ബസിൽ പതിവിന് വിപരീതമായി എന്നിലേക്കാരോ ചേർന്നു നിൽക്കുന്നത് പോലെയെനിക്ക് തോന്നിയപ്പോഴാണ് അതികോപത്തോടെ ഞാൻ തിരിഞ്ഞു നോക്കിയത്.

വാക്കുകൾക്കപ്പുറം – എഴുത്ത്: മീനാക്ഷി മീനു

പത്താം ക്‌ളാസ് നല്ല മാർക്കോടെ ജയിച്ചതിന്റെ സന്തോഷമറിയിക്കാനാണ് അന്ന് ഞാനാ വലിയ വീടിന്റെ പടികയറി ചെന്നത്. ഓർമ്മവെച്ച കാലം മുതൽ അമ്മ അടുക്കളപ്പണിയെടുക്കുന്നത് ഈ വലിയ വീട്ടിലാണ്…

അടുക്കളക്കാരിയുടെ മകൾക്കെന്ത് പത്താംക്ലാസ് എന്ന മുഖഭാവമായിരുന്നു ആ വീട്ടിലെ കൊച്ചമ്മയ്ക്ക്…അതേ ഭാവമായിരുന്നു എട്ടാം ക്ളാസിൽ മൂന്ന് വർഷമായി കുത്തിയിരിക്കുന്ന അവരുടെ മകൾക്കും….

എങ്കിലും വിയർത്തുനനഞ്ഞ മുഖത്തു ഒരാശ്വാസച്ചിരി പടർത്തി സാരിതുമ്പിൽ നിന്നും അമ്മയെടുത്തു തന്ന ഒരു പിടി മാൻഗോബൈറ്റ് മിട്ടായികൾ ഞാനവർക്ക് നേരെ നീട്ടി. ഒരു പുച്ഛത്തോടെ അവരത് നിരസിച്ചുകൊണ്ട് അകത്തേയ്ക്ക് കടന്നുപോയി.

“സാരമില്ല…കൂട്ടുകാർക്ക് കൊണ്ടുപോയി കൊടുക്ക്.”എന്നു പറഞ്ഞു അമ്മയെന്നെ അന്നേരം ആശ്വസിപ്പിച്ചു. ഉള്ളു നൊന്തെങ്കിലും അതൊളിപ്പിക്കുന്ന അമ്മയെ നോക്കിയൊന്ന് ചിരിച്ചിട്ട് ഞാനിറങ്ങി നടന്നു.

പിന്നിൽ നിന്നുമൊരു ചൂളം വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. ചുവരരികിലെ മുസാണ്ട ചെടികൾക്കിടയിൽ നിന്നും ഇറങ്ങിവന്നത് ചിരിക്കുമ്പോൾ ചെറുതാകുന്നയാ കണ്ണുകളുടെ ഉടമയായിരുന്നു…

നീട്ടിയ കൈവെള്ളയിൽ നിന്നും മിട്ടായിയെടുത്തിട്ട് അതിലും മധുരമുള്ളൊരു ചുംബനം കൈവെള്ളയിലേയ്ക്ക് തിരികെ വെയ്ക്കുമ്പോഴേക്കും ഉടലാകെ പടർന്നൊരാലസ്യത്തിൽ തിരികെ വീട്ടിലേക്കോടിയിരുന്നു ഞാൻ…

അതാ വലിയ വീട്ടിലെ കൊച്ചമ്മയുടെ മകനായിരുന്നു. ആ വീട്ടിലേയ്ക്ക് ഞാൻ ചെല്ലുമ്പോഴെല്ലാം സ്നേഹത്തോടെ എന്നെ എതിരേറ്റിരുന്നത് ആ കണ്ണുകളായിരുന്നു. “മീനുവിന്റെ നീണ്ട മുടി നല്ലയഴകാണെന്നു ആദ്യമായി പറഞ്ഞതും, ജീവിതത്തിൽ ആദ്യമായി ഒരു സമ്മാനം, കണ്ണെഴുതാനൊരു കണ്മഷി സമ്മാനിച്ചതും” ആ ഏട്ടനായിരുന്നു.

ആ വീട്ടിൽ മറ്റാർക്കും മുന്നിൽ അദ്ദേഹം ചിരിച്ചിരുന്നത് പോലുമില്ല. എന്തിന് തമ്മിൽ സംസാരിക്കുന്നത് പോലും കണ്ടിരുന്നില്ല. എന്നാലെന്നെ കാണുന്ന മാത്രയിൽ ആ കണ്ണുകൾ വിടരുകയും അധരങ്ങൾ പുഞ്ചിരി തൂവുകയും ചെയ്യുമായിരുന്നു. എങ്കിലുമാ ചുംബനം എന്നെ തെല്ലൊന്നു ഭയപ്പെടുത്തി.

ആ കണ്ണുകളെ അഭിമുഖീകരിക്കാനൊരു ഭയം തോന്നിതുടങ്ങിയതിനാൽ പിന്നീട് ഞാനാ വീട്ടിലേക്ക് പോകാൻ തുനിഞ്ഞില്ല.

ടൗണിലെ സ്‌കൂളിൽ പ്ലസ് വണ്ണിന് പോകാൻ തുടങ്ങിയ ഒരു ദിവസം, എന്നത്തേയും പോലെ തിരക്കുള്ള ആ ബസിൽ പതിവിന് വിപരീതമായി എന്നിലേക്കാരോ ചേർന്നു നിൽക്കുന്നത് പോലെയെനിക്ക് തോന്നിയപ്പോഴാണ് അതികോപത്തോടെ ഞാൻ തിരിഞ്ഞു നോക്കിയത്. ആളെ തിരിച്ചറിഞ്ഞതും കണ്ണുകളിലെ കോപമെങ്ങോ പോയി മറഞ്ഞു.

ഹൃദയം ധ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി. വിയർത്തൊലിച്ച കൈവെള്ള മുകളിലെ കമ്പിയിൽ അമർത്തിപ്പിക്കാനാവാതെ വഴുക്കി. അപ്പോഴെല്ലാമെന്റെ പിൻകഴുത്തിലൊരു ചുടു നിശ്വാസം വന്നു പതിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകൾ വിറയ്ക്കുന്ന എന്റെയധരങ്ങളിലേയ്ക്കാണ് ഉറ്റുനോക്കുന്നതെന്നു എനിക്ക് തോന്നി. നാവിനാൽ ഞാനെന്റെ വരണ്ട ചുണ്ടുകളെ വെറുതെ നനച്ചുകൊണ്ടിരുന്നു. ആ നിമിഷങ്ങൾ അതിവേഗം കടന്നുപോയി.

പിന്നീടുള്ള ദിവസങ്ങളിലും അതാവർത്തിച്ചു. എന്നും ഒരുവാക്ക് പോലും ഉരിയാടാതെ, വിരല്തുമ്പിനാൽ പോലുമെന്നെ സ്പര്ശിക്കാതെ എന്റെ ഹൃദയത്തോടദ്ദേഹം ചേർന്നു നിൽക്കുമായിരുന്നു. വീടിനടുത്തു നിന്നും രണ്ട് സ്റ്റോപ്പ് അപ്പുറത്ത് ബൈക്ക് വെച്ചിട്ടാണ് ബസിൽ കയറിയെന്റെ കൂടെ വരുന്നതെന്ന് പിന്നീട് ആരോ പറഞ്ഞറിഞ്ഞതും മനസിൽ പേരാറിയാത്തൊരു സന്തോഷം തോന്നി തുടങ്ങിയിരുന്നു.

രണ്ട് വർഷങ്ങളിങ്ങനെ കടന്നു പോയിട്ടൊടുവിൽ ഒരു ദിവസം, പ്ലസ് ടുവിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ ഞാൻ വന്നയന്ന്, സ്കൂളിന്റെ വശത്തുള്ള ആൽമരത്തിനടുത്ത് ചിരിയോടെ നിൽക്കുന്നത് കണ്ട് വിളിക്കാതെ തന്നെ ഞാനടുത്തേയ്ക്ക് ചെന്നു.

“ബാംഗ്ലൂർ പോവാ…എം.സി.എ ചെയ്യാൻ…ഇനിയെന്നും ഇതുപോലെ കാണില്ല. ഞാൻ കത്തെഴുതിയാൽ മറുപടി എഴുതുമോ…?”

എന്തിനെന്നില്ലാതെ ഞാൻ കരഞ്ഞു. കണ്ണുനീരോലിപ്പിച്ചു. “രണ്ട് വർഷത്തെ കാര്യമേയുള്ളൂ മീനു…ഞാൻ വരും. എനിക്കുവേണ്ടി കാത്തിരിക്കാൻ ഈ ഭൂമിയിലെനിക്ക് നീ മാത്രമേയുള്ളു…” ഏങ്ങിക്കരയുന്നയെന്നെ ചേർത്തുപിടിച്ചദ്ദേഹം മാറോട് ചേർത്തു. അധരങ്ങളിൽ ഗാഢമായി ചുംബിച്ചു. തിരികെ വരുമെന്നയുറപ്പിൽ അന്ന് ഞങ്ങൾ താത്കാലികമായി പിരിഞ്ഞു.

ശരീരം കൊണ്ട് അകലെയെങ്കിലും ഹൃദയം കൊണ്ട് അടുത്തിരുന്ന നാളുകൾ…അക്ഷരങ്ങൾ കൊണ്ട് ഇതുവരെ പറയാത്തതെല്ലാം പറഞ്ഞ നിമിഷങ്ങൾ…പറയാതെ അറിയുന്നതും തീവ്രമായ പ്രണയമെന്ന് അനുഭവിച്ചറിഞ്ഞ സമയങ്ങൾ…

ഒരിക്കലെനിക്കയച്ചയൊരു കത്ത് എന്റെ അമ്മയുടെ കൈയിൽ കിട്ടുംവരെയെ അതിനായുസ്സുണ്ടായിരുന്നുള്ളൂ…വീടടിച്ചുവാരുന്ന കുറ്റിച്ചൂലുകൊണ്ടാണ് അന്നെന്നെ അമ്മ തല്ലിയത്.

“വലിയ വീട്ടിലെ കുട്ടികൾക്ക് അടിച്ചുതളിക്കാരികളോട് പലതും തോന്നും. ആശ തീരുന്നതോടെ എല്ലാം തീരും. ഒടുവിൽ നഷ്ടം നിനക്ക് മാത്രമായിരിക്കും” എന്നു പറഞ്ഞ അമ്മയോട്,

“ആശ തീർക്കാൻ ഒരുപാട് സമയങ്ങളും അവസരങ്ങളും ഉണ്ടായിരുന്നമ്മേ…അതാണ് വേണ്ടിയിരുന്നതെങ്കിൽ ഏട്ടനത് എന്നെ ആകാമായിരുന്നു” എന്ന് ഞാനറിയാതെ പറഞ്ഞുപോയി.

മുഖമടച്ചു കിട്ടിയോരടിയിൽ കീഴ്ചുണ്ട് മുറിഞ്ഞു ചോരയൊലിച്ചു. നൂറ് കഷ്ണങ്ങളായി കീറിമുറിച്ച് എല്ലാ കത്തുകളും വാരിയേറിഞ്ഞിട്ടും കലി തീരാതെ അമ്മയെന്നെ ആ ചെറിയ വീട്ടിലെ കുടുസുമുറിയിൽ പൂട്ടിയിട്ടു. പഠുത്തം നിലച്ചു.

ആരുമായും മിണ്ടാതെ പറയാതെ കുറേനാൾ ആ ഒറ്റമുറിയിൽ…കൂട്ടായി അപ്പോഴും ചിരിക്കുന്ന മുഖമുണ്ടായിരുന്നു മനസ്സിൽ…

കത്തുകൾക്ക് മറുപടി ഇല്ലാതെയായപ്പോൾ അന്വേഷിച്ചു വന്ന ഏട്ടനെ ഞാൻ അമ്മവീട്ടിലാണെന്നു പറഞ്ഞു അമ്മ മടക്കിയയച്ചു. ഉള്ളിലൊതുക്കിയ സംശയത്തോടെ പിന്തിരിഞ്ഞു നോക്കിക്കൊണ്ട് പോകുന്ന ഏട്ടനെ ജനലഴികലൂടെ ഞാൻ കണ്ടുനിന്നു. വലതുകൈയിലൊരു വിഷക്കുപ്പിയുമായി അമ്മയുണ്ടായിരുന്നു എന്റെയടുത്ത്. എന്നിൽ നിന്നുമൊരു തേങ്ങലെങ്കിലുമുയർന്നാൽ അമ്മയത് കഴിക്കുമെന്നു എന്നെ പറഞ്ഞുഭയപ്പെടുത്തിയിരുന്നു.

ഞാൻ മറന്നെന്നു തോന്നിയിട്ടുണ്ടാകുമോ…? ഇനിയെന്നെ തേടി വരുമോ…? എന്നയാകുലതകൾക്കിടയിൽ പെണ്ണുകാണാൻ ഒരാളെന്റെ വീടിന്റെ പടികടന്നു വന്നു.

വീണ്ടും അമ്മയുടെ ഭീഷണിയ്ക്ക് മുന്നിൽ ജീവശവമായി പെണ്ണുകാണൽ ചടങ്ങിന് നിന്നുകൊടുക്കുമ്പോഴും ഇത് വിവാഹമല്ലല്ലോ എന്നൊരാശ്വാസമാണ് അപ്പോഴും മനസ്സിനുണ്ടായിരുന്നത്.

ചായക്കോപ്പകളിൽ നിന്നും മുഖമുയർത്തി ഞാൻ നോക്കിയത് തീ പാറും കണ്ണുകളോടെ എന്നെ നോക്കി പടിക്കൽ നിൽക്കുന്ന ഏട്ടനെയാണ്. ഈ വാർത്തയറിഞ്ഞു വേദനയോടെയാണ് വരവെന്ന് ആ മുഖത്തു നിന്നും എനിക്കറിയാൻ കഴിഞ്ഞിരുന്നു.

“മറന്നുവല്ലേ” എന്ന് കണ്ണുകളാൽ എന്നോട് മൊഴിഞ്ഞിട്ട് വന്നതിനെക്കാൾ വേഗത്തിൽ ഏട്ടൻ തിരികെ നടന്നു. കൂടെയിറങ്ങിയോടാൻ ഭാവിച്ചയെന്നെ മുറുകെപ്പിടിച്ചമ്മ തടഞ്ഞു. ആർത്തു നിലവിളിച്ചോടുവിൽ തളർന്ന് നിലത്തേക്ക് വീഴുമ്പോഴും അവസാന കാഴ്ചയിലും നിറഞ്ഞൊഴുകിയ ആ കണ്ണുകളായിരുന്നു.

ഇടയ്ക്കെപ്പോഴോ ആ വിളികേട്ടാണ് ഞാനുണർന്നത്. പാതിരാത്രിയായെന്നു തോന്നുന്നു. അമ്മയുറക്കമാണ്…പതുക്കെ കതക് തുറന്ന് ഞാൻ പുറത്തേക്ക് നടന്നു.

“മീനു” വീണ്ടും…ഏട്ടൻ വിളിക്കുന്നു. കൂരിരുട്ടിൽ ഞാൻ കണ്ടു, ഏട്ടനെ…ഓടിച്ചെന്നാ മാറിലേക്ക് വീഴുമ്പോഴും ഞാൻ പൊട്ടിക്കരയുകയായിരുന്നു.

**************************

പിറ്റേന്ന് വീടിനുള്ളിലെ സ്വന്തം മുറിയിൽ തൂങ്ങി മരിച്ച നിലയിൽ വലിയ വീട്ടിലെ ചെക്കനെ ആളുകൾ കണ്ടെടുത്തപ്പോഴേക്കും ഭീഷണിയുടെ സ്വരത്തോടൊപ്പം അമ്മ സൂക്ഷിച്ചുവെച്ചിരുന്ന വിഷം മീനുക്കുട്ടിയുടെ ജീവനെടുത്തിരുന്നു.

NB: ചില ബന്ധങ്ങൾ ഇഴനെയ്തിരിക്കുന്നത് ഹൃദയത്തോട് ഹൃദയം കൊരുത്തുകൊണ്ടാവും. പരസ്പരം സംവദിക്കാനവർക്ക് വാക്കുകളാവശ്യമുണ്ടാവില്ല. ഹൃദയത്തിന്റെ ഭാഷ അവർക്ക് പണ്ടേ വശമായിരിക്കും.