ലയനം – ഭാഗം 02, എഴുത്ത്: അഞ്ജു തങ്കച്ചൻ

ഇടിയുടെ ശക്തിയിൽ കാർ പാതയോരത്തുനിന്നും തെന്നി താഴേക്ക് പതിച്ചു.

എന്താണ് സംഭവിച്ചത് എന്ന് പോലും ശ്രീജിത്തിനു മനസ്സിലാകും മുമ്പേ അയാൾക്ക് ചുറ്റും ഒരു ചുവന്ന വെളിച്ചം നിറഞ്ഞു.

താൻ, ഏതോ ചുവന്ന വെളിച്ചം നിറഞ്ഞ തുരങ്കത്തിലൂടെ അതിവേഗം പോകുകയാണ്

ഒടുവിൽ എത്തിപ്പെട്ടത് നിറച്ചും പൂക്കൾ നിറഞ്ഞ് ഒരു പ്രദേശത്താണ്

പൂക്കളിൽ നിന്നും മത്സരിച്ച്‌ തേനൂറ്റി കുടിച്ച്‌ പാറിപ്പറക്കുന്ന,എണ്ണിയാൽ തീരാത്തത്രയും  പൂമ്പാറ്റക്കൂട്ടങ്ങൾ.

പല നിറങ്ങളിൽ….പല വലുപ്പത്തിൽ…. അവയങ്ങനെ ചിറകുകൾ വീശി പറന്നുയരുകയാണ്…

കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന  ആ പൂന്തോട്ടത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത, പേരറിയാത്ത, അനേകായിരം പൂക്കൾ…

അവിടെയെങ്ങും പൂക്കളുടെ  വാസന നിറഞ്ഞിരിക്കുന്നു.

താൻ ഇത് എവിടെയാണ് ? അയാൾക്ക് ഒന്നും മനസ്സിലായില്ല

എവിടെ തിരിഞ്ഞാലും പൂക്കളും പൂമ്പാറ്റകളും.

നിറഞ്ഞ ശാന്തത,തെളിഞ്ഞ ആകാശം.

മനസ്സാകെ ശാന്തമാകുന്നത് പോലെ…

കുറച്ചുനേരം അവിടെ ഒറ്റയ്ക്കിരിക്കാൻ അയാൾക്ക് കൊതി തോന്നി.

താൻ എങ്ങനെയാണ് ഇവിടെ എത്തിയത്? അയാൾ ആലോചിച്ചു നോക്കി.

ഇല്ല ആലോചനയിൽ ഒന്നും തെളിഞ്ഞു വരുന്നില്ല. മനസ്സാകെ ശൂന്യതയാണല്ലോ.

അയാൾ പൂക്കൾക്കിടയിലൂടെ മുന്നോട്ടു നടന്നു…

അയ്യോ….. ആക്സിഡന്റ് ആണെന്ന് തോന്നുന്നു. വഴിയിലൂടെ പോയ മറ്റ് വാഹനങ്ങൾ  നിർത്തി

അവർ താഴേക്ക് നോക്കി.

താഴെ വണ്ടി തല കീഴായിമറിഞ്ഞു കിടപ്പുണ്ട്.

സ്ഥിരയാത്രക്കാരായ  ആ നാട്ടിലെ കുറച്ച് ആളുകൾ താഴേക്ക് സൂക്ഷ്മതയോടെ ഇറങ്ങുവാൻ ആരംഭിച്ചു.

മരങ്ങളിൽ പിടിച്ചും,മരങ്ങളിൽ പടർന്ന് കയറിയ ബലമേറിയ ചില കാട്ടുവള്ളികളിൽ പിടിച്ചുമവർ താഴേക്ക് ഇറങ്ങി…

വാഹനത്തിനുള്ളിൽ ര. ക്തത്തിൽ കുളിച്ച് ഒരാൾ കിടപ്പുണ്ട്.

വല്ലവിധേനയും അവർ ആ കാറിന്റെ ഡോർ പൊളിച്ചയാളെ വലിച്ചു പുറത്തേക്കിട്ടു.

അയാൾക്ക് ബോധം ഉണ്ടായിരുന്നില്ല. ശരീരം പലയിടത്തും മു .റിഞ്ഞിട്ടുണ്ട്.

തല പൊ .ട്ടിയിട്ടുണ്ട്.മൂക്കിൽ നിന്ന് ര .ക്തം ഒഴുകുന്നു

എയർബാഗ് ഉണ്ടായിട്ടുപോലും ഈ അവസ്ഥയിലായി . ഇടിച്ചിട്ടവൻ വണ്ടി നിർത്താതെ വിട്ട് പോയി.അവനറിയാം നിർത്തിയാൽ നാട്ടുകാര് കേറി മേയുമെന്ന്.

ജീവനുണ്ടെന്ന് തോന്നുന്നു എങ്ങനെ മുകളിൽ എത്തിക്കും? ഒരാൾ ചോദിച്ചു.

നമുക്ക് എടുക്കാം.അല്ലാതെ വേറെ രക്ഷയില്ല.

നാലഞ്ച് ആളുകൾചേർന്നയാളെ പൊക്കിയെടുത്തു.

മുകളിലേക്ക് എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും എങ്ങനെയൊക്കെയോ അവർ അയാളുടെ മുകളിൽ,വഴിയിൽ എത്തിച്ചു

അവിടെ നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൽ അയാളെ കയറ്റി.

വാഹനം അതിവേഗം ഹോസ്പിറ്റലിലേക്ക് കുതിച്ചു.

******************

വിവരം അറിഞ്ഞതും ചന്ദ്രശേഖരൻ ആകെ തകർന്നു പോയി.

ഭാനുമതി ബോധരഹിതയായി നിലത്തേക്ക് വീണു.

ആകെയുള്ള മകനാണ്. ആണായിട്ടും പെണ്ണായിട്ടുമൊക്കെ അവനൊന്നേയുള്ളൂ. ശ്രീജിത്തിന്റെ വണ്ടി അപകടത്തിൽ പെട്ടതറിഞ്ഞ് ബന്ധുക്കൾ വീട്ടിൽ എത്തിയിട്ടുണ്ട്.

ഭാനുമതിയെ അവരെ ഏൽപ്പിച്ചിട്ട് ചന്ദ്രശേഖരനും ബന്ധുക്കളായ ചില പുരുഷന്മാരും ഹോസ്പിറ്റലിലേക്ക് പോയി.

*****************

ശ്രീജിത്ത്‌ അപകടനില തരണം ചെയ്തതറിഞ്ഞപ്പോഴാണ് അയാൾക്ക് തെല്ലാശ്വാസം തോന്നിയത്.

അയാൾ icu വിൽ കിടക്കുന്ന  മകനെ കയറിക്കണ്ടു.

അയാൾ ഒരു ഡോക്ടറായത് കൊണ്ട് മകന്റെ അപ്പോഴത്തെ അവസ്ഥ അയാൾക്ക് പെട്ടെന്ന് മനസ്സിലായി.

അവിടുത്തെ ന്യൂറോളജിസ്റ്റ് ഡോക്ടർ ഗിരിധർ ചന്ദ്രശേഖരനുമായി പരിചയമുള്ള ആളാണ്.

മസ്തിഷ്ക്കത്തിനേറ്റ ആഘാതം മൂലം ശ്രീജിത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന വിവരം അറിഞ്ഞപ്പോൾ മാത്രം അയാൾ ഒന്നു തേങ്ങിപ്പോയി

നിറങ്ങളുടെ ലോകം തന്റെ മകന് നഷ്ടമായിരിക്കുകയാണ്.

താൻ ധൈര്യമായിരിക്കെടോ, കാഴ്ച തിരികെ കിട്ടും. പക്ഷേ അതിനൊരല്പം താമസം നേരിടുമെന്ന് മാത്രം. ചികിത്സ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം. തീർച്ചയായും അവന് കാഴ്ച കിട്ടും. ഗിരിധർ  ചന്ദ്രശേഖരനെ ആശ്വസിപ്പിച്ചു.

**************

ചന്ദ്രശേഖരനും ഭാനുമതിയും ശ്രീജിത്തിനെ വീട്ടിലേക്ക് കൊണ്ടുപോന്നു…

പെട്ടെന്ന് ഒരു ദിവസം എല്ലാം ഇരുട്ടിൽ ആയിരിക്കുകയാണ്, ശ്രീജിത്തിന് അതുൾക്കൊള്ളാനായില്ല.

അവൻ മനസ്സുകൊണ്ട് ആകെ തകർന്നു.

ഭാനുമതിയും ചന്ദ്രശേഖരനും,പെട്ടെന്ന് തന്നെതന്നെ ആ തിരിച്ചറിവുമായി പൊരുത്തപ്പെട്ടു.

തങ്ങൾ ൾ ദുഃഖിച്ചിരുന്നാൽ അത്   മകനേയും ബാധിക്കുമെന്ന് രണ്ടാൾക്കും അറിയാം. അതുകൊണ്ടുതന്നെ രണ്ടാളും ശ്രീജിത്തിന്റെ അടുത്ത് തെല്ലും സങ്കടം കാണിച്ചില്ല.

എല്ലാ ദിവസത്തേയും പോലെ  അവർ അവനോട് ഇടപെട്ടു.

ഇരുട്ടിന്റെ ലോകത്തിലേക്ക് വഴുതി വീണെങ്കിലും, ശ്രീജിത്തിന്റെ മനസ്സിലപ്പോഴും ആ സ്വപ്നത്തിന്റെ ബാക്കി അവശേഷിക്കുന്നുണ്ടായിരുന്നു…

ഏതോ ചുവന്ന തുരങ്കത്തിലൂടെ താൻ താഴേക്ക് വീഴുന്നത്.പൂക്കൾക്കിടയിലൂടെ… പൂമ്പാറ്റകൾക്കിടയിലൂടെ…. താൻ തനിച്ചു നടക്കുന്നത്….

അത് എവിടെയായിരുന്നു?

ഒരുപക്ഷേ മരണത്തിനപ്പുറം മറ്റൊരു ലോകം ഉണ്ടായിരിക്കുമോ ?.തന്നെ മരണം കൂട്ടിക്കൊണ്ടുപോയതായിരിക്കുമോ അങ്ങോട്ട്?

ആയിരിക്കും. ചിലപ്പോൾ സമയമാവാഞ്ഞിട്ട് തന്നെ  തിരിച്ചയച്ചതായിരിക്കും.

വേണ്ടിയിരുന്നില്ല.ഈ കാഴ്ചയില്ലാത്ത ലോകത്ത് ഇനിയെങ്ങനെ ജീവിക്കാനാണ്?

അയാൾക്ക്കടുത്ത നിരാശ തോന്നി.

ഓരോ ദിവസവും  അയാളെ കാണാനായി അയാളുടെ സുഹൃത്തുക്കൾ എത്തി തുടങ്ങി.

അവർ അവന്റെ സ്വഭാവം മാറ്റിയെടുക്കാനും അവനെ പഴയ പ്രസരിപ്പുള്ള ശ്രീജിത്തായി മാറ്റിയെടുക്കാനും  ശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷേ അവൻ കൂടുതൽ കൂടുതൽ നിരാശയിലേക്ക് പോയിക്കൊണ്ടിരുന്നു.

അല്ലെങ്കിലും ഇരുട്ടിന്റെ ലോകത്ത്, ഒറ്റപ്പെട്ടു കഴിയാൻ ആർക്കാണ് ഇഷ്ടം തോന്നുക?

ഹൈറേഞ്ചിൽ നിന്നും അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് രൂപേഷ് വന്നിട്ടുണ്ടായിരുന്നു.

അവൻ സാധാരണ പോലെ ശ്രീജിത്തിനോട് ഇടപെടുകയും, ഭക്ഷണം പങ്കിട്ടു കഴിക്കുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾ രൂപേഷ് അവനോടൊപ്പം അവിടെത്തന്നെ നിന്നു

അല്പമെങ്കിലും അവന്റെ  മനസ്സിലെ ദുഃഖം മാറ്റാൻ രൂപേഷിന് കഴിഞ്ഞു.

****************

ശ്രീജിത്തിന് ഒരപകടം പറ്റിയിട്ട് ഇത്രയും ദിവസമായില്ലേ, നമ്മൾ അവനെ ഒന്ന് കാണാൻ പോലും പോയില്ലല്ലോ ? നിരുപമ ശങ്കറിനോട് പറഞ്ഞു.

നമുക്കൊന്ന് പോയി കണ്ടാലോ?

ഇനിയിപ്പോൾ പോയി കണ്ടിട്ട് എന്താണ് കാര്യം നിരുപമേ?

ശ്രീജിത്തിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് അറിയാൻ കഴിഞ്ഞത്.

വല്ലാത്ത കഷ്ടമായിപ്പോയി നിരുപമ പറഞ്ഞു.

എന്ത് ചെയ്യാൻ? വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.

എന്തായാലും നമുക്ക് വൈകുന്നേരം അവിടുടൊന്നു പോകാം.നിരുപമ പറഞ്ഞു.

വേണ്ട.ഇനി അങ്ങനെ ഒരു ബന്ധം നമുക്ക് വേണ്ട.അല്ലെങ്കിലും കാഴ്ചയില്ലാത്ത ഒരുവനൊപ്പംഎന്റെ മകളെ ഞാൻ കെട്ടിച്ചയക്കുന്നില്ല അയാൾ പറഞ്ഞു.

അല്ലെങ്കിലും ഞാൻ പപ്പയോട് പറയാനിരിക്കുകയായിരുന്നു . ആ പൊട്ടക്കണ്ണനെ ഇനി എനിക്ക് വേണ്ടെന്ന്.

എന്തൊരു മനുഷ്യരാ…നിങ്ങളൊക്കെ? എങ്ങനെയാണ് ഇങ്ങനെ നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നത്? ഒരു മനുഷ്യത്വത്തിന്റെ പുറത്തെങ്കിലും നമുക്ക് അവനെ പോയി ഒന്ന് കാണണ്ടേ, ഒന്നുമല്ലെങ്കിലും നമ്മുടെ മകളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ആളല്ലേ..

എൻഗേജ്മെന്റ് അല്ലേ കഴിഞ്ഞുള്ളൂ, അല്ലാതെ വിവാഹമൊന്നും കഴിഞ്ഞില്ലല്ലോ.

വിവാഹം കഴിഞ്ഞിട്ടാണ് അവന് ഇത്തരമൊരു അവസ്ഥയുണ്ടായതെങ്കിൽ അന്നേരവും നീ  അയാളെ ഉപേക്ഷിക്കുമോ? നിരുപമ അവളോട് ചോദിച്ചു

ഞാൻ പിന്നെ എന്ത് ചെയ്യണം എന്നാണ് അമ്മ പറയുന്നത്. കാഴ്ചയില്ലാത്ത ഒരാളോടൊപ്പം ത്യാഗം സഹിച്ച് ജീവിക്കേണ്ട കാര്യമെന്നും എനിക്കില്ല.

നിരുപമഅതിനു മറുപടിയൊന്നും പറഞ്ഞില്ല.അവരോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന് അവൾക്കറിയാം.

**************

രണ്ടുമൂന്നു ദിവസങ്ങൾ കൂടി കഴിഞ്ഞു പോയി.

രൂപേഷ് ചന്ദ്രശേഖരന്റെ അടുത്ത് ചെന്നു.

അങ്കിൾ…കുറച്ചു ദിവസങ്ങൾ ഞാൻ അവനെ ഹൈറേഞ്ചിലേക്ക് കൊണ്ടു പൊയ്ക്കോട്ടെ?

ഈ അവസ്ഥയിൽ എങ്ങനെയാ മോനേ അവനെ കൊണ്ടുപോകുന്നത്?

അതൊക്കെ ഞാൻ നോക്കിക്കോളാം. അവന്റെ കണ്ണായി ഞാനില്ലേ? പിന്നെന്തിനാണ് ഭയക്കുന്നത്

ഭയമല്ല. രൂപേഷിന് അതൊരു ബുദ്ധിമുട്ടാവില്ലേ

ഒരു ബുദ്ധിമുട്ടുമില്ല.മാത്രമല്ല അവനെ പഴയ ശ്രീജിത്ത്  ആക്കി ഞാൻ മടക്കി തരും.

അവന് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് എന്റെ നാട്. ആ തണുപ്പും കുളിരും ഒക്കെയാണ് അവന് ഏറെ ഇഷ്ടം. നോക്കിക്കോ അവൻ നല്ല മിടുക്കനായി തിരിച്ചുവരും.ഞാൻ അവനെ നിങ്ങളുടെ മുമ്പിൽ കൊണ്ടുവന്നു  നിർത്തും ഇതെന്റെ വാക്കാണ്.

കോളേജിൽ ശ്രീജിത്തിനോടൊപ്പം ഒരുമിച്ച് പഠിക്കുന്ന കാലം മുതൽക്ക് അവർക്ക് രൂപേഷിനെ അറിയാം. അതുകൊണ്ടുതന്നെ ചന്ദ്രശേഖരനും ഭാനുമതിക്കും രൂപേഷിനൊപ്പം ശ്രീജിത്തിനെ അയക്കുന്നതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

ഞായറാഴ്ച ഉച്ചയോടുകൂടി രൂപേഷ് ശ്രീജിത്തിനെയും കൊണ്ട് ഹൈറേഞ്ചിലേക്ക് തിരിച്ചു.

യാത്രയിൽ ശ്രീജിത്ത് മൗനം ആയിരുന്നു.

എടാ…നീ ഇങ്ങനെ അവാർഡ് സിനിമയിലെ പോലെ മൗനമായിട്ടിരിക്കുന്നത് എനിക്കങ്ങ് തീരെ ഇഷ്ടപ്പെടുന്നില്ല കേട്ടോ.

നിനക്കറിയില്ലേ രൂപേഷ് എന്റെ വേദന. പെട്ടെന്ന് ഒരു ദിവസം നമ്മൾ തീർത്തും അന്ധകാരത്തിലാവുകയാണ്….

എടാ മൈ**** ഇതൊക്കെ വെറും ചീള്കേസല്ലേ…  കാഴ്ചശക്തി നഷ്ടമായി എന്ന് മാത്രമേയുള്ളൂ.അത് ഒരിക്കലും തിരികെ കിട്ടില്ല എന്നൊന്നും ഡോക്ടർ പറഞ്ഞിട്ടില്ല അവർ പറഞ്ഞത് കാഴ്ച ശക്തി കിട്ടുമെന്നാണ് . ചികിത്സ നടക്കുന്നുണ്ടല്ലോ. നീ ധൈര്യമായിട്ട് ഇരിക്കടാ..

എടാ ശ്രീ…നീ ഓർക്കുന്നുണ്ടോ പണ്ട് നമ്മൾ ഇതിലെ വരുമ്പോൾ ഒരു പുഴയുണ്ടായിരുന്നത് , പുഴയുടെ കുറുകെ തടി കൊണ്ടുള്ള പാലം ഉണ്ടായിരുന്ന സ്ഥലം.? ഓർക്കുന്നില്ലേ?

ഓർക്കുന്നുണ്ട്.ശ്രീജിത്ത് പറഞ്ഞു

എങ്ങനെ ഓർക്കാതിരിക്കും?  അന്ന് ഒരു പെണ്ണ് അവിടെ നിന്ന് കുളിക്കുന്നുണ്ടെന്നും പറഞ്ഞ് നമ്മുടെ കൂടെ വന്നവർ കുളിസീൻ പിടിക്കാൻ പോയത്.നാട്ടുകാർ അവരെ കല്ലെടുത്ത് എറിഞ്ഞോടിച്ചത് ഒക്കെ, ഇന്നലെയെന്ന പോലെയല്ലേ ഓർമ്മയിൽ തെളിയുന്നത്. രൂപേഷ് പൊട്ടിച്ചിരിച്ചു.

ശ്രീജിത്തിന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു

അല്ലെങ്കിലും ആളുകളെ ചിരിപ്പിക്കാൻ  രൂപേഷിന് ഒരു പ്രത്യേക കഴിവാണ്
തനിക്ക് ചുറ്റുമുള്ളവർ ചിരിച്ചു കാണാനാണ് അയാൾ ഇഷ്ട്ടം

രൂപേഷിന്റെ  വാഹനം,അയാളുടെ വീട്ടിലേക്ക് തിരിഞ്ഞു.

നാല്പത് ഏക്കർ ഏലത്തോട്ടത്തിനും കുരുമുളക് തോട്ടത്തിനും ഇടയിലായിട്ടാണ് അയാളുടെ വീട്.

കരിങ്കല്ല്കൊണ്ട് പണിത, അതിമനോഹരമായ  വീടാണ് രൂപേഷിന്റേത്…

മുറ്റത്തിന് ചുറ്റും അതിമനോഹരമായ പൂന്തോട്ടം ഉണ്ട്.

പറമ്പിലും, വീട്ടിലുമൊക്കെയായി പത്തുപതിനഞ്ചു സ്ഥിരം പണിക്കാർഉണ്ട്.

അയാൾ വണ്ടി നിർത്തി ഇറങ്ങി.

ശ്രീജിത്തിന്റെ കയ്യിൽ പിടിച്ച്  അവനെ ഇറക്കി

കയറി വാടാ…

രൂപേഷിന്റെ കൈയും പിടിച്ചവൻ ആദ്യമായി പിച്ചവെക്കുന്ന പിഞ്ചു കുഞ്ഞിനെ പോലെ  നടന്നു.

രൂപേഷ് അവനെ അകത്ത് കൊണ്ടുപോയി ഇരുത്തി.

രൂപേഷേട്ടാ…ഇന്ന് അമ്മ വരില്ല കേട്ടോ, അമ്മക്ക് ശ്വാസം മുട്ടൽ കൂടി.അതുകൊണ്ടാണ് ഞാൻ വന്നത്.രൂപേഷിന്റെ അടുത്തു വന്ന്   ഒരു പെൺകുട്ടി പറഞ്ഞു.

മോൾക്ക് ഇന്ന് കോളേജിൽ പോകണ്ടായിരുന്നോ. രൂപേഷ് ചോദിച്ചു.

കുറച്ച് ദിവസം പോകുന്നില്ല.അമ്മക്ക് വയ്യല്ലോ… അനിയനെ ഒറ്റയ്ക്ക് അമ്മയുടെ അടുത്താക്കിയിട്ട് പോകാൻ പറ്റില്ല. അവൻ പറഞ്ഞാൽ കേൾക്കില്ല.. എങ്ങോട്ടെങ്കിലുമൊക്കെ ഇറങ്ങി പോകും.

അതുകൊണ്ട് അമ്മക്ക് സുഖമാകുന്നത് വരെ വീട്ടിൽ ഇരുന്നു പഠിക്കാം എന്ന് വച്ചു.

ശ്രീജിത്ത് മൂക്ക് വിടർത്തി… കാച്ചെണ്ണയുടെ ഗന്ധം… കൂടെ നേർത്ത കർപ്പൂരത്തിന്റെ ഇളം ഗന്ധവും.

ശരി.എന്നാൽ അങ്ങനെആകട്ടെ… രൂപേഷ് പറഞ്ഞു

വെള്ളിക്കൊലുസുകളുടെ കിലുക്കം അകന്നകന്നു പോകുന്നത് ശ്രീജിത്ത്‌ ശ്രദ്ദിച്ചു.

അതാരാണ് ? ശ്രീജിത്ത് ചോദിച്ചു

ഇവിടെ അടുക്കളയിൽ ജോലിക്ക് നിൽക്കുന്ന ദേവകിയമ്മയുടെ മകളാണ്.
ഒരു പാവം കുട്ടിയാണ് ഡിഗ്രിക്കോ മറ്റോ ആണെന്ന് തോന്നുന്നു പഠിക്കുന്നത്. പേര് മീനാക്ഷി.

അവൾക്കൊരു അനിയനുണ്ട് പതിനഞ്ചു വയസ്സായെങ്കിലും അഞ്ചുവയസ്സുകാരന്റെ പോലും ബുദ്ധിയില്ല അവന്… ഓട്ടിസമാണ്.

നമുക്ക് തോന്നും നമ്മുടെ ദുഃഖങ്ങൾ വളരെ വലുതാണെന്ന് പക്ഷേ മറ്റുള്ളവരുടെ ദുഃഖങ്ങൾ കേൾക്കുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത്,നമ്മുടെ ദുഃഖങ്ങൾ ഒന്നും ഒരു ദുഃഖമേ അല്ലെന്ന്.

ശ്രീജിത്ത് മെല്ലെ ചിരിച്ചു.

ദേവകിയമ്മയെ കൂടാതെ അടുക്കള പണിക്ക് മറ്റൊരു സ്ത്രീയും കൂടെയുണ്ട്. 

മീനാക്ഷി…അവരെ പണികളിൽ സഹായിച്ചു.

പണിക്കാർക്കുള്ള ഭക്ഷണം തയ്യാറാക്കി പറമ്പിലേക്ക് എത്തിച്ചുകൊടുത്തു.

വൈകുന്നേരം മീനാക്ഷി നേരത്തെ പോകാനായി ഇറങ്ങി.

അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുന്നു. അനിയൻ പറയാതെ എങ്ങോട്ടെങ്കിലും ഒക്കെ ഇറങ്ങിപ്പോകും അതാണ് ആകെയുള്ള പ്രശ്നം.

വല്ല പൂച്ചയെയോ തുമ്പിയെയോ ഒക്കെ കണ്ടാൽ മതി അതിന്റെ പുറകെ അവൻ ഇറങ്ങിപ്പോകും. അതാണ്‌ ആകെയുള്ള പ്രശ്നം.

പിന്നെ അടുത്തുള്ളവരൊക്കെ  അവനെ നന്നായി ശ്രദ്ധിക്കും.എന്നാലും ഉള്ളിൽ എന്തോ വല്ലാത്ത ഭയമാണ്.

അവൾ നടത്തത്തിന്റെ വേഗത കൂട്ടി…

രൂപേഷിന്റെ പറമ്പിന്റെ അതിരിൽ ഒരു  തോട് ഉണ്ട്,അത് മുറിച്ചു കടന്നു വേണം അവളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ.

ഇടവഴി ആയതുകൊണ്ട് അതിലെ അധികമാരും നടക്കാറില്ല.

ഇപ്പോൾ പൊതുവേ വാഹനങ്ങൾ ഇല്ലാത്ത വീടുകൾ ഒന്നുമില്ല. അതുകൊണ്ട് എല്ലാവരുടെയും യാത്ര മെയിൻ വഴിയിലൂടെയാണ്…

അവൾ ഓരോന്നാലോചിച്ച് മുന്നിലേക്ക് നടന്നു

പെട്ടെന്നാണ് അവൾ ആ കാഴ്ച കണ്ടതും ഭയന്ന് പിന്നിലേക്ക് ഓടിയതും

തുടരും….