എന്നെ കാണിക്കാൻ വേണ്ടിയാകും ഭാര്യയുടെ കൈകൾ മുറുകെ പിടിച്ച് ചേർത്ത് നിർത്തുന്നുണ്ടായിരുന്നു ശ്രീയേട്ടൻ…

എഴുത്ത് : ആൻ.എസ്

ഗേറ്റ് കടന്ന് മുറ്റത്തെത്തിയപ്പോഴേ കണ്ടു ചെറുക്കൻ വീട്ടുകാരുടെ കാർ.

എന്റെ വരവും കാത്തിരിക്കുന്നത്. പതുങ്ങി പതുങ്ങി അടുക്കള വാതിൽക്കൽ എത്തിയതും അമ്മ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

“പെട്ടെന്ന് പോയി ഒരുങ്ങിയിട്ട് വാ അമ്മു…ഇനിയിപ്പോ ഡ്രസ്സ് മാറ്റാനൊന്നും നിക്കണ്ട…അവരെത്തിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു”

മുറിയിലെത്തിയതും കട്ടിലിൽ സാരിയും മാലയും പൊട്ടും മുല്ലപ്പൂവും ഒക്കെയുണ്ട്. അമ്മയുടെ മുഖത്ത് തെളിഞ്ഞ അതേ വാട്ടം മുല്ലപ്പൂക്കളിലേക്കും പടർന്നിരിക്കുന്നു.

അമ്മയൊരുക്കിയ ചമയകൂട്ടിൽ വളകൾ മാത്രം ഇല്ലാതിരുന്നത് എന്തേ…അമ്മ ഇത്രമാത്രം എന്നെ ശ്രദ്ധിച്ചിരുന്നോ…?

മുഖം കഴുകി വന്ന് കണ്ണാടിയിൽ നോക്കി ഷോൾ നേരെയാക്കി. നേരത്തെ മുഖത്തുണ്ടായിരുന്ന കുഞ്ഞു പൊട്ട് കൂടി എടുത്തുമാറ്റി. താഴെ വന്നിരിക്കുന്നത് ആരായിരുന്നാലും അമൃതയെ അലങ്കാരങ്ങളില്ലാതെ കണ്ടാൽ മതി…

കെട്ടിഒരുങ്ങൽ ഒഴിവാക്കാൻ വേണ്ടി തന്നെയാണ് രോഗികളുടെ വലിയ തിരക്കൊന്നും ഇല്ലാഞ്ഞിട്ടും ഹോസ്പിറ്റലിൽ നിന്നും വൈകി ഇറങ്ങിയത്.

“ഒരിത്തിരി പൗഡർ എങ്കിലും ഇടായിരുന്നില്ലേ അമ്മു നിനക്ക്…? ഈ കോലത്തിൽ നിന്നെ കണ്ടാൽ ആ കുട്ടി എന്ത് വിചാരിക്കും…?”

ചായയുടെ ട്രേ കയ്യിലെടുക്കാൻ തുനിഞ്ഞ എന്നെ വിലക്കികൊണ്ട് അത് കൈയിൽ എടുത്ത് സ്വല്പം കടുപ്പത്തിൽ തന്നെ ആയിരുന്നു അമ്മയുടെ ചോദ്യം…

മറുപടിയായി ഒരു ചിരി സമ്മാനിച്ച് പലഹാര പ്ലേറ്റുകൾ കൈയ്യിലെടുത്ത് അമ്മയുടെ പിന്നാലെ നടന്നു. ഹോളിലേക്ക് എത്തും തോറും മനസ്സിൽ മരവിപ്പ് വന്നു മൂടി തല കുനിഞ്ഞു പോയി. ഒരുപറ്റം കണ്ണുകൾ എന്നെ തുറിച്ച് നോക്കുന്നതറിഞ്ഞെങ്കിലും മുഖം ഉയർത്തി ചുറ്റും കണ്ണോടിച്ചു നോക്കാൻ മനസ്സനുവദിച്ചില്ല. അതിന്റെ ആവശ്യം എനിക്കില്ലെന്ന് തന്നെ തോന്നി.

പ്ലേറ്റുകൾ ടീപ്പോയിൽ വെച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പരിചിതമായ നിനക്കാത്തൊരു ശബ്ദം എന്നെ തേടിയെത്തി.

“ഈയിരിക്കണ ആളിനെയൊന്ന് നോക്കിയിട്ട് ഇഷ്ടപ്പെട്ടോന്ന് പറയൂ..അമ്മൂട്ടി”

ആയിരം കണ്ണുകളോടെ തിരിഞ്ഞു നോക്കി.

ശ്രീയേട്ടൻ….

ആർദ്രതയോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഏഴ് വർഷങ്ങൾ ആ ചിരിയുടെ മാറ്റ് കുറച്ചു എന്ന് തോന്നി. കണ്ണുകളിലെ തിളക്കം കട്ടിക്കണ്ണട മറച്ചിരിക്കുന്നു. മുഖം മൂടിക്കൊണ്ട് വളർന്ന താടി മാത്രം എനിക്ക് പരിചിതമല്ല. തലയിലും താടിയിലും അങ്ങിങ്ങായി വെള്ളി നിരകൾ…

കാലം മായാജാലം തീർത്ത് സുന്ദരനായ യുവാവിൽ നിന്നും ശ്രീയേട്ടനേ മധ്യവയസ്കനായ പുരുഷനിലേക്ക് മാറ്റിയിരിക്കുന്നു…

തിരിച്ചൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചപ്പോഴേക്കും കണ്ണുകളിൽ ജലഗോളം രൂപപ്പെട്ട് വന്നിരുന്നു. നീണ്ടകാലത്തെ പരിശ്രമത്താൽ മൂടിക്കെട്ടിയതൊക്കെ കാറും കോളും നീക്കി പെയ്തിറങ്ങാൻ പോകുന്നതറിഞ്ഞതിനാൽ അഭയത്തിനായി എന്റെ മുറിയിലേക്ക് ഓടി.

ഡോ:അമൃതയിൽ നിന്നും പഴയ പാവാടക്കാരി അമ്മുവിലേക്ക് വീണ്ടുമൊരു മടക്കം.

പ്ലസ് വൺ ആദ്യ ദിവസം…ക്ലാസ്സ് കഴിഞ്ഞു പുതിയ കൂട്ടുകാരെയും അധ്യാപകരെയും ഒക്കെ പരിചയപ്പെട്ടതിന്റെ വിശേഷം പറയാനായി അമ്മയുടെ മുറിയിലേക്ക് എത്തിയതായിരുന്നു.

പ്ലസ്ടു കെട്ടിടവും ഹൈസ്കൂൾ കെട്ടിടവും ഒരേ ക്യാംപസിൽ തന്നെയാണ്. ഹൈസ്കൂളിലെ ഹെഡ് ടീച്ചർ ചന്ദ്രമതി ടീച്ചർ ആണ് എന്റെ അമ്മ.

സ്കൂൾ വിട്ട് കുട്ടികളും അധ്യാപകരും ഒക്കെ പോയി കഴിഞ്ഞിട്ടും അമ്മയുടെ മുറിയിൽ നിന്നും ഉച്ചത്തിലുള്ള ചിരി കേൾക്കുന്നതിന്റെ ആശ്ചര്യത്തോടെയാണ് റൂമിലേക്ക് ചെന്നത്. അമ്മയ്ക്ക് അഭിമുഖമായി ഇരിക്കുന്ന ചെറുപ്പക്കാരനിലേക്കാണ് നോട്ടം ആദ്യം എത്തിയത്. ഒരു നിമിഷം അയാളെ തന്നെ നോക്കി നിന്നു എന്ന് വേണം പറയാൻ.

“ഇവൾ വളർന്ന് വലിയ പെണ്ണായി പോയല്ലോ ആന്റി…?” ഒരുപാട് പരിചയം ഉള്ളതുപോലെ അയാൾ എന്നെ നോക്കി പറഞ്ഞു.

“നീ ഇവളെ രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ കണ്ടതല്ലേ ശ്രീക്കുട്ടാ…? അതുകൊണ്ട് തോന്നണതാ..”

അമ്മയുടെ മാനസപുത്രൻ ശ്രീക്കുട്ടൻ. പണ്ട് അമ്മ B.E.Dന് പഠിച്ചപ്പോൾ പേയിങ്ങ് ഗസ്റ്റ് ആയി താമസിച്ച വീട്ടിലെ ചെറുക്കൻ ആണിത്. ഊണിലും ഉറക്കത്തിലും അമ്മക്ക് കൂട്ടായിരുന്ന അഞ്ചു വയസ്സുകാരൻ.

ചെറുപ്പം തൊട്ടേ എന്റെ ഏതൊരു കുരുത്തക്കേടിനും അമ്മയ്ക്ക് ഒരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ… “ഹോ…എന്റെ ശ്രീക്കുട്ടൻ എന്തൊരു നല്ല മോൻ ആയിരുന്നു. എനിക്കുണ്ടായത് ഇങ്ങനെ കുരുത്തംകെട്ടത് ആയിപ്പോയല്ലോ…?” ഇതിങ്ങനെ കേട്ട് കേട്ട് ശ്രീക്കുട്ടൻ എന്ന പേരിനോട് തന്നെ എനിക്ക് ഇഷ്ടക്കേട് ആയിരുന്നു.

ഇയാളെ കണ്ടിട്ട് ദേഷ്യത്തിന് പകരം എന്തോ ഒരു ഇഷ്ടം തോന്നുന്നു. എന്തൊരു ഐശ്വര്യം…ചുമ്മാതല്ല അമ്മ ഇങ്ങനെ നാല് നേരവും പുകഴ്ത്തുന്നത്.

“ഇവൾക്ക് കണക്കിന് മാത്രമേ മാർക്ക് കുറവ് ഉള്ളൂ ശ്രീക്കുട്ടാ…നീ തന്നെ ആവും അല്ലേ ക്ലാസെടുക്കാൻ…? മെഡിസിന് നോക്കുമ്പോൾ മാത്സ് അത്ര ശ്രദ്ധിക്കേണ്ട…എങ്കിലും ഇനിയിപ്പോ എനിക്ക് സമാധാനമായി. ക്ലാസിന്ന് മനസ്സിലാകാത്തത് വീട്ടിൽ നിന്നും വേണമെങ്കിൽ പറഞ്ഞു കൊടുക്കാലോ…”

സാർ കൂടി വന്നതോടെ വീട്ടിൽ സന്തോഷം വിരുന്ന് എത്തുകയായിരുന്നു. സാറിന് ഇഷ്ടപ്പെട്ട വിഭവങ്ങളും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലാവും അമ്മ. അച്ഛനാണെങ്കിൽ ഷട്ടിൽ കളിക്കാനും ജോഗിങ്ങ്ന് പോകാനും ഒക്കെ ഒരു ആൺതുണ കിട്ടിയതിന്റെ സന്തോഷം.

പഠിക്കാൻ ഇരിക്കുമ്പോൾ എത്ര വൈകിയാലും എന്തെങ്കിലും ബുക്കോ മാഗസിനോ ഒക്കെയായി സാറും എന്റെ കൂടെ ഇരിക്കും. കണക്കിലെ സംശയങ്ങൾ തീർത്തു തരുന്നതിനിടയ്ക്ക് എന്റെ പുസ്തകത്തിൽ ഒളിപ്പിച്ചുവെക്കുന്ന മയിൽപ്പീലി വരെ സാർ എടുത്തു നോക്കും.

ഇക്കാലമത്രയും പിടിതരാതെ ഇരുന്ന കണക്കിലെ സമവാക്യങ്ങൾ സാറിന്റെ കുറുക്കുവഴികളിലൂടെ ഒരു മായാലോകം പോലെ എന്റെ മുന്നിൽ കീഴടങ്ങി തുടങ്ങി. തമാശകളും കഥകളും ഒക്കെ പറഞ്ഞു അമ്മയുടെ പിന്നാലെ എന്റെ കൂടെ കുറുമ്പു കാട്ടി നടക്കുന്ന ആൾ സ്കൂളിലെത്തിയാൽ പിന്നെ ഗൗരവക്കാരനായ സാർ മാത്രം.

“പരിചയ ഭാവത്തിൽ എന്നെ നോക്കി ചിരിച്ച് എന്റെ വില കളയരുതെ പെണ്ണേ” എന്നൊക്കെ പറയുമെങ്കിലും ക്ലാസിൽ എത്തിയാൽ ആദ്യത്തെ ചോദ്യം എന്നും എന്നോട് തന്നെയായിരിക്കും.

“ശ്രീജിത്ത് സാറിന് നിന്നോട് എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ടല്ലോടീ” എന്ന കൂട്ടുകാരികളുടെ സംസാരം കേൾക്കുമ്പോൾ വല്ലാത്ത ഒരു സുഖം എന്നെ മൂടി തുടങ്ങി.

ഒരുനാൾ ഏട്ടന് ഇഷ്ടപ്പെട്ട ഉണ്ണിയപ്പം അമ്മ ഉണ്ടാക്കുമ്പോൾ ഞാനും സഹായത്തിനെത്തി. സാറിന്റെ കൈ പ്ലേറ്റിലേക്ക് നീണ്ടതും അമ്മയുടെ വാണിംഗ് വന്നു…

“ആ കരിഞ്ഞുപോയത് ഒക്കെ അമ്മുവിന്റെ പരീക്ഷണമാ ശ്രീക്കുട്ടാ…ഞാനുണ്ടാക്കിയ നല്ല നിറം ഉള്ളത് നോക്കി എടുത്തോ…?”

“ആഹാ അമ്മുവിൻറെ വകയാണോ…? എന്നാപ്പിന്നെ കരിഞ്ഞത് തന്നെയേ കഴിക്കുന്നുള്ളൂ…ചത്താലും വേണ്ടില്ല.” ഞാൻ ഒരു വിജയ ഭാവത്തിൽ അമ്മയെ നോക്കി.

“കൊള്ളാം ട്ടോ അമ്മൂട്ടി…ഇനിയും പരീക്ഷണങ്ങൾ മുറക്ക് നടക്കട്ടെ…എല്ലാം ഞാൻ തിന്നു തീർത്തോളാം” ആദ്യത്തെ അംഗീകാരം.

പിന്നെ അമ്മയുടെ കൂടെ കൂടി ഓരോന്ന് പഠിച്ചെടുക്കന്ന തിരക്കായിരുന്നു. ചൂടോടെ ആസ്വദിച്ച് സാറത് കഴിക്കുന്നത് കാണാൻ വേണ്ടി മാത്രം.

അന്നത്തെ പരീക്ഷ കണക്കിൻറെത് ആയിരുന്നു. നല്ലതുപോലെ എഴുതി പുറത്തിറങ്ങി കൂട്ടുകാരോട് സംസാരിക്കുന്നതിന് ഇടയ്ക്ക് വിളിവന്നു. അടുത്തെത്തി നോക്കിയപ്പോൾ കയ്യിൽ എന്റെ ആൻസർ പേപ്പറും ഉണ്ടായിരുന്നു. ചെവിയിൽ പിടിത്തം വീണപ്പോഴാണ് കണ്ടത് 5 മാർക്കിന്റെ ഒരു ചോദ്യത്തിന് ഉത്തരം അശ്രദ്ധയിൽ തെറ്റിച്ചിരിക്കുന്നു.

“എന്താലോചിച്ച കഴുതേ ഇത് എഴുതി വെച്ചിരിക്കുന്നത്…?”

“ശ്രീയേട്ടാ സോറി…അറിയാതെ തെറ്റിപ്പോയി…നിക്ക് ചെവി വേദനിക്കുന്നു..” എന്നും പറഞ്ഞു സാറിന്റെ കയ്യിൽ പിടിച്ച് കഴിഞ്ഞതുമാണ് ചുറ്റും അത്ഭുതത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്ന കുട്ടികളെ രണ്ടാളും ശ്രദ്ധിച്ചത്.

സാറിന്റെ മുഖത്ത് ജാള്യത നിറയുന്നത് കണ്ടു. “സോറി അമൃതാ” എന്നും പറഞ്ഞു സാറ് സ്റ്റാഫ് റൂമിലേക്ക് പോയെങ്കിലും കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് കഴിഞ്ഞപ്പോഴേക്കും എന്റെ മുഖം നാണം കൊണ്ട് കുനിഞ്ഞു പോയിരുന്നു.

ക്ലാസടച്ച് സാർ നാട്ടിലേക്ക് പോയ ഒരു മാസത്തെ അവധിക്കാലം എങ്ങനെ കഴിച്ചുകൂട്ടി എന്ന് പറഞ്ഞറിയിക്കാൻ വയ്യ. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വരുന്ന സാറിന്റെ ഫോൺ കോളിന് എന്നോടൊപ്പം ഞങ്ങളുടെ വീടും കാത്തിരിക്കുമായിരുന്നു.

ഒന്ന് കാണാതെ..ശബ്ദം കേൾക്കാതെ..ചുറ്റം ശൂന്യത മാത്രം…സ്കൂൾ തുറക്കുന്നതിന് തലേദിവസം രാവിലെ അമ്പലത്തിൽ പോയി ദേവിയോട് എന്റെ മനസ്സിൽ തോന്നിയ ശ്രീയേട്ടനെന്ന മോഹം സാധിച്ചു തരണമെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.

അച്ഛനുമമ്മയും ജോലിക്ക് പോയിരുന്നു. കൊന്നപൂവിന്റെ നിറമുള്ള പട്ടുപാവാടയും കൈനിറയെ കുപ്പിവളകളും ചരടിൽ കോർത്തെടുത്ത മുല്ലപ്പൂക്കളും ചൂടി സുന്ദരിയായി ശ്രീയേട്ടന്റെ വരവിനായി ഒരുങ്ങി നിന്നു.

മുറ്റത്ത് വന്ന് നിന്ന ഓട്ടോയുടെ ശബ്ദം കേട്ടതും കാലുകൾക്ക് ചിറകുമുളച്ചതുപോലെ ആയിരുന്നു. സാർ എന്നെ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത് കണ്ടു.

“അമ്മൂട്ടി എവിടെയെങ്കിലും പോകാൻ ഒരുങ്ങി നിൽക്കുകയാണോ…?”

“അല്ല, ഞാൻ ശ്രീയേട്ടനേ കാത്തിരുന്നതാണ്. എനിക്ക് ഏട്ടനെ കാണാതിരിക്കാൻ പറ്റുന്നില്ല. ഒരിക്കലും ഇതുപോലെന്നെ ഒറ്റയ്ക്കാക്കി പോകല്ലേ..ഇഷ്ടമാണ്..ഒരുപാട് ഇഷ്ടമാണ് എനിക്ക്…”

അതും പറഞ്ഞ് എന്തോ ഒരാവേശത്തിൽ ഞാൻ കെട്ടിപ്പിടിച്ചതും സാർ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി. പിന്നീട് ഒരു പൊട്ടിത്തെറി ആയിരുന്നു…

“എന്താ കുട്ടി ഇത്…? ഇങ്ങനെയാണോ നീയെന്നെ കരുതിയിരിക്കുന്നത്…? ഒന്ന് ചിരിച്ചാൽ അടുത്തിടപഴകിയാൽ അതൊക്കെ ഇഷ്ടമാകുമോ…? ബന്ധം, സ്ഥാനം, പ്രായം, യോഗ്യത എന്തെങ്കിലും ഒന്ന് ആലോചിച്ചു കൂടെ…? നിന്നെ പഠിപ്പിച്ച് ഡോക്ടർ ആക്കി കാണാൻ കൊതിക്കുന്ന ഒരമ്മയുണ്ട് നിനക്ക്…ഒന്നും വേണ്ട…എനിക്കും കാണില്ലേ എന്റേതായ ഇഷ്ടങ്ങൾ…? ഇത്രയും വൃത്തികെട്ടൊരു മനസ്സുള്ള നിന്നെ എന്റെ മുന്നിൽ ഇനി കണ്ടു പോയേക്കരുത്…നാശം…മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്…”

ദേഷ്യത്തിൽ എന്റെ കൈ പിടിച്ച് തിരിച്ചു. കൈയിലെ വളകൾ പൊട്ടിച്ചിതറി വളപൊട്ടുകൾ നിലത്ത് പൂക്കളം തീർത്തു. ഇത്രയും വെറുപ്പിന്റെ ആവശ്യം ഉണ്ടായിരുന്നോ…? തലയിണയിൽ നീർത്തുള്ളികൾ പെരുമഴ തീർക്കുമ്പോൾ കൈത്തണ്ടയിൽ സാറിന്റെ വിരലടയാളവും വളപ്പൊട്ടുകൾ കത്തിക്കയറിയ മുറിപ്പാടും ഉപ്പു രസത്തിൽ നീറി തുടങ്ങിയിരുന്നു.

അന്നേ ദിവസം തലവേദന എന്ന് പറഞ്ഞു മുറിയിൽനിന്നും പുറത്തിറങ്ങിയില്ല. പൊട്ടബുദ്ധിയിൽ തോന്നിയ എന്റെ ഇഷ്ടം സാറിനെ ഒത്തിരി വേദനിപ്പിച്ചു കാണും. മാപ്പ് പറയാൻ ആണെങ്കിൽ കൂടി സാറിനെ അഭിമുഖീകരിക്കുന്ന കാര്യം ഓർക്കാൻ പോലും പറ്റുന്നില്ല.

മനസ്സിന്റെ വിങ്ങൽ ദേഹം ഏറ്റെടുത്തത് കൊണ്ടാകാം പനിച്ചു വിറച്ചു അബോധാവസ്ഥയിലായിരുന്നു രണ്ട് ദിവസത്തേക്ക്. പനിച്ചൂടിനിടയിലും ഇടയ്ക്കെപ്പോഴോ സാറിന്റെ കൈകളെന്റെ നെറ്റിത്തടം തഴുകുന്നത് പോലെയും കൈകളിലെ മുറിപ്പാടുകളിൽ ചുണ്ട് ചേർക്കുന്നതായും തോന്നിയത് ആശ്വാസമായി.

തലയൊന്നു പൊക്കാമെന്നായപ്പോൾ സാറിന്റെ ശബ്ദം ഒന്നും കേൾക്കാത്തത് എന്താണെന്ന് ചോദിച്ചപ്പോഴാണ് വിശേഷം അറിഞ്ഞത്. സാർ ഇന്നലെ നാട്ടിലേക്ക് തിരിച്ചു പോയിരിക്കുന്നു. ബന്ധത്തിലുള്ള ഏതോ പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കാൻ. അടുത്ത മാസം തന്നെ വിവാഹവും കാണും…അത് കഴിഞ്ഞിട്ടേ സാർ ഇങ്ങോട്ടേക്ക് ഉള്ളൂ…

സാറിന്റെ സാമീപ്യമുള്ളതായി തോന്നിയതൊക്കെ എന്റെ വെറും പാഴ്സ്വപ്നമായിരുന്നു. ഇടയ്ക്കൊരു ദിവസം ട്യൂഷൻ കഴിഞ്ഞു വന്നപ്പോൾ അമ്മ എനിക്ക് ഒരു പൊതി നീട്ടി….

“ശ്രീക്കുട്ടൻ കല്യാണത്തിന് നിനക്കുവേണ്ടി വാങ്ങിച്ചതാ…”

തുറന്നു നോക്കിയപ്പോൾ ചുവപ്പ് നിറത്തിലുള്ള പുത്തൻ ദാവണി. മോഹിച്ച പുരുഷന്റെ ആദ്യസമ്മാനമണിഞ്ഞ് അയാൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത് നോക്കികാണേണ്ടി വരിക. അതിലും വേദന തോന്നിയത് ഒരിക്കൽ പോലും ശ്രീയേട്ടൻ മുഖമുയർത്തി എന്നെയൊന്ന് നോക്കാതെ ഇരുന്നതിലാണ്.

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഫോട്ടോയെടുക്കാൻ ചെന്നപ്പോൾ എന്നെ കാണിക്കാൻ വേണ്ടിയാകും ഭാര്യയുടെ കൈകൾ മുറുകെ പിടിച്ച് ചേർത്ത് നിർത്തുന്നുണ്ടായിരുന്നു ശ്രീയേട്ടൻ…

ഫോട്ടോയ്ക്കായി മുഖത്ത് ചിരി പരത്താൻ ശ്രമിക്കുമ്പോൾ എന്റെ ഒഴിഞ്ഞ കൈകളിലെ വളപ്പൊട്ടുകൾ തീർത്ത മുറിപ്പാടുകൾ വീണ്ടും വേദനിച്ച് രക്തം ചീറ്റി തുടങ്ങിയിരുന്നു…പാൽപ്പായസത്തിനും ചവർപ്പ് ഉണ്ടെന്നു തോന്നിയ കല്യാണസദ്യ…

അന്നത്തെ ഉറക്കമില്ലാത്ത രാത്രിയിൽ പുതിയ അമ്മുവിനെ വാർത്തെടുക്കാൻ മനസ്സിനെ പാകപെടുത്തുകയായിരുന്നു ഞാൻ. നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ച് സാർ പിന്നീട് സ്കൂളിലേക്ക് വരാതിരുന്നത് വേദനകൾക്കിടയിലും ആശ്വാസമായി…

വർഷങ്ങൾ കടന്നു പോയിട്ടും അമ്മുവിന് ഒന്നും മറക്കാനായിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ ഇങ്ങനെയൊരു കൂടികാഴ്ച്ച വേണ്ടിയിരുന്നില്ല…

വാതിലിൽ ഒരു മുട്ട് കേട്ടപ്പോഴാണ് കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കിയത്. മെഡിക്കൽ കോളേജിലെ സീനിയർ ആയിരുന്ന ഗോവിന്ദ്…നല്ലൊരു സുഹൃത്തായി പല സന്ദർഭങ്ങളിലായി എന്നെ സഹായിച്ച ചെറുപ്പക്കാരൻ…

“കോളേജിൽ വെച്ചേ താൻ എന്റെ മുഖത്ത് ശരിക്കും നോക്കാറില്ല. പോട്ടെന്നു വെക്കാം…പെണ്ണുകാണാൻ തന്റെ വീട്ടിൽ വന്നാലെങ്കിലും എന്നെ മൈൻഡ് ചെയ്തൂടെ ടോ…”

“ഡോക്ടർ ആയിരുന്നോ താഴെ…സോറി…ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചില്ല”

“ഈ ചടങ്ങിന്റെ ജാള്യത എനിക്കും ഉണ്ടെടോ…എങ്കിലും കാര്യങ്ങളൊക്കെ വളച്ചുകെട്ടില്ലാതെ പറഞ്ഞേക്കാം. കോളേജിൽ വച്ച് തന്നെ ശ്രദ്ധിച്ചു തുടങ്ങിയതാ ഞാൻ. ഉള്ളിലെ ഇഷ്ടം കൂടി വന്നപ്പോൾ ആദ്യം പോയി പറഞ്ഞത് ശ്രീയേട്ടനോടാണ്. ജൂനിയറായി പഠിക്കുന്ന ഒരു കുട്ടിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയെന്ന്…”

“തന്റെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോഴാണ് ഏട്ടന് പരിചയമുള്ള കുട്ടിയാണെന്നറിയുന്നത്…വീട്ടിലിരിക്കുന്ന കല്യാണ ആൽബത്തിൽ തന്റെ ഫോട്ടോ വരെ എടുത്ത് കാണിച്ചു തന്നു ഏട്ടൻ. തന്റെ പിറകെ നടന്ന് പഠനത്തിൽ ശല്യപ്പെടുത്താതെ ഇരുന്നാൽ രണ്ടുപേരും സെറ്റിൽഡ് ആവുമ്പോൾ വീട്ടുകാരോട് പറഞ്ഞു വിവാഹം നടത്തി തരാമെന്ന് പറഞ്ഞു. അതുകൊണ്ടു ഇത്രനാളും തന്നോട് നേരിട്ട് വന്നു ഇഷ്ടം പറഞ്ഞില്ല…”

“ആരെങ്കിലും എനിക്ക് മുന്നേ കേറി ഗോൾ അടിക്കുമോ എന്ന് പേടിയുണ്ടായിരുന്നു…തന്റെ കാര്യത്തിൽ അങ്ങനെയൊരു സാധ്യതയെ ഉണ്ടാകില്ലെന്ന് ശ്രീയേട്ടൻ ആണ് ഉറപ്പു തന്നത്. തന്റെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ ചോദിച്ചു ഏട്ടനെ ഒത്തിരി ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഞാൻ”

“ശ്രീയേട്ടനേ എങ്ങനെ അറിയാം…?” ഒരു പതർച്ചയോടെ ചോദിച്ചു.

“എന്റെ ചേച്ചി ഗായത്രിയുടെ ഭർത്താവാണ് ശ്രീയേട്ടൻ…അതിലേറെ എന്റെ ഏറ്റവും നല്ല സുഹൃത്തും…എന്നെക്കുറിച്ച് എന്ത് അറിയണം എങ്കിലും ആളോട് ചോദിച്ചാൽ മതി. നിങ്ങൾ പണ്ടുതൊട്ടേ അറിയാവുന്നവർ അല്ലേ…ഞാൻ അത്ര മോശക്കാരൻ ആയിരുന്നെങ്കിൽ ഏട്ടൻ ഒരിക്കലും ഈ ആലോചനയുമായി ഇങ്ങോട്ട് വരില്ലല്ലോ…?”

“ഇനി പറ…സമ്മതമാണോ നല്ല പാതിയായി എന്റെ ജീവിതത്തിലേക്ക് വരാൻ…ഈ നെഞ്ചിൽ കൊണ്ട് നടന്നോളാം ഞാൻ..”

എന്നിൽ നിന്നും വാക്കുകൾ ഒന്നും പുറത്തേക്ക് വരാത്തതു കൊണ്ടായിരിക്കാം, വീണ്ടും ചോദ്യം എത്തി.

“എങ്കിൽ പിന്നെ ഈ മൗനം സമ്മതമായി കണക്കുകൂട്ടട്ടെ…അങ്കിളിനും ആൻറിക്കും എന്റെ വീട്ടുകാർക്കും എല്ലാവർക്കും ഈ ബന്ധത്തിന് താല്പര്യം ആണ്. എല്ലാരും തന്റെ മറുപടിക്കായി മാത്രം കാത്തിരിക്കുകയാണ്. ഞാൻ താഴേക്ക് ചെല്ലട്ടെ…”

പൊക്കോളൂ എന്നർത്ഥത്തിൽ തലയാട്ടി. “താങ്ക്സ് അമ്മു…നോ പറയാതിരുന്നതിൽ…പോയിട്ട് വരട്ടെ…”

***********************

കൈനിറയെ വളകളണിയിച്ച് മുല്ലപ്പൂ ചൂടിച്ച് രാജകുമാരിയെപ്പോലെ എന്നെ അണിയിച്ചൊരുക്കുമ്പോൾ അമ്മയുടെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷകണ്ണീരിൽ ഞാനെൻറെ സായൂജ്യം കണ്ടെത്തി.

താലിക്കായി കഴുത്ത് നീട്ടുമ്പോൾ ഓരോ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്ന ശ്രീയേട്ടനോടുള്ള ദേഷ്യം മാത്രമായിരുന്നു എന്നിലെ വികാരം. എത്ര നിസ്സാരമാണ് എന്റെ ഹൃദയത്തെയും വികാരങ്ങളെയും ഇയാൾ ചവിട്ടി മെതിക്കുന്നത്…

ആദ്യരാത്രിയിൽ ഗായത്രി ചേച്ചിയോടൊപ്പം കോണിപ്പടി കയറി മുറിയിലേക്ക് എത്തിയതും ഗോവിന്ദുമായി ചിരിച്ച് സംസാരിച്ച് സാറും നിൽപ്പുണ്ടായിരുന്നു.

“എന്തൊരു തെളിച്ചമാ എന്റെ അനിയന്റെ മുഖത്തിനിന്ന് എന്നൊന്ന് നോക്കിക്കേ ശ്രീയേട്ടാ…അല്ലെങ്കിലും പ്രണയിച്ച ആളെ സ്വന്തമാക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ..മുജ്ജന്മ സുകൃതം..”

ചേച്ചിയുടെ വാക്കുകൾ ഒരു കൊള്ളിയാൻ പോലെ എന്റെ ഉള്ളിൽ വിഷാദം നിറച്ചു. സാറിന്റെ മുഖത്തും ഒരു മാത്ര ചിരി മാഞ്ഞുവോ…?

“ഇവൻ ഇവിടുന്ന് ഓടിക്കുന്നതിനു മുൻപേ നമുക്ക് തടി എടുത്തേക്കാം ഗായു..”

സാർ ചേച്ചിയുടെ അടുത്ത് വന്ന് കൈകളിൽ പിടുത്തമിട്ടതും ചേച്ചി കയ്യിലിരുന്ന പാൽ ഗ്ലാസ് എന്റെ നേരെ നീട്ടി. കൈനീട്ടി അത് വാങ്ങിക്കുമ്പോൾ എന്റെ നോട്ടം എത്തിയത് ചേച്ചിയുടെ കൈവിരലിലെ സാറിന്റെ പേര് കൊത്തിയ മോതിരത്തിലേക്ക് ആയിരുന്നു. അവർ പോയിട്ടും മനസ്സിൽ ചേച്ചിയുടെ മുഖം നിറഞ്ഞു നിന്നു. സാറിന്റെ സ്നേഹത്തിന്റെ ഒരേയൊരു അവകാശി…

“അവരുടേത് പ്രേമ വിവാഹമായിരുന്നോ?”

മണിയറയിലേക്ക് എത്തുന്ന വധുവിന്റെ നാണം ഒക്കെ മറന്നു ഉള്ളിൽ തികട്ടി വന്ന ചോദ്യം പുറത്തേക്ക് വന്നു.

“ആയിരുന്നു…”

ആദ്യമായിട്ട് എന്റെ ഭാര്യ എന്നോട് ഒരുകാര്യം ചോദിച്ചതല്ലേ…? ആരോടും ഒരിക്കലും പറയില്ലെന്ന് ശ്രീ ഏട്ടന് ഞാൻ കൊടുത്ത വാക്ക് തന്റെ മുന്നിൽ തെറ്റിക്കുന്നു. അല്ലെങ്കിലും നമ്മൾക്കിടയിൽ രഹസ്യത്തിൻറെ മറകൾ ഒന്നും ഉണ്ടാകാൻ പാടില്ലല്ലോ…? വാ..ഇവിടെ ഇരിക്ക്..പറഞ്ഞുതരാം…

കട്ടിലിന്റെ ഭിത്തിയോട് ചേർന്നിരുന്നു ഗോവിന്ദിൻ്റെ അരികിലായി എന്നെ കൈ പിടിച്ചിരുത്തി.

“ചേച്ചിയുടെ ചെറുപ്പം തൊട്ടേ ഉള്ള പ്രണയമായിരുന്നു ശ്രീയേട്ടൻ. ആദ്യമായി ഒരു കല്യാണാലോചന വന്ന ദിവസമാണ് ചേച്ചി അത് പുറത്തു പറയുന്നത്. എല്ലാവരും ഒത്തിരി നിർബന്ധിച്ചിട്ടും ശ്രീയേട്ടൻ അന്ന് സമ്മതം പറഞ്ഞില്ല.”

“അവധി കഴിഞ്ഞു ശ്രീയേട്ടൻ ജോലിക്കായി നാട്ടിലേക്ക് പോയപ്പോൾ ചേച്ചി കയ്യിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ നോക്കി. അടുത്തദിവസം ഏട്ടൻ വന്നു വിവാഹത്തിന് സമ്മതം അറിയിച്ചു…”

“തന്നോട് പ്രേമം തോന്നിത്തുടങ്ങിയ ആദ്യനാളുകളിൽ തന്റെ ഇതേ ചോദ്യം ഏട്ടനോട് ഞാനും ആവർത്തിച്ചിരുന്നു…അന്നാദ്യമായി ഏട്ടൻ പ്രണയത്തെക്കുറിച്ച് പറഞ്ഞു….ഏട്ടന്റെ പ്രണയം…”

“അത് മറ്റൊരു പെൺകുട്ടിയായിരുന്നു…തന്റെ നാട്ടിൽ എവിടെയോ ഉള്ള…കൈനിറയെ കുപ്പിവളകൾ അണിയുന്ന…മയിൽപ്പീലി ഇഷ്ടപ്പെട്ടിരുന്ന ഒരു പാവാടക്കാരി വായാടി പെണ്ണ്…ആ കുട്ടിയുടെ ഓർമ്മയ്ക്കായി അതിന്റെ പുസ്തകത്തിൽ നിന്നും എടുത്ത മയിൽപ്പീലിയും കുറച്ച് വളപ്പൊട്ടുകളും ഇപ്പോഴും ഏട്ടൻ സൂക്ഷിച്ചിട്ടുണ്ട്. ആ കുട്ടിക്കും ഏട്ടനെ ഇഷ്ടമായിരുന്നു എന്നതാണ് സങ്കടം. ഒരുപക്ഷേ എന്റെ ചേച്ചി അവർക്കിടയിൽ വന്നില്ലായിരുന്നെങ്കിൽ… “

“ഇത് ചേച്ചിക്ക് അറിയാമോ…?”

“നല്ല കഥയായി…കാലമിത്രയായിട്ടും ശ്രീയെട്ടനെ ഒരു പെണ്ണ് നോക്കുന്നത് പോലും ചേച്ചിക്ക് സഹിക്കില്ല…എന്നിട്ടല്ലേ പ്രേമത്തിന്റെ കാര്യം…ഏട്ടൻ എന്നുവെച്ചാൽ ഒരുതരം ഭ്രാന്താണവൾക്ക്…ഒരിക്കൽ ഏട്ടനോട് ഞാൻ ചോദിച്ചിട്ടുണ്ട് വെറുപ്പ് തോന്നിയിട്ടില്ലേ എന്റെ ചേച്ചിയോട് എന്ന്…?”

“ആദ്യമൊക്കെ തോന്നിയിരുന്നു. എങ്കിലും സ്വയം വേദനിക്കുകയല്ലാതെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാൻ വേദനിപ്പിച്ചിട്ടില്ല. ചിന്തിച്ചു നോക്കിയപ്പോൾ ഒരാളെ സ്നേഹിക്കുന്നത് ഒരു കുറ്റമല്ലല്ലോ…? നിന്റെ ചേച്ചിയെ സ്നേഹിക്കാനേ ഈ നിമിഷം എനിക്കറിയാവൂ….പിന്നെ എന്റെ പ്രണയം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല. എനിക്കത് കൈയെത്തി പിടിക്കാനാവില്ല എങ്കിലും എൻറെ ഉള്ളിൽ അതെന്നും ഭദ്രമാണ്….ആത്മാർത്ഥമായി നമ്മൾ ഒന്നിനെ ആഗ്രഹിച്ചാൽ അത് നമ്മളിലേക്ക് എത്തിച്ചേരും എന്ന് കേട്ടിട്ടില്ലേ…? എന്റെ കാര്യത്തിൽ അതിന് ഇനിയും ജന്മങ്ങൾ എടുക്കും എന്ന് മാത്രം…ഈ ജന്മം എന്നെ സ്നേഹിച്ചവൾക്ക് ഇരിക്കട്ടെ…”

ഉള്ളിൽ ഒരു സന്തോഷത്തിര അലയടിച്ചു. ശ്രീ ഏട്ടൻറെ പ്രണയം…അത് എന്നോടായിരുന്നു…നോട്ടത്തിലൂടെയും ചിരിയിലൂടെയും പറയാതെ തന്നെ ഞാനറിഞ്ഞ സ്നേഹം സത്യമായിരുന്നു…ഉന്മാദാവസ്ഥയിൽ ആയിരുന്ന മനസ്സ് പട്ടം പോലെ പാറി നടന്നു.

പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന ഗോവിന്ദിനെ ഉറക്കം തഴുകിയിട്ടും ഞാനെന്റെ പ്രണയസാഫല്യത്തിന്റെ ആദ്യ രാത്രിയുടെ മാധുര്യം നുണഞ്ഞു കൊണ്ടിരുന്നു.

രാവിലെ കുളിച്ചു വന്ന് കണ്ണാടിയിൽ നോക്കി. സിന്ദൂര രേഖയിലെ കുങ്കുമചുമപ്പ് പൂർണമായും മാഞ്ഞിട്ടില്ല. അറിയാതെ നോട്ടം ഗോവിന്ദിലേക്ക് എത്തി. ഞാൻ കിടന്ന വശത്തേക്ക് ചെരിഞ്ഞ് എന്റെ തലയിണയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നു. അടുക്കളയിൽ ചെന്നപ്പോൾ അമ്മ ദോശ ചുട്ടെടുക്കുന്നു…

“ഇത്തിരി കൂടി ഉറങ്ങായിരുന്നില്ലേ മോളെ…?” വാത്സല്യം നിറഞ്ഞ ചോദ്യം…

“അമ്മേ….ചായ” ശ്രീയേട്ടന്റെ ശബ്ദം.

“ശ്രീക്കുട്ടന് കാലത്തു തന്നെ ചായ കിട്ടണം. ഗായുവിനാണെങ്കിൽ ഉറക്കം തികഞ്ഞൊട്ട് കണ്ടിട്ടുമില്ല”

“അതിനെന്തിനാ അമ്മേ, ഗായു ചേച്ചി…ഞാൻ ഇടാം ചായ….ശ്രീയേട്ടന്റെ പാകം എനിക്കറിയാം”

വല്ലാത്തൊരുത്സാഹത്തിൽ ശ്രീയേട്ടനിഷ്ടപ്പെട്ട രീതിയിൽ ഏലയ്ക്കാപ്പൊടി ചേർത്ത് കടുപ്പത്തിലുള്ള ചായ ഇട്ടു. രണ്ടു കപ്പുകളിലേക്ക് പകർന്നു. അമ്മയ്ക്കൊരു പുഞ്ചിരി സമ്മാനിച്ച് ചായ കപ്പുമായി ഹോളിലേക്ക് എത്തി.

ശ്രീയേട്ടൻ വരാന്തയിലിരുന്ന് പത്രം വായിക്കുകയാണ്. നേരെ ചേച്ചിയുടെ റൂമിലേക്ക് ചെന്നു. ആള് നല്ല ഉറക്കത്തിലാണ്. രണ്ടാമത്തെ വിളിയിൽ കണ്ണുതുറന്നു എന്നെ നോക്കി.

“ദേ ചൂട് ചായ…അതും ഏലക്ക ഇട്ടത്..ചേച്ചിയുടെ കൈ കൊണ്ട് തന്നെ ശ്രീയേട്ടന് കൊടുത്തേക്ക്..”

“നേരത്തെ എഴുന്നേറ്റ് ചായ ഇട്ടോ? എന്നാ പിന്നെ നിനക്ക് അതങ്ങ് കൊടുത്താൽ പോരായിരുന്നോ അമ്മൂ”

“അയ്യടാ മതി ഉറങ്ങിയത്…സ്വന്തം ഭാര്യയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ..അതിനി ഞാൻ പറഞ്ഞു തന്നിട്ട് വേണോ ചേച്ചിക്ക്?”

ചേച്ചിയുടെ മുഖത്ത് വിരിഞ്ഞ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയിൽ എനിക്ക് ആദ്യമായി സന്തോഷം തോന്നി. മറു കയ്യിലെ ചായക്കപ്പ് എടുത്തു കോണി കയറുമ്പോൾ ഗോവിന്ദിന് എന്നോടുള്ള സ്നേഹം പതിന്മടങ്ങായി തിരിച്ചുകൊടുക്കാൻ എന്റെ മനസ്സും ശരീരവും പാകപ്പെട്ടിരുന്നു…

ശ്രീയേട്ടനെ ഇന്നെനിക്ക് മനസ്സിലാകും..ഈ ജന്മം ഞങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിച്ചു മരിക്കണം…പ്രണയസാഫല്യത്തിന്റെ മയിൽപീലിതുണ്ടുകളായി പുനർജനിക്കും വരെ കാത്തിരിക്കാം….