രചന:സജി തൈപ്പറമ്പ്
അത്താഴം വിളമ്പി ടേബിളിൻ്റെ മുകളിൽ വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു .
“കഞ്ഞി വിളമ്പി വച്ചിട്ടുണ്ട്, വേണേൽ കഴിച്ചിട്ട് ആ വാതിലങ്ങടച്ചേക്ക് ,ഞാൻ കിടക്കാൻ പോകുവാ”
ടി വി ഓൺചെയ്ത് വച്ചിട്ട് മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ഭർത്താവിനോട്, അനിഷ്ടത്തോടെ പറഞ്ഞിട്ട് ,സുശീല നേരെ ബെഡ് റൂമിലേക്ക് പോയി.
പതിവ് പോലെ അവളും മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്ത് കട്ടിലിലേക്ക് മലർന്നുകിടന്നു.
വിവാഹം കഴിഞ്ഞ് ഏറെ നാളുകൾ കഴിഞ്ഞെങ്കിലും തങ്ങൾക്ക് ഇടയിലേക്ക് ഒരു പുതിയ അതിഥി വരാത്തതുകൊണ്ട് , ദാമ്പത്യജീവിതം അവർക്ക് വിരസമായി തീർന്നിരുന്നു .
പലവിധ ചികിത്സകളും ടെസ്റ്റുകളുമക്കെ നടത്തി നോക്കിയിട്ടും, ഒന്നും ഫലവത്താകാത്തത് കൊണ്ട് അവർ വീണ്ടും നിരാശരായി .ഒടുവിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ തുടങ്ങിയപ്പോൾ, അവരുടെ ഇടയിലെ അകൽച്ച പിന്നെയും വർദ്ധിച്ചു.
ഇപ്പോൾ ഒരു മുറിയിലെ, വീതിയേറിയ കട്ടിലിൻ്റെ രണ്ടറ്റത്തായി, അവർ അന്യരെപ്പോലെ കഴിയുന്നു.
രണ്ടുപേരും, മൊബൈൽ ഫോണിനെ, നേരംപോക്കിനായി ആശ്രയിച്ചു തുടങ്ങിയതാണ് .
ഇപ്പോൾ ഇൻറർനെറ്റ് ആണ് അവരുടെ ലോകം .
ഓൺലൈൻ ഗ്രൂപ്പിലെ കഥകൾ വായിച്ചു കൊണ്ടിരിക്കുമ്പോഴും ,അവളുടെ മനസ്സ് വേറെ എന്തിനോ വേണ്ടി ഉഴലുകയായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മെസ്സഞ്ചറിൽ നോട്ടിഫിക്കേഷൻ വന്നു .
ഗുഡ് ഈവനിംഗ് പറഞ്ഞുകൊണ്ടുള്ള രാഹുലിൻ്റെ മെസ്സേജ് കണ്ടപ്പോൾ അവളുടെ ഉള്ളം തുടിച്ചു.
“മ്ഹും, എവിടെയായിരുന്നു ഇത്രയും നേരം ,ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുന്നുന്ന് അറിയാമോ?
അവൾ പരിഭവത്തോടെ അവനോട് ചോദിച്ചു.
ഭർത്താവുമായി പിണങ്ങിയതിനുശേഷം ഗ്രൂപ്പുകളിൽ വരുന്ന കഥകൾ വായിച്ച് ജീവിതം തള്ളി നീക്കുകയായിരുന്നു സുശീല.
ഒരിക്കൽ ഒരു പ്രണയ കഥ വായിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആദ്യമായി അവൻ്റെ മെസ്സേജ് വരുന്നത്.
സോഷ്യൽ മീഡിയയിലൂടെ പെണ്ണുങ്ങളെ വലയിലാക്കിയിട്ട് ,കാര്യം സാധിക്കാൻ ഒരുപാട് കോഴികൾ ഇറങ്ങിയിട്ടുണ്ടെന്ന്, അവൾക്ക് മുൻകൂട്ടി അറിയാവുന്നത് കൊണ്ട്, ആദ്യമൊക്കെ അവൻ്റെ മെസ്സേജുകൾ അവൾ പാടേ അവഗണിച്ചു.
പക്ഷേ, രാഹുൽ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ നല്ല ഒന്നാംതരം പൂവൻകോഴി ആയിരുന്നു.
രാഹുലിൻ്റെ തുടർച്ചയായുള്ള ശ്രമങ്ങൾക്കൊടുവിൽ , സുശീലയുടെ മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കാൻ അവന് സാധിച്ചു.
“ഞാൻ ഒരു ഭർതൃമതിയായ സ്ത്രീയാണ് “
അവൻ്റെ മധുര സംഭാഷണത്തിൽ വീണു പോയേക്കാം ,എന്ന ആശങ്കയിൽ അവൾ ഒരു വിഫല ശ്രമം നടത്തി നോക്കി.
“എനിക്കുമുണ്ടൊരു ഭാര്യ, പക്ഷേ അത് പേരിന് മാത്രമാണ്, മനസ്സുകൊണ്ട് ഞങ്ങൾ തമ്മിൽ അകന്നിട്ട് മാസങ്ങളോളമായി.”
അപ്പോഴാണ് താനും രാഹുലും തുല്യ ദുഖിതർ ആണെന്നുള്ള സത്യം സുശീല തിരിച്ചറിഞ്ഞത്.
തൻ്റെ ഭർത്താവിൻറെ വായിൽ നിന്നും ഒരിക്കലും കേൾക്കാത്ത പ്രണയവാക്യങ്ങൾ, രാഹുലിൻ്റെ നാവിൽ നിന്നും വന്നപ്പോൾ ,ഇതിനു വേണ്ടിയല്ലേ താൻ ഇത്രനാളും കൊതിച്ചിരുന്നത് എന്ന് അവൾക്ക് തോന്നിപ്പോയി, ഇത്രയും സ്നേഹനിധിയായ ഒരാളെ ഭർത്താവായി കിട്ടിയ ആ സ്ത്രീ ,എത്ര ഭാഗ്യവതിയാണെന്ന് രാഹുലിൻ്റെ ഭാര്യയെക്കുറിച്ച് സുശീല തെല്ലസൂയയോടെ അവനോട് പറഞ്ഞു.
“പക്ഷേ, ഞാൻ ആഗ്രഹിച്ചത് സുശീലയെ പോലെ സ്വഭാവ മഹിമയും അടക്കവും ഒതുക്കവും ഉള്ള ഒരു പെൺകുട്ടിയെ ആയിരുന്നു എന്ന്, രാഹുൽ പറഞ്ഞപ്പോൾ സുശീലക്ക് അവനോട് ആരാധന തോന്നി.
“എന്തുകൊണ്ടാ പ്രൊഫൈലിൽ സ്വന്തം ഫോട്ടോ ഇടാത്തത്?
രാഹുൽ,അവളോട് ചോദിച്ചു.
“എൻ്റെ സ്വന്തം ഫോട്ടോ മറ്റുള്ളവർ കാണുന്നത് എനിക്ക് തീരെ ഇഷ്ടമല്ല” എന്ന് സുശീല മറുപടി പറഞ്ഞു.
“രാഹുലിൻ്റെ പ്രൊഫൈലിലും ഒരു ഹിന്ദി നടൻ്റെ ഫോട്ടോ അല്ലേ ഇട്ടിരിക്കുന്നത്?
“അതെ, പക്ഷേ, ഞാൻ ഏതാണ്ട് അതുപോലെ ഒക്കെ ഇരിക്കുവാണെന്നാ എൻ്റെ ഫ്രണ്ട്സ് ഒക്കെ പറഞ്ഞിട്ടുള്ളത്
“അതെയോ ?
അവൾ അത്ഭുതത്തോടെ ഒരു ഇമോജി ഇട്ടു.
“അതിരിക്കട്ടെ ഇത്രയുമായ സ്ഥിതിക്ക് നമുക്ക് ഒന്ന് നേരിൽ കാണണ്ടേ?
ആ ചോദ്യം അവളെ ആശങ്കയിലാഴ്ത്തി.
ഒരുപക്ഷേ ,താൻ അതീവ സുന്ദരിയാണ്, എന്നാണ് രാഹുൽ കരുതിയിരിക്കുന്നതെങ്കിൽ, തന്നെ കാണുമ്പോൾ രാഹുലിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ?
ആ ചിന്ത അവളെ അലോസരപ്പെടുത്തി .
അത് അവൾ അവനോട് ചോദിക്കുകയും ചെയ്തു .
അതിന് അവൻ മറുപടി എഴുതിക്കൊണ്ടിരിക്കുന്നത്, കാണാനുള്ള വ്യഗ്രതയിൽ നെഞ്ചിടിപ്പോടെ അവൾ മെസ്സഞ്ചർ പേജിൽ ഉറ്റ് നോക്കിയിരുന്നു.
പക്ഷേ, കുറച്ച് നേരമായിട്ടും റിപ്ളേ കിട്ടാതിരുന്നപ്പോഴാണ് അവൾ ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്.
നെറ്റ് ചാർജ് തീർന്നിരിക്കുന്നു, സമയം രാത്രി 12 മണി.
ഇനിയിപ്പോ നേരം വെളുത്തിട്ടേ ചാർജ് ചെയ്യാൻ പറ്റുകയുള്ളൂ.
അപ്പോഴും പൂമുഖത്ത് ഇരുന്ന് മൊബൈലിൽ തോണ്ടി കൊണ്ടിരുന്ന അവളുടെ ഭർത്താവ് റൂമിലേക്ക് വന്നിരുന്നില്ല.
എത്രയും പെട്ടെന്ന് നേരം വെളുക്കണമേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് കിടന്ന അവൾ, രാവിൻ്റെ ഏതോ യാമത്തിൽ മയങ്ങിപ്പോയി .
പിറ്റേന്ന് അതിരാവിലെ വന്ന പത്രവാർത്ത കണ്ടപ്പോഴാണ് അന്ന് ഹർത്താൽ ആണെന്നുള്ള കാര്യം അവൾ ഓർത്തത്
ചതിച്ചോ ഈശ്വരാ.. ഇനിയെന്ത് ചെയ്യും , രാഹുലിൻ്റെ മറുപടി എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ അവളിൽ കൂടിക്കൂടി വന്നു.
അങ്ങേരുടെ ഫോണിൽ ചാർജ് ഉണ്ടാവും, പക്ഷേ, താൻ ഇതുവരെ ആ ഫോണിൽ നിന്നും നെറ്റ് കണക്ട് ചെയ്തിട്ടില്ല, ദുരഭിമാനം തന്നെ കാര്യം.
പുള്ളിക്കാരൻ കുളിക്കാൻ കയറുന്ന സമയം നോക്കി , അയാൾ അറിയാതെ ഫോൺ എടുത്ത് വൈഫൈ കണക്ട് ചെയ്തു നോക്കാൻ സുശീല തീരുമാനിച്ചു.
കുളിമുറിയുടെ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് ,സുശീല വേഗം ഭർത്താവിൻറെ ഫോൺ എടുത്തു നെറ്റ് ഓൺ ചെയ്തു.
അപ്പോഴേക്കും, തുരുതുരെ വാട്സാപ്പിലെയും, മെസ്സഞ്ചറിലെയും നോട്ടിഫിക്കേഷൻസ് സ്ക്രീനിൽ വന്നു നിറഞ്ഞു. അക്കൂട്ടത്തിൽ, മെസ്സഞ്ചറിൽ ,പരിചയമുള്ള ഒരു പ്രൊഫൈൽ കണ്ട് അവൾ സൂക്ഷിച്ച് നോക്കി.
ഇത് തൻ്റെ പ്രൊഫൈൽ പിക് അല്ലേ?
അവൾ അത് ഓപ്പൺ ചെയ്തു നോക്കി.
അതെ, അത് തന്നെ ,താൻ ഇന്നലെ രാഹുലുമായി ചാറ്റ് ചെയ്ത പേജ് കണ്ടു അവൾ ഞെട്ടി.
അപ്പോൾ താൻ ഇത്രനാളും ചാറ്റ് ചെയ്തുകൊണ്ടിരുന്നത്, തൻ്റെ ഭർത്താവിനോടായിരുന്നോ? താൻ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതുപോലെ , അങ്ങേരും രാഹുൽ എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതായിരുന്നെന്ന് തിരിച്ചറിഞ്ഞ നിമിഷം സുശീലയുടെ ബോധം പോയി.