കറുത്തവൻ
എഴുത്ത്: ദേവാംശി ദേവാ
====================
“ദിവ്യേ….”
ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും വൈശാഖിന്റെ വിളിക്കേട്ട് ദിവ്യയുടെ കാലുകൾ നിച്ഛലമായി..
“താൻ എന്താടോ കണ്ടിട്ട് കാണാതെ പോകുന്നത്…നമ്മൾ ഒരേ നാട്ടുകാരല്ലെ… എന്നിട്ട് ഇങ്ങനെയാണോ പെരുമാറുന്നത്.”
“അത്.. ഞാൻ…. ഞാൻ ശ്രദ്ധിച്ചില്ല വൈശാഖേട്ടാ…”
“കള്ളമാണ് പറയുന്നതെന്ന് മനസിലായി..പോട്ടെ… ഞാനിനി കൂടുതൽ അതിനെ പറ്റി ചോദിക്കുന്നില്ല…പിന്നെ എനിക്ക് തന്റെടുത്ത് ദേഷ്യമോ പിണക്കമോ ഒന്നും ഇല്ല.. അതാ അങ്ങോട്ട് വിളിച്ച് മിണ്ടിയത്..അല്ലാ… താൻ ഒറ്റക്കെയുള്ളൂ…പ്രവീൺ വന്നില്ലേ ക്ഷേത്രത്തിലേക്ക് ..”
“പ്രവി വീട്ടിലുണ്ട്…”
“വൈശു…”
വൈശാഖ് തിരിഞ്ഞു നോക്കി വിളിച്ചതും ഒരു പെൺകുട്ടി ഒരു വയസ്സായൊരു ആൺകുഞ്ഞിനേയും കൊണ്ട് അവന്റെ അടുത്തേക്കു വന്ന്…
“വൈശൂന് മനസ്സിലായോ ഇത് ആരാണെന്ന്..” ഇല്ല എന്ന അർത്ഥത്തിൽ അവൾ വൈശാഖിനെ നോക്കി.
“ഇതാണ് ദിവ്യ…”
ഒരു ഞെട്ടലോടെയാണ് അവൾ ദിവ്യയെ നോക്കിയത്..വെളുത്ത് മെലിഞ്ഞു നീളൻ മുടിയും വിടർന്ന കണ്ണുകളുമായൊരു പെൺകുട്ടി..
“ഇത് വൈഷ്ണവി… എന്റെ ഭാര്യ..”
ദിവ്യയുടെ കണ്ണുകൾ അപ്പോൾ ചെന്ന് നിന്നത് വൈഷ്ണവിയുടെ കൈയ്യിലിരുന്ന കുഞ്ഞില്ലായിരുന്നു..
“വൈശാകേട്ടന്റെ മോനാണോ..”
സന്തോഷത്തോടെ അവൾ കുഞ്ഞിനെ എടുക്കാൻ കൈ നീട്ടിയതും വൈശാഖ് അവളെ തടഞ്ഞു..
“സോറി ദിവ്യ…അമ്മയാകാൻ കഴിയാത്ത സ്ത്രീകൾ കുഞ്ഞിനെ എടുത്താൽ അത് കുഞ്ഞിന് ദോഷമാണ്..ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടിപ്പോ മൂന്ന് വർഷം കഴിഞ്ഞല്ലോ..”
ഞെട്ടലോടെ ദിവ്യ, വൈശാഖിനെ നോക്കി…വൈഷ്ണവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല..
“ഞാൻ…അറിയാതെ…പെട്ടെന്ന് മോനെ കണ്ടപ്പോ…സോറി..”
കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ അവളവിടുന്ന് തിരിഞ്ഞു നടന്നു..ഒരു വിജയ ചിരിയോടെ അവനത് നോക്കി നിന്നു..
“എന്താ ഏട്ടാ ഇത്…. എന്തൊക്കെയാ ഈ പറഞ്ഞത്.”
“അവൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..അങ്ങനെ തന്നെ പറയണം.”
കുറച്ചു മാറി എല്ലാം കേട്ടു നിന്ന വൈശാഖിന്റെ അമ്മ അങ്ങോട്ടേക്ക് വന്നു.
“അമ്മയാകാൻ കഴിയാത്ത സ്ത്രീകൾ കുഞ്ഞിനെ എടുത്താൽ അത് കുഞ്ഞിന് ദോഷമാണെന്ന് അപ്പച്ചിയും വിശ്വസിക്കുന്നുണ്ടോ..”
“അങ്ങനെ ഉണ്ടോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ അവളോട് അങ്ങനെ പറഞ്ഞത് നന്നായി..ഇല്ലെങ്കിൽ ഓരോന്നും പറഞ്ഞു പിന്നെയും വരും അടുത്ത് കൂടാൻ.. ഒരിക്കൽ എന്റെ മോന്റെ ജീവിതം തകർത്തെറിഞ്ഞു പോയവളാ…” ദേഷ്യത്തോടെ അവർ പറഞ്ഞു..
“എന്നാലും…”
“വൈശു നീ വെറുതെ അവളെ ന്യായീകരിക്കാൻ നിക്കാതെ വരാൻ നോക്ക്.” വൈശാഖ് മുന്നോട്ട് നടന്നതും ഒന്നും മിണ്ടാതെ അവളും പുറകെ നടന്നു..
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ വൈശാഖിന്റെ മനസ്സ് നിറയെ പഴയ കാലമായിരുന്നു..
ദിവ്യയും വൈശാഖും പ്രവീണും ഒരേ നാട്ടുകാർ ആണ്. ദിവ്യയും പ്രവീണും നല്ല നിറവും കാണാൻ സൗന്ദര്യവും ഉള്ളവരായിരുന്നു..എന്നാൽ വൈശാഖ് നന്നായി കറുത്തിട്ടായിരുന്നു..കുഞ്ഞുനാൾ മുതൽ നിറത്തിന്റെ പേരിൽ അവൻ ഒരുപാട് കളിയാക്കപ്പെട്ടിട്ടും ഉണ്ട്.
ദിവ്യയെ വൈശാഖിന് ഇഷ്ടമായിരുന്നെങ്കിലും തുറന്നു പറഞ്ഞാൽ അവളും തന്നെ കളിയാക്കുമോ എന്ന് പേടിച്ച് അവന്റെ ഇഷ്ടം അവൻ മനസിലൊളുപ്പിച്ചു.
എന്നാൽ അത് മനസ്സിലാക്കിയ പോലെ ദിവ്യ അവനെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു.
ആദ്യം അത്ഭുതമാണ് വൈശാഖിനു തോന്നിയത്.കാരണം പ്രവീൺ അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയിരുന്നു..അത് വൈശാഖിനും അറിയാവുന്ന കാര്യമാണ്..അവനെ പോലൊരാളെ വേണ്ടെന്ന് വെച്ചിട്ടാണ് ദിവ്യ തന്നെ പ്രണയിക്കുന്നത്. വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് ആയിരുന്നു..
പക്ഷെ അവളുടെ സ്നേഹം സത്യമെന്ന് തെളിയുകയായിരുന്നു പിന്നീടങ്ങോട്ട്.
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി..
വൈശാഖും ദിവ്യയും പരസ്പരം പിരിയാൻ കഴിയാത്ത വണ്ണം പ്രണയിച്ചു..
അത് മനസിലാക്കിയാവണം പ്രവീൺ പിന്നെ ദിവ്യയെ ശല്യപ്പെടുത്താൻ വന്നില്ല..
“എന്താടി അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.”
“അത് വൈശാഖേട്ടാ…ഞായറാഴ്ച എന്നെ കാണാനൊരു കൂട്ടർ വരുന്നുണ്ട്.”
“എന്നിട്ട് ഇപ്പോഴാണോ പറയുന്നത്..ഇപ്പോൾ വിവാഹം വേണ്ട എന്ന് നീ പറഞ്ഞതുകൊണ്ടല്ലേ ഞാൻ വീട്ടിൽ സംസാരിക്കാത്തത്..എന്തായാലും നാളെ തന്നെ ഞാൻ അമ്മയേയും കൂട്ടി വീട്ടിൽ വരാം..”
“അത്..അത് വേണ്ട ഏട്ടാ…”
“വേണ്ടേ…എന്താണ് കാര്യം..വീട്ടിൽ അറിഞ്ഞോ നമ്മുടെ കാര്യം..അച്ഛൻ നിന്നെ ഉപദ്രവിച്ചോ…വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ വേണ്ടെടി..നമുക്ക് ഒരുമിച്ച് ജീവിക്കാൻ ആരുടെയും സമ്മതം വേണ്ട..”
“അതല്ല..നമ്മൾ തമ്മിൽ വിവാഹം കഴിച്ചാൽ ശരിയാവില്ല..”
“ശരിയാവില്ലേ…എന്താ കാര്യം..” ഉള്ളിലുണ്ടായ ഞെട്ടൽ മറച്ചുവെച്ച് വൈശാഖ് ചോദിച്ചു..
“കാര്യമൊന്നും ഇല്ല…ശരിയാവില്ല… അത്രേയുള്ളൂ…” ദിവ്യ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ ബലമായി അവളെ പിടിച്ചു നിർത്തി.
“കാര്യം പറഞ്ഞിട്ട് നീ പോയാൽ മതി..” അവന്റെ ദേഷ്യം കണ്ടതും പേടിയോടെ അവൾ പുറകിലേക്ക് നീങ്ങി..
“പറയെടി..”
“വൈശാഖേട്ടാ…നമ്മൾ തമ്മിൽ വിവാഹം കഴിച്ചാൽ..”
“കഴിച്ചാൽ….”
“നമുക്ക് ജനിക്കുന്ന കുഞ്ഞും ഏട്ടനെ പോലെ കറുത്തുപോകും.”
ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്നുപോലും അവൻ ആഗ്രഹിച്ചു പോയി..
അവൾ നടന്നു നീങ്ങുമ്പോഴും തറഞ്ഞു നിൽക്കുകയായിരുന്നു വൈശാഖ്..
പൂർണമായും തകർന്നു പോയ വൈശാഖിനെ അമ്മയും ബന്ധുക്കളുമൊക്കെ നിർബന്ധിച്ചായിരുന്നു ദുബായിലേക്ക് വിട്ടത്. അധികം താമസിക്കാതെ ദിവ്യയുടെയും പ്രവീണിന്റെയും വിവാഹം കഴിഞ്ഞു..
പതിയെ പഴയതൊക്കെ മറക്കാൻ വൈശാഖ് ശ്രമിച്ചു തുടങ്ങി..പിന്നെ അമ്മയുടെ നിർബന്ധം കാരണം അമ്മാവന്റെ മകളെ വിവാഹം കഴിച്ച് കൂടെ കൊണ്ടുപോയി..വൈശാഖിനെ ജീവന് തുല്യം സ്നേഹിക്കുന്നവളാണ് വൈഷ്ണവി…അവളോടൊപ്പം അവൻ പുതിയ ജീവിതം തുടങ്ങി.. ഒരു മോൻ ജനിച്ചു..
അമ്മ പറഞ്ഞ് ദിവ്യക്കും പ്രവീണിനും കുഞ്ഞുങ്ങൾ ഇല്ലെന്ന് അവൻ അറിഞ്ഞു.
രണ്ട് മാസത്തെ ലീവിന് നാട്ടിലേക്ക് വന്നതാണ് വൈശാഖും വൈഷ്ണവിയും മോനും..അപ്പോഴാണ് വർഷങ്ങൾക്ക് ശേഷം ദിവ്യയെ കാണുന്നത്…
**********
കോളിങ് ബെൽ കേട്ട് വൈശാഖാണ് വാതിൽ തുറന്നത്. മുന്നിൽ നിൽക്കുന്ന പ്രവീണിണെ കണ്ടതും അവനു ദേഷ്യം തോന്നി..എങ്കിലും അവനത് പുറമെ കാണിച്ചില്ല.
“പ്രവീണൊ…താനെന്താ ഇവിടെ..” താല്പര്യം ഇല്ലാത്ത രീതിയിൽ വൈശാഖ് ചോദിച്ചു.
“നീ വന്നിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞു..അമ്പലത്തിൽ വെച്ച് കണ്ടില്ലേ..അപ്പൊ പിന്നെ ഞാനും കൂടി ഒന്ന് കാണാമെന്നു കരുതി.”
വൈശാഖിന്റെ അനുവാദം ചോദിക്കാതെ തന്നെ പ്രവീൺ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.
“പ്രവീണിന് എന്താ വേണ്ടത്..” ദേഷ്യത്തോടെ തന്നെ വൈശാഖ് ചോദിച്ചു.
“എനിക്ക് തന്നോട് കുറച്ചു സംസാരിക്കണം..ദിവ്യയെ പറ്റി..”
“എനിക്ക് അവളെ പറ്റി ഒന്നും കേൾക്കാൻ താല്പര്യം ഇല്ല..”
“എങ്കിൽ നിന്റെ അമ്മയെ പറ്റി പറയാം.”
പ്രവീൺ പറയുന്നത് മനസിലാകാതെ വൈശാഖ് അവനെ നോക്കി..
“നിന്റെ അമ്മയെ പറ്റി നിനക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. പക്ഷെ അതിൽ ഇടക്ക് ദിവ്യയും വരും.. നീ അതൊന്ന് ക്ഷമിച്ചേക്കണം.
നീ അറിയും മുന്പേ എനിക്ക് ദിവ്യയെ അറിയാം..നീ ഇഷ്ടപ്പെടും മുൻപേ എന്റെ മനസ്സിൽ കയറിക്കൂടിയവളാ ദിവ്യ..എന്നിട്ടും അവൾക്ക് നിന്നെ ആണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ മാറിപോയവനാ ഞാൻ…നീ എന്നും അവളുടെ കൂടെ ഉണ്ടാകുമെന്ന് കരുതി…പക്ഷെ എനിക്ക് തെറ്റി….”
“ഞാനെന്നും കൂടെ ഉണ്ടാകുമായിരുന്നു. അത് അവൾക്ക് ആവശ്യം ഉണ്ടായിരുന്നില്ല..നിന്നോളം സൗന്ദര്യമൊന്നും എനിക്കില്ലല്ലോ..” പുച്ഛത്തോടെ വൈശാഖ് പറഞ്ഞു..
“നിനക്ക് അവളെ മനസ്സിലായിട്ടില്ല വൈശാഖ്. അവളൊരിക്കലും അങ്ങനെ പറയില്ല..അവളെ കൊണ്ട് പറയിപ്പിച്ചതാണ് നിന്റെ അമ്മ.”
“പ്രവീൺ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുത്..” ദേഷ്യത്തോടെ വൈശാഖ് പ്രവീണിന് നേരെ വിരൽ ചൂണ്ടി.
“ഞാൻ പറഞ്ഞത് സത്യമാണ്. അവളോട് നിന്നെ മറക്കാനും നിന്നോട് അതുപോലൊക്കെ പറയാനും നിന്റെ അമ്മ തന്നെയാണ് പറഞ്ഞത്. ഇല്ലെങ്കിൽ ആ. ത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ആ പാവം പെണ്ണിന് വേറെ വഴിയുണ്ടായിരുന്നില്ല.
നിന്റെ അമ്മക്ക് നീ ആങ്ങളയുടെ മോളെ വിവാഹം കഴിക്കണമായിരുന്നു..നിന്നോട് പറഞ്ഞാൽ നീ സമ്മതിക്കില്ലെന്ന് അറിയാം..അതിനവർ ദിവ്യയെ ഉപയോഗിച്ചു.
എന്റെയും ദിവ്യയുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചതാണ്. കല്യാണത്തിന് മുൻപ് അവൾ എല്ലാം എന്നോട് തുറന്നു പറഞ്ഞു…ഒരുക്കലും എന്നെ അവൾക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞു..പക്ഷെ കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു…ഒരു ജന്മം മുഴുവൻ..
നിനക്ക് അറിയോ വൈശാഖ്….ഞാനിന്നും അവൾക്കായി കാത്തിരിക്കുകയാണ്..ഭാര്യ ഭർത്താക്കന്മാരായി ഞങ്ങൾ ഇതുവരെയും ജീവിച്ചിട്ടില്ല.. പിന്നെ എങ്ങനെയാണ് ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്…
നിന്റെ അമ്മ എല്ലാവരോടും പറഞ്ഞു നടക്കുന്നത് എന്താണെന്ന് അറിയോ
നിന്നെ ചതിച്ചതുകൊണ്ടാണ് അവൾക്ക് കുട്ടികൾ ഉണ്ടാകാത്തതെന്ന്..
എന്റെ ദിവ്യയെ എനിക്ക് അറിയാം..ഇന്നല്ലെങ്കിൽ നാളെ അവൾ എന്റേത് മാത്രമാകും… ഇല്ലെങ്കിലും മരണം വരെ ഞാൻ അവളുടെ കൂടെ ഉണ്ടാകും..പക്ഷെ നീയോ നിന്റെ വീട്ടുകാരോ ഇനി അവളെ വേദനിഒപ്പിച്ചാൽ…..”
ഒരു താക്കീതെന്നവണ്ണം പറഞ്ഞ ശേഷം അവൻ പുറത്തേക്കിറങ്ങി പോയി..
വൈശാഖിന്റെ നിറഞ്ഞ കണ്ണുകൾ ചെന്ന് നിന്നത് അമ്മയിലാണ്..അവരുടെ മുഖത്തെ പതർച്ച പ്രവീൺ പറഞ്ഞതെല്ലാം സത്യമാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.
“നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്. അവൻ പറഞ്ഞതൊക്കേ നീ വിശ്വസിച്ചോ…നീ കുടുംബമായി സുഖമായി ജീവിക്കുന്നത് അവൾക്കും അവനും സഹിക്കുന്നില്ല..അതാ ഇങ്ങനെ ഒരോ കള്ളങ്ങൾ പറയുന്നത്.”
വൈശാഖ് നേരെ വൈഷ്ണവിയുടെ മുന്നിൽ ചെന്നു നിന്നു..
“പ്രവീൺ പറഞ്ഞിട്ട് പോയതെല്ലാം സത്യമാണോ..”
“നിനക്കെന്താ ഞാൻ പറയുന്നത് വിശ്വാസം ഇല്ലേ…”
“ഞാൻ അമ്മയോടല്ല എന്റെ ഭാര്യയോടിണ് ചോദിച്ചത്..”
“അങ്ങോട്ട് പറഞ്ഞു കൊടുക്ക് മോളെ അവൻ പറഞ്ഞതൊക്കെ കള്ളമാണെന്ന്.”
“പറ വൈഷ്ണവി…എനിക്ക് സത്യം അറിയണം..” അമ്മയെ തറപ്പിച്ചു നോക്കി കൊണ്ട് അവൻ വൈഷ്ണവിയോട് ചോദിച്ചു..
“സ.. സത്യമാണ്…”
പ്രതീക്ഷിച്ചതാണെങ്കിലും അവളുടെ വായിൽ നിന്നും കേട്ടപ്പോൾ അവൻ ഞെട്ടലോടെ അവളെ നോക്കി…
“എല്ലാവരും കൂടി പറഞ്ഞു കൊതുപ്പിച്ചതാ വൈശാഖേട്ടൻ എന്റെ ആണെന്ന്…. മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ തോന്നിയില്ല..അതുകൊണ്ടാ അപ്പച്ചിയുടെ കൂടെ നിന്നത്…പക്ഷെ വിവാഹ ശേഷമാണ് നിങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ ആഴം മനസ്സിലായത്..അന്നുമുതൽ ചെയ്തുപോയ തെറ്റ് ഓർത്ത് ഉരുകി കഴിയുകയായിരുന്നു ഞാൻ…”
“മതി… ഇനി നീ എന്ത് ന്യായീകരണം പറഞ്ഞാലും എന്നോട് ചെയ്തത് ഞാൻ ഒരിക്കലും ക്ഷമിക്കില്ല വൈഷ്ണവി…നമുക്ക് പിരിയാം…”
“വൈശാഖ….നീ എന്തൊക്കെയാ പറയുന്നത്..” അമ്മ പേടിയോടെ അവനെ നോക്കി.
“മിണ്ടരുത് നിങ്ങൾ..നിങ്ങളെ അമ്മേ എന്ന് വിളിക്കാൻ പോലും എനിക്കിപ്പോ തോന്നുന്നില്ല…എല്ലാം ഞാൻ വന്ന് പറഞ്ഞതല്ലേ….അവളെനിക്ക് ആരാണെന്ന് അറിയാമായിരുന്നില്ലേ നിങ്ങൾക്ക്…അവളെന്നെ വേണ്ടെന്ന് പറഞ്ഞ ദിവസം നിങ്ങളുടെ മടിയിൽ കിടന്നില്ലേ ഞാൻ പൊട്ടി കരഞ്ഞത്…അപ്പൊ നിങ്ങളുടെ പ്ലാൻ വിജയിച്ചതോർത്ത് സന്തോഷിക്കുകയായിരുന്നല്ലേ നിങ്ങൾ..”
“മോനെ…ഞാൻ….”
“വേണ്ട…ഇനി നിങ്ങൾ എന്നോടൊന്നും പറയണ്ട..വൈഷ്ണവി…. നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം…എനിക്ക് എതിരെ കേസ് കൊടുക്കാം നഷ്ടപരിഹാരം ചോദിക്കാം… എന്തും ചെയ്യാം…നിന്നോടൊപ്പം ജീവിക്കാൻ ഇനി എനിക്ക് പറ്റില്ല..”
“ചെയ്തുപോയ തെറ്റിനുള്ള ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്..എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ ഇവിടുന്ന് ഇറങ്ങി തരാം…വൈശാഖേട്ടൻ ഡിവോഴ്‌സിനു കേസ് കൊടുത്തോളു….പക്ഷെ ഞാൻ കാത്തിരിക്കും…എന്റെ തെറ്റ് ക്ഷമിച്ചു വൈശാഖേട്ടൻ എന്നെങ്കിലും എന്നെ തിരികെ വിളിക്കും എന്ന പ്രതീക്ഷയോടെ…”
അവൾ അകത്തേക്ക് പോയതും ഒന്നും മിണ്ടാതെ വൈശാഖ് പുറത്തേക്ക് ഇറങ്ങി നടന്നു..
കണ്മുന്നിൽ സ്വന്തം മകന്റെ ജീവിതം തകർന്നു വീഴുന്നത് കണ്ടുനിൽക്കാനേ ആ സ്ത്രീക്ക് കഴിഞ്ഞുള്ളു….

