ധ്രുവം, അധ്യായം 115 – എഴുത്ത്: അമ്മു സന്തോഷ്

“അപ്പുവേട്ടൻ എന്താ ഫോൺ എടുക്കാത്തത്?”കൃഷ്ണ ജയറാമിന്നോട് ചോദിച്ചു

“നല്ല പനി. പിന്നെ നിങ്ങളുടെ ഫോൺ പോലീസ് ടാപ് ചെയ്യുന്നുണ്ട്. അത് കൊണ്ട് അവന് ഒത്തിരി ഫ്രീ ആയിട്ട് മിണ്ടാൻ വയ്യ. പുതിയ സിം പുതിയ ഫോൺ മോൾക്കും അവനും വാങ്ങിട്ടുണ്ട്. ദാ “

അവൾ തലയാട്ടി

“അവൻ വിളിക്കും ട്ടോ. കിടന്നോ “

കൃഷ്ണ ആ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചു ഉറങ്ങാതെ കിടന്നു

രാത്രി ഫോൺ ബെൽ അടിച്ചു. അർജുൻ ആയിരിക്കുമെന്ന് അവൾ ഊഹിച്ചു

“ഹലോ “

“ഉമ്മ്മ്മ്മ്മ്മ “

അർജുന്റെ സ്വരം. കൃഷ്ണയുടെ കണ്ണ് തുളുമ്പി

“പനി ആണോ?”

“ഉം വയ്യ.”

അവളുടെ നെഞ്ചിൽ വേദന വന്ന പോലെ തോന്നി

“എനിക്ക് കാണണം. വീഡിയോയിൽ വാ”

അവന് പെട്ടെന്ന് എന്ത് പറയണം എന്നറിയാതെയായി. നുണ പറയാൻ പറ്റില്ല കൃഷ്ണയോട്. വേഗം പിടിക്കും

അവൻ വീഡിയോ ഓൺ ചെയ്തു

“അയ്യോ ഇതെന്താ തലയിലും നെറ്റിയിലും “

കൃഷ്ണ നിലവിളിച്ചു പോയി

“ഒന്ന് വീണതാണ് “

“എങ്ങനെ?”

“ബാത്‌റൂമിൽ കുളിക്കാൻ കേറിയപ്പോ തല കറങ്ങി. പനി ഉണ്ടായിരുന്നു. അപ്പൊ വീണു പോയി.”

കൃഷ്ണ പൊട്ടിക്കരഞ്ഞു പോയി

“ഞാൻ ഒന്ന് അങ്ങോട്ട് വരട്ടെ?”

“പനി പകരും ഇപ്പൊ നിനക്ക് ഇൻഫെക്ഷൻ ഒന്നും വരാൻ പാടില്ല. അത് കൊണ്ട് വരണ്ട. ഇത് ഒന്ന് തീരട്ടെ ഞാൻ വരാം “

“ഡിസ്ചാർജ് ആക്കാം ന്ന് അങ്കിൾ പറഞ്ഞു “

അവൻ ഒന്ന് മൂളി

“അപ്പുവേട്ടൻ എന്ന വരിക?”

അവന് സങ്കടം തോന്നി

“മോള് സ്വന്തം വീട്ടിൽ പൊയ്ക്കോ. ഞാൻ വന്നു കൂട്ടിക്കൊണ്ട് പോരാം “

അർജുൻ മനസോടെ ഒരിക്കൽ പോലും അത് അവളോട് പറഞ്ഞിട്ടില്ല. അവനില്ലങ്കിൽ പോലും സമ്മതിക്കാറില്ല ഇപ്പൊ. അത് കേട്ടപ്പോൾ. അവൾക്ക് വേദന തോന്നി

“അപ്പുവേട്ടാ?”

“ഉം “

“ഞാൻ നമ്മുടെ വീട്ടിൽ ഉണ്ടാവും. എന്റെ അപ്പുവേട്ടൻ വേഗം വരണം.. ഞാൻ ഒറ്റയ്ക്കാ.. എല്ലാവരും ഉണ്ടെങ്കിലും തനിച്ചാ.. ഈ വേദന എനിക്ക് സഹിക്കാൻ വയ്യ..”

അവൾ ഏങ്ങലടിച്ചു. അർജുൻ ചുണ്ടുകൾ കടിച്ചു പിടിച്ചു. അവന്റെ കണ്ണിലൂടെ കണ്ണീരോഴുകി

“എനിക്ക് ഒന്ന് അടുത്ത് ഇരിക്കാൻ പോലും പറ്റുന്നില്ല. ഒന്നിനും പറ്റുന്നില്ല. ശ്വാസം മുട്ടുന്ന പോലെ…എന്തിനാ ദൈവം നമ്മളെ ഇങ്ങനെ പരീക്ഷിക്കുന്നത്. ഇപ്പൊ നോക്ക്
ഞാൻ ഡിസ്ചാർജ് ആകുവാ അപ്പൊ. ഏട്ടന് വരാൻ പറ്റുന്നില്ല. ഇനി ഞാൻ എത്ര നാൾ കൂടി ഒറ്റയ്ക്ക് ഇങ്ങനെ.?”

“കുറച്ചു ദിവസം.. ഒരാഴ്ച.. അത് കഴിഞ്ഞു ഒരു മാസം മുഴുവൻ എങ്ങും പോവില്ല ഞാൻ..”

കൃഷ്ണ പൊട്ടിയോഴുകുന്ന മിഴികൾ തുടയ്ക്കാൻ മറന്ന് നോക്കിയിരുന്നു

“നല്ല തലവേദന ഉണ്ട്. ഉറങ്ങിക്കോ മോള് ഞാൻ കുറച്ചു കിടക്കട്ടെ “

അവൻ കാൾ കട്ട്‌ ചെയ്തു മുഖം തലയിണയിൽ. അമർത്തി കിടന്നു

“അർജുൻ?”

ദീപു അവന്റെ ചുമലിൽ അമർത്തി പിടിച്ചു

“എടാ ഞാൻ തളർന്നു പോകുന്നെടാ. അവള് അവള് പാവം….ഞാൻ ഇങ്ങനെ ഒക്കെ ഉള്ള. ഒരാളാണെന്ന് അവൾ. അറിഞ്ഞ അവൾ. എന്നേ ഉപേക്ഷിച്ചു പോവുമോ ദീപു? “

“നീ വെറുതെ ഓരോന്നാലോചിച്ചു കൂട്ടരുത്. നല്ല ചൂടുണ്ട്. മരുന്ന് കഴിച്ചു കിടന്നോ.”

അർജുൻ ഒന്ന് മൂളി. ദീപു അവൻ ഉറങ്ങിയപ്പോൾ വന്നു കിടന്നു. ഓരോരുത്തരും തീർന്നു കഴിഞ്ഞു. ഇനി ഒരാൾ മാത്രം. ഫർഹീൻ

അവൻ മുംബൈയിൽ നിന്ന് മലപ്പുറത്തെ അവന്റെ വീട്ടിൽ വന്നിട്ടുണ്ട് എന്ന് വിവരം കിട്ടിയിട്ടുണ്ട്. അവന്റെ വാപ്പ മരിച്ചു പോയത്രേ. അതിന് വേണ്ടി വന്നതാണെന്ന്. ഒരാഴ്ച ഉണ്ടാകുമെന്നാണ് കിട്ടിയ വിവരം. ഈ വിവരം പോലീസിനും കിട്ടിയെങ്കിൽ അവൻ അറസ്റ് ചെയ്യപ്പെടും

പിന്നെ കുറച്ചു നാളുകൾ കഴിഞ്ഞു ജാമ്യം. സുഖമായിട്ട് അവൻ പുറത്ത് എവിടെ എങ്കിലും പോകും

അർജുൻ അറിഞ്ഞിട്ടില്ല. ഷെല്ലി വൈകുന്നേരം വന്നപ്പോ പറഞ്ഞതാണ്. ഇത് മാത്രം അല്ല. അക്ബർ അലി കൊ- ല്ലപ്പെട്ടു. പത്രങ്ങളിലൊ മറ്റൊരിടത്തുമോ ന്യൂസ്‌ വന്നിട്ടില്ല. പുറത്ത്  അത് വന്നില്ല. പോലീസ് അത് ഒതുക്കി. സിദ്ധാർഥ്നെ അന്വേഷിച്ചു നടക്കുകയാണ്

അവനെ ഇനി എങ്ങനെ കിട്ടാൻ. മീനുകൾ തിന്ന് തീർത്തു കാണും. ഷെല്ലി വന്നപ്പോ അർജുൻ നല്ല ഉറക്കം ആയിരുന്നു

രാവിലെ പറയാം

പിറ്റേന്ന് അർജുന്റെ പനി വിട്ടു. ആള് കുറച്ചു കൂടി ഉഷാറായി കാണപ്പെട്ടു

“എടാ അക്ബർ അലി തീർന്ന് “

“വാട്ട്‌?”

അർജുൻ ഞെട്ടി

“yes നിന്റെ ഡാഡിയും നിവിനും കൂടി ആ പണി തീർത്തു “

“എന്ന്? എന്നിട്ട് ആരും പറഞ്ഞില്ലല്ലോ.”

“ബെസ്റ്റ് ഫോണിൽ കൂടി പറയാൻ പറ്റുമോ? പിന്നെ നേരിട്ട് പറയാൻ വന്ന ദിവസം എന്തായിരുന്നു. നമ്മൾ ചാകുമോ എന്നുള്ള കൺഫ്യൂഷൻ ആയിപ്പോയില്ലേ…അതാണ്. ഇന്നലെ നീ ഉറങ്ങി കിടന്നപ്പോ വന്നു.”

“ആഹാ അടിപൊളി. ഡീറ്റെയിൽസ് പറയെടാ എങ്ങനെ ആയിരുന്നു “

ദീപു അത് വിശദീകരിച്ചു. അർജുന്‌ അത് ഇഷ്ടമായി

ഡാഡി കൊള്ളാം. ബ്രില്ലിയൻറ്

ഡാഡി പിന്നെ ഹോസ്പിറ്റലിൽ വന്നില്ല. എപ്പോഴും വരുമ്പോൾ പോലീസ് ശ്രദ്ധിക്കും. അല്ലെങ്കിൽ തന്നെ ഹോസ്പിറ്റലിൽ മുഴുവൻ പോലീസ് ആയിരുന്നു. മിനിഞ്ഞാന്ന് ആണ് അവർ പോയത്. പോയതിന്റെ കാരണം ഇപ്പോഴാ മനസിലായത്. അത് കൊള്ളാം. കുറച്ചു ഫ്രീ ആയി

“എടാ ഫ്രീ ഒന്നുമായിട്ടില്ല “

“ഞാൻ അതാണ് ചിന്തിച്ചതെന്ന് നിനക്ക് എങ്ങനെ മനസിലായി?”

“കുറേ വർഷം ആയില്ലേ?”

അർജുൻ ഒന്ന് ചിരിച്ചു

“ഫർഹീൻ വന്നിട്ടുണ്ട് നാട്ടിൽ. അവന്റെ അപ്പൻ ച- ത്തു. ഒരാഴ്ച ഇവിടെ ഉണ്ട്. കാണണ്ടേ?”

അർജുൻ പെട്ടെന്ന് ചാടിയെഴുനേറ്റ് ഇരുന്നു

“പക്ഷെ നമ്മൾ പോകുന്നില്ല “

ദീപു പറഞ്ഞു. അർജുൻ ഒന്ന് ചിരിച്ചു

“ഇവിടെ വേണം എനിക്ക് അവനെ.. ഈ നാട്ടിൽ വേണം..ഇവിടെയിട്ട് തീർക്കണം…പോലീസിന് കിട്ടരുത് “

“ഇല്ല “

“ആര് ചെയ്യും?”

“മലപ്പുറത്ത് ഷെലിക്ക് ആളുണ്ട്. അവർ ചെയ്യും ” ദീപു പറഞ്ഞു

“എന്ന് എത്തിക്കും?”

“രണ്ടു ദിവസം വേണം.. മൂന്നാമത്തെ ദിവസം എത്തും “

“yes finally ഗെയിം തീരുന്നു.”

“ഒരു റൗണ്ട് തീരുന്നു എന്ന് പറഞ്ഞാൽ മതി. ഗെയിം ഒക്കെ ഇനിയും കളിക്കേണ്ടി വരും. പല ഭാവത്തിൽ പല രൂപത്തിൽ ഇന്നലെ നീ ആയിരുന്നു എങ്കിലത് നാളെ എനിക്, അത് കഴിഞ്ഞു ഷെല്ലി നിവിൻ ആർക്ക് വേണേൽ പണി വരാം. അപ്പോഴും നമ്മൾ നാലും ഒന്നിച്ചുണ്ടാകണം എന്നാലേ ദേ ഇത് പോലെ പെട്ടെന്ന് വെടി നിർത്തൽ സാധ്യമാകുകയുള്ളു. നമ്മൾ കൊച്ചിലെ ഒരു കഥ പഠിച്ചിട്ടില്ലെടാ വിറക് ഒന്നിച്ചു കെട്ടിയിട്ട് അത് ഒടിക്കാൻ മകനോട് പറയുന്ന ഒരു അച്ഛന്റെ കഥ. പിന്നെ അഴിച്ചിട്ട് ഓരോ വിറകുകളായി ഒടിക്കാൻ പറയുന്നത്. ഒറ്റയ്ക്ക് ആകുമ്പോൾ ഒടിക്കാൻ ഈസി ആണെന്നും ഒന്നിച്ചു നിൽക്കുമ്പോൾ അത് ബുദ്ധിമുട്ട് ആണെന്നുമുള്ള ഗുണപാഠം ഉണ്ട് അതിൽ. അത് പോലെയാ മനുഷ്യനും ഒറ്റയ്ക്ക് നിൽക്കുന്നവനെ വീഴ്ത്താൻ എളുപ്പമാണ്. അവരിൽ അലി അക്ബർ സിദ്ധാർഥ് ജിതിൻ പരസ്പരം അവർക്ക് സ്നേഹം ഇല്ല യൂണിറ്റി ഇല്ല അത് കൊണ്ടാണ് അവർ തോറ്റത്. നമ്മൾ ജയിച്ചത്‌,

“കറക്റ്റ് ആണ് ദീപു. നമ്മൾ നാലു പേരും ബിസിനസ് പങ്കാളികൾ. അല്ല. സ്കൂൾ ഫ്രണ്ട്സ് ആണ് അതും വലിയ വ്യത്യാസം ആണ്,

ദീപു ചിരിച്ചു

“സ്കൂളിൽ പക്ഷെ നമ്മൾ പാവം നാലു പിള്ളേർ ആയിരുന്നു. പഠിപ്പിസ്റ്റുകൾ. ഇപ്പൊ നോക്ക് തനി തോട്ടിത്തരാം “

അർജുൻ ചിരിച്ചു

ഡോക്ടർ വാസുദേവനും മറ്റു ഒന്ന് രണ്ടു ഡോക്ടർസും റൗണ്ട്സിനു വന്നപ്പോ ആ സംഭാഷണം മുറിഞ്ഞു

മൂന്ന് ദിവസത്തിന് ശേഷം

എസ് പി വിജയ് ചന്ദ്രശേഖർ ഓഫീസിൽ ഉണ്ടായിരുന്നു. രാഹുൽ അനുവാദം ചോദിച്ചിട്ട് അകത്തേക്ക് കയറി

“പറയു രാഹുൽ “

“സർ ഫർഹീൻ നാട്ടിൽ എത്തിയിട്ടുണ്ട്. അയാളുടെ father മരിച്ചു. അറസ്റ്റ് ചെയ്യാൻ ഓർഡർ വേണം സർ “

“ഓർഡർ കിട്ടാനൊക്കെ കാക്കണോ രാഹുൽ? അറിഞ്ഞ ഉടനെ കസ്റ്റഡിയിൽ എടുക്കണ്ടേ? “

വിജയ്ക്ക് ദേഷ്യം വന്നു

“സർ സോറി സർ “

“താൻ ഇനി ഇവിടെ നിന്ന് പുറപ്പെട്ടു മലപ്പുറം വരെ ചെല്ലുമ്പോ അവൻ മുങ്ങും. അവിടെ സ്റ്റേഷൻ ഇൻ ചാർജ് ആരാണ് “

“ജോസ് വർഗീസ് സർ ആണ് സർ “

“ഞാൻ വിളിച്ചു പറഞ്ഞോളാം രാഹുൽ പൊയ്ക്കോളൂ ” രാഹുൽ പോയി

വിജയ് ജോസിനെ വിളിച്ചു പറഞ്ഞു

“അന്വേഷിച്ചു വിവരം പറയണം ഒരു മണിക്കൂറിനകം “

“ശരി സർ “

ജോസ് പറഞ്ഞു. പക്ഷെ മറുപടി അധികം വൈകിയില്ല

“അയാൾ ഇന്നലെ രാവിലെത്തെ ഫ്ലൈറ്റിന് തിരിച്ചു പോയി സർ.”

“ശരിക്കും അന്വേഷിച്ചു നോക്കിയോ “

“yes സർ കോഴിക്കോട് നിന്നായിരുന്നു ഫ്ലൈറ്റ്. പുലർച്ചെ മൂന്ന് മണിക്ക് “

“ശരി “

വിജയ് ഫോൺ വെച്ച് രാഹുലിനെ ഓഫീസിൽ വിളിപ്പിച്ചു

“നീയൊക്കെ പോലീസ് തന്നെ ആണോടാ. വിവരം അറിഞ്ഞ ഉടനെ അറസ്റ്റ് ചെയ്യാൻ ഉള്ളതിന് പകരം ഓർഡർ നോക്കിക്കൊണ്ട് ഇരിക്കുന്നു. ആ അർജുനെയും ദീപകിനെയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും എന്തൊരു വെപ്രാളം ആയിരുന്നു. തനിക്കൊക്കെ മറ്റവന്മാരുടെ കയ്യിൽ നിന്ന് കനത്തിൽ വല്ലോം കിട്ടിക്കാണും അല്ലെടോ..സിദ്ധാർഥ് ഒളിവിൽ ആണ് എന്ന് പറഞ്ഞുകേസ് ക്ലോസ്ചെയ്തു സുഖംയിട്ട് ഇരിക്കാമെന്ന് വിചാരിക്കണ്ട. അന്വേഷിച്ചു കണ്ടു പിടിച്ചോണം. ഒരുത്തൻദേ നാട്ടിൽ വന്നു ഒരാഴ്ച വീട്ടിൽ നിന്നിട്ട് പോയി. അവൻ കൊന്നേനുള്ളതിന് തെളിവുകൾ ഉണ്ട് സാക്ഷികൾ ഉണ്ട് പിടിച്ചില്ല. നാണക്കേട് മാത്രം അല്ല രാഹുൽ. ഇത് നിങ്ങളുടെ കഴിവ് കേടാണ്. ഇനി എന്തിന്റെ പേരിലാണെങ്കിൽ കൂടി ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്യാതെ അർജുൻ ജയറാമിനെ തൊട്ട് പോകരുത്. മനസ്സിലായോ?”

രാഹുൽ നിരാശ നിറഞ്ഞ മുഖത്തോടെ തല ചലിപ്പിച്ചു

“പൊയ്ക്കോ “

രാഹുൽ ഇറങ്ങി പോരുന്നു

ഇടനാഴിയിലൂടെ വരുമ്പോൾ അയാൾക്ക് വേണ്ടി കാത്തു നിന്നു എസ് ഐ എബി

“സർ കിഴക്കേ കൊട്ടയിൽ നിന്ന് ഒരു ബോഡി കിട്ടിയിട്ടുണ്ട്. പക്ഷെ ബോഡിക്ക് തലയില്ല. ബാക്കി ശരീരഭാഗങ്ങൾ ഒക്കെ. വികൃതമാണ്. ഇത് ഒന്നുകിൽ സിദ്ധാർഥ് അല്ലെങ്കിൽ ഫർഹീൻ അവരിൽ ഒരാളുടെ ബോഡി ആയിരിക്കും “

രാഹുലിന്റെ നടത്തയുടെ വേഗത കൂട്ടി

“അതെങ്ങനെ ആണ് എബി കറക്റ്റ് ആയിട്ട് പറഞ്ഞത്?”

“സർ ബോഡി കിടന്നത് ജേക്കബും ജിതിനും കിടന്ന സ്ഥലത്താണ്. അവരെ പോലെ ക്രൂ- രമായി ഭേദ്യം ചെയ്തിട്ടാണ് ഇയാളെയും കൊ- ന്നിരിക്കുന്നത്. ഒരു പക്ഷെ അതിലും ക്രൂരമായിട്ട്. തല കിട്ടിയിട്ടില്ല “

“ആര്? അർജുൻ?”

“ഉറപ്പല്ലേ സർ “

“ഇനി 100%ഉറപ്പാണെങ്കിൽ കൂടി അയാളെ ചോദ്യം ചെയ്യാൻ പോലും നമുക്ക് പെർമിഷൻ കിട്ടില്ല എബി. ഫർഹീൻ നമ്മുടെ അശ്രദ്ധ കൊണ്ട് മിസ്സ്‌ ആയി. സിദ്ധാർഥ്നെ നമുക്ക് കിട്ടിയില്ല. അയാൾ രാജ്യം വിട്ടു കാണും. ഇനി അർജുന്റെ നെഞ്ചത്തോട്ട് കേറാൻ ചെന്നാൽ നമ്മളും കിടക്കും ഇത് പോലെ തലയില്ലാതെ. അവൻ അതിനും മടിക്കില്ല “

എബി തലകുലുക്കി

“രാജേഷ് സാറിനോട് പറഞ്ഞോ?”

“പറഞ്ഞു പക്ഷെ സർ അത്ര വലിയ ഒരു റെസ്പോണ്ട്സ് തന്നില്ല. അക്ബർ അലി, നീന, സിദ്ധാർഥ് ഇവരുടെ ഉത്തരവാദിത്തം സാറിന് ആയിരുന്നല്ലോ. മൂന്നും പേരും ഫലത്തിൽ ഇന്നില്ല. സാറിന് ട്രാൻസ്ഫർ ആണ്. ഇടുക്കിയിലേക്ക്. ഇന്നലെ പോയി “

“ആണോ ഞാൻ അറിഞ്ഞില്ല. വിളിച്ചില്ലല്ലോ “

“സാറിന് നല്ല വിഷമം ഉണ്ട് രാഹുൽ. സർ ഏറ്റെടുത്ത എല്ലാ കേസും കണ്ടു പിടിച്ചിട്ടുണ്ട്. നമ്മളും അങ്ങനെ തന്നെ. ഇതിപ്പോ സിദ്ധാർഥ് ആണെന്ന് ഉറപ്പുള്ളത് അക്ബർ അലിയുടെ കേസിൽ മാത്രം ആണ്. ബാക്കി. രണ്ടെണ്ണം കൂടി അയാളുടെ തലയിൽവെച്ച് കൊടുത്തു. സത്യത്തിൽ നമ്മൾ ഈ  കേസ്‌ തോറ്റു. ഈ അർജുൻ ഒക്കെ പോലീസ് ആയിരുന്നെങ്കിൽ കേരളം നന്നായി പോയേനെ. എന്ത് പെട്ടെന്നാണ് കണ്ടു പിടിച്ചു തീർത്തു കളയുന്നത്? തെളിവുമില്ല. ഈ ദൈവം ബാക്കി വെയ്ക്കുന്ന തെളിവുകൾ ഇയാളുടെ കാര്യത്തിൽ മാത്രം മിസ്സിംഗ്‌ ആണ്. അതെന്താ രാഹുൽ?”

“അത് ഒരു പക്ഷെ ദൈവം അയാൾക്കൊപ്പം. ആയത് കൊണ്ടാവാം.. അല്ലെങ്കിൽ അയാളുടെ ഭാഗത്ത്‌ ന്യായം ഉള്ളത് കൊണ്ടാവാം. അതുമല്ലെങ്കിൽ ആ പെൺകുട്ടി അയാളുടെ കൃഷ്ണ അത്രമേൽ ദൈവത്തിന് പ്രിയപ്പെട്ടവൾ ആവാം
താൻ കണ്ടിട്ടുണ്ടോ കൃഷ്ണയേ?”

“മൊഴി രേഖപ്പെടുത്താൻ ഒരു ദിവസം രാജേഷ് സാറിനോപ്പം പോയിരുന്നു. ശരിക്കും അയാളെ വെച്ചു നോക്കുമ്പോൾ അത് ഒരു തുളസി പൂവ് പോലെയാ..ഒരു പാവം. അയാളെ പ്രേമിച്ചാണ് ഈ കുട്ടി കല്യാണം കഴിച്ചതെന്ന് കേട്ടിട്ടുണ്ട്. ഡോക്ടർ ആണ് റാങ്ക് ഉണ്ടായിരുന്നു അതൊക്കെ ആരോ പറഞ്ഞു അറിഞ്ഞു. എങ്ങനെ ഈ സാ- ത്താനെ പ്രേമിച്ചു കർത്താവെ. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് ബുദ്ധി ഇല്ല “

രാഹുൽ ചിരിച്ചു പോയി

“നമുക്ക് സ്പോട്ടിലേക്ക് പോകാം. ജീപ്പിലാണോ വന്നത്?”

“അതേ സാർ “

“എന്ന ഞാൻ കാർ ഒതുക്കി ആ മതിലിന്റെ സൈഡിൽ പാർക്ക്‌ ചെയ്തിട്ട് വരാം. എന്റെ  കാർ ഇവിടെ കിടന്നോട്ടെ “

രാഹുൽ കാർ എസ് പി ഓഫിസിന്റെ  ഒരു വശത്തായി ഒതുക്കി ഇട്ട് പുറത്ത് ഇറങ്ങി

“രാഹുൽ “

എബി ഓടി വരുന്നു

“എന്താ എബി?”

“കാറിന്റെ ഡിക്കിയിൽ നിന്ന് രക്തം നോക്ക് “

രാഹുൽ ഞെട്ടലോടെ തിരിഞ്ഞു. ഡിക്കിയിൽ നിന്ന് ചോര. അയാൾ ഡിക്കി ഉയർത്തി

“ഹോ “

എബി മുഖം തിരിച്ചു കളഞ്ഞു. ഡിക്കിയിൽ ഫർഹീനിന്റെ  ത- ല. കണ്ണുകൾ അവരെ തുറിച്ചു നോക്കി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *