വിഷ്ണു എന്നും അമ്മാളുവിനു ഉള്ളതാ..ആരൊക്കെ അവിടെ തടസം ആയി വന്നാലും അതൊന്നും ഒരു പ്രശ്നം അല്ല…..നിനക്ക് ഉള്ള അവകാശം കഴിഞ്ഞേ ഒള്ളു……ഇനി ഇമ്മാതിരി ലോടുക്ക് ചോദ്യവും ചോദിച്ചു പിന്നാലെ വന്നേക്കരുത്…”
പറഞ്ഞു പൂർത്തിയാക്കും മുന്നേ അവളൊന്നു ഉയർന്നു പൊങ്ങി വിഷ്ണുവിന്റെ അധരത്തിൽ ഒരു മുത്തം കൊടുത്തു.
എന്നിട്ട് അവന്റെ അരികിൽ നിന്നും വെളിയിലേക്ക് ഓടി
എന്താണ് ഇപ്പൊ സംഭവിച്ചത് എന്ന് അറിയാതെ അവൻ തരിച്ചു നിന്നു പോയിരിന്നു.
പോയ പോലെ തന്നെ പെണ്ണപ്പോൾ അവന്റെ അരികിലേക്ക് തിരിച്ചു ഓടി കേറി വന്നു..
“ഹ്മ്മ്…. എന്താ “
അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു.
“അവള് എങ്ങാനും വർത്താനം പറയാൻ വിളിച്ചാലു പോയേക്കരുത്,,, കുറച്ചു തിരക്ക് ഉണ്ടെന്ന് പറഞ്ഞു കേറി പോന്നോണം “
തിക്കും പോക്കും നോക്കി അമ്മാളു ശബ്ദം താഴ്ത്തി
“പൊന്നില്ലെങ്കിൽ നീ എന്താ കേസ് കൊടുക്കുമോ “
പെട്ടെന്നുള്ള വിഷ്ണുവിന്റെ ചോദ്യത്തിൽ അവൾ ഒന്നു പകച്ചു.
ഒന്നും മിണ്ടാതെ കൊണ്ട് അല്പസമയം അവനെ സൂക്ഷിച്ചു നോക്കി നിന്നു പോയി.
“എന്താടി”
“അവളോട് എന്തിനാ മിണ്ടുന്നേ.. ആ പെണ്ണ് ശരിയല്ല ഏട്ടാ.. അതോണ്ടാ “
“അമ്മാളു…. ചീപ്പ് ആയിട്ട് സംസാരിക്കരുത് കേട്ടോ നീയ്,ഇറങ്ങി ചെല്ലാൻ നോക്ക്, നേരം കുറേ ആയി, ഡിന്നർ കഴിഞ്ഞു വന്നു കിടക്കേണ്ടേ “
അവളെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം വിഷ്ണു ആദ്യം താഴേക്ക് ഇറങ്ങിപ്പോയത്.
ചെന്നപ്പോൾ താഴെ ആകെ ബഹളമായമാണ്. കുട്ടികളും,വേണിയും ഒക്കെ ചേർന്ന്.
മീരേടത്തിയുടെയും അമ്മയുടെയും മുഖത്ത് അത്ര തെളിച്ചമില്ലന്നു അവനു തോന്നി.
അച്ഛനും ഏട്ടനും കൂടി എന്തോ സംസാരിച്ചുകൊണ്ട് സെറ്റിയിൽ ഇരിപ്പുണ്ട്..
അമ്മാളുവിനെയും വിഷ്ണുവിനെയും കണ്ടതും കുട്ടികൾ എല്ലാവരും എഴുന്നേറ്റ് ഡൈനിങ് ടേബിളിന്റെ അരികിലേക്ക് വന്നു..
വേണിക്ക് ചപ്പാത്തിയും ഒരു വെജിറ്റബിൾ കുറുമയും ആയിരുന്നു,വിഷ്ണുവും, അച്ഛനും ഒക്കെ ദോശയാണ് കഴിച്ചത്. ബാക്കിയുള്ളവരൊക്കെ ചോറും കറികളും.
നോൺവെജ് എല്ലാവരും കഴിക്കുന്നത് കാണുമ്പോൾ അമ്മാളുവിന് ശർദ്ദിക്കാൻ വരുമായിരുന്നു, അതുകൊണ്ട് അവള്, അന്നും പതിവുപോലെ അല്പം മാറിയാണ് ഇരുന്നത്. വിഷ്ണുവിന്റെ ചെയറിന്റെ അടുത്തായി കിടന്ന ചെയറിലേക്ക് വേണി വന്നിരുന്നതും മാളുവിന്റെ മുഖം ഇരുണ്ടും.
പല്ലു ഞെരിച്ചു പിടിച്ച് അവൾ വേണിയെ ഒന്നു നോക്കി.
ദേഷ്യം കൊണ്ട് അമ്മാളുവിനെ വിറച്ചു.
പെട്ടെന്ന് തന്നെ എന്തൊക്കെയോ വാരിവലിച്ച് കഴിച്ച ശേഷം അവൾ അടുക്കളയിലേക്ക് പോയി.
അവളുടെ പോക്കും നടപ്പും ഒക്കെ, മറ്റാർക്കും പിടികിട്ടി ഇല്ലെങ്കിലും വിഷ്ണുവിന് മനസ്സിലായിരുന്നു.
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിച്ചു.
എന്തായാലും ഇനി അധികനാൾ വേണി ഇവിടെ കാണില്ല എന്നുള്ളത് അവൻ തീർച്ചപ്പെടുത്തി.
അമ്മാളു പറഞ്ഞതുപോലെ തന്നെ,ഭക്ഷണം ഒക്കെ കഴിച്ചശേഷം സിറ്റൗട്ടിൽ ഇരുന്ന വിഷ്ണുവിന്റെ അടുത്തേക്ക് വേണി മനപ്പൂർവ്വം ചെന്നു.
എന്നിട്ട് അവനോട് വെറുതെ ഓരോന്ന് സംസാരിച്ചുകൊണ്ട് അവൾ ഇരുന്നു.
ഏടത്തിയേയും സഹായിച്ചുകൊണ്ട് അടുക്കളയിൽ നിൽക്കുകയായിരുന്നു അമ്മാളു. അരികത്തായി ആരുവും മിച്ചവും ഉണ്ട്.
സ്കൂളിലെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുകയാണ് കുട്ടികൾ.
ആ സമയത്താണ് പ്രഭ അമ്മാളുവിന് ഫോൺ കൊണ്ടുവന്ന് കൊടുത്തത്.
മോളെ അമ്മയാണ് കേട്ടോ, നിന്നെ വിളിച്ചിട്ട് എന്തേ എടുക്കാഞ്ഞതെന്ന്?
ഫോണ് റൂമിൽ ഇരിക്കുകയായിരുന്നു അപ്പേ.. അതാണ് കേൾക്കാഞ്ഞത്.
പറഞ്ഞുകൊണ്ട് അവൾ ഫോൺ മേടിച്ച് കാതോരം ചേർത്തു.
കുടുംബ ക്ഷേത്രത്തിലെ ഉത്സവവും,പുനപ്രതിഷ്ഠയും ഒക്കെ നടക്കുകയാണ്.കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ,ഉത്സവത്തിന് കൊടിയേറും, ജാതകദോഷം മാറുവാനായി അമ്മാളുവിനോട് അവിടെ വന്ന് പ്രാർത്ഥിക്കണം എന്ന് പറയുവാനാണ് അമ്മ വിളിച്ചത്.
മൂന്ന് ദിവസം കുളിച്ച് നിർമ്മാല്യം
തൊഴുതു പ്രാർത്ഥിക്കണം എന്നും, അമ്മയ്ക്ക് അങ്ങനെ നേർച്ചയുണ്ടെന്നും ഒക്കെ പറയുന്നത് കേട്ടുകൊണ്ട് അമ്മാളു അനങ്ങാതെ നിന്നു.
വിഷ്ണു വീട്ടിലേക്ക് വിടുകയില്ല എന്നുള്ളത് അവൾക്ക് വ്യക്തമായിരുന്നു.
പിന്നെങ്ങനെ പോകും.നേർച്ച മുടക്കാനും പറ്റില്ല. അവൾ ആലോചനയോടുകൂടി അങ്ങനെ നിന്നു.
കുറച്ച് സമയം സംസാരിച്ച ശേഷം ഫോണ് പ്രഭയുടെ കയ്യിലേക്ക് മടക്കി കൊടുത്തുകൊണ്ട്,അമ്മാളു ഹോളിലേയ്ക്ക് ഇറങ്ങി ചെന്നു.
അപ്പോഴാണ് വെളിയിൽ നിന്നും വേണിയുടെ ഉറക്കെയുള്ള സംസാരവും ചിരിയും കേട്ടത്.
അമ്മാളു പതിയെ അവിടേക്ക് നടന്നു.
എന്തോ തമാശ പറഞ്ഞുകൊണ്ട് വിഷ്ണുവിന്റെ തോളിൽ അടിക്കുന്ന വേണിയെയാണ് അവൾ കണ്ടത്.
അതുകൂടി കണ്ടപ്പോൾ അവളെ വിറഞ്ഞു കയറി.
വേണിയുടെ തമാശ ആസ്വദിച്ചു കൊണ്ട്, ചിരിച്ച മുഖത്തോടെ അമ്മാളുവിന്റെ നേർക്ക് ആയിരുന്നു.
ഒന്നും പറയാതെ കൊണ്ട് അവൾ പെട്ടെന്ന് തന്നെ തിരികെ റൂമിലേക്ക് കയറിപ്പോന്നു..
എത്തിയ പാടെ അവൾ ഫോൺ എടുത്തു..
എന്നിട്ട് അമ്മയെ ഒരിക്കൽ കൂടി വിളിച്ചു.
അടുത്ത വെള്ളിയാഴ്ച ആണ് കോടിയേറ്റ്.അന്ന് വൈകുന്നേരം വീട്ടിലേക്ക് വരാൻ ആണ് അമ്മ അവളോട് പറഞ്ഞത്. എന്നിട്ട് ശനിയും ഞായറും തിങ്കളും നിർമ്മാല്യം തൊഴുതു തിരികെ വീട്ടിലേക്ക് പോരാമെന്നു ഒക്കെ അവർ അമ്മാളുവിനെ ധരിപ്പിച്ചു.
നോക്കട്ടെ അമ്മേ.. പറ്റുമോന്നു… വിഷ്ണുവേട്ടൻ എന്ത് പറയും ആവൊ
അങ്ങനെ പറഞ്ഞാൽ ഒക്കില്ല മോളെ…. നിനക്ക് ആയുർ ദോഷം വരെ മാറി പോകും, പുന പ്രതിഷ്ഠയുടെ മൂന്നു നിർമ്മാല്യം അടുപ്പിച്ചു തൊഴുതാല്..അറിയാല്ലോ കാര്യങ്ങൾ എല്ലാം.. നീ കൊച്ച് കുട്ടി ഒന്നും അല്ലാലോ മാളുവേ..
ഹ്മ്മ്… നോക്കട്ടെ..
അവൾ വീണ്ടും അത് തന്നെ ആവർത്തിച്ചു.
നീ വിഷ്‌ണുന്റെ കൈയിൽ ഫോൺ ഒന്നു കൊടുത്തേ… ഞാൻ പറയാം കാര്യങ്ങൾ ഒക്കെ.
വേണ്ടമ്മേ… ഞാൻ പറഞ്ഞോളാം, ഏട്ടൻ താഴെയാ… കേറി വന്നില്ല.
പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞതും വിഷ്ണുന്റെ മുന്നിലേക്ക്..
ഫോൺ അവളുടെ കൈയിൽ നിന്നും തട്ടി പറിച്ചു അവൻ കാതിലേക്ക് വെച്ചു.
” മനസ്സിലാകുന്ന ഭാഷയിൽ തന്നെ നീ വിഷ്ണുവിനോട് കാര്യങ്ങളൊക്കെ പറ മോളെ, ജാതക ദോഷം ഉള്ളതുകൊണ്ട് അല്ലേ, ഇല്ല ഒരു കുഴപ്പവുമില്ല, ഇതിപ്പോ അമ്മമ്മയും ഞാനും ഒക്കെ നേർന്നു നേർച്ചയാണ്, മൂന്നു ദിവസത്തെ കാര്യമല്ലേ ഉള്ളൂ നീ ഇങ്ങോട്ട് വന്ന് നിൽക്കൂ കേട്ടോ… വെള്ളിയാഴ്ച വന്നിട്ട് തിങ്കളാഴ്ച കാലത്തെ കോളേജിലേക്ക് പോയാൽ മതി,ഹെലോ അമ്മാളു.. കേൾക്കുന്നുണ്ടോ ” അമ്മാളുവിന്റെ മറുപടിയൊന്നും കേൾക്കാഞ്ഞപ്പോൾ അവർ വിചാരിച്ചു കട്ട് ആയെന്ന്.
ഉണ്ട്.. കേൾക്കുന്നുണ്ട് അമ്മേ… ഇവിടെ ഉണ്ട്…. വെച്ചില്ല..
വിഷ്ണുവിന്റെ അരികത്ത് നിന്നുകൊണ്ട് അമ്മാളു ഫോണിലൂടെ ഉറക്കെ മറുപടി പറഞ്ഞു.
ഹ്മ്മ്… ശരി ശരി… ഞാൻ വെച്ചേക്കുവാ… അച്ഛൻ വിളിക്കുന്നുണ്ട്.. നീ നാളെ തന്നെ വിളിച്ചു മറുപടി പറയണം കേട്ടോ, പറയാൻ ഇനി ഒന്നും തന്നെ ഇല്ല ഇങ്ങോട്ട് പോന്നാൽ മതി…
അമ്മ വെച്ചതും അമ്മളു വിഷ്ണുവിനോട് ഫോൺ മേടിച്ചു കൊണ്ട് ബെഡില്ക്ക് പോയിരുന്നു.
എവിടേക്ക് പോകുന്ന കാര്യമാണ് അമ്മ നിന്നോട് സംസാരിച്ചത്?
വിഷ്ണുവേട്ടന്റെ തിരക്കൊക്കെ കഴിയട്ടെ എന്നിട്ട് പറയാം
എനിക്ക് എന്താ തിരക്ക്? നീന്നോട് ചോദിച്ചതിന്റെ മറുപടി പറ അമ്മാളു
അവൻ കടുപ്പത്തിൽ അമ്മാളുവിനോട് പറഞ്ഞു.
” വേണിയോട്, കഥകളൊക്കെ പറഞ്ഞ് എന്തായിരുന്നു ഇത്രയും സന്തോഷം, ചെല്ല് ചെന്ന് അവളുടെ കൂടെ കിടന്നോ… അല്ല പിന്നെ…. “
ബെഡിലേക്ക് കയറി ചുരുണ്ട് കൂടി ഒരു പുതപ്പ് എടുത്ത് ദേഹത്തേക്ക് ഇട്ടു കഴിഞ്ഞിരുന്നു അവൾ അപ്പോൾ..
” നിന്റെ അമ്മയും ആയിട്ടുള്ള സംഭാഷണത്തെക്കുറിച്ച് ഒന്നും കൂടുതൽ ഒന്നും എനിക്കറിയേണ്ട, കാര്യം ഇല്ല, ആ ചോദ്യം തന്നെ ഞാൻ തിരിച്ചെടുത്തിരിക്കുന്നു, പക്ഷേ നിന്നോട് വന്നപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, കിടക്കുന്നതിനു മുന്നേ തന്നെ അതിന്റെ ആൻസർ കിട്ടണമെന്ന്, അതു പറഞ്ഞശേഷം മാത്രമേ ഇന്ന് നീ ഉറങ്ങുകയുള്ളൂ”
അവളുടെ ദേഹത്തെ പുതപ്പ് വലിച്ചെടുത്ത് അവൻ, ചുരുട്ടിക്കൂട്ടി ബെഡിന്റെ ഒരറ്റത്തേക്ക് ഇട്ടു.
എന്നിട്ട് അമ്മാളുവിനെ പിടിച്ചു എഴുനേൽപ്പിച്ചു ഇരുത്തിയിരുന്നു.
ഭാഗം 48
കട്ടിലിൽ എഴുന്നേറ്റു ഇരുന്ന ശേഷം കലിപ്പിച്ചു കൊണ്ട് അവൾ വിഷ്ണുവിനെ നോക്കി.
മുണ്ടും മടക്കി ഉടുത്തു കൊണ്ട് അവൻ അമ്മാളുവിന്റെ അടുത്തേക്ക് വന്നു നിന്നും.
“ആ സീനിയർ പയ്യൻ എന്തായിരുന്നു നിന്നോട് ഇത്രമാത്രം സംസാരിച്ചത്,”
” ഇപ്പൊ പറയാൻ മനസ്സില്ല, അല്ല പിന്നെ”
” അമ്മളു വെറുതെ കളിക്കരുത് കേട്ടോ,, എന്തെങ്കിലും ചോദിച്ചാൽ വ്യക്തമായ ആൻസർ എനിക്ക് കിട്ടിയിരിക്കണം, പറഞ്ഞില്ലെന്ന് വേണ്ട”
” ഓ പിന്നെ വലിയ കാര്യമായി പോയി, വിഷ്ണുവേട്ടൻ ഒന്ന് മാറിക്കെ എനിക്ക് കിടന്നുറങ്ങണം… “
” നീ ഉറങ്ങിക്കോ… ഉറങ്ങേണ്ട എന്ന് ഞാൻ പറഞ്ഞോ നിന്നോട്…ഇല്ലല്ലോ…പക്ഷേ ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറ..”
“ആരുഷ് ചേട്ടന് എന്നോട് കട്ട പ്രണയം ആണെന്ന്,കണ്ടപ്പോൾ മുതൽ പുള്ളിടെ മനസിന്റെ കോണിൽ ഞാൻ കൂട് കെട്ടി പാർത്തു. ആ കൂട്ടിലേക്ക് എന്നെ ക്ഷണിയ്ക്കാൻ വേണ്ടി വന്നത് ആണത്രേ…”
അമ്മാളു പറഞ്ഞു കഴിഞ്ഞതും അവന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി കൂടി.
“എന്നിട്ട് നീ എന്ത് പറഞ്ഞു “
“ഞാൻ എന്ത് പറയാനാ…. വീട്ടിൽ വന്നു ആലോചിക്കാൻ പറഞ്ഞു, എന്നിട്ട് എന്റെ അച്ഛന്റെ അഡ്രസ്സ് പറഞ്ഞു കൊടുത്തു “
” അമ്മാളു….. “
ദേഷ്യത്തിൽ അവൻ അലറി വിളിച്ചു.
” എന്തിനാ ഇങ്ങനെ കിടന്നു കാറുന്നത്,ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്, പെൺകുട്ടികളോട് ഇങ്ങനെയൊക്കെ ആരെങ്കിലും വന്ന് പറയുമ്പോൾ അവരുടെ അച്ഛനമ്മമാരോട് നേരിട്ട് വന്ന സംസാരിക്കാൻ അല്ലേ പറയൂ, അല്ലാതെ തിരിച്ചും എനിക്കിഷ്ടമാണെന്നും പറഞ്ഞ് അവനും ആയിട്ട് ലവ് ആകണോ.. “
നിഷ്കു വാരി വിതറി അവൾ വിഷ്ണുവിനെ നോക്കി.
“നിന്റെ കല്യാണം കഴിഞ്ഞു എന്ന് എന്തുകൊണ്ട് പറഞ്ഞില്ല…”
കടുപ്പത്തിൽ അവൻ അമ്മാളുവിനോട് ചോദിച്ചു.
“ആരാ കല്യാണം കഴിച്ചത് എന്ന് ആരുഷ് ചേട്ടൻ ചോദിച്ചാലോ… ഞാൻ എന്ത് മറുപടി പറയും.ആരുടെ പേര് പറയും…..”
അമ്മാളു ചോദിച്ചതും വിഷ്ണുവിനു ഉത്തരം മുട്ടി.
“എന്റെ മര്യാദ വെച്ചുകൊണ്ട് എന്റെ അച്ഛനോട് ഒന്ന് സംസാരിക്കാൻ ആണ് പറഞ്ഞത്, അല്ലാതെ വിഷ്ണുവേട്ടന്റെ പേരൊന്നും ഞാൻ പറഞ്ഞില്ല, നാണക്കേടല്ലേ, ഇത്രയും ലെജൻഡ് ആയിട്ടുള്ള ഒരു അധ്യാപകന് പീറ പെണ്ണിനെയാണ് കിട്ടിയതെന്ന് അറിഞ്ഞാൽ, സഹ അധ്യാപകരുടെ ഒക്കെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വരില്ലേ,”
പറഞ്ഞുകൊണ്ട് അമ്മാളു വീണ്ടും കിടക്കുവാനായി തുടങ്ങി.
കൂടുതലൊന്നും പറയാതെ കൊണ്ട് വിഷ്ണുവും ലൈറ്റ് ഓഫ് ചെയ്തിട്ട് അവളുടെ അരികത്തായി കിടന്നു..
അമ്മ വിളിച്ചു പറഞ്ഞത് ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ കൊടിയേറ്റ് ആണ് ഈ വെള്ളിയാഴ്ച., മൂന്നുദിവസം അടുപ്പിച്ച് എന്നെ നിർമ്മാല്യം തൊഴുവിക്കാമെന്ന് അമ്മയ്ക്കും അച്ഛമ്മക്കും ഒക്കെ നേർച്ച ഉണ്ടായിരുന്നു,അത് കൊണ്ട് ഈ വെള്ളിയാഴ്ച്ച കോളേജ് വിട്ടിട്ടു അങ്ങട് ചെല്ലാൻ.. തിങ്കളാഴ്ച മടങ്ങി പോരാം….
അവന്റെ നേർക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് അമ്മാളു പറഞ്ഞു.
അവൻ അപ്പോളും അതിനു മറുപടി ഒന്നും പറഞ്ഞില്ല.
“വിഷ്ണുവേട്ടൻ വിടില്ല എന്ന് അറിയാം.. ജസ്റ്റ് പറഞ്ഞു എന്നേ ഒള്ളു..ഞാൻ എന്തെങ്കിലും പറഞ്ഞു ഒഴിവായിക്കോളാം…”
“വേണ്ട… നീ പൊയ്ക്കോ… മൂന്നു ദിവസത്തെ കാര്യം അല്ലേ ഒള്ളു “
ഗൗരവത്തിൽ അവൻ പറഞ്ഞു.
“അത്ര ദിവസം കാണാതെ എങ്ങനെ ഇരിക്കും ഞാന്….ശോ.. ആകെ കുഴപ്പം ആയല്ലോ “
അമ്മാളു പറഞ്ഞതും അവൻ മുഖം തിരിച്ചു ഒന്ന് നോക്കി.
“നോക്കി പേടിപ്പിക്കേണ്ട…. എന്റെ ഉള്ളില് നിങ്ങളോട് ഇഷ്ടം മാത്രം ഒള്ളു…. തിരിച്ചു കിട്ടില്ലെന്ന് അറിയാമെങ്കിലും….”
പറഞ്ഞതും പെണ്ണിന്റെ വാക്കുകൾ ഇടറി.
“എത്ര മണിക്ക് ആണ് നിർമ്മാല്യ ദർശനം “
പെട്ടെന്ന് അവൻ ചോദിച്ചു.
“വെളുപ്പിന് 5മണി..”
“ഇവിടെന്നു പോകാൻ പറ്റുമോ നിനക്ക് “
“ഓഹ് അതൊന്ന് വേണ്ട… ഞാൻ വീട്ടിലേക്ക് പോയ്കോളാം..”
“അതൊന്നും വേണ്ട.. വേറെ എന്തെങ്കിലും വഴി നോക്കാം,”
അവൻ പറഞ്ഞതും അമ്മാളു ഒന്ന് തല ഉയർത്തി.
“എന്ത് വഴി…”
“ഞാൻ കൊണ്ട് പോയി വിടാം.. കാലത്തെ ഇത്തിരി നേരത്തെ എഴുന്നേറ്റാൽ പോരേ “
അത് കേട്ടതും അമ്മാളുവിനു വിശ്വസിക്കാൻ പോലും പ്രയാസം തോന്നി.
“സത്യം ആണോ ഏട്ടാ… “
“ഹ്മ്മ്… മതി മതി.. കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ, നേരം ഒരുപാട് ആയി “
അത് കേട്ടതും അമ്മാളു വിഷ്‌ണുവിന്റെ വയറിലേക്ക് കൈ ചേർത്ത് വെച്ചു.
“അതേയ്.. ഒരു കാര്യംകൂടിപറയാൻ ഉണ്ട് കേട്ടോ “
“എന്താണ് എന്ന അർഥത്തിൽ വിഷ്ണു അവളെ നോക്കി.
“ആ ചെറുക്കനോട്, ഞാൻ എന്റെ കല്യാണം കഴിഞ്ഞു എന്നാണ് പറഞ്ഞത് കേട്ടോ…. അല്ലാതെ അച്ഛനോട് വന്നു ചോദിക്കാൻ പറഞ്ഞത് നുണയാ, വെറുതെ ഏട്ടനെ ദേഷ്യം പിടിപ്പിക്കാനായിട്ട്.. “
അല്പം കൂടി അവനോട് ഒട്ടി ചേർന്നു കൊണ്ട് പെണ്ണ് പറഞ്ഞതും വിഷ്ണു അവളുടെ കാതിൽ പിടിച്ചു നന്നായി ഒന്ന് കിഴുക്കി വിട്ടു.
“ആഹ്.. ഏട്ടാ.. വിടുന്നേ.. എനിക്ക് വേദനിക്കുന്നു,” പറയുമ്പോൾ അമ്മാളുവിന്റെ കണ്ണിൽ കൂടി പൊന്നീച്ച പറന്നു
“ഇനി മേലിൽ എന്നോട് നുണ പറയരുത്..എന്നും ഇതോർമ്മ വേണം കേട്ടോ “
“ഹ്മ്മ്.. കേട്ടു.. ഇനി വിട്ടേ ഏട്ടാ…”
അവൾ സമ്മതിച്ച ശേഷം ആയിരുന്നു അവൻ കാതിൽ നിന്നും കൈ എടുത്തത്.
കാലത്തെ അമ്മാളു അടുക്കളയിൽ ചെന്നപ്പോൾ മീരേടത്തി പതിവ് പോലെ ഉണർന്നിട്ടുണ്ട്.
തലേ ദിവസം വേണിയുടെ കോലം കെട്ടലുകൾ കാണാൻ വിളിച്ചു കൊണ്ട് ചെന്നപ്പോൾ, ഏടത്തിക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു.
അവളുമായിട്ട് ചിരിച്ചു ഉല്ലസിച്ചു നിൽക്കുകയാണ് ചെയ്തത്.
തുണി ഇല്ലാതെ അവിടോമിവിടോം കാണിച്ചു കൊണ്ട് നിൽക്കുന്നത് ഒന്നും അവർക്ക് ആർക്കും ഒരു പ്രശ്നമേ അല്ല എന്ന് അമ്മാളുവിന് മനസിലായി.
“എന്താണവോ കാലത്തെ ഇത്ര വലിയ ആലോചന….”
ഏടത്തിയുടെ ശബ്ദം കേട്ടതും അമ്മാളു പെട്ടന്ന് നോക്കി.
എന്നിട്ട് അല്പം വെയിറ്റ് ഇട്ട് കൊണ്ട് ചെന്നിട്ട് അവിടെ കിടന്ന കസേരയിൽ ഇരുന്നു.
“എന്താണ് ഇത്ര ആലോചന.. ഒന്നു കേൾക്കട്ടെ “
ഏടത്തി വന്നു അരികത്തായി ഇരുന്നു കൊണ്ട് അമ്മാളുവിന്റെ കൈയിൽ പിടിച്ചു.
തലേ ദിവസത്തെ സംഭവങ്ങൾ ഒക്കെ വിശദീകരിച്ചപ്പോൾ ഏടത്തി ഇരുന്നു ചിരിക്കാൻ തുടങ്ങി.
തുടരും…..

