രചന: Dil Bin Abu
സുഖനിദ്രയിലാണ്ടൊരു രാത്രി . ഇന്ന് പൗര്ണമിയോ അമാവാസിയോ എന്ന് നോക്കിയിട്ടില്ല. മാനത്തു ഒരു നക്ഷത്രമെങ്കിലും മിന്നിത്തിളങ്ങുന്നുണ്ടാവണം. ആ നക്ഷത്രമായിരുന്നിരിക്കണം സ്വപ്നമായി അവനെ തഴുകിയത്. പണ്ടെന്നോ മിന്നിനിന്ന ആ ദിനങ്ങൾ വീണ്ടും നക്ഷത്രമായി മാറിതായിരിക്കണം , അല്ലാതെ ഇത്ര കൃത്യമായി ആ നാളുകൾ സ്വപ്നത്തിൽ വന്നതെങ്ങനെയാണ് . ഇനി സ്വപ്നമെല്ലങ്കിൽ പോലും ഈ നക്ഷത്രമെന്നും അവന്റെ ഓർമകളിൽ വന്നെത്താറുണ്ട്. ഒന്നും ചിന്തയിലേക്ക് കൊണ്ടുവരാതെ തന്നെ, ഒരൊറ്റ നക്ഷത്രം മാത്രമുള്ള അമാവാസി രാവിലെ ആകാശം പോലെ …
“സഖാവേ” എന്നായിരുന്നു അവളവനെ ആദ്യമായി അഭിസംബോധന ചെയ്തത് . കറുത്തവനെയും വെളുത്തവനെയും ആണിനേയും പെണ്ണിനേയും ജാതി നോക്കാതെ മതം നോക്കാതെ ഒരു അതിർവരമ്പുകളും കടന്ന് വരാതെ ആത്മാർത്ഥമായി വിളിക്കാൻ പറ്റുന്ന വീരനായ ഒരു പദം, അവൾ അവനെ ആദ്യമായ് സംബോധന ചെയ്ത പദം. അവളുടെ വേഷത്തിന് മതമുണ്ടായിരുന്നില്ല , അവന്റെയും. എങ്കിലും അവൻ നമസ്കാരത്തിനായി പള്ളിയിൽ പോവുന്നത് അവൾ കണ്ടിട്ടുണ്ട്. പക്ഷെ , അവൾ ദൈവമേ എന്ന് അബദ്ധത്തിൽ പോലും വിളിക്കുന്നത് അവൻ കേട്ടിട്ടില്ല , സൂര്യൻ ഉദയസ്ഥാനത്തു തിരിച്ചെത്തുന്ന നേരം വരെ അവരൊരുമിച്ചു ചിലവഴിച്ച എത്രയോ യാമങ്ങളിൽ പോലും.
ഇരുട്ടിനെയായിരുന്നു അവൾക്കിഷ്ടം , വെറുതെ ഉറങ്ങാതെ അവനോടൊപ്പം ഇരിക്കാൻ . പുഴക്കരയിലും കടലോരത്തും കുന്നിൻ മുകളിലും വീടിന്റെ മട്ടുപ്പാവിലും ഏത് തുറസ്സായ സ്ഥലങ്ങളിലും മാനം നോക്കി കഥ പറയുന്ന അവളുടെ മുഖത്തിന് ആകാശത്തെ മുഴുവൻ സൗന്ദര്യവും ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് അവന് തോന്നിയിട്ടുണ്ട്. പുലരുവോളം ആ കാന്തിയെ ഇമവെട്ടാതെ നോക്കിയിരിക്കാനും അവന് കഴിയുമായിരുന്നു. അവൾക്ക് രാത്രി ആസ്വാദനത്തിന്റെയായിരുന്നു , പകൽ സുഖ നിദ്രയുടെയും….
ഈ രാത്രിയിലെ സ്വപ്നത്തിന് എന്തോ ഒരു കൗതുകമുണ്ട്. അവളെ ആദ്യമായി കണ്ടത് മുതൽ കഴിഞ്ഞ വർഷം അവൾ വിദേശത്തേക്ക് പഠനത്തിനായി പോയത് വരെയുള്ള അനുഭവങ്ങളെല്ലാം ഇഴകീറാതെ അവന് മുന്നിൽ കാണിക്കപ്പെടുന്നു. ഒരു പക്ഷെ നാളെ അവൾ വരുമ്പോൾ ആ പഴയ കാര്യങ്ങളൊക്കെ നാളെ രാത്രിയിൽ തന്നെ മാനത്തെ നക്ഷത്രങ്ങളെ നോക്കി അയവിറക്കാനാവും , അന്നത്തെ ഒരു നിമിഷത്തെ പോലും മറന്ന് പോവാതിരിക്കാൻ വേണ്ടിയാകും. അത്രമേൽ ദിവ്യമായിരുന്നു ഓരോ നിമിഷവും. അല്ലെങ്കിലും പ്രണയിക്കുന്നവർക്ക് അങ്ങനെത്തന്നെയാണ് ,ഓരോ നിമിഷവും അവരുടെ ജീവിതത്തിലെ അവിസ്മരണീയ ദിവ്യാനുഭവങ്ങളാണ് . ഒരുപക്ഷെ മറ്റുള്ളവർക്കത് വെറും സാധാരണ പ്രണയമാണെന്ന് തോന്നുമെങ്കിലും. അതുകൊണ്ടാണ് അവളുടെ ഓരോ നോട്ടവും ചിരിയും കാൽപാടുകൾ പോലും അനശ്വരമാവുന്നത്.
അവന്റെ സ്വപ്നത്തിൽ , അവൾ യാത്രപറഞ്ഞു പോവുന്ന അവസാന നിമിഷത്തിൽ അവനിലേക്ക് ഓടിവരുന്നതായി തോന്നി . ഇതുവരെ കണ്ടതെല്ലാം യാഥാർഥ്യമായിരുന്നെങ്കിലും യാത്രപറഞ്ഞു പോവുന്ന നേരം അവൾ ഒന്നു തിരിഞ്ഞുനോക്കിയിട്ട് പോലുമില്ലായിരുന്നു . തിരിഞ്ഞു നോക്കിയിരുന്നെങ്കിലും കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചേനെ. പക്ഷെ എന്തോ , സ്വപ്നത്തിലെ ആ നേരത്തു അവളവനെ ഓടി വന്ന് കെട്ടിപ്പുണർന്നു . സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ അവന്റെ ഹൃദയം നിശ്ചലമായി , രക്തം തണുത്തു. ഡോക്ടർ അതിന് ഹാർട്ടറ്റാക്ക് എന്ന് പേര് നൽകി അവനെ വെള്ളത്തുണികൊണ്ട് പുതച്ചു.നിലച്ചു പോയ ശ്വാസത്തിലും ഹൃദയത്തിലും തങ്ങിനിന്നത് അവൾ മാത്രമായിരുന്നു. ജീവനറ്റ മുഖത്തെ ആ ചെറുപുഞ്ചിരി കണ്ടാൽ അവൻ ആ പ്രണയത്തിന്റെ എഴുതാപ്പുറങ്ങൾ സ്വപ്നം കണ്ടു കിടക്കുകയാണെന്ന് തോന്നും.
അവന്റെ മയ്യത്തിന് ചുറ്റും കൂടിയ ആളുകൾ അന്ത്യകർമ്മങ്ങൾ ആരംഭിച്ചു. ഇനിയാരും അവനെ കാണാൻ വരാനില്ലെന്ന് അവരുറപ്പിച്ചു. വരാനുള്ളവളെ കുറിച് അവന്റെ കൂട്ടുക്കാർ പറഞ്ഞെങ്കിലും അവളെ കാണാനനുവദിക്കാൻ മതം തടസ്സമാണെന്നായിരുന്നു അന്ത്യകർമങ്ങൾക്ക് കാർമികത്വം നൽകുന്നവരുടെ മറുപടി.ഏതൊരു നക്ഷത്രത്തിന്റെ പ്രകാശമേറ്റിട്ടാണ് അവൻ വാടിവീണതെന്നറിയാൻ അവന്റെ സ്വപ്നത്തിലുണ്ടായിരുന്ന ആരും അവിടെ കൂടി നിൽക്കാൻ ഇടയില്ല. അവരാരുമില്ലെങ്കിലും ഏതൊരുവളാണവന്റെ ചാരെ വേണ്ടതെന്ന് മനസ്സിലാക്കാൻ അവന്റെ ഹൃദയം കണ്ടവരാരും അവിടെയുണ്ടാവാനും ഇടയില്ല. വിദേശത്തു നിന്ന് നിന്നെത്തുന്ന അവൾക്കാദ്യം വേണ്ടത് അവന്റെ മാറിൽ തലചായിക്കുമ്പോൾ അവളുടെ ചെവികൾക്കറിയാവുന്ന അവന്റെ ഹൃദയമിടിപ്പിന്റെ താളമാണെന്ന അവളുടെ ആത്മാവിനെ തിരിച്ചറിയുന്നവരാരും അവന് വേണ്ടി അന്ത്യകർമം ചെയ്യാനും ഇടയില്ല.
അവന്റെ മയ്യത്തിനെ കുളിപ്പിച്ച് കൊണ്ടുവന്നു . മൂന്ന് വെള്ളത്തുണികളിൽ അവന്റെ ശരീരം പൊതിഞ്ഞു. ഇനി അവന്റെ മുഖം കൂടി പൊതിയുമ്പോൾ അവനെ പള്ളിയിലേക്കെടുക്കും. അവസാനമായി അവനെ കാണാനായെങ്കിലും ബാക്കിയുണ്ടോ എന്നവർ തിരക്കുന്നുണ്ട്. അവർക്ക് ഇനി അവൻ ഭൂമിയുടെ ഭാരമാണ് , എത്രയും വേഗം മറമാടേണ്ടവൻ . പക്ഷെ അവന്റെ അടഞ്ഞ കണ്ണുകളിലെ പ്രണയം പോലും അറിയാവുന്നവളെ അവർക്കാർക്കും വേണ്ട പോലും. അവന്റെ മുഖത്തേക്ക് ആദ്യതുണി മറയുന്നതിന് മുമ്പ് അവളെത്തി. ഒടുവിലെ ഒരു ചുംബനം മാത്രമായിരുന്നു അവൾക്ക് നൽകേണ്ടത്. അവളുടെ കണ്ണീരിന്റെ അത്തർ അവനും ആഗ്രഹിച്ചിരുന്നു. അന്യസ്ത്രീകൾക്ക് ഇനി അവനെ കാണാനോ തൊടാനോ പാടില്ലെന്ന് ചുറ്റുമുള്ളവർ ശഠിച്ചു. അന്യയാണ് പോലും അന്യ. രക്തബന്ധത്തെ മാത്രം അളക്കുന്നവർക്ക് ഹൃദയബന്ധം കാണാനുള്ള കണ്ണുണ്ടായില്ല. അലറിക്കരഞ്ഞു അവന്റെ അടുത്തേക്ക് ഓടാൻ ശ്രമിക്കുന്ന അവളെ പിടിച്ചു നിറുത്തിയതും കണ്ണീരിന്റെ വിലയറിയുന്ന സ്ത്രീകളാണെന്നത് കൂടി നിന്ന അവന്റെ കൂട്ടുക്കാരെ അത്ഭുതപ്പെടുത്തി. പക്ഷെ അന്യമതസ്ഥരായ അവർക്ക് അതിൽ ഇടപെടാൻ കഴിയുമായിരുന്നില്ല . ഒരു വർഗീയ പ്രശ്നത്തെ അവർ ഭയന്നു എന്നതാണ് സത്യം.
അവളെ അനുയായിപ്പിക്കാൻ വേണ്ടി സൗമ്യനായ ഒരാൾ അവളുടെ അടുത്തേക്ക് വന്നു. വെള്ള തലയിൽകെട്ടും നീളൻ കുപ്പായവും വലിയ താടിയുമുള്ള അയാൾക്ക് അവന്റെ ഛായയുണ്ടായിരുന്നു. ജീവിക്കുമ്പോൾ അവനവൻ തിരഞ്ഞെടുക്കുന്ന നിയമം , അതവന്റെ സ്വാതന്ത്ര്യം, പക്ഷെ മരണപ്പെട്ടവന് അവന്റെ മതത്തിന്റെ നിയമം മാത്രമേയുള്ളു. അത്കൊണ്ട് കുട്ടി സഹകരിക്കണം എന്ന് മാത്രമേ അയാൾക്ക് പറയാനുണ്ടായിരുന്നൊള്ളൂ. ഒരു നിമിഷത്തേക്ക് അവന്റെ കണ്ണുകളെ അനുസ്മരിപ്പിക്കുന്ന അയാളുടെ കണ്ണിലേക്ക് ഇമവെട്ടാതെ അവൾ നോക്കി . അയാൾ അവളെ പിടിച്ചവരോട് പിടിവിടാൻ പറഞ്ഞു. ആ ഒരു ഞൊടിയിടയിൽ അവൾ അവന്റെ മയ്യത്തിന്റെ മേൽ വീണു. ചുംബനവും കണ്ണീരും കൊണ്ട് അവൾ പ്രണാമമർപ്പിച്ചു. കണ്ടുനിന്ന പെണ്ണുങ്ങൾ അവളെ പിടിച്ചു മാറ്റി. ആരോ അവളുടെ കരണത്തടിച്ചു , അവൾ അതറിഞ്ഞുപോലും ഇല്ല.
മയ്യത്തു അശുദ്ധമായെന്ന് കൂടിനിന്നവർ പറഞ്ഞു. വീണ്ടും മയ്യത്തു കുളിപ്പിക്കണമെന്ന് ചിലർ, വേണ്ടാ അംഗശുദ്ധി വരുത്തിയാൽ മതിയെന്ന് മറ്റുചിലർ. ഒടുവിൽ ചെറിയ അശുദ്ധി മാറാൻ അംഗശുദ്ധി വരുത്താൻ തീരുമാനമായി. മയ്യത്തു വീണ്ടും കുളിപ്പിക്കണം എന്ന് വാദിച്ചവർ ഇറങ്ങിപ്പോയി. നിന്നവരും പോയവരും അവളെ നീചയെന്ന് മുദ്രകുത്തി. അവന്റെ സ്വർഗം നഷ്ടപ്പെടുത്തിയ പിശാച് എന്ന് പോലും അവളെ വിശേഷിപ്പിച്ചു. കൂട്ടത്തിലാരോ പറഞ്ഞു അവളവന്റെ ഭാര്യപോലെ ആയൊരുന്നെന്ന് , അതവർക്കൊരു കുറ്റപ്പെടുതലായൊരുന്നു. കൂട്ടത്തിലാരോ അവളോട് നാല് മാസം മറയിലിരിക്കാൻ വരെ പറഞ്ഞു. ഇതൊന്നും അവൾ കേട്ടതേയില്ല. അവരുടെ മൂർച്ചയേറിയ കണ്ണുകൾ അവൾ കണ്ടതുമില്ല. അവളുടെ കണ്ണിലും കാതിലും അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു , അവൻ മാത്രം. ഭൂമിയിൽ അവൾ കണ്ട ഒരേയൊരു നക്ഷത്രം.
ഒടുവിൽ വീണ്ടും അവനെ അംഗശുദ്ധി വരുത്തി, തുണിയിൽ പൊതിഞ്ഞു, മയ്യത്തു കട്ടിലിലേറ്റി. അവന്റെ അവസാന യാത്ര കട്ടിൽ ചുമലിലേറ്റിയത് അവന്റെ കൂട്ടുകാരായിരുന്നു , അവരുടെ മതം ആരും തിരക്കിയല്ല , കാരണം അവരാരും പെൺ സമൂഹത്തിലെ കണ്ണികളല്ലായിരുന്നു. അതുകൊണ്ട് തന്നെ അതിലാർക്കും പരിഭവമുണ്ടായില്ല. എങ്കിലും മയ്യത്തു കട്ടിലിലേക്ക് വെക്കുന്നതിന് മുമ്പ് അവളോട് താക്കീത് നൽകി : മയ്യത്തിന്റെ കൂടെ വരരുത്, അവന്റെ ആത്മാവിനെങ്കിലും സമാധാനം നൽകണം. അവന്റെ ആത്മാവ് അവളാണെന്നറിയാത്ത കോമരങ്ങൾ. ചടങ്ങുകളല്ല മനസ്തോഭങ്ങളാണ് ജീവിതവും ആത്മാവുമെന്നറിയാത്ത കോലംകെട്ടുകാർ….
അവന്റെ ശവമഞ്ചം കാഴ്ചയിൽ മറയും വരെ അവൾ നോക്കിനിന്നു. അവൾ മറയിലിരിക്കാൻ പോയി , നാലുമാസമല്ല ഒരായുസ്സ് മുഴുവൻ. ആർക്കുമറിയാത്ത ഏതോ ദിക്കിൽ , മറയില്ലാത്ത ആകാശത്തിൻ ചുവട്ടിൽ. അവിടെയെപ്പോഴും രാത്രിയായിരുന്നു, ഒരൊറ്റ നക്ഷത്രമായിരുന്നു കൂട്ട്. ഒരേയൊരു നക്ഷത്രം.