Story written by NIKESH KANNUR
മോനെ,, കുറച്ചു കഴിഞ്ഞു മോനൊന്നു വീട്ടിലേക്ക് വരണം..ദിയയെ കാണാൻ ഒരു പാർട്ടി വരുന്നുണ്ട്,,മാര്യേജ് ബ്യുറോ വഴി ജാതക പൊരുത്തമൊക്കെ ഒത്തു നോക്കി ഉറപ്പിച്ചതാണ്,,
കണിയാര് പറഞ്ഞു ജാതക പ്രകാരം അവൾക്ക് ഈ ആലോചന നടന്നില്ലെങ്കിൽ പിന്നെ 38 വയസ്സ് കഴിഞ്ഞേ മാംഗല്യ യോഗമുള്ളൂവെന്ന്,,
പിന്നെ ഇപ്പോഴുള്ള അവരുടെ ഈ വരവ്,, അതീ കല്യാണത്തിന് തീയതി കുറിക്കാൻ കൂടിയുള്ളതാണ്,,
ദിയയുടെ അച്ഛൻ രാഘവേട്ടന്റെ വാക്കുകൾ കത്തി മുന പോലെന്റെ ഹൃദയത്തിലാണ് ആഴത്തിൽ കൊണ്ടത്,,
ഉള്ളിലെ ഭാവം പുറത്തു കാണിക്കാതിരിക്കാൻ പാടുപെട്ട് ഞാൻ തളർന്നിരുന്നു..
രാഘവേട്ടൻ തുടർന്നു,,ആണൊരുത്തൻ ഉണ്ടായത് അകാലത്തിൽ പൊലിഞ്ഞു,,
അവൻ മരിച്ചിട്ട് നാൽപ്പതു ദിവസം കഴിഞ്ഞതേ ഉള്ളു,,
അപ്പോഴേക്കും മകളുടെ കല്യാണം നടത്താൻ തിരക്ക് കൂട്ടുന്ന അച്ഛനും അമ്മയും,,
ആളുകൾ അങ്ങിനെയൊക്കെ പരിഹസിച്ചു പറയുമെന്നോർത്തു സങ്കടമില്ല,,
ജീവിതത്തിൽ ഇനി കൂടുതൽ മോഹങ്ങളൊന്നുമില്ല,, ഇവളെ കൊള്ളാവുന്ന ഒരു ചെറുക്കന്റെ കൈയിലേൽപ്പിച്ചാൽ ഞങ്ങൾക്ക് മരിക്കാൻ നേരം മനഃസമാധാനത്തിൽ കണ്ണടയ്ക്കാം,,
എല്ലാം കൊണ്ടും ഒത്തുവന്നൊരു ആലോചനയാണിത്,,ചെറുക്കൻ ദുബായിൽ ഒരു വലിയ കമ്പനിയുടെ ഓപ്പറേഷൻ മാനേജരാണ്,, നല്ല ശമ്പളം,, ഫാമിലി വിസ,, കല്യാണം കഴിഞ്ഞവളെയും കൂട്ടി ദുബായിലേക്ക് പറക്കും,,
അതുകൊണ്ട് ഇതെങ്ങിനെയും നടത്തണം,,
മോനെ,, എന്നാൽ ഞാൻ ഇറങ്ങുന്നു,, അപ്പോൾ എല്ലാം പറഞ്ഞ പോലെ,,അവരൊക്കെ എത്തിയാൽ മോനങ്ങോട്ട് വരണം ട്ടാ,,
രാഘവേട്ടൻ പോയതും തല കറങ്ങുന്നത് പോലെ തോന്നിയ ഞാൻ റൂമിൽ ചെന്ന് ബെഡിലേക്കു വീണു,,
എന്റെ അച്ഛൻ മരിച്ചതിനു ശേഷം നാട്ടിൽ എന്ത് വിശേഷം ഉണ്ടെങ്കിലും വീട്ടിലെ ഏക ആൺതരിയായ എനിക്കാണ് ക്ഷണം,,എന്തിനും ഏതിനും ഞാൻ പോയേ പറ്റൂ..
വന്നു വന്ന് ഇതിപ്പോ സ്വന്തം കാമുകിയുടെ കല്യാണ നിശ്ചയത്തിന് പോലും ഞാൻ തന്നെ പോകേണ്ട അവസ്ഥയായല്ലോ എന്നോർത്തപ്പോൾ ഞാനാകെ തകർന്നു,,
ദിയയും ഞാനും ഓർമ്മ വച്ച നാൾ മുതൽ ഒരേ മനസ്സാണ്,,
ഒന്നിച്ചുള്ള ഭാവി ജീവിതത്തെക്കുറിച്ച് പോലും ഞങ്ങൾ പലപ്പോഴും സംസാരിക്കാറുള്ളതാണ്,,
നമ്മുടെ രണ്ടുപേരുടെയും പരിശുദ്ധമായ ഈ ബന്ധം ദിയയുടെ ചേട്ടൻ പ്രസാദിന് മാത്രം അറിയാമായിരുന്നു,,
അവൻ ഞങ്ങൾക്ക് കട്ട സപ്പോർട്ടുമായിരുന്നു,,
പക്ഷെ ഒരു ബൈക്ക് ആക്സിഡന്റിൽപ്പെട്ടുള്ള അവന്റെ പെട്ടെന്നുള്ള മരണം അവനിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ആ കുടുംബത്തെയും ഒപ്പം ഞങ്ങളെയും തളർത്തി,,
ഇതൊന്നും ഓർക്കാതെ,, ജോലിയും കൂലിയുമില്ലാതെ നടക്കുന്ന ഞാൻ ദിയയെ വിളിച്ചിറിക്കി കൊണ്ടു വന്നു രെജിസ്റ്റർ മാര്യേജെങ്ങാനും ചെയ്താൽ അവളുടെ അച്ഛനും അമ്മയും ഈ അവസ്ഥയിൽ കൂടുതൽ തകർന്നു പോകും,,
ആ ശാപം ഏറ്റു വാങ്ങിയിട്ട് ഞങ്ങൾക്ക് പിന്നെയൊരു ജീവിതമെന്തിനാ,,
എന്നെ മറക്കാൻ പറ്റാതെ,,വേറൊരു കല്യാണത്തിന് താല്പര്യം ഇല്ലാതിരുന്ന അവളാണെങ്കിൽ ഒന്നും ആലോചിക്കാതെ എങ്ങിനെയെങ്കിലുമൊന്നു അവളെയെന്റെ കൂടെ കൂട്ടാൻ നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നു,,
ഒടുവിൽ കല്യാണ ദിവസമായി,,,അവസാന നിമിഷമെങ്കിലും എന്റെ മനസ്സ് മാറിയൊരത്ഭുതം പ്രതീക്ഷിച്ചു കൊണ്ട് അവൾ കാത്തിരിക്കുന്നു,,
ഞാനാണെങ്കിൽ എന്തുചെയ്യണമെന്നറിയാത്ത ധർമ്മ സങ്കടത്തിൽ,,
മുഹൂർത്തത്തിനു അരമണിക്കൂർ മുൻപ് താലിമാല പൂജിച്ചു നൽകാനുള്ള പൂജാരി എത്തി കാണാഞ്ഞു വിളിച്ചു നോക്കിയപ്പോൾ വാഹനം കേടായി പൂജാരി കുറച്ചു ദൂരെ വഴിയിൽ കുടുങ്ങി കിടക്കുവാണെന്ന് പൂജാരിയുടെ മൊബൈലിൽ വിളിച്ചു നോക്കിയപ്പോൾ അറിയാൻ കഴിഞ്ഞു,,,
രാഘവേട്ടൻ കല്യാണ പന്തലിൽ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന എന്നോട് പൂജാരിയെ കൂട്ടി കൊണ്ട് വരാൻ താഴ്മയായി പറഞ്ഞു,,,
കഷ്ടകാലം വന്നാൽ കൊണ്ടേ പോകൂയെന്ന് പറഞ്ഞത് പോലെ പൂജാരിയെ കൊണ്ടു വരാൻ പോയ ഞങ്ങളുടെ വണ്ടിയും വഴിയിൽ വച്ചു പണി മുടക്കി,,
കൂട്ടുകാരെ ആരെയെങ്കിലും വിവരം അറിയിക്കാമെന്ന് വച്ചാൽ വെപ്രാളത്തിൽ ഞാൻ വീട്ടിൽ നിന്നും പോരുമ്പോൾ മൊബൈലെടുക്കാനും മറന്നു പോയിരുന്നു..
ഞങ്ങൾ എത്താൻ കുറച്ചു വൈകി,,സമയത്ത് ഞാനെത്തിയില്ലെങ്കിലും,, പൂജാരി എത്തിയില്ലെങ്കിലും താലികെട്ട് കറക്റ്റ് നിശ്ചയിച്ച സമയത്തു തന്നെ നടന്നിരുന്നു,,
കല്യാണം കഴിഞ്ഞു പോകാൻ നേരം അവളെന്റെ മുന്നിലേക്ക് വന്നെന്നെ കെട്ടിപിടിച്ചെന്റെ നെഞ്ചിൽ ഇടിച്ചു പൊട്ടിക്കരഞ്ഞു,,
ചെറുപ്പം മുതലുള്ള ഞങ്ങളുടെ സൗഹൃദം അറിയുന്നവർക്കാർക്കും അത് കണ്ടപ്പോൾ തെറ്റൊന്നും തോന്നിയില്ല,,
പക്ഷെ അവൾ ഹൃദയം പൊട്ടി പരസ്യമായി കരയുമ്പോൾ എനിക്ക് അവൾ നഷ്ടപ്പെട്ടതിലുള്ള വേദനയെല്ലാം കടിച്ചമർത്തി അകമേ കരയാനേ പറ്റുമായിരുന്നുള്ളു,,
അത് കൊണ്ട് എന്റെ സങ്കടമപ്പോൾ ആരും കണ്ടില്ല,,
എന്റെ നെഞ്ച് പൊട്ടിയവളെ ഞാൻ യാത്രയാക്കി ഏറെ നേരം കഴിഞ്ഞു വീട്ടിലെത്തി മൊബൈൽ എടുത്തു നോക്കിയപ്പോൾ അതിൽ പതിനേഴ് മിസ്സ് കാൾ കിടക്കുന്നു..
കാൾ ഹിസ്റ്ററി നോക്കിയപ്പോൾ അതെല്ലാം ദിയയുടെ മൊബൈലിൽ നിന്നുള്ള കാൾ ആയിരുന്നു,,
ആ സമയം നോക്കിയപ്പോൾ,, മുഹൂർത്തത്തിനു തൊട്ടു മുൻപായിരുന്നു അവൾ ഇങ്ങനെ വിളിച്ചോണ്ടിരുന്നത് എന്ന് മനസ്സിലാക്കിയ ഞാൻ കൂടുതൽ തകർന്നു..
എന്തിനാവും അവളിത്രയും തവണ വിളിച്ചിട്ടുണ്ടാവുക എന്നോർത്ത് എനിക്കൊരു സമാധാനവും ഇല്ലാതായി..
ഇനിയിപ്പോൾ അവൾ താലികെട്ടു കഴിഞ്ഞു വേറൊരാളുടെ ഭാര്യയായി കഴിഞ്ഞവരുടെ വീട്ടിലുമെത്തി,,
അടുത്ത ആഴ്ച നവ വധൂവരന്മാർ ഒരു ദിവസത്തെ താമസത്തിനായി ദിയയുടെ വീട്ടിലെത്തിയപ്പോൾ ഞാൻ അവളുടെ മുൻപിൽ പെടാതെ കുറ്റബോധം കൊണ്ട് മാറി നടന്നു,,
എങ്കിലും അറിഞ്ഞോ അറിയാതെയോ അവളൊന്നെന്റെ മുന്നിൽ വന്നു പെട്ടപ്പോൾ മായമില്ലാതെ,, ദേഷ്യമില്ലാതെ,, സങ്കടമില്ലാതെ വളരെ വളരെ സന്തോഷത്തോടെയുള്ള ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരിയെനിക്ക് സമ്മാനിച്ചു…
പിറ്റേന്ന് ഭർത്താവിന്റെ വീട്ടിലേക്കു തിരിച്ചു പോകും വരെ അവളിൽ നിന്നും ഒരു വിധത്തിലുള്ള നോട്ടവും എന്നെ തേടിയെത്തിയില്ല,,
അതിൽ നിന്നു ഞാനും ഒരു കാര്യം മനസ്സിലാക്കി,,
അവൾ പൂർണ്ണ സംതൃപ്തയാണെന്ന്,,അവനെ കിട്ടിയതിൽ അവൾ ഭാഗ്യവതിയാണെന്ന്,,,
അല്ലെങ്കിൽ എന്റെ മൊബൈൽ നമ്പർ മനഃപാഠമായിരുന്ന അവൾ ഈ ഒരാഴ്ചയ്ക്കുള്ളിൽ ഒരു തവണയെങ്കിലും എന്നെയൊന്നു വിളിക്കുമായിരുന്നല്ലോ,,,
ഇപ്പോൾ എനിക്ക് ബോധ്യമായി,,വിധി ഞങ്ങളെ ഒരുമിപ്പിക്കാതിരുന്നത് അവളുടെ നല്ല ഭാവിക്കു വേണ്ടിയായിരുന്നെന്ന്,,
നല്ലൊരു ബന്ധം വന്നു ചേർന്നപ്പോൾ മനസ്സ് കൊണ്ടെങ്കിലും നീയും ഇടയ്ക്കിടെ നിന്റെ ഭാവി ജീവിതത്തെ കുറിച്ചു ചിലപ്പോൾ മാറി ചിന്തിച്ചിട്ടുണ്ടാവാം അല്ലേ,,
ഏട്ടൻ എല്ലാം മറക്കണം,,
ഇനി എന്റെ പ്രസാദേട്ടന്റെ സ്ഥാനത്തു നിന്ന് നിങ്ങൾ വേണം എന്നെ അനുഗ്രഹിക്കാനെന്ന് പറയാൻ വിളിച്ചതായിരുന്നോ,,,
ഇനി ഞാൻ അവളോട് ചോദിക്കാൻ വച്ച ആ ചോദ്യമെന്റെ മനസ്സിൽ നിന്നും എന്നന്നേക്കുമായി മായ്ച്ചു കളയുന്നു,,
നീയെന്തിനായിരുന്നു മുഹൂർത്തത്തിന് മുൻപ് അത്രേം തവണ എന്നെ വിളിച്ചോണ്ടിരുന്നത് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല…