അവൾ അമ്മയോടും അച്ഛനോടും അനിയനോടും അനിയത്തിയോടും ഒക്കെ നല്ല കൂട്ടായ് കഴിഞ്ഞു

നീലമേഘം
STORY WRITTEN BY AMMU SANTHOSH
======================

“നിനക്ക് കുറച്ചു കൂടെ മാച്ച് ആയ ഒരു പെണ്ണിനെ കിട്ടിയേനെ “

ഗൾഫിൽ ഉണ്ടായിരുന്ന കൂട്ടുകാരൻ അവധിക്ക് വന്നപ്പോൾ വീട്ടിൽ വന്നതാണ്. എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വരികയാണവൻ. ഞാനും അവനും സ്കൂൾ കാലം മുതൽ ഒന്നിച്ചായിരുന്നു. ഫോട്ടോ ഒക്കെ ഞാൻ അയച്ചു കൊടുത്തായിരുന്നു

“എടാ ഇത് കിട്ടിയത് തന്നെ ഭാഗ്യം. ഇപ്പോൾ പെൺപിള്ളേർ ഒക്കെ കല്യാണം വേണ്ടന്ന് വെച്ചു ജീവിക്കുവല്ലേ” ഞാൻ പറഞ്ഞു

“അതും ശരിയാ. എന്നാലും.. നിനക്ക് കുറച്ചു കൂടി ഭംഗി ഉള്ള ഒന്ന് മതിയാരുന്നു. പിള്ളേർ കറുത്ത് പോകുമെടാ “

ഒന്ന് പോടാ എന്ന് പറഞ്ഞു ഞാൻ അവനെ യാത്ര ആക്കിയെങ്കിലും അന്ന് ആദ്യമായി ഞാൻ അവളെ എന്നോട് ചേർത്ത് ഒന്ന് വായിച്ചു നോക്കി

ഞാൻ നല്ല വെളുപ്പാണ്

ലോകത്തെല്ലായിടവും വെളുപ്പിന് ഒരു പ്രത്യേക ഡിമാൻഡ് ഉണ്ടല്ലോ

സുന്ദരനാണ്

പെണ്ണ് കറുപ്പാണ്.

എനിക്ക് ആ കറുപ്പിൽ പ്രത്യേകിച്ച് ഇത് വരെ ഒന്നും തോന്നിയതുമില്ല

ബന്ധുക്കൾ ആരൊക്കെയോ കുറ്റം പറഞ്ഞു

അത് അത്ര mind ചെയ്തില്ല

ഇപ്പോൾ പക്ഷെ അവൻ അങ്ങനെ പറഞ്ഞപ്പോ. ഒരു വല്ലായ്മ

ഉണ്ടാകുന്ന മക്കൾ  കറുത്ത് പോകുമത്രേ

എനിക്ക് എന്തോ ഉള്ളിൽ ഒരു കരട് വീണ പോലെ

കല്യാണം കഴിഞ്ഞു ഒരു മാസം തികഞ്ഞില്ല

അവൾ അമ്മയോടും അച്ഛനോടും അനിയനോടും അനിയത്തിയോടും ഒക്കെ നല്ല കൂട്ടായ് കഴിഞ്ഞു

ഒരാൾക്ക് ഇത്രയും പെട്ടെന്ന് ഇത്രയും പേരുടെ മനസ്സ് കവരാൻ പറ്റുമോ?

സാധാരണ വൈകുന്നേരങ്ങളിൽ വൈകിട്ട് സീരിയൽ കണ്ട് നേരം കളയുന്ന അമ്മയും മൊബൈൽ നോക്കി മുറിയിൽ ഇരുന്ന് നേരം കളയുന്ന അനിയനും അനിയത്തിയും ഇപ്പോൾ സന്ധ്യ പ്രാർത്ഥന നടത്തി അവൾക്ക് ഒപ്പം ഇരിക്കുന്നു. അവരുടെ പഠിത്തത്തിൽ അവൾ സഹായിക്കും
ഇടക്ക് ചിരി ഉയർന്നു കേൾക്കാം.

ചേച്ചി ഭയങ്കര കോമഡി ആണെന്ന് അനിയത്തി പറയുന്നത് കേൾക്കാം

എന്നോട് അങ്ങനെ കോമഡി ഒന്നും പറയാറില്ല

പി എസ് സി എക്സാം വരുന്നത് കൊണ്ടു രാത്രി മുഴുവൻ പഠിക്കും

ഞാൻ ഉറങ്ങുന്നത് കൊണ്ടു ഹാളിൽ ആണ് പഠിത്തം

എന്നോട് ഒരുപാട് സംസാരിച്ചു തുടങ്ങിയില്ല

എന്നേ പേടി വല്ലോമുണ്ടോ ആവോ

പോലീസ് ആണെന്ന് പറഞ്ഞപ്പോൾ ആദ്യം ഈ ആലോചന അവർ വേണ്ടന്ന് വെച്ചതായിരുന്നു

ജാതകം അസ്സലായി ചേരും എന്നുള്ളത് കൊണ്ടാണ് നടത്തിയത്. എനിക്ക് പിന്നെ നല്ല ഒരു ചതി കിട്ടി ജീവിതം കോഞ്ഞാട്ട ആയിടത്തു നിന്ന് ഒന്ന് തിരിച്ചു പിടിച്ചു കൊണ്ടു വന്ന സമയം ആയിരുന്നു. ആരാണെങ്കിലും സാരമില്ല എന്നുള്ള രീതി ആയിരുന്നു

ഇപ്പോൾ കൂട്ടുകാരൻ ഉള്ളിലേക്ക് ഇട്ട കരട് ഉള്ളിൽ ചെറിയ മുള്ളായി വന്ന് കുത്തി തുടങ്ങി

“കഴിക്കാൻ വിളിക്കുന്നുണ്ട് “

അവൾ വന്ന് പറഞ്ഞു

ഒന്ന് മൂളിയതേയുള്ളു

“വിളമ്പി വെക്കട്ടെ “

“ആ “

തിരിച്ചു പോകാൻ തുടങ്ങിയ അവൾ ഒന്ന് നിന്നു

“എന്തെങ്കിലും അസ്വാസ്ഥത ഉണ്ടോ മനസിന്‌?”

സത്യത്തിൽ ഞാൻ ഞെട്ടി

“ഹേയ് ഇല്ല “

ഒരുവിധത്തിൽ പറഞ്ഞു

“ശരീരത്തിനോ?”

“ഒന്നുല്ല.”

അവൾ പോയി

അവൾക്ക് എന്തെങ്കിലും തോന്നിക്കാണുമോ?

ശേ

ഓരോരുത്തരും പറയുന്ന കേട്ട് ചുമ്മാ

അവളോട് എങ്ങനെ ഇണങ്ങി തുടങ്ങണമെന്ന് ഒരു പിടിയും കിട്ടുന്നില്ല

ഞാൻ പതിയെ കഴിക്കാൻ ചെന്നു ഇരുന്നു

എല്ലാവരും ഉണ്ട് കഴിക്കാൻ

മുൻപ് അത് ഇങ്ങനെ ആയിരിന്നില്ല

പലരും പല സമയം

ഇപ്പോൾ ഒക്കെ മാറി

ഭക്ഷണം കഴിഞ്ഞു അവൾ പുസ്തകം എടുക്കാൻ മുറിയിൽ വന്നപ്പോൾ അടുത്ത് ചെന്നു

വിയർക്കുന്നുണ്ട്

ഫാൻ ഇട്ടു അവൾ

“മായ..പ്രിപേർ ചെയ്തു കഴിഞ്ഞോ “

എങ്ങനെയോ ചോദിച്ചു

കണ്ണുകൾ…

അവളുടെ കണ്ണുകൾ ഒരു നിമിഷം എന്റെ കണ്ണിൽ തങ്ങി നിന്നു

കടലിന്റെ ആഴമുള്ള കണ്ണുകൾ

എന്റെ നല്ല ജീവൻ പോയി

“കഴിഞ്ഞില്ല “

“ആ “

വേഗം കട്ടിലിൽ പോയി കിടന്നു കണ്ണുകൾ അടച്ചു

അവൾക്കല്ല എനിക്കാണ് പേടി

ഒരു പെണ്ണിനെ സ്നേഹിച്ച സമയം ഒന്നും ഈ പേടി ഇല്ലായിരുന്നു

വളരെ കൂൾ ആയിരുന്നു

വിദേശത്ത് ജോലി ഉള്ളു ഒരു ആലോചന വന്നപ്പോൾ അവൾ നൈസ് ആയിട്ട് പോയി. ആ കുറ്റബോധം വല്ലോം ഉള്ളിലുണ്ടാവുമോ ആവോ

ഒരു ഉറക്കം കഴിഞ്ഞു കാണും

നെറ്റിയിൽ അമരുന്ന തണുത്ത വിരലുകൾ

കണ്ണുകൾ അടച്ചു കിടന്നു

നെഞ്ചിൽ തൊട്ട് നോക്കുന്നു

പനി വല്ലോം ഉണ്ടോന്ന് ആണെന്ന് മനസിലായി

പുതപ്പ് എടുത്തു പുതച്ചു വീണ്ടും പുറത്തേക്ക് പോയി

കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി
സ്നേഹം ഉണ്ട് അവൾക്ക്…

അവളുടെ പരീക്ഷക്ക് എനിക്ക് ഡ്യൂട്ടിയായിരുന്നു

അവൾ തനിച്ചു പോയി

വിളിക്കാൻ ചെന്നപ്പോൾ ആളില്ല ബസിൽ പോരുന്നുവത്രേ

വീട്ടിൽ എത്തി മുന്നിൽ ചെല്ലുമ്പോ എന്താ എന്നുള്ള ഭാവം

“പരീക്ഷ എങ്ങനെ?”

“ജോലി കിട്ടും “

ഉറപ്പോടെ പറയുന്ന ചുണ്ടുകൾ

എന്ത് ഭംഗിയാ ഈ ശബ്ദം

ഓർത്തു പോയി

“അത്.. പിന്നെ…എനിക്ക് ഇന്ന് നൈറ്റ്‌ ആണ് “

അവൾ തലയാട്ടി

“വേണേൽ മാറ്റി എടുക്കാം “

“എന്തിന്?”

അവൾ തുണികൾ എടുത്തു കഴുകാൻ പോയി

അവൾ വരുന്നത് വരെ അവിടെ ഇരുന്നു

“എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ?”

വന്നപ്പോൾ ചോദിച്ചു

“ഇല്ല “

“പേടിയാണോ?”

“ഒട്ടുമില്ല “

“സ്നേഹം…ഉണ്ടോ?”

“ഉണ്ട് “

“എങ്കിൽ ഒരുമ്മ തരാമോ “

കാൽ മടമ്പിൽ ഉയർന്നു കവിളിൽ ഒരുമ്മ

“ഞാൻ ഒന്ന് തന്നോട്ടെ “

സമ്മത ഭാവം

നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ, അമർത്തി ചുംബിക്കുമ്പോൾ പെണ്ണ് ഒരു നീലമേഘം ആയി കഴിഞ്ഞു

അത് അങ്ങനെ പെയ്തു തുടങ്ങി

അതിൽ ഞാൻ നനഞ്ഞു കുതിർന്നു

മേഘം പോലൊരു പെണ്ണ്..

അഭിനയമില്ല

പഞ്ചാര വർത്തമാനം ഇല്ല

കൊഞ്ചൽ ഇല്ല

പരിഭവമോ വാശിയോ ഇല്ല

പ്രണയത്തിന്റെ മഴ അവളുടെ ഉള്ളിലുണ്ട്

എപ്പോഴും പെയ്യാൻ ഒരുക്കമുള്ള പ്രണയത്തിന്റെ മഴ വഹിക്കുന്നവൾ

അതാണ് അവൾ..

കറുപ്പിലും വെളുപ്പിലും ഒന്നുമല്ല മനുഷ്യൻ അടിമപ്പെട്ടു പോകുക

അവൻറെ ഉള്ളിനെ തൊടുന്ന സ്നേഹത്തിലാണ്..

അത് തന്നോട് മാത്രം അല്ല

തന്നെ ചുറ്റി നിൽക്കുന്ന എല്ലാത്തിനോടും അവൾ സ്‌നേഹിക്കുമ്പോൾ തനിക്ക് അവളോട് തോന്നുന്നത് വെറും സ്നേഹം മാത്രം അല്ല

ഒരു ആയുസ്സിന്റെ അടുപ്പം കൂടെയാണ്

ആ കരിനീല കണ്ണുകളോടെ അടിമയാണ് ഇന്ന് ഞാൻ..

ആ നീല മേഘത്തിന്റെ ആകാശമാണ് ഞാൻ..

എന്റെ എല്ലാമാണ് ആ മേഘം ♥️