ചുവന്ന പാതകൾ – മലയാളം നോവൽ ഭാഗം 14, എഴുതിയത്: ജാന്‍

ഡോ. സാബിൻ മാത്യുവിന്റെ കുറ്റസമ്മതം അന്വേഷണത്തിന്റെ ഗതി മാറ്റിമറിച്ചു. ഋഷികേശിന് മുന്നിൽ ഇപ്പോൾ രണ്ട് ലക്ഷ്യങ്ങളാണുള്ളത്: നിയമത്തെ കയ്യിലെടുത്ത് പ്രതികാരം ചെയ്യുന്ന ഡേവിഡിനെ പിടികൂടുക, നിയമത്തിന്റെ കണ്ണുവെട്ടിച്ച് രാജ്യം വിട്ട വിശ്വനാഥനെ നാട്ടിലെത്തിക്കുക.

അയാൾ ഒട്ടും സമയം കളഞ്ഞില്ല. തന്റെ ടീമിനെ രണ്ടായി വിഭജിച്ചു.

“രാജൻ, നിങ്ങൾ ഉടൻ ഒരു കമാൻഡോ സംഘവുമായി മൂന്നാറിലേക്ക് പോകണം. ‘ഈഗിൾസ് പോയിന്റ്’ എന്ന ആ സ്ഥലം കണ്ടെത്തണം. ഡേവിഡ് ഒരു സാധാരണ കുറ്റവാളിയല്ല, അവൻ അതിബുദ്ധിമാനും അപകടകാരിയുമാണ്. അതീവ ജാഗ്രത വേണം. ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം,” ഋഷികേശ് ഡി.വൈ.എസ്.പി. രാജന് നിർദ്ദേശം നൽകി.

അതേസമയം, ഋഷികേശ് നിയമപരമായ നടപടികൾക്ക് തുടക്കമിട്ടു. സാബിൻ മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശ്വനാഥനെതിരെ കൊ. ലപാതകത്തിനും ഗൂഢാലോചനയ്ക്കും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും വേണ്ട ഏർപ്പാടുകൾ ചെയ്തു.

വിശ്വനാഥന്റെ സാമ്പത്തിക സാമ്രാജ്യത്തിന്റെ കഴുത്തിൽ നിയമത്തിന്റെ കുരുക്ക് മുറുകുകയായിരുന്നു.

മൂന്നാറിൽ, രാജനും സംഘവും ‘ഈഗിൾസ് പോയിന്റ്’ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അതൊരു ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായിരുന്നില്ല. കാടിന്റെ വന്യതയിൽ, സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു മലമുകളായിരുന്നു അത്. പഴയ തലമുറയിലെ ഒരു വനവാസി ഗൈഡിന്റെ സഹായത്തോടെയാണ് അവർക്ക് അങ്ങോട്ടേക്കുള്ള വഴി കണ്ടെത്താനായത്.

അതൊരു യാത്രയായിരുന്നില്ല, ഒരു മലകയറ്റം തന്നെയായിരുന്നു. പാറക്കെട്ടുകളും ഇടതൂർന്ന കാടുകളും നിറഞ്ഞ ദുർഘടമായ പാത. ഓരോ അടിക്കും അപകടം പതിയിരിക്കുന്നുണ്ടായിരുന്നു.

മണിക്കൂറുകൾ നീണ്ട കഠിനമായ യാത്രയ്ക്ക് ശേഷം അവർ ആ മലയുടെ മുകളിലെത്തി. അവിടെ വെച്ച് അവരുടെ ഗൈഡ് ഒരു അടയാളം കാണിച്ചു. മനുഷ്യനിർമ്മിതമായ ഒരു കല്ല്കൂമ്പാരം.

“ഇവിടെനിന്ന് അങ്ങോട്ട് ഞാൻ വരില്ല സാറേ,” അയാൾ ഭയത്തോടെ പറഞ്ഞു.

“അങ്ങോട്ട് പോയ പലർക്കും വഴിതെറ്റിയിട്ടുണ്ട്. അതൊരു നല്ല സ്ഥലമല്ല.”

ഗൈഡിനെ അവിടെ നിർത്തി, രാജനും കമാൻഡോ സംഘവും ആയുധങ്ങൾ തയ്യാറാക്കി മുന്നോട്ട് നീങ്ങി. കുറച്ചുദൂരം ചെന്നപ്പോൾ അവർ അത് കണ്ടു. ഒരു മരത്തിൽ ഘടിപ്പിച്ച ചെറിയൊരു സിസിടിവി ക്യാമറ. ഡേവിഡ് അവരെ നിരീക്ഷിക്കുന്നുണ്ടാകാം. അവർ കൂടുതൽ ജാഗരൂകരായി. അധികം വൈകാതെ, ഒരു ചെറിയ പുൽമേടിനപ്പുറം ആ കാഴ്ച അവരുടെ കൺമുന്നിൽ തെളിഞ്ഞു.

‘ഈഗിൾസ് പോയിന്റ്’.

അതൊരു കോട്ടയായിരുന്നില്ല, മറിച്ച് ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു കണ്ടെയ്നർ വീടായിരുന്നു. പുറംലോകത്തുനിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട ഒരിടം. വൈദ്യുതിക്കായി സോളാർ പാനലുകൾ, ആശയവിനിമയത്തിനായി വലിയൊരു ആന്റിന. അതൊരു ഒളിസങ്കേതം എന്നതിലുപരി, ഒരു യു. ദ്ധത്തിനുള്ള കൺട്രോൾ റൂം പോലെ തോന്നിപ്പിച്ചു.

രാജനും സംഘവും ദൂരെ ഒരു മറവിൽ പതുങ്ങി, ബൈനോക്കുലറിലൂടെ ആ വീട് നിരീക്ഷിക്കാൻ തുടങ്ങി. അവിടെ ആരെങ്കിലും ഉള്ളതായി യാതൊരു ലക്ഷണവും കണ്ടില്ല. ഒരുപക്ഷേ ഡേവിഡ് അവിടെനിന്ന് മാറിയിരിക്കാം.

****************

ദുബായിൽ, തന്റെ ഹോട്ടൽ മുറിയിലിരുന്ന് ലാപ്ടോപ്പിൽ അന്താരാഷ്ട്ര വാർത്താ ചാനലുകൾ കാണുകയായിരുന്നു വിശ്വനാഥൻ. തന്റെ ചിത്രം ചുവന്ന അറിയിപ്പോടെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അയാളുടെ ര. ക്തം തിളച്ചു. ഋഷികേശ് വർമ്മ തന്നെ ലോകത്തിന് മുന്നിൽ ഒരു ഭീകരജീവിയായി ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ തന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു തുടങ്ങി. ബിസിനസ്സ് പങ്കാളികൾ ഓരോരുത്തരായി കൈയൊഴിയുന്നു.

താൻ ഒരു കെണിയിൽപ്പെട്ട എലിയെപ്പോലെയായെന്ന് അയാൾക്ക് തോന്നി.

ഇനി ഓടിയിട്ട് കാര്യമില്ല. തിരിച്ചുപോയി നേരിടുക തന്നെ. പക്ഷേ, അതിന് മുൻപ് എല്ലാ തെളിവുകളും ഇല്ലാതാക്കണം. സാബിൻ മാത്യു, പിന്നെ ഡേവിഡ്. അയാൾ തന്റെ ഏറ്റവും വിശ്വസ്തനായ കൂട്ടാളി, അജയ്, യെ ഫോണിൽ വിളിച്ചു.

“അജയ്, എനിക്ക് ഡേവിഡിനെ ജീവനോടെയോ അല്ലാതെയോ വേണം. അവൻ മൂന്നാറിലെവിടെയോ ഒരു ഒളിത്താവളം ഒരുക്കിയിട്ടുണ്ട്. അതെവിടെയാണെന്ന് കണ്ടെത്തി അവനെ തീർക്കണം. അതോടൊപ്പം, ആശുപത്രിയിൽ കിടക്കുന്നവന്റെ കാര്യവും. ഞാൻ തിരികെ വരികയാണ്. അതിന് മുൻപ് എനിക്കീ അധ്യായങ്ങൾ അവസാനിപ്പിക്കണം.”

****************

‘ഈഗിൾസ് പോയിന്റിൽ’, രാജൻ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന്, ദൂരെ ഒരു ജീപ്പ് ആ ഒളിസങ്കേതത്തിലേക്ക് വരുന്നതായി അവർ കണ്ടു. രാജൻ ബൈനോക്കുലർ ആ വാഹനത്തിന് നേരെ ഫോക്കസ് ചെയ്തു. ജീപ്പ് വീടിന് മുന്നിൽ നിർത്തി.

അതിൽ നിന്ന് ഒരാൾ ഇറങ്ങി.
രാജന്റെ നെറ്റി ചുളിഞ്ഞു. ആ മുഖം അയാൾക്ക് നല്ല പരിചയമുണ്ടായിരുന്നു. വിശ്വനാഥന്റെ വലംകൈയായ അജയ്. പോലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളയാൾ.

രാജൻ ഉടൻ തന്നെ തന്റെ വയർലെസ്സെടുത്ത് ഋഷികേശിനെ ബന്ധപ്പെട്ടു. അയാളുടെ ശബ്ദത്തിൽ അവിശ്വസനീയത നിറഞ്ഞിരുന്നു.

“സാർ, നമ്മൾ ഡേവിഡിന്റെ ഒളിസങ്കേതം കണ്ടെത്തിയിരിക്കുന്നു. പക്ഷേ, ഇവിടെയൊരു പ്രശ്നമുണ്ട്…”

“എന്ത് പറ്റി രാജൻ?”

“ചെ..ന്നാ. യ, പുലിയുടെ മടയിലേക്ക് സ്വയം നടന്നു വന്നിരിക്കുന്നു. വിശ്വനാഥന്റെ പ്രധാന കൂട്ടാളി അജയ് ഇവിടെയെത്തിയിട്ടുണ്ട്.”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഋഷികേശിന്റെ മറുപടി വന്നു.

“അവിടെത്തന്നെ നിൽക്കുക. ഒരു കാരണവശാലും അവർ അറിയാതെ അകത്ത് കടക്കരുത്. എന്താണ് അവിടെ നടക്കുന്നതെന്ന് നമുക്കറിയണം. ഒരുപക്ഷേ, നമ്മുടെ രണ്ട് ശത്രുക്കളും ഒരേ സമയം നമ്മുടെ കൺമുന്നിലെത്താൻ പോകുകയാണ്.”

തുടരും……