ചുവന്ന പാതകൾ – മലയാളം നോവൽ ഭാഗം 15, എഴുതിയത്: ജാന്‍

ഈഗിൾസ് പോയിന്റിലെ നിശബ്ദതയ്ക്ക് ഒരു ശ്മശാനത്തിലെ തണുപ്പുണ്ടായിരുന്നു. ഡി.വൈ.എസ്.പി. രാജനും സംഘവും ശ്വാസമടക്കിപ്പിടിച്ച് പാറകൾക്ക് പിന്നിൽ മറഞ്ഞിരുന്നു. അവരുടെ ബൈനോക്കുലറുകൾ ആ കണ്ടെയ്നർ വീടിന്റെ വാതിൽക്കൽ തറഞ്ഞുനിന്നു.

വിശ്വനാഥന്റെ വലംകൈയായ അജയ്, തോക്ക് കയ്യിലേന്തി, അതീവ ജാഗ്രതയോടെ ആ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

അകത്ത്, അജയ് ഒരു നിമിഷം സ്തംഭിച്ചുപോയി. അതൊരു സാധാരണ ഒളിസങ്കേതമായിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള, ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വീട്. ഒരു ഭിത്തി നിറയെ കമ്പ്യൂട്ടർ മോണിറ്ററുകൾ. അതിൽ വീടിന്റെ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ തെളിഞ്ഞുകിടന്നു. എല്ലാം ശാന്തം. ഒരു മനുഷ്യന്റെ പോലും സാന്നിധ്യമില്ല.

‘ഡേവിഡ് ഇവിടെയില്ല. അവൻ രക്ഷപ്പെട്ടിരിക്കുന്നു.’ അജയ് മനസ്സിൽ കണക്കുകൂട്ടി.

അയാൾ ഓരോ മുറിയായി പരിശോധിക്കാൻ തുടങ്ങി. എല്ലാം ഒതുക്കിവെച്ചിരിക്കുന്നു. പക്ഷേ, ആ ഒതുക്കിവെക്കലിൽ എന്തോ ഒരു അസ്വഭാവികത അയാൾക്ക് തോന്നി.

പെട്ടെന്നാണ് അയാൾ ആ സത്യം തിരിച്ചറിഞ്ഞത്. മോണിറ്ററുകളിലെ ദൃശ്യങ്ങൾ തത്സമയമല്ല, റെക്കോർഡ് ചെയ്തുവെച്ച ലൂപ്പുകളാണ്. ഇതൊരു കെണിയാണ്!

തിരിഞ്ഞോടാൻ ശ്രമിക്കുന്നതിന് മുൻപ്, അയാൾ അകത്തേക്ക് വന്ന ഉരുക്കുകൊണ്ടുള്ള വാതിൽ വലിയൊരു ശബ്ദത്തോടെ അടഞ്ഞു. മുറിയിൽ പൂർണ്ണമായി ഇരുട്ട് പരന്നു.

“വിശ്വനാഥന്റെ പ. ട്ടീ, നിനക്ക് സ്വാഗതം.”

ഭിത്തിയിൽ ഘടിപ്പിച്ച ഒരു സ്പീക്കറിലൂടെ ആ ശബ്ദം മുഴങ്ങി. തണുത്ത, വികാരരഹിതമായ ശബ്ദം. ഡേവിഡിന്റെ ശബ്ദം.

“നീയെന്താ കരുതിയത്? നീ എന്നെ വേ. ട്ടയാടാൻ വന്നതാണെന്നോ? വിഡ്ഢി. ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതാണ്. നിങ്ങളുടെ ഓരോ നീക്കവും ഞാൻ കാണുന്നുണ്ടായിരുന്നു.”

അജയ് ഇരുട്ടിൽ തപ്പി, കയ്യിലെ തോ. ക്ക് മുന്നോട്ട് ചൂണ്ടി.

“എവിടെയാടാ നീ?”

ഡേവിഡിന്റെ ചിരി ആ മുറിയിൽ അലയടിച്ചു.

“ഞാൻ എല്ലായിടത്തുമുണ്ട്. ഇരുപത്തിനാല് വർഷമായി ഞാൻ ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. വിശ്വനാഥൻ എന്ന ഭീരു അവന്റെ പ. ട്ടിയെ അയച്ചിരിക്കുന്നു. ഇനി യജമാനൻ നേരിട്ട് വരണം.”

സംസാരം തീർന്നതും, മുറിയുടെ വെന്റിലേഷനിലൂടെ ഒരുതരം മധുരഗന്ധമുള്ള പുക അകത്തേക്ക് ഇരച്ചുകയറാൻ തുടങ്ങി. അതൊരുതരം മയക്കുന്ന വാതകമാണെന്ന് അജയ് തിരിച്ചറിഞ്ഞു. അയാൾ വാതിലിനടുത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും കാലുകൾ കുഴഞ്ഞു. കാഴ്ച മങ്ങി, ശരീരം തളർന്നു.

നിലത്തേക്ക് വീഴുമ്പോൾ, ഇരുട്ടിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ തന്നെ നോക്കുന്നതായി അയാൾക്ക് തോന്നി.

******************

പുറത്ത്, രാജനും സംഘവും ആശയക്കുഴപ്പത്തിലായിരുന്നു. വീടിനുള്ളിൽ നിന്ന് യാതൊരു ശബ്ദവും കേൾക്കുന്നില്ല. ലൈറ്റുകൾ ഒരു നിമിഷം അണയുകയും വീണ്ടും തെളിയുകയും ചെയ്തു. എന്താണ് ഉള്ളിൽ നടക്കുന്നതെന്ന് അവർക്ക് ഒരെത്തും പിടിയുമില്ലായിരുന്നു.

******************

അതേസമയം, ഡേവിഡ് അജയ്‌യുടെ ഫോണെടുത്ത് വിശ്വനാഥന് ഒരു സന്ദേശമയച്ചു. അജയ് നിലത്ത് ബോധമറ്റുകിടക്കുന്ന ഒരു ചിത്രമായിരുന്നു അത്. ചിത്രത്തിന് താഴെ ഇങ്ങനെ കുറിച്ചിരുന്നു:

“നിന്റെ നാ. യ ഇപ്പോൾ എന്റെ കൂട്ടിലാണ്. യജമാനന് നേരിട്ട് വന്ന് ഇതിനെ കൊണ്ടുപോകാം. അല്ലെങ്കിൽ, എസ്തറിന്റെ പെട്ടിയിലെ രഹസ്യങ്ങൾ നാളെ ലോകം മുഴുവൻ അറിയും. നിനക്ക് 24 മണിക്കൂർ സമയം. സ്ഥലം നിനക്കറിയാമല്ലോ, നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ആ പഴയ ബംഗ്ലാവ്. നീ ഒറ്റയ്ക്ക് വരണം. പോലീസ് അറിഞ്ഞാൽ, അജയ് പിന്നെ ജീവനോടെയുണ്ടാകില്ല.”

സന്ദേശം അയച്ച ശേഷം ഡേവിഡ് അജയ്‌യുടെ കയ്യിൽ ഒരു ചെറിയ കുത്തിവെപ്പെടുത്തു. മയക്കം പതിയെ വിട്ടുപോകാനുള്ള മറുമരുന്നായിരുന്നു അത്. എന്നിട്ട്, ഒരു തുമ്പും അവശേഷിപ്പിക്കാതെ അയാൾ ആ കെട്ടിടത്തിന്റെ രഹസ്യ വഴിയിലൂടെ പുറത്തുകടന്നു.

*****************

ഋഷികേശിന് രാജന്റെ റിപ്പോർട്ട് കിട്ടി.

“സാർ, അജയ് അകത്ത് കയറിയിട്ട് അരമണിക്കൂറായി. ഇപ്പോൾ വീടിന് പുറകുവശത്തെ കാട്ടിലൂടെ ഒരാൾ ഇറങ്ങിപ്പോകുന്നത് ഞങ്ങൾ കണ്ടു. അത് ഡേവിഡ് ആയിരിക്കണം. അജയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ല.”

ഋഷികേശിന് കാര്യങ്ങൾ വ്യക്തമായി. ഡേവിഡ് അജയ്‌യെ ബന്ദിയാക്കിയിരിക്കുന്നു. അവൻ വിശ്വനാഥനെ ഒരു കെണിയിലേക്ക് ക്ഷണിക്കുകയാണ്.

“രാജൻ, ഒരു കാരണവശാലും ആരും ആ വീടിനകത്ത് പ്രവേശിക്കരുത്. ഡേവിഡ് അവിടെ സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടാകാം. നമ്മൾ ഇനി കാത്തിരിക്കണം. അവൻ വിശ്വനാഥന് സന്ദേശം അയച്ചിട്ടുണ്ടാകും. ഡേവിഡിന്റെ ലക്ഷ്യം വിശ്വനാഥനാണ്. നമ്മുടെ ലക്ഷ്യം ഇരുവരുമാണ്.”

ഋഷികേശ് കസേരയിലേക്ക് ചാരിയിരുന്നു. കളിയുടെ അവസാന ഘട്ടം തുടങ്ങിയിരിക്കുന്നു. ചെ. ന്നായയും പു. ലിയും ഒരേ വേദിയിലേക്ക് എത്തുകയാണ്. ഇരുപത്തിനാല് വർഷം പഴക്കമുള്ള ഒരു പാപത്തിന്റെ കണക്കുതീർക്കാൻ മൂന്നാറിലെ ആ പഴയ ബംഗ്ലാവ് ഒരുങ്ങിക്കഴിഞ്ഞിരുന്നു. പോലീസിന് ഇനി കാഴ്ചക്കാരായി നിന്നാൽ മാത്രം മതിയാവില്ല. ആ യുദ്ധം തുടങ്ങുന്നതിന് മുൻപ്, അല്ലെങ്കിൽ അത് തീരുമ്പോൾ, രണ്ടുപേരെയും ഒരുമിച്ച് വലയിലാക്കണം.

അയാൾ തന്റെ ഫോണെടുത്തു.

“പ്രകാശ്, സാബിൻ മാത്യുവിന് ബോധം തെളിഞ്ഞ വിവരം അതീവ രഹസ്യമായി സൂക്ഷിക്കണം. ഒരു കാരണവശാലും ഈ വാർത്ത പുറത്തുപോകരുത്. നമ്മുടെ തുറുപ്പുചീട്ടാണ് അയാൾ.”

കളത്തിലെ കരുക്കൾക്കെല്ലാം ജീവൻ വെച്ചിരിക്കുന്നു. ഇനി അടുത്ത നീക്കം നടത്തേണ്ടത് വിശ്വനാഥനാണ്.

തുടരും….