ഒറ്റ നക്ഷത്രം ~ അധ്യായം 01, എഴുത്ത്: മയിൽപീലി

താളമേളങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. അച്ഛന് നിർബന്ധിച്ചത് കൊണ്ട് മാത്രം കൂട്ടിനു ആ കല്യാണത്തിന് വന്നതാണ് അർജുൻ . വരാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛന് തലകറക്കം വരാറുള്ളതാണ്. അത് കൊണ്ട് തന്നെ അമ്മ നിർബന്ധം പിടിച്ചു.അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കല്യാണമാണ്. വന്നേ പറ്റു എന്ന് വീട്ടിൽ വന്നു ക്ഷണിക്കുകയും ചെയ്തു. അച്ഛനെയും തന്നെയും മുനിരയിൽ തന്നെ ഇരുത്തി. ആദ്യമായിട്ടാണ് ഇങ്ങനെ.. ഒരു കൂലിപ്പണിക്കാരനായ തന്നെ ആരും വില വെയ്ക്കാറുമില്ല ബഹുമാനിക്കാറുമില്ല.

“എന്തെങ്കിലും പ്രശ്നം ഉണ്ടോ? മുഹൂർത്തം ആയല്ലോ “

ആരോ പറഞ്ഞു

“ചെറുക്കൻ വന്നിട്ടില്ല “

” ആൾക്കാർ ഒക്കെ വന്നല്ലോ “

അച്ഛന്റെ കൂട്ടുകാരൻ എന്ന് പറയുന്ന ആള് നെഞ്ചിൽ കൈ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

“പാവം . ഒന്നാമത് മൂക്കറ്റം കടത്തിൽ ആണ്. ആ പെണ്ണിന്റെ നിർബന്ധം കൊണ്ട ഇപ്പൊ ഈ കല്യാണത്തിന് തന്നെ ഒരുങ്ങിയത്.. കൂടിയ ഏതോ വീട്ടിലെ ചെക്കനെയാണ് പ്രേമിച്ചത്.. അവര് സമ്മതിച്ചോന്നുമില്ല.”

അർജുൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു

“ആ ചെറുക്കനും കൂട്ടുകാരും കൂടി വരാമെന്ന് പറഞ്ഞു ഉറപ്പിച്ചത. മുങ്ങിക്കാണും.. കഷ്ടം തന്നെ “

അർജുൻ ഇതൊക്കെ അച്ഛൻ കേൾക്കുന്നുണ്ടോന്ന് നോക്കി

അച്ഛൻ സീറ്റിൽ ഇല്ല

അവൻ വെപ്രാളത്തിൽ അവിടെയിവിടെ ഒക്കെ നോക്കി

സ്റ്റേജിൽ കൂട്ടുകാരന്റെ അടുത്ത് അച്ഛൻ നിൽക്കുന്ന കണ്ട് അവനു ആശ്വാസം ആയി

“എടാ.. ഞാൻ എങ്ങനെ ആൾക്കാരുടെ മുഖത്ത് നോക്കും.. എങ്ങനെ ഞാൻ ഇനി..”

രവീന്ദ്രൻ പൊട്ടിക്കരഞ്ഞു

” വല്ല വി. ഷവും കുടിച്ചു ചാ. കും ഞാൻ…”

രാധാകൃഷ്ണനു അയാളെ ചേർത്ത് പിടിക്കാൻ തോന്നി

തനിക്കും ഉണ്ട് ഒരു മോള്‌

കല്യാണം കഴിഞ്ഞു

എന്നാലും…

പാവം

“ഞങ്ങള് നിൽക്കണോ. പോണോ.?”

ആരോ കളിയാക്കി ചോദിക്കുന്നു

കൂട്ടച്ചിരി

രവീന്ദ്രൻ നെഞ്ചു തടവി

“എല്ലാരോടും പറഞ്ഞേക്കാം. ചെക്കൻ വരില്ലെന്ന്.. എനിക്ക് ഇനിയൊരു കല്യാണം. കാണാൻ പറ്റുമോന്ന് തോന്നുന്നില്ലടാ.ക്യാൻസറിന്റെ നാലാമത്തെ സ്റ്റേജിൽ കൂടിയ കടന്ന് പോകുന്നത്. അത് കൊണ്ട് മാത്രം ആണ് അന്യമതത്തിൽ പെട്ട ഒരുത്തനെ സ്നേഹിച്ചിട്ടും സമ്മതിച്ചത്.. ഒരു കല്യാണം ആയിട്ട് കാണണം. അത്രേ ഉള്ളു “

“അവന്റെ വീട് എവിടെയാ.. അങ്ങോട്ട് പോകാം “

“അവൻ ഇന്നലത്തെ രാത്രി തന്നെ പുറത്തേക്ക് പോയെന്ന്.. വീട്ടുകാർ അവനെ വിദേശത്ത് വിട്ടെന്ന്.നാട്ടുകാർ മുഴുവൻ അറിഞ്ഞു കഴിഞ്ഞു.. ഇനി എന്താ ചെയ്ക.. ഒന്നുമില്ല “

അയാൾ മൂക്കിൽ നിന്നും ഒഴുകി വന്ന രക്തം തുടച്ചു

“താൻ.. ഒന്ന് സമാധാനം ആയി ഇരിക്ക് “

രാധാകൃഷ്ണന്റെ കണ്ണ് അർജുനിൽ പതിഞ്ഞു

“എന്റെ മോൻ തന്റെ മോളെ കല്യാണം കഴിക്കട്ടെ..?ജോലി കൂലിപ്പണി ആണ്. സ്കൂൾ വരെ വിദ്യാഭ്യാസമുള്ളു. പഠിക്കാൻ മോശമായിരുന്നു.. നിനക്ക് ഇഷ്ടം ആണെങ്കിൽ..”

രാധാകൃഷ്ണൻ പറഞ്ഞു നിർത്തിയപ്പോൾ രവീന്ദ്രൻ അയാളെ കെട്ടിപിടിച്ചു

“ഇഷ്ടം ആണോന്നോ ഇനി ഒന്നും നോക്കാനില്ല.”

“മോളോട് ചോദിക്കണ്ടേ?”

“ഇനി ചോദ്യവും പറച്ചിലും ഇല്ല. നിനക്ക് മോനോട് ചോദിക്കണ്ടേ?”

“അവൻ ഞാൻ പറഞ്ഞാൽ.. പിന്നെ ങേഹേ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.. നീ ചെല്ല് “

രാധാകൃഷ്ണൻ പോയി. അയാൾ സ്വന്തം മകൻ അർജുനെ ഒന്ന് നോക്കി

ഇവന് മര്യാദക്ക് ഒരു പെണ്ണിനെ കിട്ടുമെന്ന് അയാൾക്ക് ഈ ജന്മം വിശ്വാസമില്ല.

അത്ര തങ്കപ്പെട്ട സ്വഭാവം ആണ്

ഇവിടെ ആർക്കും അവനെ അറിയില്ല. അത് ഭാഗ്യമായി

അയാൾ അർജുന്റെ അടുത്ത് ചെന്നു

“എടാ നീ ആ കൊച്ചിനെ കെട്ടണം. ആ ചെറുക്കന്റെ വീട്ടുകാർ പറ്റിച്ചു.. പാവം ഒരു കൊച്ചിന് ജീവിതം കൊടുക്കുന്നെന്ന് വിചാരിച്ച മതി”

“ദേ ത. ന്ത ആണെന്നൊന്നും നോക്കുകേല മുട്ട് കാലു ഞാൻ കേറ്റും..താൻ എന്തോ ത. ന്ത ആണെടോ. വല്ലോന്റേം വിഴുപ്പ് ഞാൻ ചുമന്നോളാൻ “

“പ്രേമം അല്ലെ.. സാരമില്ല ഒളിച്ചോടി പോയി പിടിച്ചോണ്ട് വന്നതൊന്നുമല്ലല്ലോ.”

“ആണ്..”

പുറകിൽ ഇരുന്ന ഒരു നീർക്കോലി

അർജുൻ തിരിഞ്ഞു

“എന്താ?”

“രണ്ടെണ്ണം കൂടി ഒളിച്ചോടി
റെയിൽവേ സ്റ്റേഷനിൽ വെച്ച് വീട്ടുകാർ പൊക്കി. പൊലിസായി. കേസ് ആയി.. ഒടുവിൽ ഇന്ന് കല്യാണം നടത്താമെന്നുള്ള തീരുമാനം ആയി. അവൻ മുങ്ങി. നിങ്ങൾ സ്ഥലം വിടാൻ നോക്ക്. ആ പെണ്ണിനെ കെട്ടുന്നതും പാണ്ടി ലോറിക്ക് തല വെക്കുന്നതും same “

അർജുൻ അച്ഛനെ നോക്കി

അയാളുടെ മുഖത്ത് ഒരു ചമ്മൽ

“വാ മോനെ വാ “

രവീന്ദ്രൻ വന്നു കൈയ് പിടിച്ചു

അവൻ കൂതറാൻ നോക്കി

വിടുമോ

സ്റ്റേജിൽ കൊണ്ട് നിർത്തി ഒരു ലഘു പ്രസംഗം

അവൻ ഓടാൻ വല്ല വഴിയുമുണ്ടോന്ന് നോക്കി

അച്ഛനെ നോക്കിയപ്പോൾ അച്ഛൻ ആകാശത്തോട്ട് നോക്കുന്നു

പെണ്ണ് വരുന്നു

അടുത്ത് ഇരിക്കുന്നു

താലി കെട്ടുന്നു…..

തുടരും……