ആരാണെന്നറിയാൻ അവർ വാതിൽ തുറന്നു.
മഹേഷ്…
ങ്‌ഹേ.. നീയോ ? നീ പോയിട്ട് രണ്ടു ദിവസമല്ലേ ആയുള്ളൂ, എന്താടാ പെട്ടെന്ന് തിരിച്ചുവന്നത്? സൂര്യൻ മഹേഷിന്റെ തോളിൽ കയ്യിട്ടു.
എനിക്കെന്തോ അവിടെ നിൽക്കുമ്പോൾ ഒരു സമാധാനക്കേട്. ചേട്ടായി ഇവിടെ ഒറ്റക്കല്ല എന്നോർക്കുമ്പോൾ… എനിക്ക് എന്തോ പോലെ…
നിന്റെ ഒരു കാര്യം , എപ്പോഴും ഇങ്ങനെ ലീവ് എടുത്താൽ ജോലി നഷ്ടമാകില്ലേ ? സൂര്യൻ ചോദിച്ചു അവിടുത്തെ ജോലി വേണ്ടെന്നു വച്ചിട്ടാണ് ഞാൻ പോന്നത്.
നിനക്കെന്താടാ പറ്റിയത് ? എന്തിനാ അങ്ങനെ ഒരു തീരുമാനം എടുത്തത്?
ജോലി എവിടെയാണെങ്കിലും കിട്ടുമല്ലോ, ഞാനിനി എങ്ങോട്ടും പോകുന്നില്ല. ഇവിടെത്തന്നെ എന്തെങ്കിലും ജോലിക്ക് ശ്രമിച്ചോളാം. അതാവുമ്പോൾ എന്നും വീട്ടിൽ വരാമല്ലോ.എനിക്ക് എന്റെ ചേട്ടായിയെ എന്നും കാണാമല്ലോ.
ഇവന്റെ ഒരു കാര്യം… ഇവൻ വെറും പൊട്ടനാ.
ആൻസി അത് കേട്ട് ചിരിച്ചു . എങ്കിലും അവളുടെ ഉള്ളം നിറഞ്ഞിരുന്നു. ഇവിടെയുള്ളവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അതിനു വേണ്ടി എന്തൊക്കെ നഷ്ടമായാലും അവർക്കതൊരു വിഷയമല്ല. സ്നേഹത്തിന് മാത്രമാണ് അവരെന്നും മുൻകൂട്ടി തൂക്കം നൽകുന്നത്.
ഈ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർ മറ്റെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ഉണ്ടാവില്ലായിരിക്കും ഇങ്ങനെയൊക്കെ സ്നേഹിക്കാൻ ഇവർക്ക് മാത്രമേ പറ്റൂ…
മഹേഷ് വന്ന് കുഞ്ഞിനെ എടുത്തു.
അല്ല ആൻസി എന്താ തിരിച്ചുപോന്നത് ?
നീ തിരിച്ചു പോന്നതിന് എന്താ കാരണം, അത് തന്നെയാ ഞാൻ തിരിച്ചു പോന്നതിനുള്ള കാരണവും. ആൻസി പറഞ്ഞു.
ഓഹോ അങ്ങനെയാണോ ?
അങ്ങനെ തന്നെയാണ് ആൻസി ചിരിച്ചു.
അപ്പോൾ ഞാൻ അറിയാതെ ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അർത്ഥം.
ഒന്ന് പോടാ ചെറുക്കാ.
എന്താ വല്ല പ്രേമവും ആണോ രണ്ടും കൂടെ?
ഇവൻ എന്റെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടും, ആൻസി അവന്റെ തോളിൽ അടിക്കാൻ ഓങ്ങിയതും അവൻ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് ഓടി.
*******************
അല്ല. നീ എന്തൊക്കെയാ കെട്ടി പെറുക്കി എടുത്തിരിക്കുന്നത്?
ആൻസിയെ കാണാൻ പോകാനായി തയ്യാറായി നിൽക്കുന്ന മോളിയോട് ഔസേപ്പ് ചോദിച്ചു.
ഞാൻ അവൾക്ക് ഇഷ്ടമുള്ള അച്ചപ്പവും, കായ വറുത്തതും എടുത്തിട്ടുണ്ട്. പിന്നെ ഇച്ചിരി പുഴമീൻ വറ്റിച്ചതും, ചെമ്മീൻ റോസ്റ്റും എടുത്തിട്ടുണ്ട്.
അവരെന്താ ഇതൊക്കെ തിന്നാതെ ഇരിക്കുന്നവരാണോ?
അവരിതൊക്കെ കഴിക്കുന്നുണ്ടാവും. എന്നാലും എന്റെ മകൾക്ക് എന്റെ കൈകൊണ്ട് എന്തെങ്കിലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.
ആഹ് എന്തായാലും നീ വണ്ടിയിലേക്ക് കയറ്.ഔസേപ്പ് പറഞ്ഞു.
അതേയ് അവൻ എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ അതൊന്നും കാര്യമാക്കണ്ട കേട്ടോ. നിങ്ങൾ അവനെ കുറെ പരിഹസിച്ചതല്ലേ, മോളി ഔസേപ്പിനോട് പറഞ്ഞു .
ഉം… അയാൾ അമർത്തിയൊന്നു മൂളി.
ഡ്രൈവിങ്ങിനിടയിൽ ഔസേപ്പ് ഒന്നും മിണ്ടിയില്ല. അവിടെ എത്തുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അയാൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു
ഹേമന്ദിന്റെ വീട്ടുമുറ്റത്ത് വണ്ടി നിർത്തി അവർ വണ്ടിയിൽ നിന്ന് ഇറങ്ങി.
ആരാണ് വന്നത് എന്നറിയാൻ ഹേമന്ദുo മിനിയും ഇറങ്ങി വന്നു.
ഔസേപ്പിനെയും മോളിയെയും കണ്ട് അവരൊന്നു പകച്ചു.
അല്ല. ഞങ്ങൾ വഴക്ക് ഒന്നും വന്നതല്ല ആൻസിയെ ഒന്ന് കണ്ടേച്ചു പോകാം എന്ന് കരുതി വന്നതാണ് മോളി പറഞ്ഞു.
ആൻസിയെ കാണാനോ? ഹേമന്ത് പകപ്പോടെ ചോദിച്ചു
അതെ… മോളി ചെറിയ ചിരിയോടെ പറഞ്ഞു.
ആൻസിയെ കാണാൻ ഇങ്ങോട്ട് വന്നിട്ട് എന്താ കാര്യം?
ഇങ്ങോട്ടല്ലാതെ മറ്റെവിടേക്കാണ് ഞങ്ങൾ പോകേണ്ടത്? നിങ്ങളുടെ കല്യാണം കഴിഞ്ഞതും വിദേശത്തേക്ക് പോയതും ഒക്കെ ഞങ്ങൾ അറിഞ്ഞായിരുന്നു. അവളെവിടെ? ഇങ്ങോട്ട് വിളിക്ക് ഔസേപ്പ് പറഞ്ഞു.
നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? ഹേമന്ദവരുടെ അടുത്തേക്ക് ഇറങ്ങിവന്നു.
മോനെ ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഒരുപാട് പരിഹസിച്ചിട്ടുണ്ട്, അതൊക്കെ ശരിയാണ്, ഹേമന്ദിന്റെ അച്ഛനെ കുറിച്ച് ഞങ്ങൾ അറിഞ്ഞ വാർത്തകൾ ഒക്കെയും അത്രയ്ക്കും മോശമായിരുന്നു. ഹേമന്തും അങ്ങനെ ഒരാൾ ആണെങ്കിലോ എന്ന് എനിക്ക് തോന്നി. അന്ന് അങ്ങനെ പറ്റിപ്പോയി അതൊന്നും മനസ്സിൽ വച്ചേക്കരുത്. ഇപ്പോൾ ആൻസിയെ ഞങ്ങൾക്ക് ഒന്ന് കാണണം. എത്രയായാലും ഞങ്ങളുടെ മകളല്ലേ, ഒന്ന് കണ്ടേച്ചും ഞങ്ങൾ അങ്ങ് വേഗം പൊയ്ക്കോളാം.ഔസേപ്പ് പറഞ്ഞു.
അവരുടെ സംസാരം കേട്ടുകൊണ്ട് മേഘ അങ്ങോട്ടേക്ക് ഇറങ്ങിവന്നു.
നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ആൻസിയെ വിവാഹം ചെയ്തിട്ടില്ല. എന്നെ പരിഹസിച്ചുവിട്ടിട്ടും അവൾ എന്നോടൊപ്പം പോരാൻ തയ്യാറാകാത്തത് കൊണ്ട്. പിന്നെ ഞാൻ അവളെ കാണാൻ കൂട്ടാക്കിയില്ല, അവൾ എന്നെ അന്വേഷിച്ചു വന്നതുമില്ല. അവൾ എന്നെ ഒന്ന് ഫോൺ വിളിച്ചിരുന്നെങ്കിൽ പോലും, അത്രയേറെ ഞാൻ വിഷമിക്കുകയില്ലായിരുന്നു.
അതിനുശേഷണ് ഞാൻ ദാ..ഇവളെ വിവാഹം ചെയ്തത്. മേഘയോടൊപ്പം വിദേശത്തായിരുന്നു ഞാൻ. കഴിഞ്ഞദിവസമാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.
അല്ലാതെ ആൻസി എവിടെ എന്ന് എനിക്കറിയില്ല
എടാ… നാ ** യേ… നീ എന്റെ മകളെ എന്താ ചെയ്തത് ? സത്യം പറഞ്ഞോ അവൾ എവിടെയാണ് ?
സത്യമായിട്ടും എനിക്ക് അറിയില്ല. ഞാൻ കരുതി അവൾ എന്നോട് കാണിച്ച സ്നേഹമൊക്കെയും വെറുതെയായിരുന്നുവെന്ന്. അതുകൊണ്ട് ഞാൻ പിന്നെ അവളെ തിരക്കിയില്ല.
നീ കള്ളം പറയുകയാണ് എവിടെടാ എന്റെ മകൾ ? ഔസേപ്പ് അവന്റെ ക.ഴുത്തിന്. ത്തി **പ്പി ടിച്ചു.
വീട്ടിൽ കയറി വന്ന് നിങ്ങൾ എന്താ ഈ കാണിക്കുന്നത്. മിനി അയാളെ തടഞ്ഞു.
എന്റെ മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ഞാൻ വെറുതെ വിടില്ല. ഔസേപ്പ് അവർക്കു നേരെവിരൽ ചൂണ്ടി.
നീ വണ്ടിയിൽ കയറ് ഔസേപ്പ് മോളിയോട് പറഞ്ഞു
ഹേമന്ത് അവരുടെ വാഹനത്തിനരുകിലേക്ക് വന്നു. അമ്മ ഒരിക്കൽ ആൻസിയെ ഹോസ്പിറ്റലിൽ വച്ച്കണ്ടിരുന്നു എന്ന് പറഞ്ഞു. അന്ന് മറ്റൊരാൾ കൂടി അവൾക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.
ഏത് ഹോസ്പിറ്റലിൽ ?
സിറ്റി ഹോസ്പിറ്റൽ.
സത്യമാണോ നിങ്ങൾപറയുന്നത്?
അതെ സത്യമാണ്.
നീയൊരു കാര്യം ഓർത്തോ എന്റെ മകളെ ചതിച്ചിട്ടു സുഖമായി ജീവിക്കാം എന്ന് കരുതണ്ട. ഔസേപ്പ് പറഞ്ഞു.
സ്വന്തം മകളെ കാണാതായിട്ട് ഇത്രയായിട്ടും നിങ്ങൾ അന്വേഷിച്ചില്ലേ ? നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. മകളെ കാണാതായിട്ട്ഒരു വർഷം ആകാറായിട്ടും ഇപ്പോഴാണോ അന്വേഷിച്ചു വരുന്നത്?
ഹേമന്ത് രോഷത്തോടെ ചോദിച്ചു.
ഔസേപ്പതിന് മറുപടി ഒന്നും പറഞ്ഞില്ല. ശരിയാണ്. അവൾ അവിടുന്നിറങ്ങി പോരുമ്പോൾ ഹേമന്ദിന്റെ അടുത്തേക്കേ പോരു എന്ന് അത്രമേൽ ഉറപ്പുണ്ടായിരുന്നു.
കൂടാതെ അവിടെ നിന്ന് പോന്നതിനു ശേഷവും അവൾ സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നതും അറിയുന്നുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷിച്ചില്ല.
ഹേമന്ദിന്റെ വിവാഹം ആണെന്ന് അറിഞ്ഞപ്പോൾ താൻ കരുതി, വധു ആൻസി ആയിരിക്കുമെന്ന്.
തന്റെ തെറ്റ്… അങ്ങനൊക്കെ വിചാരിച്ചു പോയത് തന്റെ തെറ്റ്. ഒന്നുമല്ലെങ്കിലും താനൊരു പിതാവായിരുന്നില്ലേ, കുറച്ചുകൂടി അന്വേഷിക്കാമായിരുന്നു.
അയാളുടെ മനസ്സാക്ഷി അയാളെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
അയാൾ വാഹനം മുറ്റത്തിട്ട് തിരിച്ചു.
ഗേറ്റ് കടന്ന് ആ വാഹനം റോഡിലേക്ക് ഇറങ്ങി.
ഇനി നമ്മൾ അവളെ എവിടെ പോയി അന്വേഷിക്കും ? മോളി കണ്ണീരോടെ ചോദിച്ചു
എനിക്കറിയില്ല എന്ത് ചെയ്യണം എന്ന്. എന്നാലും മോളീ…അവൾ ഇറങ്ങി പോയപ്പോൾ നിനക്കെങ്കിലും ഒന്ന് തടയാമായിരുന്നില്ലേ.
അവൾ ഹേമന്ദിന്റെ കൂടെ പോകുമെന്നാണ് ഞാൻ കരുതിയത്. എന്തായാലും വീട്ടുകാരും കുടുംബക്കാരും പള്ളിക്കാരും ഒന്നുമറിഞ്ഞ് വിവാഹം കഴിപ്പിക്കില്ലല്ലോ.
അതുകൊണ്ട് അവൾ ഇഷ്ടമുള്ള ആളുടെ കൂടെ പോയി ജീവിക്കട്ടെ എന്ന് മാത്രമേ ഞാനും കരുതിയുള്ളൂ. അതുകൊണ്ടാണ് ഞാൻ അവളെ തടയാതിരുന്നത്.
നമുക്ക് പോലീസിൽ പരാതി കൊടുത്താലോ ? മോളി ചോദിച്ചു
മകളെ കാണാതായി ഒരു വർഷത്തിനുശേഷം പരാതിയും കൊണ്ട് ചെല്ലുന്ന ആദ്യത്തെ മാതാപിതാക്കൾ ആയിരിക്കും നമ്മൾ. ഔസേപ്പ് ഗദ്ഗദത്തോടെ മൊഴിഞ്ഞു
എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കണ്ടാൽ മതിയായിരുന്നു. മോളി കണ്ണുനീർ വാർത്തു.
അവളെ ഹേമന്ദിന്റെ അമ്മ ഹോസ്പിറ്റലിൽ വച്ച്കണ്ടു എന്നല്ലേ പറഞ്ഞത് , ഇനി അവൾക്ക് എന്തെങ്കിലും അസുഖം ആയിരിക്കുമോ? എന്തു പറ്റിയോ എന്തോ?
അവൾക്ക് നമ്മളോട് ദേഷ്യം ആയിരിക്കുമോ? അവളെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ…
നമ്മുടെ നമ്പർ അറിയാവുന്നതല്ലേ അവൾക്ക്,എന്നിട്ടും ഒന്നു വിളിച്ചത് പോലും ഇല്ലല്ലോ. ആറ്റുനോറ്റു വളർത്തിക്കൊണ്ടുവന്ന മകൾ, സ്വയം പല കാര്യങ്ങളിലും തീരുമാനമെടുത്തതുകൊണ്ട് അവളെ ഞാൻ ശകാരിച്ചു അത് അത്ര വലിയ തെറ്റാണോ മോളീ.ഒന്നുമല്ലെങ്കിലും ഞാൻ അവളുടെ അപ്പനല്ലേ. എനിക്ക് അവളെ ഒന്നും പറയാൻ പറ്റില്ലേ?
നിങ്ങൾ വിഷമിക്കേണ്ട അവളെ നമുക്ക് കണ്ടെത്താൻ പറ്റും.എന്റെ മനസ്സ് അങ്ങനെ പറയുന്നു. നമ്മുടെ മകളല്ലേ അത്ര മനസ്സാക്ഷിയില്ലാത്തവൾ ഒന്നുമല്ല.
അവൾ തിരിച്ചു വരും. അല്ലെങ്കിൽ തന്നെ അപ്പച്ചനെയും അമ്മച്ചിയെയും കാണാതെ എത്രനാൾ അവൾക്ക് നിൽക്കാൻ പറ്റും.
നിങ്ങൾ പേടിക്കേണ്ട മനുഷ്യാ.. മോളി അയാളെ ആശ്വസിപ്പിച്ചു.
*********************
സൂര്യ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. ആൻസി അയാൾക്ക് അരികിലേക്ക് ചെന്നു.
എന്താ ആൻസി കാര്യം?
എനിക്കൊന്നു നാട്ടിലേക്ക് പോണം. ഇനിയും എന്റെ അപ്പച്ചനെയും അമ്മച്ചിയെയും കാണാതിരിക്കാൻ എനിക്കാവില്ല. എനിക്ക് അവരോട് മാപ്പ് പറയണം.
സൂര്യൻ ഒരു നിമിഷം ആലോചിച്ചു.
ശരി പോയിട്ട് വരൂ. ഞാൻ കൂടെ വരണമോ അയാൾ അന്വേഷിച്ചു.
വേണ്ട ഞാൻ ഒറ്റയ്ക്ക് പോയിട്ട് വന്നോളാം.
കൈക്കുഞ്ഞുമായി ഒരു മകൾകയറി ചെല്ലുമ്പോൾ ഉള്ള അവസ്ഥ എന്തായിരിക്കും എന്നാലോചിച്ചിട്ട് ആൻസിക്ക് പേടി തോന്നുന്നുണ്ടായിരുന്നു.
എങ്കിലും അവൾ പോകാൻ തന്നെ തീരുമാനിച്ചു.
***********************
പോയിട്ട് എന്നാ മടങ്ങി വരിക ? സൂര്യൻ ആൻസിയോട് ചോദിച്ചു
വരും. വരാതിരിക്കാൻ എനിക്കാവില്ലല്ലോ. അപ്പച്ചനും അമ്മച്ചിയും എനിക്ക് മാപ്പ് നൽകുമോ എന്നറിയില്ല.അവരെന്നെ വീട്ടിൽ കയറ്റുമോ എന്നുകൂടി അറിയില്ല. എങ്കിലും എനിക്ക് പോണം, ഈ മകൾ ചെയ്തു പോയ തെറ്റിന് മാപ്പ് പറയണം. ഇല്ലെങ്കിൽ എനിക്ക് ഒരിക്കലും മനസ്സമാധാനം ഉണ്ടാവില്ല.
ഞാനൊരമ്മ ആയപ്പോഴാണ് എനിക്ക് എന്റെ മാതാപിതാക്കളുടെ വില പൂർണമായും മനസ്സിലായത്. എത്രവട്ടം വേണമെങ്കിലും അവരുടെ കാലുപിടിച്ച് മാപ്പപേക്ഷിക്കുവാൻ ഞാൻ തയ്യാറാണ്.
ശരി പോയിട്ട് വരൂ…. അവർ ഉറപ്പായും തനിക്ക് മാപ്പ് നൽകുമെടോ. വിഷമിക്കണ്ട.
മഹേഷേ, നീ അവളെ ബസ്സ്റ്റാൻഡ് വരെ ഒന്നു കൊണ്ടാക്ക്. സൂര്യൻ മഹേഷിനോട് പറഞ്ഞു. അവൾ ബാഗും അത്യാവശ്യം കുഞ്ഞിന് വേണ്ടുന്ന ഉടുപ്പും മാത്രമേ എടുത്തുള്ളൂ.
മഹേഷ് പതിയെയാണ് വണ്ടിയോടിച്ചത്.
ഇതിലും ഭേദം ഞാൻ നടന്നു പോകുന്നതായിരുന്നല്ലോടാ ആൻസി മഹേഷിനെ കളിയാക്കി.
അവനൊന്ന് ചിരിച്ചു.
അവൻ അവളെ ബസ് സ്റ്റാൻഡിൽ ഇറക്കി.
പോയിട്ട് ഇങ്ങ് വന്നേക്കണം കേട്ടോ അപ്പച്ചനോടും, അമ്മച്ചിയോടും പറയണം, ഇവിടെ രണ്ടു മനുഷ്യർ കാത്തിരിപ്പുണ്ടെന്ന്.
അതിലൊരാൾക്ക് ഇന്നുമുതൽ ഊണും ഉറക്കവും നഷ്ടമാകും എന്നും കൂടി പറയണം.
ഓ അതാർക്ക്? ആൻസി ഒന്നും അറിയാത്തതുപോലെ ചോദിച്ചു.
ദേ…തലയ്ക്ക് മുകളിൽ ഉദിച്ചു നിൽക്കുന്നില്ലേ, സകല ചരാചരങ്ങൾക്കും ഊർജവും വെളിച്ചവും നൽകിക്കൊണ്ട്….സൂര്യൻ
ഓഹ്….. സാഹിത്യം.
ഇതാണോ സാഹിത്യം. ഇത് സാഹിത്യമല്ല സത്യമാണ്.
എനിക്കറിയാമെടാ, ഞാൻ തിരിച്ചു വരും.
മഹേഷ് കുഞ്ഞിന്റെ കയ്യിൽ മുത്തിയിട്ട് പറഞ്ഞു. പോയിട്ട് വേഗം വന്നേക്കണേടാ കള്ളക്കുട്ടാ….മഹേഷിന്റെ സംസാരം കേട്ട് അവൻ വായ തുറന്നു ചിരിച്ചു
ആൻസി കുഞ്ഞിനേയും കൊണ്ട് ബസ്സിൽ കയറി.
ബസ് പുറപ്പെട്ടു
ആൻസി ബസ്സിന്റെ സീറ്റിലേക്ക് നന്നായി ചേർന്നിരുന്നു
വീട്ടിൽ ചെല്ലുമ്പോഴുള്ള അവസ്ഥ എന്താകുമെന്ന് ഓർത്ത് അവളുടെ ഉള്ളം പെരുമ്പറ കൊട്ടി.
അപ്പച്ചനെയും അമ്മച്ചിയും കാണാനുള്ള കൊതിക്കൊപ്പം വല്ലാത്ത ഭയവും കൂടി നിറയുകയാണ് മനസ്സിൽ…
മണിക്കൂറുകൾ കടന്നുപോയി.
ഒറ്റ ബസ്സ് ആയതു കൊണ്ട് ഇരുന്നിരുന്നവൾ വല്ലാതെ മടുത്തിരുന്നു.
അവളുടെ നാടെത്തി. അവൾ ബസ്സിൽ നിന്നിറങ്ങി.ഇറങ്ങുമ്പോൾ അവളുടെ കാലുകൾ വിറച്ചു.
അവൾ സിറ്റിക്ക് അപ്പുറത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.
ഇനിയൊരഞ്ചു മിനിറ്റ് യാത്ര കൂടിയുണ്ട്
ഹേമന്ദ് അമ്മയെയും മേഘയേയും കൂട്ടി അമ്പലത്തിലേക്ക് വന്നതായിരുന്നു.
കാലുപിടിച്ചെന്നപോലെ മാപ്പപേക്ഷിച്ചതിൽ പിന്നെയാണ് മേഘ അയാളോട് അയാളോട് ക്ഷമിക്കാൻ തയ്യാറായത്.
സ്വന്തം ഭർത്താവിന് അവി, ഹി, തബന്ധത്തിൽ ഒരു കുഞ്ഞുണ്ടെന്ന് അറിഞ്ഞാൽ ഏത് സ്ത്രീക്കാണ് സഹിക്കാനാവുക.
അവൾ ബന്ധം ഉപേക്ഷിച്ചു പോവുകയാണെന്ന് വരെ പറഞ്ഞു.
ഒരുവിധത്തിൽ പറഞ്ഞാശ്വസിപ്പിക്കുകയാണ് ചെയ്തത്.
അല്ലെങ്കിലും താൻ മനപ്പൂർവം തെറ്റൊന്നും ചെയ്തിരുന്നില്ലല്ലോ. ആൻസി ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ല.
എന്തുകൊണ്ടാണെന്ന് അറിയില്ല.മേഘ തനിക്ക് മാപ്പ് നൽകി.
അവർ തൊഴുത് തിരിച്ചിറങ്ങി. പാർക്കിംഗ് ഏരിയയിൽ കിടന്ന വാഹനത്തിൽ കയറി. ഹേമന്ദ് വണ്ടി തിരിച്ചു,റോഡിലേക്ക് ഇറക്കി അപ്പോഴാണ് മിനി ആൻസിയെ കണ്ടത്.
അവളുടെ കയ്യിലെ കുഞ്ഞിലേക്ക് മിനിയുടെ ശ്രദ്ധ നീണ്ടു.
ഹേമന്തിനെ പറച്ചു വെച്ചതുപോലെ ഒരു കുഞ്ഞ്. അവൻ തീരെ കുഞ്ഞായിരുന്നപ്പോൾ ഇരുന്നതുപോലെ തന്നെയുണ്ട്.
എടാ വണ്ടി നിർത്ത്. അവർ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു.
എന്താ…അമ്മേ അമ്മ ഹേമന്ദു ചോദിച്ചു
ആൻസി…. ദാ… അവിടെ…
അവൻ അങ്ങോട്ട് നോക്കി.
ആൻസി ഓട്ടോയിൽ കയറാനായി, ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുകയാണ്.
അവളുടെ കയ്യിലിരിക്കുന്നത് തന്റെ കുഞ്ഞാണ്. അതെ…അവൻ തന്നെ പോലെ തന്നെയാണ് ഇരിക്കുന്നത്. ഒരു മാറ്റവും ഇല്ല.
അവൻ സ്വയം അറിയാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങി
മേഘ അരികിലിരിക്കുന്നത് അവൻ മറന്നു പോയിരുന്നു.
അയാൾ അയാളുടെ ജീവനെ കണ്ടെത്തിയിരിക്കുകയാണ്
മിനി ഒറ്റ ഓട്ടത്തിന് ആൻസിയുടെ അരികിലെത്തി
ആൻസി…അവർ കൈനീട്ടി കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചു.
തൊട്ടുപോകരുത് എന്റെ കുഞ്ഞിനെ…
പൊടുന്നനെ ആൻസി അവർക്ക് നേരെ വിരൽ ചൂണ്ടി.
ഇതെന്റെ മകന്റെ കുഞ്ഞല്ലേ? എനിക്ക് ഇതിനെ എടുക്കാനുള്ള അവകാശം ഉണ്ട്.
മിണ്ടിപ്പോകരുത് നിങ്ങൾ.ആരു പറഞ്ഞു, ഇത് നിങ്ങളുടെ മകന്റെ കുഞ്ഞാണെന്ന്? ഇവൻ എന്റേത് മാത്രമാണ്.
ആൻസി….ഹേമന്ദവൾകരികിലേക്ക് വന്നു.
ഞെട്ടലോടെ അവൾ അയാൾക്ക് നേരെ മുഖമുയർത്തി നോക്കി.
ഉള്ളിൽ വെറുപ്പ് നുരഞ്ഞു പൊന്തുന്നു…
അവൾ കുഞ്ഞിനെ ഒന്നുകൂടി തന്റെ ശരീരത്തിലേക്ക് ചേർത്തുപിടിച്ചു.
സിറ്റിയാണ് ആളുകൾ ശ്രദ്ധിക്കുന്നു
അവൾ വേഗം വഴിയിലേക്ക് ഇറങ്ങി. മുന്നോട്ടു നടന്നു.
അമ്മ വണ്ടിയിൽ കയറൂ ഹേമന്ദ് പറഞ്ഞു. മിനി വണ്ടിയിൽ കയറി.
ഹേമന്ത് അവിടെത്തന്നെയിട്ട് വാഹനം തിരിച്ചു. ആൻസി പോകുന്ന വഴിയിലേക്ക് വണ്ടി തിരിച്ചു.
ആൻസി തൊട്ടുമുൻപിൽ നടന്നു പോകുന്നുണ്ട്.
ഒരു പെണ്ണിനെ ദ്രോഹിച്ചിട്ട് നിങ്ങൾക്ക് ഇനിയും മതിയായില്ലേ? മേഘ ഹേമന്തിനോട് ചോദിച്ചു.
അവൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
അവൻ വണ്ടി ആൻസിയുടെ അരികിൽ നിർത്തി ചാടി ഇറങ്ങി
ഒരുവട്ടമെങ്കിലും എന്റെ കുഞ്ഞിനെ ഒന്ന് എടുക്കാനെങ്കിലും സമ്മതിക്കണം.അവൻ അവളുടെ നേരെ യാചനയോടെ കൈനീട്ടി
എന്റെ കുഞ്ഞിനെ ഞാൻ തരില്ല. നിങ്ങൾക്ക് ഇവനിൽഎന്ത് അവകാശം ?
അവൻ എന്റെ രക്തമാണ് എന്നുള്ളതാണ് എന്റെ അവകാശം.
ഇവൻ നിങ്ങളുടെ ആയിരുന്നെങ്കിൽ നിങ്ങൾക്കൊപ്പം നിങ്ങളുടെ വീട്ടിൽ കണ്ടേനെ ഇവനുമേൽ നിങ്ങൾക്ക് ഒരു അവകാശവുമില്ല.
ഹേമന്ത് വീണ്ടും കുഞ്ഞിനെ എടുക്കാൻ ആഞ്ഞു
തൊട്ടുപോകരുത് എന്റെ കുഞ്ഞിനെ അവൾ ചീറി
നോക്ക് ആൻസി, ഈ കുഞ്ഞ് നിനക്ക് ഒരു ബാധ്യതയാവുകയേയുള്ളൂ, നിനക്ക് ഇനിയും ജീവിതം കിടപ്പുണ്ട്.ഇവനെ എനിക്ക് തന്നേക്ക് ഞാൻ പൊന്നുപോലെ വളർത്തി കൊള്ളാം.
അത് കേട്ടതും ആൻസി കൈ വലിച്ചെടുത്ത് അവന്റെ ക.രണ. ക്കുറ്റിക്ക് ഒന്ന് കൊടുത്തു.
തന്റെ കവിൾ പുകയുന്നതുപോലെ തോന്നി ഹേമന്തിന്.
എടീ..
മിണ്ടരുത്. നീ.
നീ ഇത്രക്ക് രോഷം കൊള്ളാൻ എന്നതാടീ. നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചു പോയതിനാണോ നീ എന്നെ അടിച്ചത് ? എനിക്കൊപ്പം ഇറങ്ങി വരാമായിരുന്നല്ലോ നിനക്ക്. വേണ്ട ഇറങ്ങി വന്നില്ലെങ്കിൽ വേണ്ട, നിനക്ക് എന്നെ ഒന്ന് ഫോണിൽ വിളിക്കാമായിരുന്നല്ലോ? അതുപോലും ചെയ്തില്ല. എന്നിട്ട് ഇപ്പോൾ അവൾ രോഷം കൊള്ളുന്നു.
എടീ നീ ഇപ്പോൾ എന്റെ കരണത്തടിച്ച അടി ഉണ്ടല്ലോ അത് നിനക്ക് തിരിച്ചു തരാൻ എന്നെ കൊണ്ട് കഴിയും.ഞാൻ അത് ചെയ്യാത്തത് എന്റെ മര്യാദ.
മര്യാദ അത് നീ എന്നെ പഠിപ്പിക്കേണ്ട. എന്റെ അപ്പച്ചനെ കാണാൻ നീ വന്ന ദിവസം ഉണ്ടല്ലോ, അന്ന് നിങ്ങൾ വിഷമിച്ചു ഇറങ്ങി പോയപ്പോൾ വേദനിച്ചത് എന്റെ ഹൃദയമാണ്. പിറ്റേന്ന് തന്നെ ഞാൻ എല്ലാം ഉപേക്ഷിച്ചവിടെ നിന്ന് ഇറങ്ങി. ഇനിയുള്ള കാലം നിന്റെ കൂടെ ജീവിക്കണം എന്നായിരുന്നു എന്റെ ആശ. ഞാൻ നിന്നെ ഒരുപാട് വിളിച്ചു നോക്കി. അപ്പോഴാണ് എനിക്ക് മനസ്സിലായത് നീ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന്. വാട്സാപ്പിൽ ഇൻസ്റ്റഗ്രാമിൽ ഫേസ്ബുക്കിലും എന്ന് വേണ്ട സകലതിലും എന്നെ ബ്ലോക്ക് ആക്കി കളഞ്ഞു.എന്നിട്ടും നിന്നെ തിരക്കി ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ നിന്റെ അമ്മ പറഞ്ഞത് എന്താണെന്ന് അറിയാമോ, ഞാൻ വിളിക്കാതിരിക്കാൻ വേണ്ടിയാണ് നീ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന്.നിനക്ക് എന്നോട് വെറുപ്പാണെന്ന്. തകർന്നു പോയി ഞാൻ. പക്ഷേ നിന്റെ ദേഷ്യം എന്നെങ്കിലും മാറുമെന്നും അതുവരെ കാത്തിരിക്കണമെന്നും എനിക്ക് തോന്നി.
ഞാൻ തിരികെ വീട്ടിലേക്ക് പോയില്ല ഹോസ്റ്റലിൽ നിന്നു. അവിടുന്ന് ജോലിക്ക് പോയി.
പക്ഷേ അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് നിന്റെ കുഞ്ഞ് എന്റെ ഉള്ളിൽ വളർന്നു തുടങ്ങിയെന്ന്. വീണ്ടും നിന്റെ പടിക്കൽ ഞാൻ വന്നു. ഞാൻ കുഞ്ഞിന്റെ കാര്യം നിന്നോട് പറയുമ്പോൾ നിന്റെ സകല പിണക്കവും തീരുമെന്നും നമ്മൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമെന്നും ഞാൻ മോഹിച്ചു.
നിന്റെ വീട്ടിലേക്ക് കയറി വന്ന ഞാൻ കണ്ടത് എന്താണെന്ന് അറിയാമോ? നീ മറ്റൊരു പെണ്ണിന്റെ കയ്യും പിടിച്ചു നിൽക്കുന്നത്
അപ്പോഴാണ് ഞാൻ പൂർണ്ണമായും തകർന്നു പോയത്. നിന്നെ നഷ്ടപ്പെട്ടത് എനിക്ക് മാത്രമല്ലായിരുന്നില്ല,എന്റെ കുഞ്ഞിനും കൂടിയായിരുന്നു.
മരിക്കാൻ വേണ്ടി പോയതാണ് ഞാൻ. പക്ഷേ അതിനും കഴിഞ്ഞില്ല.
ഇന്നിപ്പോൾ എന്റെ കുഞ്ഞിനെയും വളർത്തി ജീവിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചു നിൽക്കുന്ന എന്റെ മുന്നിലേക്ക് നീ വീണ്ടും വന്നിരിക്കുകയാണ്.കുഞ്ഞിനേയും ചോദിച്ചുകൊണ്ട്.
നിനക്ക് ഒരിക്കലും എന്റെ കുഞ്ഞിനെ കിട്ടില്ല. അതിനുവേണ്ടി ഞാൻ എന്തും ചെയ്യും വേണ്ടിവന്നാൽ നിന്നെ അവസാനിപ്പിച്ച് കളയാനും ഈ ആൻസിക്കും മടിയില്ല.
ഹേമന്ദ് ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.
ആൻസി കുഞ്ഞിനെയും കൊണ്ട് മുന്നിലേക്ക് നടന്നു.
ഹേമന്ത് മിനിയുടെ നേരെ തിരിഞ്ഞു
അവൾ വീട്ടിൽ വന്ന കാര്യംഅമ്മ എന്നോട് മനപ്പൂർവം മറച്ചുവയ്ക്കുകയായിരുന്നു അല്ലേ? എല്ലാത്തിനും പിന്നെ നിങ്ങളാണ് അല്ലേ? എങ്ങനെ തോന്നി നിങ്ങൾക്ക് എന്നെ ചതിക്കാൻ. ദു. ഷ്ടയായ സ്ത്രീയെ…അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
എടാ… ഞാൻ…
മിണ്ടരുത്…
അയാൾ വണ്ടിയിൽ കയറി. ഓടിച്ചു പോയി.
പെരുവഴിയിൽ മിനി തനിച്ചു നിന്നു.
*****************
വീട്ടിലേക്ക് നടക്കുമ്പോൾ ആൻസിയുടെ കാലുകൾക്ക് വേഗത ഏറി.
അയാൾ തിരക്കി വന്നിരിക്കുന്നു. കുഞ്ഞിനെ എടുക്കണമത്രേ അയാളുടെ
ര. ക്ത മാണെന്ന്.
നാണമില്ലാത്ത നാ..****
എന്റെ കുഞ്ഞിനെ ചോദിച്ച് ഇങ്ങ് വരട്ടെ, വേണമെങ്കിൽ ഒരു കൊ. ല . പാ * തകി ആകാനും ആൻസിക്ക് മടിയില്ല. എന്ത് വന്നാലും എന്റെ കുഞ്ഞിനെ ഞാൻ ആർക്കും കൊടുക്കില്ല.
വീടിന്റെ അടുത്തെത്തിയപ്പോഴേക്കും സർവ്വ ധൈര്യവും ചോർന്നു പോകുന്നത് പോലെ ആൻസിക്ക് തോന്നി.
അവൾ വീട്ട് മുറ്റത്തേക്കു കാൽ എടുത്ത് വച്ചു.
*******************
ആൻസി മുറ്റത്തേക്ക് കാൽ എടുത്ത് വച്ചു.
മേലാസകലം വിറക്കുന്നുണ്ട്.
കൈയിലിരിക്കുന്ന കുഞ്ഞ് പുതിയ കാഴ്ച്ചകളിലേക്ക് കുഞ്ഞിക്കണ്ണുകൾ വിടർത്തി നോക്കുകയാണ്..
അവൾ കാളിങ് ബെല്ലിൽ വിരലമർത്തി.
വായിലെ വെള്ളമെല്ലാം വറ്റിയിരിക്കുന്നു,തൊണ്ട വരളുന്നത് പോലെ അവൾക്ക് തോന്നി.
വാതിൽ തുറക്കുന്ന ശബ്ദം..
അവൾക് അങ്ങോട്ട് നോക്കാൻ കഴിഞ്ഞില്ല. തല കുനിഞ്ഞു തന്നെ ഇരുന്നു.
നിമിഷങ്ങൾ കഴിയുന്നു…. തന്റെ ശ്വാസമിടിപ്പിന്റെ ശബ്ദം അവൾക്ക് നന്നായി കേൾക്കാമായിരുന്നു.
അവൾ പതിയെപ്പതിയെ തലയുയർത്തി നോക്കി.
അപ്പച്ചനാണ്…തന്നെ നോക്കി നിൽക്കുകയാണ്. ഒന്നും പറയുന്നില്ല.
അവളുടെ കണ്ണുകൾ തുളുമ്പി…
അപ്പച്ഛാ… അവളുടെ സ്വരം ഇടറിപ്പോയി.
അവളെ ഒന്ന് നോക്കിയിട്ട് അയാൾ അകത്തേക്ക് കയറിപ്പോയി
അവൾ വാതിൽക്കലേക്ക് ചെന്നു. വാതിലിനപ്പുറം അമ്മച്ചി നിൽക്കുന്നുണ്ട്. ഒരു കൈകൊണ്ട് കുതിച്ചു ചാടിയ കരച്ചിലിന്റെ ചീളിനെ അമ്മച്ചി അമർത്തിപ്പിടിച്ചിരിക്കുകയാണ്.
പുതിയ ആളെ കണ്ട കൗതുകത്തിൽ കുഞ്ഞ് കണ്ണുകൾ വിടർത്തി അമ്മച്ചിയെ തന്നെ നോക്കുകയാണ്.
മോളി ഓടിവന്നു കുഞ്ഞിനെ എടുത്തു. അവന്റെ നിറുകയിൽ ഉമ്മ വച്ചു.
അമ്മച്ചീ….
ഞങ്ങൾ കുറച്ച് ദിവസമായി നിന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഊണുമില്ല… ഉറക്കവും ഇല്ലാതെ…
ഞങ്ങൾ കഴിഞ്ഞ ദിവസം ഹേമന്ദിന്റെ വീട്ടിൽ പോയി. നിങ്ങൾ കല്യാണം കഴിഞ്ഞു വിദേശത്ത് പോയി എന്നായിരുന്നു ഞങ്ങടെ ധാരണ. അവിടെ ചെന്നപ്പഴാ അറിയുന്നേ നിന്നെയല്ല അവൻ വിവാഹം ചെയ്തതെന്ന്.
ഞങ്ങൾ പേടിച്ച് പോയെടീ… ഈ വയസ്സായ രണ്ടു ജന്മങ്ങൾ എവിടെ പോയി അന്വേഷിക്കും. നമ്മുടെ സണ്ണിയുടെ മോൻ റോയി പോലീസിൽ അല്ലെ, അവൻ അന്വേഷിക്കാം കണ്ടെത്താം എന്നൊക്കെ പറഞ്ഞു. അങ്ങനെ ആശ്വസിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.
എന്നാലും മോളെ, ഞങ്ങളെ ഒന്ന് വിളിക്കാൻ തോന്നിയില്ലേ നിനക്ക്?
ഒരായിരം വട്ടം തോന്നി അമ്മച്ചീ.പക്ഷെ ധൈര്യം ഇല്ലായിരുന്നു.
എന്നാലും നീ എവിടെ ആയിരുന്നെന്റെ കുഞ്ഞേ…?
അവൾ എല്ലാ വിവരവും അമ്മയോട് പറഞ്ഞു.
അവൾ മരിക്കാൻ പോയ കാര്യം ഒക്കെ പറഞ്ഞപ്പോൾ അമ്മ സ്വയമറിയാതെ തേങ്ങിപോകുന്നുണ്ടായിരുന്നു.
ദേ… നീ അപ്പച്ചന്റെ അടുത്തേക്ക് ചെല്ല് ആ മനുഷ്യൻ ആകെ തകർന്നിരിക്കുകയാണ്. ആരുടെയും മുന്നിൽ തലകുനിക്കാത്ത മനുഷ്യനാ,എന്നിട്ടും നിന്നെ ഒന്ന് കാണാൻ വേണ്ടി ഹേമന്ദിന്റെ വീട്ടിൽ പോയി അവനോട് യാചിച്ച ആളാ ആ മനുഷ്യൻ.
അമ്മച്ചി കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് പോയി.
ആൻസി അപ്പച്ചന്റെ അരികിലെത്തി,അയാൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
അപ്പച്ചാ…
അയാൾ തിരിഞ്ഞു നോക്കി.
ആൻസി അയാളുടെ കാലിലേക്ക് വീണു. എനിക്ക് തെറ്റ് പറ്റിപ്പോയി എന്നോട് ക്ഷമിക്കണം അപ്പച്ചാ. അപ്പച്ചൻ പറഞ്ഞതാണ് ശരി, ഹേമന്തിനെ വിശ്വസിക്കാൻ പാടില്ലായിരുന്നു.
അവളുടെ കണ്ണുനീർ അയാളുടെ കാൽപാദങ്ങളെ കുതിർത്തു.
അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…
ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കിനിന്നു. എന്നിട്ട് അവളെ തന്റെ മാറിലേക്ക് ചേർത്തു.
എന്റെ മോൾ എന്തൊക്കെ അനുഭവിച്ചു…എന്നാലും മരിച്ചു കളയാൻ തോന്നിയല്ലോ നിനക്ക്…എന്നോട് പൊറുക്ക് അപ്പച്ചാ….
സാരമില്ല, കഴിഞ്ഞതൊക്കെ കഴിഞ്ഞു, നിന്നെ ഞങ്ങൾക്ക് തിരിച്ചുകിട്ടിയല്ലോ. അതുമതി
ഇവിടെ എന്റെ കൊച്ചുമോൻ , ഇങ്ങ് കൊണ്ടുവന്നേ .അയാൾ പറഞ്ഞു.
മോളി കുഞ്ഞുമായി അങ്ങോട്ട് വന്നു. അയാൾ കുഞ്ഞിനെ മെല്ലെ കയ്യിൽ എടുത്തു.
മൂത്ത മോൾ വിദേശത്താണ്. അവരുടെ കുഞ്ഞുങ്ങളെ ഇതുവരെയും കണ്ടിട്ടില്ല.
ആദ്യമായാണ് പേരക്കുട്ടിയെ എടുക്കുന്നത്.
അയാളുടെ നരച്ചു തുടങ്ങിയ മീശയും താടിയും ഒക്കെ കണ്ടിട്ടാവണം കുഞ്ഞ് കുടുകുടാന്ന് ചിരിച്ചു …
അത് കണ്ടതും എല്ലാം മറന്ന് അവരും ചിരിച്ചു പോയി…
*******************
മിനി വഴിയരികിൽ അതേ നിൽപ്പ് നിൽക്കുകയായിരുന്നു.
മകൻ തന്നെ എന്താണ് വിളിച്ചത് ? ദു. ഷ്ടയായ സ്ത്രീയെ എന്നോ?
അവനുവേണ്ടി മാത്രമാണ് ഇക്കാലമത്രയും ജീവിച്ചത്
അവന്റെ അച്ഛൻ കണ്ട പെണ്ണുങ്ങളുടെ വീട് നിരങ്ങി ,ഒരുത്തരവാദിത്വവും ഏറ്റെടുക്കാതെ നടന്നപ്പോഴും, താൻ കഷ്ടപ്പെടുകയായിരുന്നു തന്റെ മകനുവേണ്ടി.
രാവും പകലും നോക്കാതെ ചെയ്യാവുന്ന എല്ലാ ജോലിയും ഒരു മടിയുമില്ലാതെ ചെയ്തു. അവന്റെ ജീവിതം മാത്രമായിരുന്നു മുന്നിൽ.
ആളുകളുടെ സഹതാപം കാണിക്കലും, കുത്തിക്കുത്തിയുള്ള പറച്ചിലും ഒന്നും താൻ ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവരുടെയും മുന്നിൽ അന്തസ്സോടെ ജീവിച്ച് കാണിച്ചു.
ഹേമന്ദിന്റെ അച്ഛൻ ഏതോ സ്ത്രീയോടൊപ്പo സ്ഥിരതാമസമാക്കിയതിൽ പിന്നെ , ഒരു തരം വാശിയായിരുന്നു. നല്ല വീട്, കാർ, ഒക്കെ തന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു. ലോകത്തോട് എനിക്ക് പറയണമായിരുന്നു, നോക്ക്…ഈ മിനി ഉണ്ടാക്കിയതാണിതെല്ലാം.
തന്റെ മകൻ മിടുക്കനായി പഠിച്ചു. അവൻ അന്യ ജാതിയിൽ പെട്ട ആൻസിയെ പങ്കാളി ആക്കുന്നതിൽ തനിക്ക് ദേഷ്യം തോന്നി ശരിയാണ്. ഒരു നേരിയ തോൽവി പോലും തനിക്കുണ്ടാകരുതെന്നു തോന്നി.
തന്റെ ഇഷ്ടത്തിന് താൻ കണ്ടുപിടിച്ച മേഘയെ വിവാഹം കഴിച്ചവൻ സുഖമായി ജീവിക്കണം എന്ന് കരുതി. അത് തെറ്റാണോ? മകന് വേണ്ടി മാത്രം എല്ലാം കരുതി വച്ച ഈ അമ്മ ചെയ്തത് എങ്ങനെ തെറ്റാകും.
ഇന്ന് അവൻ എന്നെ ഈ പെരുവഴിയിൽ ഒറ്റക്കാക്കിയിട്ട് പോയിരിക്കുകയാണ്.
ഇല്ല… ഞാൻ കരയില്ല. അങ്ങനെ തോൽക്കില്ല ഈ മിനി.
അവർ വീട്ടിലേക്ക് നടന്നു.
ഹേമന്ദ് ചെയ്യുന്നതൊക്കെ എന്താണെന്ന് വല്ല ഊഹവും ഉണ്ടോ? മേഘ ദേഷ്യത്തോടെ ഹേമന്തിനോട് ചോദിച്ചു.
അയാൾ മൗനമായിരുന്നു.
അമ്മയെ വഴിൽ വിട്ടിട്ട് പോന്നത് ശരിയായില്ല. തെറ്റ് ചെയ്തത് അമ്മ മാത്രമല്ല. ഹേമന്ദുo കൂടെയാണ്. ആ പാവം ആൻസിയെ ഇനിയെങ്കിലും വെറുതെ വിടണം.
നമുക്ക് മടങ്ങി പോകണം. അടുത്ത ആഴ്ച്ച തന്നെ.
ഞാൻ വരുന്നില്ല… ഹേമന്ദ് പറഞ്ഞു.
ഇല്ലെങ്കിൽ ഞാൻ ഒറ്റക്ക് പോകും.
എനിക്കെന്റെ കുഞ്ഞിനെ വേണം.
ഇനിയും ആൻസിയെ ദ്രോഹിക്കാൻ ആണോ ഭാവം?
അല്ല. ഒരു തവണ മാത്രം എനിക്കവനെ ഒന്ന് എടുക്കണം അത്രേ വേണ്ടൂ…
ഒത്തിരി കിനാവ് കണ്ടതാ ഞാനും ആൻസിയും… എന്നിട്ടും….അയാൾക്ക് കരയാൻ അറിയില്ലായിരുന്നു. ഗദ്ഗദം വന്ന് തടഞ്ഞയാളുടെ മുഖവും ഉടലും വിറച്ചു.
മേഘ അയാളുടെ മുഖത്തേക്ക് നോക്കി.
ഇപ്പോഴും ആൻസിയേയും കുഞ്ഞിനേയും സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും.
ഹേമന്ദ് അവളെ നോക്കി.
ഞാൻ ഒഴിവായി തരാൻ തയ്യാറാണ്. അല്ലെങ്കിലും ഒരമ്മയാകാൻ കഴിയാത്ത എന്നെ എന്തിനാണ് ? നിങ്ങൾ സന്തോഷമായി കഴിഞ്ഞാൽ മതി.
എനിക്കതാണ് ഇഷ്ട്ടം.
മുറിയിലേക്ക് പോകാൻ തുനിഞ്ഞ മേഘയുടെ കൈകളിൽ അയാൾ പിടിച്ചു.
എനിക്ക് എന്റെ ജീവൻ പോകുന്ന കാലം വരെ മേഘയോടൊപ്പം കഴിഞ്ഞാൽ മതി. താലി കെട്ടി ഞാൻ സ്വന്തമാക്കിയത് പകുതിയിൽ ഉപേക്ഷിക്കാൻ അല്ല. എല്ലാ കുറവോടും കൂടെ ഞാൻ തന്നെ സ്നേഹിക്കുന്നു.നമുക്ക് മടങ്ങിപോകാം, നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം.പക്ഷെ… ഒരു തവണ….ഒരൊറ്റ തവണ എനിക്കെന്റെ കുഞ്ഞിനെ ഒന്നെടുക്കണം. അത്രേ ഉള്ളൂ…. എനിക്കവന്റെയാ പിഞ്ചു പാദങ്ങളിൽ ഒന്നുമ്മ വയ്ക്കണം അത്രേ വേണ്ടൂ….
മേഘക്ക് അയാളോട് അലിവ് തോന്നി. അല്ലെങ്കിലും സ്ത്രീകൾ അങ്ങനെയാണല്ലോ. അലിവിന്റെ അച്ചിലിട്ടായിരിക്കണം സ്ത്രീയെ ദൈവം സൃഷ്ട്ടിച്ചിരിക്കുന്നത്.
മിനി ഗേറ്റ് കടന്നകത്തേക്കു വന്നു.
അമ്മേ…. ഹേമന്ദപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തു പോയതാ..അമ്മ അതൊന്നും മനസ്സിൽ വയ്ക്കരുത്. മേഘ പറഞ്ഞു.
അവരെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് മിനി മുറിയിലേക്ക് പോയി.മുറിയുടെ വാതിൽ അടഞ്ഞു.
*************
അമ്മച്ചി കുഞ്ഞിനെ കുളിപ്പിക്കുകയാണ്. മഞ്ഞളും കുഴമ്പും ഒക്കെ തേപ്പിച്ചു കുളിപ്പിച്ച്, അൽപ്പ നേരം അവനെ ഇളവെയിൽ കൊള്ളിക്കും.
കഴുത്തുറച്ചത് കൊണ്ട് ഇപ്പോൾ അവൻ പതിയെ ചെരിയാൻ ശ്രമിക്കുന്നുണ്ട്.
അവനെ കുളിപ്പിച്ച് തൊട്ടിലിൽ കിടത്തി ഉറക്കുന്നത് അമ്മച്ചിയുടെ ജോലിയാണ്.
അപ്പച്ചനും അമ്മച്ചിയും നിലത്ത് പോലും വയ്ക്കാതെ കുഞ്ഞിനെ നോക്കും.
എങ്കിലും ഉച്ചയാകുമ്പോൾ അവൻ ചിണുങ്ങാൻ തുടങ്ങും.
സൂര്യന്റെ നെഞ്ചിലെ ചൂടിൽ, ഇളം കാറ്റേറ്റ് ആ വീടിന്റെ ഉമ്മറത്തെ കസേരയിൽ കിടന്നുറങ്ങി ശീലച്ച കുഞ്ഞാണ്. ആ സമയത്ത് അവന് സൂര്യൻ തന്നെ വേണം.
ആൻസിക്ക് അതറിയാം.
അല്ലെങ്കിലും സൂര്യനെ കാണാൻ ഇടയ്ക്കിടെ അവൾക്കും തോന്നാറുണ്ട്.
അവൾ ഫോണെടുത്ത് സൂര്യനെ വിളിച്ചു. ഒറ്റബെല്ലിൽ അയാൾ കാൾ എടുത്തു.
ശ്വാസം വിടാൻ സമയമില്ലാതെ അയാൾ വിശേഷങ്ങൾ തിരക്കി. കൂടുതലും കുഞ്ഞിന്റെ കാര്യങ്ങൾ.
ആൻസിയുടെ ഹൃദയം സ്നേഹത്താൽ കുതിർന്നു.
അപ്പച്ചനോടും അമ്മച്ചിയോടും സൂര്യനെയും മഹേഷിനെയും ശ്രീക്കുട്ടിയെയും കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്.
അവർക്ക് ആ മനുഷ്യരെയും മലമുകളിലെ ആ വീടും കൃഷിസ്ഥലവും ഒക്കെ കാണണമെന്ന് പറഞ്ഞിരിക്കുകയാണ്.
എല്ലാം സൂര്യനോട് അവൾ വിവരിച്ചു പറഞ്ഞു.
കാൾ വയ്ക്കാൻ അവൾക്ക് തോന്നിയില്ല. അപ്പുറത്ത് അയാൾക്കും അങ്ങനെ ആയിരുന്നു.
കുഞ്ഞിന്റെ ശബ്ദം ഒന്ന് കേൾപ്പിച്ചേ… അയാൾ പറഞ്ഞു.
അമ്മച്ചി അടുക്കളയിൽ പോത്ത് ഉലർത്തുന്നുണ്ട്. അപ്പച്ചൻ അമ്മച്ചിയെ സഹായിക്കുന്നു.
ആൻസി, മുറിയിലേക്ക് കയറി.
തൊട്ടിലിൽ കിടന്ന കുഞ്ഞിനെ നോക്കി.
ഇല്ല… കുഞ്ഞ് തൊട്ടിലിൽ ഇല്ല.
അവൾ അടുക്കളയിലേക്കോടീ..
അമ്മച്ചീ… മോൻ എവിടെ?
തൊട്ടിലിൽ കിടത്തിയിട്ടുണ്ട്.
ഇല്ല തൊട്ടിലിൽ കുഞ്ഞില്ല.
അയ്യോ… കുഞ്ഞെവിടെ പോയി.
അവർ അവിടെങ്ങും നോക്കി..
ആൻസി…. എന്താ… എന്താന്ന്…സൂര്യന്റെ ശബ്ദം ഫോണിലൂടെ മുഴങ്ങി..
സൂര്യാ… മോനെ കാണുന്നില്ല..അവൾ കരച്ചിലോടെ പറഞ്ഞു.
*******************
ആൻസി ഫോൺ കട്ടിലിലേക്കിട്ടിട്ട് മുറ്റത്തേക്ക് ഓടി.
ഔസേപ്പും മോളിയും കൂടി പരിസരം ഒക്കെ നോക്കി.ആരോ കുഞ്ഞിനെ എടുത്ത് കൊണ്ടു പോയിരിക്കുന്നു.
അവർ റോഡിലേക്ക് കുറച്ചു ദൂരം മുന്നോട്ടു പോയി നോക്കി. ഇല്ല എവിടെയും കുഞ്ഞിനെ കാണാനില്ല.
ആൻസി…. ഇതവന്റെ പണിയായിരിക്കും. അല്ലാതെ തൊട്ടിലിൽ കിടന്നുറക്കിയ കുഞ്ഞിനെ എങ്ങനെ കാണാതാവാനാണ്. ഔസേപ്പ് പറഞ്ഞു.
ഈശ്വര എന്റെ കുഞ്ഞ് ആൻസി നെഞ്ചിൽ കൈ വച്ചു.
നമുക്ക് അവന്റെ വീട്ടിൽ പോയി അന്വേഷിക്കാം. മോളെ…
പോകാം എനിക്കെന്റെ കുഞ്ഞിനെ കണ്ടേ പറ്റൂ…
അയാൾ വണ്ടിയിറക്കി.
ഹേമന്ദിന്റെ വീട്ടിലെത്തിയതും അവൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.
വാഹനത്തിന്റെ ശബ്ദം കേട്ട് ഹേമന്ദുo മേഘയും ഇറങ്ങി വന്നു.
എന്റെ കുഞ്ഞ് എവിടെ? ആൻസി അലറി.
കുഞ്ഞ് എവിടെയെന്നോ?
സത്യം പറ..എന്റെ കുഞ്ഞെവിടെ? എന്തിനാ നിങ്ങൾ എന്റെ കുഞ്ഞിനെ എടുത്തുകൊണ്ടു പോന്നത്? അവൾ അയാളുടെ ക. ഴുത്തിന്
കു. ത്തിപ്പിടിച്ചു
സത്യമായിട്ടും എനിക്ക് അറിയില്ല.
ദയവായി എന്റെ കുഞ്ഞിനെ തരൂ… എന്നെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി നിങ്ങൾ ദ്രോഹിച്ചു കഴിഞ്ഞു. ഇനി ഇങ്ങനെ ഒരു ചതി കൂടി നിങ്ങൾ എന്നോട് ചെയ്യരുത്.
ആൻസി അയാൾക്ക് മുന്നിൽ കൈകൂപ്പി
ഹേമന്ദ് അങ്ങനെ ചെയ്തിട്ടില്ല. മേഘ അടുത്തേക്ക് ഇറങ്ങി വന്നു
കള്ളം പറയരുത്.നിങ്ങളും ഒരു സ്ത്രീയല്ലേ.ഒരു പിഞ്ചുകുഞ്ഞിനെ വെച്ച് കളിക്കല്ലേ ദയവായി എന്റെ കുഞ്ഞിനെ തരൂ
ഇല്ല. ആൻസി സത്യമാണ് ഞങ്ങൾ പറയുന്നത്.ഞങ്ങൾ വിദേശത്തേക്കു തിരിച്ചു പോകാൻ ഇരിക്കുകയാണ്
എടാ… നീ തന്നെയാണ് കുഞ്ഞിനെ എടുത്തത്, നീ അതും അതിനപ്പുറവും ചെയ്യും. ഔസേപ്പ് പറഞ്ഞു.
ഇല്ല… ഞാൻ അങ്ങനെ ചെയ്യില്ല. എനിക്കവനെ ഒന്ന് എടുക്കാൻ വലിയ കൊതി ഉണ്ടായിരുന്നു സത്യമാണത്. എത്രയായാലും എന്റെ ര. ക്തത്തിൽ പിറന്ന കുഞ്ഞല്ലേ അതിനെ വിഷമിപ്പിക്കുന്ന എന്തെങ്കിലും ഞാൻ ചെയ്യുമോ..
നമുക്ക് പോലീസിൽ അറിയിക്കാം. നീ കയറ് ഔസേപ്പ് വണ്ടി സ്റ്റാർട്ട് ആക്കി.
ആൻസി വല്ലാതെ തളർന്നു തുടങ്ങിയിരുന്നു.
ഹേമന്ദ്…കുഞ്ഞിന് എന്ത് സംഭവിച്ചിട്ടുണ്ടാകും ? .. മേഘ ചോദിച്ചു.
എനിക്കറിയില്ല എന്റെ കുഞ്ഞെവിടെയെന്ന്.അയാൾ തലക്ക് കൈ കൊടുത്ത് സിറ്റ്ഔട്ടിന്റെ സ്റ്റെപ്പിലേക്ക് ഇരുന്നു.
ഇനി ഹേമന്ദിനെ കേസിൽ കുടുക്കാൻ അവർ മനഃപൂർവ്വം കുഞ്ഞിനെ മാറ്റിയതാണെങ്കിലോ ? മേഘ ചോദിച്ചു.
ഹേമന്ദ് ഞെട്ടലോടെ തല ഉയർത്തി.
അങ്ങനെ വല്ലതും ആയിരിക്കുമോ ഹേമന്ത്?
അല്ല… അങ്ങനല്ല മേഘാ…ആൻസിയുടെ ചങ്ക് തകർന്ന ആ നിൽപ്പ് ഞാൻ കണ്ടതല്ലേ, അവളൊരിക്കലും ആരെയും ചതിക്കില്ല. എനിക്കുറപ്പാണ്.
ഇനി കേസും കൂട്ടവും ആകും എന്ന് എനിക്ക് തോന്നുന്നു. നമ്മുടെ പോക്ക് മുടങ്ങുമെന്ന് തോന്നുന്നു.
മുടങ്ങട്ടെ… അല്ലെങ്കിലും.. അവനെ കണ്ടെത്താതെ ഞാൻ എങ്ങോട്ടും ഇല്ല മേഘ.
അപ്പോഴാണ് പിൻവശത്തെ മതിലിനരുകിൽ ഒരനക്കം കേട്ടത്.
അവർ അങ്ങോട്ട് പോയി നോക്കി.
പിൻവശത്തെ പൊക്കം കുറഞ്ഞ മതിലിലൂടെ മിനി ഇപ്പുറത്തേക്ക് കടക്കുന്നു
അമ്മ ഇതെവിടെ പോയി ?
അമ്മയുടെ നെഞ്ചോടു ചേർന്ന് ഒരു തുണിക്കെട്ട് ഉണ്ട്.
അവർ സംശയത്തോടെ അടുത്തേക്ക് ചെന്നു.
മാറോടടുക്കി പിടിച്ച തുണിക്കുള്ളിൽ ആൻസിയുടെ കുഞ്ഞ് നല്ല ഉറക്കമാണ്.
അമ്മേ…. ഹേമന്ദ് ഞെട്ടലോടെ അമ്മയെ നോക്കി
നിന്റെ കുഞ്ഞാണ്. ഈ നാട് വിട്ട് എവിടേക്കെങ്കിലും ഇവനെയും കൊണ്ട് നിങ്ങൾ പൊയ്ക്കോ.
അമ്മ എന്ത് പണിയാ ഈ കാണിച്ചത്?
എന്ത് പണി? എന്റെ മകന്റെ കുഞ്ഞിനെ ഞാൻ എടുത്തോണ്ട് വന്നു. നീ ഇപ്പോൾ കുഞ്ഞിനേയും കൊണ്ട് പോകാൻ നോക്ക്.
എങ്ങോട്ട് പോകാൻ… പോലീസ് അറിഞ്ഞാൽ നമ്മുടെ കാര്യം എന്താകും?.
എന്താകാൻ? സ്വന്തം കുഞ്ഞിനെ അതിന്റെ പിതാവ് എടുത്തതിനു പോലീസ് തൂക്കി കൊല്ലുമോ ? നീയിവന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ…
ഹേമന്ദ് ആ കിളുന്നു മുഖത്തേക്ക് നോക്കി.തന്റെ മുഖമാണ് അവന്….കണ്ണുകൾ പൂട്ടി… ഏതോ കിനാവിൽ ലയിച്ച് ഇടയ്ക്കിടെ പുഞ്ചിരി തൂകിയവൻ നല്ല ഉറക്കമാണ്.
അവൻ കുഞ്ഞിനെ വാരി എടുത്തു. പാൽമണക്കുന്ന ആ കുഞ്ഞുമുഖത്ത്അയാൾ ഉമ്മ വച്ചു കൊണ്ടിരുന്നു.
എത്ര മുത്തിയിട്ടും അയാൾക്ക് മതിയാവുന്നില്ല.
എടാ… പോ… നിന്റെ കുഞ്ഞിനേയും കൊണ്ട് അറിയാത്ത ഏതെങ്കിലും നാട്ടിലേക്കു പോ.
അയാൾ മേഘയെ നോക്കി.
ഇല്ല ഇനിയീ ചതിക്കു കൂട്ട് നിൽക്കാൻ എനിക്ക് പറ്റില്ല.നിങ്ങളുടെയൊക്കെ മനസ്സ് ഇത്ര ക്രൂരമാണോ. മേഘ ദേഷ്യത്തോടെ ചോദിച്ചു.
ഒന്നും പറയാൻ നേരമില്ല. അയാൾ അവളെ ഒരു കൈകൊണ്ടു വലിച്ചു വണ്ടിയിൽ കയറ്റി.
ഇത്രയും ദുഷ്ടത്തരം ചെയ്യരുത് ഹേമന്ദ്…
ഇല്ല. മേഘ. നമുക്ക് ഇവനെ ആൻസി ക്ക് കൊടുക്കണം.ഇനിയൊരു പാപഭാരം കൂടെ താങ്ങാൻ എനിക്ക് പറ്റില്ല. അമ്മയോട് തർക്കിച്ചു സമയം കളയാൻ ഒക്കില്ല. വേഗം കുഞ്ഞിനെ അവരിൽ എത്തിക്കണം.
അയാൾ വണ്ടി സ്റ്റാർട്ടാക്കി.
മിനി സന്തോഷത്തോടെ അവരുടെ പോക്ക് നോക്കി നിന്നു.
അങ്ങനെ എന്റമകന് അവന്റെ കുഞ്ഞിനെ കിട്ടിയിരിക്കുന്നു.
******************
ഹേമന്ദിന്റെ വാഹനം ആൻസിയുടെ വീടിനു മുന്നിൽ ചെന്നുനിന്നു.
അതേ നിമിഷം തന്നെയാണ് സൂര്യന്റെ ജീപ്പ് മുറ്റത്തേക്ക് ഇരച്ചുവന്നത്.
അതിൽ നിന്നും സൂര്യനും മഹേഷും ഇറങ്ങി.
ഹേമന്ദ് കുഞ്ഞിനേയും കൊണ്ട് ഇറങ്ങിയതും ആൻസി കുതിച്ചെത്തി.
അപ്പോൾ നീ തന്നെയാണ് എന്റെ കുഞ്ഞിനെ…
അല്ല…ഞാനല്ല…
ആൻസി കുഞ്ഞിനെ അവന്റെ കൈയിൽ നിന്നും വലിച്ചെടുത്തു.
സൂര്യാ… ഇവനാ എന്റേ കുഞ്ഞിനെ….. ആൻസി ഹേമന്ദിന്റെ നേരെ വിരൽ ചൂണ്ടി
സൂര്യൻ കുതിച്ചെത്തി ഹേമന്തിനെ കാ. ലുയർത്തി തൊ. ഴിച്ചു.
അയാൾ നിലത്തേക്കു വീണു..
വീണു കിടക്കുന്ന അയാൾക്ക് നേരെ സൂര്യൻ വീണ്ടും കാലു. യർത്തി
ഞാനല്ല…കുഞ്ഞിനെ എടുത്തത്. പറയുന്നതൊന്നു കേൾക്ക്..ഹേമന്ദ് അയാളെ തടയാൻ ശ്രമിച്ചു..
അരുത്… ഹേമന്ദല്ല .അമ്മയാണ് കുഞ്ഞിനെ എടുത്തത്, ഞങ്ങൾ അതറിഞ്ഞപ്പോൾ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരുകയായിരുന്നു.
മേഘ ഉറക്കെ പറഞ്ഞു.
ഹേമന്ദിനെ ച* വിട്ടാൻ ഉയർത്തിയ കാൽ സൂര്യൻ പിൻവലിച്ചു.
മുഖമടിച്ചു വീണതിനാലാവണം ഹേമന്ദിന്റെ കവിളിൽ ര. ക്തം പൊടിഞ്ഞിട്ടുണ്ട്.നടുവിന് ഒരു പിടുത്തം പോലെ..
സൂര്യൻ കുഞ്ഞിനെ ആൻസിയുടെ കൈയിൽ നിന്നും എടുത്തു.
ഉച്ചത്തിലുള്ള ശബ്ദവുംമറ്റും കേട്ടിട്ടാകണം, കുഞ്ഞ് ചുണ്ടുകൾ പിളർത്തി വിതുമ്പുകയായിരുന്നു.
സൂര്യൻ എടുത്തതും കുഞ്ഞ് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അയാളുടെ തോളിലേക്ക് പതിഞ്ഞു.
ഔസേപ്പ് ഹേമന്ദിന്റെ അരികിലേക്ക് ചെന്നു
ഇനി എന്റെ മകളുടെ നിഴൽ വെട്ടത്തു പോലും വന്നേക്കരുത്. അവൾ ഒന്ന് ജീവിച്ചോട്ടെ…
ഹേമന്ദ് തല താഴ്ത്തി.
മേഘ അയാൾക്കരുകിൽ ഇരുന്നു.
മേഘ ഹേമന്ദിന്റെ മുഖം തനിക്ക് നേരെ പിടിച്ചു. സാരമില്ല… ഞാനില്ലേ ഹേമന്ദിന്…
ഞാൻ ആൻസിയോട് അറിഞ്ഞുകൊണ്ടല്ലെങ്കിൽ കൂടെ തെറ്റ് ചെയ്തതല്ലേ, ഇത് അതിനുള്ള ശിക്ഷ ആയിട്ടേ ഞാൻ കരുതുന്നുള്ളൂ…. അയാൾ പതിയെ ചിരിച്ചു.
അവൾ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു.
വാ… അയാളെ അവൾ കാറിൽ ഇരുത്തി. അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.
വാഹനം റോഡിലേക്ക് ഇറങ്ങുമ്പോൾ ഹേമന്ദ് ഒന്ന് തിരിഞ്ഞു നോക്കി.
അവർ ആ കുഞ്ഞിനെ മാറി മാറി എടുത്ത് കൊഞ്ചിക്കുകയാണ്.
കുറച്ച് മണിക്കൂറുകൾ ആ കുഞ്ഞിനെ കാണാതായപ്പോൾ അവർ അനുഭവിച്ച വേദനയുടെ കടലാഴങ്ങളിൽ നിന്നും അവർ പതിയെ കരകയറുകയാണ്.
ഔസേപ്പ് സൂര്യനെ നോക്കുകയായിരുന്നു..പേര് പോലെ സൂര്യ ശോഭ നിറഞ്ഞ മുഖം..അയാൾക്ക് സൂര്യനോട് ഏറെ പ്രിയം തോന്നി.
അപ്പച്ചാ ഇതാണ് ഞാൻ പറഞ്ഞ സൂര്യൻ..ആൻസി പറഞ്ഞു.
എനിക്ക് മനസ്സിലായി..
ഞാൻ മഹേഷ്… അവൻ ചാടി പറഞ്ഞു.
നിന്നെയും എനിക്ക് മനസ്സിലായെടാ ഉവ്വേ…അയാൾ അവന്റെ തോളിൽ പിടിച്ചു.
കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞിവിടെ പാഞ്ഞുവന്നില്ലേ, അതിൽ നിന്നും മനസ്സിലായി ഈ കുഞ്ഞും ആൻസിയും നിങ്ങൾക്ക് എത്ര പ്രിയപ്പെട്ടവർ ആണെന്ന്.
മോനേ… എന്റെ മകളെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.
പൊയ്ക്കോ… നിങ്ങളുടെ ആ സ്നേഹക്കൂട്ടിലേക്ക്… നിങ്ങൾ അവിടെ നിന്നാൽ മതി… ആ സ്വർഗ്ഗത്തിൽ…
രണ്ടാളും അങ്ങോട്ട് വരണം… സൂര്യൻ ഔസേപ്പിന്റെയും മോളിയുടെയും അനുഗ്രഹം വാങ്ങി. അവനെ പിടിച്ചെഴുന്നേൽപ്പിച്ച് ഔസേപ്പ് നിറഞ്ഞ മനസ്സോടെ തന്നിലേക്ക് ചേർത്തു പിടിച്ചു.
അതേ… ഞങ്ങളും വരുന്നുണ്ട് അങ്ങോട്ട്. ഇപ്പോഴല്ല… കുറച്ച് ദിവസങ്ങൾ കഴിഞ്ഞ്. ഞങ്ങൾക്കും കാണണം സ്നേഹം കൊണ്ട് നിർമ്മിച്ച ആ സ്വർഗ്ഗം……മോളി പറഞ്ഞു.
വരണം.. വന്ന് അവിടെ നിൽക്കണം. നമുക്ക് അവിടെ അടിച്ച് പൊളിക്കാം. മഹേഷ് മോളിയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അപ്പച്ചനോടും അമ്മച്ചിയോടും യാത്ര പറഞ്ഞ് ആൻസി ജീപ്പിൽ കയറി.
സന്തോഷത്തോടെ ആ മനുഷ്യർ അവർ പോകുന്നത് നോക്കി നിന്നു.
അവർക്കറിയാം. ആൻസി ഇനി ജീവിതത്തിൽ നേട്ടങ്ങളുടെ പടികൾ കയറുമെന്ന്… മികച്ച ജോലി…..മികച്ച ജീവിതം…ഇനിയവളെ കൈപിടിച്ചുയർത്താൻ ഒരാൾ കൂടെയുണ്ട്…
*****************
അന്ന് പതിവില്ലാതെ കോടമഞ്ഞ് ഇറങ്ങിയ ദിവസമായിരുന്നു.
മുറ്റം നിറയെ കോടമഞ്ഞ് പാൽകടൽ പോലെ പരന്നൊഴുകുന്നുണ്ടായിരുന്നു.
പ്രകൃതിയുടെ ആ കുളിരിൽ കുതിർന്ന് സൂര്യൻ ഉമ്മറത്ത് ഇരിപ്പുണ്ട്. കുഞ്ഞിനെ ടർക്കിയിൽ പൊതിഞ്ഞ് സൂര്യൻ മടിയിൽ കിടത്തിയിരിക്കുകയാണ്
അതേ… സൂര്യാ….ആൻസി അവന്റെ അരികിൽ ഇരുന്ന് വിളിച്ചു.
എന്താടീ…
എനിക്കൊരാഗ്രഹമുണ്ട്
എന്താ…
ഒരു താലി,അത് സൂര്യന്റെ കൈകൊണ്ട് എന്റെ കഴുത്തിൽ കെട്ടണം.
നിർബന്ധമാണോ?
അതേ…
എന്നാൽ അങ്ങനെ ആവാം. അയാൾ ചിരിച്ചു.
ജീവിതം ഒരു തീർത്ഥയാത്ര ആണെന്ന് അവൾക്ക് തോന്നി. ജീവിതയാത്ര തുടങ്ങുന്നത് ഒറ്റക്കാണെങ്കിലും, ഇടക്ക് ആ യാത്രയിൽ കുറച്ച് പേർ നമുക്കൊപ്പം കൂടും…പിന്നെയും കാലം ചിലപ്പോൾ നമ്മളെ ഒറ്റക്കാക്കിയേക്കും….
പക്ഷെ, തന്റെ യാത്ര ഇനി സൂര്യനൊപ്പമാണ്. അയാൾക്കൊപ്പം ജീവിച്ച് അയാൾക്കൊപ്പം മരിച്ചാൽ മതി തനിക്ക്
അവൾ അയാളിലേക്ക് കൂടുതൽ ചേർന്നിരുന്നു. അയാളുടെ നെഞ്ചിലെ രോമക്കാടുകൾക്കിടയിൽ അവളുടെ ചുടുശ്വാസംപടർന്നിറങ്ങി.
അയാൾ ഒരു കൈകൊണ്ട് അവളെ കൂടുതൽ പൊതിഞ്ഞു പിടിച്ചു. മറുകൈകൊണ്ട് മടിയിൽ മയങ്ങുന്ന പൈതലിനേയും….
ശുഭം
അഞ്ചു തങ്കച്ചൻ.

