മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
എന്താ സരസ്വതി ഇവിടെ ഒരു ബഹളം എന്തിനാ നീ കിടന്നു നിലവിളിക്കുന്നത്..
ഗോവിന്ദേട്ടന്റെ പുറകെ ഞാനും അവിടേയ്ക്കു ചെന്നു…
എന്താ സരസ്വതി നീ എന്തെങ്കിലും ഒന്ന് പറയൂ ഇവിടെ എന്താണ് സംഭവിച്ചത്…….?
അത് പിന്നെ ശ്രീക്കുട്ടി..!.
ശ്രീക്കുട്ടിയ്ക്ക് എന്തു പറ്റി..?
ആ കുട്ടി മുറിയിൽ നിന്നുമിറങ്ങിയോടി തൊടിയിലേയ്ക്ക്…
നീ എവിടായിരുന്നു.. ഞാൻ എപ്പോഴും പറയുന്നതല്ലേ ആ കുട്ടിയുടെ മേൽ
എപ്പോഴും ഒരു കണ്ണ് വേണമെന്ന്..
രാമൻ വന്നിരുന്നു.. അയാൾക്ക് ഇത്തിരി നെല്ല് എടുത്തു കൊടുക്കാൻ ടീച്ചർ പറഞ്ഞു
അത് എടുത്തു കൊടുക്കാൻ ഞാൻ പത്തായപ്പുരയിലേയ്ക്ക് പോയ നേരത്താണ് കുട്ടി ഇറങ്ങി ഓടിയത്…
ഈ സന്ധ്യാ നേരത്ത് ഈ കുട്ടി തൊടിയിലേയ്ക്ക് ഓടിയാൽ എന്താവും ഈശ്വരാ …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു….
സരസ്വതി ഞാൻ എന്തായാലും പോയി നോക്കിയിട്ട് വരാം നീ ടീച്ചറിന്റെ മുറിയിലേയ്ക്ക് ചെല്ലൂ..
പിന്നെ ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കണ്ട പിന്നെ അത് മതി ആ മനസ്സിൽ ആധി കയറാൻ..
ശരി ഗോവിന്ദേട്ടാ…
എന്നാലും ഈ കുട്ടി ഇത് എന്തു ഭാവിച്ചാണ് ഈ സമയത്തു തൊടിയിൽ ഇറങ്ങി നടക്കാൻ പറ്റുമോ..
കൂടിയ ഇനം വിഷ ജന്തുക്കൾ ഉള്ളതാണ്.. കഴിഞ്ഞയാഴ്ച്ച കൂടി തെക്കേ തൊടിയിലെ കുളത്തിൽ ഒരു ഉഗ്രൻ സർപ്പത്തെ കണ്ടതാണ്……
ഗോവിന്ദേട്ടാ ആരാണ് ഈ ശ്രീക്കുട്ടി..?
ഞാൻ പറഞ്ഞില്ലേ ടീച്ചറിന്റെ കൊച്ചുമോൾ ശ്രീ നിധി എന്നാണ് പേര് എല്ലാവരും ശ്രീക്കുട്ടി എന്ന് വിളിയ്ക്കും…
ഈ കുട്ടി എപ്പോഴും ഇങ്ങനെയാണോ..?
ഏയ് അല്ല ഇടയ്ക്ക് പെട്ടെന്ന് മനസ്സിന്റെ നിയന്ത്രണം പോകും അപ്പോൾ കാട്ടിക്കൂട്ടുന്നതാണ് ഇതൊക്കെ…..
ട്രീറ്റ്മെന്റ് ഇല്ലേ..?
മരുന്ന് മുടങ്ങാതെ കൊടുക്കുന്നുണ്ട് പക്ഷേ ഇന്നിപ്പോൾ എന്താ പറ്റിയതെന്നറിയില്ല…. തളച്ചിടാൻ മാത്രമുള്ള പ്രശ്നമൊന്നുമില്ല..
ഒറ്റ നോട്ടത്തിൽ ആർക്കും അസുഖമുള്ളതായി തോന്നില്ല….
ഇനിയിപ്പോൾ എവിടെ പോയി നോക്കും അയാളെ…
ദൂരെയെങ്ങും പോകാൻ വഴിയില്ല. ആ കുളക്കടവിലോ മറ്റോ കാണും..
എന്നാൽ നമുക്ക് അങ്ങോട്ട് പോകാം..
കുളക്കടവിൽ മുഴുവനും അരിച്ചു പെറുക്കി നോക്കി ആളെ കണ്ടെത്തിയില്ല.. തിരിച്ചു മടങ്ങാൻ നേരം കുളപ്പുരയിൽ ഒരാളുടെ കാൽപ്പെരുമാറ്റം കേട്ടത്…
ദാ ഇതിനുള്ളിൽ ആരോ ഉണ്ടെന്നു തോന്നുന്നു….
ഗോവിന്ദേട്ടൻ അതിനുള്ളിലേക്ക് കയറി…
മുറിയ്ക്കുള്ളിൽ ഒരു മൂലയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു പെൺകുട്ടി…….
എന്താ കുട്ടി ഈ കാണിയ്ക്കുന്നത് സന്ധ്യാ നേരത്ത് ഇവിടെ വന്നിങ്ങനെ കരഞ്ഞു കൊണ്ട് ഇരിയ്ക്കാ…. മുത്തശ്ശി അന്വേഷിയ്ക്കില്ലേ….
എന്താ പറ്റിയത് കുട്ടിയ്ക്ക്…?
ഗോവിന്ദൻ മാമാ ഞാൻ ഇപ്പോൾ ഇവിടെ എന്റെ അച്ഛനെയും അമ്മയെയും കണ്ടു….
എവിടെ..?
ദാ എനിക്കൊപ്പം ഉണ്ടായിരുന്നു ഇത്ര നേരം…
അത് കുട്ടിയ്ക്ക് വെറുതെ തോന്നുന്നതാണ് ഇവിടെയെങ്ങും ആരുമില്ല.വാ നമുക്ക് വീട്ടിലേയ്ക്ക് പോകാം…
അപ്പോൾ ഇനി എന്റെ അച്ഛനും അമ്മയും വരില്ല ല്ലേ…..
അത് മോളെ… “
വേണ്ടാ കള്ളം പറയണ്ടാ എനിക്കറിയാം വരില്ല എന്ന്….
കണ്ടില്ലേ മോനെ ഞാനിപ്പോൾ ഈ കുട്ടിയോട് എന്താ പറയുക അവൾക്കറിയാം അച്ഛനും അമ്മയും ഇനി ഒരിയ്ക്കലും വരില്ല എന്ന്.. എന്നിട്ടും ചില സമയത്തു ഇങ്ങനെയൊക്കെ പെരുമാറും മറ്റുള്ളവരെ പേടിപ്പിക്കും……
എല്ലാം നേരെയാകും ചേട്ടാ…
വാ കുട്ടി നമുക്ക് പോകാം അധികം സമയം ഇവിടെ നിൽക്കേണ്ട..
ഞങ്ങൾ അവളേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു…
ഗോവിന്ദേട്ടൻ പറഞ്ഞത് ശരിയാണ് ഒറ്റ നോട്ടത്തിൽ ഒരു കുഴപ്പവുമില്ല.. നല്ല മുഖ സൗന്ദര്യമുണ്ട്… അവൾക്ക്….
……………………
സരസ്വതി ഗോവിന്ദൻ എവിടെപ്പോയി.. ഇത് വരെ വന്നില്ലേ.. അമ്പലത്തിൽ നിന്നും…
അത് ടീച്ചറെ …..
എന്തു പറ്റി. ഗോവിന്ദൻ കുട്ടിയെ തിരക്കി പോയല്ലേ… കുട്ടിയിന്നും തൊടിയിലേയ്ക്ക് ഓടിയല്ലേ.. അതാവും ഗോവിന്ദനെക്കാണാത്തത്……
ശരിയാണ് ടീച്ചറെ കുട്ടി ഇന്നു വീണ്ടും തൊടിയിലേയ്ക്ക് ഓടിപ്പോയി ഗോവിന്ദേട്ടനും കൂടെ വന്നയാളും അന്വേഷിച്ചു പോയിട്ടുണ്ട്……..
അതാരാ കൂടെയുള്ളത്…?
അറിയില്ല ചിലപ്പോൾ ഗോവിന്ദേട്ടന്റെ ബന്ധു ആയിരിയ്ക്കും.. ഒരു ചെറുപ്പക്കാരനാണു…
ശാരദ ടീച്ചറെ….
ഇതെവിടെയായിരുന്നു ഗോവിന്ദാ കുട്ടി ഇന്നും ബുദ്ധിമുട്ടാക്കിയല്ലേ……
അങ്ങനെ ഒന്നുമില്ല ടീച്ചറെ ഞാൻ അന്വേഷിച്ചു ചെല്ലുമ്പോൾ ആ കുളപ്പുരയിൽ കയറി ഇരിയ്ക്കുവായിരുന്നു…..അവിടുന്നു കൂടെ കൂട്ടി…..
എന്താ കുട്ടി നീ ഇങ്ങനെ എല്ലാവർക്കും വിഷമമുണ്ടാക്കുന്നത്….എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ…?
മുത്തശ്ശി എന്റെ അച്ഛനും അമ്മയും കുളപ്പുരയിൽ വന്നു. അവരെ കാണാൻ പോയതാണ്…..
എല്ലാം കുട്ടിയുടെ തോന്നലാണ്. ഇനി ഇങ്ങനെയൊന്നും ചെയ്യരുത് ട്ടോ…
സരസ്വതി കുട്ടിയെ അകത്തേയ്ക്ക് കൂട്ടിപ്പോയ്ക്കോളൂ….എന്നെ നോക്കിയൊന്നു ചെറുതായി ചിരിച്ചു കൊണ്ട് അവൾ അകത്തേയ്ക്ക് പോയി….
ഗോവിന്ദാ….
ഞാൻ ഇവിടെയുണ്ട് ടീച്ചറേ…
തന്റെ കൂടെ ഒരു പയ്യൻ വന്നിട്ടുണ്ടെന്ന് സരസ്വതി പറഞ്ഞു എവിടെ അയാൾ..?
ദാ ഇയാളാണ് അത് തൃശ്ശൂർ നിന്നും വരുവാണ് ഇവിടെ വില്ലേജ് ഓഫീസിലേയ്ക്ക് മാറ്റം വാങ്ങി വന്നതാണ്… ടീച്ചറെ കാണാനാണ് ഇങ്ങോട്ട് വന്നത്…
ഞാൻ ആദ്യമായാണ് കൃഷ്ണമംഗലത്തു ശാരദ ടീച്ചറേ കാണുന്നത് ഐശ്വര്യം തുളുമ്പുന്ന മുഖം……
ടീച്ചർ എന്നെ അരികിലേയ്ക്ക് വിളിച്ചു..
എന്താ ഇയാളുടെ പേര്..എന്നെക്കാണാൻ തന്നെയാണോ വന്നത്..
അതെ… “”
എന്റെ പേര് സിദ്ധാർഥ്.. ഞാൻ ബാലകൃഷ്ണന്റെ മോനാണ്… ടീച്ചറിന്റെ പ്രിയപ്പെട്ട ശിഷ്യൻ ബാലകൃഷ്ണന്റെ. മകൻ……
എന്റെ ബാലകൃഷ്ണന്റെ മകനാണോ… എന്നിട്ടാണോ അപരിചിതനെപ്പോലെ നിൽക്കുന്നത്.. ഇത് നിന്റെ വീട് തന്നെയാണെന്ന് വിചാരിച്ചോളൂ കുട്ടി…
ബാലകൃഷ്ണന് സുഖമല്ലേ”…..
“അച്ഛൻ കഴിഞ്ഞ മാസം മരിച്ചു ടീച്ചറെ…. മരിയ്ക്കും മുൻപ് ടീച്ചറെക്കുറിച്ചു എല്ലാം പറഞ്ഞു തന്നു.. ഈ അഡ്രസ്സും തന്നു ടീച്ചറെ വന്നു കാണണമെന്ന് പറഞ്ഞു…
എന്തൊരു വിധിയാണിത് എന്റെ രണ്ടു മക്കളെയും ഈശ്വരൻ തിരിച്ചെടുത്തു… എല്ലാം അനുഭവിക്കാൻ എന്നെ മാത്രം ബാക്കിയാക്കി……..
ആ മുഖത്തിലൂടെ ഒഴുകുന്ന കണ്ണീരിൽ നിന്നും തിരിച്ചറിയാൻ കഴിയും ടീച്ചർക്ക് അച്ഛന്റെ വേർപാട് ഉണ്ടാക്കിയ നൊമ്പരം..
ഇതൊരു വല്ലാത്ത വിധി തന്നെയാണ് മൂന്ന് തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ളത്തൊക്കെ ഇവിടെയുണ്ട്. അനുഭവിക്കാൻ ആള് വേണ്ടേ ……
ആകെയുള്ള പ്രതീക്ഷ എന്റെ കൊച്ചുമോളാണ് കണ്ടില്ലേ അവളുടെ പ്രകൃതം… എന്റെ കാല ശേഷം അവളുടെ കാര്യമെന്താവും…..
ഇത്രയും നല്ല ടീച്ചറേ എന്റെ അച്ഛൻ സ്നേഹിച്ചതിൽ തെറ്റില്ല…. ഞാൻ മനസ്സിൽ പറഞ്ഞു..
മോൻ എന്താണ് ആലോചിയ്ക്കുന്നത്…
ഏയ് ഒന്നുമില്ല ടീച്ചറെ .. ഇനിയും സങ്കടപ്പെട്ടിട്ടു കാര്യമില്ലല്ലോ.. ഞങ്ങളൊക്കെയുണ്ടല്ലോ കൂട്ടിന്..
മോന് ധൃതിയുണ്ടോ തിരികേ പോകുവാൻ……..?
ഇല്ലല്ലോ….
എന്നാൽ ഇന്നിവിടെ തങ്ങി നാളെ തിരിച്ചു പോകാം.. വിരോധമുണ്ടോ…
ടീച്ചർ പറയുന്നത് പോലെ അനുസരിയ്ക്കാം….
ഗോവിന്ദേട്ടൻ എന്നെ വീടിനകത്തേക്ക് കൂട്ടി…..
അന്ന് രാത്രിയിൽ ആ വീട്ടിലെ ഒരു അംഗമായി തന്നെ ജീവിയ്ക്കുകയാണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.. അത്രയും നല്ല പെരുമാറ്റമായിരുന്നു അവിടെ എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടായത്..
രാത്രിയിൽ മുഴുവനും ടീച്ചർ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു എന്റെ മനസ്സിൽ നിറയേ..
ശ്രീക്കുട്ടി നേരാംവണ്ണം പരിചയപ്പെടാൻ കൂടി കഴിഞ്ഞില്ല അവൾ വെറും ഒരു അപരിചത മാത്രമാണോ എനിയ്ക്ക്.. ഒരിയ്ക്കലും അങ്ങനെ തോന്നിയില്ല…
എന്തോ ഒരു ആത്മ ബന്ധം എനിക്കും അവൾക്കുമിടയിൽ ഉടലെടുത്തത്
പോലെ തോന്നുന്നു ..
ഒന്ന് ആലോചിച്ചാൽ ഞങ്ങൾ തുല്യ ദുഃഖിതരാണ്…
ശ്രീക്കുട്ടിയും ഞങ്ങളും അനാഥർ…തന്നെയല്ലേ ഇപ്പോൾ..
പത്തു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട തനിക്കും ദേവൂനും ഇപ്പോൾ അച്ഛനെയും നഷ്ടമായി….
അവൾക്കിപ്പോൾ ഭർത്താവും അയാളുടെ അച്ഛനും അമ്മയും കൂടെയുണ്ട് ഒരു ആശ്വാസമായി.. എനിയ്ക്കോ..?
ടീച്ചറിന്റെ വിവരങ്ങൾ അറിയണം അച്ഛനെക്കുറിച്ചുള്ള കാര്യങ്ങൾ പറയണം തിരിച്ചു പോകണം ഇതായിരുന്നു ഇവിടെയെത്തും വരെ മനസ്സിൽ…..
പക്ഷേ “…ഇവിടെയെത്തിയപ്പോളൊ…
ഇങ്ങനെയൊരു സാഹചര്യത്തിൽ ടീച്ചറെയും ആ കുട്ടിയേയും തനിച്ചാക്കി പോകാൻ തോന്നുന്നില്ല… എന്തോ ഒന്ന് എന്നെ അവരിലേയ്ക്ക് അടുപ്പിക്കുന്നു…
അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ടീച്ചർക്കും ശ്രീക്കുട്ടിയ്ക്കും സംരക്ഷണം നൽകിയേനെ… അച്ഛന് ചെയ്യാൻ കഴിയാതെ പോയത് എനിക്ക് ചെയ്യണം.. അവർക്ക് സംരക്ഷണം നൽകണം.. അതിപ്പോൾ എന്റെ കടമയാണ്……
രാവിലെ എഴുന്നേറ്റത് ശ്രീക്കുട്ടിയുടെ ബഹളം കേട്ടാണ്……
എനിക്ക് ഉണ്ണിയേട്ടനെ കാണണം…. ഇന്നലെ ഉണ്ണിയേട്ടൻ വന്നുവല്ലോ ഇവിടെ.. എന്നെ കൂട്ടികൊണ്ട് പോകാൻ വന്നതാ എനിക്ക് ഉണ്ണിയേട്ടന്റെ കൂടെ പോകണം…..
എന്താ മോളെ ഇങ്ങനെ അനാവശ്യമായി വഴക്കിടുന്നത് അത് മോളുടെ ഉണ്ണിയേട്ടനല്ല ഗോവിന്ദന്റെ കൂടെ മുത്തശ്ശിയേ കാണാൻ വന്നയാളാണ്….. ഇന്ന് തിരിച്ചു പോകും..
അല്ല അല്ല അത് എന്റെ ഉണ്ണിയേട്ടനാണ്.ഇന്നലെ രാത്രിയിൽ ഉണ്ണിയേട്ടന്റെ മടിയിൽ തലവെച്ചു കിടന്നാണ് ഞാൻ ഉറങ്ങിയത്..
.ഉണ്ണിയേട്ടനെ ..ഞാൻ ഇനി എങ്ങോട്ടും പോകാൻ അനുവദിയ്ക്കില്ല സരസ്വതിയമ്മ വെറുതെ കള്ളം പറയണ്ടാ എന്നെ പറ്റിക്കാൻ നോക്കേണ്ടാ…
ഞാൻ കള്ളമല്ല പറഞ്ഞത് കുട്ടി മുത്തശ്ശിയോട് ചോദിച്ചോളൂ… എല്ലാം കുട്ടിയുടെ തോന്നലാണ്…
അവരുടെ സംസാരം കേട്ടു മുറിയിൽ നിന്നുമിറങ്ങിയ ഞാൻ നേരെ ചെന്നു പെട്ടത് അവളുടെ മുൻപിൽ തന്നെയായിരുന്നു…
ദേ നിൽക്കുന്നു എന്റെ ഉണ്ണിയേട്ടൻ.. ഈ സരസ്വതിയമ്മ പറയുന്നത് കേട്ടില്ലേ ഇത് എന്റെ ഉണ്ണിയേട്ടൻ അല്ലെന്നു. ആയമ്മയ്ക്ക് വല്ലാത്ത അസൂയയാണ്……..
ഉണ്ണിയേട്ടൻ വാ നമുക്ക് മുത്തശ്ശിയേ കാണാം……നമ്മളെ കാണാതെ മുത്തശ്ശി പരിഭവിയ്ക്കുന്നുണ്ടാവും…
കുട്ടി സാറിനെ വിടൂ അദ്ദേഹത്തിന് പോകണം…..
സാരമില്ല ചേച്ചി . ഞാൻ കൂടെ പോയിട്ട് വരാം….
ഞാൻ കൂടുതൽ എന്തെങ്കിലും പറയും മുൻപേ അവൾ എന്റെ കൈയ്യും പിടിച്ചു വലിച്ചു കൊണ്ട് മുത്തശ്ശിയുടെ അടുത്തേയ്ക്കോടി….
മുത്തശ്ശി… മുത്തശ്ശി… അവളുടെ വിളി കേട്ടു മുത്തശ്ശി അകത്തളത്തിലേയ്ക്ക് വന്നു…
എന്താ കുട്ടി നിനക്കെന്താ പറ്റിയത്. എന്തിനാ വിളിച്ചു കൂവുന്നത്..?
മുത്തശ്ശിയേ കാണിക്കാൻ ഞാൻ ഒരാളെ കൊണ്ട് വന്നിട്ടുണ്ട്.. ആരാണെന്ന് നോക്കിയേ…….
നിനക്ക് ഇന്ന് പതിവില്ലാത്ത സന്തോഷമുണ്ടല്ലോ മുഖത്ത്…. ആരാ കുട്ട്യേ..
ദാ എനിക്കെന്റെ ഉണ്ണിയേട്ടനെ തിരിച്ചു കിട്ടി എന്നെ കൊണ്ട് പോകാൻ വന്നതാണ്…..
എന്താ കുട്ടി നീയിതു പറയുന്നത്..ഇത് നിന്റെ ഉണ്ണിയേട്ടനല്ല..
അതെ ഇത് എന്റെ ഉണ്ണിയേട്ടനാണ്.എനിക്ക് വേണം ഉണ്ണിയേട്ടനേ.. എന്റെ ഉണ്ണിയേട്ടനകാമോ….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
എന്താ കൂടി കുട്ടി മറ്റുള്ളവരെ ഇങ്ങനെ വിഷമിപ്പിക്കാമോ…
അരുത് ടീച്ചറെ വഴക്കു പറയേണ്ട. അവൾക്കു ഇഷ്ടമാണെങ്കിൽ അങ്ങനെ വിളിച്ചോട്ടെ ….
എന്നാലും മോനെ ….
സാരമില്ല ടീച്ചറെ….. ഞാൻ ഇതൊക്കെ വളരെ സന്തോഷത്തോടെയാണ് കാണുന്നത്..
ഇതെന്താ ഉണ്ണിയേട്ടാ ടീച്ചറോ,…നല്ല കഥയായ്…
എന്തു പറ്റി… ശ്രീക്കുട്ടി..?
കുറെ നാളുകൾ ഇങ്ങോട്ട് വരാതിരുന്നപ്പോൾ എല്ലാവരേയും മറന്നോ…
“മുത്തശ്ശി “എന്ന് വിളിക്കൂ.. അല്ലേ മുത്തശ്ശി..
അറിയാതെ വിളിച്ചു പോയതാ ശ്രീക്കുട്ടി…. ഇനി മുത്തശ്ശി എന്ന് തന്നെ വിളിച്ചോളാം…
അയ്യോ എനിക്ക് കുറച്ചു വരയ്ക്കാനുണ്ട്.. വരച്ചു തീർക്കട്ടെ എന്നിട്ട് അത് ഉണ്ണിയേട്ടന് തരാട്ടോ…. പിന്നെ ഒരുപാട് കാഴ്ചകൾ ഉണ്ണിയേട്ടന് കാട്ടി തരാനുമുണ്ട്…
അങ്ങനെയായിക്കോട്ടെ….
എങ്ങും പോയേക്കല്ലേ ഞാൻ ഉടനെ വരാം.. അവൾ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് ഓടി……
എന്താ മോനെ ഇത്.. മനസ്സിന് സുഖമില്ലാത്ത കുട്ടിയാണ് അവളുടെ കുട്ടിത്തരങ്ങളൊക്കെ നേരം പോക്കായി കണ്ടാൽ മതി… അല്ലാതെ വെറുതെ ആ മനസ്സിൽ ആശ കൊടുക്കരുത്…….
മോന് ഇവിടുന്ന് തിരിച്ചു പോകേണ്ടതല്ലേ. .അവൾ ഒരു ബാധ്യത ആകരുത്….
ഒരിയ്ക്കൽ അവളേ സ്നേഹിച്ചു ഒരു പയ്യൻ വന്നു.. അവനായിരുന്നു ഉണ്ണി, അവനുമായി വിവാഹവും ഉറപ്പിച്ചു അതിനിടയിലാണ് ദുരന്തം അവളുടെ ജീവിതത്തിൽ കടന്നു വന്നത്….
ചുറു ചുറുക്കോടെ ഡൽഹിയിലെ നഗരത്തിൽ ഓടി നടന്നു ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ടവളാണ് എന്റെ ശ്രീക്കുട്ടി……
മോനറിയാമോ നന്നായി നൃത്തം ചെയ്യുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുമായിരുന്നു അവൾ….
അന്നത്തെ ദുരന്തം അവളുടെ ഓർമ്മകളെ വേറൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി….കൂടെ നിന്നു ആശ്വാസമാകുമെന്ന് കരുതിയ പയ്യനും കൈയ്യൊഴിഞ്ഞു.. ..
“ഒടുവിൽ ഇക്കാണുന്ന സ്വത്തുക്കൾ മുഴുവനും കൊടുത്താൽ അവളേ വിവാഹം ചെയ്തോളാമെന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല..
സ്വത്തുക്കൾ മാത്രം ആഗ്രഹിച്ചു വരുന്നവന് അവളൊരു ബാധ്യത ആകില്ല എന്നാരു കണ്ടു.
സഹതാപം അല്ല അവൾക്ക് വേണ്ടത്..കൂടെ ചേർത്ത് നില്ക്കാൻ പറ്റിയ മനസ്സാണ്.. . അതിന് മോന് സാധിയ്ക്കുമോ..?
മുത്തശ്ശി ഞാനും അവളെപ്പോലെ തന്നെ ഏറെക്കുറെ അനാഥനാണ്… സ്വന്തം എന്ന് പറയാൻ ഒരു സഹോദരിയുണ്ട്..
പക്ഷേ അവൾക്ക് ഇപ്പോൾ ഏട്ടനും കുടുംബവുമൊന്നും വേണ്ടാ.. അല്ലെങ്കിലും അച്ഛനും അമ്മയും ജീവിച്ചിരിയ്ക്കുമ്പോൾ മാത്രമേ ബന്ധങ്ങൾക്ക് വിലയുണ്ടാകൂ…..
നാട്ടിലുള്ള ചെറിയ വീട് അവൾക്ക് എഴുതി കൊടുത്തു ഏട്ടന്റെ ബാധ്യത തീർത്താണ് ഞാൻ ഈ നാട്ടിലേയ്ക്ക് വന്നത്….
എനിക്ക് ശ്രീക്കുട്ടിയെ മനസ്സിലാക്കാൻ കഴിയും .. അവളുടെ മനസ്സിൽ ഇപ്പോൾ ഞാനാണ് ഉണ്ണിയേട്ടൻ..
അവൾ ആഗ്രഹിയ്ക്കുന്ന ഏത് വേഷവും ഞാൻ കെട്ടിക്കോളാം . കുട്ടിത്തരങ്ങൾക്ക് കൂട്ട് നിന്നു കൊടുക്കാം.. സന്തോഷത്തോടെ………
.എന്നിട്ട് ഞാൻ തിരിച്ചു കൊണ്ട് വരും മുത്തശ്ശിയുടെ പഴയ ശ്രീക്കുട്ടിയായി അവൾ ഈ വീടിന്റെ വിളക്കാകും….
അന്നവൾ എന്നെ ഇത് പോലെ തന്നെ സ്നേഹിയ്ക്കുന്നുവെങ്കിൽ മാത്രം എന്റെ ഇഷ്ടം തുറന്നു പറഞ്ഞോളാം…
അത് വരെ അവൾ സ്വയം തീർത്ത സ്വപ്നങ്ങളുടെ ലോകത്ത് പാറി പറന്നു നടക്കട്ടേ..
ഇത് ഒരു പാവം പെൺകുട്ടിയോടുള്ള സഹതാപമല്ല…..
ഒരിയ്ക്കലും നഷ്ടമാകരുതെന്നു ആരും ആഗ്രഹിച്ചു പോകുന്ന ഒരു അമൂല്യ നിധിയോടുള്ള സ്നേഹമാണ്.. കരുതലാണ്..
വെയിൽ ചായും നേരത്ത് ഈ വലിയ തറവാടിന്റെ പടിപ്പുര ഒരു അപരിചിതനെപ്പോലെ കടന്നു വന്നവനാണ് ഞാൻ….
ഒടുവിൽ ഈ തറവാടിന് തണലായി മാറാൻ കഴിഞ്ഞത് ആരോ എന്നെ ഏല്പിച്ച നിയോഗമാണ്….
അത് ഭംഗിയായി നിറവേറ്റുക മാത്രം…
*********
കുറച്ചു നാളുകൾക്കു ശേഷം ശ്രീക്കുട്ടിയുടെ ആ പഴയ ജീവിതം മെല്ലെ തിരിച്ചു കിട്ടി തുടങ്ങി… അവൾ സ്വപ്നങ്ങളുടെ ലോകത്ത് നിന്നും തിരികെ വന്നു തുടങ്ങി………
മുത്തശ്ശിയും ഞാനും ആഗ്രഹിച്ച ആ പഴയ ശ്രീക്കുട്ടിയിലേക്കുള്ള മടങ്ങി വരവ് ….
അവൾക്കിന്ന് ജീവിത യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നു …
അന്ന് ഒരു വൈകുന്നേരം ഞാൻ അവളോട് ചോദിച്ചു
ശ്രീക്കുട്ടി നീ ഇന്ന് സ്വതന്ത്രയാണ് ആരും നിന്നെ തടയാൻ വരില്ല നിന്റെ ഇഷ്ടം എന്താണോ അത് പോലെ ജീവിക്കാൻ നിനക്ക് അവകാശമുണ്ട്….
ഇനി നിനക്കൊരു തീരുമാനമെടുക്കാം ഉണ്ണിയേട്ടനായോ അതോ പകരക്കാരനായോ എന്താണ് എനിയ്ക്കുള്ള വേഷം.. ഈ ജീവിതത്തിൽ…?
ഉണ്ണിയേട്ടൻ എന്ന കഥാപാത്രത്തെ ഓർമ്മകൾ മരവിച്ചു പോയ ഭൂതകാലത്തിൽ തന്നെ ഞാൻ അടക്കം ചെയ്തു……
അത് കൊണ്ട് ഉണ്ണിയേട്ടനായോ അയാളുടെ പകരക്കാരനായോ അല്ല എന്റെ മനസ്സ് അറിയുന്ന പങ്കാളിയായി സിദ്ധുവായി എനിയ്ക്കൊപ്പം വേണം… അതാണ് എന്റെ ഇഷ്ടം ..
സിദ്ധു ആഗ്രഹിച്ചിരുന്നതും ഇത് തന്നെയാണ്. ഒരിയ്ക്കലും ഒരാൾക്കും വിട്ടു കൊടുക്കാതെ കൂടെ കൂട്ടിയ്ക്കോളാം……
ജീവിതത്തിൽ വീണ്ടും സ്നേഹത്തിന്റെ യിരിക്കുന്നു……പനനീർ പുഷ്പങ്ങൾ മൊട്ടിട്ടു തുടങ്ങി….
ശുഭം...