എഴുത്ത് – भद्रा मनु
ഞാൻ നിന്നെ വിവാഹം ചെയ്യട്ടെ പത്മ…?
തന്റെ മുൻപിൽ തല കുനിച്ചിരിക്കുന്ന പത്മയുടെ വിളറി വെളുത്തു. ഇളംപച്ച ഞരമ്പുകൾ എഴുന്നു നിൽക്കുന്ന കരങ്ങളിൽ മൃദുവായി തലോടികൊണ്ട് സാഗർ അവളോട് ചോദിച്ചു.
പത്മ…ഒരു കുഞ്ഞ് പനിനീർപുഷ്പം പോലെ നിർമലവും നിഷ്കളങ്കയുമായ തന്റെ പത്മ.
തന്റെ സുഹൃത്തിന്റെ വിവാഹത്തിന്റെയന്നാണ് പത്മയെ ആദ്യമായി കാണുന്നത്. ശരീരം മെലിഞ്ഞതെങ്കിലും തുടുത്ത രണ്ടു കവിളുകളുണ്ടായിരുന്നു അവൾക്ക്. അതിൽ ചിരിക്കുമ്പോൾ ചെറുതായി കുഴിഞ്ഞു തെളിയുന്ന വലത് കവിളിൽ മാത്രമുള്ള ഒരു നുണകുഴിയും…
അന്നവൾ അണിഞ്ഞ ആ കറുപ്പ് വസ്ത്രത്തിൽ അവൾ അതിസുന്ദരിയായി കാണപ്പെട്ടിരുന്നു. വലത് കവിളിൽ മാത്രം വിരിയുന്ന ആ നുണകുഴിയോട് തോന്നിയ കൗതുകത്തിന്റെ പുറത്ത് അവളെ കൂടുതൽ പരിചയപെട്ടു.
പത്മ…ഡിഗ്രി വിദ്യർത്ഥിനി…സ്വന്തമെന്ന് പറയാൻ സ്വന്തം ആത്മാവ് മാത്രമുള്ള ഒരു അനാഥ. കൊച്ചിയിലെ പേരു കേട്ട അനാഥലയത്തിലെ ഒരുപാട് അനാഥജന്മങ്ങളിലെ ഒരാൾ. ആരുടെയൊക്കെയോ കാരുണ്യത്തിൽ വളർന്നു ജീവിക്കുന്ന ഒരുവൾ.
അവളോടുള്ള സഹതാപമോ എന്തോ അവളിലേക്ക് ഒരുപാട് താൻ അടുത്ത് പോയി. തന്റെ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറിയത് തിരിച്ചറിഞ്ഞ താൻ അതവളോട് തുറന്നു പറയുമ്പോൾ ഏതൊരു പെണ്ണിനെ പോലെ അവളും എതിർത്തു.
തന്റെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നു അവൾ സമ്മതം മൂളിയ ആ നിമിഷം ലോകം കീഴടക്കിയ സന്തോഷമായിരുന്നു തനിക്ക്…ഒരിക്കലും താനവളെ ചതിക്കണമെന്നു കരുതിയിട്ടില്ല. സ്നേഹമായിരുന്നു…ജീവനായിരുന്നു…തനിക്ക് മാത്രമല്ല, തന്റെ കുടുംബത്തിലെ എല്ലാവർക്കും…
ഒഴിവ് ദിവസങ്ങളിൽ തന്റെ വീട്ടിൽ അവൾ എത്താറുണ്ടായിരുന്നു…അമ്മയോടും അനിയത്തിയോടും അവൾ സന്തോഷത്തോടെ ചിരിച്ചു സംസാരിക്കുന്നത് കാണുവാൻ തനിക് ഒരുപാട് ഇഷ്ട്ടമായിരുന്നു.
എന്തിനും ഏതിനും താങ്ങായും തണലായും അവൾ കൂടെയുണ്ടായിരുന്നു. ആദ്യമായി കണ്ട അന്നും പിന്നീട് കണ്ടപ്പോഴെല്ലാം പത്മ കറുത്ത വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്….നീ എന്താണ് പത്മ കറുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കുന്നത്…?
ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷം അനുഭവിക്കാൻ ഭാഗ്യമില്ലാത്ത, ജീവിതത്തിലെ വർണങ്ങൾ നഷ്ട്ടപെട്ട, എനിക്ക് കടും നിറങ്ങൾ നിറഞ്ഞ വസ്ത്രങ്ങൾ അണിയാൻ തോന്നാറില്ല സാഗർ…തന്റെ ചോദ്യത്തിന് നിർവികാരതയോടെ അവൾ ഉത്തരം പറഞ്ഞു.
പക്ഷെ ഇപ്പോൾ നീ സന്തോഷം അനുഭവിക്കുന്നില്ലേ പത്മ…? ഇനിയെങ്കിലും നിനക്ക് ഇതൊന്നു മാറ്റിക്കൂടെ…?
മാറ്റാം…പക്ഷെ ഇപ്പോഴല്ല…നമ്മുടെ വിവാഹശേഷം ചുവന്ന മംഗല്യപട്ടണിഞ്ഞു നിന്റെ ജീവിതത്തിലേക്ക് ഞാൻ കടന്നു വന്നതിനു ശേഷം മാത്രം…അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയം അലയടിക്കുന്നത് കാണാമായിരുന്നു.
പക്ഷെ പിന്നീട് എപ്പോഴോ തന്റെ ഫോൺകോളുകൾക്ക് ഉത്തരം കിട്ടാതെയായി. മെസ്സേജ്കൾക്ക് റിപ്ലൈ ഇല്ലാതെയായി. പതിയെ ആ ഫോൺ പോലും ഓഫ് ആയി…
പത്മ…തന്റെ പത്മ, അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. കോളജിലും ഹോസ്റ്റലിലും അവളെ തിരയാൻ ഒരിടവും ബാക്കിയുണ്ടായിരുന്നില്ല. ഊണും ഉറക്കവും നഷ്ട്ടമായ കുറെ മാസങ്ങൾ…
തീരെ നിനച്ചിരിക്കാതെ തനിക്ക് വന്ന ഒരു കാൾ അതാണ് തന്നെ ഈ കാൻസർ വാർഡിലെ എട്ടാം നമ്പർ ബെഡിനു മുൻപിൽ ജീവനറ്റ പോലെ പിടിച്ചിരുത്തിയിരിക്കുന്നത്…
സാഗർ…പത്മ തളർന്ന സ്വരത്തിൽ അവനെ വിളിച്ചു. തന്റെ ചിന്തകളിൽ നിന്നും സാഗർ പിടഞ്ഞെണിറ്റു.
അവൻ ദയനീയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. ചുരുണ്ടു തോളൊപ്പം നിന്നിരുന്ന അവളുടെ മുടികൾ. തന്നെ എന്നും കൊതിപ്പിച്ചിരുന്ന അവളുടെ തുടുത്ത കവിളുകൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
ഒരു സമാധാനത്തിനെന്ന പോലെ അവൻ അവളുടെ കരങ്ങളിൽ ഒന്നുകൂടി ഇറുക്കിപിടിച്ചു. അവളുടെ മഞ്ഞപ്പ് പടർന്ന കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി കൊണ്ട് അവൻ തന്റെ ചോദ്യമാർത്തി ച്ചു…ഞാൻ നിന്നെ വിവാഹം ചെയ്യട്ടെ പത്മ…?
ആ ചോദ്യമവളെ നെഞ്ചിലൊരു ഈർച്ചവാൾ കടന്ന് പോയ പോലെ വേദനിപ്പിച്ചു. ജീവനറ്റ അവളുടെ കണ്ണുകളിൽ കണ്ണ്നീർ പൊടിഞ്ഞു.
നീ എന്തിന് എന്നെ തേടി വന്നു സാഗർ…? എല്ലാം മറന്നു മരണത്തെ പുൽകാൻ മനസ് കൊണ്ട് ഞാൻ ഒരുങ്ങി കഴിഞ്ഞു. ഇനി കേവലമൊരു മാസം. അതിന് അപ്പുറത്തേക്ക് പത്മയും അവളുടെ ഓർമകളും ഈ ഭൂമിയിൽ ഇല്ല…അവൾ തേങ്ങി.
സാഗർ ഒന്നുടെ മുന്നോട്ട് ആഞ്ഞു തന്റെ മാറിലേക്ക് അവളെ ചേർത്ത് പിടിച്ചു. സോറി പത്മ…ജീവൻ നൽകി നിന്നെ ഞാൻ സ്നേഹിച്ചിട്ടും നിന്റെ അവസ്ഥയെ കുറിച്ചറിയാൻ ഞാൻ വൈകിപോയി. മനഃപൂർവമല്ല…ഒരുപാട് തേടി, അവസാനം നിന്റെ സുഹൃത്ത് വഴിയാണ് ഞാനെല്ലാം അറിയുന്നത്. എന്നാലും എങ്ങനെ തോന്നി പത്മ നിനക്ക്…എന്നിൽ നിന്നെല്ലാം മറച്ചു വെയ്ക്കാൻ…? ആരുമറിയാതെ ഇവിടെ ഇങ്ങനെ…അവന്റെ തൊണ്ടയിടറി.
നിറഞ്ഞു വന്ന കണ്ണുകളെ പുറംകയ്യാൽ തുടച്ചു കൊണ്ട് അവൻ അവളോട് ചോദിച്ചു…നിന്റെ ജീവിതത്തിൽ ബാക്കിയുള്ള ഒരു മാസം നിനക്കെന്റെ ഭാര്യയായി ജീവിച്ചുകൂടെ പത്മ…? ഈ ഒരു മാസം എന്നിൽ സന്തോഷം നിറയ്ക്കാൻ നിനക്ക് സാധിക്കില്ലേ പത്മ…?
ഒരായിരം ആഗ്രഹങ്ങളുണ്ട്, കുന്നോളം മോഹങ്ങളുണ്ട്, ഈ ഒരു മാസം അതെല്ലാം നമ്മുക്ക് ഒരുമിച്ചു നിന്ന് സാധിച്ചൂടെ…പേരിനു പോലുമൊരു ചടങ്ങ് വേണ്ട…താലിയോ സിന്ദൂരമോ നീ അണിയേണ്ട…എന്റെ ജീവിതത്തിലേക്ക് എന്റെ ഭാര്യയായി നിനക്ക് വന്നൂടെ പത്മ…നിന്റെ ആഗ്രഹം പോലെ നമുക്കായി ഞാൻ വാങ്ങിയ ആ കൊച്ച് വീട്ടിലേക്ക് നമുക്ക് പോവാം….വരില്ലേ നീ…?
പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് അവൻ ഉറ്റുനോക്കി…
ഇടുക്കിയിലെ തണുപ്പിലേക്ക് കാർ പ്രവേശിച്ചപ്പോൾ സാഗർ പത്മയെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ചു. പത്മം എന്ന ആ കൊച്ച് വീട് മഞ്ഞിൽ പുതഞ്ഞു നിൽക്കുകയായിരുന്നു.
അതിമനോഹരങ്ങളായ റോസാപുഷ്പങ്ങൾ അവിടെ നിറഞ്ഞു നിന്നിരുന്നു. സാഗറിന്റെ കയ്യും പിടിച്ചു ആദ്യമായി അവൾ ആ വീട്ടിലേക്ക് കാലെടുത്തു വെച്ചു…
പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു…സാഗർ അവൾക്ക് വേണ്ടി കടും നിറങ്ങളുള്ള ഒരുപാട് വസ്ത്രങ്ങൾ വാങ്ങി. അവളെ കുളിപ്പിച്ച് പൊട്ടു തൊടിക്കുകയും ഒരുപാട് ചിത്രങ്ങൾ എടുക്കുകയും ചെയ്യ്തു. അവൾക്ക് പ്രിയപ്പെട്ട ചോക്ലേറ്റുകളും പനിനീർ ചാമ്പക്കയ്ക്കളും വാങ്ങി നൽകി.
അവൾക്ക് ഇഷ്ട്ടപെട്ട വെള്ള പനിനീർ പൂക്കൾ ഇറുത്തു കുറ്റിയായ മുടിയിൽ പതിയെ ചൂടിനൽകി. ഒരുപാട് കഥകളും കാര്യങ്ങളും പറഞ്ഞു ഇരുന്നു…
സായാഹ്നങ്ങളിൽ അവനൊപ്പം തേയില തോട്ടങ്ങളിൽ അവളൊരു കുഞ്ഞ്പൂമ്പാറ്റയെ പോലെ പാറി നടന്നു. രാത്രികളിൽ അവനിലേക്ക് ചേർന്ന് ഉറങ്ങി…
ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയാണ് തങ്ങളിപ്പോൾ കടന്നു പോവുന്നതെന്ന് അവർക്ക് തോന്നി. ഡോക്ടർ ആയുസ് പറഞ്ഞ ഒരു മാസത്തിലെ പകുതിയും കഴിഞ്ഞിരിക്കുന്നു.
അവൾ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. അവളിൽ പഴയത് പോലെയല്ലെങ്കിൽ പോലും ഓജസും പ്രസരിപ്പും വന്നിരിക്കുന്നു. തനിക് പ്രിയപ്പെട്ട ആ തുടുത്ത കവിളുകൾ തിരിച്ചു വന്നിരിക്കുന്നു…ദിവസങ്ങൾ കഴിഞ്ഞു പോയി.
ലോകരക്ഷകന്റെ തിരുപ്പിറവി ലോകമെങ്ങും ആഘോഷിക്കുന്ന ആ തണുത്ത ക്രിസ്മസ് രാവിൽ സാഗറിനൊപ്പം ആ കൊച്ച് വീട്ടിൽ അവളും സന്തോഷവതിയായിരുന്നു. സാഗറിന് പ്രിയപ്പെട്ട ഇളം നീല നിശാവസ്ത്രത്തിൽ അവൾ അതിമനോഹരിയായി കാണപ്പെട്ടു.
ബാൽക്കണിയിൽ സാഗറിനൊപ്പം ചേരുന്നിരുന്നു കൊണ്ട് ഇളംചൂടുള്ള സൂപ്പ് അവൾ പതുക്കെ ആസ്വാദിച്ചു കഴിച്ചു.
സാഗർ…അവൾ ഒരു വിങ്ങലോടെ അവനെ വിളിച്ചു.
എന്താ പത്മ…?
എനിക്ക് മരിക്കണ്ട സാഗർ…എനിക്ക് മരിക്കാൻ പേടിയാവുന്നു സാഗർ…ഞാൻ തനിച്ചു…എനിക്ക് പേടിയാണ് സാഗർ…അവളുടെ കണ്ണുകൾ പെയ്യാൻ തുടങ്ങി.
സാഗർ സ്നേഹത്തോടെ അവളുടെ മുഖം തന്റെ കൈകുമ്പിളിൽ കോരിയെടുത്തു. നിറഞ്ഞു തൂവിയ അവളുടെ കണ്ണുകളിൽ അവൻ നേർമയായി ചുംബിച്ചു…
പത്മ നിനക്ക് മരണമില്ല, പത്മ…നീ മരിക്കുന്നില്ല…ഒരു മരണത്തിനും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല പത്മ…ഒരു മരണത്തിനും എന്റെ പക്കൽ നിന്നും നിന്നെ അടർത്തി മാറ്റുവാൻ സാധിക്കില്ല…
ഭ്രാന്ത് പിടിച്ചത് പോലെ സാഗർ തന്റെ മുടിയിഴകളിൽ പിടിച്ചു വലിച്ചു…അവന്റെ ഭാവമാറ്റം അവളിൽ ഭയമുണ്ടാക്കി. അവൾ അവനെ കുലുക്കി വിളിച്ചു..
.സാഗർ നിനക്കെന്ത് പറ്റി…?
ഒന്നുമില്ല പത്മ, നീ സൂപ്പ് കുടിക്കൂ…ഞാൻ നിനക്കായി വൈൻ കൊണ്ട് വരാം…
അവളെ ബാൽക്കണിയിൽ ഇരുത്തി അവൻ അകത്തേക്ക് നടന്നു. തിരിച്ചു വന്ന അവന്റെ കയ്യിൽ പാതി നിറഞ്ഞ രണ്ടു വൈൻ ഗ്ലാസ്സുകൾ ഉണ്ടായിരുന്നു. അത് അവൾക്ക് കൊടുത്ത ശേഷം അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. അവളുടെ കണ്ണുകളിൽ നോക്കി പ്രണയവിവശനായി അവൻ പുലമ്പി…
ഇല്ല പത്മ…ഒരു മരണത്തിനും നമ്മളെ തമ്മിൽ വേർതിരിക്കാൻ സാധിക്കില്ല.
കുടിച്ചു തീർത്ത വൈൻ ഗ്ലാസ്സുകൾ മേശയിൽ ഉപേക്ഷിച്ചു അവർ കിടക്കയിലേക്ക് ചാഞ്ഞു…
പിറ്റേന്ന് അവൾക്ക് വേണ്ടി പനിനീർ പുഷ്പങ്ങൾ ശേഖരിക്കാൻ അവനോ അത് സ്വീകരിക്കാൻ അവളും ഉണ്ടായിരുന്നില്ല…അവിടെ ബെഡ്റൂമിൽ രണ്ടു ശരീരങ്ങളുണ്ടായിരുന്നു തണുത്തുവിറങ്ങലിച്ചു പരസ്പരം പുണർന്നു കാണപ്പെട്ട രണ്ട് ശരീരങ്ങൾ…അവയ്ക്ക് ആത്മാവുണ്ടായിരുന്നില്ല…
ആ ആത്മാക്കൾ അങ്ങ് ദൂരെ ദൂരെ വെൺമേഘകൂട്ടങ്ങൾക്ക് നടുവിലൂടെ സന്തോഷവും സമാധാനവും മാത്രം നിറഞ്ഞു നിൽക്കുന്ന സ്വർഗം തേടി അലയുകയായിരുന്നു…