ലയനം – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ

ശരീരത്തിന്റെ അഴകളവുകളെ എടുത്ത് കാണിക്കത്തക്കവണ്ണം വസ്ത്രവും ധരിച്ചുവരുന്ന മകളെ കണ്ടപ്പോൾ നിരുപമയ്ക്ക് ദേഷ്യവും സങ്കടവും തോന്നി.

ഇവൾ എന്താണ് ഇങ്ങനെ?  ഒന്നുമല്ലെങ്കിലും കല്യാണം ഉറപ്പിച്ച പെണ്ണല്ലേ.

എന്താ  ശ്രേയേ…നീ ഇങ്ങനെയൊക്കെ നടക്കുന്നത് ? അല്പം മാന്യമായ വസ്ത്രം ധരിച്ചു കൂടെ നിനക്ക് ? നിരുപമ മകളോട്ചോദിച്ചു.

ഈ വസ്ത്രത്തിന് എന്താ അമ്മേ കുഴപ്പം…..?

ഇത് നീ ഇടുന്നതും ഇടാത്തതും ഒരുപോലെ ആണല്ലോ.

ഓഹ്…അമ്മ ഇങ്ങനെ ഒരു മുതു പഴഞ്ചൻ സ്ത്രീയായി പോയല്ലോ, അമ്മയുടെ  പണ്ടത്തെ കാലമല്ല ഇത്. അമ്മയെപ്പോലെ ദാവണിയും ചുറ്റി പട്ടുപാവാടയും ബ്ലൗസും ഒക്കെ ധരിച്ചു നടക്കുന്ന കാലം കഴിഞ്ഞുപോയമ്മേ

മാന്യമായി വസ്ത്രം ധരിക്കണമെന്നേ ഞാൻ പറഞ്ഞുള്ളൂ..അല്ലാതെ സാരിയോ ദാവണിയോ ഒന്നും ഉടുക്കണ്ട.

എന്റെ അമ്മേ…എന്റെ ശരീരം മനോഹരമല്ലേ, അത് മറ്റുള്ളവർ കാണുന്നതിൽ എന്താണ് ?  അതേസമയം സാരിയൊക്കെ വാരിച്ചുറ്റി  നടക്കുമ്പോഴാണ് എനിക്കൊരു കോൺഫിഡൻസ് ഇല്ലാതെയാകുന്നത്

അതിനു സാരി ധരിക്കണം എന്നൊന്നും ഞാൻ നിന്നോട് പറയുന്നില്ലല്ലോ  ഇതുപോലെ  ഇറുകി കിടക്കുന്നഡ്രസ്സ് ധരിക്കരുത് എന്നല്ലേ പറഞ്ഞുള്ളൂ.

എന്റെ അമ്മേ അമ്മ ഈ രാജ്യം വിട്ട് മറ്റെവിടെ എങ്കിലും പോയിട്ടുണ്ടോ? മറ്റുള്ള രാജ്യങ്ങളിൽ ബിക്കിനി ധരിച്ചു പോലും പെണ്ണുങ്ങൾ നടക്കുന്നുണ്ട്. അവിടെയൊന്നും ആരും ആരെയും തുറിച്ചു നോക്കാറുമില്ല. അവനവന്റെ സൗന്ദര്യം അവരവർ മാത്രം കണ്ടാൽ മതിയോ? നാലാൾ കാണട്ടന്നേ…പിന്നെ, എനിക്ക് എന്റേതായ ഇഷ്ടങ്ങൾ ഇല്ലേ അമ്മേ.അതിൽ ആരും കൈ കടത്താൻവരുന്നത് എനിക്കിഷ്ടമില്ല.

ഓ…എന്റെ മോളെ നീ അവളോട് ഒന്നും പറയാൻ നിൽക്കണ്ട. പ. ട്ടിക്കാട്ടിൽ നിന്നും വന്ന അവൾക്ക് എന്തറിയാം. നിരുപമയുടെ ഭർത്താവ് ശങ്കർ ഭാര്യയെ കളിയാക്കി കൊണ്ടു പറഞ്ഞു

അല്ലെങ്കിലും ഇത്രയും കാലം എങ്ങനെയാണ് പപ്പാ ഈ അമ്മയെ സഹിച്ചത്? ഇങ്ങനെയുമുണ്ടോ പഴഞ്ചൻ ആളുകൾ. കാലത്തിനൊത്ത് അപ്ഡേറ്റ് ആവാൻ അമ്മ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

എനിക്കൊന്നും പഠിക്കേണ്ട.നിങ്ങൾ പപ്പയും മോളും കൂടി എന്തെങ്കിലും ആയിക്കോ. നിരുപമ അടുക്കളയിലേക്ക് പോയി

നീ അതൊന്നും കാര്യമാക്കണ്ട മോളെ അവളുടെ ലോകം തന്നെ അടുക്കളയാ.

എന്നാലും എന്റെ പപ്പാ ഇതിനെ എവിടെ നിന്ന് കിട്ടി?

അയാൾ ഉറക്കെ ചിരിച്ചു

അതൊക്കെ പോട്ടെ ,ശ്രീജിത്ത് വിളിച്ചോ? അയാൾ തിരക്കി.

ഇല്ല. ശ്രീ തിരക്കിലാണെന്ന് തോന്നുന്നു. ഞാൻ വിളിച്ചിട്ട് എടുത്തില്ല.

അയാൾക്ക് എപ്പോഴും തിരക്കാണല്ലോ പേരുകേട്ട ബിസിനസുകാരൻ അല്ലേ..
ഇനിയിപ്പോ നിങ്ങളുടെ വിവാഹം കഴിഞ്ഞാൽ  നീ വേണം അവനോടൊപ്പം ബിസിനസ് കാര്യങ്ങളൊക്കെ നോക്കാൻ

അതൊക്കെ ഞാൻ നോക്കിക്കോളാം പപ്പാ.

നിന്റെ കല്യാണത്തിന് വേണ്ടി പപ്പ എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നത് എന്ന് അറിയാമോ?

അതൊന്നും എനിക്കറിയണ്ട പപ്പാ. എന്റെ പപ്പ എനിക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത് എന്നെനിക്കറിയാം.

ശ്രീജിത്തിന്റെ അച്ഛനും അമ്മയും പാവം മനുഷ്യരാണ്. അവരോടൊക്കെ സ്നേഹമായിട്ട് പെരുമാറി നിന്നോളണം കേട്ടോ

അതൊക്കെ ഞാൻ ഏറ്റു പപ്പാ.എനിക്കറിയില്ലേ അതൊക്കെ.

നീ എന്റെ മോൾ തന്നെ. എല്ലാം നോക്കിയും കണ്ടും ചെയ്യാൻ എന്റെ മകൾക്കറിയാം അയാൾ അഭിമാനത്തോടെ മകളെ ചേർത്തു പിടിച്ചു

അടുക്കളയിൽ ജോലിക്കാരിയെ സഹായിച്ചുകൊണ്ട് നിന്ന നിരുപമ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു

പണത്തിനോടും ആഡംബരത്തിനോടും
ഒട്ടും മമതയില്ലാത്ത നിരുപമയ്ക്ക്, ഭർത്താവിന്റെയും  മകളുടെയും ചില പ്രവർത്തികൾ തീരെ ഇഷ്ടമാകുന്നില്ലായിരുന്നു

മറയൂർ മലനിരകളുടെ താഴെ തണുപ്പിന്റെ…. കുളിർമയുടെ…ലോകത്ത് സ്വൈര്യമായി ജീവിച്ചിരുന്ന തന്നെ, വീട്ടിൽ വന്ന് വിവാഹമാലോചിക്കുകയായിരുന്നു ശങ്കർ. തന്നെ എവിടെയോ വച്ച് ഒരിക്കൽ കണ്ടിട്ടുണ്ട് പോലും, അങ്ങനെ വീട് അന്വേഷിച്ചു കണ്ടെത്തിയതാണ് എന്ന്.

അത്രയും വലിയൊരു പണക്കാരൻ, മകളെ ചോദിച്ചു വീട്ടിലെത്തിയപ്പോൾ തന്റെ പാവം അച്ഛൻ മറ്റൊന്നും നോക്കാതെ വിവാഹത്തിന് സമ്മതം അറിയിച്ചു.

തന്റെ ഭാഗ്യമാണെന്ന് എല്ലാവരും പറഞ്ഞു. ശരിയാണ് തന്നെ ഒരു രാജ്ഞിയെ പോലെ നോക്കുന്നുണ്ട്. ഒരിക്കലും സൗഭാഗ്യം കാണാൻ കഴിയാത്ത ഒരു ജീവിതം തനിക്ക് കിട്ടി. അതൊക്കെ ശരിയാണ്. പക്ഷേ അതൊന്നും ആയിരുന്നില്ല തന്റെ സ്വപ്നം.

തന്നോടൊപ്പം സമയം ചെലവഴിക്കുന്ന, തന്നെ സ്നേഹിക്കുന്ന,പരിഗണിക്കുന്ന ഒരുവനെ ആയിരുന്നു താൻ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്  പായുന്ന ഒരാളെയാണ് തനിക്ക് കിട്ടിയത്. പരാതി ഒന്നുമില്ല. അവരുടെ ആഡംബര ജീവിതത്തിനൊപ്പം അതുപോലെ ആഡംബരത്തിൽ ജീവിക്കാൻ തനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

മറ്റുള്ളവരോടൊക്കെ ഒരുതരം പുച്ഛത്തോടെയാണ് ശങ്കറും തന്റെ മകളും പെരുമാറുന്നത്. അത് നിരുപമയെ വല്ലാതെ വിഷമത്തിൽ ആഴ്ത്തിയിരുന്നു.

അവർക്ക് അവരോടൊപ്പം പണമുള്ള ആളുകളെ മാത്രമേ സ്നേഹിക്കാൻ കഴിയുന്നുള്ളൂ. താഴെക്കിടയിൽ ഉള്ളവരെയെല്ലാം ഒരുതരം അവജ്ഞയോടെയാണ് അവർ നോക്കുന്നത്. അതൊക്കെ നിരുപമയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു

ഒരേയൊരു മകളായ ശ്രേയ അഹങ്കാരിയായാണ് വളർന്നുവന്നത്. എത്രയൊക്കെ മാറ്റാൻ ശ്രമിച്ചാലും അവൾക്കുള്ളിൽ ഒരു ഗർവ്വിന്റെ ഭാവമുണ്ട്

ഒക്കെ ശരിയാകുമായിരിക്കും.

ശങ്കറും മകളും കാറിൽ കയറിപ്പോകുന്നത് കണ്ടു കൊണ്ടാണ് നിരുപമവാതിൽക്കൽ വന്നത്. തന്നോട് ഒന്ന് യാത്ര പോലും പറയാതെ പോയിരിക്കുന്നു. തനിക്ക്  ഈ വീട്ടിൽ അവർ ഒരു വിലയും കൽപ്പിക്കുന്നില്ല.. അല്ലെങ്കിലും യാതൊരു വിലയുമില്ലാത്തവൾ ആണല്ലോ താൻ.

ബിസിനസുകാരനായ ശ്രീജിത്തുമായി മകൾ ശ്രേയയുടെ വിവാഹമുറപ്പിച്ചിരിക്കുകയാണ്. വിവാഹിതയായതിനുശേഷമെങ്കിലും അവളുടെ സ്വഭാവം ഒന്ന് മാറിയാൽ മതിയായിരുന്നു

നിരുപമ നെടുവീർപ്പോടെ ആലോചിച്ചു

******************

ശ്രീജിത്ത് വിവാഹത്തിനായി സുഹൃത്തുക്കളെയൊക്കെ ക്ഷണിക്കുകയാണ്. അതിസുന്ദരനായ ഇരുപത്തിഏഴ് കാരനാണ് ശ്രീജിത്ത്.

എല്ലാ മനുഷ്യരോടും ദയയോടെയും സ്നേഹത്തോടെയും മാത്രം പെരുമാറാൻ അറിയുന്ന, പണമുള്ളവന്റെ യാതൊരുവിധ അഹങ്കാരങ്ങളും ഇല്ലാത്ത പച്ചയായ ഒരു മനുഷ്യനാണ് ശ്രീജിത്ത്

ഡോക്ടർ ചന്ദ്രശേഖരന്റെയും കോളേജ് അധ്യാപികയായ ഭാനുമതിയുടെയും ഏക മകൻ.

ഓഫീസ് മുറിയിൽ ഇരിക്കുകയായിരുന്ന ശ്രീജിത്തിന്റെ അരികിലേക്ക് ഒരു പെൺകുട്ടി കടന്നു വന്നു

സർ…

എന്താ ശരണ്യ?

എനിക്ക് ഈ മാസത്തെ ശമ്പളം നേരത്തെ തരാൻ പറ്റുമോ

അതെന്താണ് അങ്ങനെ ? അയാൾ ചോദിച്ചു

അടുത്തയാഴ്ച എന്റെ വിവാഹമാണ്. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ എന്റെ വിവാഹം ഞാൻ സമ്പാദിച്ച പണം കൊണ്ട്  നടത്തണമെന്ന് എനിക്ക് വലിയൊരു ആഗ്രഹമാണ്.

ആഹാ കല്യാണമാണോ ? എന്നിട്ട് എന്നെയൊന്നും വിളിക്കുന്നില്ലേ? അയാൾ ചോദിച്ചു

നിങ്ങളൊക്കെ വലിയ ആളുകളല്ലേ ഞാൻ വിളിച്ചാൽ വരുമോ,അവൾ നിന്ന് പരുങ്ങി

പിന്നെ…എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളുടെ വിവാഹത്തിന് ഞാൻ പങ്കെടുക്കാതിരിക്കുമോ?

അടുത്ത ആഴ്ചയാണ് എന്റെ വിവാഹം. സർ വരണം അവൾ പറഞ്ഞു

തീർച്ചയായും വരും ശരണ്യ…

അതൊക്കെ പോട്ടെ വിവാഹം കഴിക്കാൻ പോകുന്നയാൾ എന്ത് ചെയ്യുന്നു?

അദ്ദേഹത്തിന് ഒരു വർക്ക്ഷോപ്പ് ഉണ്ട്.
ഞങ്ങളുടെ നാട്ടുകാരൻ തന്നെയാണ്

ഓഹോ അപ്പോൾ പ്രണയ വിവാഹമാണല്ലേ ? അയാൾ ചോദിച്ചു

അതെ.അവൾ ലജ്ജയോടെ പറഞ്ഞു

ശരി ശരണ്യ പൊയ്ക്കോളൂ. ശമ്പളം നേരത്തെ തരാൻ ഞാൻ മോഹനോട് പറഞ്ഞേക്കാം.  അയാൾ പറഞ്ഞു

ശരി…..ശരണ്യ തലകുലുക്കി.

***************

ശ്രീ…ഒന്ന് കാണാൻ പറ്റുമോ? ശ്രേയ പ്രണയാതുരയായ് ചോദിച്ചു.

പിന്നെന്താടോ.. കാണാമല്ലോ. വൈകിട്ട് ഞാൻ ഫ്രീയാണ്.

ശരി. എന്നാൽ നമ്മൾ സ്ഥിരം കാണുന്ന കോഫി ഷോപ്പിൽ കാണാം.

ഓക്കേ.. ഡിയർ..

വൈകിട്ട് ശ്രേയയെ കാണാൻ പോകുമ്പോൾ അയാൾ സാദാ ഒരു ജീൻസും ടീഷർട്ടുമാണ് ധരിച്ചത്.

അവളോടൊപ്പം കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ അവളുടെ വസ്ത്രധാരണരീതി അയാൾക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. എങ്കിലും മറ്റൊരാളുടെ ഇഷ്ട്ടങ്ങളിൽ കൈകടത്തുന്ന സ്വഭാവം അയാൾക്കില്ലാത്തതിനാൽ അയാൾ ഒന്നും പറഞ്ഞില്ല.

എങ്കിലും അവയവങ്ങളുടെ മു. ഴുപ്പും തു. ടിപ്പും അത്രയേറെ വ്യക്തമായി കാണാവുന്നത് കൊണ്ട് തന്നെ പലരും അവളെ തുറിച്ചു നോക്കുന്നുണ്ട്.

മറ്റുള്ളവരുടെ തുറിച്ചു നോട്ടം അയാളെ ആസ്വസ്‌ഥനാക്കി.

കോഫി കുടിച്ചതിനു ശേഷം അവർ അവിടെ നിന്നും ഇറങ്ങി.

നമുക്ക് കുറച്ചു നേരം കടൽ തീരത്തു കൂടെ നടക്കാം ശ്രീ…

നമുക്ക് പോയാലോ ശ്രേയ.. നാളെ എന്റെ ഒരു സ്റ്റാഫിന്റെ വിവാഹമാണ്. അതിന് പോകണം. എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കണ്ടേ..അത് മേടിക്കണം…

അയ്യേ…സ്റ്റാഫിന്റെ ഒക്കെ കല്യാണത്തിന് ശ്രീ എന്തിനാ പോകുന്നത്.

അങ്ങനെയല്ലല്ലോ വേണ്ടത്.

അങ്ങനെയാണ് വേണ്ടത്. ജോലിക്കാരെ അവരുടെ സ്ഥാനത്തു കണ്ടാൽ പോരേ… ജോലി എടുക്കുന്നതിനു ശമ്പളം കൊടുക്കുന്നില്ലേ അതുപോരെ..

അത് പോരാ…നമ്മുടെ കമ്പനിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികളെ എനിക്ക് മാറ്റി നിർത്താൻ ഒക്കില്ല.

അവളുടെ മുഖം വാടി, ആ പച്ച കണ്ണുകളിൽ നിരാശ നിറഞ്ഞു..

ആരും വേദനിക്കുന്നത് അയാൾക്ക് ഇഷ്ടമില്ല. അതുകൊണ്ട് തന്നെ അയാൾ അവളുടെ കൈയിൽ പിടിച്ചു.

വരൂ…തനിക്ക്‌ കടൽക്കരയിലൂടെ നടക്കണം എന്നല്ലേ പറഞ്ഞത്…

അയാളോട് മുട്ടിയുരുമ്മി നടക്കുമ്പോൾ അവളിൽ പ്രണയം നിറഞ്ഞു..

സത്യത്തിൽ ഞാനിപ്പോ ശ്രീയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

അയാൾ അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു.

പപ്പ ഇങ്ങനൊരു പ്രൊപോസൽ കൊണ്ടുവന്നപ്പോൾ ഞാൻ അതിശയിച്ചു പോയി.

അതെന്താ?

ശ്രീയെ കെട്ടാൻ, വേണമെങ്കിൽ പെണ്ണുങ്ങൾ ക്യു നിൽക്കും. അന്നേരം ഞങ്ങളുടെ ആലോചനക്ക് യെസ് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.

ഓഹോ…

പിന്നല്ലാതെ, ഇവിടെ ഇത്രയും വലിയ ബിസിനസ്സുകാരൻ ആരാ ഉള്ളത്. മാത്രമോ കണ്ടാൽ  ഇത്രേം സൗന്ദര്യം ഉള്ള ആൾ വേറെ എവിടെ ഉണ്ട്. എന്റെ ഭാഗ്യമാണ് ശ്രീ…

പെട്ടന്നാണ് ഒരു കുട്ടി ഓടി വന്ന് അവളുടെ കൈയിൽ തൂങ്ങിയത്…

അവൾ ഒന്നെ നോക്കിയുള്ളൂ..

പിഞ്ചിയ ഉടുപ്പ് ധരിച്ച ഒരു നാടോടി കുട്ടി.
ആ കുട്ടിയുടെ അമ്മ പിന്നാലെ വന്നവനെ എടുത്തുകൊണ്ടു പോകാൻ നോക്കിയിട്ടും. കുട്ടി അവളുടെ കൈയിൽ നിന്നും പിടുത്തം വിടുന്നില്ല.

അവൾ കൈ വലിച്ചെടുക്കാൻ നോക്കി.

ശ്രീജിത്ത്‌ പതിയെ കുഞ്ഞിനരുകിൽ മുട്ട് കുത്തി ഇരുന്നു.

ചെമ്പിച്ച അനുസരണ ഇല്ലാത്ത  അവന്റെ മുടി കാറ്റിൽ പറക്കുന്നുണ്ട് മൂക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട് , ദൈന്യത നിറഞ്ഞ മുഖം. ആ കണ്ണുകൾ നിറയെ നിഷ്കളങ്കതയാണ്

മോന് എന്താ വേണ്ടത് ? അയാൾ ചോദിച്ചു.

അവൻ അപ്പുറത്തേക്ക് കൈ ചൂണ്ടി..

അപ്പുറത്തുള്ള  കടയിലാണ് അവന്റെ നോട്ടം. അയാൾ അവന്റെ കൈപിടിച്ച് കടയിലേക്ക് നടന്നു..

അവൻ പറഞ്ഞതൊക്കെ വാങ്ങി കൊടുത്തു. അവന്റെ നിറുകിൽ ഒന്ന് തലോടി..

അവൻ ഒരു പുഞ്ചിരിയോടെ അമ്മയുടെ അരികിലേക്ക് ഓടി..

ശ്രേയ ഒരു കുപ്പി വെള്ളം വാങ്ങി..കൈ കഴുകി..

എന്ത് പറ്റി ശ്രേയ,? അയാൾ ചോദിച്ചു.

ആ ചെക്കൻ വന്നു പിടിച്ചത് ശ്രീ കണ്ടില്ലേ. എനിക്ക് അറപ്പാണ്…

അയാൾക്ക്‌ അവളുടെ പച്ചക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്തോ വല്ലാത്ത മടുപ്പ് തോന്നി…

നമുക്ക് പോയാലോ അയാൾ ചോദിച്ചു.

ഉം… പോകാം. ആ ചെക്കൻ വന്നു നമ്മുടെ മൂഡ് കളഞ്ഞു.

കാറിൽ ഇരിക്കുമ്പോൾ ശ്രീ മൗനമായിരുന്നു.

ശ്രീ… നമുക്ക് ഹണിമൂണിന് പുറത്ത് ഏതെങ്കിലും രാജ്യത്തു പോയാൽ മതി കേട്ടോ..

ഉം…

അവളെ വീട്ടിൽ വിട്ടിട്ട് അയാൾ സ്വന്തം വീട്ടിലേക്കു പോയി.

പിറ്റേന്ന്… ശരണ്യയുടെ  വിവാഹത്തിന് ശ്രീജിത്തും അയാളുടെ PAമോഹനനും കൂടെ പോയി.

അയാൾ ചെന്നത് അവൾക്കു വലിയ അത്ഭുതം ആയിരുന്നു. ലളിതമായ വിവാഹം ആയിരുന്നു. ശ്രീജിത്ത്‌ അവൾക്കായി വാങ്ങിയ  ഗിഫ്റ്റ് കൊടുത്തു. അത് വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

വിവാഹ സദ്യയും കഴിച്ചിട്ടാണ് അവർ മടങ്ങിയത്.

**********

അമ്മാ… അച്ഛൻ എവിടെ, ശ്രീജിത്തു ചോദിച്ചു.

ഞാൻ ഇവിടെ ഉണ്ടെടാ എന്താ..?

അച്ഛാ.. ഞാൻ രൂപേഷിന്റെ അടുത്ത് വരെ ഒന്ന് പോകാൻ തീരുമാനിച്ചു. അവനെ നേരിട്ട് എന്റെ വിവാഹത്തിന് ക്ഷണിക്കണം. പിന്നെ കുറച്ച് ദിവസം അവനോടൊപ്പം കഴിയണം…ആ ഹൈറേഞ്ചിലെ തണുപ്പും കോടയും. അവന്റെ തോട്ടത്തിലെ ആ വീടും…..ഓഹ്… ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു.

ആഹ് പോയിട്ട് വാടാ.. എപ്പോഴും തിരക്കിലല്ലേ നീ.. ജീവിതത്തിൽ ഓർത്തു വയ്ക്കാൻ കുറച്ച് നല്ല ദിവസങ്ങളും കൂടെ വേണ്ടേ..

ഞാൻ എല്ലാ കാര്യങ്ങളും മോഹനെ ഏൽപ്പിച്ചിട്ടുണ്ട്. എങ്കിലും ഇടക്ക് ഒരു കണ്ണ് വേണം കേട്ടോ..

ശരി ഞാൻ വൈകിട്ട് ചെന്നോളാം. അച്ഛൻ പറഞ്ഞു.

എന്നാൽ ഞാൻ പോയിട്ട് വരാം.

അയാൾ അമ്മയുടെയും അച്ഛന്റെയും കവിളിൽ ഓരോ മുത്തം നൽകി.

ചെന്നൈയിലെ കോളേജിൽ  ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ സൗഹൃദമാണ് രൂപേഷും ആയിട്ടുള്ളത്.

അവന്റെ ഹൈറേഞ്ചു മലനിരകളുടെ താഴെയുള്ള വീടിനെപ്പറ്റി അവൻ ഇടയ്ക്കിടെ പറയുമായിരുന്നു..അങ്ങനെ കൊതിപ്പിടിച്ചു തങ്ങൾ സുഹൃത്തുക്കൾ ഒക്കെകൂടെ ഒരിക്കൽ അവന്റെ വീട്ടിൽ പോയി.. ഓഹ്… മഞ്ഞ് പൊഴിയുന്ന  ആ പുലർകാലങ്ങളും…ഡിസംബറിൽ  മാത്രം വിരിയുന്ന ചിലയിനം പൂക്കളും…വല്ലാത്തൊരു വൈബ് ആണ് അവിടം.

പിന്നീടും പലവട്ടം അവിടെ പോയിട്ടുണ്ട്.

അയാൾ ഉത്സാഹത്തോടെ  വണ്ടി ഓടിച്ചു

വളവുകളും,തിരുവുകളും,ഇടയ്ക്കിടെ കാണുന്ന വെള്ളച്ചാട്ടങ്ങളും…തണുപ്പും..
അയാളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചു.

പെട്ടന്നാണ് മറ്റൊരു കാർ എതിർവശത്തു നിന്നും പാഞ്ഞു വന്നതും ശ്രീജിത്തിന്റെ കാറിൽ ഇടിച്ചതും

ഇടിയുടെ ആഘാതത്തിൽ  കൊടും വളവിൽ നിന്നും ശ്രീജിത്തിന്റെ വാഹനം തെന്നി താഴേക്കു മറിഞ്ഞു…..

തുടരും….