നിവിൻ ഷെല്ലി ദൃശ്യ മൂവരും കാറിൽ നിന്നിറങ്ങിയപ്പോൾ അർജുൻ ദീപു കൃഷ്ണ ഇവർ മൂന്ന് പേരും ചേർന്ന് അവരെ സ്വീകരിച്ചു
“സ്വാഗതം…”
ദീപു കൈകൾ വിടർത്തി
“ഇപ്പൊ നീയും വയനാട്ടുകാരനായോ?”
“ഇവിടെ വന്നാൽ എല്ലാവരും വയനാട്ടുകാരാവും അത്ര സുന്ദരമാണിവിടം “
ദീപു മറുപടി പറഞ്ഞു
“ദൃശ്യ “
കൃഷ്ണ ദൃശ്യയെ കെട്ടിപിടിച്ചു
“Congrats “
ദൃശ്യ അവളെ ഉമ്മ വെച്ചു
“അസ്വസ്ഥത വല്ലോം.?”
“ഹേയ് ഒന്നുല്ല,”
കൃഷ്ണ ചിരിച്ചു. എല്ലാവർക്കും ഭക്ഷണം തയ്യാറായിരുന്നു. കൃഷ്ണ അവളുടെ സ്പെഷ്യൽ ബീ- ഫ് വരട്ടിയത് അപ്പം ഒക്കെ ഉണ്ടാക്കി. വേണ്ടന്ന് അർജുൻ പറഞ്ഞതാണ്. പ്രെഗ്നന്റ് ആകുക എന്ന് വെച്ച രോഗിയാകുക എന്നല്ല പൊന്നെ അത് ഒരു അവസ്ഥ മാത്രം ആണ് എന്നവൾ പറഞ്ഞു കൊടുത്തു. അവൾക്ക് താൻ പ്രെഗ്നന്റ് ആണെന്ന് കൂടി തോന്നുന്നില്ലായിരുന്നു. എല്ലാം നോർമൽ
ഭക്ഷണം കഴിഞ്ഞു
“എനിക്ക് രണ്ടു ദിവസമേ വീട്ടിൽ നിന്ന് പെർമിഷൻ ഉള്ളു ട്ടോ അർജുൻ ചേട്ടാ, പിന്നെ ഞാൻ സ്വന്തം ആയിട്ട് രണ്ടു ദിവസം കൂടി അങ്ങ് എടുത്തു..വയനാട് കണ്ടു തീർക്കാൻ പറ്റില്ല എന്നറിയാം എന്നാലും..കുറെ സ്ഥലം എങ്കിലും കാണാൻ പോകണം ” ദൃശ്യ പറഞ്ഞു
“എന്ന പിന്നെ നമുക്ക് ഇറങ്ങിക്കളയാം…ഇപ്പൊ ഇറങ്ങിയാൽ ഉച്ചക്ക് വരാം. ഉച്ചക്ക് റിസോർട് ഫുഡ് പിന്നെ ഒരു ഉറക്കം. വൈകുന്നേരം വീണ്ടും പോകാം” അർജുൻ എല്ലാവരോടും ആയിട്ട് പറഞ്ഞു
“എനിക്ക് അമ്മാവന്റെ വീട്ടിൽ ഒന്ന് പോകണം. ഞാൻ ഇടക്ക് വന്നു ജോയിൻ ചെയ്തോളാം” ഷെല്ലി പറഞ്ഞു
ബാക്കിയുള്ളവർ രണ്ട് കാറിൽ
അർജുന്നും കൃഷ്ണയും ദൃശ്യയും ഒരു കാറിൽ. ദീപുവും നീരജയും നിവിനും മറ്റൊന്നിൽ. ഷെല്ലിയും നന്ദനയും ഇടക്ക് വന്നു ഒപ്പം കൂടി
നന്ദന ക്യാമറ എടുത്തിട്ടുണ്ടായിരുന്നു. അവൾ പതിവ് പോലെ വ്ലോഗ് എടുക്കാൻ ആരംഭിച്ചു
കൃഷ്ണയുടെ നേരെ ക്യാമറ വന്നപ്പോൾ അർജുൻ തടഞ്ഞു
“അത് വേണ്ട don’t shoot..”
നന്ദന ഒന്ന് വിളറി. ഷെല്ലി പെട്ടെന്ന് നന്ദനയുടെ മുന്നിൽ ചെന്ന് നിന്നു
“എന്നെ എടുത്തോടി..എങ്ങനെ വേണം..ഞാൻ ഈ കാടിനെ കുറിച്ച് പറയുന്നത് വേണോ അതോ ഒരു പാട്ട്?”
അർജുൻ ചിരിച്ചു പോയി. അവൻ കൃഷ്ണയെ കൊണ്ട് മുന്നോട്ട് നടന്നു
“ഈ ചേട്ടൻ എന്താ ഇങ്ങനെ…ഇന്നാളും സെയിം. ഞാൻ വിചാരിച്ചു അന്ന് വലിയ പരിചയം ആയിട്ടില്ലാഞ്ഞിട്ടവുമെന്ന്. ഇത്രയും നാളായിട്ടും ഇങ്ങനെ പെരുമാറുന്നതെന്താ?”
ഷെല്ലി ചുറ്റുമോന്ന് നോക്കി. അർജുൻ വളരെ മുന്നിൽ ആണ്
ദീപുവും നീരജയും. നിവിന്റെ ഒപ്പം ദൃശ്യ
“എടി അവൻ ഒരു സാധാരണ ആളല്ല..ഒരു കുഞ്ഞ് അമ്പാനിയാണ്. അവന്റെ ഭാര്യ ലോകത്തിന്റെ മുന്നിൽ ഇങ്ങനെ യൂട്യൂബ് വീഡിയോസ് വഴി വരുന്നതൊന്നും അവനു ഇഷ്ടം ആവില്ല. അവന്റെ സ്റ്റാറ്റസ് തന്നെ വേറെയാണ്…ഞങ്ങളെയാരെയും പോലല്ല അർജുൻ…അല്ലാതെ നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല. ഇവിടെ കുറച്ചു നാൾ കൃഷ്ണയുടെ സന്തോഷത്തിനു വേണ്ടി വന്നതാണ്. നീ അവരുടെ പ്രൈവസി മാനിക്കാൻ പഠിക്ക് ആദ്യം “
“അത്ര റിച്ച് ആണോ?”
“ആ. പതിമൂന്ന് ജില്ലകളിലും സ്വന്തം ആയിട്ട് ഹോസ്പിറ്റലും ചെന്നൈ, മുംബൈ,ബാംഗ്ലൂർ അവിടെയൊക്കെ കുറച്ചു കോടികളുടെ ബിസിനസും അത്രേ ഉള്ളു…”
നന്ദനയുടെ കണ്ണ് മിഴ്ഞ്ഞു
“ഇത്രയും വലിയ പണക്കാരനാണോ ആ ചെറിയ വീട്ടിൽ ഇത്രയും നാള്?”
“ഞാൻ പറഞ്ഞില്ലേ കൃഷ്ണയുടെ ആഗ്രഹം നടത്തി കൊടുത്തതാണെന്ന്…നീ ആളറിഞ്ഞു പെരുമാറി പഠിക്ക് “
നന്ദന തലയാട്ടി
“നിന്റ പഠിത്തം എവിടെ വരെയായി?”
“പിജി കഴിഞ്ഞു ഇനി റിസൾട്ട് വന്നിട്ട് എവിടെ എങ്കിലും കയറണം “
അവൻ ഒന്ന് മൂളി. അവർ ഒന്നിച്ചു നടന്നു
നന്ദനയെ കുഞ്ഞിലേ എന്തോ കണ്ടിട്ടുള്ളു ഷെല്ലി. പിന്നെ ഈ ആവശ്യങ്ങൾക്കായി വയനാട് വന്നപ്പോഴാണ് കൂടുതൽ സംസാരിക്കുന്നത്. അവനെക്കാൾ എട്ടു വയസ്സിന്റെ ഇളപ്പമുണ്ട് അവൾക്ക്. പക്ഷെ നല്ല പക്വത. കാര്യശേഷി ഒക്കെ ഉണ്ട്
“നിനക്ക് കല്യാണമാലോചിക്കുന്നെന്നു അമ്മാവൻ പറഞ്ഞു “
“ആ കോഴിക്കോട് നിന്നാ..സ്കൂൾ മാഷാ..ഞാൻ വേണ്ട എന്ന് പറഞ്ഞു “
“അതെന്താ?”
“അച്ഛനും അമ്മയ്ക്കും ഞാൻ മാത്രം അല്ലേയുള്ളു. അവർക്കൊപ്പം കൂടി നിൽക്കാൻ പറ്റുന്ന ഒരാള് മതി. പിന്നെ വയനാട് വിട്ട് വേറെ ഒരിടത്തും എനിക്ക് പറ്റില്ല ഷെല്ലി ചേട്ടാ.. ഇവിടെ ജീവിക്കുന്ന മിക്കവാറും എല്ലാവരും അങ്ങനെ ആവും. ഇവിടെ നിന്ന് പോയ കരയിൽ പിടിച്ചിട്ട മീനിനെ പോലെ ഒരു അവസ്ഥ ആണ് “
ഷെല്ലി അവൾ പറയുന്നത് കേട്ട് കൊണ്ട് നടന്നു. അവൾക്ക് വ്യക്തമായ ആശയങ്ങളും വീക്ഷണവും ജീവിത ലക്ഷ്യവും ഉണ്ട്. അവനു അവളോട് ബഹുമാനം തോന്നി
“ഷെല്ലി ചേട്ടൻ എന്താ കല്യാണം കഴിക്കാത്തത് മുപ്പതു വയസ്സായില്ലേ?”
“ആ ബെസ്റ്റ് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മോളെ…ആയ കാലത്തു ഗൾഫിൽ പോയി കിടന്നു. ഇങ്ങോട്ട് വന്നു ആലോചിച്ചു തുടങ്ങിയപ്പോ അല്ലെ അറിയുന്നത് പെൺപിള്ളേർ ഇല്ല. എല്ലാം കെട്ടിപ്പോയി. ഉള്ള കുറച്ചു എണ്ണത്തിന് കല്യാണത്തിൽ വിശ്വാസം ഇല്ല. പിന്നെ മുപ്പതു വയസ്സായാൽ ചെക്കന്മാർക്ക് ഡിമാൻഡ് ഇല്ല. അങ്കിൾ ആയി പോയത്രേ “
നന്ദന ചിരിച്ചു പോയി
“ശേ ആണോ?”
“ആണെന്ന്…അവന്മാർ കെട്ടിക്കാമെന്ന് ഏറ്റിട്ടുണ്ട്. നടക്കുമായിരിക്കും “അവൻ കൂട്ടുകാരെ ചൂണ്ടി
നന്ദന പൊട്ടിച്ചിരിച്ചു
“ഞാനും നോക്കാം. എങ്ങനെ ഉള്ള പെണ്ണ് വേണം പറ “
“പെണ്ണായാൽ മതി. ഒരു ഡിമാൻഡും ഇല്ല. നല്ല ഒരു പെണ്ണായാ മതി. ഞാൻ അത്ര നല്ലത് ഒന്നുമല്ലായിരുന്നു ഒരു മൂന്നാല് വർഷം മുന്നേ വരെ. പിന്നെ കൃഷ്ണ അർജുന്റെ ലൈഫിൽ വന്നപ്പോൾ അവൻ ഒരു പാട് മാറി. ഓട്ടോമാറ്റിക് ആയിട്ട് ഞങ്ങളും..”
അവൻ ഒന്ന് പുഞ്ചിരിച്ചു
“ഞങ്ങൾ നാലു പേരുടെയും ജീവിതം മാറ്റിയ മൊതലാണ് ആ പോകുന്നത്. “
അവൻ കൃഷ്ണയെ ചൂണ്ടി
“അത് പോലെ ഒരു പെണ്ണിനെ കിട്ടില്ല എന്ന് അറിയാം. എന്നാലും നല്ല ഒരു പെണ്ണായാൽ മതി. സ്നേഹം ഉള്ള ഒരു പെണ്ണ് “
“സ്ത്രീധനം എത്ര പ്രതീക്ഷിക്കുന്നു?”
“അയ്യോ ഒന്നും വേണ്ടായേ..പെണ്ണ് മാത്രം മതി “
ഷെല്ലി തൊഴുതു
“നീ വേഗം നടക്കു അവർ കുറെ മുന്നിലായ് “
നന്ദന നടന്നു തുടങ്ങി ഇടക്ക് അവൾ ഷെല്ലിയെ നോക്കി
അധികവും ഫോണിലാണ് സംസാരിച്ചിട്ടുള്ളത് അതും ഇവർ വന്നതിനു ശേഷം. ഭയങ്കര തമാശ ആണ് ആള്. നല്ല ഒരു പോസിറ്റീവ് വൈബുണ്ട്. ആളുടെ ഒപ്പം കുറച്ചു നേരം ഇരുന്നാൽ തന്നെ ഒരു സന്തോഷം ആണ്. ഇവർ പോയ്കഴിഞ്ഞ ചേട്ടൻ പിന്നെ ഇങ്ങോട്ട് വരില്ലായിരിക്കും. അവൾ വിഷമത്തോടെ ഓർത്തു
ഷെല്ലി അവളുട കൈ പിടിച്ചു
“ഡി സൂക്ഷിച്ചു നടക്കാൻ ആനപ്പിണ്ടം ഇപ്പൊ ചവിട്ടി ബ്ലാ ബ്ലാ ആയേനെ “
നന്ദന ചിരിച്ചു
“അടുത്ത് എവിടെയോ ആനയുണ്ട് “
ഷെല്ലി ഒന്ന് പകച്ചു
“ഇത് ഫ്രഷ് പിണ്ഡമാ നോക്ക് “
“പോടീ ആനയുടെ തീട്ടം ഫ്രഷ് ആണോന്ന് നോക്കലല്ലേ എനിക്ക് പണി…ഞാൻ ഓടുവാ “
അവൻ ഒറ്റ ഓട്ടം
“അയ്യോ എന്നേം കൂടി “
ചിരിച്ചു കൊണ്ട് നന്ദന പിന്നാലെ ഓടി
കൃഷ്ണയും അർജുന്നും അവരുടെ ലോകത്തായിരുന്നു
ദീപുവും നീരജയും അവരുടെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലും…അവർ അങ്ങനെ ഒരു യാത്ര ഇത്രയും നാളായിട്ടും നടത്തിയിട്ടില്ല
മോൾ ആയി കഴിഞ്ഞാണ് ശരിക്കും സ്നേഹിച്ചു തുടങ്ങിയത് തന്നെ. മോളുള്ളത് കൊണ്ട് തന്നെ അവർക്ക് യാത്ര ബുദ്ധിമുട്ട് ആയി..ഇപ്പൊ ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. അത് കൊണ്ട് തന്നെ അവർ അത് ആസ്വദിക്കാൻ തുടങ്ങി..അവർ പതിയെ ആ കൂട്ടത്തിൽ നിന്ന് മാറി നടക്കാൻ ആരംഭിച്ചു..ഒറ്റയ്ക്ക്…ദീപു നീരജയെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു
നീരജ ദീപുവിനെയും..
“ലൈഫ് ഈസ് ബ്യൂട്ടിഫുൾ അല്ലേടി?”
നീരജ ഒന്നു ചിരിച്ചു
“നമ്മൾ ഒന്നിച്ചാകുമ്പോൾ എന്ന് കൂട്ടി ചേർക്കണം “
ദീപു ചുറ്റും ഒന്ന് നോക്കി..ആരുമില്ല. അവൻ അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു. നീരജ തിരിച്ചും
നിവിൻ ഒന്നും മിണ്ടാതെ നടക്കുന്നുണ്ടായിരുന്നു
ഹോസ്പിറ്റലിൽ കൃഷ്ണ കിടക്കുമ്പോൾ നിവിൻ ആയിരുന്നു ഇൻ ചാർജ്. അന്ന് അർജുന്നും ദീപുവും ഹോസ്പിറ്റലിൽ ആയിരുന്നു. അന്ന് പരിചയം ആയതാണ് നിവിനെ. ഇതിന് മുന്നേ കണ്ടിട്ടുണ്ട്. പക്ഷെ പരിചയം ഇല്ല. ജസ്റ്റ് ഹായ് അത്ര തന്നെ. പിന്നെ ആ ഒരു മാസമാണ് സ്ഥിരമായി കണ്ടു തുടങ്ങിയത്
നിവിനു ആത്മാർത്ഥത കൂടുതലാണെന്ന് ദൃശ്യക്ക് തോന്നിട്ടുണ്ട്. അവൻ ഏത് കാര്യവും പൂർണ മനസ്സോടെ ആണ് ചെയ്യുക. മുഴുവൻ സമയം അവൻ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. രാത്രി എന്നില്ലാതെ പകൽ എന്നില്ലാതെ, ആരോ പറഞ്ഞു മാരീഡ് ആണെന്ന്. ആളെ കണ്ടാൽ തോന്നില്ല
മെലിഞ്ഞിട്ടാണ് ചെറിയ പയ്യനെ പോലെ ഉണ്ട്
“വൈഫ് എന്താ നിവിൻ ചേട്ടാ ഇങ്ങോട്ട് ഒന്നും വരാത്തത്?”
ഒരിക്കൽ താൻ ചോദിച്ചു. കുറച്ചു നേരം ഒന്നും പറഞ്ഞില്ല
പിന്നെ പറഞ്ഞു
“വേർപിരിയലിന്റെ വക്കിൽ ആണ് ദൃശ്യ. അവൾക്ക് മറ്റൊരു റിലേഷൻ ഉണ്ട്. സ്വന്തം വീട്ടിൽ ആണ് ഇപ്പൊ”
പിന്നെ താൻ അതെ കുറിച്ച് ഒന്നും ചോദിച്ചില്ല
നിവിൻ ചേട്ടാ?”
ദൃശ്യ വിളിച്ചു
“എന്താ ദൃശ്യ?”
“എന്താ വല്ലാതെ? ഞാൻ തിരുവനന്തപുരത്ത് നിന്ന് വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നു. എന്താ ഗ്ലൂമി ആയിട്ട്..”
“ഡിവോഴ്സ് ആയി ദൃശ്യ. മൂന്നാല് ദിവസമെയയുള്ളു പേപ്പേഴ്സ് ഒക്കെ സൈൻ ചെയ്തു ലീഗൽ ആയി പിരിഞ്ഞിട്ട്..അവൾക്ക് സന്തോഷം ആണെങ്കിലും എനിക്ക് അങ്ങനെ അല്ല ദൃശ്യ..ഞാൻ പെട്ടെന്ന് ഒന്നുമല്ലാതായ പോലെ. ആരുമില്ലാതെ തനിച്ച്. എന്നെ ക്കാൾ മിടുക്കനായ ഒരാളെ കണ്ടപ്പോ അവള്…പെണ്ണ് ഇത്രേ ഉള്ളല്ലേ?”
ദൃശ്യ ഒന്ന് പുഞ്ചിരിച്ചു
“ജനറലൈസ് ചെയ്യരുത് ട്ടോ. എല്ലാരും അങ്ങനെ ഒന്നുമല്ല. പിന്നെ ലൈഫ് ഒരു പെണ്ണിൽ തുടങ്ങുകയുമില്ല തീരുകയുമില്ല. വേറെ ഒരാൾ അല്ല നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത്. അത് നമ്മൾ തന്നെ ആണ്. അവരെ ഓർത്തു വിഷമിക്കുന്ന നേരത്ത് വല്ല നല്ല കാര്യവും ചെയ്യാൻ നോക്ക് “
“പറയാൻ ഈസിയാ. ഉപദേശിക്കാൻ ഈസിയാ. പക്ഷെ ആ ജീവിതം ജീവിക്കുന്നവന് അറിയാം അതിന്റെ വേദന. ഭാര്യ ഉപേക്ഷിച്ചു പോകുന്നവനെ സമൂഹം നോക്കുന്നത് ഇപ്പോഴും പുച്ഛത്തോടെയാ. അവൻ സൊസൈറ്റിയിൽ എത്ര മാന്യനായിട്ടും സമ്പന്നനായിട്ടും കാര്യം ഇല്ല. അവൻ ഒരു സീറോ ആണ്.. മറ്റുള്ളവർക്ക് ചിരിക്കാൻ ഉള്ള ജോക്കർ “
“അതൊക്ക തോന്നലാ…”
ദൃശ്യ പറഞ്ഞതും അവൾ നോക്കുമ്പോൾ ആന. അത് കാടിറങ്ങി വരികയാണ്. ഒന്നല്ല കുറെ ആനകൾ
“നോക്ക് നിവിൻ ചേട്ടാ “
ദൃശ്യ അവന്റെ കയ്യിൽ പിടിച്ചു ഒരു മരത്തിന്റെ മറവിലേക്ക് മാറി
“ശോ എന്താ രസം കാണാൻ. കുഞ്ഞുങ്ങൾ ഉണ്ട് അയ്യോ ക്യൂട്ട് ക്യൂട്ട് “
“എന്റെ ദൃശ്യ പതിയെ..അത് വെള്ളം കുടിക്കാൻ വന്നതാ നോക്ക് “
അവർ നദിയിൽ ഇറങ്ങുന്നത്, കുളിക്കുന്നത്, കളിക്കുന്നത്, വെള്ളം കുടിക്കുന്നത്
ഒക്കെ അവർ നോക്കി നിന്നു. നിവിൻ അതൊക്ക മൊബൈലിൽ പകർത്തി
“എന്ത് ബ്യൂട്ടിഫുൾ ആണല്ലേ ഇവിടെ?”
“അതെ. മനസ്സിന് തന്നെ എന്താ സുഖം..”
നിവിൻ ഒന്ന് ചിരിച്ചു. പെട്ടെന്ന് അവൻ മാറിയല്ലോ എന്ന് ദൃശ്യ ഓർത്തു
“നോക്ക് ദൃശ്യ…”
കുഞ്ഞ് ആന അതിന്റെ അമ്മയുടെ മുകളിൽ കയറാൻ ശ്രമിക്കുന്ന കാഴ്ച്ച അവൻ അവൾക്ക് കാണിച്ചു കൊടുത്തു
“അയ്യോ ദൈവമേ ദേ വീഴും..വീണു.. ദേ പിന്നേം കേറുന്നു..ദേ വീണു “
നിവിൻ അറിയാതെ ദൃശ്യയെ നോക്കി നിന്നു പോയി. എത്ര സുന്ദരിയാണ്. മിടുക്കിയാണ്. സ്നേഹം ഉള്ളവളാണ്
നിവിൻ ചേട്ടാ എന്ന് തന്റെ ജീവിതത്തിൽ മറ്റൊരാൾ വിളിക്കുന്നില്ല. അത് ദൃശ്യ മാത്രം ആണ്. അവൻ മെല്ലെ നോട്ടം പിൻവലിച്ചു. അർജുന്റെ അനിയത്തി ആണ്. തെറ്റായ ഒന്നും മനസ്സിൽ വരരുത്. അവൻ തന്റെ മനസ്സിനെ നിയന്ത്രിച്ചു
ആനക്കൂട്ടം മെല്ലെ കാട്ടിൽ തിരിച്ചു കയറി തുടങ്ങിയപ്പോൾ ദൃശ്യ നിവിന്റെ നേരെ തിരിഞ്ഞു
“നമുക്ക് ഒന്നിച്ച് ഒരെണ്ണം എടുക്കാം “
ദൃശ്യ പറഞ്ഞു
അവൾ അവളുടെ ഫോൺ ഫ്രണ്ട് ക്യാമറ ഓൺ ചെയ്തു ഒരു മരത്തിന്റെ ശിഖരത്തിൽ ഫിക്സ് ചെയ്തു. ബാക് ഗ്രൗണ്ടിൽ ആനക്കൂട്ടം
“വേഗം വേഗം ആന പോകും മുന്നേ “
നിവിൻ അരികിൽ നിന്നു. ദൃശ്യ അവനെ ഒന്ന് ചേർത്ത് പിടിച്ചു ചേർന്ന് നിന്നു
“ചിരിക്ക് “
നിവിൻ മെല്ലെ ഒന്ന് ചിരിച്ചു
“ഇനി എന്റെ തനിച്ച് എടുക്കണേ.ഇൻസ്റ്റയിൽ ഇട്ട് ഞാൻ കുറെ ലൈക് മേടിക്കും നോക്കിക്കോ “
അവൻ ചിരിച്ചു കൊണ്ട് അവളുടെ കുറെ ഫോട്ടോസ് എടുത്തു. ദൃശ്യ അവന്റെ ഫോണിലും കുറച്ചു എടുത്തു
“അവരൊക്കെ എവിടെ പോയോ എന്തോ “
ദൃശ്യ ചുറ്റും നോക്കി
ദൂരെ ഷെല്ലി നന്ദനയുടെ ക്യാമറക്ക് മുന്നിൽ സംസാരിക്കുന്നുണ്ട്
“ഇവൻ എന്ത് തേങ്ങയായിരിക്കും പറയുന്നത്?”
ദൃശ്യ പൊട്ടിച്ചിരിച്ചു പോയി
നിവിൻ ഒരു തമാശ പറഞ്ഞു. ഈക്കാലംവരെ അവൾ കേട്ടിട്ടില്ല. അത്രക്ക് അടുപ്പമൊന്നും ആവാത്ത കൊണ്ടായിരിക്കും എന്നെ അവൾ ഓർത്തിട്ടുള്ളു. പൊതുവെ നിവിൻ സീരിയസ് ആണ്. ജോളി ടൈപ്പ് അല്ല. പക്ഷെ അവന്റെ വായിൽ നിന്ന് ഈ കോമഡി വീണപ്പോ ദൃശ്യയ്ക്ക് മനസിലായി. അവന്റെ ഉള്ളിലും ഒരു സന്തോഷം ആഗ്രഹിക്കുന്ന നിവിന്നുണ്ട്
തമാശ പറയാൻ ആഗ്രഹിക്കുന്ന ചിരിക്കാനും ചിരിപ്പിക്കാനും ആഗ്രഹിക്കുന്ന ഒരു കുട്ടി. ആ കുട്ടിയെ പുറത്തു കൊണ്ട് വരാനവൾ തീരുമാനിച്ചു
തുടരും…