ഇച്ചിരി വർഷങ്ങൾക്ക് മുമ്പ്, അതായത് ഫേസ്ബുക്കും വാട്ട്സ് ആപ്പും വരുന്നതിന് മുൻപ്…ഓർക്കൂട്ട് പിച്ച വച്ച്…വാക്കി ടാക്കി പോലത്തെ കുറ്റി മൊബൈൽ മാറി നോക്കിയ 1600 നാട്ടിലെ താരം ആകണ കാലത്തെ…ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴത്തെ കഥയാണ്…
മ്മടെ അയൽവാസിയും, ക്ലാസ്മേറ്റും, പോരാത്തതിന് കട്ട ചങ്കും ആണ് കഥ നായകൻ. ക്ലാസ്മേറ്റ് ആണെങ്കിലും എന്നെക്കാൾ 2 ഓണം ആള് കൂടുതൽ ഉണ്ടിട്ടുണ്ട്. അതായത് മ്മടെ സ്വന്തം ചേട്ടായിയുടെ അതേ പ്രായക്കാരൻ…
ചേട്ടായിയെയും മ്മടെ നായകനെയും ഒരുമിച്ചാണ് ഞങ്ങൾ കാർന്നോന്മാർ എല്ലാവരും കൂടി സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയത്. അഡ്മിഷന് പ്രിൻസിപ്പാളിൻറെ മുറിയിലേക്ക് ആളെ ഒന്ന് പിടിച്ചു കയറാൻ മ്മടെ അച്ഛനും കക്ഷിയുടെ ബാപ്പയും ഓണാഘോഷത്തിന് നടത്തണ കമ്പവലി മത്സരത്തെകാൾ വലിയ പിടിവലി ആയിരുന്നു. എങ്ങനെയോ ഒക്കെ ആളെ ഒരു കസേരയിൽ പിടിച്ചിരുത്തി.
“What is your good name…?” മ്മടെ ആട് തോമയുടെ ചാക്കോ മാഷിന്റെ കോലത്തിൽ ഉള്ള പ്രിൻസി ചോദിച്ചെയുള്ളു…ആളു പിന്നെയും കീറാൻ തുടങ്ങി. വല്ല കട്ടുറുമ്പും കടിച്ച മാതിരി. പാവം പ്രിൻസി…പേടിച്ച് പണ്ടാരമടങ്ങിപോയി…മ്മടെ ചേട്ടായിയോട് മാത്രമല്ല, അന്ന് അഡ്മിഷന് വന്ന ആരോടും അങ്ങേര് പിന്നെ പേരും ഊരും ഒന്നും ചോദിക്കാൻ നിന്നില്ല. എല്ലാവർക്കും ഓപ്പൺ അഡ്മിഷൻ…
വയസ്സ് മൂന്ന് ആവാറായിട്ടും ഡയപ്പറും ഇട്ടു നടക്കണ എനിക്ക് ഇതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മ എങ്ങനെയാണെന്നു വച്ചാൽ, അന്നാണ് കൊളംബസ് അമേരിക്ക കണ്ടു പിടിച്ചത് പോലെ ഞാൻ ഒരു അഡാറ് സാധനം കണ്ടുപിടിച്ചത്…
മ്മടെ നായകൻറെ കരച്ചിൽ മാറ്റാൻ ഞങ്ങളെ സ്കൂളിന്റെ തൊട്ട് മുന്നിലുള്ള ആളുടെ ബാപ്പാന്റെ തന്നെ ബേക്കറി കം കൂൾബാർലേക്കാണ് കൊണ്ടുപോയത്. അന്നും ഇന്നും എന്നും പിള്ളേരുടെ കരച്ചിലിന് ഏത് വൈദ്യശാസ്ത്രത്തിനും ഒറ്റ മരുന്നേ ഉള്ളൂ…ഐസ്ക്രീം…ബേക്കറി മുതലാളിക്ക് തന്നെ ആയതിനാൽ വലിയ കോണിൽ കൊണ്ടുവന്നു പച്ചയും, പിങ്കും, വെള്ളയും, ബ്രൗണും ഒക്കെ ചേർന്ന ലാർജ് സ്കൂപ്പുകളുള്ള ഭീമൻ ഐസ്‌ക്രീം…അതും ബാസ്കിൻ റോബിൻസ്…
ആദ്യ സ്പൂൺ വായില് കോരി തന്നതും ഞാൻ അച്ഛനെ കനപ്പിച്ച് ഒന്ന് നോക്കി. വലിയ ബാങ്ക് മാനേജർ ആണത്രേ…ഐസ്ക്രീം എന്നും പറഞ്ഞു സോപ്പ് പതയിൽ മധുരം ഇട്ട് ഒരു കുഞ്ഞിക്കപ്പിലോ ബൗളിലോ…അല്ലേൽ വടിയിൽ ഐസ് വെച്ച് ഒന്ന് നക്കുമ്പോഴേക്കും വടി മാത്രം കയ്യിൽ കിടക്കുന്നതൊക്കെ അഞ്ചോ പത്തോ രൂപയ്ക്ക് വാങ്ങിച്ചു തന്നു ഇത്രയും കാലം പറ്റിച്ചത് അല്ലേ…? ഇനി കൊക്കിൽ ജീവനുണ്ടങ്കിൽ ഈ പുതിയ സാധനം. പേര് നാക്കിന് വഴങ്ങുന്നില്ലേലും…അത് മാത്രമേ തിന്നത്തുള്ളൂ…മൂന്നുകൊല്ലം വെറുതെ കളഞ്ഞു.
അങ്ങനെ സ്കൂളിൽ ചേട്ടായി ടീച്ചർമാര് പറയണത് വെള്ളം പോലെ വിഴുങ്ങി. പഠിച്ച് പരീക്ഷയെഴുതി ക്ലാസുകൾ കയറിക്കയറി പോയപ്പോൾ, മ്മടെ നായകൻ കാര്യങ്ങൾ ഒക്കെ കൂലങ്കഷമായി വിശകലനം ചെയ്തു, തത്വശാസ്ത്രപരമായി ചില ക്ലാസുകളിൽ രണ്ടുകൊല്ലം വരെ ഇരുന്നു, ഒമ്പതാം ക്ലാസിൽ ഞങ്ങൾ എത്തിയപ്പോൾ ഞങ്ങളെ വരവേൽക്കാൻ ടീച്ചറോടൊപ്പം കഴിഞ്ഞ വർഷത്തെ അതെ സീറ്റിൽ ആശാനും ഉണ്ട്.
സ്കൂളിന്റെ വിജയ ശതമാനത്തിന് വെല്ലുവിളി ആയതുകൊണ്ട് ആളെ തടഞ്ഞിട്ടതാണ് എന്നാണ് ശ്രുതി എങ്കിലും ആളെ കണ്ടതും മ്മക്ക് ബഹുത്ത് കുശി…അയൽക്കാർ ആയതിനാൽ ചെറുപ്പം മുതലേ ഒരുമിച്ചാണ് സ്കൂളിൽ പോകാറ്. ഞങ്ങളെ കോഴി കൂവുമ്പോൾ തന്നെ എണീപ്പിച്ചു കോട്ടും സൂട്ടും ടൈയും ഒക്കെ ഇടിപ്പിച്ച് ആശാന്റെ വീട്ടിൽ തള്ളിയിട്ട് അച്ഛനും അമ്മയും പോകും. അന്നേരം തൊട്ട് ആളെ കുലുക്കി വിളിക്കലാണ് ഞങ്ങടെ ജോലി.
ഈ കിടക്കണ മുതല് ഒന്ന് റെഡി ആയിട്ട് ഇതിനെയും കൊണ്ട് വേണ്ടേ ഞങ്ങടെ ബസ്സിന് പോകാൻ…? കുലുക്കി വിളി ആദ്യഘട്ടം പിന്നിടുമ്പോൾ ഡ്യൂട്ടി ചേട്ടായിയെ ഏൽപ്പിച്ചിട്ട് ഞാൻ മെല്ലെ ആൻറിയുടെ വിശേഷം അറിയാൻ അടുക്കളയിൽ പൊങ്ങും.
അവിടെ എനിക്കായി വിളമ്പി വെച്ച് ആൻറി കാത്തിരിപ്പുണ്ടാവും. അപ്പം – മട്ടൻ സ്റ്റൂ, പുട്ട് – മീൻ കറി, മലബാറിൽ മാത്രം കാണണ ടിഷ്യു പേപ്പറിനെക്കാൾ നൈസ് ആയിട്ടുള്ള അരിപ്പത്തിരി – കോഴിക്കറി, ഇടിയപ്പം – ബീഫ് അങ്ങനെ എന്നും വെറൈറ്റി തന്നെ…
അതൊക്കെ കാണുമ്പോൾ ” മേം” ന് “ഹും” ഉം “തും” ന് “ഹോ” യും പറഞ്ഞ് പിള്ളാരെ പറ്റിക്കുന്ന പോലെ ഇഡ്ഡലിക്ക് സാമ്പാറും ദോശക്ക് ചമ്മന്തിയും മാത്രം മാറി മാറി തന്ന് ഞങ്ങളെ പറ്റിക്കണ മ്മടെ പോരാളി ഹിന്ദി വാദ്ധ്യാര്ച്ചിയേ വല്ല കിണറ്റിലും കൊണ്ട് ഇടാൻ തോന്നും.
ആൻറി ആണെങ്കിൽ എന്തു പരീക്ഷണം നടത്തിയാലും ഒരു പങ്ക് എനിക്കായി മാറ്റിവെക്കും. പോരാത്തതിന് ഇവിടുന്ന് തട്ടണ കാര്യം അമ്മയോട് പറയത്തും ഇല്ല… “കോഴി ചിക്കി പെറുക്കണ പോലെ ആഹാരം തൊട്ടു നോക്കിയിട്ട് എണീറ്റ് പോണ ഈ പെണ്ണ് അമ്മിടെ ചോട്ടിലെ പയറു പോലെ വീർത്തു വരുന്നതെങ്ങനെന്നാ എനിക്ക് മനസ്സിലാകാത്തത് എൻറെ ഐഷു…? ഇനി ഇതിനെ വല്ല ഡോക്ടറെ കാണിക്കണോ ആവോ…?”
“അതൊരു പ്രായത്തിൻറെ യാ ടീച്ചറേ…ഇത്തിരി കഴിയുമ്പോൾ അവൾ അങ്ങ് പെൻസില് പോലെ ആകും. ഇങ്ങള് നോക്കിക്കോ…” എന്നെ നോക്കി കള്ളച്ചിരി ചിരിച്ചുകൊണ്ട് ആൻറിയും പറയും.
അങ്ങനെ അടുക്കളയിലെ അങ്കം കഴിഞ്ഞ് ഞാൻ എത്തുമ്പോഴേക്കും 7. 45 ഒക്കെ ആകും. അന്നേരം മ്മടെ നായകൻ തലപൊക്കും. എട്ടു മണിയുടെ ബസിന് പോകാൻ…പിന്നെ വീഡിയോ ഫോർവേഡ് അടിച്ച പോലെ ഒരു പരാക്രമം ആണ്. ബാത്റൂമിന് ഉള്ളിൽ ചാടി കയറും.
അതിനുള്ളിൽ എന്താ നടക്കണത് എന്ന് കൃത്യമായി ബിജിഎം വഴി പുറത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണ ഞങ്ങൾക്കറിയാം. “താമസമെന്തേ വരുവാൻ…” ബാബുക്കയുടെ മാസ്റ്റർപീസ് എന്തിനാണെന്ന് മനസ്സിലായല്ലോ അല്ലേ…? പല്ലു തേപ്പിന് കോൾഗേറ്റ്ൻറെ പരസ്യം “ഉന്മേഷത്തിൻറെ അമിട്ട് പൊട്ടൽ…” കുളിക്കുമ്പോൾ സോപ്പിന് അനുസരിച്ച് പാട്ടും മാറും… “ലൈഫ് ബോയ് എവിടെയോ..? അവിടെയാണരോഗ്യം… ഇത് കേൾക്കുമ്പോൾ കീടാണു ഒക്കേ അത് വഴി പാറി നടക്കണ പോലെ തോന്നും ഞങ്ങൾക്ക്.
” മമ്മി…മമ്മിയോ…? ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല. “സോപ്പ് – സന്തൂർ…ലിറിൽ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട…പ്രീതി സിൻന്ധ ഡാൻസ് കളിക്കണ പോലെ ആള് ബാത്റൂം നിറയെ ഓട്ടംതുള്ളൽ ആണ്. പിന്നെ ഒടുക്കം “വാഷിംഗ് പൗഡർ നിർമ്മ, വാഷിംഗ് പൗഡർ നിർമ്മ…ഇത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ആശ്വാസത്തിന്റെ പൂത്തിരി കത്തും.
അതിനർത്ഥം ആള് കുളിച്ച് സുന്ദരനായി നിർമ്മ പോലെ വെട്ടിത്തിളങ്ങുന്നുന്ന്…പിന്നെ ആളിന്റെ ബാഗും ടിഫിനും ഒക്കെ പെറുക്കി ഞാനും സോക്സും ടൈയും ഒക്കെ പെറുക്കി ചേട്ടായിയും ആളെക്കൂട്ടി ബസിന്റെ അടുത്തേക്ക് ഓടും. പോണ പോക്കിൽ കാണാം സോപ്പു പതയൊക്കെ ചെവിയുടെ ഉള്ളിൽ തന്നെ കിടക്കുന്നത്. ആളെ പിണക്കാൻ പറ്റാത്തതുകൊണ്ട് മിണ്ടാതിരിക്കും…
ബസ്സിൽ എത്തിയാൽ ചക്കരയിൽ ഈച്ച പൊതിയണ പോലെ പിള്ളേരെല്ലാം ആശാനേ പൊതിയും. ഇന്നലെ ചാനലുകളിൽ വന്ന സിനിമയും സീരിയലും ഒക്കെ ആള് കണ്ടിട്ടുണ്ടാവും.
ഹോമിയോ മരുന്ന് പോലെ ഒരു ദിവസം രണ്ടെണ്ണം എന്ന മട്ടിൽ ന്യൂസും ഒരു ഭക്തി സീരിയലും മാത്രം ദൂരദർശനിൽ കാണാൻ അനുവാദമുള്ള ഞങ്ങൾക്ക് ആശാൻ പറഞ്ഞു തന്നിട്ട് വേണം എംടിവി, ഫാഷൻ ടിവി തൊട്ട് ഈ ലോകത്ത് നടക്കണത് ഒക്കെ അറിയാൻ.
ഇംഗ്ലീഷ് ഒന്നും അറിയില്ലെങ്കിലും ഹോളിവുഡ് ഹോറർ മൂവിയുടെ കഥയൊക്കെ ആശാൻ പറഞ്ഞു ഫലിപ്പിക്കുമ്പോൾ പ്രേതം നമ്മുടെ തൊട്ടു പിറകിൽ ഉണ്ടെന്ന് വരെ തോന്നും. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങടെ വിനോദ വിജ്ഞാനകോശവും ഉടായിപ്പിന്റെ ഹീറോയും ആളാണ്.
സ്കൂൾ വിട്ട് വന്നാൽ ഒരു മണിക്കൂർ ആളെ മ്മടെ വീട്ടിലേക്ക് വിടും. കമ്പൈൻഡ് സ്റ്റഡി കം ചേട്ടായിയുടെ കയ്യീന്ന് ട്യൂഷൻ ആണ് അങ്കിൾ ഉദ്ദേശിക്കണത്. വൈകിട്ടായാൽ ഞാനും ചേട്ടായിയും തമ്മിൽ തമ്മിൽ നോക്കി കാത്തിരിക്കും. സഹിക്കാൻ പറ്റാതാകുമ്പോൾ “ഇന്ന് എന്തായിരിക്കും…?” ഞാൻ ചേട്ടായിയോട് ചോദിക്കും.
“ഒന്ന് ക്ഷമി എടീ” എന്ന ചേട്ടായി കണ്ണുരുട്ടും. ആളെത്തും മുൻപേ ബാഗും വാങ്ങി ഞങ്ങൾ മുകളിലോട്ട് ഓടും. ആ ക്യാമലിന്റെ instrument ബോക്സ് ഒന്ന് തുറന്ന് കാണാൻ…
അതിനകത്ത് നിറയെ ആളുടെ വീട്ടുമുറ്റത്ത് ഉള്ള ബേക്കറി യൂണിറ്റീന്ന് അടിച്ചു മാറ്റി കൊണ്ട് വരുന്ന മസാല കടല, കാഷ്യൂ നട്ട് റോസ്റ്റ്, ബൂന്തി, മിച്ചർ…അങ്ങനെ ആവി പറക്കണ ഫ്രഷ് ഐറ്റം എന്തേലും…പിന്നെ അത് തീരുന്ന വരെ…എന്റെ സാറേ ഒടുങ്ങാത്ത ആവേശം ആയിരിക്കും.
അങ്ങനെ ഞങ്ങടെ ഒമ്പതാം ക്ലാസ്സിലെ രണ്ടാമത്തെ ദിവസം ക്ലാസ്സില് ഗൾഫിൽ നിന്നും വന്ന ഒരു ഹൂറി ജോയിൻ ചെയ്തു. സുറുമ എഴുതിയ കണ്ണുകളും, തക്കാളി പോലെ തുടുത്ത കവിളും, മൈലാഞ്ചിയിട്ട കൈകളും, മഞ്ഞളിന്റെ നിറം ഒക്കെയുള്ള ഒരു ഒന്നൊന്നര മൊഞ്ചത്തി…
സ്കൂളിൽ ഉള്ള സകല കോഴികളും ഞങ്ങടെ ക്ലാസിന് ചുറ്റും കൊക്കി പാറി ഓടാൻ തുടങ്ങി…കൂട്ടത്തിൽ മ്മടെ ചങ്ക്, തലമുതിർന്ന പൂവനും…ഡാനി തന്നെ…
സോറി ആളുടെ പേര് ഇതുവരെ പറഞ്ഞിട്ടില്ല അല്ലേ…? “ഡാനിഷ്”…മ്മടെ നാട്ടിലെ പേര് കേട്ട “പറമ്പിൽ തൊടിക” തറവാട്ടിലെ ഏക ആൺ തരിയാണ് ആള്. പേര് പോലെ തന്നെ നാട്ടിലെ അധിക തൊടികളും ഇവരുടെ തറവാട്ടിലെ പറമ്പുകൾ ആണ്.
ഡാനി കോഴിയുടെ ചാഞ്ഞും ചെരിഞ്ഞും ഒക്കെയുള്ള നോട്ടങ്ങളും ഇടയ്ക്കിടയ്ക്ക് സ്കെയിലും പെൻസിലും ഒക്കെ എടുക്കാൻ ഞങ്ങടെ ബെഞ്ചിലേക്ക് ഉള്ള വരവും ഒക്കെ കണ്ടപ്പോൾ കോഴിവസന്തക്ക് തീവ്രത കൂടുതലാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
അങ്ങനെ ആളെ സഹായിക്കാൻ ഞാൻ തന്നെ ഹംസത്തിൻറെ ദൗത്യം ഏറ്റെടുത്തു. ഹൂറിയുടെ ഇഷ്ടങ്ങളും ഹോബിയും ഒക്കെ ചോദിച്ചറിഞ്ഞു…
ലഡ്ഡു ആണ് ആളുടെ വീക്നെസ്സ്. ഡാനിയുടെ കോമഡിയും സാഹസിക കഥകളിലും ഒക്കെ ഞങ്ങളെപ്പോലെ തന്നെ ഹൂറിയും ചിരിച്ചു വീഴാൻ തുടങ്ങി…ഏതാണ്ട് കാര്യങ്ങളൊക്കെ റൂട്ടിൽ ആയി വരണ നേരത്ത് ഓണത്തിന് സ്കൂൾ അടച്ചു. ഹൂറി ദുബായിലേക്ക് പറന്നു.
സ്കൂൾ തുറക്കുന്ന ദിവസം ഡാനിയുടെ പിറന്നാളാണ്. അന്ന് തന്നെ ഹൂറിയോട് പ്രണയം പറഞ്ഞ്…എന്തെങ്കിലും സമ്മാനമായി കിട്ടിയാൽ അതൊക്കെ വാങ്ങി എടുക്കണം എന്നായി ആശാൻ. എന്ത് കിട്ടാൻ…? ഞങ്ങൾ നിഷ്ക്കുകൾ എല്ലാം ഒറ്റ സ്വരത്തിൽ ചോദിച്ചു.
ദുബായിൽ ഒക്കെ പഠിച്ചതല്ലേ…ഓക്കെ ആണെങ്കിൽ വല്ലതും ഒക്കെ കിട്ടും. ആശാന് വല്ലാത്ത ജാതി കോൺഫിഡൻസ്. നല്ലത് വല്ലതും ആണെങ്കിൽ ഞങ്ങക്ക് കൂടി തന്നേക്കണേന്ന് പറഞ്ഞവനെ ആള് പഞ്ഞികിട്ടില്ലെന്നേ ഉള്ളൂ…
പിറന്നാളിന് ചോക്ലേറ്റിന് പകരം ഹൂറിക്ക് ഇഷ്ടപ്പെട്ട ലഡു തന്നെ ക്ലാസിൽ വിതരണം ചെയ്യാൻ തീരുമാനമായി. പക്ഷേ ഞാൻ രാവിലെ വെളുപ്പിന് എഴുന്നേറ്റ് ആളുടെ വീട്ടിൽ പോയി ലഡു ഉരുട്ടി കൊടുക്കാൻ സഹായിക്കണം. അത് കേട്ടതും മ്മടെ മനസ്സിൽ നാലഞ്ചു ലഡു ഒരുമിച്ച് പൊട്ടി. ഒരു ലഡു ഉരുട്ടണ നേരത്ത് രണ്ടെണ്ണം വാരി വായിൽ പൊത്താം…പോരാത്തതിന് നട്സും മുന്തിരിയും ഒക്കെ തിരഞ്ഞു നടക്കേണ്ട. പ്ലേറ്റിൽ ആക്കി കയ്യിൽ കിട്ടും.
അങ്ങനെ രാവിലെ എണീറ്റ് 50 ലഡു ഉരുട്ടി പാക്ക് ചെയ്തു സ്കൂളിലെത്തി. ഡാനി ആണെങ്കിൽ വകയിലെ ഏതോ അങ്കിൾ ദുബായിൽ നിന്ന് കൊണ്ടുവന്ന കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് കുതിരപ്പുറത്ത് പെണ്ണ് കെട്ടാൻ പോണ മണവാളന്റെ ഗെറ്റപ്പിലാണ്.
ക്ലാസിൽ എത്തിയതും ക്ലാസ് ടീച്ചറും കണക്കു ടീച്ചറും കൂടി ആയ ഭദ്ര മിസ്സ് ഡാനിക്ക് പിറന്നാൾ സ്പെഷ്യൽ ലഡ്ഡുവും ആയി കാത്തിരിപ്പുണ്ട്…
കണക്കിൻറെ ആൻസർ പേപ്പർ…മാർക്ക് ഇമ്മിണി വലിയ ലഡു…വട്ടപൂജ്യം…
കോട്ടും സ്യൂട്ടും ഒക്കെ ഇട്ട ആളെ കണ്ടതും ഭദ്ര ടീച്ചർ ഭദ്രകാളിയായി. ഡാനിയുടെ ചെവിയിൽ പിടിച്ചു തൂക്കി കൊണ്ടുപോയി. പിരിയഡ് ഒന്നും രണ്ടും ഒക്കെ കഴിഞ്ഞിട്ടും ആളുടെ പൊടിപോലും കണ്ടില്ല. പിള്ളേർക്ക് ആണേൽ ലഡ്ഡു കണ്ടിട്ട് വായിൽ കപ്പൽ ഓടിയിട്ട് ഇരിക്കാനും നിക്കാനും വയ്യാത്ത അവസ്ഥ.
അവസാനം ഞങ്ങൾ ക്ഷമകെട്ട് പാക്കറ്റ് പൊട്ടിച്ചു. നോക്കുമ്പോൾ ലഡ്ഡുകളുടെ നടുവിൽ ഒരു യമണ്ടൻ ലഡു….മ്മടെചോട്ടാ ഭീം ഒക്കെ കഴിക്കണ മാതിരി ഒരു ഒന്നൊന്നര ലഡു…പോരാത്തതിന് അതിൽ ട്യൂട്ടി ഫ്രൂട്ടി യോ അങ്ങനെ എന്തൊക്കെയോ ചേർത്തിട്ടുണ്ട്. എന്നാലും ഇത്രയും ലഡു ഉരുട്ടി കൂട്ടിയ ഞാൻ പോലും ഇത് കണ്ടില്ലല്ലോ…?
ചുളുവിൽ അടിച്ചു മാറ്റിയാലോ…? എന്ന് ആലോചിച്ചു കയ്യിലെടുത്തപ്പോഴേക്കും എല്ലാ കുരിപ്പുകളും കൂടി ചാടിവീണു അതിന്റെ മേലേക്ക്. പിടിയും വലിയും ഒക്കെ കഴിഞ്ഞ് കയ്യില് നോക്കിയപ്പോൾ ലഡുവിന് പകരം ഒരു ചെറിയ പേപ്പർ മാത്രം.
ലഡുന്റെ ള്ളിൽ പേപ്പറാ…? ദേഷ്യം കൊണ്ട് എടുത്തെറിയാൻ കൈ പൊക്കിയത് ആണ്. പിന്നെ വെറുതെയൊന്ന് തുറന്നു നോക്കി. എന്തോ കുഞ്ഞു അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്.
ഷമ്മി,
“കൂട്ടുകാരിയായിരുന്നാലും നീ എൻ മോഹവല്ലി.”
എന്ന് സ്വന്തം, ഡി.പ.ടി.
“പട്ടി യാ..? ” വായിച്ച് കഴിഞ്ഞതും പിള്ളേരെല്ലാം ചുറ്റും കൂടി. ഇന്ന് രാവിലെ ബസ്സിന്ന് ഇന്നലെ കണ്ട മേലേപ്പറമ്പിൽ ആൺവീടിന്റെ കഥ ഡാനി പറഞ്ഞത് കേട്ട എല്ലാവർക്കും മനസ്സിലായി. ആള് ഹൂറിക്ക് എഴുതിയ പ്രണയ ലേഖനം ആയിരുന്നു ആ തുണ്ട് കടലാസ് എന്ന്.
“ഡി.പ.ടി” എന്നാൽ “ഡാനിഷ് പറമ്പിൽ തൊടിക” എന്നാണ് കവി ഉദ്ദേശിച്ചത്. “പ”യുടെ വള്ളി ആള് തത്രപ്പാടിൽ എഴുതാൻ വിട്ടു പോയതോ അല്ലെങ്കിൽ ലഡുവിന്റെ നെയ്യിൽ കുളിച്ചു മാഞ്ഞു പോയതോ ആണ്.
“ദേണ്ടേ…. മ്മടെ പട്ടി എത്തിയ ടാ…” ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞതും എല്ലാരും വാതിൽക്കലേക്ക് നോക്കി. ദേണ്ടേ നിക്കണു മ്മടെ കാമുകൻ…ടീച്ചർമാരുടെ കയ്യീന്ന് പിറന്നാൾ മധുരം ആവശ്യത്തിലധികം കിട്ടിയിട്ടുണ്ട്.
അറബിക് ഫുടിൽ ഒക്കെ കാണണ കറങ്ങുന്ന കോഴി പോലെ ചോരയും നീരും ഒക്കെ പോയി…വാടിക്കരിഞ്ഞ ഡാനികോഴി…ആളെ കണ്ടതും ഞങ്ങളെല്ലാരും നിർത്താതെ ചിരിക്കുമ്പോൾ മ്മടെ ഹൂറി മാത്രം അത്ര രസത്തിൽ അല്ലേ…? ആളുടെ മുഖത്ത് ഒരു സൈക്കിളിൽ നിന്ന് വീണ ചിരി മാത്രമേ ഉള്ളൂ….
പ്രേമലേഖനലഡ്ഡു ചീറ്റി പോയെങ്കിലും പ്രേമകാറ്റ് വീശി തുടങ്ങിയിട്ടുണ്ട്…അതാണ്.
ആ കാറ്റിനൊപ്പം തന്നെ പട്ടികഥ സ്കൂൾ മുഴുവൻ ഉച്ചയൂണിന് പാറിപ്പറന്നു…ഇന്നും കൂട്ടുകാർക്കിടയിലും വാട്സ്ആപ്പ് ഗ്രൂപ്പിലും എന്തിന് മ്മടെ ഫോണിൽ വരെ ആളുടെ പേര് സേവ് ചെയ്തത് “ഡാ.. പട്ടി” എന്ന് തന്നെ…(ഡി പട്ടി എന്നുള്ളത് ഡാ പട്ടി എന്ന് മാറ്റാൻ ആള് കരഞ്ഞു ആവശ്യപ്പെട്ടപ്പോൾ ഞങ്ങളൊക്കെ അങ്ങ് സമ്മതിച്ചു കൊടുത്തു. പാവം മ്മടെ ചങ്കല്ലേ…)
*********************
ആള് മ്മടെ ഹൂറിനെ തന്നെ വളച്ചു…കെട്ടി. പ്രായത്തിൽ മൂത്തതിന്നാലും ഇട്ടു മൂടാൻ സമ്പത്ത് ഉള്ളതിനാലും ഹൂറിയുടെ വീട്ടുകാർക്കും എതിർപ്പ് ഉണ്ടായില്ല.
ആൻറിയുടെ കൈപ്പുണ്യം ഉള്ള ഫുഡും, മ്മടെ പട്ടിചേട്ടൻ കൊടുത്ത എട്ടിൻറെ പണിയും എല്ലാം കൂടി ഹൂറി ഇപ്പോൾ ഒരു കിംഗ് സൈസ് ലഡ്ഡു ആയിട്ടുണ്ട്.
നാട്ടിലെ ബേക്കറിയും, കാറ്ററിംങ്ങും, ഇവൻറ് മാനേജ്മെൻറും, ദുബായിൽ അമ്മായിയപ്പന്റെ കൂടെ ഉള്ള ഹോട്ടൽ ബിസിനസും ഒക്കെയായി ആളിന്ന് പടർന്നു പന്തലിച്ച് ഒരു പ്രസ്ഥാനമാണ്. അവൻ ഡീല് ചെയ്യണ കോടികളുടെ കണക്ക് കേട്ടാൽ മ്മടെ ഭദ്ര മിസ്സിന്റെ ബോധം പോകും.
പ്രളയം വന്ന് വീടും നാടും ഒക്കെ മുങ്ങിയപ്പോൾ ഡേറ്റ് അടുത്തിരിക്കുന്ന ഹൂറിനെ അവളുടെ വീട്ടിൽ വിട്ടിട്ട് നാട്ടുകാർക്കും മ്മടെതടക്കം വീട്ടുകാർക്കും, സ്കൂളിലെ ക്യാമ്പിലും ഒക്കെ സാമൂഹിക പ്രവർത്തനവുമായി നാട്ടിലെ താരമായി ആളും ആളുടെ കീഴില് ജോലി ചെയ്യണ ബംഗാളികളും സജീവമായുണ്ട്.
നാടും വീടും ഒക്കെ വിട്ടു സായിപ്പിന്റെയും, അറബികളുടെയും, തമിഴന്മാരുടെയും ഒക്കെ തെറി വിളി കേട്ട് ജോലി ചെയ്യണ നല്ല കുട്ടികൾ എന്ന് അന്ന് പറയപ്പെട്ട ഞങ്ങളൊക്കെ നാട്ടിലെ അവസ്ഥ അറിയാൻ ഫോണെടുത്തു “ഡാ പട്ടി.. വെള്ളം എവിടെയെത്തി” എന്ന് ചോദിക്കുന്നതാണ് അവസ്ഥ.
സ്കൂളിനും, നാടിനും, നാട്ടുകാർക്കും ഒക്കെ കാര്യങ്ങൾ നടക്കണമെങ്കിൽ മ്മടെ പട്ടി ചേട്ടൻ തന്നെ വേണം.
മ്മടെ മൊബൈൽ കിടന്നു കൂവുന്നുണ്ട്…”ഡാ പട്ടി” കോളിംഗ്…മ്മടെ ഹൂറി ലഡ്ഡു പൊട്ടി കുഞ്ഞു ലഡ്ഡു എത്തിയ വിവരം പറയാനാവും…ഇനിയിപ്പോൾ ലഡ്ഡു ഓറഞ്ച് ആണോ അതോ മഞ്ഞ ആണോ…? അല്ല…കൊച്ച് ആണാണോ അതോ പെണ്ണാണോ ആവോ…?