ദേഹം തുടച്ച് കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ആരുടെയോ നിലവിളി കേട്ട് ആകാംക്ഷയോടെ അവൾ ഓലമറയുടെ ദ്വാരത്തിലൂടെ പുറത്തേയ്ക്ക് നോക്കിയത്.

ചെത്തുകാരൻ വാസു അണ്ണനെ സുകുവേട്ടൻ തലങ്ങും വിലങ്ങും തല്ലുന്നു

ജാനകി, വേഗം നൈറ്റിയെടുത്ത് ധരിച്ചിട്ട്, മറപ്പുരയിൽ നിന്ന് വെളിയിലേയ്ക്കിറങ്ങി, അവരുടെ അടുത്തേയ്ക്ക് ചെന്നു

സുകുവേട്ടാ,, വിട് എന്തിനാ അയാളെ തല്ലുന്നത് ?

വാസുവിൻ്റെ തല ,തൻ്റെ കാലുകൾക്കിടയിൽ വച്ച് അയാളുടെ പുറത്ത് മുട്ട് കൈ കൊണ്ട് ഇടിക്കുന്ന സുകുമാരനെ പിടിച്ച് മാറ്റാൻ ശ്രമിച്ച് കൊണ്ട് അവൾ ചോദിച്ചു

എടീ,, ഞാൻ വരുമ്പോൾ ഈ നാ, യി, ൻ്റെ മോൻ ,തെങ്ങിൻ്റെ മോളിലിരുന്ന് നിൻ്റെ കുളിസീൻ കണ്ട് സുഖിക്കുവായിരുന്നു ,,

അത് കേട്ട് ജാനകിയുടെ തൊലി ഉരിഞ്ഞ് പോയി

അയ്യോ ചേട്ടാ,,, പാവം അതിന് ഇങ്ങനെയാണോ ചെയ്യുന്നത്? ചേട്ടൻ അയാളെ വിട്ടേ ,,

സുകുമാരൻ്റെ കാലുകൾക്കിടയിൽ നിന്ന് തന്നെ മോചിപ്പിച്ച ജാനകിയുടെ നേർക്ക് വാസു കൈകൾ കൂപ്പി നന്ദി പറഞ്ഞു

തൊട്ടടുത്ത നിമിഷം ഒരു അലർച്ചയോടെ, വാസുവിൻ്റെ ഇടത് കണ്ണിന് മുകളിലായി, ജാനകി തൻ്റെ വലത് കൈപ്പത്തിയുടെ രേഖാചിത്രം വരച്ചു.

ഇത് നിനക്കൊരു താക്കീതാണ്, ഇനി നീ ,തെങ്ങിൻ്റെ മുകളിലിരുന്ന് ഏതെങ്കിലും പെണ്ണുങ്ങളുടെ കുളിസീൻ കണ്ടാൽ, നിൻ്റെ വലത് കണ്ണ് കൂടി ഞാൻ അടിച്ച് തകർക്കും,,

അപ്രതീക്ഷിതമായ ജാനകിയുടെ ആക്രമണത്തിൽ, കണ്ണിൽ നിന്ന് പൊന്നീച്ച പറന്ന വാസു ,ജീവനും കൊണ്ട് ഓടിപ്പോയി.

നിങ്ങളെന്ത് നോക്കി നില്ക്കുവാണ് ,നല്ല ഒന്നാന്തരം വരാല് കറി വച്ചിട്ടുണ്ട്, വാ  ,നമുക്ക് ചോറ് കഴിക്കാം,,

തൻ്റെ ഭാര്യയുടെ പെരുമാറ്റം  കണ്ട് അമ്പരന്ന് നിന്ന സുകുമാരനെ, ജാനകി അകത്തേയ്ക്ക് വിളിച്ചു.

****************

കൈയ്യിലിരുന്ന മൊബൈൽ ഫോണിൽ വാട്സ് ആപ് മെസ്സേജ് വന്ന ശബ്ദം കേട്ടപ്പോഴാണ് സുകുമാരൻ്റെ ഓർമകളിൽ മുഴുകിയിരുന്ന ജാനകിയ്ക്ക് സ്ഥലകാല ബോധം വന്നത്.

മാത്യു മുതലാളി അയച്ച ഫോട്ടോ കാണാൻ ജാനകി ആകാംക്ഷയോടെ വാട്സ് ആപ്പിൽ നോക്കി

എകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരനായിരുന്നത് ,മുഖം കണ്ടാലൊരു നിർദോഷിയായിട്ടാണ് തോന്നുന്നത്

ഓഹ് അങ്ങനെ ആണെങ്കിലും അല്ലെങ്കിലും തനിക്കെന്താ? തൻ്റെ മുന്നിൽ അയാളൊരു ഇര മാത്രമാണ്, പ്രത്യേകിച്ച് സിംപതിയൊന്നും തോന്നേണ്ട കാര്യമൊന്നുമില്ല

അപ്പോൾ തന്നെ തൻ്റെ G pay യിലേയ്ക്ക് അൻപതിനായിരം രൂപ ക്രെഡിറ്റായ മെസ്സേജും അവൾ കണ്ടു

fb യിൽ നിന്നും സ്ക്രീൻ ഷോട്ടെടുത്ത പ്രൊഫൈൽ പിക് ആയിരുന്നത് ,ബയോയ്ക്ക് താഴെ അയാളുടെ ഫോൺ നമ്പരുമുണ്ടായിരുന്നു,

ജാനകി, ആ നമ്പർ തൻ്റെ ഫോണിൽ ആഡ് ചെയ്തിട്ട്, വിഷ്ണു എന്ന അയാളുടെ പേര് സേവ് ചെയ്തു,

എന്നിട്ട് വെറുതെയൊന്ന് മിസ്സ്ഡ് കോളയച്ചു

തൊട്ടടുത്ത നിമിഷം വിഷ്ണു തിരിച്ച് വിളിച്ചു

ഹലോ,,

വളരെ പതിഞ്ഞ ശബ്ദത്തിൽ എന്നാൽ മധുര്യം ഒട്ടും കുറയ്ക്കാതെ ജാനകി കോള് അറ്റൻ്റ് ചെയ്തു

ഇതാരാ? ഒരു മിസ്സ്ഡ് കോള് വന്നായിരുന്നു?

അയാളുടെ ഗാംഭീര്യമാർന്ന ശബ്ദം ജാനകിയുടെ ചെവിയിൽ മുഴങ്ങി

ഓഹ് സോറി,,, നമ്പര് തെറ്റിയതാണ്

ക്ഷമാപണം നടത്തി ജാനകി പെട്ടെന്ന് കോള് കട്ട് ചെയ്തു

അല്പസമയത്തിന് ശേഷം വീണ്ടും അയാളുടെ കോള് വരുന്നത് കണ്ട ജാനകിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു

ഹലോ….

ഹലോ ,ഇതെന്താ ഫോൺ കട്ട് ചെയ്തത്? നമ്പര്മാറിയതാണെങ്കിലും,ആരാണെന്ന് ഒന്ന് പറഞ്ഞ് കൂടെ? വെറുതെ ഒന്ന് പരിചയപ്പെട്ടിരിക്കാമല്ലോ?

ആള് കോഴിയാണെന്ന് ജാനകിയ്ക്ക് മനസ്സിലായി

അതെന്തിനാ പരിചയപ്പെടുന്നത് ? പരിചയപ്പെട്ട് കഴിയുമ്പോൾ പിന്നെ തമ്മിൽ കാണണമെന്ന് മോഹമുണ്ടാകും ,കണ്ട് കഴിയുമ്പോൾ ചിലപ്പോൾ വേറെ വല്ലതുമൊക്കെ തോന്നും വെറുതെയെന്തിനാ ഒരു അവിഹിതത്തിലേയ്ക്ക് പോകുന്നത്. ഞാൻ പിന്നെ ഭർത്താവൊന്നുമില്ലാതെ തനിച്ച് ജീവിക്കുന്നത് കൊണ്ട് എൻ്റെ കാര്യത്തിൽ എനിയ്ക്ക് ഉത്ക്കണ്ഠയൊന്നുമില്ല. നിങ്ങൾക്ക് ഭാര്യയും കുടുംബവുമൊക്കെയുള്ളതല്ലേ? വെറുതെയെന്തിനാ ഒരു കുടുംബം കലക്കുന്നത്?

അയ്യോ ഞാൻ കല്യാണമൊന്നും കഴിച്ചിട്ടില്ല ,വേറൊന്നുമല്ല മനസ്സിനിണങ്ങിയ ആരെയും ഇത് വരെ കണ്ടെത്താൻ പറ്റിയില്ല. അത് കൊണ്ടാണ്

അയാൾ ആവേശത്തോടെ സംസാരിക്കുന്നത് കേട്ടപ്പോൾ ജാനകിയ്ക്ക് സന്തോഷമായി

വിഷ്ണുവിൻ്റെയും ജാനകിയുടെയും സംസാരം പാതിരാത്രിയും പിന്നിട്ട് ,വെളുപ്പാൻ കാലം  വരെ നീണ്ടു,

ഒടുവിൽ പിറ്റേന്ന് രാത്രി, ആരുമറിയാതെ  തൻ്റെ വീട്ടിൽ വരണമെന്ന് വിഷ്ണുവിനോട് പറഞ്ഞിട്ടാണ് ജാനകി ഫോൺ കട്ട് ചെയ്തത്.

ഇനി നേരം വെളുക്കാൻ അധികം സമയമില്ല ,എങ്കിലും കുറച്ച് സമയമെങ്കിലും ഉറങ്ങാമെന്ന് കരുതി ജാനകി ,പായയിലേയ്ക്ക് കിടന്നെങ്കിലും സുകുമാരനുമൊത്തുള്ള ദാമ്പത്യ ജീവിതത്തിലെ ചില മറക്കാനാവാത്ത ഓർമ്മകൾ അവളുടെ ഉറക്കം കെടുത്തി

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ പ്രാവശ്യം മെ, ൻസസാവാതിരുന്നപ്പോഴെ
ജാനകിയ്ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ഒരു ദിവസം സുകുമാരനെ കൊണ്ട് ടെസ്റ്റിങ്ങ് കിറ്റ് വാങ്ങി, അതിൽ  രണ്ട് ചുവന്ന വര കണ്ടപ്പോൾ മാത്രമാണ് താൻ ഗർഭിണിയാണെന്ന് അവൾ ഉറപ്പിച്ചത്

നമുക്കിത് വേണ്ട സുകുവേട്ടാ ,,

ജാനകിയുടെ തീരുമാനം കേട്ട് സുകുമാരൻ അമ്പരന്നു

നീ എന്താടീ ഈ പറയുന്നത് ?വേണ്ടന്നോ?അതെന്താ അങ്ങനെ തോന്നാൻ കാര്യം?

അയാൾ നീരസത്തോടെ ചോദിച്ചു.

അത് പിന്നെ സുകുവേട്ടാ ,, എനിയ്ക്ക് എൻ്റെ കോഴ്സ് പൂർത്തിയാക്കണം, എന്നാലേ എനിയ്ക്കൊരു ജോലി കിട്ടൂ, നമുക്ക് രണ്ട് പേർക്കും ജോലിയുണ്ടെങ്കിലേ,, അഭിയെയും, ഇനി നമുക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെയുമൊക്കെ നല്ല രീതിയിൽ വളർത്താൻ പറ്റു ,നമുക്കവരെ നല്ല രീതിയിൽ പഠിപ്പിക്കണ്ടേ ,അവരുടെ ഭാവി ഭദ്രമാക്കണ്ടേ അതിനൊക്കെ കാശ് വേണ്ടേ ?

ഓഹ് അതാണോ കാര്യം ? എന്നാൽ നീ കേട്ടോ? നീയീ പറഞ്ഞ കാര്യങ്ങൾക്കൊക്കെ ഞാനൊരാൾ ജോലി ചെയ്താൽ മതി ,അല്ലെങ്കിൽ തന്നെ ഭാര്യയെ ജോലിക്ക് വിട്ട് ജീവിക്കുന്നവൻ എന്ന ചീത്തപ്പേര് കൂടിയേ ഇനി കേൾക്കാനുള്ളു മാത്രമല്ല നിന്നെ ജോലിയ്ക്ക് വിടാൻ എനിയ്ക്ക് തീരെ താല്പര്യവുമില്ല,

അപ്പോൾ ഞാനെപ്പോഴും നിങ്ങടെ കുട്ടികളെയും പ്രസവിച്ച് ഈ വീട്ടിലൊരു കുടുംബിനിയായി ഒതുങ്ങി കഴിയണമെന്നാണോ നിങ്ങള് പറയുന്നത്?

അരിശത്താൽ ജാനകിയുടെ ശബ്ദമുയർന്നു.

അലറാതെടീ,, ഇനി നിൻ്റെ നാവ് പൊന്തിയാൽ, കരണമടിച്ച് പുകയ്ക്കും ഞാൻ,,

സുകുമാരൻ്റെ കണ്ണുകൾ ക്ഷോഭത്താൽ ചുവന്നു.

അതെന്താ ഞാൻ നിങ്ങടെ അടി, മയാണോ ?

അസഹനീയതയോടെ ചോദിച്ചതും ജാനകിയുടെ കണ്ണിലൂടെ സുകുമാരൻ പൊന്നീച്ച പറപ്പിച്ചതും ഒരേ സമയത്തായിരുന്നു

ആ ഓർമ്മ, പുല്ല് പായയിൽ നിദ്രാവിഹീനയായി കിടന്ന ജാനകിയുടെ കണ്ണുകൾ ഈറനാക്കി.

പിറ്റേന്ന് രാത്രി പതിനൊന്ന് മണിയോടെ, തൻ്റെ ഫോണിലേയ്ക്ക് വന്ന വിഷ്ണുവിൻ്റെ കോള് ജാനകി അറ്റൻ്റ് ചെയ്തു.

ഞാൻ പാലത്തിനിക്കരെയുണ്ട്, അവിടെ എങ്ങനാണ് സേഫാണോ?

വിഷ്ണുവിൻ്റെ വിറയാർന്ന സ്വരം കേട്ട്, ജാനകിയ്ക്ക് ചിരി പൊട്ടി

ങ്ഹാ ഇവിടെ ഒരു കുഴപ്പവുമില്ല , അയൽക്കാരൊക്കെ എപ്പോഴേ ഉറക്കമായി ,വന്നോളു ,പിന്നെ ബൈക്ക് അവിടെ വച്ചിട്ട് നടന്ന് വന്നാൽ മതി കെട്ടോ..

ജാനകിയുടെ ഉറപ്പ് കിട്ടിയ വിഷ്ണു, മാർജാരനെ പോലെ പമ്മി പമ്മി അവളുടെ വീട്ടിലേയ്ക്ക് ചെന്നു.

ഈ സമയം, ജാനകി മുൻവാതിൽ തുറന്നിട്ടിട്ട് ,ഇരുളിലേയ്ക്ക് ഒതുങ്ങി നിന്നു.

വീടിൻ്റെ മുന്നിൽ വന്ന്, ചുറ്റിനും നിരീക്ഷിച്ചിട്ട്, അകത്തേയ്ക്ക് ഓടികയറുന്ന വിഷ്ണുവിനെ കണ്ട് ജാനകി ശ്വാസമടക്കിപ്പിടിച്ച് നിന്നു.

പൊടുന്നനെ പുറത്ത് നിന്ന് കതക് വലിച്ചടച്ച് ഓടാമ്പലിട്ട ജാനകി ,തൻ്റെ നൈറ്റിയുടെ ഒരു ഭാഗം വലിച്ച് കീറിയിട്ട് ,മുറ്റത്തേക്കിറങ്ങി നിന്ന് ഉറക്കെ കൂകി വിളിച്ചു

പാതിരാത്രിയിൽ മുഴങ്ങുന്ന നിലവിളി, ജാനകിയുടെ വീട്ടിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ, അങ്ങോട്ടേയ്ക്ക് ഓടിക്കൂടി.

എന്താ ജാനകി ?എന്തിനാ കൂവിയത്?

ഓടിക്കൂടിയവർ ഒന്നടങ്കം ചോദിച്ചു

ഞാൻ മൂ, ത്രമൊഴിക്കാൻ പോകാൻ വേണ്ടി കതക് തുറന്നതാണ്, അപ്പോൾ ,പുറത്ത് പതുങ്ങി നിന്ന ഏതോ ഒരുത്തൻ, എന്നെ കയറിപ്പിടിച്ചു ,ഇത് കണ്ടില്ലേ ?
എൻ്റെ നൈറ്റിയൊക്കെ അവൻ വലിച്ച് കീറിയിരിക്കുന്നത്? ഭാഗ്യത്തിന് ഞാൻ ചാടി പുറത്തിറങ്ങിയിട്ട് ,അവനെ അകത്തിട്ട് പൂട്ടിയിരിക്കുവാണ്,,

ആഹാ ,, അത് കൊള്ളാല്ലോ? ഈ നാട്ടിൽ വന്ന് പെണ്ണുങ്ങളെ പിടിക്കാനും മാത്രം ധൈര്യമുള്ളവനുണ്ടോ?

ജാനകിയെ പീ, ഡി, പ്പിക്കാൻ വന്നവനെ ,കതക് തുറന്ന് പുറത്തേയ്ക്ക് വലിച്ചിട്ട്, നാട്ടുകാർ നന്നായി പെരുമാറി,

എന്തോ പറയാൻ ശ്രമിച്ച വിഷ്ണുവിൻ്റെ മുഖമടച്ച്, ജാനകി ഒന്ന് കൊടുത്തു.

പിടിവലിക്കിടയിൽ ഇരുട്ടത്തേയ്ക്ക് തെറിച്ച് വീണ വിഷ്ണുവിൻ്റെ മൊബൈൽ ഫോൺ ,ജാനകി കൈക്കലാക്കി സ്വിച്ച് ഓഫ് ചെയ്തു വച്ചു.

ഈ സമയം കൊണ്ട് ,ആരോ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെ പോലിസ് സ്‌റ്റേഷനിൽ നിന്നും ജീപ്പ് പാഞ്ഞ് വന്നു.

അതോടെ, പുതിയൊരു സ്ത്രീ പീ, ഡ, നക്കേസും ,വീട്ടിൽ അതിക്രമിച്ച് കടന്ന കേസും വിഷ്ണുവിൻ്റെ പേരിൽ ചാർജ്ജ് ചെയ്ത പോലീസ്, അയാളെയും കൊണ്ട് പോയപ്പോൾ, നാട്ടുകാരും മെല്ലെ പിരിഞ്ഞ് പോയി.

എല്ലാവരും പോയെന്ന് ഉറപ്പാക്കിയ ജാനകി, തൻ്റെ മൊബൈലിൽ നിന്നും മാത്യു മുതലാളിയെ വിളിച്ചു.

ഞാൻ ഏറ്റ ജോലി ചെയ്തിട്ടുണ്ട്, ഉടനെയെങ്ങും പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ, അവന് ഞാൻ പണി കൊടുത്തിട്ടുണ്ട് ,അത് കൊണ്ട്, ബാലൻസ് തുക എൻ്റെ അക്കൗണ്ടിലേയ്ക്ക് വേഗം അയച്ചേയ്ക്ക്,,,

ഇത്തിരിപ്പോന്ന പെണ്ണിൻ്റെ കാര്യപ്രാപ്തി കണ്ട് മാത്യു മുതലാളി പകച്ച് പോയി….

രാവിലെ പൈപ്പിൽ വെള്ളം വരാത്തത് കൊണ്ട്, മുഷിഞ്ഞ തുണികളുമെടുത്ത് , നനയ്ക്കാനും കുളിക്കാനുമായി ജാനകി,  പുഴക്കടവിലേയ്ക്ക് നടന്നു.

അമ്പാടിയെ, പാല് കൊടുത്ത് തൊട്ടിലിൽ ഉറക്കിക്കിടത്തിയിട്ട്, താൻ തിരിച്ച് വരുന്നത് വരെ, കുഞ്ഞിനെ ശ്രദ്ധിച്ചോളണമെന്ന്, ഏലിയാമ്മ ചേച്ചിയോട് വിളിച്ച്പറഞ്ഞിട്ടാണ്, അവൾ വീട്ടിൽ നിന്നിറങ്ങിയത്

ജാനകി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്നെ, സുകുമാരൻ , മൂത്ത മകൻ അഭിനന്ദിനെ, കട്ടപ്പനയിലുള്ള അയാളുടെ സഹോദരിയുടെ വീട്ടിൽ കൊണ്ട് നിർത്തിയിരുന്നു.

അവരുടെ നിർദ്ദേശപ്രകാരം അഭിയെ അവിടുത്തെ സ്കൂളിൽ ചേർക്കുകയും ചെയ്തു.

സുകുമാരൻ്റെ മരണശേഷം ആദ്യമായാണ് ജാനകി പുഴക്കടവിൽ പോകുന്നത്

അവസാനമായി സുകുമാരനൊപ്പം പുഴയിൽ കുളിക്കാൻ പോയ രംഗം ജാനകിയുടെ മനസ്സിൽ തെളിഞ്ഞ് വന്നു

അന്ന് ഏറെ വൈകിയാണ് സുകുമാരൻ വീട്ടിലെത്തിയത് അപ്പോഴേയ്ക്കും അയൽ വീടുകളിലുള്ളവരൊക്കെ അത്താഴം കഴിഞ്ഞ് ഉറക്കത്തിലാണ്ടിരുന്നു

എന്നും ജോലി കഴിഞ്ഞ് വരുമ്പോൾ സുകുമാരന് കുളിക്കാനുള്ള വെള്ളം ജാനകി പൈപ്പിൽ നിന്നുമെടുത്ത് വലിയ അണ്ടാവിൽ നിറച്ച് വയ്ക്കുമായിരുന്നു

അന്ന് പക്ഷേ, പൈപ്പിൽ വെള്ളമെത്തിയില്ലെന്ന പേരിൽ ജാനകി പാത്രത്തിൽ വെള്ളം നിറച്ചിട്ടില്ലായിരുന്നു.

കലികയറിയ സുകുമാരൻ ജാനകിയെ ചീത്ത പറയാൻ തുടങ്ങി പക്ഷേ ജാനകി അയാളെ അനുനയിപ്പിച്ചു

സുകുവേട്ടാ നമ്മളൊരുമിച്ച് ഇത് വരെ കുളിച്ചിട്ടില്ലല്ലോ ?എൻ്റെ വലിയൊരാഗ്രഹമാണത് ,ഒരു കാര്യം ചെയ്യാം ഇന്ന് നമുക്ക് രണ്ട് പേർക്കും കൂടി പുഴയിൽ പോയി കുളിക്കാം
അതാകുമ്പോൾ ആരുടെയും ശല്യവുമുണ്ടാവില്ല ,എല്ലാവരും നല്ല ഉറക്കത്തിലാണ്

കൊള്ളാമല്ലോ നിൻ്റെ പൂതി? എടീ അതിനെനിയ്ക്ക് നീന്തല് അറിഞ്ഞൂടെന്ന് നിനക്കറിയില്ലേ?

അറിയാം ,അതിന് കൂടി വേണ്ടിയാണ് നമ്മളിപ്പോൾ പോകുന്നത്, സുകുവേട്ടനെ ഞാനിന്ന് നീന്തല് പഠിപ്പിച്ചിട്ടേ നമ്മള് തിരിച്ച് വരൂ,,

പിന്നേ ,, ഇത്രയും നാളും പഠിക്കാത്ത എന്നെയാണ് ,നീ ഇന്ന് ഒരു ദിവസം കൊണ്ട് പഠിപ്പിക്കാൻ പോകുന്നത് ,,

അതെന്താ നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?എങ്കിൽ നിങ്ങളെ വിശ്വസിപ്പിച്ചിട്ടേ ബാക്കി കാര്യമുള്ളു, സുകുവേട്ടൻ ദാ ഇരിക്കുന്ന ട്യൂബ് കണ്ടോ? അത് ഞാനിന്ന് ജീമോനെ കൊണ്ട് വാങ്ങിപ്പിച്ചതാണ് ,അതിലാണ് സുകുവേട്ടൻ നീന്തല് പഠിക്കാൻ പോകുന്നത്,,

ഇത് വല്ലതും നടക്കുമോ?

സുകുമാരൻ വിശ്വാസം വരാത്തത് പോലെ ചോദിച്ചു

നിങ്ങള് സമയം കളയാതെ എൻ്റെ കൂടെ വാ സുകുവേട്ടാ,,,

എടീ,,നമ്മള് പോയാൽ പിള്ളേര് തനിച്ചല്ലേ?

അഭിയ്ക്ക് വയസ്സ് പന്ത്രണ്ടായില്ലേ? അമ്പാടിയെ അവൻ ശ്രദ്ധിച്ചോളും കതക് നമുക്ക് പുറത്ത് നിന്ന് പൂട്ടിയേക്കാം

ഓണാവധിയായത് കൊണ്ട് അഭിനന്ദ്, ജാനകിയുടെ അടുത്തേയ്ക്ക് രണ്ട് ദിവസം മുമ്പ് എത്തിയിരുന്നു

എയറ് നിറച്ച ട്യൂബുമെടുത്ത്, സുകുമാരനോടൊപ്പം പുഴക്കടവിലേയ്ക്ക് ജാനകി നടന്നു

ദാ ഈ ട്യൂബ് തല വഴിയെ താഴേയ്ക്ക് ഇറക്കിയിട്ട് കൈകൾ രണ്ടും വിരിച്ച് പിടിച്ച് പതിയെ താഴേയ്ക്ക് ഇറങ്ങി വാ ഒന്നും പേടിക്കേണ്ട ഞാനല്ലേ കൂടെയുള്ളത്

വെള്ളത്തിലിറങ്ങാൻ മടിച്ച് നിന്ന സുകുമാരന് ജാനകി ധൈര്യം കൊടുത്തു.

ഇനി കാല്പത്തി നീട്ടി വച്ച് വെള്ളത്തിലിട്ടടിച്ച് കൈകൾ കൊണ്ട് തുഴഞ്ഞ് എൻ്റെ പുറകെ വാ,,

സുകുമാരനെ ക്ഷണിച്ചു കൊണ്ട് ജാനകി പുഴയുെടെ മധ്യഭാഗത്തേയ്ക്ക് നീന്തി

എടീ അങ്ങോട്ട് ആഴക്കൂടുതലാണ് എനിയ്ക്ക് നിവർന്ന് നില്ക്കാൻ കഴിയില്ല

അത് പേടിക്കണ്ടാ ,, ട്യൂബ് ഉള്ളത് കൊണ്ട് സുകുവേട്ടൻ ഒരിക്കലും താഴ്ന്ന് പോകില്ല, ധൈര്യമായിട്ട് ഇങ്ങോട്ട് വാ ഞാൻ നോക്കിക്കൊള്ളാം

സുകുമാരന് ധൈര്യം പകർന്ന് കൊണ്ട് ജാനകി അയാളെ പുഴയുടെ നടുഭാഗത്ത് എത്തിച്ചു…

നല്ല അടിയൊഴുക്കുള്ള ഭാഗമാണെന്ന് അവൾക്ക് ബോധ്യമായി ,ചുറ്റിനും കുറ്റാക്കുറ്റിരുട്ടാണ് ,ആകാശത്തെ നക്ഷത്രങ്ങളെയെല്ലാം മറച്ച് കൊണ്ട് കാർമേഘം വന്ന് മൂടിയിരിക്കുന്നു കുറച്ച് ദിവസമായി രാത്രി കാലങ്ങളിൽ മഴ പെയ്യുന്നത് കൊണ്ട് അധികം താമസിയാതെ മഴയെത്തുമെന്ന് അവൾക്കറിയാമായിരുന്നു…

തുടർ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന ഭാഗം