പ്രണയ പർവങ്ങൾ – ഭാഗം 97, എഴുത്ത്: അമ്മു സന്തോഷ്

സാറ ഉണർന്നു കുളിച്ചു വന്നപ്പോഴും ചാർലി ഉറങ്ങുന്നത് കണ്ട് അവൾ. അവന്റെ കവിളിൽ മുഖം അമർത്തി. ചാർലി മെല്ലെ കണ്ണ് തുറന്നു

“ഒത്തിരി ആയോ എണീറ്റിട്ട് ” അവൻ തൊണ്ട ശരിയാക്കി

“പിന്നേ..എഴുന്നേൽക്കു. നമുക്ക് ഒന്ന് പള്ളിയിൽ പോയേച്ചും വരാം “

അവൻ എഴുന്നേറ്റു

സാറ കണ്ണാടിയിൽ നോക്കി കണ്ണെഴുതി തുടങ്ങിയപ്പോ അവൻ അത് വാങ്ങിച്ചു

“ഇച്ചാ എഴുതി തരാം ” അവൻ ആ മുഖം പിടിച്ചു നേരെയാക്കി

“വലിയ കണ്ണുകൾ ആണ് എന്റെ കൊച്ചിന്റെ…കടലുറങ്ങുന്ന കണ്ണുകൾ “

സാറ ആ വാചകം മുൻപ് കേട്ടിട്ടുണ്ട്. അവൻ പറഞ്ഞു തന്നെ

“നോക്ക് നല്ല ഭംഗി ഇല്ലേ?” അവൻ ആ മുഖം കണ്ണാടിക്ക് നേരെ തിരിച്ചു

“നല്ല ഭംഗി ” അവൾ മെല്ലെ പറഞ്ഞു

“ഞാൻ കുളിച്ചിട്ട് വരാമേ.. മോള് സാരി ഉടുക്കണ്ട. ഇച്ച അതിൽ നല്ല ഫ്രോക് വാങ്ങിച്ചു വെച്ചിട്ടുണ്ട്. അതിൽ ഇഷ്ടം ഉള്ളത് ഉടുത്തോ “

അവൾ പെട്ടെന്ന് ആ കൈ പിടിച്ചു

“സാരി എനിക്ക് ചേരില്ല. അല്ലേ ഇച്ചാ?”

“ആര് പറഞ്ഞു? എന്റെ സാറ കൊച്ച് സാരീ ഉടുത്താ ഗ്രീക്ക് ദേവതമാര് മാറി നിൽക്കും. പക്ഷെ. അത് ഞാൻ കണ്ട മതി..എനിക്ക് മാത്രം ആയിട്ട്.. പിന്നെ വല്ല ഫങ്ക്ഷന് ഉടുത്തോ..അല്ലാതെ വേണ്ട “

അവൻ ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയപ്പോ. അവൾ നിശ്ചലയായി നിന്നു

അവന് എന്തോ സംഭവിക്കുന്നുണ്ട്. അവൻ അത് അറിയുന്നില്ല. കാരണം അവന്റെ ഭൂതവും വർത്തമാനവും താനാണ്. അത് കൊണ്ട് അവന് അതിന്റെ വ്യത്യാസം അറിയില്ല. പക്ഷെ തനിക്ക് അറിയാം. ആൾക്ക് മാറ്റമുണ്ട്. അത് എങ്ങനെ ഒക്കെ പുറത്ത് വരുമെന്ന് അറിഞ്ഞൂടാ. ഒറ്റയടിക്ക് ഓർമ്മകൾ വരുമോ. അതോ പതിയെ ആണോ…

എന്തായാലും അവൾക്ക് അത് സന്തോഷം ആയിരുന്നു. അവൾ അലമാര തുറന്നു

ഇളം റോസ് നിറത്തിൽ ഉള്ള ഒരു ഉടുപ്പ് അണിഞ്ഞു. മുടി ഉയർത്തി കെട്ടി

അവൻ കുളിച്ചു വരുമ്പോ ആള് ഒരു പാട്ടൊക്കെ പാടി ഇരിക്കുന്നുണ്ട്

“ഡി പുതു വെള്ളൈ മഴൈ.. പാടിക്കെ. ഈ സിറ്റുവേഷനു കറക്റ്റ് ആണ് “

സാറ ചിരിച്ചു പോയി.

പിന്നെ പാടി തുടങ്ങി

“ഞാൻ ഇത് ഇടണം?”

അവൻ ആംഗ്യത്തിൽ ചോദിച്ചു

അവൾ നീല ടി ഷർട്ടും ജീൻസും എടുത്തു കൊടുത്തു

അവൻ വസ്ത്രം ധരിച്ചു മുടി ചീകുമ്പോൾ അവൾ പിന്നിൽ നിന്ന് കെട്ടിപിടിച്ചു

“എന്താടി?”

“കാണാൻ എന്ത് ഭംഗിയാണ്. ഇച്ചാനെ പൂട്ടിയിട്ടാലോ ആരും കാണാതെ “

അവൻ ഉറക്കെ ചിരിച്ചു

“നിനക്ക് മാത്രം കാണാൻ വേണ്ടിട്ട്?” അവൾ ആ മുഖം കൈകളിൽ എടുത്തു

“എനിക്ക് മാത്രം കാണാൻ.. എനിക്ക് മാത്രം അറിയാൻ…എനിക്ക് മാത്രം ആസ്വദിക്കാൻ..”

ചാർലി അവളെ കെട്ടിപ്പുണർന്നു

“ഞാൻ നിന്റെ മാത്രമാണ് പൊന്നെ “

അവൻ ആ കവിളിൽ അമർത്തി ചുംബിച്ചു. ഒന്നിച്ചു താഴെ ഇറങ്ങി വന്നപ്പോൾ എല്ലാവരും താഴെ ഉണ്ട്

“എല്ലാരും കഴിച്ചോ?”

“എവിടുന്ന് നിങ്ങളെ നോക്കി ഇരിക്കുവല്ലാരുന്നോ. കഴിച്ചാലോ?”

ക്രിസ്റ്റി പറഞ്ഞു

പതിവില്ലാതെ ഇഡലിയും സാമ്പാറും കണ്ട് സാറ ഒന്ന് അമ്പരന്ന് പോയി

“ഇതെന്ന അമ്മച്ചി ഇഡലിയും സാമ്പാറുമൊക്കെ “

“വീട്ടിൽ പുതിയ അംഗം വന്നേക്കുവല്ലേ. അവരുടെ ഇഷ്ടം കൂടി പരിഗണിക്കണ്ടേ..ഇനി മുതൽ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് നു നോൺ ഇല്ല. അത്യാവശ്യം വേണ്ടവർക്ക് ഒരു ഓംലറ്റ് കിട്ടും “

“അത് വലിയ ചതി ആയി പോയി അമ്മച്ചി. അങ്ങനെ പാടില്ല കേട്ടോ. ബഹുഭൂരിപക്ഷം നോൺ ആണ് “

ജെറി നീരസം മറച്ചു വെയ്ക്കാതെ പറഞ്ഞു

“ചേച്ചി കോട്ടയത്തു സ്വന്തം വീട്ടിൽ നോൺ ഉണ്ടാക്കിയ മതി. വല്ലപ്പോളും വരുമ്പോൾ ഇത് കഴിക്ക് ” ചാർലി പുഞ്ചിരിച്ചു

“എനിക്ക് ഇത് മതി ” സ്റ്റാൻലി പറഞ്ഞു

“സാറ പറയുന്നത് വെജ് കഴിച്ചാൽ അസുഖം ഒക്കെ കുറയുമെന്ന എന്ന പിന്നെ ഞാനും കുറച്ചു നാളുകൾ അത് ഒന്ന് ശീലിക്കട്ടെ ” ഷേർലിയുടെ വകയാരുന്നു അത്

“ചാർലിക്ക് അഭിപ്രായം ഇല്ലെടാ?” ഷെല്ലി ചോദിച്ചു

“എനിക്കു വിശപ്പ് മാറിയാൽ മതി എന്റെ പൊന്നോ “

എല്ലാവരും പൊട്ടിച്ചിരിച്ചു

ഷെറി ബെല്ലയുടെ പ്ലേറ്റിൽ ഒരു ഇഡലി കൂടി എടുത്തു വെച്ചു

“ഹണിമൂൺ കാനഡയിൽ ആണ്. ഞങ്ങൾ എല്ലാം റെഡി ആക്കിയിട്ടു വിളിക്കും വന്നോളണം “

“ഏറ്റു ” ചാർളി വിരൽ ഉയർത്തി

“വിജയ് രാത്രി തന്നെ പോയോടി” ഷെല്ലി ജെറിയോട് ചോദിച്ചു

“ആ ഇപ്പൊ ഗവണ്മെന്റ്ന്റെ രണ്ടു വർക്ക്‌ എടുത്തിട്ടുണ്ട്. അതിന്റെ പിന്നാലെയാ. കാണാൻ കൂടി കിട്ടുന്നില്ല,

“ഞാനും വിചാരിച്ചു അവനെ കാണാൻ കൂടി കിട്ടുന്നില്ലല്ലോ എന്ന്. ഇപ്പൊ പഴയ പോലെ വിളിയും ഇല്ല. അത്ര തിരക്കാണോ ജെറി?” ക്രിസ്റ്റി ചോദിച്ചു

“എന്റെ ക്രിസ്റ്റി വീട്ടിൽ പോലും ചിലപ്പോൾ വരില്ലെന്ന്. എന്നോട് പറയും ഞാൻ കൂടെ ചെന്നു സഹായിക്കാൻ അപ്പൊ ഓഫീസിൽ ആരാ?”

“ഇത്രയും എടുത്തു തലയിൽ വെയ്ക്കണോ മോളെ?” ഷേർലി ചോദിച്ചു

“അപ്പൊ സമയം പോകും അമ്മച്ചി. ഇല്ലെങ്കിൽ വീട്ടിൽ വന്നാ ബോറടിയാ. കുഞ്ഞുങ്ങൾ ഒന്നുമില്ലല്ലോ “

പൊടുന്നനെ ഒരു മൂകത പരന്നു

“നിങ്ങൾ എന്തായാലും ഞങ്ങളെ പോലെ മണ്ടത്തരം കാണിക്കരുത് കേട്ടോ..ലേറ്റ് ആക്കരുത്. പിന്നെ ഇത് പോലെ കിടന്നു കരയേണ്ടി വരും..”

അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു

“കഴിഞ്ഞ തവണ ചെന്നപ്പോ ഡോക്ടർ എന്താ പറഞ്ഞത്?”

“രണ്ടു പേർക്കും കുഴപ്പമില്ല. സമയം ആകുമ്പോൾ കിട്ടും എന്ന് “

“അത് തന്നെ സമാധാനം. നന്നായി പ്രാർത്ഥിക്ക്. കിട്ടും,” ഷെറി പറഞ്ഞു

ഭക്ഷണം കഴിഞ്ഞു. ചാർലിയും സാറയും പള്ളിയിൽ പോയി

“ഇപ്പൊ ഇരുപത്തി ഒന്നാവുന്നു അല്ലേടി?”

അവൾക്ക് അത് വ്യക്തമായില്ല

“എന്താ?”

“നിനക്ക് ഇരുപത്തിയൊന്നു വയസ്സായില്ലേ”

“ഈ ക്രിസ്മസ് ആകുമ്പോൾ ആകും എന്താ ഇച്ച?”

“ചേച്ചി പറഞ്ഞത് കാര്യമാക്കണ്ട. നമുക്ക് ഒരു വർഷം കഴിഞ്ഞു മതി പിള്ളേർ “

“രണ്ടു വർഷം കഴിഞ്ഞു പോരെ?”

അവൾ കള്ളച്ചിരി ചിരിച്ചു

“നിന്റെ ഇഷ്ടം..”

അവൻ അവളെ ചേർത്ത് പിടിച്ചു പള്ളിയിലേക്ക് നടന്നു. അച്ചൻ പറമ്പിൽ ആയിരുന്നു. അവർ പ്രാർത്ഥന കഴിഞ്ഞു അങ്ങോട്ടേക്ക് ചെന്നു. ചാർലി ഇമ വെട്ടാതെ പറമ്പിലേക്ക് നോക്കി നിന്നു. അച്ചൻ വാഴക്കുല വെട്ടാൻ ശ്രമിക്കുന്നു

“ഇങ്ങോട്ട് തന്നെ. വയസാം കാലത്തു ഓരോ പണി ഉണ്ടാക്കി വെയ്ക്കാൻ ” അവൻ ചെന്നു അത് വാങ്ങിച്ചു

“പൊന്നെടാ ഉവ്വേ ഒറ്റ ഒരുത്തനെ കിട്ടാൻ ഇല്ലന്നെ. കപ്യാർ നടു വെട്ടി കിടക്കുന്നു. ആരോട് പറയാനാ?”

“എന്നോട് പറയണം. പണ്ടേ അതാണല്ലോ ശീലം. ഇത് വെച്ചതും ഞാൻ തന്നെ അല്ലിയോ?”

സാറ മിഴിഞ്ഞ കണ്ണുകളോടെ നിന്ന് പോയി. അത് അവൾക്ക് അറിഞ്ഞൂടാരുന്നു. അവൾ ഓടി അച്ചന്റെ അടുത്ത് ചെന്നു

“ഇത് ഇച്ചാ വെച്ചതാണോ?”

“പിന്നേ അവനാ ഈ രണ്ട് വാഴയും ആ മൂന്ന് തെങ്ങും വെച്ചത്..ഒരു വർഷം ആയി. വാഴ കുറച്ചു നാള് കഴിഞ്ഞാ ഒന്ന് ശക്തി പ്രാപിച്ച് വന്നത്.”

അവൾ അനങ്ങാതെ അവനെ നോക്കി നിന്നു. അവൻ വാഴക്കുല വെട്ടി അച്ചന്റെ മുന്നിൽ കൊണ്ട് വെച്ചു

“അകത്തോട്ടു വെച്ചു തരാം “

“വേണ്ടെടാ ഉവ്വേ. അത് അയാള് വെച്ചോളും നി കൈ കഴുകിക്കോ “

അവൻ പുറത്തെ പൈപ്പിൽ കൈ കഴുകി തുടച്ച് അവളെ നോക്കി

“രണ്ടു പേരും കൂടി എങ്ങോട്ടാ ഇനി?”

“തോട്ടത്തിൽ ഒന്ന് പോകണം “

അവന്റെ ശബ്ദം തെല്ലു ഒന്ന് മാറിയത് തന്റെ തോന്നലാണോ…

സാറ ചിന്തിച്ചു

തുടരും….