മൂന്നാറിലെ ആ പഴയ തേയില ബംഗ്ലാവിനെ പൊതിഞ്ഞ് രാത്രി അതിന്റെ കറുത്ത പുതപ്പ് വിരിച്ചു.
നേർത്ത ചാറ്റൽമഴ ആ പ്രദേശത്തെ കൂടുതൽ നിഗൂഢമാക്കി. ദ്രവിച്ചു തുടങ്ങിയ ആ കെട്ടിടത്തിനുചുറ്റുമുള്ള കാട്ടിൽ, കേരള പോലീസിന്റെ ഏറ്റവും മികച്ച കമാൻഡോകൾ നിഴലുകളെപ്പോലെ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചിരുന്നു.
ഋഷികേശ് വർമ്മയും ഡി.വൈ.എസ്.പി. രാജനും ഒരു താൽക്കാലിക കൺട്രോൾ റൂമായി മാറ്റിയെടുത്ത വാനിനുള്ളിലിരുന്ന് തെർമൽ ക്യാമറകളിലൂടെയുള്ള ദൃശ്യങ്ങൾ വീക്ഷിക്കുകയായിരുന്നു. അവരുടെയെല്ലാം കാത്തിരിപ്പ് ഒരാൾക്ക് വേണ്ടിയായിരുന്നു – വിശ്വനാഥൻ.
**************
ബംഗ്ലാവിനുള്ളിൽ, ഡേവിഡ് ശാന്തനായിരുന്നു. ഇരുപത്തിനാല് വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നത്. പൊടിപിടിച്ച മുറിയുടെ നടുവിലായി അയാൾ ഒരൊറ്റ കസേര ഇട്ടിരുന്നു. ഒരു മൂലയിൽ, വായിൽ തുണിതിരുകി, കയറുകൊണ്ട് ബന്ധിക്കപ്പെട്ട നിലയിൽ അജയ് ഭയത്തോടെ അവനെ നോക്കുന്നുണ്ടായിരുന്നു. ഡേവിഡ് തന്റെ കയ്യിലിരുന്ന പഴയ റി. വോ. ൾവർ തുടച്ചുമിനുക്കി. ഓരോ വെ. ടി. യുണ്ടയും ഓരോ കണക്കുകൾ തീർക്കാനുള്ളതായിരുന്നു.
അർദ്ധരാത്രിയോടടുത്തപ്പോൾ, കൺട്രോൾ റൂമിലെ മോണിറ്ററിൽ ഒരു ചലനം റിപ്പോർട്ട് ചെയ്യപ്പെട്ടു. ദൂരെ, എസ്റ്റേറ്റ് റോഡിൽ ഒരു കാർ വന്ന് നിന്നു. ഡേവിഡിന്റെ നിർദ്ദേശപ്രകാരം, വാഹനം ദൂരെ നിർത്തി ഒറ്റയ്ക്ക് കാൽനടയായി വരികയായിരുന്നു ആ രൂപം.
“സാർ, ഒരാൾ വരുന്നുണ്ട്. ഒറ്റയ്ക്കാണ്. വിശ്വനാഥൻ തന്നെയാകണം,”
വയർലെസ്സിൽ ഒരു കമാൻഡോയുടെ ശബ്ദം മുഴങ്ങി. ഋഷികേശ് മോണിറ്ററിലേക്ക് കണ്ണുനട്ടു. തെർമൽ ക്യാമറയിൽ ഒരു മനുഷ്യരൂപം പതിയെ ബംഗ്ലാവിന് നേരെ നടന്നുവരുന്നു.
ബംഗ്ലാവിനുള്ളിൽ ഡേവിഡും ആ വരവ് അറിഞ്ഞു. അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവന്റെ ഞരമ്പുകളിൽ പ്രതികാരത്തിന്റെ ല. ഹ. രി പടർന്നു. അവൻ കസേരയ്ക്ക് പിന്നിലെ ഇരുട്ടിൽ തോക്കുമായി മറഞ്ഞുനിന്നു.
വന്നയാൾ ബംഗ്ലാവിന്റെ ദ്രവിച്ച വരാന്തയിലേക്ക് കയറിനിന്നു. കാർമേഘങ്ങൾക്കിടയിലൂടെ പുറത്തുവന്ന നിലാവിന്റെ കീറ് ആ രൂപത്തെ വെളിപ്പെടുത്തി. കൺട്രോൾ റൂമിലെ ഹൈ-ഡെഫനിഷൻ ക്യാമറ ആ മുഖം സൂം ചെയ്തപ്പോൾ ഋഷികേശ് ഞെട്ടി.
“Wait… അത് വിശ്വനാഥനല്ല. അതാരാണ്?”
അകത്ത്, വാതിൽ തുറന്ന് ആ രൂപം കാലെടുത്തുവെച്ചപ്പോൾ ഡേവിഡും ഒരു നിമിഷം സ്തംഭിച്ചുപോയി.
അവൻ പ്രതീക്ഷിച്ചത് തന്റെ ശത്രുവിനെയാണ്. എന്നാൽ വന്നിരിക്കുന്നത്…എഴുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന, എന്നാൽ പ്രായം തെല്ലും തളർത്താത്ത പ്രൗഢിയുള്ള ഒരു സ്ത്രീ. വിലകൂടിയ പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ്, ആ അഴുകിയ ബംഗ്ലാവിന് ഒട്ടും ചേരാത്ത രൂപം.
വിശ്വനാഥന്റെ അമ്മ, പരേതനായ കരുണാകരമേനോന്റെ ഭാര്യ, സാവിത്രി അമ്മ.
അവരുടെ കണ്ണുകളിൽ ഭയത്തിന്റെ കണികപോലുമില്ലായിരുന്നു. മൂലയിൽ കെട്ടിയിട്ട അജയ്‌യെ അവർ പുച്ഛത്തോടെ നോക്കി. എന്നിട്ട് ആ തണുത്ത കണ്ണുകൾ ഡേവിഡിന് നേരെ തിരിച്ചു. ആ നോട്ടത്തിന് ഒരു വാളിന്റെ മൂർച്ചയുണ്ടായിരുന്നു.
“അപ്പോൾ നീയാണ് എന്റെ മോന് തലവേദനയുണ്ടാക്കുന്ന ആ ചെറുക്കൻ,” അവരുടെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ അധികാരത്തിന്റെ ധ്വനിയുണ്ടായിരുന്നു.
“ഇരുപത്തിനാല് വർഷം മുൻപ് എന്റെ ഭർത്താവ് ഈ വിഷയം പൂർണ്ണമായി അവസാനിപ്പിക്കേണ്ടതായിരുന്നു. മനുഷ്യർക്ക് ഒരു വിലയിടാൻ അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.”
ഡേവിഡ് ഞെട്ടലിൽ നിന്ന് മോചിതനായിരുന്നില്ല. ഈ സ്ത്രീ എങ്ങനെ ഇവിടെയെത്തി? വിശ്വനാഥൻ എന്ന ഭീരുവിന് പകരം അവന്റെ അമ്മയോ?
സാവിത്രി അമ്മ പതിയെ മുറിയുടെ നടുവിലേക്ക് നടന്നു.
“സംസാരിക്കാം. ഓരോ മനുഷ്യനും ഒരു വിലയുണ്ട്. നിനക്കും ഉണ്ടാകും. എത്ര വേണം നിനക്ക്? ഈ നാടകം ഇവിടെ അവസാനിപ്പിക്കാൻ നിന്റെ വിലയെന്താണ്?”
ഋഷികേശിന്റെയും സംഘത്തിന്റെയും കാതുകളിൽ ഘടിപ്പിച്ച ഉപകരണങ്ങളിലൂടെ ആ സംഭാഷണം വ്യക്തമായി കേൾക്കാമായിരുന്നു. പ്രതീക്ഷിച്ച ചോ. രയുടെ മണമുള്ള പ്രതികാര നാടകമല്ല അവിടെ നടക്കുന്നത്. അതിലും അപകടകരമായ മറ്റൊന്നാണ്.
ഡേവിഡ് ചിരിച്ചു. അതൊരു വേദനനിറഞ്ഞ ചിരിയായിരുന്നു.
“എന്റെ പെങ്ങളുടെ ജീവന് വിലയിടാൻ മാത്രം നിങ്ങൾ വളർന്നോ?”
സാവിത്രി അമ്മയുടെ മുഖത്ത് ഒരു ഭാവഭേദവുമുണ്ടായില്ല.
“വളർന്നു. അതുകൊണ്ടാണല്ലോ ഇത്രയും കാലം നീയും നിന്റെ ചങ്ങാതിമാരും വായും പൂട്ടിയിരുന്നത്. അന്ന് എന്റെ ഭർത്താവ് നിങ്ങളെ വിലക്കെടുത്തു. ഇന്ന് ഞാൻ നിന്നെ വിലക്കെടുക്കാൻ വന്നിരിക്കുന്നു. അല്ലെങ്കിൽ, നിന്നെ ഇല്ലാതാക്കാൻ.”
അവസാനത്തെ വാക്ക് അവർ പറയുമ്പോൾ, അവരുടെ സാരിയുടെ മറവിൽ നിന്ന് ഒരു ചെറിയ പിസ്റ്റൾ പുറത്തുവന്നു. അത് ഡേവിഡിന് നേരെ ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു.
“എന്റെ മകനൊരു വിഡ്ഢിയാണ്. പക്ഷേ, അവന്റെ അമ്മ അങ്ങനെയല്ല. ഈ കഥയുടെ അവസാനം ഞാനാണ് തീരുമാനിക്കുന്നത്.”
കളം മാറിയിരിക്കുന്നു. കളത്തിലെ കരുക്കളും. രാജ്ഞി നേരിട്ട് യുദ്ധത്തിന് വന്നിരിക്കുന്നു. ഈ കളിയിൽ ജയിക്കുന്നവനാകും അതിജീവിക്കുക.
തുടരും….

