കല്യാണ തലേന്ന് പരീക്ഷ കഴിഞ്ഞു വന്നപ്പോഴേക്കും ചെക്കന്റെ വീട്ടിൽ നിന്നും പുടവ കൊണ്ട് വരുന്ന ചടങ്ങിനായി…

ഒരു 98 മോഡൽ കല്യാണ വിശേഷം…

Story written by Jyothi Shaju

===================

ഞങ്ങളുടെ കൊച്ചു ടൌണിലെ അത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു പാരലൽ കോളേജിലാണ് തുടർ പഠനത്തിനായി ചേർന്നത്..എന്താവോ അച്ഛനും അമ്മയ്ക്കും എന്നെ തീരെ വിശ്വാസം പോരാന്നു തോന്നുന്നു…എന്നെ പെൺകുട്ടികൾ മാത്രമുള്ള ഒരു കോളേജിൽ ചേർത്തു…പ്രീഡിഗ്രിക്ക് ഗംഭീര മാർക്ക്‌ ആയോണ്ട് ഗവണ്മെന്റ് കോളേജിൽ സീറ്റ്‌ കിട്ടിയില്ല….

തമാശ അതല്ല.. പ്രീ-ഡിഗ്രിക്ക് തേർഡ് ഗ്രൂപ്പ് എടുത്ത് പഠിച്ചഞാൻ എന്താക്കാൻ ആണാവോ ബികോം എടുത്തത് എന്ന് എനിക്കിന്നും അന്യമാണ്..എന്തായാലും ഒരു കൊല്ലം കഷ്ടി ഞാൻ കോളേജിൽ പോയി….ഫസ്റ്റ് ഇയർ എക്സാം നടന്നുകൊണ്ട് ഇരിക്കെ വിവാഹ ജീവിതത്തിലേക്ക് ഒരു വലിയ കാൽവെപ്പ്..

കല്യാണ തലേന്ന് പരീക്ഷ കഴിഞ്ഞു വന്നപ്പോഴേക്കും ചെക്കന്റെ വീട്ടിൽ നിന്നും പുടവ കൊണ്ട് വരുന്ന ചടങ്ങിനായി അവരെത്തിയിരുന്നു…അവർ കാണാതെ യൂണിഫോം മാറി കുളിച്ചു എന്നു വരുത്തി.. കൊച്ചമ്മയുടെ ഒരു സാരീ ആരോ എടുത്ത് തന്നു…ആ സാരീയിൽ ഇല്ലാത്ത ഒരു കളർ ബ്ലൗസ്…അതൊക്കെ ആയിരുന്നു എന്റെ പുടവകൊടുക്കൽ ചടങ്ങിനു വേഷം…വിശന്നിട്ട് ആണേൽ ഊപ്പാട് ഇളകി ഇരിക്കുന്ന സമയമാണ്…അപ്പോഴാണ് ചെറുക്കൻ വീട്ടിന്നു നാത്തൂന്മാരുടെ ഒരു വരവ്….എന്തേലും തിന്നാൻ കിട്ടാൻ വേണ്ടി മ്മടെ സിൽബന്ധികളെ ഏർപ്പാടാക്കി

(ഒക്കേം എന്നെക്കാൾ ഏഴ് അല്ലെങ്കിൽ എട്ട് വയസ്സ് താഴെ). അവര് അവരുടെ കർത്തവ്യം ആത്മാർത്ഥമായി തന്നെ നിറവേറ്റി…ഒരു കഷണം വട്ടെപ്പം പിന്നെ സ്‌കാഷ് കലക്കിതും ആരും കാണാതെ കൊണ്ട് തന്നു…

വാരി വലിച്ചു തിന്നോണ്ടാവും വട്ടേപ്പത്തിന്റെ കഷണം മുഖത്തു പറ്റി പിടിച്ചിരുന്നു…ആര് നോക്കാൻ…അപ്പോഴേക്കും വിളി വന്നു.. ഓടിച്ചെന്ന് വിരുന്നുകാരുടെ മുന്നിൽ ഹാജരായി…

സിൽബന്ധികളിൽ ഒരാൾ എന്നോട് എന്തോ ആംഖ്യഭാഷയിൽ മുഖത്ത് തുടക്കാൻ കാണിക്കുന്നുണ്ട്…ആര് ശ്രദ്ധിക്കാൻ…നമ്മളല്ലേ താരം.

ചെറിയ നാത്തൂൻ വന്നിട്ട് മുഖത്തേക്ക് കൈ കൊണ്ട് വരുന്നു…ഭഗവാനെ പണി പാളിയോ..ഇത്ര പെട്ടെന്നു കയ്യാങ്കളിയോ….എയ് കുഴപ്പല്യ..മുഖത്തെ വട്ടെപ്പം തട്ടികളഞ്ഞതാ…

പുടവ ഒക്കെ തന്നു അവരെന്താ പോവാതെ ന്നു വിചാരിച്ചു ഇങ്ങനെ നിക്കുമ്പോ ആ.. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ നാളെ കാണാം ന്നു പറഞ്ഞത് കേൾക്കുന്നത്…

ഓ സമാധാനം..

പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെ ആയിരുന്നു…സിൽബന്ധികൾ ആണേൽ വിരുന്നുകാർ പലഹാരം ഒന്നും തിന്നല്ലേന്നു മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് അടുത്ത് തന്നെ നിൽപ്പുണ്ട്….

മനസ്സിൽ പലഹാരം ആണേലും മറ്റുള്ളവർ എന്ത് വിചാരിക്കും കരുതി വിരുന്നുകാരെ യാത്ര അയക്കാൻ പടി വരെ പോയി..അവര് കാറിൽ കേറിന്നു കണ്ടതും സാരീ ഒക്കെ മുട്ടിനൊപ്പോം പൊക്കി ഒറ്റ ഓട്ടം ആണ്…അല്ലെങ്കിൽ ആ കുരുത്തം കെട്ടവർ ഒക്കെ തീർക്കും…ഭാഗ്യത്തിന് അമ്മാമ്മയുടെ കണ്ണുരുട്ടലിൽ പേടിച്ചു ഒക്കെ അറ്റെൻഷൻ ആയി നില്പുണ്ട്…

ഞാൻ കൈ വെച്ചതും പീച്ചി ഡാം ന്റെ ഷട്ടർ തുറന്ന പോലെ ഒക്കെ ചാടി വീണു..ആന കരിമ്പിൻ തോട്ടത്തിൽ കേറിയ പോലെ ഒക്കെ തീർത്തു…

അമ്മ ആണേൽ അവര് കൊണ്ട് വന്ന പെട്ടി തുറന്നു അയൽവക്കക്കാർക്കും വിരുന്നുകാർക്കും സാരീയും അനുബന്ധ സാധനങളും കാണിക്കുന്ന തിരക്കിലായിരുന്നു..എന്റെ ആക്രാന്തം പിടിച്ച തീറ്റ കണ്ടിട്ട് ചിലരൊക്കെ ഇതിനെയാണോ ദൈവമേ കെട്ടിച്ചു കൊടുക്കാൻ പോകുന്നെന്നു ചിന്തിച്ചു കാണണം..സ്വാഭാവികം.

എല്ലാവരുടേം തിരക്ക് കഴിഞ്ഞപ്പോ എന്റെയും എന്റെ സിൽബന്ധികളുടെയും ഊഴം ആയി….ആയ് കൂട്ടെസ്… ..ആയ്..സ്പ്രേ….ആയ്.സോപ്പ് ന്നൊക്കെ ഒക്കെ പറയലും ഒക്കെ ഉപയോഗവും തുടങ്ങി… ആ സമയത്ത് ഞങ്ങൾ ഒന്നും ഐലൈനർ കണ്ടിട്ട് പോലും ഇല്ല…ഒരാൾ എടുത്ത് കൂട്ടസ് ആണെന്ന് കരുതി കയ്യിൽ ഇട്ടു…

“അയ്യേ …കറുത്ത കുട്ടസ്സോ… ഭംഗി ഇല്ല….” ന്ന് പറഞ്ഞു ഉപേക്ഷിച്ചു…ഒരാൾ അന്തസ്സായി ഇടുകെം ചെയ്തു…”കറുപ്പെങ്കിൽ കറുപ്പ്…”

അത്താഴം ഒക്കെ കഴിഞ്ഞു മൈലാഞ്ചി ഇടൽ ആണ്….ട്യൂബ് ഒന്നും ഇല്ല….കുരുപ്പുകൾക്ക് ഒക്കെ ഇട്ട് കൊടുത്തിട്ട് വേണം എനിക് ഇടാൻ…ഒക്കെത്തിനും ഇട്ട് കൊടുത്ത് ഞാനും ഇട്ടു…അപ്പോഴേക്കും പോയ്‌ കിടന്നുറങ്ങാൻ കല്പന വന്നു…രാവിലെ എണീറ്റ് അമ്പലത്തിൽ പോണം…

നാല് മണി ആവുമ്പോഴേക്കും വിളി വന്നു…എണീറ്റ് കുളിച്ച് ആറു മണി ആയപ്പോഴേക്കും അമ്പലത്തിൽ പോയി…അവിടെ ചെന്നപ്പോ ഭഗവാൻ നല്ല ഉറക്കം…എന്റെ കല്യാണം ആണെന്നു ആൾക്ക് ഒരു കൂസൽ ഇല്ല…കുറച്ചു നേരം വൈറ്റ് ചെയ്ത് തിരുമേനി വന്നു വിളിച്ച് എണീപ്പിച്ചു..

“ദേ ആ കുട്ടീടെ വിവാഹമാണ്…ഒന്നു അനുഗ്രഹിച്ചേക്ക് ന്നിട്ട് വീണ്ടും ഉറങ്ങിക്കോ ” ന്നു പറഞ്ഞ പ്രകാരം ആളൊന്നു കണ്ണു തുറന്നു നോക്കി….എന്നിട്ട് ഒരു പറച്ചിൽ…”അതെ ഇത്ര നാളും പോലെയല്ല ട്ടാ….ആ കുട്ടിക്കളി ഒക്കെ മാറ്റി നന്നാവാൻ നോക്ക്..”

“ഓ മ്പ്രാ…” ന്നു പറഞ്ഞു പ്രസാദം വാങ്ങി ഓടി വീട്ടിലേക്ക്…

വീട്ടിൽ തന്നെ ആണ് കല്യാണം..സദ്യ യും അവിടന്നെ…അമ്മമാർക്ക് രാത്രി ഉറക്കം ഉണ്ടായില്ലെന്ന് രാവിലത്തെ മോന്ത കണ്ടാൽ മനസ്സിലാവും….അരയ്ക്കലും പൊടിയ്ക്കലും ഒക്കെ ആയി…

വിശന്നിട്ട് വയ്യല്ലോ ഭഗവാനെ…ഒന്നും തരണില്ലല്ലോന്നു വിചാരിച്ചു അമ്മയോട് ചെന്ന് വല്ലതും തിന്നാൻ തരാൻ പറഞ്ഞപ്പോ ദേ വരുന്നു ഇടിത്തീ പോലെ ആ വാക്ക്…കെട്ട് കഴിയാതെ ഒന്നും തിന്നാൻ പാടില്ല… ഈ കല്യാണം കണ്ട് പിടിച്ചവനെ പട്ടികടിക്കും…ന്നു പ്രാകി കൊണ്ട്..വിഷമിച്ചു ഇരിക്കുമ്പോ ഒരു ഗ്ലാസ് പാലും ഒരു പഴുക്കാത്ത നേന്ത്ര പഴവും കൊണ്ട് എളേമ്മ വരുന്നു..

“ന്ന ദിത് കഴിച്ചോ….”

പാലെങ്കിൽ പാല്…ഒറ്റ വലിക് കുടിച്ചു ഗ്ലാസ്സ് കാലി ആക്കി ഒരു ഗ്ലാസ്സ് കൂടി കിട്ടോ ന്നു വെറുതെ നോക്കി നോ രക്ഷ…പഴത്തു മ്മേ ഒരു പിടി പിടിക്കാംന്ന് വെച്ചപ്പോ തൊലി ഉരിയാൻ പോലും പറ്റണില്ല അത്രേം പഴുത്തിട്ടില്ല.അങ്ങനെ ഒരു എട്ട് മണിയൊക്കെ ആയപ്പോ അമ്മ പറഞ്ഞു റെഡി ആവാൻ നോക്ക് ഒമ്പതരക്കും പത്തരക്കും ഇടയിൽ ആണ് മുഹൂർത്തം.

അന്ന് ബ്യൂട്ടിഷ്യൻ ഉണ്ടെങ്കിലും സാധാരണക്കാർ ആയ ഞങ്ങളെ പോലുള്ളവർ വിളിക്കാറില്ല…ഞാൻ സാരീ ഉടുക്കാൻ തുടങ്ങി…കല്യാണത്തിന് മുൻപ് അമ്മേടെ സാരീ ഉടുത്ത് അമേരിക്കൻ അമ്മായി ആയി കളിച്ച പോലെ അല്ല.. നമ്മുടെ കയ്യിൽ നിക്കുന്നില്ല….ആരാ ഒന്നു സഹായിക്കാൻ അപ്പോഴാണ് കൊച്ചമ്മ (അമ്മേടെ അനിയത്തി) വരുന്നത്..ആള് വന്നു ഒരുവിധത്തിൽ ഒക്കെ ഉടുപ്പിച്ചു തന്നു. കാണുന്ന പോലെ അല്ല ഒടുക്കത്തെ വെയ്റ്റ് ആണ്.ഒന്നാമത്തെ വിശപ്പ് അതിനിടയിൽ സാരീ, തലയിൽ ഒരു ലോഡ് മുല്ലപ്പൂ..മേക്ക് അപ്പ് കാര്യം ആയി ഒന്നും ഇല്ല .ഏതോ ഒരു ക്രീം തേച്ചു,പൌഡർ ഇട്ട് കണ്മഷികൊണ്ട് കണ്ണെഴുതി വല്ല്യ വട്ടപ്പൊട്ട് തൊട്ടു… കഴിഞ്ഞു…
ആഭരണങ്ങൾ ഒകെ ഇട്ടു റെഡി ആയി.

അപ്പോഴാണ് ചെറുക്കൻ വീട്ടുകാർ വരുന്നത്..ഒരു ഉണ്ട മുല്ലപ്പൂ ആയി നാത്തൂന്മാർ ഓടി വരുന്നത് കണ്ടു ചറ പറ തലയിൽ ഈർക്കിൽ സ്ലൈഡ് കുത്തുന്നു

അവരുടെ ഡ്യൂട്ടി കഴിഞ്ഞു കൃതാർത്ഥരായി മാറി നിന്ന്..ആഹാ കൊള്ളാലോ.. ന്നു ആത്മാഗതം..എന്ത് കൊള്ളാംന്നു .എന്റെ തല ഓടിയുന്ന പോലെ തോന്നി…

പെണ്ണിനെ കൈ പിടിച്ചു കൊടുക്കുന്ന ചടങ്ങിൽ കർമ്മി അച്ചന് സംസ്കൃതശ്ലോകം ചൊല്ലികൊടുക്കുന്നു..കർമ്മി പറയുന്നത് ഒന്ന്, അച്ഛൻ പറയുന്നത് വേറെ ഏതോ ഭാഷ…ഭഗവാനെ കൈ വിട്ട് പോവല്ലേന്നു മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് ഞാനും..എന്താന്നോ…അച്ഛൻ കണ്ടു പിടിച്ച ഭാഷ ഭൂമി മലയാളത്തിൽ ഇല്ല അതെന്നെ കാരണം…എനിക്കാണേൽ ചിരി പൊട്ടീട്ട് വയ്യ…അടക്കാൻ വയ്യ…ആ ഒരു അഞ്ച് മിനിറ്റ് എന്നെ ഇത്രയും ശ്വാസം മുട്ടിയ നിമിഷം വേറെ ഉണ്ടായി കാണില്ല…. കല്യാണ പെണ്ണ് അട്ടഹസിച്ചു ചിരിച്ചാൽ പോയില്ലേ മാനം…

അത് കഴിഞ്ഞു ചെറുക്കനും പെണ്ണിനും അമ്മായിമ്മ അതായത് എന്റെ അമ്മ, പാല് കൊടുക്കൽ ചടങ്ങ് .ആകേ ഒരു എൻജോയ്മെന്റ് അതാണ്..ഈശ്വര വല്ല്യ ഗ്ലാസിൽ പാല് കൊണ്ട് വരണേ…ഓട്ട കണ്ണു കൊണ്ട് നോക്കിപ്പോ വലുതല്ല ന്നാലും സാരല്ല്യ പാലെങ്കിൽ പാല്… കയ്യിൽ കിട്ടിയതും ഒന്നരയുടെ മോട്ടോർ വെച്ച പോലെ ഒറ്റവലി.. ഇനിണ്ടോ ന്നു അറിയാൻ അമ്മേനെ നോക്കി..അമ്മ കണ്ണുരുട്ടുന്നു..കാര്യംന്താ.. പാല് അങ്ങോട്ടും ഇങ്ങോട്ടും മാറണ്ടേ, ഫോട്ടോ ഗ്രാഫർ മാർക് കഴിവ് തെളിയിക്കാൻ അവസരം കൊടുക്കാത്തത് കൊണ്ട് ഒരു കലിപ്പ് നോട്ടം…പിന്നെ കെട്ട്യോൻ ആണേൽ പാല് തൊടാതെ വെച്ചേക്ക…അതിന്നു പകുതി എന്റെ ഗ്ലാസ്സ് ലേക്ക് ഒഴിച്ചു അവർക്ക്‌ ഫോട്ടോക്ക് പോസ് കൊടുത്തു. പിന്നെ ചറ പറ ഫോട്ടോ എടുപ്പ്..

പന്തലിൽ ആണേൽ സദ്യ വിളമ്പുന്ന തിരക്ക്.. മണം മൂക്കിലേക്ക് അടിച്ചു കേറാൻ തുടങ്ങി..വിശപ്പ് ഒന്നൂടി ആളിക്കത്തി. എവിടെ മണവാളന് ഒരു കൂസലും ഇല്ല..ആള് വല്യ കാര്യത്തിൽ ഫോട്ടോക്ക് പോസ് ചെയ്ത് കൊണ്ടിരിക്ക…ഞാൻ ചിരിക്കുന്നുണ്ടെങ്കിലും ആ ചിരിയിൽ വിശപ്പിന്റെ വിളി തെളിഞ്ഞു കാണാമായിരുന്നു..
അന്ന് വീടിന്റെ പുറകിൽ ആണ് ഫോട്ടോഷൂട്ട്..ബാക്ക് ഗ്രൗണ്ടിൽ ഒരു കാശുമാവ്..പിന്നെ ഒരു വയ്ക്കോൽ തുറു..വീട്ടിൽ കൃഷി ഉള്ളത് കാരണം വൈകോൽ തുറു എന്തായാലും ഉണ്ടാവും…ബന്ധുക്കാരെ നിർത്തി ഫോട്ടോ എടുക്കൽ തകൃതി ആയി നടക്കുന്നു…

അതിനിടയിൽ ചെറുക്കൻ വീട്ടിലെ ഫോട്ടോഗ്രാഫർ ലൊക്കേഷൻ ചേഞ്ച്‌ ന്നു വിളിച്ചു പറയുന്നു…ഓ ..വേറെ നല്ല സീനറി കിട്ടിക്കാണും വെച്ചു മണവാളനും മണവാട്ടിയും അടുത്ത ലൊക്കേഷനിലേക്ക് നീങ്ങി.ലൊക്കേഷൻ അടിപൊളിയായിരുന്നു തൊട്ട് അപ്പുറത്തെ വീട്ടിലെ വൈക്കോൽ തുറു.ഒരു ചേഞ്ച് ഉണ്ട് കശുമാവ് ഇല്ല.

അങ്ങനെകല്യാണത്തിന് വന്ന് എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു. നമ്മുടെ ഊഴം ആയി..പാല് കുടിയിലെ ആക്രാന്ത് സദ്യയിലും കാണിക്കാൻ ലെ മണവാട്ടി മറന്നില്ല…

പിന്നെ ചെറുക്കൻ വീട്ടിലേക്ക് പോവാൻ ആയി…കരച്ചിൽ പിഴിച്ചിൽ ആ ചടങ്ങ് ഗംഭീരം ആയി നടന്നു..മണവാട്ടി കരഞ്ഞില്ലെങ്കിൽ അന്ന് ഭയങ്കര പ്രശനം ആണ്…അഹങ്കാരിന്നുള്ള പേര് വരും…ആ സമയത്തെ കരച്ചിൽ കാണാൻ ആ ഏരിയയിൽ ഉള്ള എല്ലാ കാർന്നോത്തിമാരും ഹാജർ ഉണ്ടാവും… കെട്ടിപ്പിടിക്കലും കരച്ചിലും ഒക്കെ ആയി.. പടിയിറങ്ങുന്നു… പിന്നീട് ആൽബം എടുത്ത് നോക്കിയപ്പോ മൂന്ന് നാല് വീട് അപ്പുറം ഉള്ള ഒരു ചേച്ചി ഗംഭീര കരച്ചിൽ ഫോട്ടോയിൽ പെട്ടിട്ടുണ്ട്… നിക്ക് മനസ്സിലായില്ല…ഇവരൊക്കെ എന്നെ ഇത്ര സ്നേഹിച്ചിരുന്നോന്നു… അതോ ശല്യം ഒഴിഞ്ഞു പോയത് കൊണ്ട് ആനന്ദ കരച്ചിൽ ആണോന്നും പറയാൻ പറ്റില്ല…
(അവരുടെ വീട്ടിലെ മാങ്ങ, ചെമ്പകം, മുല്ല അതോന്നും ഇത് വരെ അവർക്ക്‌ കിട്ടിയിട്ടില്ല)

ചെറുക്കൻ തറവാട്..അമ്മായിയമ്മ അരിയും പൂവും എറിഞ്ഞു അകത്തേക്ക് ആനയിക്കുന്നു…പഴേ തറവാട്..കുറച്ചു പടികൾ കേറി വേണം അകത്തേക്ക് പ്രവേശിക്കാൻ..ആരോ എനിക്കിട്ട് പണി തരാൻ കല്പ്പ്പിച്ചു കൂട്ടി നിലവിളക്കിൽ തുളുമ്പനെ എണ്ണ ഒഴിച്ചു തിരി കത്തിച്ചു കൊണ്ട് വന്നു..അകത്തു എത്തുന്ന വരെ തിരി കെടാൻ പാടില്ലലോ…എവിടെ…ഞാൻ അകത്തു കേറണേലും മുൻപ് ഒരു തിരി മുങ്ങി ച ത്തു….

“ഹയ്യോ…തിരി കെട്ടു” ന്നുള്ള ദീനരോധനം പുറകിന്നു കേട്ടിരുന്നു…ഞാൻ മൈൻഡ് ചെയ്തില്ല..ഒന്നൂടി കത്തിച്ച തീരില്ലെ..അവിടെയും ഉണ്ട് ട്ട പാലുകുടി..എത്ര മനോഹരമായ ആചാരങ്ങൾ… മണവാളന്റെ അമ്മ പാലു കൊണ്ട് വരുന്നു…തരുന്നു…ഒറ്റവലി തീരുന്നു…കൂട്ടച്ചിരി കേട്ട് തലയുയർത്തി നോക്കുമ്പോ ഇണ്ട് നാത്തൂന്മാരും ബന്ധുക്കളും ഒക്കെ ആർമാദിച്ചു ചിരിക്ക…ന്തിനാ പ്പോ ഇവരൊക്കെ ചിരിക്കുന്നെന്നു വിചാരിച്ചു നോക്കിപ്പോന്റെ കെട്ടിയവൻ പാൽ ഗ്ലാസ്സ് പിടിച്ചു ബ്ലിങ്ങസിയ ഇരിക്ക…എന്റെ ഗ്ലാസ്സിന്റെ അടിയിൽ കുറച്ചു ബാക്കി ഉണ്ടല്ലോ….ന്നാ വേണോ…ന്നു ചോദ്യരൂപത്തിൽ നോക്കി…

ഈ ആക്രാന്ത പിശാശിനെ ആണല്ലോ ദൈവേ എനിക്ക്‌ കെട്ടാൻ തോന്നിയെ എന്നു ചിന്തിച്ചു കാണും…

ഡ്രസ്സ്‌ ചേഞ്ച്‌…ആരോ വിളിച്ചു പറയുന്നു…ആയിക്കോട്ടെ…ഞാൻ നിന്നു കൊടുത്തു…പണി പഠിക്കട്ടെ..എല്ലാം കഴിഞ്ഞു ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്നപ്പോ …ഇതാരാ…ങേ …ഇത് ഞാനല്ലേ……അത് ഞാൻ തന്നെ ആയിരുന്നു…പറക്കുംതളികയിൽ കല്യാണ ചെക്കനെ ഒരുക്കിയ പോലെ ഒരു കോലം.. പിൽക്കാലത് ആ സിനിമ കണ്ടപ്പോ എനിക് വല്ല്യ ചിരിയൊന്നും വന്നില്ല…അവിടെ ഞാൻ എന്നെ തന്നെ കാണുക ആയിരുന്നു.
വെറൈറ്റി ആരാ ആഗ്രഹിക്കാതത് അല്ലേ….ഫോട്ടോഗ്രാഫർ വൈറ്റിംഗ്..വേഗം വാ….ആരോ വിളിക്കുന്നു…പോകുന്നു…ആഹാ കൊള്ളാലോ. ..ഇവിടെയും ബാക്ക്ഗ്രൗണ്ടിൽ വയ്ക്കോൽ തുറു ..അടിപൊളി.ക്യാമറമാന് വൈകോൽ തുറു ഒരു വീക്നെസ് ആണെന്നു തോന്നുന്നു..

അത് കഴിഞു ചെറുക്കൻ വീട്ടിലെ വിരുന്ന്.. ഇന്നത്തെ പോലെ റിസപ്ഷൻ ഒന്നും അല്ലാട്ടോ.ഓരോ ബോക്സ് ആണ് ..പഫ്സ്സ് ആണ് അന്നത്തെ താരം.. പഫ്സ്സ് ,ലഡ്ഡു, ജിലേബി ,മിഠായി. അങ്ങനെ അങ്ങനെ ബേക്കറി ഐറ്റംസ്..

എന്റെ സിൽബന്ധികൾ ചായ കുടിക്കാൻ ഇരിക്കുന്നു…ബോക്സ തുറന്നു ..ഹാായ് ഡീ എന്റൽ പഫ്സ്സ് നിന്റെൽ ഉണ്ടോ…അപ്പോ മറ്റവൾ എന്റൽ ഉണ്ട് ..നിന്റെൽ ജിലേബി ഉണ്ടോ….ഇങ്ങനെ ഉറക്കെ വിളിച്ചു പറയുന്നു.. പോരാത്തതിനു സ്റ്റേജിൽ ഇരിക്കുന്ന എന്നെ നോക്കി വിളിച്ചു “ഡീ ചേച്ച്യേ….പഫ്സ്സൊക്കെ ഉണ്ട്… ദേ നോക്ക്യേ..”
കുരുപ്പുകൾ മനുഷ്യനെ നാണം കെടുത്തുലോ…ഏയ് ഇവരൊക്കെ ആരാ…ഞാൻ അറിയില്ലല്ലോന്ന മട്ടിൽ ഞാനും…

ഇതെന്തോന്നെടെ ന്ന മട്ടിൽ ഒരു നോട്ടം….കെട്ട്യൊന്റെ വക..അഞ്ഞിനേം കുഞ്ഞിനേം വെച്ച് കളിച്ചു മരം കേറി നടന്ന കൊച്ചിനെ പിടിച്ചു കെട്ടിയ ഇങ്ങനെ ഒക്കെ ഉണ്ടാവും സഹിച്ചോന്നു ഞാനും….

വിരുന്നൊക്കെ കഴിഞ്ഞു എന്റെ സ്വന്തം വീട്ടിലെത്തി…ഹാവൂ ..ന്താ സമാധാനം… ആടായാഭരണങ്ങൾ എല്ലാം മാറ്റി ഒന്നു കുളിച്ചു ഉശിരൻ ഒരു ഉറക്കം പാസ്സാക്കി..

രാത്രി ഒരെട്ട് മണിയൊക്കെ ആയപ്പോ അമ്മ വന്നു വിളിച്ചുണർത്തി…കുറച്ചു സമയം.എടുത്തു സ്ഥലകാല ബോധം ഉണ്ടാവാൻ…ങേ…എന്റെ കൂടെ ഒരു ആളുണ്ടായാലോ..ഇങ്ങേർ ഇതെവിടെ പോയി…നോക്കിപ്പോ പാവം പുറത്ത്‌ വരാന്തയിൽ അമ്പിളി അമ്മാവനോട് കുശലം പറഞ്ഞു നിക്കുന്നു…

മിണ്ടാൻ ഒരു മടി…ഒരു പരിചയം ഇല്ലാലോ..ആകേ കണ്ടേക്കണത് പെണ്ണുകാണാൻ വന്നപ്പോ..പിന്നെ നിശ്ചയം…അതിപിന്നെ ഇപ്പോ…ന്തുട്ട ഇപ്പോ മിണ്ടാ…ലെ…

“അതേയ്…എന്താ ഇവിടെ ഒറ്റക്ക്..”.മടിച്ചു മടിച്ചു ചോദിച്ചു….ചോദിച്ചത് ഓർമ്മയുള്ളൂ…പിന്നങ്ങോട് മലവെള്ള പാച്ചിൽ ആയിരുന്നു…ഈ മനുഷ്യൻ ഇത്ര വർത്താനം പറയോന്നു അപ്പഴ മനസ്സിലായെ…വീട്ടുകാർ എല്ലാരും ഭയങ്കര ബിസി ..എന്താന്നോ ചെമ്പകപ്പൂ പൊട്ടിച്ചു കൂട്ടാൻ വെക്കാൻ…ഇപ്പോ നിങ്ങൾ ഓർക്കും ചെമ്പകപ്പൂ കൂട്ടാനോ. അതെ അത് ഞങ്ങളുടെ വീട്ടിൽ മാത്രം കാണുന്ന ഒരു പ്രതിഭാസം ആണ്.. ഞങ്ങൾ കൃഷികാരണല്ലോ. അതോണ്ട് വീട്ടിൽ ഒരുപാട് കോഴികൾ ഉണ്ട്…കൂട് ഉണ്ടെങ്കിലും പൂവൻ കോഴികൾ എല്ലാം ചെമ്പക മരത്തിന്റെ മുകളിൽ ആണ് വാസം…രാത്രി അച്ഛൻ ചിലപ്പോ ഇത്തിരി മിനുങ്ങി വരുമ്പോ ആയിരിക്കും നാടൻ കോഴിക്കറി കൂട്ടാൻ തോന്നുന്നേ…അങ്ങനെ ചെമ്പക മരത്തിലിരിക്കുന്ന പൂവങ്കോഴികൾ ചട്ടിലാവാറുണ്ട്…. അങ്ങനെ ഈ കോഴികൾ ചെമ്പകപ്പൂ എന്നാണ് പിൽക്കാലത് അറിയപ്പെട്ടിരുന്നത്…പുതുമണവാളനെ സൽക്കരിക്കാൻ അച്ഛൻ ചെമ്പകപ്പൂ തന്നെ തിരഞ്ഞെടുത്തു.

ആഹാ …ആചാരങ്ങൾ കഴിഞ്ഞിട്ടില്ല….കിടക്കാൻ നേരം അമ്മ അതാ ഒരു വലിയ ഗ്ലാസ്സ് പാല് കൊണ്ട് എനിക്ക്‌ തരുന്നു…ഈ അമ്മക്ക് എന്താന്നോട് പെട്ടെന്നു ഒരു സ്നേഹം എന്നോർത്തു നിക്കുമ്പോ പറയാ “അതെ ഇത് നീ അവന് കൊണ്ട് കൊടുക്ക്.”..”ഏതവന്?” ഓ അമ്മേടെ മരുമോന്..ആ ok.. കൊടുക്കാം ന്നു പറഞ്ഞു കൊണ്ട് ഞാൻ ചെന്ന് “ന്നാ പാല് അമ്മ തരാൻ പറഞ്ഞു…” അപ്പോഴാണ് ആ സന്തോഷകരമായ സത്യം ആള് പുറപ്പെടുവിക്കുന്നത്..

“ഞാൻ പാല് കുടിക്കില്ല…എനിക്കിഷ്ടല്ല….” എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി…

“ആണോ.. സാരല്ല്യ…എനിക്കാണേൽ ഭയങ്കര ഇഷ്ടാ…”ന്നു പറഞ്ഞു….രാവിലെ പറഞ്ഞ ആ ഒന്നരയുടെ മോട്ടോർ ഉണ്ടല്ലോ..അതങ്ങട് സ്റ്റാർട്ട് ആക്കി….
.
ശേഷം ശുഭം…

നോക്കണ്ടടാ ഉണ്ണി….ബാക്കി ഇല്ല…പോയി കിടന്നുറങ്ങിക്കോ…😂

ജ്യോതിഷാജു 🥰