അമ്മയാവാൻ കഴിയില്ലെന്ന് വിവാഹത്തിന് മുൻപേ തന്നെ മുഖത്തു നോക്കി പറഞ്ഞ ഒരു പെണ്ണിനെ എങ്ങനെയാണു ഭാര്യയായി സ്വീകരിക്കുക…

എഴുത്ത് : भद्रा मनु

നിങ്ങളെ വിവാഹം ചെയ്യുന്നതിൽ എനിക്ക് എതിർപ്പ് ഒന്നുമില്ല…പക്ഷെ ഒരിക്കലും എന്നെയൊരു അമ്മയാവാൻ നിർബന്ധിക്കരുത്. അതിന് സമ്മതമാണെങ്കിൽ നമ്മൾ തമ്മിലുള്ള വിവാഹം നടക്കും.

ആശിച്ചു മോഹിച്ചൊരു പെണ്ണ് കാണാൻ പോയിട്ട് പെണ്ണായ നമിതയുടെ വായിൽ നിന്ന് ഇങ്ങനെ കേൾക്കേണ്ടി വന്ന ദേവൻ ഒരു നിമിഷം ഒന്ന് പകച്ചു.

ഈ ലോകത്ത് എല്ലാരും വിവാഹം ചെയ്യുന്നത് കുട്ടികളൊക്കെ ഉണ്ടായി സന്തോഷമായി ജീവിക്കാനാണ്….ഒരമ്മ ആവുന്നിടത്താണ് ഒരു സ്ത്രീ ജീവിതം പൂർണമാവുന്നത്….സൗന്ദര്യം പോവുമെന്നുള്ള പേടി കൊണ്ടായിരിക്കും ഈ തീരുമാനം അല്ലേ…ദേവൻ നമിതയെ നോക്കി പുച്ഛത്തോടെ ചോദിച്ചു.

അതൊന്നുമല്ല…നമിത എന്തോ പറയാൻ തുടങ്ങി…

വേണ്ട താനൊന്നും പറയണ്ട. ഇങ്ങനെ ചിന്തിക്കുന്ന ഒരു പെണ്ണിനെ ഭാര്യയാക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ദേവൻ നമിതയെ തടഞ്ഞു കൊണ്ട് പറഞ്ഞു. എനിക്ക് ഈ വിവാഹത്തോട് താല്പര്യമില്ല…സോറി….

അവളെ നോക്കി ഒന്നുടെ പുച്ഛിച്ചു കൊണ്ട് ദേവൻ മുറി വിട്ട് പോയി. ദേവനും കൂട്ടരും വന്ന കാർ ഗേറ്റ് കടന്നു പോവുന്നത് ഒരു നെടുവീർപ്പോടെ നമിത നോക്കിനിന്നു.

******************

എന്തായി ദേവാ…പെണ്ണിനെ ഇഷ്ട്ടപെട്ടോ….? രാത്രി അത്താഴം കഴിക്കുമ്പോ ദേവന്റെ അച്ഛൻ അവനോട് ചോദിച്ചു.

എനിക്കൊന്നു ആലോചിക്കണം അച്ഛാ….ദേവൻ പറഞ്ഞു.

ദേവാ….നല്ല ഒന്നാംതരം ജന്മി കുടുംബമാണ്. നമിത ആണെങ്കിൽ ഡോക്ടറും…പിന്നെ അച്ഛനും അമ്മയും ഇല്ലെന്നുള്ള ഒരു കുറവേ ഉള്ളു…വേണ്ടാന്ന് വെക്കണ്ട…നീ ശരിക്കും ഒന്ന് ആലോചിക്ക് അച്ഛൻ പറഞ്ഞു.

മ്മ്….ദേവൻ വെറുതെ മൂളി. അത്താഴം കഴിച്ചു കഴിഞ്ഞു ദേവൻ ബാൽകണിയിൽ ഇരുന്നു ഒരു സിഗരറ്റിന് തീ കൊളുത്തി. രാവിലെ നമിതയെ പെണ്ണ് കാണാൻ പോയത് അയാൾക്ക് ഓർമ വന്നു…

ഒരു ഡോക്ടറെ കല്യാണം കഴിക്കണമെന്ന് തന്റെയൊരു ആഗ്രഹമായിരുന്നു….അങ്ങനെയാണ് നമിതയെ പെണ്ണ് കാണാൻ പോയത്. തനിക്ക് നേരെ ചായകപ്പ് എടുത്തു നീട്ടുമ്പോഴാണ് നമിതയുടെ മുഖം ആദ്യമായി കാണുന്നത്. നിറയെ പീലികളുള്ള കണ്മഷി എഴുതാത്ത അവളുടെ കറുത്ത കണ്ണുകളാണ് ആദ്യം കണ്ടത്…നെറ്റിയിലെ ഒരു ചെറിയ വട്ടപൊട്ടിൽ മാത്രം ഒതുങ്ങുന്നതായിരുന്നു അവളുടെ ഒരുക്കങ്ങൾ…എന്നിട്ടും എന്തൊരു ഐശ്വര്യമായിരുന്നു ആ മുഖത്ത്….

പക്ഷെ അമ്മയാവാൻ കഴിയില്ലെന്ന് വിവാഹത്തിന് മുൻപേ തന്നെ മുഖത്തു നോക്കി പറഞ്ഞ ഒരു പെണ്ണിനെ എങ്ങനെയാണു ഭാര്യയായി സ്വീകരിക്കുക…? അയാൾ വല്ലായ്മയോടെ ബെഡ്‌റൂമിലേക്ക് നടന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും അയാൾക്ക് ഉറങ്ങാൻ സാധിച്ചില്ല. ജീവിതത്തിൽ ആദ്യമായി പെണ്ണ് കണ്ട കുട്ടിയാണ്….നമിത…

എന്തോ ആ മുഖം മനസിൽ പറ്റി ചേർന്ന പോലെ. മറക്കാൻ നോക്കിയിട്ടും സാധിക്കുന്നില്ല…അവൾ എന്തായിരിക്കും പറയാൻ തുടങ്ങിയത്. എന്തായാലും അത് കേൾക്കാൻ പോലും താൻ നിന്നില്ലല്ലോ….ഛെ….മോശമായി പോയി.

അയാൾ ഫോൺ എടുത്തു നമിതയുടെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. ഹലോ….ആരാ…വിചാരിച്ച പോലെ നമിത തന്നെയായിരുന്നു ഫോൺ എടുത്തത്.

ഞാനാണ് ദേവൻ….കുട്ടിയെ ഇന്ന് പെണ്ണ് കാണാൻ വന്ന ദേവൻ….ദേവൻ പരുങ്ങലോടെ പറഞ്ഞു.

ഓ…നിങ്ങളായിരുന്നോ എന്തിനാ വിളിച്ചത്…?

അത് നമിത…ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയി…സോറി ദേവൻ പറഞ്ഞു.

സോറി പറയാൻ വിളിച്ചതാണോ നമിത ചിരിയോടെ ചോദിച്ചു.

വേണമെങ്കിൽ അങ്ങനെയും പറയാം…ദേവൻ ചിരിയോടെ തുടർന്നു…താൻ എന്താ അമ്മയാവാൻ കഴിയില്ലെന്ന് പറഞ്ഞത്.

അതൊക്കെ ഇനിയെന്തിനാ അറിയുന്നേ…താല്പര്യമില്ലെന്നു പറഞ്ഞു പോയ ആളല്ലേ…നമിത പറഞ്ഞു.

അതൊക്കെ ശരി തന്നെ…എന്നാലും ഒന്ന് പറയടോ…ഞാൻ ഒന്ന് അറിയട്ടെ ദേവൻ പറഞ്ഞു.

ഓക്കേ പറയാം…ഒപ്പം ചിലതൊക്കെ കാണിച്ചു തരികയും ചെയ്യാം. അപ്പോൾ എല്ലാത്തിനുമുള്ള ഉത്തരം കിട്ടും. നാളെ ഫ്രീ ആണെങ്കിൽ കാവുംപുറത്തെ പള്ളിക്ക് മുൻപിൽ രാവിലെ 11മണിക്ക് വരൂ….ഞാൻ അവിടെ ഉണ്ടാവും. ശരി…വരാം വേറെ ഒന്നും പറയാതെ ദേവൻ ഫോൺ കട്ട്‌ ചെയ്തു

*******************

നമിതയെയും കാത്തു ദേവൻ നിൽക്കാൻ തുടങ്ങിയിട്ട് 15മിനിറ്റ് കഴിഞ്ഞിരിക്കുന്നു. അക്ഷമനായി അവൻ നമിതയുടെ ഫോണിലേക്ക് വിളിച്ചു…അത് അറ്റൻഡ് ചെയ്യുന്നില്ല. അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞതോടെ റോഡ് മുറിച്ചു വരുന്ന നമിതയെ ദേവൻ കണ്ടു. ഇളംപച്ചയിൽ വെള്ളപൂക്കൾ നിറഞ്ഞ അയഞ്ഞ കോട്ടൺ സാരിയിൽ അവൾ അതിസുന്ദരിയായിരുന്നു…

കാത്തിരിന്നു മുഷിഞ്ഞു കാണുമല്ലോ അല്ലേ…അവൾ ചിരിയോടെ ദേവനോട് ചോദിച്ചു.

ആ കുറച്ചു മുഷിഞ്ഞു അയാൾ കൃത്രിമ ഗൗരവം നടിച്ചു പറഞ്ഞു. എന്തോ കാണിക്കാനുണ്ട് എന്നൊക്കെ പറഞ്ഞല്ലോ…എന്താണാവോ അയാൾ ചോദിച്ചു.

കാണിക്കാം….നമുക്ക് ഒരിടം വരെ പോയാലോ അവൾ ദേവനോട് ചോദിച്ചു.

പോവാം….വാ കാറിന്റെ മുൻപിലെ ഡോർ തുറന്നു നമിതയോട് കേറാൻ അയാൾ ആംഗ്യം കാണിച്ചു. ഒരു ചിരിയോടെ അവൾ കാറിൽ കയറി…ദേവൻ കാറിലേക്ക് കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

****************

കൊറേ നേരമായല്ലോ നമ്മൾ ഇങ്ങനെ കിടന്നു ഓടുന്നു….എത്താറായല്ലേ…ദേവൻ നീരസത്തോടെ അവളോട് ചോദിച്ചു.

ഇപ്പൊ എത്തും ഒരു അഞ്ചു മിനിറ്റ് കൂടി അവൾ പറഞ്ഞു. ദാ… ആ കെട്ടിടം കണ്ടോ…അങ്ങോട്ടാ നമുക് പോവേണ്ടത്. ഇളം നീല പെയിന്റ് അടിച്ച ഇരുനില കെട്ടിടത്തിലേക്ക് അയാൾ കാർ ഓടിച്ചു കേറ്റി.

“അമ്മ” ആ കെട്ടിടത്തിന് മുകളിലെ ബോർഡിൽ അങ്ങനെ എഴുതിയിരുന്നു. അയാൾ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി. ഒരുപാട് പൂക്കൾ നിറഞ്ഞ മുറ്റത്ത് കൊറേ കൊച്ച്കുട്ടികൾ ഓടി കളിക്കുന്നു.

ഈശ്വരാ…ഇനി ഇവൾക്ക് ഇതിനു മുൻപ് വല്ല ബന്ധത്തിലും കുഞ്ഞുങ്ങൾ എങ്ങാനും ഉണ്ടായിരുന്നോ…ആ കൊച്ചിനെ കാണിക്കാനാണോ ഇവിടെ വരെ വന്നത്….അതുകൊണ്ടാണോ അമ്മ ആവാൻ പറ്റില്ലെന്നൊക്കെ പറഞ്ഞത്…ദേവൻ ഒരു നിമിഷം പകച്ചു.

എന്താ ചിന്തിച്ചു നിൽക്കുന്നത്…നമിത അയാളോട് ചോദിച്ചു.

ഒന്നുല്ല…..നമ്മൾ എന്താ ഇവിടെ അയാൾ ചോദിച്ചു.

പറയാം…ദേവൻ വാ…ദേവൻ ഒന്നും പറയാതെ അവളുടെ പിന്നാലെ അകത്തേക്ക് നടന്നു. നീണ്ട ഇടനാഴിയിലൂടെ നടന്നു അവർ ഒരു മുറിയിൽ കയറി. ദേവൻ ഇരിക്ക്…മുറിയിൽ ഉണ്ടായിരുന്ന രണ്ട് ചെയറുകളിൽ ഒന്ന് ദേവന്റെ മുൻപിലേക്ക് നീക്കി ഇട്ടുകൊണ്ട് നമിത പറഞ്ഞു.

നോക്ക് നമിത…എന്റെ വിലപ്പെട്ട സമയം കളഞ്ഞാണ് ഞാൻ തന്റെ കൂടെ വന്നത്…ഇവിടെ ഈ അനാഥലയത്തിൽ എന്താണ് എന്നെ കാണിക്കാനുള്ളത്…ദേവൻ നമിതയോട് ചൂടായി.

ദേവൻ ഒന്ന് കൂൾ ആവൂ….ഞാൻ ഒന്നു പറയട്ടെ…

ആം പറയൂ…

എനിക്ക് അച്ഛനും അമ്മയും ഇല്ലെന്നുള്ള കാര്യം ദേവന് അറിയാമല്ലോ അല്ലേ…?

അറിയാം….ദേവൻ മറുപടി പറഞ്ഞു.

എന്നാൽ ദേവന് അറിയാത്ത ഒരു കാര്യമുണ്ട്…നമിത പറഞ്ഞു. ദേവൻ പുരികമുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി. എനിക്ക് രണ്ട് ഏട്ടന്മാരുണ്ട് ദേവൻ.

ങേ…എന്നിട്ട് ഞാൻ അന്ന് അവരെ കണ്ടില്ലല്ലോ…ദേവൻ ആശ്ച്ചര്യത്തോടെ അവളോട് ചോദിച്ചു.

അവർ വീട്ടിൽ അല്ല ദേവൻ…അവർ ഇവിടെയാണ് ഉള്ളത്…നമിത പറഞ്ഞു.

ഇവിടെയോ…? ദേവൻ ചോദിച്ചു.

യെസ്…ഇവിടെ തന്നെ…അവർ പക്ഷെ നമ്മളേ പോലെയല്ല ദേവൻ…അവർക്ക് നമ്മളേ പോലെ ചിന്തിക്കാനോ പെരുമാറാനോ സാധിക്കില്ല…അവർക്ക് ജന്മനാ ബുദ്ധിമാന്ദ്യം ഉണ്ട്…നമിത നെടുവീർപ്പോടെ പറഞ്ഞു.

ശരി അത് സമ്മതിച്ചു…പക്ഷെ അതിന്റെ പേരിൽ താൻ ഒരു കുഞ്ഞിനെ പ്രസവിക്കില്ല എന്ന് പറയുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലാവുന്നില്ല നമിത…

അതിന് കാരണമുണ്ട് ദേവൻ…എന്റെ മാതാപിതാക്കൾക്ക് ആറ്റുനോറ്റു ജനിച്ച ഇരട്ടകുട്ടികളാണ് എന്റെ ഏട്ടന്മാർ. അവർക്ക് ബുദ്ധിമാന്ദ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഏതൊരു മാതാപിതാക്കളെയും പോലെ അവരും ഒരുപാട് വിഷമിച്ചിരുന്നു. പക്ഷെ അവരെ അച്ഛനും അമ്മയ്ക്കും ജീവനായിരുന്നു. പലപ്പോഴും ബന്ധുക്കൾക്ക് ഇടയിലും നാട്ടുകാർക്കും ഇടയിലും എന്റെ ഏട്ടന്മാർ പരിഹാസപാത്രങ്ങളായിട്ടുണ്ട്. എന്റെ അമ്മയുടെ കുഴപ്പം കൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ ജനിച്ചതെന്ന് പറഞ്ഞു കുറ്റപെടുത്തിയവരുണ്ട്.

പക്ഷെ ആരോടും ഒരു വാക്ക് പോലും ദേഷ്യപ്പെട്ടു അമ്മ തിരിച്ചു പറഞ്ഞിരുന്നില്ല. അമ്മയുടെ ആ കണ്ണീരും കഷ്ട്ടപാടും കണ്ടാണ് ഞാൻ ജനിച്ചതും വളർന്നതും…പല്ല് തേപ്പിക്കുക, കുളിപ്പിക്കുക, ഭക്ഷണം കൊടുക്കുക…എന്നീ കാര്യങ്ങൾ പോലും എന്റെ അമ്മ തന്നെയാണ് ഏട്ടന്മാർക്ക് ചെയ്യ്തു കൊടുത്തിരുന്നത്. ഒരു നിമിഷം പോലും അമ്മയ്ക്ക് അവരെയും അവർക്ക് അമ്മയെയും പിരിഞ്ഞിരിക്കാൻ സാധിക്കില്ലായിരുന്നു.

കുടുംബത്തിലെ പല വിശേഷങ്ങൾക്കും എന്റെ അമ്മയും ഏട്ടന്മാരും മാറ്റിനിർത്തപെട്ടു. ഒരു തരം വെറുപ്പോടു കൂടിയാണ് എന്റെ ഏട്ടന്മാരെ എല്ലാരും നോക്കി കൊണ്ടിരുന്നത്….നമിതയുടെ സ്വരം ചെറുതായി ഇടറി

ഞാൻ ജോലിക്ക് കേറിയ സമയത്താണ് അമ്മയ്ക്ക് സുഖമില്ലതെയാവുന്നത്. തന്റെ അസുഖത്തേക്കാൾ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ ആൺമക്കൾക്ക് ആരുണ്ട് എന്നുള്ള ആധിയായിരുന്നു അമ്മയ്ക്ക്…അന്ന് ഞാനെന്റെ അമ്മയ്ക്ക് ഒരു വാക്ക് കൊടുത്തിരുന്നു. എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം എന്റെ ഏട്ടന്മാരെ ഞാൻ പൊന്നു പോലെ നോക്കുമെന്ന്…രണ്ട് ദിവസം കഴിഞ്ഞു അമ്മ മരിച്ചു…

ആദ്യം ഒരു വിവാഹം തന്നെ ഞാൻ വേണ്ടെന്നു ആലോചിച്ചതാണ്…പിന്നെ ഈ സമൂഹത്തിൽ ജീവിക്കാൻ ഒരു ആൺതുണ ആവശ്യമാണെന്ന് എനിക്ക് തോന്നി. ആ ആള് എന്നെയും എന്റെ അവസ്ഥയെയും എന്റെ തീരുമാനത്തെയും 100% അറിഞ്ഞിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു.

ഈ സ്ഥാപനം വെറുമൊരു അഗതിമന്ദിരം മാത്രമല്ല ദേവൻ…ഒരു ധനിക കുടുബത്തിൽ ജനിച്ചിട്ടും കുടുംബത്തിൽ ഒരുപാട് അംഗങ്ങൾ ഉണ്ടായിട്ടും എന്റെ ഏട്ടന്മാരെ എല്ലാരും ഒറ്റപ്പെടുത്തി…ഞങ്ങടെ അമ്മ അതിന്റെ പേരിൽ ഒരുപാട് കണ്ണീർ കുടിച്ചു…അങ്ങനെയെങ്കിൽ സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്ന വീട്ടിലെ കുഞ്ഞുങ്ങൾക്കാണ് ഈ അവസ്ഥ വരുന്നതെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ…എന്തോരം ആ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും അനുഭവിക്കണം…

അങ്ങനെയുള്ള കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും വേണ്ടി ഞാൻ തുടങ്ങിയ ഒരു സ്ഥാപനമാണിത്. ഞാനെന്നു പറയുമ്പോൾ ഒരുപാട് പേര് സഹായിച്ചിട്ടുണ്ട്….കൂടെ പഠിച്ചവർ…കൂടെ ജോലി ചെയ്യുന്നവർ…നാട്ടിലെ ഒരുപാട് സംഘടനകൾ…പേരും ഊരും അറിയാത്ത നന്മയുള്ള അത്തരം കുറേ പേരുടെ സഹായത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്.

ഒരുപാട് പേരെ ഒന്നും അല്ലെങ്കിലും എനിക്ക് ആവും വിധം ഞാൻ 65 അത്തരത്തിലുള്ള കുഞ്ഞുങ്ങളെയും ആൾക്കാരെയും നോക്കുന്നുണ്ട്. ഇവിടെ വരുമ്പോ പലർക്കും ഒന്നുമറിയില്ലായിരുന്നു. ഇപ്പോ അവർക്ക് സ്വന്തം കാര്യങ്ങളൊക്കെ ഒരു വിധം നന്നായി ചെയ്യാൻ അറിയാം. പലർക്കും സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതിന് സ്പീച് തെറാപ്പിയും മറ്റും കൊടുത്തു നന്നായി സംസാരിക്കാൻ പഠിപ്പിച്ചു.

പൂർണമായും മാറ്റാൻ സാധിക്കില്ല എന്നറിയാം. എന്നാലും ഇവിടെ ചിരിയും കളിയുമായി ചേർത്ത് പിടിച്ചു പകർന്നു കൊടുക്കുന്ന സ്നേഹത്തിൽ അവരൊക്കെ ഒരുപാട് നേരെയാവുന്നുണ്ട്…അതിലെനിക്ക് എന്നും അഭിമാനം ഉണ്ട് ദേവൻ…

നമിത പതിയെ മുറിക്ക് വെളിയിൽ ഇറങ്ങി ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങി…ദേവൻ അറിയാതെ അവളെ അനുഗമിച്ചു…ബുദ്ധിമാന്ദ്യം എന്നാൽ ഭ്രാന്ത് എന്ന് കരുതുന്നവർ പോലും സമൂഹത്തിൽ ഉണ്ട്. എന്നാൽ രണ്ടും രണ്ടാണ്…ചിലർക്ക് അവരെ ഇവർ ഉപദ്രവിക്കും എന്നുള്ള പേടിയുണ്ട്. അവരെ അറപ്പോടെ നോക്കുന്നവരുണ്ട്.

പക്ഷെ ഇതൊന്നും ആ പാവങ്ങളുടെ കുറ്റം കൊണ്ടല്ല. അവർ അങ്ങനെ ജനിച്ചു പോയി…ദൈവം അവരെ അങ്ങനെ സൃഷ്ട്ടിച്ചു…അതിന് അവരെയൊ അവരുടെ അമ്മയെയോ അച്ഛനെയോ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല, പകരം ചേർത്ത് പിടിക്കുകയാണ് വേണ്ടത്…നമിത പറഞ്ഞു. ദേവൻ ഒന്നും മിണ്ടാൻ കഴിയാതെ വെറുതെ അവളെ നോക്കി ചിരിച്ചു.

ദേവൻ അത് കണ്ടോ…മുറ്റത് കളിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ചൂണ്ടി കാണിച്ചു കൊണ്ട് നമിത പറഞ്ഞു…

അത് മാളു…അവൾക്ക് അമ്മ മാത്രമേയുള്ളു. മാളുവിന് ബുദ്ധിമാന്ദ്യം ഉണ്ടെന്നറിഞ്ഞ അവളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയതാണ്. അവളുടെ അമ്മ ഗിരിജ ഒരു കൂലിപണിക്കാരിയാണ്. പകൽ ഒക്കെ മാളുവിനെ വീട്ടിൽ കെട്ടിയിട്ട് പ്രായമായ മുത്തശ്ശിയെ കാവൽ ഏല്പിചാണ് അവർ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. പെട്ടന്ന് ഒരു ദിവസം ആ മുത്തശ്ശി മരിച്ചു. അന്ന് മുന്നോട്ട് എന്തെന്നറിയാതെ പകച്ചു നിന്ന ഗിരിജ എന്നെ തേടി ഇവിടെയെത്തി. ഇപ്പൊ ഇവിടുത്തെ തന്നെ മെഴുകുതിരി – തയ്യൽ യൂണിറ്റിൽ അവർ ഇവിടെ താമസിച്ചു കൊണ്ട് തന്നെ ജോലി ചെയ്യുന്നുണ്ട്. മാളുവും ഇവിടെ ഹാപ്പിയാണ്….

ഇതൊക്കെയാണ് ദേവൻ എന്റെ ലോകവും എന്റെ സന്തോഷവും…എനിക്ക് വേണമെങ്കിൽ എന്റെ ഇഷ്ടപ്രകാരം കല്യാണം കഴിച്ചു കുട്ടികളെയും പ്രസവിച്ചു ജീവിക്കാം. പക്ഷെ എന്നെ കാത്തിരിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരുപാട് കുഞ്ഞ് മക്കളുണ്ട് ഇവിടെ…ഞാൻ ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിച്ചാൽ തീർച്ചയായും എനിക്ക് എന്റെ ചോരയിൽ പിറന്ന കുഞ്ഞിനോട് പ്രത്യേകഇഷ്ടം തോന്നും.

അങ്ങനെ സംഭവിച്ചാൽ എനിക്ക് ഒരിക്കലും എന്റെ ഏട്ടന്മാരെയും അവരെ പോലെ ഒറ്റപെട്ടു പോയവരെയും നെഞ്ചിൽ തട്ടി സ്നേഹിക്കാൻ സാധിക്കുമോ…? ഒരിക്കലുമില്ല…

അത്കൊണ്ടാണ് ഒരമ്മയാവാൻ എന്നെ നിർബന്ധിക്കരുത് എന്ന് പറഞ്ഞത്. അല്ലാതെ എന്റെ ശരീരഭംഗി നഷ്ട്ടപെടുമെന്നുള്ള വെറും ലോ ക്ലാസ്സ്‌ ചിന്ത കൊണ്ടൊന്നുമല്ല…

ദേവൻ അന്ന് പറഞ്ഞില്ലേ, ഒരമ്മ ആവുന്നിടത്താണ് ഒരു സ്ത്രീ ജന്മം പൂർണമാവുന്നതെന്ന്….അങ്ങനെയെങ്കിൽ എന്റെ ജന്മം പൂർണമാണ് ദേവൻ…ഒരമ്മയാവാൻ ഗർഭം ധരിച്ചു പ്രസവിക്കണമെന്നില്ല…കൊച്ച് കുഞ്ഞുങ്ങൾ മുതൽ എന്നേക്കാൾ പ്രായമുള്ളവരുടെ വരെ അമ്മയാണ് ഞാൻ. അവരുടെ സ്നേഹത്തിൽ അവർ എനിക്ക് തരുന്ന വിശ്വാസത്തിൽ പൂർണമാണ് എന്റെ ഈ ജന്മം. അത് മതിയെനിക്ക്…നമിത പുഞ്ചിരിയോടെ പറഞ്ഞു.

ഇനി ദേവന് തീരുമാനിക്കാം. ഞാൻ ഒന്നിനും നിർബന്ധം പിടിക്കുകയൊന്നുമില്ല. എല്ലാം ദേവന്റെ ഇഷ്ടം…

.ദേവൻ ഒന്നും മിണ്ടാതെ മുറ്റത്തെ നാലുമണി പൂക്കളെ ഒരു നിമിഷം വെറുതെ നോക്കിനിന്നു. പിന്നെ പതിയെ നമിതയുടെ അരികിൽ എത്തി അവളുടെ കരം കവർന്നു.

നീ വെറുമൊരു മനുഷ്യസ്ത്രീയല്ല…മാലാഖയാണ്….അവൻ അവളുടെ കയ്യിൽ മൃദുവായി ചുംബിച്ചു. നീ വിചാരിക്കുന്നുണ്ടാവും…ഞാൻ ഇതൊക്കെ കണ്ട് മനസ് മാറിയാണ് നിന്നെ ഇഷ്ട്ടപെടുന്നതെന്ന്…

അതേ…അത് തന്നെയാണ് കാരണം. നിന്നെ പോലെയൊരു പെണ്ണിനെ കൈവിട്ടാൽ ഈ മനുഷ്യജന്മത്തിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയൊരു മണ്ടത്തരമായിരിക്കും അത്. ഇനി ഞാനുണ്ടാകും….നിനക്കൊപ്പം….നമ്മുടെ ഈ മക്കൾക്കൊപ്പം….

നീ എന്റെ വീട്ടുകാരെ ഓർത്ത് പേടിക്കണ്ട….അവർക്ക് എന്നെ മനസിലാവും…ദേവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു….

******************

തിരികെയുള്ള യാത്രയിൽ എന്തിനെന്നറിയാതെ ദേവന്റെ കണ്ണുകൾ തുളുമ്പി. ഓരോ മനുഷ്യനും ഓരോ കടമകൾ ഈ ലോകത്ത് ദൈവം തീരുമാനിച്ചു വെച്ചിട്ടുണ്ടാവും. നേരിന്റെ…നന്മയുടെ…പാതയിൽ നമിതയെന്ന മാലാഖയ്ക്ക് തുണയാവാനായിരിക്കും തന്റെ ജീവിതനിയോഗം…അവൻ ചെറുചിരിയോടെ ഓർത്തു…

(ണ്ട് ദിവസം മുൻപ് വായിച്ച, ഹൃദയത്തെ അത്രക്ക് സ്പർശിച്ച, ഒരു വാർത്തയെ അടിസ്ഥാനമാക്കി ഞാൻ എഴുതിയതാണ്)